.jpg)
ഉളളുരക്കുമ്പോള്‍; ആറ്റൂരിന്റെ കാവ്യലോകം
സരമാഗോയുടെ 'ദി നോട്ട് ബുക്ക് 'എന്ന പുസ്തകത്തില്‍ ഫെര്‍ണാണ്ടോ പെസോവയെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്. 'അയാള്‍ ഭാഷകള്‍ വശമുള്ള ഒരാളായിരുന്നു. കവിതകള്‍ എഴുതാന്‍ അറിയുന്ന ഒരാളായിരുന്നു. വാക്കുകള്‍ക്ക് പകരം വാക്കുകള്‍ തന്നെ പ്രതിഷ്ഠിച്ച് അന്നം കണ്ടെത്തിയ ഒരാളായിരുന്നു. കവിത എഴുതുന്ന അതേപോലെ അയാള്‍ കവിതകളെഴുതിക്കൊണ്ടേയിരുന്നു '.
'ഒരേ നാവുകൊണ്ട് ഞാന്‍ പല ഭാഷകള്‍ മൊഴിയുന്നു' എന്നാണ് ആറ്റൂര്‍ എഴുതിയത്. ആറ്റൂരിന്റെ കവിതകളിലേക്ക് കടക്കല്‍ എളുപ്പമല്ല. ഇനി അഥവാ ഒരു വാതില്‍ തുറന്ന് കിട്ടിയാല്‍ തന്നെ, മറ്റൊരു വാതില്‍ അടഞ്ഞ് തന്നെ കിടക്കും. നമ്മുടെ ഉടലിന്റെ പാതി അകത്തും പുറത്തുമായി അകപ്പെട്ട് പോകും. ഭാഷയില്‍ തെളിയുന്ന മറുലോകങ്ങളും, തീരെ ചെറുതല്ലാത്ത നടുക്കങ്ങളും പിന്തുടരലുകളുമായി ആറ്റൂരിന്റെ കാവ്യലോകം നമ്മെ വിടാതെ പിന്തുടരും. താന്‍ മറ്റൊരാളാണെന്ന 'ആധി' നമ്മളിലേക്ക് അറിയാതെ പകരും. വേഗത്തില്‍ നടക്കാനാവാത്തതും പതുക്കെ നടക്കാനാവാത്തതും ആരോ നിരന്തരം പിന്തുടരുന്നത് കൊണ്ടാണെന്ന ആശങ്ക കവിതയിലേക്ക് കുടഞ്ഞ കവിയാണ് ആറ്റൂര്‍.
'അവന്റെ കാല്‍വെയ്പ്പല്ലോ
മിടിപ്പില്‍ കേള്‍ക്കുന്നു, ഞാന്‍
അവന്റെ മാര്‍ഗ്ഗം
ഗതി വേഗവുമെന്റേതല്ലോ !'
മനുഷ്യജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് എഴുത്തച്ഛനും ആശാനുമൊക്കെ ആശങ്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായാണ് ആധുനിക കവികള്‍ ആകുലപ്പെട്ടത്. സമൂഹത്തിലും ചരിത്രത്തിലും മനുഷ്യരിലും നിര്‍ബന്ധമായി മാറ്റേണ്ട ചിലതുണ്ട് എന്നും അവയെ ഉദ്‌ബോധിപ്പിക്കാന്‍ കവിത തന്നെ വേണമെന്നും ഇവര്‍ വിശ്വസിച്ചു. പ്രതിരോധത്തിന്റെയും നിരന്തരം മനുഷ്യനെ നിരീക്ഷിച്ചതിന്റെയും അടിയുറപ്പിലാണവര്‍ കവിതയും ജീവിതവും വിപ്ലവാത്മകമാകട്ടെയെന്ന് പ്രഖ്യാപിച്ചത്. ഒരു കാലത്തിന്റെ തകര്‍ച്ചകളും പുതിയ കാലത്തിന്റെ ഉണര്‍ച്ചകളും പകരുന്ന വെളിച്ചവും മങ്ങലും ഒരുപോലെ ഏറ്റെടുക്കാന്‍ അവര്‍ കവിതയിലൂടെ സ്വയം പ്രാപ്തരായി. മനുഷ്യന്റെ ചരിത്രത്തിലെ എല്ലാ വ്യാവഹാരിക വിനിമയങ്ങളും എല്ലാവിധ മാനസിക പീഡകളും കുതിപ്പുകളും ആധുനിക കവിതയുടെ അന്തര്‍ധാരയിലുണ്ട്. ഐഡിയോളജികള്‍ കൊണ്ടോ സൈദ്ധാന്തിക സമീപനങ്ങള്‍ കൊണ്ടോ ക്രമപ്പെടുത്തി എടുക്കാനാവാത്ത ഒരു കുതിപ്പ് കവിതയിലുണ്ട്. അതുകൊണ്ടാണ് നെരൂദ പറഞ്ഞത്
'The truth is in the prolouge.
Death to the romantic fool
The expert in solitary confinement. 'എന്ന്
ആറ്റൂരും അയ്യപ്പപണിക്കരും സച്ചിദാനന്ദനും കെജിഎസും ആധുനികതയെ സ്വാംശീകരിച്ചത് പല മട്ടിലായിരുന്നു. മനുഷ്യജീവിതത്തിലെ എല്ലാ സങ്കീര്‍ണതകളെയും അതിലേറെ തീവ്രതയോടെ ഇവര്‍ കവിതയിലേക്ക് പകര്‍ത്തി. 'ദേശം' എന്ന സമഗ്രതയില്‍ മനുഷ്യര്‍ക്ക് നേരെ മനുഷ്യര്‍ തന്നെ ചൊരിയുന്ന അക്രമങ്ങള്‍, കൂട്ടം ചേരുന്ന മനുഷ്യര്‍ക്കിടയിലെ വിള്ളലുകള്‍, ഒരാള്‍ അയാളായിത്തന്നെ നില്‍ക്കാന്‍ വേണ്ടി നടത്തേണ്ടിവന്ന കുതിപ്പുകള്‍, ഏറ്റവും ആഴത്തിലെ വൈകാരികതകളെയും വൈയക്തികതകളെയും അവയുടെ ഏറ്റവും സംഘര്‍ഷഭരിതമായ അവസ്ഥകളെയും കുറിച്ചും ലോക വ്യവഹാരവും മാനുഷികതയും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചും അക്കാലത്ത് കവിതകളില്‍, പല മുഖങ്ങളില്‍, പല രുചികളില്‍ കടന്നുവന്നു. 'അവന്‍ ഞാനല്ലോ' എന്ന കവിത നോക്കൂ.

