TMJ
searchnav-menu
post-thumbnail

Outlook

ഇടശ്ശേരിയുടെ പൂതവും കടപ്പുറത്തെ ഒറ്റമുലച്ചിയും

24 Apr 2023   |   4 min Read
മുരളീധരൻ കരിവെള്ളൂർ

കരക്കൊയ്ത്തു കഴിഞ്ഞ് കണ്ടമുണങ്ങി പൂട്ടുന്ന കാലത്ത്, കളത്തിൽ കതിർ മണികളുടെ ഊക്കൻ പൊന്നിൻ കുന്നുകൾ തീർക്കുന്ന നേരത്ത്, ഉണ്ണിക്ക് കുതുകം ചേർക്കാൻ, വീട്ടിന് മംഗളമേകാൻ, എല്ലാവർക്കും സൗഖ്യം നൽകാൻ വരണമെന്ന് പൂതത്തോടു പറഞ്ഞിട്ട് നങ്ങേലിയും ഉണ്ണിയും യാത്രയായി.|

ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' 

സഹൃദയ ലോകത്തിനു മുമ്പിലെത്തിയിട്ട് ഏപ്രിൽ 19 ന് എഴുപത് വർഷം പിന്നിട്ടു. കാവ്യാസ്വാദകരെ പുളകം കൊള്ളിച്ച കവിതയിലെ ഉണ്ണിക്ക് എഴുപത്തിയേഴായിട്ടും ഉണ്ണി ഇപ്പോഴും ഉണ്ണി തന്നെ !!! 'വള്ളുവനാട്ടിലെ കാവുകളിലെ പൂരക്കാലത്ത് ദേശസൗഖ്യത്തിനായി ഭഗവതിയുടെ ഭൂതഗണങ്ങൾ എന്ന സങ്കല്പത്തിലാണ് പൂതം കെട്ടി വീടുകൾ തോറും കയറിയിറങ്ങുന്നത്. വിളക്കുവെച്ച് നെല്ലും അരിയും അളന്നു വെച്ച് പൂതത്തെ നാട്ടുകാർ സ്വീകരിക്കും.' പൂതം ഒരു നാട്ടു മിത്തായി വള്ളുവനാടൻ ഗ്രാമ ഹൃദയത്തിൽ വേരുകൾ ആഴ്ത്തി നീലാകാശത്തിലേക്ക് കൈകൾ ഉയർത്തി പടർ പന്തൽ തീർക്കുന്നു. പൂതപ്പാട്ടിലെ പൂതം ഇടശ്ശേരിയുടെ കാവ്യ കല്പനയാണ്.

"കേട്ടിട്ടില്ലേ തുടികൊട്ടും കലർ -
ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതിൽ പിച്ചളത്തോട കഴുത്തിൽ
'ക്കല പലെ 'പാടും പണ്ടങ്ങൾ
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തു മുലകളിൽ -
ച്ചേലിലിഴയും പൂമാല്യം
പുറവടിപ്പടി മൂടിക്കിടക്കും
ചെമ്പൻ വാർകുഴൽ മുട്ടോളം
ചോപ്പുകൾ മീതെ ചാർത്തിയര മണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ വരവഞ്ചിത നൃത്തം
ചെയ്യും നല്ല മണിപ്പൂതം."


