ലകാനും സിസേക്കും ബോധമണ്ഡലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു
ആമുഖം
'പണമുണ്ടാക്കുന്ന തൊഴിലാളിയെ പണത്തിന്റെ ആശ്രിതനാക്കുന്ന' ആഗോള മുതലാളിത്ത താത്പര്യത്തിലേക്കു ചുരുങ്ങിപ്പോകുന്ന നവ മാര്‍ക്സിസ് പ്രത്യയശാസ്ത്ര വ്യാഖ്യാതാക്കളെ നിശിതമായി വിമര്‍ശിക്കുന്ന സ്ലോവേനിയന്‍ തത്ത്വചിന്തകനും, സാംസ്‌കാരിക സൈദ്ധാന്തികനുമായിട്ടുള്ള സ്ലാവോജ് സിസെകിന്റെ ചിന്താ മണ്ഡലത്തിലൂടെ വായനയെ കൂടുതല്‍ ആഴത്തില്‍ ഉളവാക്കുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് പ്രൊഫ.സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ 'ലാകാനും, സിസേക്കും: മനസ്സ്, മതം, മാര്‍ക്സിസം'. സവര്‍ണ്ണ ബോധത്തില്‍ അഭിരമിക്കുന്ന ''പാവങ്ങളുടെ പാര്‍ട്ടികളിലെ'' ചീഞ്ഞളിഞ്ഞ രാഷ്ടീയ അവബോധത്തെയും, അവധാനത ഇല്ലാത്ത കാഴ്ചപ്പാടുകളെയും സിസേക്കിനെ വായിക്കുന്നതിലൂടെ നമുക്ക് കൂടുതല്‍ വ്യക്തമായി മനസ്സിലാകുന്നു. കുലംകുത്തികളും, ചേരികളിലെ ജീവിതങ്ങളും സവര്‍ണ്ണ രാഷ്ട്രീയത്തിലെ വൃത്തികെട്ട പദങ്ങളായി എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നും, തൊഴിലാളിയില്‍ സവര്‍ണ്ണ ആഭിജാത്യ പേടിയുടെ വ്യാജാവബോധത്തെ എന്തുകൊണ്ട് തൊഴിലാളി പ്രസ്ഥാനം ഇല്ലാതാക്കുന്നില്ല എന്നും വിമര്‍ശനപരമായി ഈ ഗ്രന്ഥത്തില്‍ പറയുന്നത് വായനയെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി സാധിക്കുന്നു.
സിസേക്കിന്റെ ചിന്താപ്രപഞ്ചം:
സ്ലാവോജ് സിസേക്കിന്റെ സിദ്ധാന്തങ്ങള്‍ വിവിധ ആഗോള ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വികസിക്കുകയും പരിണമിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതി നിരവധി പതിറ്റാണ്ടുകളായി വ്യാപിക്കുകയും നിരവധി ആഗോള സന്ദര്‍ഭങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും മുതലാളിത്തത്തിന്റെയും ലിബറല്‍ ജനാധിപത്യത്തിന്റെയും പ്രകടമായ വിജയവും കണ്ട ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് സിസേക്കിന്റെ ബൗദ്ധിക ജീവിതം ഉയര്‍ന്നുവന്നത്. ഈ സന്ദര്‍ഭം പാശ്ചാത്യ മുതലാളിത്തത്തെയും നിലവിലുള്ള സോഷ്യലിസ്റ്റ് മാതൃകകളുടെ പരാജയങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ സ്വാധീനിച്ചു. ആഗോളവല്‍ക്കരണ പ്രക്രിയ, ലോകമെമ്പാടുമുള്ള സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ സ്വാധീനങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം, സിസേക്കിന്റെ പ്രവര്‍ത്തനത്തിലെ ഒരു കേന്ദ്ര വിഷയമാണ്. ആഗോളവല്‍ക്കരണം ശക്തിയുടെ ചലനാത്മകത, സാമൂഹിക ബന്ധങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയെ എങ്ങനെ പുനര്‍നിര്‍മ്മിച്ചുവെന്ന് അദ്ദേഹം പരിശോധിച്ചു. 2001 സെപ്തംബര്‍ 11-ലെ ഭീകരാക്രമണവും തുടര്‍ന്നുള്ള യു.