ATTOOR RAVI VARMA | IMAGE WIKI COMMONS
'ഒപ്പം നടക്കാനില്ലാരുമില്ലെങ്ങും, ചെന്നു ചേരുവാന്‍ ചെയ്യുവാന്‍ ഒന്നുമില്ലാഞ്ഞീ കടല്‍ക്കരയിലെത്തി ഞാന്‍ ' എന്നാണ് കവിത തുടങ്ങുന്നത്. 1965 ല്‍ എഴുതിയ ഈ കവിത അക്കാലത്തെ കേരള പരിസരത്തിന്റെ മാത്രമല്ല, മനുഷ്യന്റെ ഏകാന്തതകളുടെയും അതിതീവ്രമായ ഉന്മാദാവസ്ഥകളുടെയും സ്പര്‍ശങ്ങളുള്ള കവിതയാണ്. ഒരാഹ്ലാദം പകരാനും ദുഃഖമിറക്കിവയ്ക്കാനും ഓര്‍ക്കാനും മറക്കാനും ആരുമില്ല. ഒരുവളുടെ ചര്‍ദ്ദിയില്‍ തന്റെ അവശിഷ്ടങ്ങള്‍ കാണുകയാണ് കവി. പാമ്പുകള്‍ തുപ്പുന്നത് പുളഞ്ഞു മറിയുന്ന കടലിനെയും! നടുക്കവും ശുഭാപ്തിവിശ്വാസവും ചേര്‍ന്ന ശ്ലഥ കല്‍പ്പനകളാ ണിവിടെ. ടി. എസ് എലിയറ്റിന്റെ നിന്റെ വേസ്റ്റ് ലാന്‍ഡും, ആഷ് വെനെസ്‌ഡേയും, ഒക്ടോവിയ പാസിന്റെ സണ്‍ സ്റ്റോണും പകര്‍ന്നുതരുന്ന വിഘടിത ബിംബങ്ങള്‍ ആറ്റൂരിലേക്ക് എത്തുമ്പോള്‍ തന്നില്‍ നിന്ന് കുതറിത്തെറിക്കുന്ന തന്റെ തന്നെ പൊടിപ്പുകളാവുന്നുണ്ട്.
'These fragments I have showed against my ruins' എന്നാണ് എലിയറ്റ് എഴുതുന്നത്. ''എന്റെ കൈവശമുള്ള ഈ കഷണങ്ങള്‍, എന്റെ വിനാശത്തിന് നേരെ ഞാന്‍ കാത്തുവെക്കുന്നു '' എന്ന് സാരം. നിത്യം കടലെടുത്തിട്ടും ജന്മത്തിലെ തുരുത്തില്‍ വളഞ്ഞിരിക്കുകയാണ് കവി. ഏകാന്തത എന്ന വിനാശം ഹിംസയെന്ന അതിസൂക്ഷ്മമായ കുതിപ്പിലേക്ക് കലരുന്നതിന്റെ ധ്വനി ഇതില്‍ കേള്‍ക്കാം.
'ഒരു കൂറ്റന്‍ ചുവട്ടില്‍നിന്നുയര്‍ത്തുന്നു പുകച്ചുരുള്‍
ആരോ പൊട്ടിച്ചിരിക്കുന്നു
തേങ്ങുന്നുണ്ടങ്ങുമിങ്ങുമേ
കാറ്റിലെന്തോ പുലമ്പുന്നു
മുരളുന്നുണ്ടിടക്കിടെ '
തണുത്ത കൈകള്‍ കൊണ്ട് അയാള്‍ പിന്നില്‍ നിന്ന് പിടിച്ചമര്‍ത്തുമ്പോള്‍ മണലില്‍ ചൂഴ്ന്നുപോകുന്ന കാലുകള്‍ വലിച്ച് വച്ച് വേഗം നടക്കാനാണ് കവിയുടെ അനുഭവം പറയുന്നത്. ഈ അപര ഭാവം ആറ്റൂരിന്റെ പല കവിതകളിലും ഉണ്ട്. പേടി, ഭ്രാന്ത്, അലത്താളം, മറുവിളി, അകലം, ചിലപ്പോള്‍ തുടങ്ങിയ കവിതകളില്‍ മറ്റൊരാളുണ്ട്.
'വേഗത്തില്‍ നടക്കുവാനായീല
പതുക്കെയും
ആരിവന്‍?
വഴിയില്‍ പിന്നാലെ കൂടിയിടുന്നു?
അവന്റെ കാല്‍വയ്പ്പല്ലോ
മിടിപ്പില്‍ കേള്‍ക്കുന്നു ഞാന്‍.
അവന്റെ മാര്‍ഗ്ഗവും
ഗതിവേഗവുമെന്റേതല്ലോ'
താന്‍ അപരനായിത്തീരുകയും ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാനും ഭരിക്കാനുമുള്ള അഭിവാഞ്ജയില്‍ സ്വാര്‍ത്ഥനായിത്തീരുകയും ചെയ്യുന്ന മനുഷ്യനില്‍ ഭയവും ഭീതിയും ഒരുപോലെ കടന്നുവരുന്നുണ്ട്.
അതീതമായ അപരവല്‍ക്കരണവും അന്യതാ ബോധവും വ്യക്തിയുടെയും സമൂഹത്തിന്റെയും ഒരു ധാരയായി തന്നെ നിലനിന്നു. എല്ലാ അധികാര ഇടങ്ങളും മനുഷ്യനെ ഏകാന്തതയിലേക്ക് നാടുകടത്തി.
കരക്കുപിടിച്ചിട്ട മത്സ്യം പോലെ ചെവിയിലും ചര്‍മത്തിലും ചാരിത്രത്തിലും പുഴുക്കുത്തുണ്ടാക്കുന്ന സാന്നിധ്യമായി, വ്യക്തിക്ക് ചുറ്റും ഇരമ്പിയാര്‍ക്കുന്ന സാന്നിധ്യമായി ഈ അപരന്‍ പതുങ്ങിനിന്നു.
' If something going to happen to me. I want to be there.' എന്നാണ് ആല്‍ബേര്‍ കാമു പറഞ്ഞത്. 'അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അവിടെ ഉണ്ടാവണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് '. ഇവിടെ, തന്നില്‍ നിന്ന് താന്‍ തന്നെ മാറിനില്‍ക്കുന്നു. തുളഞ്ഞ തകരത്തിന്റെ കീഴെ കൂനിക്കൂടിയിരുന്നൊരാള്‍ ഒരു കൂറ്റന്‍ ചുരുട്ടില്‍ നിന്ന് പുകയുയര്‍ത്തുകയാണ്. അപ്പോഴാണ് ലോകം നടുങ്ങുന്ന പൊട്ടിച്ചിരി കവി കേള്‍ക്കുന്നത്. 'അവന്‍ ഞാനല്ലോ' എന്ന് അറിവിലൂടെ അപരനെ ചേര്‍ത്ത് പിടിക്കുകയാണ് കവി. ഇത് ആത്മവിമര്‍ശനത്തിന്റെ നവബോധമാണ്. തൊട്ടടുത്ത നിമിഷം വളരെ പെട്ടെന്ന് തന്നെ ഭൂവിന്റെ പാതി വെറുങ്ങലിക്കുമ്പോഴും മൂടിപ്പുതച്ച് കിടക്കാനും, പങ്കയുടെ കാറ്റിന്റെ ശ്രുതി ശ്രദ്ധിക്കാനും, കൈത്തണ്ടയിലെ തുടിപ്പുകളിലേക്ക് മടങ്ങാനും കവിക്ക് കഴിയുന്നുണ്ട്. മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പ്രച്ഛന്നതകളില്‍ നിന്ന്, അപര സാന്നിധ്യങ്ങളില്‍ നിന്ന്, ജാഗ്രതയും അവനിലേക്കുള്ള ശ്രദ്ധയും മാത്രമേ രക്ഷയുള്ളൂ എന്ന് കവി മനസ്സിലാക്കുന്നു. 'ഭ്രാന്ത്' എന്ന കവിതയില്‍ ഈ അനുഭവം മറ്റൊരു തലം പ്രാപിക്കുന്നുണ്ട്.
