TMJ
searchnav-menu
post-thumbnail

Penpoint

മാവ് പൂക്കാത്തകാലം: ഒരു ഹരിതവീക്ഷണം

07 Jun 2023   |   4 min Read
ഡോ. രാധ കയറാട്ട്

ലയാളത്തിലെ ശ്രദ്ധേയനായ കവി രാജന്‍ കൈലാസിന്റെ പുതിയ കവിതാ സമാഹാരമാണ് 'മാവുപൂക്കാത്ത കാലം'. പ്രഥമ ലീലാമേനോന്‍ പുരസ്‌കാരവും ഡി വിനയചന്ദ്രന്‍ കവിതാപുരസ്‌കാരവും ലഭിച്ച ഈ കൃതി, ആമുഖത്തില്‍ കവി പറയുന്നതുപോലെ തന്നെ സൂക്ഷ്മമായ ഹരിതവായന ആവശ്യപ്പെടുന്ന ഒന്നാണ്. 'പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തലവച്ച' ഹരിതഭരിതമായ കേരളീയപ്രകൃതിയില്‍ പച്ചനിറത്തിന് അനിഷേധ്യമായ സ്ഥാനമാണുള്ളത്. ആകാശത്തിന്റെ അനന്തനീലിമയ്ക്കും മണ്ണിന്റെ പിംഗലശോഭയ്ക്കുമിടയില്‍ ഹരിതാഭമായി നില്ക്കുന്ന ജീവന്റെ വിസ്മയംപോലെ അത്ഭുതാവഹമാണ് ഹരീതിമയുടെ സ്ഥാനപ്പെടല്‍. 

സകലതിനേയും സ്വീകരിക്കുന്ന പ്രകൃതിയുടെ വിശാലത തന്നെയാണ് ഹരിതകവിതകളുടെ മുഖമുദ്ര. പച്ചയുടെ സുലഭലാവണ്യത്തിന്റെ പാദമുദ്രകള്‍ മലയാള കാവ്യഭാഷയിലും ഭാവുകത്വത്തിലും ഭാവനയിലും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഏകാന്തവിജനമായ നാട്ടിടങ്ങളിലും നാട്ടിടവഴികളിലും ഹരിതലാവണ്യദ്യുതി മാഞ്ഞുപോകുമ്പോള്‍ കവി ഏറെ ദുഃഖിതനും ആശങ്കാകുലനുമാകുന്നു: 
'പച്ചയുണങ്ങാത്തൊരെന്‍ മനസ്സില്‍/ ദു:ഖസ്മൃതികളും കൊണ്ടുവന്നു' (ഒരു വൃക്ഷഗീതം)
'ഉണ്ടായനാള്‍ മുതല്‍/ ജീവന്റെ സൂര്യനെ/ പച്ചയായിലകളില്‍/ കാത്തുവച്ചേയിവര്‍/... കേഴുകയാണിന്ന്/ കായ്ക്കുവാനാകാതെ - വിത്തായി / വീണ്ടും മുളയ്ക്കുവാനാവാതെ'. (അന്തകം)
യാന്ത്രികതയുടെയും കൃത്രിമവസ്തുക്കളുടെയും കടന്നുകയറ്റം ഭൂമിയെ ക്ഷതപ്പെടുത്തികൊണ്ടിരിക്കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ പച്ചയുടെ മായല്‍ ഏറെ ഗൗരവമാര്‍ന്ന വിഷയമാണെന്നതാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന വീക്ഷണം. ഒരു ടെക്‌നോകൊളോണിയല്‍ ആധിപത്യ സ്വഭാവമുള്ള സാമൂഹിക പശ്ചാത്തലത്തിലാണ് നാമിന്നു ജീവിക്കുന്നത്. ആഗോള സ്വഭാവമുള്ള വിപണിവ്യവസ്ഥയിലൂടെ ഒരുതരം നവീനമുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം രൂപപ്പെട്ടുവരികയാണ്. 

