TMJ
searchnav-menu
post-thumbnail

Penpoint

'എരി' ജനപക്ഷ ചരിത്രം നിർമ്മിക്കുമ്പോൾ

01 Jul 2023   |   4 min Read
രഞ്‌ജിത്ത്‌ വി

ധുനിക സാമൂഹ്യാവബോധത്തിലേക്ക് കേരളീയരെ  നയിച്ച വിവിധ നവോത്ഥാന ശ്രമങ്ങളിലൊന്നിന്റെ ആവിഷ്കാരമാണ് പ്രദീപൻ പാമ്പിരിക്കുന്നിന്റെ 'എരി' എന്ന നോവൽ. പഴയ മലബാറിലെ കുറുമ്പ്രനാട് താലൂക്കിൽ ഉൾപ്പെടുന്ന പറയനാർപുരാമെന്ന ദേശമാണ് നോവലിലെ മുഖ്യ സ്ഥലഭൂപടം. പറയാനാർപുരത്തിന് പുറമേ പന്നിയൂർ, പയ്യോളി, അഞ്ചാംപീടിക, പാമ്പിരിക്കുന്ന്, കൽപ്പത്തൂർ, പൈങ്കുളം, അരിക്കുളം തുടങ്ങിയ പ്രദേശങ്ങളും നോവലിന്റെ സ്ഥലഭൂപടത്തിൽ സ്ഥാനം പിടിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇരുപതാം ശതകത്തിലെ ആദ്യപാദത്തിലും കുറുമ്പ്രനാട്ടിൽ നടന്ന ജാതിധ്വംസനത്തിലൂന്നിയ നവോത്ഥാന ശ്രമങ്ങളുടെ മൂർത്താനുഭവങ്ങൾ  ഉൾക്കൊള്ളുന്ന രാഷ്ട്രീയ മണ്ഡലമാണ് നോവലിന്റെ പശ്ചാത്തലം. മലബാറിലെ പറയുടെ ആത്മബോധത്തെ ഉണർത്തിയ എരി എന്ന നായക ബിംബത്തിലൂടെ അടിമജാതികളുടെ ആത്മവീര്യമുണർത്താൻ  നവോത്ഥാന ആധുനികത സൃഷ്ടിച്ച സാമൂഹികവിപ്ലവങ്ങളുടെ കഥ/ചരിത്രം നോവലിസ്റ്റ് പങ്കുവെക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ഒരു സാഹിത്യഗവേഷണ വിദ്യാർഥി പറയവംശത്തിന്റെ/എരിയുടെ വ്യക്തിസ്വത്വത്തിന്റെ വേരുകൾ തേടി നടത്തുന്ന യാത്രയെന്ന നിലയിലാണ് 'എരി'യുടെ കഥനകഥ രൂപപ്പെടുന്നത്. "പറയൻ എരി ഒരത്ഭുതം തന്നെയായിരുന്നു. അയാളെക്കുറിച്ച് ആദ്യം കേട്ട ഐതിഹ്യം ഇങ്ങനെ",  എന്നു പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. കണ്ണൂരിലെ മില്ലിൽ തുണികൊടുത്ത് രാത്രി 12 മണിയോടെ തിരിച്ചുവരികയായിരുന്ന ചാലിയൻ രാമനും എരിയും തമ്മിലുള്ള  കൂടിക്കാഴ്ചയാണ് നാട്ടുവായ്മൊഴിയിലൂടെ പ്രചരിക്കുന്ന പ്രസ്തുത ഐതിഹ്യം. ചൂട്ടില്ലാതെ  ഇരുട്ടിൽ തപ്പിത്തടഞ്ഞ ചാലിയൻ രാമന്,  തന്റെ സഞ്ചിയിലെ ഡപ്പിയിൽ നിന്ന് എന്തോ മരുന്നെടുത്ത് രാമന്റെ കണ്ണിൽ പുരട്ടി വെളിച്ചം കാട്ടുന്നുണ്ട് എരി. അതിനാൽ തന്നെയാവണം എരി  അത്ഭുതം തന്നെയാണെന്ന് നോവലിസ്റ്റ് ആദ്യമെ പറഞ്ഞുവെച്ചത്. കീഴാളഗവേഷകൻ എന്ന നിലയിൽ എരിയയുടെ ഐതിഹ്യം തേടിപ്പോകുന്ന ഗവേഷണവിദ്യാർഥി നേരിടുന്ന അസംസ്കൃത വസ്തുക്കളുടെ അഭാവം തുടർന്ന് നോവലിസ്സ്റ്റ് എടുത്തുകാട്ടുന്നുണ്ട്. തുടർന്ന് വരുന്ന അധ്യായത്തിൽ നോവലിസ്റ്റ് എരിയിലേക്ക് തന്നെ മടങ്ങുന്നു. പിന്നീട് ഉപകഥകളിലൂടെ എരിയുടെ സ്വത്വത്തെ അല്പാല്പമായി അനാവരണം ചെയ്യാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. പെരുവനം പാപ്പർ എന്ന പോക്കിരിയുമായുള്ള ബന്ധമാണ് അവയിലെ ആദ്യത്തെ ഉപകഥ. പാപ്പറും എരിയും തമ്മിലുള്ള ബന്ധവും എരിയ കാണാനെത്തുന്ന മന്ത്രവാദിയായ കണാരപ്പണിക്കരെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നു. കുന്നുമ്മൽ ജാനുവും ചാപ്പൻ കോമരവുമായുള്ള അനശ്വരമായ പ്രണയം, പ്രാന്തത്തിക്കുട്ടൂലിയുടെ ഉന്മാദസഞ്ചാരങ്ങൾ, മാതയുടെ അവിഹിതമായ ലൈംഗിക കാമനകൾ, മാതയും മമ്മദും തമ്മിലുള്ള ബന്ധം തുടങ്ങിയ നിരവധി ഉപാഖ്യാനങ്ങളിലൂടെ എരിയുടെ സ്വത്വത്തെ നോവലിസ്റ്റ് വികസിപ്പിക്കുന്നു.


