മതിലുകളില്ലാതാക്കാനുള്ള ആധികളുടെ സമാഹാരം
ഇന്നിന്റെ രക്തക്കറയും
ഇന്നലകളുടെ മാങ്ങാച്ചുനയുമുള്ള
കവിതകള്‍.
രണ്ടുതരം കവികള്‍ ഒരേസമയം മുസാഫിര്‍ വെള്ളിലയുടെ കാവ്യലോകത്ത് സഞ്ചരിക്കുന്നുണ്ട്. ഒന്നിലയാള്‍ അങ്കണവാടിയിലേക്കും ഒന്നാം ക്ലാസിലേക്കും സ്‌കൂള്‍ മുറ്റത്തേക്കും അയലത്തെ വീട്ടിലെ ഓര്‍മപ്പൂക്കളത്തിലേക്കും കട്ടി മിഠായിയിലേക്കും കോലൈസിലേക്കും ഉപ്പക്കിനാവുകളിലേക്കും മീസാന്‍ കല്ലുകളിലേക്കും നഫീസുമ്മയിലേക്കും ഉമ്മാമയിലേക്കും ഉമ്മറപ്പടിയിലേക്കും ഉമ്മയിലേക്കും സഞ്ചരിക്കും. കാല്പനികമായ ഗൃഹാതുരയോര്‍മകളില്‍ സന്തുഷ്ടനാണയാള്‍.
അപരനായ കവി അസ്വസ്ഥനാണ്. നിന്നയിടത്തെ കാല്പാദങ്ങളിലെ മണ്ണ് ഒലിച്ചുപോകുന്നതയാള്‍ അറിയുന്നുണ്ട്, ചരിത്രത്തിന്റെ തകിടംമറിച്ചിലുകളില്‍ അയാളും തലകീഴ്‌മേല്‍ മറിയുന്നുണ്ട്.
ഞാനും ഈ മണ്ണിനവകാശിയാണെന്ന, എന്റെ രാജ്യം ഇന്ത്യയാണെന്ന, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന... ഒരേ നിറമുള്ള പ്രതിജ്ഞ അയാള്‍ക്ക് വീണ്ടും വീണ്ടും ഉറക്കെ ചൊല്ലേണ്ടതുണ്ട്.
അപനിര്‍മാണത്തിന്റെ ഭൂതം യഥാര്‍ത്ഥ ചരിത്രത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ച് ബൗദ്ധികവും സാംസ്‌കാരികവുമായ ചരിത്രത്തെയാണവ കടന്നാക്രമിക്കുന്നത്.
കലയും സംസ്‌കാരവും, കാലാകാലങ്ങളില്‍ മാനവികതയുടെ ആശയങ്ങള്‍ സത്യസന്ധമായി പ്രചരിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍, (അവര്‍ ചരിത്രത്തില്‍ ഇല്ലായിരുന്നവര്‍ കൂടിയാണ്) പൊളിച്ചെഴുതുന്നു. ചരിത്രത്തിന്റെ ഈ അപനിര്‍മ്മിതികളുടെ രാഷ്ട്രീയത്തെ ആകുലതയോടെ കാണുന്നുണ്ട് അപരനായ കവി.
ഓര്‍മ്മപ്പീലികള്‍ക്കെപ്പോഴും
പെയ്‌തൊഴിഞ്ഞ
പുതുമഴയുടെ മണമാണ്.
ടീച്ചര്‍ കാണാതെ പൊട്ടിച്ചെടുത്ത്
കീശയിലിട്ട് നനഞ്ഞുപൊടിഞ്ഞ ചോക്കുപൊട്ടുപോലെ
അകത്തിന്നും ഉണങ്ങാതെ കിടപ്പുണ്ട്,
എന്റെ ഒന്നാം ക്ലാസ്...
ജന്മനാട്ടിലേക്ക് തിരികെപോയി ഒന്നാം ക്ലാസ്സിലെ ഈറനടിക്കുന്ന മരബെഞ്ചിലിരുത്തും. ഗൃഹാതുരത്വത്തിന്റെ തിരമാലകളില്‍ ഓര്‍മകള്‍ നമ്മെ കീഴടക്കും. പരിചിതമായ ഇടവഴികളിലൂടെയും പാട്ടുകളിലൂടെയും സ്ഥലങ്ങളിലൂടെയും ആളുകളിലൂടെയും നമുക്ക് മറ്റൊരു സമയത്തിലേക്കും സ്ഥലത്തേക്കും എത്തിചേരാനാവും. നമ്മുടെ ഏറ്റവും അമൂല്യമായ ചില ഓര്‍മകളിലേക്ക് ഒരു സന്ദേശമെങ്കിലും അയയ്ക്കാന്‍ നാം കൊതിക്കും മുസാഫിര്‍ വെള്ളിലയുടെ 'ഒന്നാം ക്ലാസ്' എന്ന കവിത വായിച്ചുതീരുമ്പോള്‍.