എസ് നേതൃത്വത്തിലുള്ള 'ഭീകരതയ്ക്കെതിരായ യുദ്ധവും' ആഗോള രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ഈ സംഭവങ്ങളും ആഗോള സുരക്ഷ, പ്രത്യയശാസ്ത്രം, അപവാദാവസ്ഥ എന്നിവയ്ക്കുള്ള അവയുടെ പ്രത്യാഘാതങ്ങളുമായി സിസേക്ക് ഏര്‍പ്പെട്ടു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിവിധ സാമ്പത്തിക പ്രതിസന്ധികളോട് സിസേക്കിന്റെ രചനകള്‍ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. നവലിബറല്‍ സാമ്പത്തിക ക്രമത്തെ അദ്ദേഹം വിമര്‍ശിക്കുകയും അസമത്വവും അസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ മുതലാളിത്തത്തിന്റെ പങ്ക് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം, പീഡനം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ കാരണം ദശലക്ഷക്കണക്കിന് ആളുകളുടെ കുടിയിറക്കം അടയാളപ്പെടുത്തിയ ആഗോള അഭയാര്‍ത്ഥി, കുടിയേറ്റ പ്രതിസന്ധി, സിസേക്ക് തന്റെ കൃതിയില്‍ അഭിസംബോധന ചെയ്ത ഒരു സമകാലിക പ്രശ്‌നമാണ്. ഈ പ്രതിസന്ധി പ്രത്യയശാസ്ത്രവും ആഗോള രാഷ്ട്രീയവുമായി എങ്ങനെ കടന്നുകയറുന്നുവെന്ന് അദ്ദേഹം പരിശോധിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉദയം, അവയുടെ ആവിര്‍ഭാവത്തിന് സംഭാവന ചെയ്യുന്ന സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങളെ പര്യവേക്ഷണം ചെയ്തുകൊണ്ട് സിസേക്ക് വിശകലനം ചെയ്തു. സാങ്കേതികവിദ്യയിലെ പുരോഗതി, പ്രത്യേകിച്ച് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും, ആഗോള ആശയവിനിമയത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യകള്‍ ആത്മനിഷ്ഠത, പ്രത്യയശാസ്ത്രം, വിവരങ്ങളുടെ വ്യാപനം എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് സിസേക്ക് പരിഗണിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളിലും പാരിസ്ഥിതിക പ്രതിസന്ധിയിലും സിസേക്ക് കൂടുതലായി ഏര്‍പ്പെട്ടിട്ടുണ്ട്. ആഗോള മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള വെല്ലുവിളികള്‍ അദ്ദേഹം പര്യവേക്ഷണം ചെയ്യുന്നു.
സ്ലാവോജ് സിസേക്ക് | PHOTO: WIKI COMMONS
സിസേക്കിനെ വായിക്കുമ്പോള്‍
ഫാസിസ്റ്റു വളര്‍ച്ചയുടെ പ്രയാണങ്ങള്‍ക്കു മതം നല്‍കുന്ന ഇന്ധനം ലോക മുതലാളിത്തത്തിന്റെ സംഭാവനയാണെന്നും, മുതലാളിത്ത യന്ത്രത്തിന്റെ നിരര്‍ത്ഥക ചലനങ്ങളില്‍ കുടുങ്ങുന്നവര്‍ക്കു സാര്‍ത്ഥകമായ ഒരു ജീവിതം മതം വാഗ്ദാനം ചെയ്യുകയുമാണെന്നു സിസേക്കിനെ വായിക്കുമ്പോള്‍ വ്യക്തമാകും. ആധുനികതയുടെ അതിപ്രസരണത്തില്‍ ഉദയം ചെയ്ത പ്രത്യയശാസ്ത്ര പരിപ്രേക്ഷങ്ങളില്‍ മതം വേറിട്ട് നില്‍ക്കുകയാണെന്നും, മതം അതുല്പാദിപ്പിക്കുന്ന വിശ്വാസ രാഷ്ട്രീയത്തില്‍ യുക്തിവാദികളെപോലും തളച്ചിടുമെന്നും വായനയിലൂടെ നമുക്ക് കാണാന്‍ സാധിക്കും. അവിശ്വാസിയായ വിശ്വാസി യുക്തിയില്‍ വിശ്വസിച്ചു മതത്തില്‍ ആശ്വാസം കണ്ടെത്തുന്ന എത്രയോ അനുഭവ മുഹൂര്‍ത്തങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതിനാല്‍ സിസേക്കിന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും അത്തരം പ്രവര്‍ത്തനങ്ങളുടെ നിര്‍വചനം മനസ്സിലാകുന്നു.