അത്തരമൊരു വരണ്ട വര്‍ത്തമാന സാഹചര്യത്തില്‍ പ്രകൃതിയെ മറന്നുള്ള ജീവിതം മാനവികതയെ മറയ്ക്കുന്നതിന് സമമാണെന്ന ചിന്തയോടെ വേണം ഈ സമാഹാരത്തിലെ കവിതകളെ വായിച്ചെടുക്കാന്‍. കാലത്തെക്കുറിച്ച് ഇതിലെ കവിതകള്‍ പകരുന്ന വാങ്മയകാഴ്ചകള്‍ ഒരു ഓര്‍മപ്പെടുത്തലും മുന്നറിയിപ്പും കൂടിയാണ്. ഒപ്പം പ്രതിരോധസാധ്യതകളുടെ ആഹ്വാനം കൂടിയാണെന്നും പറയാം. സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചതന്നെയാണിതിലെ 61 കവിതകളും. പ്രകൃതിയെയും പച്ചപ്പിനെയും സ്വത്വബോധത്തിന്റെ ചിഹ്നമായെടുത്താല്‍ ഈ കൃതിയിലെ ഹരിതവായനയ്‌ക്കേറെ പ്രസക്തിയുണ്ട്. 


'മാവു പൂക്കാത്ത കാലം' പുസ്തകത്തിന്റെ കവർ 

വൈചിത്രമാര്‍ന്നൊരു വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് ഇന്ന് നമ്മുടെ ജീവിതസഞ്ചാരം. 'കറുത്തുപോയ ആകാശം... ഒരു കുഞ്ഞു വേരുപോലും മുളയ്ക്കാത്ത വിഷം കുതിര്‍ന്ന മണ്ണ്... വളരാനൊത്ത സാഹചര്യമില്ലാതെ സസ്യങ്ങള്‍... പൂക്കാനാകാതെ മാവും മരങ്ങളും... പഴങ്ങള്‍ കൊത്തി കൂട്ടത്തോടെ ചത്തുപോകുന്ന പക്ഷികള്‍... വിഷം തീണ്ടാത്ത ഒരിറ്റു വായു-വെള്ളം-മണ്ണ്-അന്നം... എന്തിനേറെ നിസ്വാര്‍ത്ഥമായ ഒരു പുഞ്ചിരിപോലും ലഭിക്കാത്ത കാലം (മാവുപൂക്കാത്തകാലം).

'ഗംഗയും ഹിമാലയവും വരെ ഇല്ലാതാകുന്ന' (ഹിമാലയം) കാലം...
'ഒറ്റമരക്കാട്ടില്‍ ഒറ്റയിലത്തണലില്‍ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന' (ഒറ്റയിലത്തണല്‍) കാലം...
'പ്രകൃതിയുടെ സഹജ സൗരഭ്യം കൃത്രിമ സുഗന്ധത്തിലേക്ക് വഴിമാറുന്ന' (മണം(നം)പുരട്ടല്‍) കാലം...
'അന്തകവിത്തുകളാല്‍ നാട്ടുനന്മകള്‍ വിഷംതീണ്ടിപോകുന്ന' (അന്തകം) കാലമാണ് വരാനിരിക്കുന്നത് എന്ന ഓര്‍മപ്പെടുത്തലായി... മുന്നറിയിപ്പായി... ഈ സമാഹാരത്തിലെ കവിതകള്‍ നമ്മോട് സംവദിക്കുന്നു. ഇത്തരമൊരു ദുസ്സഹമായ സാഹചര്യത്തില്‍ കവി മനസ്സില്‍ എങ്ങനെ കവിത പൂക്കും എന്നോര്‍ത്ത് കവി ആശങ്കപ്പെടുന്നു.