ഒരു മുഴം ഭൂമിക്കും
ഒരു തുള്ളി ശ്വാസത്തിനും
ഒരു കുമ്പിള്‍ ജീവനുമെല്ലാം
ഒരു കുറ്റി മണ്‍പ്പുട്ടിനോളം വിലയില്ലെന്ന് പറഞ്ഞുകൊടുക്കാനൊരാളില്ലാതെ ചോരമണക്കുന്ന
ഗസ്സയുടെ വഴിയോരത്തിരുന്ന്
മണ്ണപ്പം ചുടുന്നുണ്ട്
വെള്ളാരങ്കണ്ണുള്ളൊരു കുട്ടി!
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രത്യാശയുടെ വെളിച്ചം നഷ്ടപ്പെട്ടവര്‍ക്ക് ജീവിക്കുക, മരിക്കാതിരിക്കുക എന്നത് മാത്രമാണ് സ്വപ്നം. ഡ്രോണുകള്‍ക്ക് ലക്ഷ്യം തെറ്റട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്ന വെള്ളാരങ്കണ്ണുള്ളൊരു കുട്ടിയെ സങ്കല്‍പ്പിച്ചു നോക്കൂ. ഗസ്സാ തെരുവിലെ കുട്ടി എന്ന കവിതയില്‍ അങ്ങനെയൊരു കുട്ടിയെ കണ്ടുകിട്ടും.
നാടുമുഴുവന്‍
മൗനപ്പന്തലിട്ട് ഉമ്മറത്തിരുപ്പുണ്ടാകും
എന്നിട്ടും ഒന്നുമറിയാത്ത മട്ടില്‍ മൂടിപ്പുതച്ചുറങ്ങുകയായിരിക്കും മരണവീട്ടിലെ അടുപ്പ്.
'മരണവീട്ടിലെ അടുക്കള' എന്ന കവിത ഇരമ്പിയാര്‍ത്ത് പെയ്യുന്ന കര്‍ക്കിടകപ്പെരുമഴയായി ഈ കവിതയിലുണ്ട്. മരണവീട്ടില്‍ അത്രയൊന്നും ശ്രദ്ധിക്കാത്ത ഒരുപാട് ബിംബങ്ങളെ കവിതയിലേക്ക് ലയിപ്പിച്ചെടുത്ത അസാധാരണമായ കൈത്തഴക്കം ഈ കവിതയെ ഹൃദ്യമാക്കുന്നുണ്ട്.
ഗോദ്രയിലെത്താന്‍ നേരം
ഞങ്ങളുടെ തീവണ്ടിയുടെ പേര്
സബര്‍മതി എക്‌സ്പ്രസെന്നാണറിയുന്നു
പുകച്ചുരുളുകള്‍ക്കിടയിലൂടെ
മുണ്ടിനടിയില്‍ കാവിനിക്കറിട്ടൊരാള്‍ തിരക്കിട്ട് ഇറങ്ങിപ്പോകുന്നു
തെരുവുകള്‍ കത്തിച്ചാമ്പലാകുന്നു തൃശൂലങ്ങള്‍ ചോര പ്രസവിക്കുന്നു കത്തിയെരിഞ്ഞ ഉടപ്പിറപ്പുകള്‍ക്കിടയില്‍
ഒരു ബില്‍ഖീസ് ബാനു മാത്രം
ജീവന്‍കെടാതെ ആളിക്കത്തുന്നു
പര്‍വതത്തിന്റെ കനമുള്ള കല്ല് നെഞ്ചില്‍ നിന്നെടുത്ത് മാറ്റിയത് പോലുള്ള ആശ്വാസം തോന്നുന്നുവെന്ന് കോടതി വിധികേട്ട് കഴിഞ്ഞദിവസം പ്രതികരിച്ച ബില്‍ഖീസ് ബാനുമാരെപ്പോലുള്ളവരുടെ ഭാഷദേശങ്ങള്‍ കയറിയിറങ്ങുന്ന, കറുത്ത ചോരപ്പുക തുപ്പി ഇന്ത്യയുടെ ഹൃദയവേരുകളിലൂടെ കൂകിക്കുതിച്ച് പായുന്ന 'ഗാഡീ നമ്പര്‍ ഏക്, ദോ, പാഞ്ച് എന്ന കവിത, ഇന്ത്യയുടെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും ഒരേസമയം സഞ്ചരിക്കുന്ന മികച്ച രാഷ്ട്രീയ/പ്രതിരോധ കവിതയാണ്. കല്‍ബുര്‍ഗിയും ധബോല്‍ക്കറും പന്‍സാരയും അഖ്‌ലാഖും ജുനൈദും സബര്‍മിയും മണിപ്പൂരും ബാബറിയും ഗാന്ധിജിയും ഗോഡ്‌സെയും ഈ തീവണ്ടിയിലുണ്ട്. പിന്നെയും സ്വാതന്ത്ര്യം നേടാന്‍ കാത്തിരിക്കുന്ന ഒരു ചായക്കടക്കാരന്റെ ഇന്ത്യയെക്കുറിച്ചുള്ള ആശങ്കയും കവിതയിലുണ്ട്.