'ഉണ്ണുമ്പോളുരുളയില്‍ ചോര
ഞാനിടവഴി താങ്ങുമ്പോളിറച്ചിയില്‍
കാല്‍ തടഞ്ഞുളുക്കുന്നു.
കണ്ണീര് പൊളിക്കുന്നു വെള്ളത്തില്‍,
കുപ്പായത്തിന്‍ പുള്ളിയില്‍
ചോരപ്പാടാണെന്തൊരാളായ്‌പ്പോയി ഞാന്‍'
ATTOOR RAVI VARMA | IMAGE WIKI COMMONS
അവസാന വരിയിലാണ് മനുഷ്യന്റെ പരിണാമം വെളിപ്പെടുന്നത്. അതിതീവ്രമായ പ്രതിലോമ അനുഭവങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. ഹിംസയുടെ പരകോടിയില്‍ കാല്‍ക്കീഴില്‍ ഇറച്ചി തടഞ്ഞ് വഴുക്കുന്നു. ജൂഗുല്‍പ്‌സയാണ് ഈ വരികളിലെ ഭാവമെങ്കിലും, കുപ്പായത്തിനുള്ളില്‍ ചോരപ്പാട് കാണുമ്പോള്‍ മേല്‍പ്പറഞ്ഞ അനുഭവങ്ങളില്‍ നിന്നെല്ലാം കുതറിച്ചാടി കവി പറയുന്നത് 'എന്തൊരാളായ്‌പ്പോയി ഞാന്‍' എന്നാണ്. അതുപോലെയാണ് ഉള്ളതുമില്ലാത്തതും തമ്മിലുള്ള കോര്‍ക്കലുകള്‍. ഈരണ്ടൊന്ന് എന്ന കവിതയിലുണ്ട് അത്തരമൊരു സന്ദേഹം. ഉള്ളതുമില്ലാത്തതും തമ്മില്‍ കലര്‍ന്ന് നിലാവിളക്കത്ത് കാണുമ്പോഴും, പുഴ കടക്കുമ്പോഴും ചരിത്രത്തിന്റെ അവശിഷ്ടങ്ങളില്‍ ചുറ്റിടുമ്പോഴും, ഓര്‍മ്മിക്കലുകളില്‍, കിനാക്കാണലുകളില്‍, തനിച്ചു നടത്തങ്ങളിലെ കൈയാംഗ്യങ്ങളില്‍, മൂളലുകളില്‍....കവി ചെറു ഭ്രാന്തിന്റെ പഴങ്ങളാണ് രുചിക്കുന്നത്. കുട്ടിച്ചാത്തനിലും, കാണലിലും, രണ്ട് വായനകളിലും ചിലപ്പോള്‍ ഈ അമാന്തമുണ്ട്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ് കവി എഴുതുന്നത്. പക്ഷേ അതിന്റെ ഭീതിതമായ അര്‍ത്ഥ പരിസരത്തുനിന്ന് കവിക്ക് രക്ഷപ്പെട്ടേ മതിയാവും താനും. നമ്മുടെ നാട്ടില്‍ പരക്കെ കണ്ണുകള്‍ക്ക് എന്തോ രോഗമുണ്ട്. അടുത്തുള്ളതും അകലത്തുള്ളതും തിരിച്ചറിയുന്നില്ല എന്നാണ് 'കാഴ്ചക്കുറ്റ' ത്തില്‍ കവി ആരോപിക്കുന്നത്. തന്റെ പോരായ്മകളെ പുറമേക്ക് കുറ്റം ചായുന്ന മനുഷ്യനും ലോകത്തിന്റെ കുറ്റങ്ങള്‍ തന്റെ കൂടിയാണെന്നും തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ കവിക്കുള്ളിലുണ്ട്. ദിനപത്രത്തിന്റെ താളിലും റേഡിയോ വാര്‍ത്താ ബുള്ളറ്റിനിലുമെല്ലാം പ്രത്യക്ഷനായേക്കാവുന്ന മരണത്തെ നേര്‍ക്കുനേര്‍ നിര്‍ത്തുന്നു കവി. ട്രിഗറിന്റെ താളമാണ് സദാ ചെവിയില്‍ മൂളുന്നത്. ശവത്തില്‍ തൊട്ടോയെന്ന സംശയം! ഒടുവിലാ സംശയം മറ്റൊരു ദിശയിലേക്ക് കടക്കുന്നു.
'ചുറ്റിലുമശുദ്ധിയേ
ദര്‍ശിച്ച മുത്തച്ഛനില്‍
മുറ്റിയ ജല പിശാചെന്നിലും
ജീവിക്കുന്നോ '
എന്ന ഒരു തീര്‍പ്പിലേക്ക് തല്‍ക്കാലം നീക്കി വെക്കുകയാണ് തന്റെ ദുരിതാനുഭവത്തെ കവി. സ്ഥലങ്ങളെക്കുറിച്ചും വിദൂരങ്ങളെക്കുറിച്ചും പറയുന്ന 'ആറ്റൂരി' ന് ഒരു മൂന്നാം കണ്ണുണ്ട്. ഈ സങ്കല്‍പ്പങ്ങളില്‍ ഐന്ദ്രിയാനുഭൂതിക്കപ്പുറം ഭാവനയുടെ അതീവനിഗൂഢമായ മറ്റൊരു തലം കൂടിയുണ്ട്. സാമാന്യ മനുഷ്യരുടെ ദൂരമല്ല ആറ്റൂരിന്റേത്. 'തുഞ്ചത്തെഴുത്തച്ഛനും ഞാനുമായ് മൂന്നാല് നൂറ്റാണ്ട് ദൂരം' ( അകലം). വലിയൊരു കാലഗണനയെ രണ്ട് വരിയിലേക്ക് ആറ്റൂര്‍ പുതുക്കുന്നു. കഴിഞ്ഞുപോയ കാലം അപരിചിതമായി മാറുമ്പോള്‍ ഒന്ന് ചെല്ലാന്‍ പോലും ആകാത്ത വിധം ആ ഭൂതകാലം അന്യവും വിദൂരവുമായിപ്പോകുന്നു. ജീവിക്കുന്നതിന്റെയോ ജീവന്‍ ഒതുങ്ങുന്നതിന്റെയോ എന്നുറപ്പില്ലാത്ത ഒരു അവസ്ഥയിലാണ് കവി.