വിശ്വാസ സംഹിതകളില്‍ ഇളക്കപ്പെടാത്ത ഏടുകള്‍ പോലെയാണ് സദാചാര വാദമെന്നു വായനയില്‍ എനിക്ക് ബോധ്യമായി. വായനക്കാരന്റെ ബോധ്യത്തെ കൂടുതല്‍ കലുഷിതമാക്കുന്ന ചിന്തകളുടെ തീക്ഷ്ണതകള്‍ സദാചാര വാദത്തില്‍ നിന്നും ലഭിക്കുന്നു. ഒരു വ്യവസ്ഥിതിയില്‍ കാലങ്ങളായി തുടരുന്നത് മാത്രമാണ് ശരിയെന്നും വ്യക്തികള്‍ക്ക് പ്രാധാന്യമില്ലാത്ത വ്യവസ്ഥിതിയാണ് വലുതെന്നുമുള്ള കാഴ്ചപ്പാടാണ് പാരമ്പര്യ സദാചാര വിദഗ്ധര്‍ പിന്തുടരുന്നത്. വ്യവസ്ഥിതിയിലെ വലിച്ചെറിയപ്പെടാത്ത പുണ്ണുകളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന നാറ്റത്തിന് വ്യവസ്ഥിതിയില്‍ എത്തുന്ന എല്ലാവരും കാരണക്കാരാണ് എന്ന് പറയുന്ന സദാചാരത്തെ വേരോടെ പിഴുതെറിയാന്‍ സിസേക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഒരു വ്യവസ്ഥിതിയിലെ പ്രശ്നത്തെ വ്യക്തിയുടെ പ്രശ്നമാക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുന്ന സദാചാര പ്രസംഗ നിപുണരെ വരികള്‍ക്കിടയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു.
വിശ്വാസ ആലങ്കാരികതയെ ഊട്ടി ഉറപ്പിക്കുന്ന ജനാധിപത്യ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരാണ് രാജ്യത്തെ ജനങ്ങള്‍. ജനങ്ങളില്‍ അധികാരികളും പ്രജകളും ഈ വിശ്വാസമുള്ളവരാണ്. എന്നാല്‍ ജനാധിപത്യ വിരുദ്ധതയില്‍ മുഴുകി നില്‍ക്കുന്ന ഒരു ഭരണകൂടം അധികാരത്തിലേറുമ്പോഴും ഈ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് സാധാരണ ജനങ്ങളും അധികാരികളും. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ പ്രതികരണ ശേഷിയെ വിലക്കെടുക്കുകയോ, അല്ലെങ്കില്‍ രാജ്യത്തിന്റെ പേരില്‍ നിശബ്ദ്മാകുകയോ ചെയ്യുന്ന ഭരണകൂടമാണ് ഇന്നത്തെ കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കുന്നത്. ജനാധിപത്യവിരുദ്ധതയുടെ പരകോടിയില്‍ എത്തി നില്‍ക്കുന്ന ഭരണകൂടത്തെ അന്ധമായി പിന്തുണക്കുന്നവരുടെ ജനാധിപത്യ വിശ്വാസത്തെ എങ്ങനെ നോക്കിക്കാണണമെന്ന് വായനയിലൂടെ നമുക്ക് ബോധ്യമാക്കി തരുന്ന കൃതിയാണിത്. പരിസ്ഥിതിയുടെ നശീകരണത്തെ സൗന്ദര്യത്തിന്റെ ഭാഗമാക്കി മാറ്റുന്ന ആധുനിക സൗന്ദര്യ വിചക്ഷണരുടെ ബോധങ്ങളെ മനസ്സിലാക്കുവാനും വിലയിരുത്തുവാനും ഈ ഗ്രന്ഥത്തിന്റെ വായന ഉപകരിക്കുമെന്ന് ഞാന്‍ കരുതുന്നു.
