TMJ
searchnav-menu
post-thumbnail

Penpoint

വായന 2023

26 Dec 2023   |   3 min Read
സുജീഷ്

വായനയിൽ എല്ലാ കാലത്തും രണ്ടുതരം സാധ്യതകൾ ഓരോ വായനക്കാർക്ക് മുന്നിലുമുണ്ട്. നടപ്പുകാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങൾ വായിച്ചുകൊണ്ടുള്ള വായനയും മുൻകാലത്തേക്ക് സഞ്ചരിച്ച് കാലങ്ങൾക്കു മുന്നേ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വായിക്കാനുള്ള സാധ്യതയും. വായനക്കാർ പൊതുവെ ഈ രണ്ട് സാധ്യതകളും ഉപയോഗപ്പെടുത്തുന്നവരാകാം. അതിനാൽത്തന്നെ വർഷാന്ത്യത്തിൽ ആ വർഷം വായിച്ചതിൽ മികച്ച പുസ്തകങ്ങൾ ഏതൊക്കെയെന്ന ആലോചനയിൽ ആ വർഷം പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ മാത്രമായിരിക്കില്ല ഉൾപ്പെടുക. വിവരശേഖരണാർത്ഥം നടത്തുന്ന വായനയിൽ ഞാൻ പലപ്പോഴും ആ പ്രസ്തുത വിഷയത്തിൽ ലഭ്യമായ ഏറ്റവും പുതിയതും ഏറെക്കുറേ സമഗ്രമെന്നും പറയാവുന്ന പുസ്തകങ്ങളാകും തിരഞ്ഞെടുക്കുക. അതേസമയം സാഹിത്യവായനയിൽ പുതിയതായതുകൊണ്ട് അത് കൂടുതൽ നന്നാകാനിടയുണ്ടെന്ന് കരുതാനുമാകില്ല. ഈ വർഷത്തെ വായനയിൽ സാഹിത്യേതര വിഭാഗത്തിലാണ് ഞാൻ കൂടുതലായും ഇതേ വർഷം പുറത്തിറങ്ങിയ പുസ്തകങ്ങൾ വായിക്കാനെടുത്തിട്ടുള്ളത്. സാഹിത്യത്തിന്റെ കാര്യത്തിൽ നേരെ തിരിച്ചും. എങ്കിലും താരതമ്യേന പുതിയതും എന്നാൽ മികച്ചതെന്നു വായിച്ചു ബോധ്യപ്പെട്ടതുമായ മൂന്ന് പുസ്തകങ്ങളെ പരിചയപ്പെടുത്താമെന്നു കരുതുന്നു.