'വല്ലപ്പോഴും ഞാന്‍
ഇരുട്ടിന്‍ മുനമ്പിലോ
പുലര്‍ച്ച തന്‍ വക്കിലോ
പാതിരത്തെരുമുക്കിലോ
നിന്നു നോക്കുമ്പോഴെന്‍ കണ്ണി-
ലൊരു ചീന്തുവാനം
അറ്റമില്ലാത്ത നീലിമ
ചന്ദ്രവംശം
സൗവര്‍ണ്ണ ദുഃഖങ്ങള്‍
വാഴുന്നതിന്റെയോ
വീഴുന്നതിന്റെയോ'
മഹാകാലത്തെ പതിത വര്‍ത്തമാനവുമായി ചേര്‍ത്തുള്ള വായനയാണ് ഈ കാണുന്നത്. എത്രയേറെ ഗൗരവത്തോടെ കവിതയെഴുതിത്തുടങ്ങിയാലും ചെന്നവസാനിക്കുമ്പോള്‍, അവനവനെത്തന്നെ ബലി കൊടുത്തുകൊണ്ടുള്ള ആത്മപരിഹാസം ആറ്റൂര്‍ കവിതയുടെ ഒരു വഴിയാണ്. ഭൂതകാലവും വര്‍ത്തമാനകാലവും ചേര്‍ന്നുള്ള ആവിഷ്‌കാരങ്ങളില്‍ കാലങ്ങള്‍ അടുത്തും അകന്നും താന്താങ്ങളുടെ കര്‍തൃത്വം നിറവേറ്റുന്നു. കവി നോക്കി നില്‍ക്കുകയാണ്. ഭൂതവും വര്‍ത്തമാനവും മുഖാമുഖം നില്‍ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ കവിത തത്വചിന്തയിലേക്കും വളരുന്നുണ്ട്. നേരിയ ഭീതിയിലും നര്‍മ്മം പടര്‍ത്തുന്നു ചിലപ്പോള്‍ ആറ്റൂര്‍. 'മറുവിളി' യില്‍ മാറ്റൊലികളാണ്. ഞാനും നിങ്ങളുമാണ് പറയുന്നത്. 'നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്, പറയാതിരിക്കുന്നത് എന്നില്‍ മാറ്റൊലിക്കുന്നുണ്ട്' എന്നാണ് കവി പറയുന്നതെങ്കിലും, താന്‍ വലിയൊരു ചോദ്യചിഹ്നമാണെന്ന സൂചനയാണ് കവിയെ കുഴക്കുന്നത്. അപരന്റെ ഊരും പേരും സ്ഥലങ്ങളും സുപരിചിതങ്ങളാണെങ്കിലും.
'നീ നടന്നുപോകുമ്പോള്‍
പാതയില്‍ ഒരു കുടന്ന
ചോരയായി മാറുന്നു.
ഒരു കുടന്ന ചോര
കൈപ്പടം പോലെ പരന്ന്
എന്നോടാവലാതിപ്പെടുന്നു.
എന്നോടട്ടഹസിക്കുന്നു'
അപരനുമായുള്ള ഈ ഭീതി കലര്‍ന്ന ബന്ധം വര്‍ത്തമാനകാലത്തിന്റെ ശേഷിപ്പാണ്. പിന്നാലെ പാഞ്ഞുവരുന്ന ആ ചോരയോട് കവി ഇരക്കുകയും കെഞ്ചുകയും ചെയ്യുന്നുണ്ട്. താന്‍ കാഞ്ചിയോ ഉണ്ടയോ വാനരനോ വാല്മീകിയോ അല്ല എന്ന് കവി പറയുകയും ചെയ്യുന്നുണ്ട്. കാല്പനികതയുടെ എല്ലാ പഴകലുകളെയും പിന്നില്‍ കളഞ്ഞുകൊണ്ട്, ഒരു പുതിയ രൂപവും ഭാവവും ആവിഷ്‌കാരപരതയുമാണ് 1960 കളുടെ മലയാള കവിത നമുക്ക് തന്നത്. സ്വകാര്യ ഭാഷയും വ്യക്ത്യധീനമായ ആശയങ്ങളും പറച്ചിലുകളും അക്കാലത്തെ കവിതയില്‍ ധാരാളമായി കടന്നു വന്നു. വ്യക്തിയില്‍ അധികമൂന്നിയ കവിത, ആ കവിതയെ തളര്‍ത്തുകയായിരുന്നു ചെയ്തത്. അവിടെ മനുഷ്യനുണ്ടായിരുന്നില്ല എന്നല്ല ; മനുഷ്യന്റെ പ്രശ്‌നങ്ങളെ ഇഴ തിരിച്ചു പറയുക മാത്രമേ അക്കാല കവിത ചെയ്തുള്ളൂ എന്ന് മാത്രം.
'ആറ്റൂര്‍ തലമുറ' കവിതയെ ശക്തമായ പ്രതിരോധ മാര്‍ഗമായിക്കൂടെ കണ്ടു. എന്താണ് 'പ്രത്യാശ', എന്താണ് വിശ്വാസം എന്ന് ആഴത്തില്‍ അന്വേഷിക്കാനും സമൂഹവും വ്യക്തിയും ചേരുന്ന ഇടങ്ങളെയും ആ ഇടങ്ങളിലെ സംഘര്‍ഷങ്ങളെയും നേര്‍ക്കുനേര്‍ കാണാനും കൂടി ആറ്റൂര്‍ കവിത പഠിപ്പിച്ചു. വര്‍ഗ്ഗവും സമൂഹവും വിമോചനവും കൂടി ഈ കവിത ലക്ഷ്യമാക്കി. മനുഷ്യനിലെ വിഭ്രമങ്ങളെ, പേടികളെ, ഭ്രാന്തുകളെ കവിതയില്‍ കുടഞ്ഞിട്ട് നിരീക്ഷിക്കുന്നു കവി. അവിടെ ഹിംസയും ഒരു സാന്നിധ്യമാണ്. ആ ഹിംസയില്‍ ദേശപ്പേരുകള്‍ കൊഴിഞ്ഞുപോകുന്നു, വംശസംജ്ഞകള്‍ കൊഴിഞ്ഞുപോകുന്നു, ഉള്‍പ്പോരുകള്‍ കൊഴിഞ്ഞുപോകുന്നു. 'അകാലാവസ്ഥ'എന്ന കവിതയില്‍ വായിക്കാം.
ATTOOR RAVI VARMA | IMAGE WIKI COMMONS
'എന്റെ ഊരിനെ
വേനല്‍ക്കാലങ്ങളില്‍
വെയില്‍ നനയ്ക്കുന്നു.
മഴക്കാലത്ത് ചാറ്റല്‍ നനയ്ക്കുന്നു.
തണുപ്പുകാലത്ത്
മഞ്ഞുതുള്ളികള്‍ നനയ്ക്കുന്നു.
ചിലപ്പോള്‍ സന്തോഷവും
മറ്റു ചിലപ്പോള്‍ വീരവും ഭയവും
നനയ്ക്കുന്നു.
എന്നാല്‍ പണ്ടില്ലാത്ത വിധം
ഊരിനെയാകെ ചോര നനയ്ക്കുന്നു ഇപ്പോള്‍'
പഴയകാലവും പുതിയകാലവും തമ്മിലുള്ള അന്തരമാണ് അകാലാവസ്ഥയുടെ ഉള്ളകം. അവസാന വരികളിലെ നടുക്കം വായനയ്ക്ക് ശേഷവും നിലനില്‍ക്കും. കാലങ്ങളെ തമ്മില്‍ കോര്‍ത്തു കെട്ടി താരതമ്യം ചെയ്യുന്ന രീതി ആറ്റൂരില്‍ പലയിടങ്ങളിലും ഉണ്ട്.