ജീവനോപാധിയായ പ്രകൃതി സഹനശക്തിക്കുമപ്പുറം കടന്ന് സംഹാരരൂപത്തിലേക്ക് പരിണമിച്ച് നമ്മോട് കണക്കുചോദിച്ചു കൊണ്ടിരിക്കുകയാണ് : 'ഓരോന്നിനും, കണക്കുപറയുകയാണ്! കാടുകള്‍... മലകള്‍... പുഴകള്‍... വയലുകള്‍... ഓരോന്നിനും' (പ്രളയം) എന്നാല്‍ ഇതെല്ലാം ശ്രദ്ധിച്ച് പരിഹാരം കാണേണ്ട ഭരണകൂടത്തിന്റെ സ്ഥിതിയാണതിലും കഷ്ടം! ജനാധിപത്യമിവിടെ അനുദിനം സ്വാര്‍ത്ഥഭരിതമായി സ്വേച്ഛാധിപത്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്: 'ജയിപ്പിക്കാന്‍ ജനം വേണം, ജയിച്ചാല്‍ പാര്‍ട്ടിയും വീടും... ജയിക്കും നിമിഷം തൊട്ടേ, ജനത്തെ ദൂരെ നിര്‍ത്തണം' (ജനം) ഇതാണവസ്ഥ. ദൈനംദിന ജീവിതം മുതല്‍ ചിന്തയിലും അഭിരുചികളിലും കാഴ്ചപ്പാടിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ (അകം കാഴ്ചകള്‍, ആരും കൊതിച്ചുപോകും, ഉപ്പ്, ഒരേയൊരാള്‍)... സ്വപ്‌നവും (ജലച്ഛായ, ഗോവ) ഭാഷയും (പെണ്ണക്ഷരം) വരെ അന്യശക്തികളുടെ ഇടപെടലിനു വിധേയമാകുന്ന കാലം... മനുഷ്യത്വവും മാനവികതയും മരവിച്ചുകൊണ്ടിരിക്കുന്ന കാലം (അമ്മത്തൊട്ടില്‍)...

മരങ്ങളും ജലാശയങ്ങളും ബഹുരാഷ്ട്ര കമ്പനികളുടെ നിര്‍മാണശാലകള്‍ക്കും യന്ത്രസാമഗ്രികള്‍ക്കുമായി വഴിമാറുന്നകാലം (മധ്യവേനല്‍ : ചക്കരമാവു നാം വെട്ടിമോനെ, വല്യ- കാര്‍ഷെഡ്ഡു തീര്‍ക്കുവാന്‍.../ തെങ്ങുമാക്കായല്‍ക്കരകളും കൈവിട്ടു/ ടൂറിസക്കാരുടെ ഹോട്ടലിന്നായ്...') വികസിച്ചുകൊണ്ടിരിക്കുന്ന നഗരസംസ്‌കാരത്തിനൊപ്പം ദാരിദ്ര്യത്തിലേക്ക് നടന്നടുക്കുന്ന മരവിച്ച ഗ്രാമജീവിതം (വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ : നമ്മുടെ മനസ്സുകളും പിന്നെയീ/ ഗ്രാമം മുഴുവനും/ അത് മൂടിക്കളയും മുമ്പ്/ നമുക്കത് പറിച്ചെറിയണം/)...

സ്വത്വനാശത്തിന്റെ ആഴങ്ങളിലേക്ക് പടിയിറങ്ങുന്ന ജനത (അമ്മ അറിയുന്നത്, വഴികള്‍, കടത്ത് : നമ്മളെ നമ്മള്‍ക്ക്/ കൈവിട്ടുപോകവേ/ ; മോര്‍ച്ചറി : എങ്ങാണു മോര്‍ച്ചറി?/ എന്റെ മനസ്സിലോ?/ എന്നെത്തിരയുന്ന/ ഞാനതിനുള്ളിലോ?/):
യന്ത്രചേതനയ്ക്കും മനുഷ്യചേതനയ്ക്കുമിടയിലെ സംഘര്‍ഷത്താല്‍ മാറ്റത്തിന്റെയും തകര്‍ച്ചയുടെയും നിമിഷവേഗമാര്‍ന്നകാലം (ബുള്‍ഡോസറുകളുടെ വഴി, കമ്മ്യൂണിസ്റ്റ് പച്ചകള്‍, ആരും കൊതിച്ചുപോകും, ഒരേയൊരാള്‍) എല്ലാം കവി തന്റെ തൂലികയ്ക്കു വിഷയമാക്കിയിട്ടുണ്ട്. ഇന്ന് ഏതു സംഭവമായാലും അതു തിരഞ്ഞെത്തുന്നത് പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണമായ ആഗോളസങ്കലനങ്ങളിലേക്കാണ്. ജീവിതമായാലും കലയായാലും സാഹിത്യമായാലും സമകാലികലോകമെന്നാല്‍ അത് ഇന്നൊരു വെര്‍ച്വല്‍ റിയാലിറ്റി കൂടിയാണ്. അതിന്റെ നേര്‍സാക്ഷ്യം കൂടിയാണിതിലെ കവിതകള്‍.

