TMJ
searchnav-menu
post-thumbnail

Penpoint

മലയാള മുദ്രാവാക്യങ്ങളുടെ സൂക്ഷ്മ ശരീരപരിസരം

01 Feb 2024   |   4 min Read
അമല്‍ ആസാദ്

നിബന്ധനാകല്പിതമായ എല്ലാ ലക്ഷണശാസ്ത്രങ്ങളെയും നിരാകരിക്കുന്ന സാഹിത്യ മാതൃകകളെ അവതരിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് മോഡേണ്‍ കാലഘട്ടം കടന്നുപോകുന്നത്. ചുള്ളിക്കാടിന്റെ മുദ്രാവാക്യ കവിതയുടെ കാവ്യലക്ഷണം തിരയുന്നവരെല്ലാം കവിതയുടെ ആഖ്യാന സവിശേഷതകളെ വിമര്‍ശനവിധേയമാക്കുന്നതിലൂടെ സത്താപരമായ ഉള്ളടക്കത്തോട് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മുദ്രാവാക്യം കവിതയായതല്ല ഇവരുടെ പ്രശ്‌നം മറിച്ച് മുദ്രാവാക്യം തന്നെ പ്രശ്‌നമാവുകയാണ്. യാഥാര്‍ത്ഥ്യത്തില്‍ കവിതയേക്കാള്‍ ഭാഷയെ വൈകാരികമായും ഫലപ്രദമായും സമൂഹം ഉപയോഗിച്ച വ്യവഹാര രൂപമാണ് മുദ്രാവാക്യം. പുതിയത് കണ്ടെത്താനും നേടിയെടുക്കാനുമുള്ള ആധുനിക മനുഷ്യന്റെ പ്രയാണചരിത്രത്തിലെ ശേഷിപ്പുകളാണ് അവ. ജാതി എന്ന സ്ഥാപനത്തില്‍ നിന്ന് ജനമെന്ന കൂട്ടായ്മയിലേക്ക് കേരളീയര്‍ നടന്നുതുടങ്ങിയതുമുതല്‍ മനുഷ്യസമുദായത്തിന്റെ നവീകരണ സന്ദര്‍ഭങ്ങളിലെല്ലാം മുദ്രാവാക്യങ്ങള്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടോടെ വ്യവസായവല്‍കൃതമായി ഉരുത്തിരിഞ്ഞ ലോകത്തിന്റെ പുതിയ സാമ്പത്തിക - സാമൂഹിക വ്യവസ്ഥകളെ നേരിട്ട് അഭിമുഖീകരിക്കാന്‍ ആധുനികതയ്ക്ക് കഴിഞ്ഞതുകൊണ്ടാണ് ചരിത്രപരമായ പാരമ്പര്യങ്ങളെയും സാമൂഹിക ഘടനയെയും പൊളിച്ചെഴുതാന്‍ സാധിച്ചത്. യൂറോപ്പില്‍ ഫ്രഞ്ച് വിപ്ലവമാണെങ്കില്‍ കേരളത്തില്‍ അത് നാടാര്‍ സമുദായത്തിലെ സ്ത്രീകള്‍ മാറുമറക്കാന്‍ വേണ്ടി നടത്തിയ ചാന്നാര്‍ ലഹളയോടുകൂടിയാണ് ആരംഭിച്ചത്. സ്ത്രീകള്‍ക്ക് പുറമെ പുരുഷന്മാരുടെയും കുട്ടികളുടെയും വ്യാപകമായ പങ്കാളിത്തം ഉണ്ടായിരുന്ന ലഹളയിലുടനീളം ദുഃഖവും ക്രോധവും ആഹ്ലാദവും നിറഞ്ഞ വാക്കുകള്‍ ഒറ്റപ്പെട്ട രീതിയിലും കൂട്ടമായും പ്രക്ഷോപകാരികള്‍ വിളിച്ചുപറഞ്ഞിരുന്നു. മലയാളമുദ്രാവാക്യങ്ങളുടെ ചരിത്രം ഈ വിളിച്ചുപറയലുകളില്‍ നിന്നാണ് ആരംഭിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് കേരളത്തിന്റെ സാമൂഹ്യപരിസരത്തെ നവീകരിക്കാനുള്ള മനുഷ്യമനസ്സിന്റെ ചെറുത്തുനില്‍പ്പിന്റെയും ചേര്‍ന്നുനില്‍പ്പിന്റെയും കഥ മുഖ്യമായും മുദ്രാവാക്യങ്ങളോട് ഇഴചേര്‍ന്നു കിടക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍തന്നെ മലയാളമുദ്രാവാക്യങ്ങള്‍ അവയുടെ വര്‍ഗ്ഗ സ്വഭാവസവിശേഷതകള്‍ കേരളത്തിലും കാണിച്ചുതുടങ്ങിയിട്ടുണ്ട്.