'ഒറ്റയ്ക്കാവുമ്പോള്‍
ഇരുട്ടിലാവുമ്പോള്‍
ഉറക്കം വരാത്തപ്പോള്‍ ഞാന്‍
പഴയ കാലത്തേക്കിറങ്ങുന്നു'
എന്നാണ് കവി പറയുന്നത്. കാലം തെറ്റുന്നതോടെ കാഴ്ചയും തെറ്റുന്നു എന്ന് കവിത അവസാനിക്കുകയും ചെയ്യുന്നു. കവിത അവസാനിക്കുന്നത്. അര്‍ക്കം, സ്വകാര്യം എന്നീ കവിതകളിലെ ഉള്ളൊഴുക്കുകളെ ചേര്‍ത്ത് വായിക്കാവുന്നതാണ്. എവിടെ നോക്കിയാലും തന്നെത്തന്നെ കാണുന്ന അതിതീവ്രമായ വൈയക്തികാസ്വാദനമാണ് അര്‍ക്കത്തില്‍. കണ്ണാടിയിലും സംഘര്‍ഷങ്ങളിലും തന്നെത്തന്നെ കാണുന്നു. ഒരു വേള സ്വന്തം മുഖം തന്നെ മറന്നുപോകുന്നു. കവിത പിന്നീട് മറവിയ്‌ക്കെതിരെയുള്ള മറുവിളിയാകുന്നു. 'എന്‍മുഖമാണെന്നൊന്നും പിന്നെയുമോര്‍മ്മയുണ്ടായീല 'എന്നാണ് കവി പറയുന്നത്. അകലത്തിലാളു നടക്കുമ്പോള്‍ അതാരാണെന്നും, അരികത്ത് ഒരു മന്ത്രം കേട്ടാല്‍ അതാരുടെതാണെന്നും ചികയുന്നു. പിറകില്‍ നിന്ന് കണ്ണുപൊത്തുന്നതാരുടെ കൈകള്‍ ആണെന്നുപോലും അറിയാമെങ്കിലും, തന്റെ മുഖം എങ്ങനെയെന്ന് തിരിച്ചറിയുന്നില്ല. യാത്രയും, പുറപ്പെട്ടുപോക്കും, തിരിച്ചെത്തലുമെല്ലാം പേരും മുഖവും നഷ്ടപ്പെടുത്തിക്കൊണ്ടാണ്.
'ഊരില്‍ തിരിച്ചു ഞാന്‍
ചെല്ലുമ്പോഴെല്ലാരും
പേരുപിഴച്ചു വിളിക്കുന്നു.
എത്തിയതെന്നൂരിലാവില്ല
തെറ്റിയതെന്‍ പേരുമാവില്ല
അഥവാ നീ ഞാനാവില്ല
നിന്നെ എനിക്കും അറിവീല'
അപരിചിതത്വങ്ങളില്‍പ്പെടുന്ന മനുഷ്യന്റെ പ്രതിനിധാനത്തെ അപര കാലങ്ങളിലേക്ക് ബന്ധപ്പെടുത്തുന്നു കവി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ സ്വത്വത്തെ തിരയുന്നു. 'അര്‍ക്കത്തിലെ കവി' സ്വീകരണത്തിന്റെയും നിരാസത്തിന്റെയും ഭാവഭേദങ്ങള്‍ കവിയെ സംഘര്‍ഷത്തില്‍ ആഴ്ത്തുന്നു. പിതൃഗമനത്തില്‍ പിറന്ന ഊരാണ് അന്വേഷിക്കുന്നതെങ്കിലും വ്യക്തിയുടെ സ്വത്വാന്വേഷണത്തിന്റെ വിവിധ തലങ്ങളെത്രേ അത്.
'എവിടെയും എന്‍ നിറമല്ലയോ കാണുന്നു
മേലെയാ നീലയൊഴുക്കോളം
എന്‍ മുഖമല്ലയോ കാണുന്നു
താഴെയുള്ളോളപ്പരപ്പോളം'
ജലപ്പരപ്പിലെ ഓളങ്ങളുടെ അസ്ഥിരത ഓരോ മനുഷ്യനിലും ഉണ്ടെന്ന പരമാര്‍ത്ഥം ഈ സ്വത്വാന്വേഷണത്തില്‍ കവിയ്ക്ക് വെളിപ്പെട്ടിരിക്കാം. അന്വേഷണങ്ങള്‍ എല്ലാ കവികളിലും ഉണ്ടാവാം.
ആധുനിക കവിതയുടെ പല മുഖങ്ങളും ഇത്തരം അന്വേഷണങ്ങള്‍ക്ക് പല മുഖച്ഛായകള്‍ നല്‍കി. ഒരുപക്ഷേ ജീവിതത്തിന്റെ മറ്റൊരടരായി ആധുനികത സാഹിത്യത്തിലും കവിതയിലും കടന്നുവന്നതിന്റെ കാരണവും അതാകാം. ഒരു കാലഘട്ടത്തിന്റെ കവിതയെ അടയാളപ്പെടുത്താന്‍ ആറ്റൂരിന്റെ ഏതാനും കവിതകള്‍ മതി. പിതൃഗമനം, സംക്രമണം, മേഘരൂപന്‍, രണ്ടു വായനകള്‍, ഉദാത്തം, അതിഥി എന്നീ കവിതകള്‍ (മാത്രമല്ല ) അറുപതുകളില്‍ ആരംഭിച്ച ആധുനിക കവിതയുടെ മുദ്രകളാകുന്നു. വൈയക്തികതയില്‍ നിന്നാരംഭിച്ച് സമൂഹത്തിന്റെ പരിച്ഛേദമാകുന്ന ആകുലതകളും ഭയങ്ങളും അരക്ഷിതാവസ്ഥകളും ആവിഷ്‌കരിക്കുന്നുണ്ട് ആറ്റൂരിന്റെ കവിതകള്‍. 'തലക്കുറി' എന്ന കവിത സമയസങ്കല്പത്തെ കീഴ്‌മേല്‍ മറിക്കുന്നു.
'ഞാന്‍ വന്നപ്പോഴേക്കും
നേരം വൈകിയിരുന്നു
കൊടിമുടികളിലെല്ലാം
കൊടി പാറിയിരുന്നു
ഞാന്‍ വന്നപ്പോഴേക്കും
കോമാളികളുടെ ഇടവേള
തുടങ്ങിയിരുന്നു'
തന്റെ കാലവുമായി ഇടചേരാത്ത ഒരുവന്റെ വാക്കുകള്‍ ഓരോ മനുഷ്യന്റെയും ശബ്ദമാണ്. ആത്മവിമര്‍ശനത്തിന്റെ നൈതിക ബാധ്യതകള്‍ ആറ്റൂര്‍ ഇങ്ങനെ തന്റെ കവിതകളിലൂടെ കുരുക്കഴിച്ചു.
നിലവിലുള്ള മാതൃകകളെ നിരാകരിക്കാന്‍ ഒരു പക്ഷേ ആറ്റൂര്‍ കവിതയില്‍ നിന്ന് ഓരോ കവിയിലേക്കും ഓരോ നേര്‍വഴിയുണ്ട്. 'എഴുത്തച്ഛനില്‍ നിന്ന് തന്നിലേക്കുള്ള ദൂരം' അളക്കുന്ന കവി കാലത്തെയാണ് വിശകലനത്തിന് വിധേയമാക്കുന്നത്. മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ വില കവിതയിലും കവി നിഷ്‌കര്‍ഷിക്കുന്നു. 'ഓരോ സൂര്യന്‍ പൊലിയുമ്പോഴും മകനെ ഉപദേശിക്കുന്ന കവിയുടെ കഴുത്തില്‍ അതേസമയം ഇറുക്കി നില്‍ക്കുന്ന കൈകള്‍ ഭൂതകാലത്തിന്റെതാണ്.