രാജൻ കൈലാസ്

അദൃശ്യമായ ആധിപത്യങ്ങളുടെ വിപണിയായിത്തീര്‍ന്ന വര്‍ത്തമാനകാലത്തെയും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വത്തെയും മാത്രമല്ല കവി രാജന്‍ കൈലാസ് തന്റെ കവിതകളിലൂടെ വാങ്മയീകരിക്കുന്നത്. പ്രകൃതിയെയും സംസ്‌കാരത്തെയും സ്വത്വത്തെയും മാനവീയതയെയും വീണ്ടെടുക്കാന്‍ ഹൃദയവിശുദ്ധിയുള്ള സ്‌നേഹത്തിന്റെ... പ്രണയത്തിന്റെ... പുതിയ മനുഷ്യാവസ്ഥയുടെ ഭാവഗീതങ്ങള്‍ കൂടി കവി ഇതില്‍ ആവിഷ്‌കരിക്കുന്നുണ്ട്. അതിജീവനം സാധ്യമാകണമെങ്കില്‍ മനസ്സ് ജീവത്താകണം. മനസ്സിന്റെ ഉള്ളറകളില്‍ നിന്ന് ഭൂമിയുടെ... പ്രകൃതിയുടെ ഗന്ധ-നാദ-വര്‍ണ-സ്പര്‍ശങ്ങള്‍ അകന്നുപോയാല്‍ മനുഷ്യനിവിടെ ഭ്രഷ്ടനും അപരിചിതനുമായിത്തീരും. പ്രകൃതിയും മനുഷ്യനും അഭിന്നമായാലേ ശ്രേയസ്സുള്ളൂ എന്നാണ് കവി തന്റെ ശംഖ്, മഴപോലെ, ഗുരു, ഒരു പ്രണയത്തിന്റെ ആമുഖം, കോവളം, ജോണ്‍സി... മുതലായ കവിതകളിലൂടെ അനുവാചകരോട് ശുഭപ്രതീക്ഷയോടെ സംവദിക്കുന്നതും.

മനുഷ്യാനുഭവങ്ങളില്‍നിന്ന് വിട്ടുമാറി നില്ക്കുന്നതോ മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ക്കതീതമായി നില്ക്കുന്നതോ ആയ ഒരു ബാഹ്യയാഥാര്‍ത്ഥ്യമല്ല പ്രകൃതി എന്നൊരു കാഴ്ചപ്പാടാണ് ഈ കവിതകളിലെ പൊതുസത്ത എന്നു പറയാം. ഈ കവിതകളിലെല്ലാം പ്രകൃതിയെക്കുറിച്ചുള്ള അവബോധവും മനുഷ്യകേന്ദ്രീകൃതമായ അനുഭവലോകവും തന്നെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വ്യത്യസ്തമായ അവബോധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ കവി, മനുഷ്യനിലൂടെ പ്രകൃതിയെ വീക്ഷിക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. കൃതിയിലെ കവിതകള്‍ പകരുന്ന ഹരിതഭാവവും അതേ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു ഹരിത സംസ്‌കാരത്തിന്റെ ഊര്‍ജം ഈ കവിതകള്‍ പ്രദാനം ചെയ്യുന്നുമുണ്ട്. അതിനാല്‍ ഇതിലെ കവിതകളെ ഹരിത കവിതകള്‍ എന്നുവിളിക്കുന്നതില്‍ തെറ്റില്ല.