നാടാകെ ഓണ്‍ലൈന്‍
ജീവികള്‍ തഴച്ചുവളര്‍ന്നു.
ഓഫ്ലൈന്‍ ജീവിതങ്ങള്‍
റേഞ്ച് കിട്ടാതെ ഓഫ് മോഡിലേക്ക്
നടന്നു തുടങ്ങി.
അടുക്കളകള്‍ക്കിടയില്‍
അകല്‍ച്ചകള്‍ അതിരിട്ടു.
ഓണത്തിന് ഒരുമിച്ചു വിളമ്പുന്ന
ഇലകളുണങ്ങി പെരുന്നാളിന്
പങ്കുവെച്ച് മധുരങ്ങള്‍ പറ്റി.
സുമേഷിന്റെ പ്രൊഫൈല്‍ ചിത്രം
ഓംങ്കാരവും സുബൈറിന്റേത് അമ്പിളിക്കലയുമായി.
നഫീസുവിന്റെ അടുക്കള തട്ടം കുത്തിയിട്ടുണ്ടെന്ന് ആരോ പറഞ്ഞു. നാരായണിയുടെ അടുക്കള
അതുകേട്ട് പൊട്ടുചാര്‍ത്തി.
അയ്യപ്പേട്ടന്റെയും അബ്ദുമൊല്ലാക്കാന്റെയും വീട്ടുപേര് ഹിന്ദുവീടും മുസ്ലിംവീടുമെന്നായി.
അങ്ങനെയൊക്കെയാണ് നമുക്കിടയിലൊരു മതില്‍ മുളച്ചുപൊന്തുന്നത്.
വര്‍ത്തമാനകാല, സാമൂഹിക / പൊതുജീവിതം മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്നതിനെ കുറിച്ചാണ് ഈ കവിതയില്‍ കവി ആശങ്കപ്പെടുന്നത്.
ആരാധനാലയങ്ങളില്‍
ആതുരാലയങ്ങളില്‍
അക്ഷര ക്ഷേത്രങ്ങളില്‍ അഭയാര്‍ത്ഥിപ്പുരകളില്‍
നാലോട്ടിനുവേണ്ടി
ഗാന്ധിയെ മാക്‌സിനെ ഗുരുവിനെ
അറുത്തു തൂക്കി വിറ്റത്.
എന്നിട്ടുമെന്താണാവോ
ഈ ഖദറിങ്ങനെ
വെളുവെളുത്തിരിക്കുന്നത് !
'ഖദറുടുപ്പ്' എന്ന കവിത രാഷ്ട്രീയ മനുഷ്യരിലെ അഴുക്കിനെ വിമര്‍ശിക്കുന്ന ശക്തമായ രാഷ്ട്രീയ കവിതയാണ്. ഖദറിങ്ങനെ വെളുത്തിരിക്കുന്നതിന് പിന്നിലെ നിരവധി കറകളെ ചോദ്യം ചെയ്യുന്നുണ്ട് ഈ കവിത.
സ്വാതന്ത്ര്യം
കേട്ടതില്‍ വച്ച്
ഏറ്റവും വലിയ
നുണ
നീതിപീഠം
നിങ്ങളിട്ട ഉടുപ്പിലുണ്ടല്ലോ
നീതിയുടെ നിറം
ഇരുട്ടാണെന്ന്
ദൈവം
ഉപാധികളൊന്നുമില്ലാതെ
കുറ്റമേതും ചാര്‍ത്താനൊരു
പിടികിട്ടാപ്പുള്ളി.
മുസാഫിര്‍ വെള്ളിലയുടെ ശക്തമായ മൂന്ന് കുറുങ്കവിതകളാണ്, സ്വാതന്ത്ര്യം, നീതിപീഠം, ദൈവം എന്നിവ ചെറിയ ഒന്നോ രണ്ടോ വാചകത്തില്‍ വിമര്‍ശനത്തിന്റെ ക്രൂരമ്പ് കണ്ടെടുക്കാം.