'നിന്നുടെ നാരായത്തിന്‍ ചുട്ടു പഴുത്തൊരു മുനകൊണ്ടവനെക്കൊന്നു വിമോചിതനാകുന്നു' എന്നാണ് മനുഷ്യനോട് കവി ആഹ്വാനം ചെയ്യുന്നത്. നാം കൈയാളുന്ന ചരിത്രവും പാരമ്പര്യവും ആരുടേതാണ്? എന്താണ്? എന്ന അന്വേഷണത്തിലേക്ക് കവിത വിരല്‍ചൂണ്ടുന്നു. സ്ഥാപനവല്‍കൃത സംസ്‌കാരത്തെ തീവ്ര വിമര്‍ശനത്തിന് വിധേയമാക്കുക കൂടി ആറ്റൂര്‍ കവിതകളുടെ ലക്ഷ്യമാണ്. ഒപ്പം തന്നെ ഒരു പ്രാപഞ്ചിക ദര്‍ശനത്തെ കവിതയിലൂടെ കണ്ടെത്താനും ശ്രമിക്കുന്നു. ഒരേസമയം ജീവിതത്തിലെ രണ്ട് വിരുദ്ധ മുഖങ്ങളെ ആശ്രയിക്കുന്നുണ്ട് കവിതയില്‍ ആറ്റൂര്‍. മാറ്റങ്ങളെയും നിശ്ചലതയെയും പഴമയെയും പുതുമയെയും ശരീരത്തെയും അശരീരത്തെയും അധികാരത്തെയും അടിമത്തത്തെയും ഉദാത്തയെയും ജീര്‍ണതയെയും കവി ഒരേ കണ്ണുകൊണ്ട് കാണുന്നു. മനുഷ്യന്റെ അസഹിഷ്ണുതകളെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ കവി തിരിച്ചറിയുന്നു.
ATTOOR RAVI VARMA | IMAGE WIKI COMMONS
ഒരേയിരിപ്പില്‍ പല കാര്യങ്ങള്‍ ചെയ്യുന്നു. ഒരേ നാവുകൊണ്ട് പലഭാഷകള്‍ മൊഴിയുന്നു. ഒരേ മാത്രയില്‍ കത്തുന്ന പ്രകാശം പോലെ സശ്രദ്ധനാകുന്നു. പാത്രത്തിപ്പം ആകൃതി മാറാന്‍ കഴിയുന്ന പുതിയ കാലത്തെ സ്വന്തം ജീവിതത്തിലെ ഭാഗമായിത്തന്നെ ആറ്റൂര്‍ കണ്ടെടുക്കുന്നു. ഉദാത്തം എന്ന കവിത വായിക്കാം. പൂര്‍വ്വ കവികളുടെ പരമ്പര കവിതയില്‍ വന്നുനില്‍ക്കുന്നു. ഒരൊറ്റ ബിംബ കല്‍പ്പന കൊണ്ട് ആ പാരമ്പര്യം ആവിഷ്‌കരിച്ച എല്ലാ കാവ്യബോധങ്ങളെയും ആറ്റൂര്‍ മറികടക്കുന്നു. 'പൊക്കണത്തിലെ ഉച്ചക്കഞ്ഞി വാര്‍പ്പ്' എന്ന സൂചന ഇവിടെ ശക്തമായ പ്രതിരോധ ബിംബമാകുന്നു. തന്റെ നേട്ടത്തില്‍ അയല്‍ക്കാരനെ കൂടി ക്ഷണിക്കുന്നതില്‍ ഞെരുക്കം അനുഭവപ്പെടുന്ന മനുഷ്യന്‍ (എത്ര ഞെരുക്കം ). ചില്ലകള്‍ കൊണ്ടും വേരുകള്‍ കൊണ്ടും തിരഞ്ഞ സത്യം! കണ്ണടച്ചാലും തുറന്നാലും ഒന്നുപോലെയിരുട്ടത്താണ് എന്ന സത്യം! മുഴുവനായി ഒരിക്കലും കേള്‍ക്കാന്‍ സാധിക്കാത്ത രഹസ്യങ്ങള്‍ (പിറവി). 16 വയസ്സില്‍ പോയി കണ്ട കടലിന്റെ താളം സുഖകരമായ ഒരു നടുക്കമായി ഇപ്പോഴും തന്റെ ഞരമ്പില്‍ ഉണ്ടെന്ന തിരിച്ചറിവ് ! (അലത്താളം). നമ്മള്‍ക്കൊരേ വൃത്തിയും വര്‍ഗ്ഗവുമെന്ന് ഉള്ളു തിരിച്ചറിയുന്നുണ്ടെങ്കിലും തന്റെ സ്‌നേഹവും എതിരാളിയും അപരനാണെന്ന സത്യം അയാളില്ലാതെ താനില്ലെന്ന സത്യം (കൂട്ട്). ഇപ്പോഴും പിടിച്ചുണര്‍ത്തുന്ന ഊമയായ ഇരുട്ടിന്റെ തണുപ്പ് (കിടപ്പ് ). കോലും കുഴലും ചെവികളും വേറെയാണെങ്കിലും കളഞ്ഞുപോയ മറവി ഭൂതകാലമാണെന്ന ഞെട്ടല്‍! (പാണ്ടി). താന്‍ വാനരനോ വാല്‍മീകിയോ അല്ലെന്നും വെടിത്തുളപ്പെട്ട ഒരു ചോദ്യചിഹ്നം മാത്രമാണെന്നുമുള്ള സത്യം (മറുവിളി). ഇവയെല്ലാം ആറ്റൂര്‍ കവിതകളില്‍ മനുഷ്യ ചരിത്രത്തിന്റെ, ഭാവനാ ചരിത്രത്തിന്റെ, അനുഭൂതി ചരിത്രത്തിന്റെ, രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളങ്ങളാകുന്നു. കവിതയെ തന്റേത് മാത്രമായ ഒരു അനുഭൂതി തലത്തില്‍ മാത്രം ആറ്റൂര്‍ ഒതുക്കുന്നില്ല. കണ്ണാടിയോട് തന്നെക്കുറിച്ച് ആരായുന്ന ഒരു സ്വകാര്യാനുഭവത്തെ പ്രപഞ്ചത്തിന്റെ ഉണ്മകളിലേക്ക് ചേര്‍ത്തുവയ്ക്കുന്ന അപൂര്‍വാനുഭവം 'കാണല്‍' എന്ന കവിതയില്‍ ഉണ്ട്. ചുണ്ടുകള്‍ ചുവക്കാനെന്തേയെന്നും പല്ലുകള്‍ വെളുക്കുവാനെന്തേയെന്നും കണ്ണാടിയോട് ചോദിക്കുകയാണ് കവി. ചോദ്യങ്ങള്‍ കവിയില്‍ നിന്ന് കാക്കകളിലേക്കും കൊക്കുകളിലേക്കും കുന്നിക്കുരുവിലേക്കും പടരുകയാണ്. വെള്ളത്തിന്റെയും കാറ്റിന്റെയും അശരീരചേതനകളിലേക്ക് നീങ്ങുന്നു കവിയുടെ ചിന്ത പിന്നീട്. ഉണ്മകള്‍ ഒരു കവിതയിലെ ചോദ്യം മറ്റൊരു തരത്തില്‍ മറ്റു കവിതകളിലും കാണാം.