ചാന്നാര്‍ ലഹള | PHOTO: WIKI COMMONS
''ഞങ്ങടെ മക്കളെ പഠിപ്പിച്ചില്ലെങ്കില്‍
നിങ്ങടെ പാടത്ത് മുട്ടപ്പുല്ല് വിരിയിക്കും'

കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി പണിമുടക്ക് ആഹ്വാനം ചെയ്തുകൊണ്ട് അയ്യങ്കാളി ജാതീയതയ്‌ക്കെതിരായ നവോത്ഥാന മുന്നേറ്റങ്ങളെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തോട് ചേര്‍ത്തുവെക്കുകയാണ് ചെയ്തത്. തൊഴിലിന്റെയും അധികാരത്തിന്റെയും ജീവിതനിലവാരത്തിന്റെയും ഘടന ജാതിയെ അപേക്ഷിച്ചായിരുന്നതിനാല്‍ മനുഷ്യനെ ശ്രേണീകൃതമായി വര്‍ഗ്ഗീകരിച്ച സാമൂഹ്യദുരന്തത്തെ പരിഹരിക്കാന്‍ വിളിക്കപ്പെട്ട മുദ്രാവാക്യങ്ങളിലാണ് ആദ്യമായി വര്‍ഗ്ഗപരമായ ഉള്ളടക്കങ്ങളും കണ്ടുതുടങ്ങിയതെന്ന് കാണാം.

'ചുമച്ചു തുപ്പി പനിച്ചു തുള്ളി
പുതച്ചുമൂടിയിരുന്നാലും
കിട്ടുകയില്ലാരോഗ്യ സഹായം'

പട്ടടയിലടിഞ്ഞാലും ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകളെ ഒരു പ്രശ്‌നമെന്നോണം മുദ്രാവാക്യങ്ങള്‍ വഴിയാണ് അടിയാളജനത ആദ്യമായി അവതരിപ്പിച്ചു തുടങ്ങിയത്. 
പരാതികളില്‍ നിന്നും പരിഭവങ്ങളില്‍ നിന്നും പുതിയ സ്വപ്നം നെയ്‌തെടുക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം മുദ്രാവാക്യങ്ങളുടെ പൊതുസ്വഭാവം.

'വലിയേത് വലിയേത് മാളികമേല്‍
തിന്നു തടിച്ചു പുളച്ചീടുന്നു
അക്കൂട്ടരെങ്ങാനും നാട്ടിക്കണ്ടോ
അക്കൂട്ടരെങ്ങാനും ഞാറ് നട്ടോ
ഊയം തൊട്ടന്ത്യോളം വയലില്‍ നമ്മള്‍
പണി ചെയ്തുവന്നാലും തെണ്ടിയല്ലെ '

ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും അധികാര മേല്‍ക്കോയ്മയ്‌ക്കെതിരെ വസ്തുതകള്‍നിരത്തി ചോദ്യങ്ങളുന്നയിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്യാന്‍ മുദ്രാവാക്യങ്ങള്‍ക്ക് മറ്റേത് വ്യവഹാരരൂപത്തേക്കാളും സാധിച്ചിരുന്നു. പാശ്ചാത്യ മുദ്രാവാക്യങ്ങളില്‍നിന്നും കേരളീയ മുദ്രാവാക്യങ്ങളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അവയുടെ ഭാഷാപരമായ സവിശേഷതകളാണ്. പഴഞ്ചൊല്ലുപോലെ ചൊല്ലിക്കുറുക്കിയതും ലളിതവും താളാത്മകവുമാണ് മലയാള മുദ്രാവാക്യങ്ങളുടെ ശരീരഘടന.