Into English
പ്രസിദ്ധീകരിക്കപ്പെട്ട വർഷം: 2017
പ്രസാധകർ: ഗ്രേവോൾഫ്പ്രെസ്സ്
കവിതാപരിഭാഷയുടെ കാര്യത്തിൽ പ്രാധാന്യമർഹിക്കുന്ന ആദ്യത്തെ കാര്യം പരിഭാഷയ്ക്കായി എന്ത് തിരഞ്ഞെടുക്കുന്നു എന്നതാണ്. ഏത് കവിത തിരഞ്ഞെടുക്കുന്നു എന്നതുമാത്രമല്ല, കവിതയെഴുതപ്പെട്ട ഭാഷയിൽ നിന്നും നേരിട്ടല്ല പരിഭാഷയെങ്കിൽ, പരിഭാഷകൻ ആശ്രയിക്കുന്ന ഭാഷയിൽ ഒന്നിലധികം പരിഭാഷകൾ ആ കവിതയ്ക്ക് ലഭ്യമാണെങ്കിൽ അതിൽ ഏതാണ് ആധാരമാക്കുക എന്നതും വെല്ലുവിളിയുയർത്തുന്ന കാര്യമാണ്. പരിഭാഷയിൽ എന്താണ് നഷ്ടമാകുന്നതെന്നും എന്തൊക്കെയാണ് കൂടുതലായി ഉൾച്ചേരുന്നതെന്നും തിരിച്ചറിയാനും ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉപകരിക്കാനിടയുണ്ട്. ഇത്തരത്തിൽ കവിതയിലും പരിഭാഷയിലും താല്പര്യമുള്ള എഴുത്തുകാർക്ക്, വായനക്കാർക്കും, ഗുണപ്രദമാകാനിടയുള്ള ഒരു പുസ്തകമാണ് മാർത്ത കോളിൻസും കെവിൻ പ്രൂഫറും എഡിറ്റ് ചെയ്ത് ഗ്രേവോൾഫ്പ്രെസ്സ് പ്രസിദ്ധീകരിച്ച Into English. ഇംഗ്ലീഷിതര ഭാഷയിൽ നിന്നുള്ള ഒരു കവിത അതിന്റെ മൂലഭാഷയിലും ആ കവിതയുടെ മൂന്ന് ഇംഗ്ലീഷ് പരിഭാഷകളും ആ പരിഭാഷാപ്രക്രിയയെ വിശകലനം ചെയ്തുള്ള ലേഖനങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പല കാലങ്ങളിൽ നിന്നുള്ള പല ദേശങ്ങളിൽ നിന്നുള്ള കവിതകൾ പുസ്തകത്തിന്റെ ഭാഗമാണ്. സാഫോ, ബാഷോ, റിൽക്കെ, അക്മതോവ, ലോർക്ക, ഷിംബോസ്‌ക, അമിഹായ്, അഡോണിസ് എന്നിങ്ങനെ ഒരുപറ്റം മികച്ച കവികളെയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കവിതാപരിഭാഷയുടെ സങ്കീർണ്ണതകളെയും സാധ്യതകളെയും വെളിപ്പെടുത്തുന്നതിനൊപ്പം കവിതയുടെ സ്വഭാവങ്ങളും ഈ പുസ്തകം അനാവരണം ചെയ്യുന്നു എന്നതിനാൽ കവിതയുടെ ക്രാഫ്റ്റിൽ പിടിപാടുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പുസ്തകം ഗുണപ്രദമാകും.