'എത്ര മുറ ഞാനുരുവിട്ടതാണ്
പല ഭാഷയില്‍
ഉറക്കത്തിലുമുരച്ചിടാറുണ്ടു പോ-
ലെന്‍ മൊഴി കേട്ടെനിക്കും
മൂഷിച്ചില്‍ പലപ്പോഴും
വാക്കു, വഴി പിഴക്കുന്നു (വഴികാട്ടി )'
ആദ്യകാല കവിതകളില്‍ നിന്ന് പില്‍ക്കാല കവിതകളിലേക്ക് എത്തുമ്പോഴും താനെന്ന പ്രശ്‌നം തന്നെയാണ് ആറ്റൂരിന്റെ കാവ്യാന്വേഷണങ്ങളുടെ വേര്. ഇത് പലതരത്തിലുള്ള യാത്രാ ബിംബമായി കവിതയില്‍ കടന്നുവരുന്നു. കവിയും കാലവുമായുള്ള അഗാധമായ, തീവ്രമായ കൊടുക്കല്‍വാങ്ങലുകള്‍ ഈ യാത്രയുടെ ശരീരമായും ആത്മാവായും കടന്നുവരുന്നു.
'നാം അകാലങ്ങളിലേക്ക്
കാണാത്ത പഴംകാലത്തിലേക്ക്
കാണാത്ത വരും കാലത്തിലേക്ക്
കൊതിച്ചും പേടിച്ചു-
മടിവക്കുന്നു.
നമുക്കിറങ്ങാറായി
ഭാണ്ഡങ്ങള്‍ മുറുക്കുക (യാത്ര)'
അസ്ഥിരമായ പടിയിറങ്ങലുകള്‍, തന്റെ കാലത്തോടും അപര കാലങ്ങളോടുമുള്ള അസ്ഥിരമായ ഭയങ്ങളെ മറികടക്കല്‍ കൂടിയാണ് ഇത്. ക്രമരാഹിത്യത്തിന്റെ സൗന്ദര്യമാണ് ഈ യാത്രയുടെ മറ്റൊരു അടര്.
'കാണാത്ത ചാലുകളുടെ ഞാന്‍
കോലായിലെങ്ങും നടക്കുന്നു
എന്നെ തിരഞ്ഞു നടക്കുന്നു (അര്‍ക്കം)'
പരശുരാമന്റെ മഴു യാത്രചെയ്ത് സൃഷ്ടിച്ച സ്ഥലരാശിയും ഗോകര്‍ണ്ണത്തോളം ഞാന്‍ പോയി വന്നു കന്യാ മുമ്പിലും ഞാന്‍ ചെന്നു (അര്‍ക്കം ) എന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. നേര്‍വഴികള്‍ അല്ല തെറ്റിയ വഴികളാണ് ആറ്റൂരിന്റെ യാത്രാ ബിംബങ്ങളില്‍ ഉള്ളത്. നിന്നും നടന്നും കുതിച്ചും തളര്‍ന്നുവീണും ഉയര്‍ത്തെണീറ്റും പല ലോകങ്ങളിലൂടെ ആറ്റൂര്‍ യാത്ര ചെയ്തു. ആറ്റൂര്‍ കവിതകളില്‍ പ്രതിബിംബിക്കുന്ന ചരിത്ര സൂചനകളിലും ഈ ഘടകങ്ങള്‍ സുലഭമായി വായിക്കാം. തുരുത്തുകള്‍ എന്ന കവിതയില്‍ സ്വന്തം പുരപ്പണി കാണാന്‍ പോകുന്നുണ്ട് കവി. പല ദ്വീപുകളില്‍ തെറ്റിയിറങ്ങിയ പഴയൊരു നാവികനെപ്പോല്‍ ചുറ്റുമ്പോള്‍, മൗനക്കടലില്‍ മത്സ്യച്ചെകിളകള്‍, ശംഖിന്‍ തോടുകള്‍, നീര്‍ക്കാക്കച്ചിറകുകള്‍, തുണ്ടെല്ലുകള്‍, പാമ്പുകള്‍, ചീഞ്ഞ പഴങ്ങള്‍, തൊണ്ടുകള്‍ പോലെ പഴകിയ ചൊല്ലുകള്‍ ,!
കാലത്തിന്റെ ശ്ലഥ ബിംബങ്ങളെ ആറ്റൂര്‍ ആവിഷ്‌കരിക്കുന്നത് അഗാധമായ ജീവിതദര്‍ശനത്തിന്റെ ഭാഗമായാണ്. രണ്ട് ഭാഗങ്ങളുള്ള കവിതയാണ് 'അശാന്തസമുദ്രക്കരയില്‍'. ഭൂഗോളത്തിന്റെ മറുപുറത്താണ് കവി. ദിവസത്തിന്റെ മറുപുറത്ത്. കാഴ്ച്ചയില്‍ തെളിയുന്ന ദൃശ്യങ്ങളുടെ സമൃദ്ധിയില്‍ ലോകത്തെ വരച്ചിടുന്നു കവി. തടികളും തണ്ടുകളും ഇലകളും തമ്മിലുള്ള വ്യത്യാസം, ഉടുപ്പുകളും നടപ്പുകളും തമ്മിലുള്ള വ്യത്യാസം, നടവഴികള്‍, ചില്ലിട്ട തെരുവുകള്‍, മേല്‍പ്പാലങ്ങള്‍, തുരങ്കങ്ങള്‍, കാഴ്ചകള്‍ ഇങ്ങനെ പടരുകയാണ്. കാത് നിറയുന്ന സംഗീതത്തിനൊടുവില്‍ മൗനത്തിന്റെ നിറവ് കവി തിരിച്ചറിയുന്നു.
രണ്ടാംഭാഗത്തില്‍ പരമ്പരകള്‍ ഇല്ലാത്ത മറ്റൊരു ലോകമാണ്. വ്യാസന്റേയോ സായണന്റേയോ കാല്‍പ്പാടുകളോ അണ്ണാന്‍മാരുടെ മുതുകിലെ വരകളോ ഇല്ലാത്ത ഒരു ലോകത്ത് കവി ഒരു സാല്‍മണ്‍ മത്സ്യത്തിന്റെ ജന്മത്തിലേക്ക് പടരുന്നു. ഇതൊരു വിമുക്തി പഥമാണ്. 'താനെന്തെന്ന' ഒരു ഉദ്ബുദ്ധതയില്‍ കവിതയിലൂടെ കവി വിമോചിതനാകുകയാണ്. കാഴ്ചയും കേള്‍വിയും കേട്ടറിവും കവിതയില്‍ കടന്നുവരുന്നു. 'രണ്ടു വായനകള്‍' അത്തരമൊരു കവിതയാണ്. അറിവാണ് വിഷയം. അതും കേട്ടറിവ്. ആ അറിവിനെ കളിവിളക്കിന്‍ മുന്നിലേയ്ക്ക് കൊരുത്ത് വയ്ക്കുന്നു കവി. അരയന്നവും ചൊറിയും തമ്മിലുള്ള താരതമ്യമാണ് പിന്നീട്. ചൊറിയുടെ ദുര്‍വിധി മനുഷ്യന്റേത് കൂടിയാണെന്ന നടുക്കമാണ് കവിതയില്‍.