ഇടശ്ശേരി ഗോവിന്ദൻ നായർ | Photo: Wiki Commons

തുടികൊട്ടലിന്റെ അകമ്പടിയിൽ അരമണികിലുക്കി ചിലമ്പൊച്ചയുമായി നൃത്തം ചെയ്തുവരുന്ന പൂതത്തിന്റെ ആകാരഭംഗി വാക്കുകളുടെ ചായക്കൂട്ടിൽ ഇടശ്ശേരി വരച്ചു വെച്ചത് വായനക്കാരിൽ വിസ്മയം വിരിയിച്ചു.
പതിറ്റാണ്ടുകൾക്കപ്പുറം പ്രീഡിഗ്രിക്കാലത്ത് എടാട്ടെ കുന്നിൻ മുകളിലെ പയ്യന്നൂർ കോളേജ്. ഇടശ്ശേരി എഴുതിയ വരികളുടെ കാവ്യഭംഗി ഒട്ടും ചോരാതെ പ്രിയപ്പെട്ട ടീച്ചർ 'പൂതപ്പാട്ട്' ഈണത്തിലും ഭാവത്തിലും ചൊല്ലിപ്പഠിപ്പിച്ചത് കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ല. ക്ലാസ്സിലെ ഇത്തിരി വട്ടത്തിൽ 'പൂതപ്പാട്ട് ' അരങ്ങേറുമ്പോൾ പാട്ടിനായി കാതു കൂർപ്പിച്ച്, തുറന്ന ജാലകക്കാഴ്ച്ചയിൽ കണ്ണും നട്ട് ഞങ്ങളിരുന്നു.

" പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയിൽ
കിളിവാതിലിൽക്കൂടി തുറു കണ്ണും പായിച്ചു
പകലൊക്കെ പാർക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണൽ പൂകും.
ഒറ്റയ്ക്കു മേയുന്ന പയ്യിൻ മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിയ്ക്കും."

ദൂരെ ഉച്ചവെയിലിൽ ചെറാട്ട് കുന്നിന്റെ ചെരിവിൽ ഒറ്റയ്ക്കു മേയുന്ന പൈക്കളെ കണ്ടു! പൂതം മുലകുടിക്കാനെത്തുന്ന വിസ്മയക്കാഴ്ചയിൽ മുഗ്ദ്ധരായി നേരം പോയതറിഞ്ഞില്ല. വർഷങ്ങൾ പലതു കഴിഞ്ഞു. കവ്വായിക്കായലിനക്കരെ, പടിഞ്ഞാറൻ കടലിന്റെ പാട്ടുകേട്ട് ഇരുപത്തിനാലു കിലോമീറ്റർ നീളത്തിൽ ജലത്തിൽ അലസമായി കിടക്കുന്ന മുതലയെപ്പോലെ തെക്കു-വടക്കു നീണ്ടു കിടക്കുന്ന മരതക ദ്വീപ്; വലിയപറമ്പ്.

കടപ്പുറത്തെ പല വിദ്യാലയങ്ങളിൽ പതിനഞ്ചു വർഷം അധ്യാപകനായിക്കഴിഞ്ഞ കാലം. അവിടെ, ഇടശ്ശേരിയുടെ തൂലികയിൽ വിരിഞ്ഞ നാട്ടു പൂതത്തെ കണ്ട് വിസ്മയിച്ചു!കടപ്പുറത്തെ നാടോടിക്കഥയിലെ ഒറ്റമുലച്ചി. കരയുന്ന കുട്ടികളെ ഉറക്കാൻ പേടിപ്പിക്കുന്ന പൂതമായി മുത്തശ്ശിക്കഥയിൽ ഒറ്റമുലച്ചി ചുവടു വെച്ചു. കന്നുവീട് കടപ്പുറത്തെ സ്വാമി മഠം. കാവിലെ ഉത്സവ കാലം. തീപ്പന്തങ്ങൾ നിരക്കവെ കുത്തി, മുടിയെടുത്താടുന്ന ഘണ്ടാകർണ്ണൻ തെയ്യം. മെയ്യാ ഭരണങ്ങളും അരമടയും ചിലമ്പും കെട്ടി അസുരവാദ്യത്തിന്റെയും ചീനിക്കുഴലിന്റെയും അകമ്പടിയിൽ തെയ്യം ഉറഞ്ഞാടി. തെയ്യത്തെ തൊഴാനെത്തിയ ആൾക്കൂട്ടത്തിൽ ഋതുമതിയായ ഒരു സ്ത്രീയുണ്ടായിരുന്നു. തീണ്ടാരിപ്പെണ്ണിനെ തിരിച്ചറിഞ്ഞ തെയ്യം ശപിച്ചു. അവൾ ഒറ്റമുലച്ചിയായി.