PHOTO: WIKI COMMONS

തുടർന്നുവരുന്ന അദ്ധ്യായങ്ങളിൽ ആഖ്യാനത്തിന്റെ കാലുകളിൽ ഒന്ന് ഭൂതത്തിലും മറ്റൊന്ന് വർത്തമാനത്തിലുമാണ് നിലകൊള്ളുന്നത്. എരിയും ഭാഷഗവേഷണ വിദ്യാർഥിയും മാറിമാറി കഥയുടെ കർതൃത്വസ്ഥാനത്തേക്ക് കടന്നുവരുന്നു. പണ്ഡിറ്റ് രാമപ്പണിക്കർ തന്റെ ഗ്രന്ഥശാലയിൽ സൂക്ഷിച്ച തെയ്യോൻ പാടിയ പറയോല എന്ന ഗ്രന്ഥം കണ്ടെത്തുന്നതോടെയാണ് ഇരുട്ടിൽ മറഞ്ഞു കിടന്ന എരിയുടെ ജീവിതം തെളിഞ്ഞുവരുന്നത്. തെയ്യോൻ പറയന്റെ ദാമ്പത്യജീവിതത്തിന്റെ കഥയാണ് പറയോല എന്നിരിക്കലും എരിയെ സംബന്ധിച്ച നിരവധിയായ  സൂചനകളിലേക്ക്  പറയോല വെളിച്ചം വീശുന്നുണ്ട്. തെയ്യോൻ പറയന്റെ ഭാര്യ പഞ്ചമിയുടെ കൊലപാതകവും അതിനെ സമ്മതിച്ച് അമ്പട്ടൻ രാമോട്ടിയും ഒസ്സാന്ത്രുവും നടത്തുന്ന ചർച്ചയിലേക്ക് നോവൽ വഴിമാറുന്നു. കാളിപറയാനെന്ന വ്യക്തിയും ഗവേഷകനും തമ്മിലുള്ള കൂടിക്കാഴ്ച, ലണ്ടനിലെ സുഹൃത്ത് കൊടുത്തുവിട്ട രേഖകളുടെ പരിശോധന, ഭ്രാന്തൻ രാമന്റെയും ഗംഗാധരന്റെയും കഥ, രാവുണ്ണി മേനോന്റെ കുറുമ്പ്രനാട് രേഖകൾ പരിശോധിക്കുന്ന ഗവേഷകൻ, തുടങ്ങിയ ഉപകഥകൾ എരിയുടെ സ്വത്വത്തെ കുറേകൂടി അനാവരണം ചെയ്യാൻ ഉതകുന്നു.

