മധുരം മണക്കുന്ന കാറ്റിന്റെ കഥകള്‍
ഭാഷ ഒരാളുടെ ജൈവപ്രകൃതിയുടെ പ്രതിഫലനമോ, സഞ്ചിതാവബോധത്തിന്റെ പുനഃരാവിഷ്‌കാരമോ ആകാം. എന്തായാലും അത് കാണുന്നതിനെയും അതിനപ്പുറത്തു മറഞ്ഞിരിക്കുന്നതിനെയും ആരായുന്നുണ്ട്. ഓര്‍മ്മകളുടെ അടരുകളെ വേര്‍തിരിച്ചെടുത്ത് ആവിഷ്‌കരിക്കാനുള്ള ജാഗ്രതയാവാം, ഭാവരൂപ നിര്‍മ്മിതിയിലേക്കു മനുഷ്യനെ നയിച്ചത്. രമണീയാര്‍ത്ഥ പ്രതിപാദകങ്ങളായ ഭാഷാരൂപങ്ങളെല്ലാം സൂക്ഷ്മത്തെ വിവരിക്കാനാണു മനസ്സുവയ്ക്കുക. മനസ്സിനെയും മൗനത്തെയും അഴിച്ചെടുത്തു പണിയുമ്പോഴാണ് ഭാഷ അപൂര്‍വ്വ കാന്തിയുള്ളതായി തീര്‍ന്ന് ആഹ്ലാദത്തെയും അനുഭൂതികളെയും നവീകരിക്കുന്നത്.
ഒരു ഭാവത്തിന്, ഒരവസ്ഥയ്ക്ക്, ഒരു മനോഭാവത്തിനെന്നതു പോലെ കോഴിക്കോട് അങ്ങാടിക്കുമൊരു ഭാഷ ചമയ്ക്കുകയാണു നദീം നൗഷാദ് എഴുതി, നിയതം ബുക്സ് പ്രസിദ്ധീകരിച്ച 'മധുരത്തെരുവ്' എന്ന നോവല്‍. തെരുവ് പ്രസ്തുതമായിരിക്കുമ്പോഴും നോവലിന്റെ ഭാഷ സ്വാഭാവികവും അകൃത്രിമമായിത്തീരുന്നത് കഥപറച്ചിലിന്റെ കയ്യൊതുക്കം കൊണ്ടാണെന്നു നിസ്സംശയം പറയാം.
തെരുവിനു പിറകിലുള്ള അതല്ലെങ്കില്‍, അതിനെ പണിതുയര്‍ത്തിയ അസംഖ്യം മനുഷ്യരുടെ കാഴ്ച്ചയും അവസ്ഥകളും സൃഷ്ടിച്ചെടുക്കുന്ന ജീവിതത്തിന്റെ പ്രതിനിധാനങ്ങളാണ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പാര്‍സികളും, പഞ്ചാബിയും ഗുജറാത്തിയും പഠാണിയും തെലുങ്കുദേശക്കാരും തമിഴരും തദ്ദേശീയരുമൊക്കെ ചേര്‍ന്നൊരുക്കുന്ന ജീവിത സിംഫണിയില്‍ സ്വാഭാവികമായും നഗരത്തിന്റെ മുഖവും മനസ്സുമുള്ളവരായിരിക്കെ തന്നെ അതിന്റെ കാപട്യങ്ങളിലും ആന്തരിക ശൂന്യതയിലും ആറാടുന്ന മനുഷ്യരുടെയല്ല, നന്മയും മനസ്സാക്ഷിയും സ്‌നേഹവുമുള്ള ഒരുപറ്റം ആളുകളുടെ, മറ്റൊരര്‍ത്ഥത്തില്‍ തെരുവിന്റെ തന്നെ കഥ പറയുകയാണ് നോവല്‍.