ലകാന്‍ നല്‍കിയ ഉള്‍ക്കാഴ്ച
സിസേക്കിന്റെ ചിന്തകളുടെ ഉപകരണം എന്നത് ഴാക് ലകാനാണ്. 1901 ല്‍ പാരിസില്‍ ജനിച്ച ഈ മനോവിശ്ലേഷകന്‍ പാരാനോയിനാക് സൈക്കോസില്‍ ഗവേഷണം പൂര്‍ത്തീകരിച്ചു. സിഗ്മണ്ട് ഫ്രോയിഡിന്റെ ആശയ പ്രചാരകനായി ആദ്യകാല പ്രവര്‍ത്തനം നടത്തുകയും പിന്നീട് തന്റേതായ രീതിയില്‍ മാനസിക വ്യവഹാരങ്ങളെ നിര്‍വ്വചിക്കുകയും ചെയ്തു. മനോവ്യവഹാരങ്ങളിലെ നൂതന പരീക്ഷണങ്ങള്‍ ഇന്റര്‍നാഷണല്‍ സൈക്കോ അനാലിറ്റിക്ക് അസോസിയേഷന്റെ നിബന്ധനകള്‍ക്കു വിരുദ്ധമാവുകയും എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അദ്ദേഹം സമൂഹത്തില്‍ വ്യാപിപ്പിക്കുകയും ചെയ്തു.
'സ്വത്വ മാതൃക' എന്ന മാനസിക വ്യവഹാരത്തെ ലകാന്‍ വിശദമാക്കുന്നുണ്ട്. സ്വയം മറ്റൊരാളായി മാറുന്ന ഈ മാനസിക പ്രക്രിയയില്‍ ആത്മപീഡന ആക്രമണം മറ്റൊരാളില്‍ നടത്തുകയും അതില്‍ സ്വയം വേദന അനുഭവിക്കുകയും ചെയ്യുന്ന പ്രവര്‍ത്തന രീതിയാണിത്. ലകാന്റെ ഈ സ്വത്വ മാതൃകാരീതി ആധുനിക സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന മനോവൈകല്യമാണ്. ബോധവും അബോധവും മനുഷ്യരില്‍ എങ്ങനെ ബന്ധിതമാണെന്ന് ലകാന്‍ പറയുന്നുണ്ട്. ബോധത്തിലൂടെ കടന്നു പോകുമ്പോള്‍ നുണയാകാത്ത സത്യമൊന്നുമില്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ബോധ അബോധങ്ങളിലെ മനുഷ്യ മാനസിക മനോമണ്ഡലങ്ങളില്‍ ഉണ്ടാകുന്ന സത്യാന്വേഷണപരതയെ കൂടുതല്‍ ഉണര്‍ത്തുന്നു. ഫ്രോയിഡ് പറയുന്നത് പോലെ തലച്ചോറില്‍ സംഭവിക്കുന്നതില്‍ 90% കാര്യങ്ങള്‍ നമ്മള്‍ അറിയാതെ നമ്മുടെ ബോധത്തിന് അപ്പുറത്താണ് നടക്കുന്നത്. ഈ അവസ്ഥയെ അബോധമെന്നു ഫ്രോയിഡ് വിളിക്കുമ്പോള്‍ ലകാന്‍ അബോധത്തെ ഭാഷയുടെ ഘടനയായാണ് പറയുന്നത്. 'മനസ്സിലാക്കാനായി തിരിഞ്ഞു നോക്കുമ്പോള്‍ മാഞ്ഞു പോകുന്ന ഒന്നാണ് 'അബോധമെന്നും ബോധ തലത്തിലേക്ക് കടക്കുന്ന ഏതു വസ്തുവും അതിന്റെ പ്രക്രിയകളില്‍ വികലമായി മാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നാമുള്‍പ്പെടുന്ന ഓരോ മനുഷ്യനും മനസ്സിനെ കുറിച്ച് എപ്പോഴും പറയുന്നുണ്ട്. എന്താണ് മനസ്സ് എന്ന് സ്വയം നിര്‍വചിച്ചിട്ടുണ്ടോ? ലകാന്‍ പറയുന്നത് ഭാഷകളിലൂടെയും ചിത്രങ്ങളിലൂടെയും പ്രതിനിധാനം ചെയ്യാനാവാത്ത ഒന്നാണ് മനസ്സ് എന്നാണ്. പുസ്തകത്തിലെ ഇത്തരം നിര്‍വചനങ്ങള്‍ മനുഷ്യന്റെ മാനസിക വ്യവഹാരങ്ങളെ കുറിച്ച് ഇതുവരെ പഠിക്കാത്ത ഒരു പുതിയ വായനക്കാരനും ലളിതമായി പറഞ്ഞു തരികയാണ് എഴുത്തുകാരനായ സെബാസ്റ്റ്യന്‍ വട്ടമറ്റം. ഈ മനസ്സിന്റെ ഇരുവശത്തെന്നു തോന്നിപ്പിക്കും വിധം എന്നാല്‍ ഒരേ വശത്ത് തന്നെ നിലനില്‍ക്കുന്ന ഒന്നാണ് ബോധവും അബോധവും എന്ന് ലകാന്‍ പറയുന്നു.
ലകാന്‍ | PHOTO: WIKI COMMONS
ഒരു വ്യക്തിയുടെ മാനസിക വളര്‍ച്ചയുടെ വിവിധ കാലചക്രത്തെ ലകാന്‍ വിശദമാക്കുന്നുണ്ട്. ഒരു വ്യക്തി അയാളുടെ സുഖപാരമ്യം അനുഭവിക്കുന്നത് ഗര്‍ഭപാത്രത്തിലും മടിത്തട്ടിലുമാണെന്നും എന്നാല്‍ അതില്‍ നിന്ന് വേര്‍പെട്ടു വരുന്ന വ്യക്തിക്ക് ആ സുഖപാരമ്യം വീണ്ടും അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ലകാന്‍ പറയുന്നു. ഈ അവസ്ഥയെ ഫ്രോയിഡ് സാഗരാനുഭൂതി എന്ന് വിശേഷിപ്പിക്കുമ്പോള്‍ ലകാന്‍ അതിനെ ഴുയിസങ്സ് എന്ന് വിളിച്ചു. ഒരു വ്യക്തി അമ്മയില്‍ നിന്നും വേര്‍പെടുന്ന അവസ്ഥയെ ക്യാസ്ട്രേഷന്‍ എന്നും, അവരുടെ തലച്ചോറിലെ സ്ഥലബോധ രൂപീകരണ പ്രക്രിയയെ ട്രാന്സിറ്റിവിസം എന്നും, മറ്റൊന്നുമായി താദാത്മ്യപ്പെടുത്തുന്നതിനെ ഐഡന്റിഫിക്കേഷന്‍ എന്നും അദ്ദേഹം നിര്‍വചിച്ചു. സ്വത്വബോധത്തിന്റെ ആദ്യ രൂപം കുട്ടിയില്‍ രൂപപ്പെടുന്നു എന്നും ബാഹ്യ ലോകത്ത് നിന്ന് നേടുന്നത് അപരനിര്‍മ്മിതിയാണെന്നും ലകാന്‍ പറയുന്നു. ശൈശവ രതിയെ കുറിച്ചും അതിന്റെ തുടര്‍ച്ച ലൈംഗിക രതിയില്‍ എങ്ങനെ പ്രതിപാദിക്കുന്നു എന്നും ഈ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒരു കുഞ്ഞ് മുല കുടിക്കുമ്പോള്‍ അത് വദന രതിയാണെന്നും പില്‍കാലത്ത് ജീവിതം ചുംബനമാകുമ്പോള്‍ അത് ലൈംഗിക രതിയിലേക്കു പടരുന്നു എന്നും ലകാന്‍ പറയുന്നു. പെണ്ണുങ്ങളുടെ പ്രേമ വിചാരം എന്ന ഗ്രന്ഥത്തില്‍ എച്ച്മുക്കുട്ടി പറയുന്നത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു ''ചുണ്ടുകള്‍ ചുബിക്കുവാന്‍ വേണ്ടിയുള്ളതാണ്''.