അയ്യങ്കാളി | WIKI COMMONS
'പോകാം പോകാം കൊച്ചനിയാ
പോര്‍ക്കളമല്ലോ കാണുന്നു
നാമിന്നിപ്പോള്‍ കുഞ്ഞുങ്ങള്‍
നാളെ പക്ഷേ പൗരന്മാര്‍
തുമ്മിപ്പോയാല്‍ പോലീസ്
തുപ്പല് വീണാല്‍ പട്ടാളം
പേനയെടുത്താല്‍ വെടിവെപ്പായി
കുന്തം കുത്തി കൊല്ലട്ടെ'

വരികളുടെ താളവും പ്രാസവും മുദ്രാവാക്യങ്ങളെ ഹൃദിസ്തമാക്കുന്നതിനും ഏറ്റുവിളിക്കുന്നതിനും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനും സഹായകമായിട്ടുണ്ട്. മുദ്രാവാക്യം നിര്‍മ്മിക്കുന്നവര്‍ അത്തരം കാര്യങ്ങളില്‍ക്കൂടി ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ ശ്രദ്ധയൂന്നിയിരിക്കണം. ഇതുവഴിയാണ് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ജാതിമേല്‍ക്കോയ്മ ഭാഷയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കര്‍ശന നിയന്ത്രണങ്ങളെ പൊളിച്ചെഴുതുന്നതിനും അവര്‍ണ, സവര്‍ണ വിഭാഗക്കാര്‍ക്കിടയില്‍ നിര്‍ബന്ധപൂര്‍വ്വം പാലിക്കപ്പെട്ട ഭാഷാവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും സാധിച്ചത്. അപ്പോള്‍ സ്വാഭാവികമായും സാഹിത്യത്തിലെ പാരമ്പര്യവാദികള്‍ക്ക് മുദ്രാവാക്യങ്ങളോടുള്ള സമീപനമെന്തായിരിക്കുമെന്ന് ഊഹിക്കാനേയുള്ളൂ.

'നാടെങ്കും ടീ കുടിക്ക
എങ്കള്‍ മേനി കറുത്തേ പോച്ച്
നാട്ടാരെല്ലാം കാപ്പി കുടിക്ക
എങ്കള്‍ എലസ് കോഞ്ചേപോച്ച് '

സാഹിത്യഭാഷയെ സംസ്‌കൃതത്തില്‍ നിന്ന് സ്വതന്ത്രമാക്കുകയും നാടന്‍നാടോടി വഴക്കത്തോട് ചേര്‍ത്തുകെട്ടുകയും ചെയ്തതില്‍ എഴുത്തച്ഛനേക്കാര്‍ ചെറുശ്ശേരിയേക്കാള്‍ പങ്ക് മനുഷ്യാവസ്ഥകളെ നേരിട്ട് അഭിമുഖീകരിക്കാന്‍ തയ്യാറായ ഗാനാത്മകമായ മുദ്രാവാക്യങ്ങളാണ്, അവയില്‍ മിക്കതിനും ബദല്‍മുദ്രാവാക്യങ്ങളും പ്രതിമുദ്രാവാക്യങ്ങളും തുടര്‍മുദ്രാവാക്യങ്ങളും ഉണ്ടായിട്ടുണ്ട്. ചുള്ളിക്കാടിന്റെ വിവാദകവിതയുടെ ആധാരശില തന്നെ അത്തരമൊരു പ്രതിമുദ്രാവാക്യമാണല്ലൊ. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും ദേശീയപ്രക്ഷോഭത്തിന്റെയും ആശയപ്രചരണങ്ങള്‍ക്കും ആശയരൂപീകരണങ്ങള്‍ക്കും പ്രധാന ഉപാധിയായി വര്‍ത്തിച്ചതും മുദ്രാവാക്യങ്ങളായിരുന്നു.