മെലിഞ്ഞുപോയൊരു തറവാടിന്റെ അകത്തുനിന്നാണ് അബ്ദുയെന്ന കേന്ദ്ര കഥാപാത്രമെങ്കില്‍, അയാളുടെ ആത്മമിത്രമായ ബേബിയും ഇതരകഥാപാത്രങ്ങളും അകംപുറങ്ങളില്‍ തിടംവയ്ക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളില്‍ ഉരുവം പ്രാപിച്ചവരാണ്. നോവലിന്റെ ഘടന പ്രത്യക്ഷത്തില്‍ അയഞ്ഞതെന്നു തോന്നുമെങ്കിലും, മനോനിലകളെ സങ്കീര്‍ണ്ണമാക്കുന്ന ആത്മസംഘര്‍ഷങ്ങളെയും, സാമൂഹിക ജീവിതം വ്യക്തികള്‍ക്കും സമൂഹത്തിനും ഏല്‍പ്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുക വഴി ഓരോ കഥാപാത്രസൃഷ്ടിയും വിശ്വസനീയവും സര്‍ഗ്ഗാത്മകവുമാണ്.
ആത്മബന്ധങ്ങളാണ് മനുഷ്യനെ സ്വന്തം ഉള്ളിലേക്കാഴ്ന്നിറങ്ങുവാനും വേരുകളില്‍ കുറുകിയതു മുഴുവനും ബഹിര്‍ഗമിച്ച് കാതലുള്ള തായ്മരമായി വേനലിനെതിരെ പൊരുതുവാന്‍ കരുത്തുനല്‍കുന്നത്. വന്നിരിക്കുന്നവര്‍ക്കും, നിന്നതു മറന്നു കടന്നുപോകുന്നവര്‍ക്കും തണലായി നില്‍ക്കുന്നതും, കരംനീട്ടുന്നവര്‍ക്കു കനിയായി ചാഞ്ഞുചെല്ലുന്നതുമായ ആ ദൃഢതയാണു ദേവിയിലും, നിലോഫറിലും, സരോജത്തിലും പലവിധത്തില്‍ ഫലലബ്ധിയാകുന്നത്. വലിയുമ്മയുടെ കരുത്തും ആത്മവിശ്വാസവും, ഉമ്മയുടെ സ്‌നേഹവും അനിയത്തിയുടെ നിറസാമീപ്യവും, എങ്ങനെയാണോ അബ്ദുവിനെ രൂപപ്പെടുത്തിയത്, അവ്വിധം ഇതര വ്യക്തിത്വങ്ങളും ഒന്നു മറ്റൊന്നിനെ കരുതി നിറവേറുന്നതിന്റെയും നിലനിര്‍ത്തുന്നതിന്റെയും ചിത്രണം സാധ്യമാക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള നോവലിസ്റ്റിന്റെ ഉള്‍ക്കാഴ്ച്ചയാണെന്നു തന്നെ കരുതാം.