മലത്തെ സ്വന്തം ഭാഗമായി കുട്ടികള്‍ ചെറുപ്പത്തില്‍ കാണുന്നു. ഒരര്‍ത്ഥത്തില്‍ ഗുദ രതിയുടെ ശൈശവ രതിയായി അതിനെ കാണാനാകും. എന്നാല്‍ ലൈംഗീക രതിയില്‍ ഗുദ രതി തിരോഭവിക്കുന്നു. സ്വവര്‍ഗ്ഗ രതിയിലും ഈ ശൈശവ രതിയുടെ സ്വാധീനം ഉണ്ടെന്നു ലാകാന്‍ പറയുന്നു. താദാത്മ്യപ്പെടുമ്പോള്‍ രൂപം കൊള്ളുന്ന സ്വത്വ മാതൃക. ആണ്‍കുട്ടി പിതാവിനോട് താദാത്മ്യപ്പെടുന്നു, ഇത് സ്വവര്‍ഗ്ഗ രതിയുടെ സ്വഭാവത്തിലേക്കു എത്തുന്നത് സ്വയം ആയിത്തിരാന്‍ ആഗ്രഹിക്കുന്ന പിതാവിനെ സ്നേഹിക്കുന്ന കുട്ടി തന്നെ തന്നെയാണ് സ്നേഹിക്കുന്നത്. അപ്പോള്‍ സ്വത്വ മാതൃകയില്‍ നിന്ന് മാതൃകാ സ്വത്വത്തിലേക്കു കുട്ടി മാറുന്നു. ഇത് പെണ്‍കുട്ടികളില്‍ പിതാവുമായി അവര്‍ താദാത്മ്യപ്പെടുകയും, പിതാവിനെ പോലെ അമ്മയെ സ്നേഹിക്കുകയും ചെയ്യുന്നു. ഇവിടെ ആണും പെണ്ണും പിതാവുമായി താദാത്മ്യപ്പെടുകയും എന്നാല്‍ ഇരുവരിലും പുരുഷ ലിംഗം ലൈംഗീക സൂചകവുമായി മാറുകയും ചെയ്യുന്നു.
മനുഷ്യ മനസ്സിനെ ചുറ്റപ്പെട്ടുനില്‍ക്കുന്ന മൂന്ന് മനോവലയങ്ങളെ ലകാന്‍ പരിചയപ്പെടുത്തുന്നുണ്ട്. ചലനമറ്റ ചിഹ്നങ്ങളായ പ്രതീകങ്ങളും, വാക്കുകളുടെ ലോകം കൊണ്ട് വസ്തുക്കളുടെ ലോകം സൃഷ്ടിക്കുന്ന ഭാവനയും, ഭാഷയിലൂടെ ആവിഷ്‌ക്കരികാനാകാത്ത അക്ഷരാര്‍ത്ഥത്തില്‍ അവാച്യമായ ജീവിത സത്യങ്ങളുടെ മണ്ഡലമാണ് യഥാതഥം. ഈ മനോവലയങ്ങള്‍ മനുഷ്യ മനസ്സില്‍ കണ്ണി ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നും ഇതില്‍ വിള്ളലുകള്‍ വന്നാല്‍ മനുഷ്യ ബോധ-അബോധ മണ്ഡലങ്ങളില്‍ മാനസിക വ്യവഹാരത്തിനു വ്യക്തിയില്‍ മാറ്റം വരുന്നു എന്നും ലകാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഭാഷയും ഭാഷണവും എന്ന ഭാഗത്ത് ലകാന്‍ ഇപ്രകാരം പറയുന്നു, മനുഷ്യ ബന്ധങ്ങളെ ഉറപ്പിക്കുന്നത് ഭാഷയാണല്ലോ. എന്നാല്‍, പൂര്‍ണ്ണമായ ആശയ വിനിമയം ഒരിക്കലും നടക്കുന്നില്ല. നിങ്ങള്‍ പറയുന്ന വാക്കുകള്‍ ഞാന്‍ മനസ്സിലാക്കുന്നത് അവ എന്നിലുണര്‍ത്തുന്ന അബോധ തൃഷ്ണകളുടെ പിന്‍ബലത്തോടെയാണ്. അത് നിങ്ങളുദ്ദേശിക്കുന്നതു പോലെ തന്നെയാകണം എന്നില്ലല്ലോ. ഭാഷ നമ്മുടെ അനുഭവ ലോകത്തെ ശിഥിലമാക്കുകയാണ് എന്ന് ഇതിലൂടെ ലകാന്‍ പറയുകയാണ്. ഗ്രന്ഥകര്‍ത്താവ് പറയുന്ന ഉദാഹരണം ഇവിടെ പ്രസക്തമാണ്. ബഷീറിന്റെ പ്രേമലേഖനം എന്ന കൃതി പ്രേമത്തേക്കാള്‍ റിയലാകുമ്പോള്‍ വിസ്മൃതമായി പോവുകയാണ് പ്രേമത്തിന്റെ തനി സ്വരൂപം.
ലകാനിയന്‍ കാഴ്ചപ്പാടില്‍ എന്റെ എഴുത്ത് നിങ്ങളില്‍ ഉണര്‍ത്തുന്നത് നിങ്ങളുടെ തൃഷ്ണയെ ആണെങ്കില്‍ നമ്മുടെ ഈ അദൃശ്യ ബന്ധത്തില്‍ ഭാഷയുടെ ധര്‍മ്മം അറിയിക്കലല്ല ഇവിടെ ഉണ്ടാകുന്നതു, മറിച്ചു ഞാന്‍ നിങ്ങളെ ഉണര്‍ത്തുകയാണ്. മാത്രമല്ല, ഞാന്‍ എഴുതുന്ന കാര്യം വായനക്കാര്‍ക്ക് മനസ്സിലാകുന്നില്ലെങ്കിലും അത് മനസ്സിലാകുന്ന അപരത്വത്തെ ഞാന്‍ മുന്‍കൂട്ടി കാണുന്നു. മനസ്സിലാക്കപ്പെടാനുള്ള എന്റെ തൃഷ്ണയെ ഒരു പരിധിവരെ തൃപ്തിപ്പെടുത്തുന്നത് അതാണ്.
REPRESENTATIONAL IMAGE: WIKI COMMONS
ആഴത്തിലുള്ള ബൗദ്ധിക വ്യവഹാരം
ആദ്യം സൂചിപ്പിച്ചതു പോലെ ലകാനിയന്‍ കാഴ്ച്ചപ്പാടുകളില്‍ അഭിരമിച്ചു പിന്നീട് ലകാനെ മികച്ച ഉപകരണമാക്കി തന്റെ ആശയ ധാരയെ വികസിപ്പിക്കുകയാണ് സിസേക്ക് ചെയ്തത്. ലകാനിയന്‍ മനശ്ശാസ്ത്രത്തെ ആശ്രയിച്ചു മാര്‍ക്സിസത്തെ കാലോചിതമായി അഴിച്ചു പണിയുകയാണ് സിസേക്ക്. സിസേക്കിന്റെ ചിന്തകള്‍ സമൂഹത്തില്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ മനുഷ്യനെ കുടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കും. ഭാവന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ സംരക്ഷിക്കുന്നു എന്ന് സിസേക്ക് പറയുന്നത് ശരിയാണ്. കാരണം വികസന പ്രവര്‍ത്തനങ്ങള്‍ ഊതി വീര്‍പ്പിക്കുന്ന സമൂഹത്തില്‍ ആദിവാസികളുടെയും, പാര്‍ശ്വവത്കരിക്കപ്പെടുന്ന മറ്റു ജനങ്ങളുടെയും ജീവിത സത്യങ്ങള്‍ അറിയുന്നില്ല.