ഒറ്റമുലച്ചി ഗതികിട്ടാതെ കടപ്പുറത്ത് അലഞ്ഞു. ഒരിക്കൽ ഒരു വൈകുന്നേരം കടപ്പുറത്തെ കുടിലിന്റെ മുറ്റത്ത് വെറും മണ്ണിൽ ഒരു പിഞ്ചുകുഞ്ഞ് നീന്തിത്തുടിക്കുന്നത് അവൾ കണ്ടു. കുഞ്ഞിനെ കണ്ടപ്പോൾ ഒറ്റമുലച്ചി കോരിത്തരിച്ചു.അതിനെ സ്വന്തമാക്കാൻ ആശിച്ചു.ഒരു പെൺകുട്ടിയുടെ വേഷത്തിൽ കുടിലിന്റെ മുറ്റത്തെത്തി.അമ്മ പുറത്തുവന്നു. പെൺകുട്ടി ഉള്ളി കടം ചോദിച്ചു.അമ്മ ഉള്ളി നീട്ടിയപ്പോൾ അവൾ കൈ പിൻവലിച്ചു. താഴെ വീണ ഉള്ളിയെടുക്കാൻ അമ്മ കുനിഞ്ഞപ്പോൾ ആ പെൺകുട്ടി തന്റെ തൽസ്വരൂപം കാട്ടി. തൂങ്ങിയാടുന്ന ഒറ്റമുല കൊണ്ട് നടുപ്പുറത്ത് ഒറ്റയടി! അമ്മ ബോധരഹിതയായി നിലം പതിച്ചു. ഈ തക്കത്തിന് കുഞ്ഞിനെയും കൈക്കലാക്കി ഒറ്റമുലച്ചി ഒറ്റയോട്ടം! ഒറ്റമുലച്ചിയുടെ മാറോടു ചേർന്നു കിടന്ന കുട്ടി ഉറങ്ങി.



നേരം അന്തിയായി. അന്തിച്ചുവപ്പിൽ പടിഞ്ഞാറൻ കടൽ തിളച്ചു. ബോധം തെളിഞ്ഞ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കൊണ്ടുപോയത് ഒറ്റമുലച്ചിയാണെന്ന് മനസ്സിലായി. തേങ്ങിക്കരഞ്ഞുക്കൊണ്ട് കുഞ്ഞിനെത്തേടി അവളോടി. തെങ്ങിൻ തലപ്പിലും മരക്കൊമ്പുകളിലും ചേക്കേറുന്ന കാക്കകളും കൊക്കുകളും ഉൽക്കണ്ഠയോടെ  അമ്മയെ നോക്കി. മാളങ്ങളിൽ നിന്നു പുറത്തു വന്ന ഞണ്ടുകളും കണ്ടൽക്കാട്ടിലെ നീർനായയും തുറുകണ്ണുകൾ കൊണ്ട് അമ്മയെ ചുഴിഞ്ഞു നോക്കി. കൈതക്കാട്ടിലെ ഓരിക്കുറുക്കന്മാർ അമ്മയുടെ തേങ്ങൽ കേട്ട് ചെവി കൂർപ്പിച്ചു. കരച്ചിൽ കേട്ട നാട്ടുകാർ അമ്മയുടെ പിറകെക്കൂടി.

കുഞ്ഞിനെത്തേടിയുള്ള ഓട്ടത്തിനിടയിൽ ആ ദൃശ്യം അമ്മയുടെ കണ്ണിൽ പതിഞ്ഞു. ദൂരെ ഒറ്റമുലച്ചി തന്റെ കുഞ്ഞിനെയുമെടുത്ത് ഓടുന്നു. അമ്മ ഒരു കൊടുങ്കാറ്റായി ഒറ്റമുലച്ചിയുടെ പിറകെ അലച്ചെത്തി. ക്രുദ്ധയായ അമ്മയുടെ പിടിയിലകപ്പെടുമെന്നായപ്പോൾ ഒറ്റമുലച്ചി പേടിച്ചു വിറച്ചു.കരയിൽ കയറ്റി വെച്ച ഒരു ഓടത്തിൽ, ഉറങ്ങുന്ന കുട്ടിയെ മെല്ലെ വെച്ച് വല കൊണ്ട് പുതപ്പിച്ചു. അടുത്തു തന്നെയുള്ള മറ്റൊരു ഓടം മറഞ്ഞ് ഒറ്റമുലച്ചി ഇരുന്നു.