നായരുടെയും തീയരുടെയും വീട്ടിലെ ചത്ത പശുവിനെ തങ്ങൾ തിന്നിലെന്ന്  പ്രഖ്യാപിക്കുന്ന എരി സ്വസമുദായത്തെ കൃഷിയിലേക്കും ഇതരതൊഴിലുകളിലേക്കും ഇറങ്ങിചെയ്യുന്നതിനായി പ്രേരിപ്പിക്കുന്നുണ്ട്. ഇങ്ങനെ സാമൂഹികമായ കോയ്മകളെ ചോദ്യം ചെയ്തതിന്റെ  പേരിൽ എരിയ മർദ്ദിചോതുക്കാൻ പദ്ധതി തയ്യാറാക്കുന്ന തീയ്യപ്രമാണിമാർ എരിയുടെ ശക്തിക്ക് മുന്നിൽ പതറിപ്പോകുന്ന നോവലിസ്റ്റ് ചിത്രീകരിക്കുന്നു. തേവർ വെള്ളോൻ എന്ന പുലയസമുദായ പരിഷ്കർത്താവിനെ തേടി പോകുന്നുണ്ട് എരി. പ്രസ്തുത സമാഗമം നോവലിസ്റ്റ് വിശദമായി അവതരിപ്പിക്കുന്നില്ല. തുടർന്ന് ആലം ചിറക്കൽ കിട്ടപ്പ നമ്പ്യാരുടെ കൊട്ടിയൂർ യാത്ര, കിട്ടപ്പനമ്പ്യാരും എരിയും തമ്മിലുള്ള കൂടിക്കാഴ്ച, എരിയുടെ വിവാഹം, എരിയുടെ അമ്മയുടെ പ്രസവം, ഗവേഷകനും ഡോക്ടർ കമ്മിറ്റിയും തമ്മിലുള്ള സംഭാഷണം തുടങ്ങിയ ഉപകഥകളിലൂടെ നോവൽ വികസിക്കുന്നു. എരിയുടെ ചരിത്രം തേടിയെത്തുന്ന വൈകുണ്ഠസ്വാമിയുടെ ശിഷ്യനായ അയ്യാവു സ്വാമിയും ഗവേഷകനും തമ്മിലുള്ള കൂടിക്കാഴ്ച എരിയുടെ സ്വത്വത്തിന് കൂടുതൽ മാനങ്ങൾ നൽകുന്നു.


പ്രദീപൻ പാമ്പിരികുന്ന് | PHOTO: FACEBOOK

 "ആ സ്വപ്നങ്ങളിൽ നിന്ന് ഉണരാൻ ഞാൻ ആഗ്രഹിച്ചില്ല. എരിയുടെ രേഖകളില്ലാത്ത വർഷങ്ങളെക്കുറിച്ച് ആലോചിച്ചു കിടന്ന എന്റെ സ്വപ്നം യാഥാർത്ഥ്യം തന്നെയാണെന്ന് ഞാൻ തീരുമാനിച്ചു". എന്ന് ഗവേഷകന്റെ വ്യക്തമാക്കലുകൾക്ക് ശേഷം "ഞാൻ എഴുതാൻ തുടങ്ങി" എന്ന അസാധാരണമായ വാക്യത്തിൽ നോവൽ അവസാനിക്കുന്നു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ കീഴാള മുന്നേറ്റങ്ങളുടെ ചരിത്രത്തെ അതിന്റെ അദൃശ്യതയെ, ദൃശ്യപ്പെടുത്താനുള്ള ഉദ്യമമാണ് എരി. ചരിത്രം നീതിയോടല്ല അധികാരത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്ന നോവലിസ്റ്റ് പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണുനീർത്തുള്ളികളിൽ നിന്നാണ് ചരിത്രമുണ്ടാകുന്നത് എന്ന യാഥാർത്ഥ്യത്തെ നോവലിൽ അവതരിപ്പിക്കുന്നു.