The Pole
എഴുതിയത്: ജെ. എം. കൂറ്റ്സി
പ്രസിദ്ധീകരിക്കപ്പെട്ട വർഷം: 2023
പ്രസാധകർ: ഗ്രേവോൾഫ്പ്രെസ്സ്
പ്രണയം പ്രമേയമായെടുത്തുകൊണ്ട് സാംസ്‌കാരികമായ ഇടകലർച്ചയ്ക്കിടയിൽ മനുഷ്യർക്കിടയിൽ സംഭവിക്കുന്ന ഭാഷാപരവും വൈകാരികവുമായ സങ്കീർണ്ണതകളെ ആവിഷ്‌കരിക്കുന്ന നോവെല്ലയാണ് ജെ. എം. കൂറ്റ്സിയുടെ 'ദ് പോൾ' എന്നാണ് വായനാനന്തരമുള്ള ആദ്യ ചിന്തയിൽ എനിക്കു തോന്നിയത്. പിയാനിസ്റ്റായ വിറ്റോൾഡ് വാൽസിസ്‌കീച്ച് എന്ന വൃദ്ധനായ പോളി(ഷുകാര)ന് ബിയാട്രിസ് എന്ന സ്ത്രീയോട് തോന്നുന്ന താല്പര്യം ഇൻഫാക്ചുവേഷനാണെന്ന് തോന്നാനിടയുണ്ടെങ്കിലും, ബിയാട്രീസിൽ നിന്നും വിവിധ ഘട്ടങ്ങളിൽ ഏൽക്കേണ്ടിവരുന്ന തിരസ്‌കാരം തന്റെ പ്രണയത്തെ മഹത്തരമാക്കിത്തീർക്കുന്നവിധത്തിലുള്ള പ്രവർത്തികളിലേക്ക് പോളിനെ നയിക്കുന്നതും അദ്ദേഹത്തിന്റെ മരണാനന്തരം ഇത് ബിയാട്രീസിന് വലിയ രീതിയിലുള്ള വൈകാരികബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും അതിനെ ബുദ്ധിമതിയായ ആ സ്ത്രീ എങ്ങനെ മറികടക്കുന്നുവെന്നതുമാണ് മറ്റൊരു വീക്ഷണകോണിലൂടെ നോക്കിയാൽ ഈ നോവെല്ലയുടെ പ്രമേയമെന്ന് കാണാം. പോളിന്റെ സംഗീതത്തെയും ബിയാട്രീസ് കഠിനമായി നേരിടുന്നുണ്ടെങ്കിലും അയാൾ തന്റെ സംഗീതത്തിലെ മികവിലൂടെ ബിയാട്രീസിന്റെ പ്രീതി പിടിച്ചുപറ്റാൻ നോക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ദാന്തെ അലിഗ്യേരിയ്ക്ക് ബിയാട്രീസ് എന്നപോലെ തനിക്കു പ്രണയം തോന്നിയ ബിയാട്രീസിനെ പോൾ തന്റെ കവിതകൊണ്ട് മരണത്തിലൂടെ നേരിടാൻ നടത്തുന്ന നീക്കത്തോടെ കഥ അവസാനിപ്പിക്കാമെന്നിരിക്കെ ബിയാട്രീസിന്റെ കത്തുകളിലൂടെ നോവെല്ലയ്ക്ക് അധികമാനം നൽകാൻ കൂറ്റ്സി നടത്തിയ നീക്കം പ്രശംസനീയമാണ്. 

ഇംഗ്ലീഷിലാണ് എഴുതപ്പെട്ടതെങ്കിലും ഈ നോവെല്ലയുടെ സ്പാനിഷ് പരിഭാഷയാണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തുവരുന്നത്. ഒരു അഭിമുഖത്തിൽ കൂറ്റ്സി പറയുകയുണ്ടായി: താനെന്താണോ ഉദ്ദേശിച്ചത് അത് കൃത്യമായി പ്രതിഫലിച്ചത് താനെഴുതിയ ഇംഗ്ലീഷിലല്ല മറിച്ച് സ്പാനിഷ് പരിഭാഷയിലാണെന്ന്. അങ്ങനെയെങ്കിൽ കൂറ്റ്സി ഇംഗ്ലീഷിൽ എഴുതിയ ഈ നോവെല്ലയിൽ നിന്നും എനിക്ക് നഷ്ടമായത് എന്തായിരിക്കും? സ്പാനിഷ് പരിഭാഷയിൽ കൂടുതലായി ഉൾച്ചേർന്നത് എന്തായിരിക്കും? ബിയാട്രിസ് പോളിന്റെ പോളിഷ് കവിതകളുടെ വികലമായ പരിഭാഷയിലൂടെ മനസ്സിലാക്കിയത് അയാൾ ഉദ്ദേശിച്ച കാര്യങ്ങൾ തന്നെയാകുമോ?