'മടങ്ങിപ്പോകൂ നിങ്ങള്‍
മറുനാടന്‍ തുണി വാങ്ങാന്‍
മടിശ്ശീല തുറക്കാതെ
മാനം പോകാതെ എന്നും
നമ്മള്‍ നൂറ്റ നൂല് കൊണ്ടും
നമ്മള്‍ നെയ്ത വസ്ത്രം കൊണ്ടും
നിര്‍മ്മിതമിഹ നീതിക്കൊരന്ത്യാവരണം'

പിന്നീട് വന്ന വിമോചനസമരകാലത്തും അടിയന്തരാവസ്ഥാനാളുകളിലും ആശയസംവാദങ്ങള്‍ക്കപ്പുറം വ്യക്തികളെ സാമൂഹ്യപദവി അനുസരിച്ച് അധിക്ഷേപിക്കുന്നതിനായി ഇവിടെ നിലനിന്നിരുന്ന സാംസ്്കാരിക ജീര്‍ണ്ണതകളെകൂടി ഉള്‍ക്കൊള്ളാന്‍ മുദ്രാവാക്യങ്ങള്‍ മടികാണിച്ചില്ല. 57 ലെ മന്ത്രിസഭയിലെ ഏക സ്ത്രീ സാന്നിദ്ധ്യമായ ഗൗരിയമ്മയും, ദളിത് വിഭാഗത്തില്‍ നിന്നുള്ള ചാത്തന്‍മാഷും, ഭാഷണവൈകല്യമുള്ള ഇഎംഎസ്സുമെല്ലാമാണ് വിമോചനസമര കാലത്തെ മുദ്രാവാക്യങ്ങള്‍ സൂക്ഷ്മശരീരത്തെയും സാമൂഹികസ്ഥാനത്തെയും മുന്‍നിര്‍ത്തി വേട്ടയാടിയവരില്‍ പ്രമുഖര്‍.

കെ ആര്‍ ഗൗരിയമ്മ | PHOTO: FACEBOOK
'വിക്കന്‍, ചാത്തന്‍, ചട്ടന്മാര്‍
നാട് ഭരിച്ച് മുടിച്ചീടുന്നു
വിക്കാ ഞൊണ്ടാ ചാത്താ നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം'

സാമൂഹികശ്രേണിയുടെ താഴെത്തട്ടില്‍നിന്ന് ഉയര്‍ന്ന പദവികളിലേക്കെത്തുന്ന സ്ത്രീകളുടെയും ദളിതരുടെയും നേട്ടങ്ങളില്‍ കേരളീയസമൂഹം പൊതുവില്‍ വെച്ചുപുലര്‍ത്തുന്ന അസൂയയേയും അസഹിഷ്ണുതയെയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍കൂടിയായിരുന്നു സ്ത്രീവിരുദ്ധവും ജാതിപരമായ ആക്ഷേപങ്ങള്‍ നിറഞ്ഞതുമായ മുദ്രാവാക്യങ്ങള്‍ രൂപംകൊണ്ടതിനുപിന്നില്‍.

'ഗൗരിച്ചോത്തീ പെണ്ണല്ലേ
പുല്ലു പറിക്കാന്‍ പൊയ്ക്കൂടെ'

സ്ത്രീയെ സാമാന്യമായി പിന്നോക്കക്കാരിയായി കണക്കാക്കുന്ന പുരുഷാധിപത്യ സമൂഹത്തില്‍ ഭരണനിര്‍വ്വഹണം സ്ത്രീയുടെ അധികാര പരിധിയല്ലെന്നാണ് ഈ മുദ്രാവാക്യത്തിലൂടെ പ്രതിപക്ഷം വിളിച്ചുപറഞ്ഞത്.