സന്ധ്യയ്ക്ക് കനം വെച്ചു. ഇരുൾ പരക്കാൻ തുടങ്ങി. ചൂട്ടും വീശി വരുന്ന ആൾക്കൂട്ടം. ഏറ്റവും മുമ്പിൽ രോഷാകുലയായ അമ്മ. ഓലച്ചൂട്ടിന്റെ തീയാളലിൽ ഓടത്തിൽ ഒരു തിളക്കം ! ഓടത്തിലുറങ്ങുന്ന കുട്ടിയുടെ കാലിലെ പൊൻകാപ്പ് തീവെളിച്ചത്തിൽ തിളങ്ങി. അമ്മയുടെ നോട്ടം അതിൽ പതിഞ്ഞു. കുട്ടിയെ കോരിയെടുത്ത് അവന്റെ മൂർധാവിൽ ആ അമ്മ മുത്തം കൊടുത്തു. അമ്മയുടെ മനം കുളിർത്തു. ആളുകൾക്കെല്ലാം സന്തോഷമായി. ഓടം മറഞ്ഞിരുന്ന് ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ഒറ്റമുലച്ചിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഏങ്ങിയേങ്ങിക്കരഞ്ഞു. ആൾക്കൂട്ടത്തിന്റെ ആരവത്തിനിടയിൽ ആ തേങ്ങൽ ആരും കേട്ടില്ല.

നാടോടിക്കഥയിലെ ഒറ്റമുലച്ചി, സ്വാമി മഠം കാവിലെ ഉത്സവത്തലേന്നാൾ രാത്രിയിൽ ദേശസഞ്ചാരത്തിനിറങ്ങുമെന്നാണ് നാട്ടു വിശ്വാസം. കൂപ്പിയ കൈകളിൽ ഒരു കോഴിയെ ഒതുക്കിപ്പിടിച്ച് കായൽക്കരയിലൂടെ വടക്ക് ഐക്കൊടി (അഴിമുഖം) ക്കേക്ക് ഓടും. ഒറ്റമുലച്ചിയുടെ ഏങ്ങലടിയും കോഴിക്കരച്ചിലും അലയടിച്ചെത്തും. അഴിമുഖത്തെത്തുന്ന ഒറ്റമുലച്ചി കടലോരത്തിലൂടെ സ്വാമി മഠം ലക്ഷ്യമാക്കി തെക്കോട്ട് തിരിഞ്ഞോടും. ഉറങ്ങാതെ വാശി പിടിച്ചു കരയുന്ന കുട്ടികളെ അമ്മമാർ ഒറ്റമുലച്ചിയുടെ ഏങ്ങലടിയും കോഴിക്കരച്ചിലും കേൾപ്പിക്കും. ഉറങ്ങിയില്ലെങ്കിൽ ഒറ്റമുലച്ചി കൊണ്ടു പോകുമെന്ന് പറഞ്ഞു പേടിപ്പിക്കും. ഇതു കേൾക്കുമ്പോൾ എത്ര വലിയ വാശിക്കാരൻ കുട്ടിയും പേടിച്ചുറങ്ങും.