വിവരസാങ്കേതികതയും ആഗോളീകരണവും സൃഷ്ടിക്കുന്ന സാംസ്‌കാരിക ഫലങ്ങളെ രാജന്‍ കൈലാസ് എന്ന കവി ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത് എന്ന് ഈ കൃതിയിലെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കാലത്തെ അഭിമുഖീകരിക്കുന്ന കവിതകള്‍ എന്നീ കൃതിയെ വിശേഷിപ്പിക്കാം. നമ്മുടെ അനുഭവത്തിന്റെ സമസ്ത തലങ്ങളിലും മാറുന്ന ലോകം സൃഷ്ടിക്കുന്ന മാറ്റങ്ങളെ നേരിടാനുള്ള സ്വയം സജ്ജീകരണം ആവശ്യമാണ്. ഈ കൃതിയിലൂടെ കവി പകരുന്ന സന്ദേശവും അതാണ്. വര്‍ത്തമാന സാഹചര്യങ്ങളൊരുക്കിത്തരുന്ന ഭൗതികസുഖസൗകര്യങ്ങളില്‍ പ്രകൃതിയെ മറന്ന് മുങ്ങിനിവരുന്ന ജനതയ്ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് 'മാവുപൂക്കാത്ത കാലം' എന്ന കൃതി.

ടെക്‌നോകൊളോണിയല്‍ സംസ്‌കാരം പച്ചപ്പിന്റെ ധാരാളിത്തം നിറഞ്ഞ കേരളത്തെ മരുപ്പറമ്പാക്കിയാലും സ്വാര്‍ത്ഥതയും സ്‌നേഹരാഹിത്യവും നിറഞ്ഞ മലയാളിയുടെ മാനസികമായ മരുവത്കരണത്തിനെതിരെ ഈ കവിയും കവിതകളും 'പുലരിമഞ്ഞിലെ/ പനിനീര്‍ദളങ്ങളില്‍/ രണ്ടു പൂമ്പാറ്റകള്‍/ ഉമ്മവയ്ക്കുമ്പോള്‍/ ഒരുനിമിഷം/ പങ്കിടുന്നത്/ ഭൂമിയിലെ സ്‌നേഹം ഒന്നാകെയാണ്' (ഒരു നിമിഷം) ' നുള്ളരുതില, പൂവ്/ നോവരുതിക്കാടിന്/ താഴെവീണു വിത്തുകള്‍/ കരുതാം കിളിര്‍പ്പിക്കാം' (ജോണ്‍സി) സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രം ചമച്ച് പോരാട്ടം തുടരുകതന്നെ ചെയ്യും.

'അക്ഷരത്തിന്റെ വൈഡൂര്യമുക്തകം കൂട്ടിവയ്ക്കും കുബേരന്‍'; 
'കനകകാന്തിയില്‍ കുളിച്ചു നില്ക്കുന്ന ഗിരിനിരകള്‍'; 
'രജതശോഭയില്‍ തിളങ്ങി നില്ക്കുന്ന മഹിതസ്വര്‍ഗം' എന്നിങ്ങനെ ദീപ്തവാങ്മയങ്ങളായി മാറുന്ന അനുഭവശകലങ്ങളാണ് രാജന്‍ കൈലാസിന്റെ കവിതകളെ അനന്യസുന്ദരമാക്കുന്നത്. കവിത വായിച്ചു തീര്‍ന്നാലും അനുവാചകരോടൊപ്പം അനുയാത്രചെയ്യുന്ന പദചാരുതകളും ദൃശ്യസൗന്ദര്യം കാഴ്ചവയ്ക്കുന്ന വാങ്മയവൈഭവവും കൈമുതലായുള്ള... പ്രകൃതിയെയും മാനവികതയെയും അതിലൂടെ നൈതികതയെയും തിരിച്ചുപിടിക്കണമെന്നാഗ്രഹിക്കുന്ന ഈ കവിയില്‍ നിന്ന് മലയാളത്തിന് ഇനിയുമേറെ പ്രതീക്ഷിക്കാം. 


#Penpoint
Leave a comment