'ഇഎംഎസ്സിനെ അമരത്തിരുത്തി
കെആര്‍ ഗൗരിയെ അരികിലിരുത്തി
ടിവി തോമസ് പിറകിലിരുന്ന്
തളളിവിടുമോ റഷ്യന്‍ കപ്പല്‍'

ഇഎംഎസ് മുഖ്യമന്ത്രിയായി കേരളത്തില്‍ ആദ്യത്തെ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ കെആര്‍ ഗൗരി റവന്യൂ വകുപ്പിന്റെയും ഭര്‍ത്താവ് ടിവി തോമസ് തൊഴില്‍ വകുപ്പിന്റെയും ചുമതലകളുള്ള മന്ത്രിമാരായാണ് തിരഞ്ഞെടുക്കപ്പെട്ടത്. അവിടെ മന്ത്രിമാരുടെ പ്രോട്ടോക്കോള്‍ പ്രകാരം ഗൗരിയമ്മ ഭര്‍ത്താവ് ടി.വി തോമസിനേക്കാള്‍ മുകളിലായിരുന്നു, അതിനെ പരിഹസിച്ചുകൊണ്ട് പ്രതിപക്ഷം മുഴക്കിയ ഈ മുദ്രാവാക്യം തീര്‍ത്തും അശ്ലീലച്ചുവ നിറഞ്ഞതാണെന്നുകാണാം. കാലാകാലമായി പുരുഷന്‍ നിര്‍വ്വഹിച്ചും അലങ്കരിച്ചും വരുന്ന കുടുംബാധികാര വ്യവസ്ഥയ്ക്ക് ഈ സംഭവം നേര്‍വിപരീതമായതുകൊണ്ടാവാം പ്രതിപക്ഷത്തെ ഇത്തരമൊരു മുദ്രാവാക്യം വിളിക്കുന്നതിന് പ്രേരിപ്പിച്ചത്. സ്ത്രീയുടെ ലൈംഗികന്യൂനതയെ മലയാളസമൂഹം എക്കാലവും കൈകാര്യം ചെയ്തിരുന്നത് പ്രാകൃതകാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തിയായിരുന്നു. വിവാഹിതയായിട്ടും കുട്ടികളില്ലാത്ത കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ എതിര്‍ചേരിയില്‍പ്പെട്ടവര്‍ വിളിച്ച മുദ്രാവാക്യം എത്രമാത്രം ഹീനമായിരുന്നു എന്ന് നോക്കൂ,

'മച്ചിപ്പെണ്ണേ കെ.ആര്‍ ഗൗരി
നാടുഭരിച്ചു മുടിക്കരുതേ'

'മച്ചിപ്പെണ്ണ്' എന്നാല്‍ അമ്മയാവാന്‍ കഴിവില്ലാത്ത സ്ത്രീകളെ പ്രാദേശികമായി കുറിക്കുന്ന പ്രയോഗമാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ജനനത്തിന്റെ മുഖ്യലക്ഷ്യം ഗര്‍ഭധാരണമാണെന്ന് ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കേരളീയര്‍ക്കിടയില്‍ ഗൗരിയമ്മയെ കഴിവില്ലാത്തവളായി ചിത്രീകരിക്കാന്‍ അവര്‍ക്ക് കുട്ടികളില്ലാത്തതിനെ ഇവിടെ എതിര്‍പക്ഷം രാഷ്ട്രീയമായി ദുരുപയോഗിച്ചു. അടിയന്തരാവസ്ഥ നാളുകളില്‍ മുദ്രാവാക്യങ്ങളുടെ തലക്കെട്ടുകളെല്ലാം ഇന്ദിരാഗാന്ധിയിലേക്ക് ചുരുങ്ങിയതിലൂടെ സ്ത്രീ അധികാര സ്ഥാനത്തെത്തുന്നത് പുരുഷാധിപത്യ സമൂഹത്തെ എത്രത്തോളം അസ്വസ്ഥമാക്കിയിരുന്നു എന്നതിന്റെ തെളിവാണ്.



'ഇന്ദിരേ നീയൊരു പെണ്ണല്ലേ
കുട്ടികള്‍ രണ്ടു നിനക്കില്ലേ
ആറൗണ്‍സ് എങ്ങനെ വെച്ചുവിളമ്പും
അടുക്കളക്കാര്യം അറിയില്ലെ'

സമീപകാല തെരുവുപ്രകടനങ്ങളില്‍ ആവര്‍ത്തിച്ച് പ്രയോഗിച്ചു കാണുന്ന 'ആണാണെങ്കില്‍ പോരിന് വാടാ' എന്ന മുദ്രാവാക്യം കേരളം കൊണ്ടാടുന്ന ആണധികാരബോധത്തിന്റെ വ്യക്തമായ ചിത്രമാണ് ദൃശ്യമാക്കുന്നത്. 'പോര്' ആണിന് മാത്രം സാധ്യമാകുന്നതാണെന്നും സ്ത്രീ ദുര്‍ബലയാണെന്നുമുള്ള പൊതുബോധത്തില്‍ നിന്ന് നാം ഒട്ടും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല എന്നതിന്റെ തെളിവാണിത്.