ഏകമുഖവും യാന്ത്രികവുമായ കേരള നവോത്ഥാന ചരിത്രത്തോടുള്ള പ്രതിരോധവും സാമ്പ്രദായിക ചരിത്രത്തിൽ നവോത്ഥാനത്തിന്റെ ചാലകശക്തിയായി കടന്നുവരുന്ന കൊളോണിയൽ ആധുനികതയുടെയും ദേശീയബോധത്തിന്റെയും നിരാകരണമായി നോവൽ മാറുന്നു. കീഴാള പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഉൽപന്നമാണ് കേരള നവോത്ഥാനം എന്ന നവീന ചിന്തയാണ് നോവൽ പങ്കുവെക്കുന്നത്. നവോത്ഥാന ചരിത്രത്തിന്റെ  പ്രാരംഭകനായി ചരിത്രം അടയാളപ്പെടുത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിത കാലത്തിനു മുമ്പ് കാലം കൽപ്പിക്കുന്ന നോവലിസ്റ്റ് സാമ്പ്രദായിക ചരിത്രത്തെ അട്ടിമറിക്കുന്നു. കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഇളക്കമില്ലാത്ത ജ്ഞാനാവബോധത്തെ നോവൽ പൊളിച്ചെഴുതുന്നു.

മേലാളജ്ഞാനമണ്ഡലത്തിന് സമാന്തരമായി കീഴാള വൈജ്ഞാനിക പാരമ്പര്യത്തെ അടയാളപ്പെടുത്താനുള്ള ശ്രമം നോവലിൽ കാണാം. നാട്ടുവൈദ്യം, മന്ത്രവാദം, സംസ്കൃത വിദ്യാഭ്യാസം, പ്രസവചികിത്സ തുടങ്ങിയ മേഖലകളിൽ കീഴാള ജനത ആർജ്ജിച്ച ജ്ഞാനബോധത്തിന്റെ ചരിത്രം നോവലിൽ ഉൾക്കൊള്ളുന്നു. മേൽത്തട്ടിന്റെ ചരിത്രം മാത്രം ചർച്ച ചെയ്യുന്ന ആധുനിക കൊളോണിയൽ ചരിത്രയുക്തിയെ നോവൽ നിരാകരിക്കുന്നു. കീഴാള ജനതയുടെ ജീവിതവും ചരിത്രത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ്, അധികാരത്തെ പിൻപറ്റുന്ന ചരിത്ര നിർമിതിയിൽ നിന്ന സാമൂഹിക-സാംസ്കാരിക ജീവിതത്തിലേക്ക് ചരിത്രത്തെ ആനയിക്കുന്നു. ഇരുപത്തിയൊൻമ്പത് അദ്ധ്യായങ്ങൾ ഉൾപ്പെടുന്ന നോവലിൽ എരി, ഗവേഷകൻ, പെരുവനം പാപ്പർ എന്നി കഥാപാത്രങ്ങളോഴികെ മറ്റൊരു കഥാപാത്രവും ഒന്നിലധികം അധ്യായങ്ങളിൽ കടന്നുവരുന്നില്ലെന്നത് ചരിത്രത്തിൽ എല്ലാ ജനങ്ങൾക്കുമുള്ള പ്രതിനിധാനത്തെയാണ് കുറിക്കുന്നത്.


ശ്രീനാരായണഗുരു | PHOTO: WIKI COMMONS

മഹാ ചരിത്രത്തെ തിരസ്കരിച്ച് ജനകീയ വർത്തമാനത്തെ ചരിത്രമാകുവാനും മാസ് ഐഡന്റിറ്റിയുടെ കാലത്ത് വ്യത്യസ്തമായ ഐഡികളെ സ്ഥാപിക്കുവാനും നോവൽ ശ്രമിക്കുന്നു. ജ്ഞാനാധികാരിയും കർമ്മാധികാരിയുമാകാൻ വേണ്ടി കീഴാളർ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പുകൾക്ക് ശക്തിപകരുന്ന രാസത്വരകം എന്ന നിലയിലാണ് എരിയുടെ കഥാപാത്രസൃഷ്ടി നോവലിസ്റ്റ് നടത്തുന്നത്. സ്വത്വത്തെ നിർണയിക്കുന്ന സാംസ്കാരിക മൂലധനമായി ചരിത്രം മാറുന്നുവെന്ന തിരിച്ചറിവിന്റെ ഫലമായിട്ടാണ് തങ്ങൾ ദൈവത്തിന്റെ മക്കളാണ് എന്ന ആത്മബോധം സ്വസമൂഹത്തിലേക്ക് എരി സംവേദനം ചെയ്യുന്നത്.