എല്ലാ ഒക്ടോബര്‍ രണ്ടിനും
പുലരിക്ക് ജനിച്ച്
മോന്തിക്ക് മരിക്കുന്ന
ഒരു സത്യമാണ് ഗാന്ധിജി.
'ഒക്ടോബര്‍ രണ്ട്' എന്ന കവിതയില്‍ കവി ഗാന്ധിജിയെ, ഒക്ടോബര്‍ രണ്ടിനെ ഇതിലും ലളിതമായെങ്ങനെ ആവിഷ്‌കരിക്കുമെന്നെഴുതിവയ്ക്കുന്നു.
ഈ പുസ്തകത്തിന്റെ അവതാരികയില്‍ ഡോക്ടര്‍ ഉമര്‍ തറമേല്‍ എഴുതുന്നു. ഓര്‍മകളെ വൈകാരികമായ വാക്കുകളാക്കുന്നതാണ് കവിത. അത്തരം വാക്കുകളുടെ ചുട്ട ഇഷ്ടികകൊണ്ടാണ് കവിത പണിയുന്നത്. ചരിത്രമാത്രമായ മനുഷ്യജീവിതത്തെ അതിലംഘിക്കുകയും കാലബോധത്തെ വിസ്മൃതമാക്കുകയും ചെയ്യുന്നു അത്. ഈ അര്‍ത്ഥത്തില്‍ കവിത പ്രതിരോധത്തിന്റെ കല കൂടിയാണ്. മലയാള കവിതയുടെ ചരിത്രം തന്നെ പല കാലങ്ങളുടെ ഓര്‍മക്കലവറയാണ്. മാറിവരുന്ന സാങ്കേതികമായ മാറ്റം കവിതയുടെ എഞ്ചിനീയറിങ്ങിനെ കാര്യമായി സ്വാധീനിക്കും. പുതുകവിതയുടെ സ്വഭാവംതന്നെ ഓര്‍മ എന്ന വികാരത്തെ നവസാങ്കേതിക ബോധത്തോടെ നവീകരിക്കുന്നതാണ്. മുസാഫിര്‍ വെള്ളിലയുടെ കവിതകളുടെ പണിയിലും ഈ സവിശേഷത കടന്നുവരുന്നുണ്ട്.
കവി പവിത്രന്‍ തീക്കുനി എഴുതുന്നു. അടുത്തകാലത്ത് വായിച്ചവയില്‍, മനോഹരമായ ചില ഭാഷാപ്രയോഗങ്ങള്‍ക്കൊണ്ട് ഹൃദയത്തില്‍ തട്ടിയ കവിതകളാണ് മുസാഫിര്‍ വെള്ളിലയുടെ ഈ കവിതാ സമാഹാരത്തിലുള്ളത്.
ഈ കവി എത്ര വെന്തുനീറിയിരിക്കും ഓരോ കവിതയ്ക്ക് പിറകിലും! വളരെ പെട്ടെന്ന് വായിച്ചു തീര്‍ത്ത് കവിതകള്‍ തന്ന വൈകാരികതയില്‍ അസ്വസ്ഥനായി എഴുതുന്ന കുറിപ്പാണിത്. ആഘോഷിക്കപ്പെടുന്ന കവിയല്ല മുസാഫിര്‍. ആഘോഷങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന, പ്രതിഭയുള്ള മുസാഫിറിനെപ്പോലെ എത്ര കവികള്‍ ഉണ്ടാകും!
ഭൂതകാല ഓര്‍മകളുടെ പള്ളിക്കൂടമണികളും, ആശങ്കകളുടെ വര്‍ത്തമാനത്തിലെ തീവണ്ടി സൈറനുകളും. രണ്ടിനുമിടയില്‍ മനുഷ്യരെ കാണാന്‍ പറ്റാത്തവിധം മുളച്ചുപൊന്തുന്ന വെറുപ്പിന്റെ മതിലുകള്‍. എഴുത്തിനും വായനയ്ക്കും കവിതയ്ക്കും സ്‌നേഹത്തിനും എല്ലാ കോട്ടകളും തകര്‍ത്തെറിയാന്‍ കഴിയട്ടെ. മുസാഫിറിന്റെ കവിതകളില്‍ ഇനിയും മാനവികതയുടെ മതിലുകള്‍/കവിതകള്‍ ഉയരട്ടെ.
ബുക്ക് പ്ലസ് പ്രസാധകരായ ഈ പുസ്തകത്തിന്റെ വ്യത്യസ്തമായ കവര്‍ ചെയ്തിരിക്കുന്നത് കവി കൂടിയായ ശിഹാബ് കുമ്പിടിയാണ്.