'തന്തയില്ലാ നേരത്ത്
അമ്മയ്ക്ക് പറ്റിയ തെറ്റാണേ'

ജനപ്രിയസിനിമകളില്‍ നിന്നും രൂപപ്പെട്ടു വന്ന 'തന്തയ്ക്ക് പിറന്നവന്‍' എന്ന രീതിയിലുള്ള സ്ത്രീവിരുദ്ധമായ ആക്ഷേപസ്വരങ്ങള്‍ ഇടക്കാല മുദ്രാവാക്യങ്ങളില്‍ കടന്നുകയറുന്നതിന്റെ ധാരാളം ഉദാഹരണങ്ങളുണ്ട് ഇങ്ങനെ. അവ നേരിട്ടുതന്നെ സ്ത്രീയുടെ ചാരിത്ര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സാമൂഹിക ജീര്‍ണ്ണതകള്‍കെതിരായി രൂപംകൊണ്ട മാറ്റത്തിന്റെ സ്വരമായിരുന്നു ആദ്യകാല മുദ്രാവാക്യങ്ങളെങ്കില്‍ പില്ക്കാലത്ത് ജാതീയമായും ലിംഗപരമായും കേരളീയ സമൂഹം വെച്ചുപുലര്‍ത്തിയ എല്ലാ സാമൂഹിക, സാംസ്‌കാരിക കൊള്ളരുതായ്മകളെയും ഉള്‍ക്കൊള്ളാന്‍ മുദ്രാവാക്യങ്ങള്‍ തയ്യാറായിട്ടുള്ളതിന്റെ വ്യക്തതയ്ക്കായാണ് ഇത്രയും വിശദീകരിച്ചത്. അതാത് സന്ദര്‍ഭങ്ങളോട് മനുഷ്യര്‍ കൂട്ടമായി പ്രതികരിച്ച പ്രകടനകലയായതിനാല്‍ മുദ്രാവാക്യങ്ങളുടെ രചനാവേളയില്‍ ഒരിക്കല്‍പോലും തുടരന്വേഷണങ്ങളുണ്ടാവാനിടയുള്ളതിനെ കുറിച്ച് ആരും വ്യാകുലപ്പെട്ടിട്ടുണ്ടാവില്ല. മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും എഴുതി സൂക്ഷിക്കാന്‍ തയ്യാറാവുന്ന പുതിയ സാഹിത്യ പ്രവണതകള്‍ അവയുടെ ആഖ്യാനതീവ്രതയെ നിലനിര്‍ത്തി പ്രയോഗസാധ്യതകളെ നീതിയുക്തമാക്കുമെന്ന് പ്രത്യാശിക്കാം. മലയാളിയുടെ അബോധമനോനില പോലും മുദ്രാവാക്യങ്ങളില്‍ പ്രതിഫലിക്കുമെന്നതിനാല്‍ ഇതിലുള്ളടങ്ങിയ രാഷ്ട്രീയ ശരികേടുകള്‍ കണ്ടെത്തുക അത്ര പണിപ്പാടുള്ള കാര്യമല്ല, പക്ഷെ കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ നിര്‍മ്മിക്കുകയായിരുന്നു അവയുടെ സാമാന്യലക്ഷ്യമെങ്കില്‍, സമൂഹത്തെ എന്നല്ല ഭാഷയെയും, സാഹിത്യത്തെയും, മനുഷ്യനെയും മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ മുദ്രാവാക്യങ്ങള്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. അനന്യമായി ആ നവീകരണ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുമിരിക്കുന്നുണ്ട്.

 

#Penpoint
Leave a comment