'ഒഴുകിയെത്തും സ്വന്തം മലം കലര്‍ത്താതെ രുചിക്കുവാന്‍ വയ്യ' 
REPRESENTATIONAL IMAGE | WIKI COMMONS
ആറ്റൂര്‍ കവിതകളുടെ ഏറ്റവും സംഘര്‍ഷഭരിതമായ കാലമാണ് എഴുപതുകള്‍. ലോകവും ദേശവും നാടും നഗരവും വ്യക്തിയ്ക്ക് മേല്‍ ഏല്‍പ്പിക്കുന്ന അതീവ തീവ്രമായ വ്യഥകളെയും മുറിവുകളെയും ആറ്റൂര്‍ കവിതകള്‍ അഭിസംബോധന ചെയ്തു. കവിതകൊണ്ട് തന്നെ അതിനെ ഇഴ കീറി എടുക്കാനാണ് കവി ശ്രമിച്ചത്. ബിംബ കല്പനകളിലെ ഭാവപ്പകര്‍ച്ചകളും, അപരത്വ ഭാവനകളുടെ സൂക്ഷ്മ സൗന്ദര്യങ്ങളും, ഇല്ലായ്മകളുടെ തീവ്ര വേദനകളും, ജീവിച്ചിരിക്കുന്നതിന്റെ സന്ദേഹങ്ങളും, നിലനില്‍ക്കുക എന്ന കര്‍ത്തവ്യബോധവും, സ്വത്വാശങ്കകളും, കാഴ്ചയെയും കേള്‍വിയെയും ബോധത്തെയും വിലക്കെടുക്കാന്‍ പ്രാപ്തമായ പുതിയ കാലത്തിന്റെ പടുകുഴികളെക്കുറിച്ചുള്ള അവബോധവും, നിര്‍യുക്തികതയുടെ പുതിയ പ്രത്യയശാസ്ത്രങ്ങളുടെ ഉദയവും, എഴുപതുകളിലെ ആറ്റൂര്‍ കവിത ശക്തമായി ചര്‍ച്ച ചെയ്തു. സംക്രമണം പോലുള്ള കവിതകള്‍ മനുഷ്യചരിത്രത്തിലെ വിവിധ കാലങ്ങളുടെ അഴുക്കുകളെ കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നു. അവനവനെ പുറത്തേക്കെടുത്ത് വിമലീകരിക്കുന്ന ഒരു കര്‍ത്തവ്യം ഈ കവിതകള്‍ ഏറ്റെടുക്കുന്നുണ്ട്. വൈയക്തിക തലത്തിലും സാമൂഹ്യതലത്തിലും ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന രൂക്ഷമായ യാഥാര്‍ത്ഥ്യങ്ങളുടെ സംക്രമണങ്ങളെ ആറ്റൂര്‍ കവിത നേര്‍ക്ക് നേര്‍ നിര്‍ത്തി ആഴത്തില്‍ വിമര്‍ശിച്ചു. ഉറങ്ങാത്തവന് കിനാവില്ല എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം തങ്കമോ വെള്ളിയോ ചെമ്പോ ആവാത്ത തന്റെ ദേശ സ്വത്വത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു (നാടന്‍).
ദുരിതകാലങ്ങള്‍ക്കറുതിയുണ്ടെന്ന പ്രതീക്ഷ തരുന്ന കവിതകളും ഉണ്ട്.
'വെളിച്ചം വന്നു
ഒച്ച വന്നു
കാണാനും കേള്‍ക്കാനും തുടങ്ങി
കാലം നീങ്ങിത്തുടങ്ങി' (ചെറുപ്പം)
'തീയല്ലാ കാറ്റല്ലാ കടലല്ല
യാദവന്മാരുടെ കൂട്ടത്തിലോ
യൂദന്‍മാരുടെ കൂട്ടത്തിലോ
ഭൂമിക്കൊരുണ്ണി പിറക്കുന്നു' ( ക്യാന്‍സര്‍)
'നിനക്കെഴുതുവാന്‍ പൂഴി വിരിപ്പൂ ഭാരതപ്പുഴ' ( മേഘരൂപന്‍)
ആറ്റൂരിന്റെ കവിത കണ്ടെടുത്തത് അനന്തമായ, അവിരാമമായ യാത്രകളുടെ- അതും ആന്തരികവും ബാഹ്യവുമായ യാത്രകളുടെ നിഗൂഢമായ വഴികളെയായിരുന്നു. എവിടെ നിന്നും വരുന്നു എങ്ങോട്ട് പോകുന്നു എന്ന കേവല ചോദ്യങ്ങളില്‍ നിന്ന് മുക്തി നേടിയ കാഴ്ചയാണ് ആറ്റൂരിന്റേത്. അദ്ദേഹത്തിന്റെ കാവ്യ ദര്‍ശനം വിദൂരങ്ങളും സമീപങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ്. യാത്രകളും ഒതുങ്ങിയിരിപ്പുമായി എത്രയെത്ര ആഴങ്ങള്‍ !ഉയരങ്ങള്‍ ! കാഴ്ചയും അന്ധതയുമായി എത്രയെത്ര സൗന്ദര്യങ്ങള്‍ ! ദൂരങ്ങളെക്കാള്‍ നിലനില്‍ക്കുന്ന ജലസ്മൃതികള്‍ ! രൂപത്തെക്കാള്‍ രൂപമില്ലായ്മയുടെ അതിരാഴികള്‍. ഓര്‍മ്മകളേക്കാള്‍ മറവികളെ പുണര്‍ന്ന വാക്കുകള്‍. യാത്ര എന്ന കവിതയില്‍ ഇറങ്ങാനുള്ള ഇടമെത്തുമ്പോള്‍ തീവണ്ടിയുടെ താളം മെല്ലെയാകുന്നു. കവിക്ക് തിരക്കില്ല, പറഞ്ഞു വച്ച പ്രകാരമൊരു ദിക്കിലേക്കുളള യാത്രയല്ല. അനിശ്ചിതത്വമുണ്ട് ആ യാത്രയില്‍. 'കാഴ്ചകള്‍ നമ്മെ കൊണ്ടുപോകുന്നു, കേള്‍വികള്‍ കൊണ്ടുപോകുന്നു, വണ്ടികള്‍, വഴികള്‍ കൊണ്ടുപോകുന്നു.' യാത്രയങ്ങനെ തുടരുകയാണ്. ചെല്ലേണ്ടിടത്തല്ല പലപ്പോഴും എത്തിച്ചേരുന്നത്. നാല്‍ക്കൂട്ടക്കവലകളില്‍ അമ്പരന്ന് നില്‍ക്കുമ്പോള്‍ രണ്ട് ഭാഷയിലേക്ക് പടരുന്ന ചോദ്യോത്തരങ്ങള്‍ കവിയെ കുഴക്കുന്നുണ്ട്. ഒടുവില്‍ തീര്‍പ്പിലെത്തുന്നു.
'നാം അകാലങ്ങളിലേക്ക്..
കാണാത്ത പഴംകാലങ്ങളിലേക്ക് ..
കാണാത്ത വരും കാലങ്ങളിലേക്ക് ..
കൊതിച്ചും പേടിച്ചുമടിവയ്ക്കുന്നു'
ആറ്റൂര്‍ കവിതകളിലേക്ക് കടന്നാല്‍ പിന്നെ മടക്കമില്ലല്ലോ!