സാമൂഹിക ജീവിതത്തില്‍നിന്നും വേറിട്ട് ഒരു അസ്തിത്വം മനുഷ്യനു സാധ്യമല്ല. ഈ നോവലിലും കേരളം കടന്നതുപോയ നാള്‍വഴികളിലെ ചരിത്രസന്ദര്‍ഭങ്ങളെയും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളേയും ത്യാജ്യഗ്രാഹ്യ ബുദ്ധിയോടെ ഉപയോഗിച്ചിരിക്കുന്നു. നാട്ടുരാജ്യങ്ങളും നാനാവര്‍ണ്ണ ജാതി മതഭേദങ്ങളും തമ്മിലുള്ള പോരുകള്‍... പറങ്കികള്‍ കാപ്പാടു കപ്പലിറങ്ങിയതു മുതലുള്ള വൈദേശിക അധിനിവേശങ്ങള്‍... സാമൂതിരിമാരുടെയും കുഞ്ഞാലിമരയ്ക്കാന്മാരുടെയും നാള്‍വഴികള്‍... പരശ്ശതം മനുഷ്യര്‍ കാലാകാലങ്ങളില്‍ സ്വാതന്ത്ര്യത്തിനും സാമൂഹിക പരിഷ്‌കരണത്തിനുമായി നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍..., സാമൂഹിക പരിഷ്‌കരണശ്രമങ്ങള്‍... രാഷ്ട്രീയമുന്നേറ്റങ്ങള്‍ നക്സലിസം... അടിയന്തരാവസ്ഥയും അനുബന്ധ സംഘര്‍ഷങ്ങളും... ഇവയോടെല്ലാമുള്ള പുരോഗമന പ്രസ്ഥാനത്തിന്റെ നിലപാട്... ഹിപ്പിസത്തിന്റെയും പാശ്ചാത്യസംഗീതത്തിന്റെയും കടന്നുവരവ്... അതുപോലെ ചരിത്രത്തിന്റെ ഓരോ ഇടപെടലുകളും തൊണ്ണൂറുകള്‍ വരെയുള്ള നഗരത്തെ രൂപപ്പെടുത്തിയതിന്റെ രേഖാചിത്രങ്ങള്‍ നോവലിന്റെ വരികളില്‍ പതിഞ്ഞുകിടപ്പുണ്ട്. ചരിത്രത്തിന്റെ ശോണമുദ്ര പതിയാത്ത യാതൊരു കഥാപാത്രവും പശ്ചാത്തലവും ഇതിലില്ല.
മനുഷ്യര്‍ മാത്രമല്ല നഗരത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരന്നുനില്ക്കുന്ന സ്ഥാപനങ്ങളും റോഡുകളും ഇരുളും വെളിച്ചവും നിഴലുമുറങ്ങുന്ന ഇടവഴികളും ഇവിടെ കഥാപാത്രങ്ങളായി മാറുന്നു. അവിടങ്ങളില്‍ പോലും മനുഷ്യരുടെ ആന്തരജീവിതം തന്നെയാണു തെളിഞ്ഞുവരുന്നത്. രചനയില്‍ ഉടനീളം പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണത്തിനും ആവിഷ്‌കാരത്തിനും ഉദാഹരണമാണത്.
കായിക വിനോദവും സംഗീതവും നഗരശരീരത്തിന്റെ ജീവനാഡിയായിത്തന്നെ 'മധുരത്തെരുവില്‍' വിദഗ്ധമായി കണ്ണിചേര്‍ത്തിട്ടുണ്ട്. വിശിഷ്യാ പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി സംഗീതധാരകളോടുള്ള കോഴിക്കോടിന്റെ ആഭിമുഖ്യം പ്രസിദ്ധമാണല്ലോ. ആ മേഖലയില്‍ നോവലിസ്റ്റിനുള്ള അഗാധജ്ഞാനം രചനയെ കൂടുതല്‍ സമ്പന്നമാക്കുന്നു. അതുപോലെ പൗരാണികവും ആധുനികവുമായ ജീവിതങ്ങളിലെ സ്ഥലകാലരാശികളെ ആദിയോടന്തം ഒപ്പിയെടുക്കുന്ന അപൂര്‍വ്വചാരുത നോവലിനു തലപ്പൊക്കവും ഇഴയടുപ്പവും നല്‍കുന്നു. വന്നുചേര്‍ന്ന സഞ്ചാരികള്‍ക്കെല്ലാം മിഠായിതെരുവ് വിളമ്പിയ മധുരംപോലെ മറ്റൊന്ന് നദീം നൗഷാദ് സ്വയം വിളയിച്ചെടുത്ത വാക്കുകളിലൂടെ, മധുരത്തെരുവെന്ന നോവലില്‍ മലബാറിനുവേണ്ടി കൈരളിക്കു സമര്‍പ്പിച്ചിരിക്കുന്നുവെന്നതില്‍ ആഹ്ലാദത്തിനും അഭിമാന ത്തിനും വകയുണ്ട്.