The Blue House: Collected Works of Tomas Tranströmer
പരിഭാഷ: പാറ്റി ക്രേൻ
പ്രസാധകർ: കോപ്പർ കാന്യോൺ പ്രെസ്സ്
പ്രസിദ്ധീകരിച്ച വർഷം: 2023
2023 ൽ കവിതാപുസ്തക പ്രസിദ്ധീകരണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് സമീപകാലത്തെ വലിയ കവികളിൽ ഒരാളും നൊബേൽ സമ്മാനജേതാവുമായ സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമറുടെ സമാഹരിച്ച കവിതകൾ ഇംഗ്ലീഷിൽ പുറത്തിറങ്ങി എന്നതാണ്. ട്രാൻസ്ട്രോമറുടെ കവിതകൾക്കു നിരവധി ഇംഗ്ലീഷ് പരിഭാഷകൾ ലഭ്യമാണ്. റോബിൽ ഫുൾട്ടൻ പരിഭാഷപ്പെടുത്തിയ The Great Enigma: New Collected Poems എന്ന സമാഹാരമുണ്ട്. തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം റോബർട്ട് ഹാസ്സ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂട്ടത്തിൽ പാറ്റി ക്രേനിന്റെ ഈ സമാഹാരം പുറത്തിറങ്ങുന്നതുവരെ മികച്ചതെന്ന അഭിപ്രായം കൂടുതൽ ലഭിച്ചിട്ടുള്ളത് റോബർട്ട് ബ്ലൈയുടെ പരിഭാഷകൾക്കാണ്. ബ്ലൈയുടെ പരിഭാഷയാണ് The Half-Finished Heaven. Bright Scythe: Selected Poems by Tomas Tranströmer എന്നൊരു സമാഹാരം പാറ്റി ക്രേൻ 2015 ൽ പുറത്തിറക്കിയിരുന്നു. ഇതിന്റെ വിപുലീകരിച്ച പതിപ്പ് കൂടിയാണ് പുതിയ പുസ്തകം. പുസ്തകത്തിൽ സ്വീഡിഷ് മൂലവും ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ആറ്റിക്കുറുക്കിയതും തുളച്ചിറങ്ങുന്നതുമായ ബിംബങ്ങൾ കൊണ്ട് മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് മായികമായ ഉൾക്കാഴ്ചയോടെ കടന്നു ചെല്ലാൻ സാധിക്കുന്ന കവിതകളാണ് റ്റൊമാസ് ട്രാൻസ്ട്രോമറുടേത്. സ്വീഡന്റെ തണുത്തുറഞ്ഞ ഭൂപ്രകൃതിയും മരണവും സ്വപ്നവും അദ്ദേഹത്തിന്റെ കവിതയിലെ സജീവ സാന്നിധ്യമാണ്. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറക്കുന്ന ഈ കവിതകളുടെ പരിഭാഷയെന്നത് അൽപ്പം വെല്ലുവിളി നേരിടുന്നതാണ്. കവിയുമായുള്ള നിരന്തര സമ്പർക്കം റോബർട്ട് ബ്ലൈയ്ക്ക് തന്റെ പരിഭാഷയിൽ ഗുണം ചെയ്തിട്ടുണ്ട്. കവിയുടെ അവസാനകാലത്ത് പാറ്റി ക്രേനും ഇവ്വിധം ട്രാൻസ്ട്രോമറുമായി സംവദിച്ചിരുന്നു. മൂന്നുവർഷത്തിലേറെ സ്വീഡനിൽ ജീവിച്ച് സ്വീഡിഷ് ഭാഷ പഠിച്ചെടുത്ത ശേഷമാണ് പാറ്റി ക്രേൻ ഈ പുസ്തകവുമായി ഈ വർഷാന്ത്യത്തിൽ വായനക്കാർക്ക് മുന്നിലേക്ക് വന്നിരിക്കുന്നത്. ട്രാൻസ്ട്രോമറുടെ ജീവിതപങ്കാളിയായ മോണിക്കയുമായുള്ള സൗഹൃദവും പാറ്റി ക്രെയിന്റെ പരിഭാഷയിൽ ഗുണം ചെയ്തിട്ടുണ്ട്. കവിയുടെ ആദ്യത്തെ വായനക്കാരി മോണിക്കയായിരുന്നു എന്നു മാത്രമല്ല മിക്ക കവിതകളുടെയും എഴുത്തുപശ്ചാത്തലം മോണിക്കയ്ക്ക് പരിചിതവുമായിരുന്നു.


#Penpoint
Leave a comment