1953 ഏപ്രിൽ 13 മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പൂതപ്പാട്ടിന്റെ പേജ് 

പ്രസവിക്കാത്ത മാതൃത്വത്തിന്റെ തേങ്ങലായി ഇടശ്ശേരി 'പൂതപ്പാട്ടി'ൽ കേൾപ്പിച്ച ആ ശബ്ദം കവ്വായിക്കായലിന്റെ അക്കരെ കടപ്പുറത്ത് നാട്ടുകഥയിൽ പ്രതിദ്ധ്വനിച്ചു. കൂപ്പിയ കൈകളിൽ ഒതുങ്ങിയിരിക്കുന്ന കോഴിയെ, അല്പനേരത്തേക്കെങ്കിലും ഒറ്റമുലച്ചി സ്വന്തമാക്കിയ കുട്ടിയായി സങ്കല്പിക്കാം. പ്രസവിക്കാത്ത മാതൃത്വത്തിന്റെ ആരും കേൾക്കാത്ത തേങ്ങലായി, ഒറ്റമുലച്ചിയുടെ ഏങ്ങലടി കടപ്പുറത്തെ നാട്ടുകഥയിലിപ്പോഴും അലയടിക്കുന്നുണ്ട്.

ഫ്യൂഡൽ വ്യവസ്ഥയുടെ പിന്തിരിപ്പൻ മൂല്യങ്ങളെ വെല്ലുവിളിച്ച സ്വാതന്ത്ര്യബോധമുള്ള സ്ത്രീയാണ് നാട്ടുകഥയിലെ ഒറ്റമുലച്ചി. ഋതുമതിയായ സ്ത്രീകൾ വീട്ടിൽ അടച്ചിരിക്കണമെന്നും പൊതു ഇടങ്ങളിൽ അവർക്ക് സ്ഥാനമില്ലെന്നുമുള്ള അധികാര കല്പനയെ ചോദ്യം ചെയ്യാൻ തയ്യാറായ തന്റേടമുള്ള പെണ്ണിനെ 'ഒറ്റമുലച്ചി'യെന്ന് വിളിച്ച് അപഹസിച്ച് സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു. ആർത്തവം കുറ്റമാണെന്ന അധികാര നീതിയെ ചോദ്യം ചെയ്യാൻ തയ്യാറായ പെണ്ണിനെ ഒരുമ്പെട്ടവൾ എന്നും യക്ഷി എന്നും വിളിച്ച് ആക്ഷേപിച്ച് പടിയടച്ച് പിണ്ഡം വെച്ചു.

അപമാനഭാരവും പേറി കടപ്പുറത്തെ ഊഷരമായ പൂഴി പരപ്പിൽ അലഞ്ഞു നടന്നവൾ അടങ്ങാത്ത കാമനകൾ ഉള്ളിലൊതുക്കി നീറി നീറിക്കരഞ്ഞു. പ്രസവിക്കാത്തവളെങ്കിലും പിഞ്ചു കുഞ്ഞിനെ കണ്ടപ്പോൾ അവളിലെ മാതൃത്വം ഉണർന്നു. ആശകൾ ചിറകടിച്ചു പറന്നു. അങ്ങനെയായിരിക്കാം അവൾ കുട്ടിയെ അപഹരിച്ചത്.

ഒറ്റമുലച്ചിയുടെ തേങ്ങലുകൾക്ക് ചെവികൊടുക്കാൻ ആരും തയ്യാറായില്ല. അതിന്നും അങ്ങനെ തന്നെ !!!  ദുർബലരും അരികുവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പരാതികൾക്കും പരിദേവനങ്ങൾക്കും  ചെവികൊടുക്കാതെ മുഖം തിരിക്കുന്ന മൂലധന വാഴ്ചയുടെ കെട്ട കാലത്ത് നാട്ടുകഥയിലെ ഒറ്റമുലച്ചിയെ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. 


കടപ്പാട്:

  1. പൂതപ്പാട്ട് (കവിത) - ഇടശ്ശേരി ഗോവിന്ദൻ നായർ
  1. 'തേങ്ങലിനൊത്ത കുഴൽ വിളി കേൾപ്പൂ ' - പൂതപ്പാട്ടിന്റെ സപ്തതി  (ലേഖനം) - എൻ പി വിജയകൃഷ്ണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് - 2023 ഏപ്രിൽ 23-29)
Leave a comment