ചരിത്രം, ഭാവന, വസ്തുത, സങ്കല്പം തുടങ്ങിയവ തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നവൽക്കരണത്തിലൂടെ കീഴാള ചരിത്ര നിർമിതിയിൽ മൂർത്തമായ ഉപാദാനങ്ങളുടെ അഭാവത്തിൽ അമൂർത്തമായ ഉപാദാനങ്ങൾ ഉപയോഗിക്കാം എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നു. സാമ്പ്രദായിക ചരിത്രനിർമ്മാണത്തിൽ ഉപയോഗിക്കുന്ന ലിഖിത ഉപാദാനങ്ങൾക്ക് പകരം ഓർമ്മ, കേട്ടുകേൾവി, ഐതിഹ്യം, നാടോടി കഥകൾ തുടങ്ങിയ ഉപാദാനങ്ങളാണ് എരിയുടെ ചരിത്രം നിർമ്മിക്കാൻ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. ചരിത്രത്തിന്റെ രേഖീയമായ സങ്കല്പങ്ങളെ നോവൽ തിരസ്കരിക്കുന്നു. ഭൂത-വർത്തമാനകാല സംഭവങ്ങളെ കാൽ അക്രമത്തിന് വിരുദ്ധമായി സമ്മേളിപ്പിച്ചുകൊണ്ടാണ് നോവലിലെ ചരിത്രനിർമ്മിതി മുന്നേറുന്നത്. നോവലിലെ സ്ഥലഭൂപടം ഭൂരിഭാഗം യഥാതഥമാണ്. മലബാറിലെ കുറുമ്പ്രനാട് താലൂക്കിലെ വ്യത്യസ്തമായ പ്രദേശങ്ങളാണ് നോവലിന്റെ ആഖ്യാന ഭൂപടത്തിലേക്ക് കടന്നുവരുന്നത്.  നോവലിലെ കഥാപാത്രങ്ങൾ പൂർണമായും യഥാതഥമാണെന്ന തീർത്തു പറയാൻ സാധിക്കില്ല. എരി, വെള്ളോൻ എന്നീ കഥാപാത്രങ്ങൾ യഥാതഥമാണെന്ന് കുറുമ്പ്രനാട്ടിലെ വിവിധങ്ങളായ തെളിവുകളും ജനങ്ങളുടെ ഭൂതകാല ഓർമ്മകളും സാക്ഷ്യപ്പെടുത്തുന്നു. മറ്റു കഥാപാത്രങ്ങൾ കഥാസന്ദർഭത്തിനനുഗുണമായി നോവലിസ്റ്റ് സൃഷ്ടിച്ചതാകാം.

ആധുനികാനന്തര മലയാളനോവൽ ജനപക്ഷ ചരിത്ര നിർമിതിയിൽ ഇടപെടുകയും സമാന്തര ജ്ഞാനവ്യവഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനുദാഹരണമാണ് എരി. സമാന്തരചരിത്രരേഖകൾ ജനതയുടെ ഓർമ്മകളിൽ സംഭരിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെ കണ്ടെത്തുന്നതിലൂടെ മാത്രമേ അധസ്ഥിത ജനതയുടെ ചരിത്രം രേഖപ്പെടുത്താൻ സാധിക്കൂ എന്ന ബോധ്യം എഴുത്തുകാരനെ നയിച്ചിരുന്നതായി കാണാം. കൊളോണിയൽ ചരിത്രസ്ഥാപനത്തെ ഓർമ്മയുടെ രാഷ്ട്രീയം കൊണ്ട് തകർക്കുന്ന നോവലായി മാറുന്നു എരി. ആഖ്യാന-ഭാവുകത്വ തലത്തിൽമലയാള നോവൽ കൈവരിച്ച ഉയരങ്ങൾക്കും ഭാവുകത്വപരിണാമങ്ങൾക്കും ഉത്തമമായ ദൃഷ്ടാന്തമായി മാറുന്നു ഈ നോവൽ.


#Penpoint
Leave a comment