സ്വത്വ രാഷ്ട്രീയത്തിനെതിരെ സിസേക്ക് പറയുന്നതിന്റെ ഉദാഹരണം നേരിട്ട് അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. ചരിത്രത്തെ വളച്ചൊടിച്ചു ബോധപൂര്‍വ്വം തിരുത്തി ആഖ്യാനങ്ങളിലൂടെ സാമൂഹിക യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കുന്ന ഭരണകൂട ഭീകരത സിസേക് ചുണ്ടിക്കാട്ടുന്നു. അപരത്വത്തെ അംഗീകരിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ മണിപ്പൂരും, ഹരിയാനയും കത്തിയെരിയുന്നതു ഒഴിവാക്കാം എന്നും, സ്വത്വ ദേശീയതയും, സ്വത രാഷ്ട്രിയവും അപകടത്തിലേക്ക് ഒരു ജനതയെ നയിക്കുമെന്നും സിസേക്കിന്റെ കാഴ്ചപ്പാടുകളിലൂടെ വായിക്കാനാകും.
ഹിറ്റ്ലറും മുസോളിനിയും നടപ്പിലാക്കിയ നാസിസവും, ഫാസിസവും ദേശീയതയില്‍ നിന്നും ആവിര്‍ഭവിച്ചതാണ്. ആധുനിക ഭാരത്തിലെ ജനങ്ങളായ നാം എത്രനാള്‍ സൗഹൃദത്തില്‍ ജീവിക്കുമെന്ന് പറയുവാന്‍ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യം അനുവദിക്കുന്നുമില്ല. രാഷ്ട്രം മത നിബിഡമായ ചിന്തകളാല്‍ നിറയുമ്പോള്‍ ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രം രാജ്യത്ത് നിറയുമ്പോള്‍ സാംസ്‌കാരിക - നവോത്ഥാന നായകര്‍ ഒരു പരിധിവരെ കുഴിച്ചുമൂടിയ ജാതീയ തിന്മകള്‍ വിസ്ഫോടനമായി പ്രതികരിക്കുക തന്നെ ചെയ്യും. മനുവിന്റെ നിയമസംഹിതയും, ചാണക്യ തന്ത്രങ്ങളും ഭരണഘടനയ്ക്കു അപ്പുറമായി വായിക്കപ്പെടും. വിമര്‍ശിക്കുന്നവരെ കൊന്നുകളയുന്ന ഭരണതന്ത്രം വാഴിക്കപ്പെടും. തിന്മയെന്നറിഞ്ഞുകൊണ്ട് ഇതിനോടെല്ലാം താദാത്മ്യം പ്രാപിച്ചു പൊരുത്തപ്പെടുന്ന സിനിസിസ്റ്റുകള്‍ ധാരാളം ഉദയം ചെയ്യും.
ഉപസംഹാരം
ഏറെ ബൗദ്ധിക വ്യായാമമുള്ള വായനയാണ് സെബാസ്റ്റ്യന്‍ വട്ടമത്തിന്റെ ഈ പുസ്തകം. നവീന ദര്‍ശനങ്ങളെ പരിചയപെടുത്തുന്ന ഈ പുസ്തകം വ്യവസ്ഥിയുടെ പ്രത്യയശാസ്ത്ര തൂണുകളെ ഇളക്കി മറിക്കുയാണ്. ആണധികാര സ്വഭാവത്തെയും, അറിവാളന്‍മാരുടെ കപടതയെയും, സ്നേഹ പ്രത്യയശാസ്ത്രത്തിന്റെ ആവശ്യകതയും, ആഗോള മുതലാളിത്ത വിമര്‍ശനവും, മാര്‍ക്സിസത്തിന്റെ അഴിച്ചു പണിയും, കാപ്പനച്ചന്റെ ചിന്താ ദര്‍ശനവും ഏറെ ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥം വൈജ്ഞാനിക വായനയെ ഇഷ്ട്ടപ്പെടുന്ന സമൂഹത്തിനു മുന്നില്‍ തലയുര്‍ത്തി നില്കും.