അതേ... ആ നെല്ലിമരം പുല്ലാണ്
മനുഷ്യരെ ആണ്‍, പെണ്‍ എന്ന വേര്‍തിരിവിനപ്പുറമായി ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളാക്കുകയും അതില്‍ ഹിന്ദുക്കളെ മാത്രം എടുത്തുനോക്കിയാല്‍ വീണ്ടും അനേകം ഉപവിഭാഗങ്ങളാക്കി മാറ്റിനിര്‍ത്തുകയും ചെയ്തത് ആദിയില്‍ മനുഷ്യരെ സൃഷ്ടിച്ചു എന്നു പറയുന്ന ദൈവത്തിന്റെ പ്രവര്‍ത്തിയല്ല. നിറത്തിന്റെ പേരില്‍ മനുഷ്യരെ വ്യത്യസ്ത വിഭാഗങ്ങളാക്കി ഓരോ വിഭാഗത്തിനും പ്രത്യേകം തൊഴിലുകളും അവകാശങ്ങളും കടമകളും നല്‍കി മാറ്റിനിര്‍ത്തിയത് അധികാരം അല്പം കൂടിയ മനുഷ്യര്‍ തന്നെയായിരുന്നു. സമൂഹത്തിലെ എല്ലാ കൊള്ളരുതായ്മകളും അനുഭവിക്കേണ്ടത് അടിയാളന്മാര്‍ അല്ലെങ്കില്‍ കറുത്തവര്‍ അതുമല്ലെങ്കില്‍ ജാതിയിലെ ദലിത് വിഭാഗത്തില്‍പ്പെട്ട പുലയര്‍ ഇവരൊക്കെയാണെന്ന ഒരു വ്യവസ്ഥ തന്നെ നിലനില്‍ക്കുന്നു.
ഭരണഘടനയില്‍ മാറ്റങ്ങള്‍ വന്നിട്ടും സാംസ്‌കാരിക നായകന്മാര്‍ ഉന്നമനം നടത്തിയിട്ടും ഇന്നും കേരളത്തിനകത്തും പുറത്തും താഴ്ന്ന വിഭാഗക്കാര്‍ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അനവധിയാണ്. സമൂഹം അപരിഷ്‌കൃതര്‍ എന്ന വിളിപ്പേരിട്ട് മാറ്റിനിര്‍ത്തിയവരെ കുറിച്ച് സംസാരിക്കാന്‍ അല്ലെങ്കില്‍ അവരുടെ ദുരിതാനുഭവങ്ങളെ മറ്റു ആളുകളിലേക്ക് എത്തിക്കാന്‍ സാഹിത്യരംഗത്ത് പലരും മുന്നോട്ടുവന്നു എന്നത് ശ്രദ്ധേയമാണ്. ശരണ്‍കുമാര്‍ ലിംബാളെയുടെ കൃതികള്‍, ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍, മാടന്‍ മോക്ഷം, പെരുമാള്‍ മുരുകന്റെ നിരവധി നോവലുകള്‍, കുഞ്ഞാമന്റെ എതിര് എന്നിവ അതില്‍ ഉദാഹരണങ്ങള്‍ മാത്രം.
എന്നാല്‍ ഒരു ദലിത് സ്ത്രീ അതും ഒരു സാധാരണ വീട്ടമ്മ താന്‍ കറുത്തവളായതുകൊണ്ടും താഴ്ന്ന ജാതിയില്‍ ജനിച്ചു എന്നതുകൊണ്ടും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആത്മകഥാ രൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് രജനി പാലാമ്പറമ്പിലിന്റെ 'ആ നെല്ലിമരം പുല്ലാണ്'.
PHOTO: FACEBOOK
ആത്മകഥ എന്ന് കേള്‍ക്കുമ്പോള്‍ ഭൂതകാലത്തിന്റെ ഗൃഹാതുരത്വം നിറയുന്ന മധുരമുള്ള ഓര്‍മ്മകളാണെന്ന് തെറ്റിദ്ധരിച്ചുപോകും. എന്നാല്‍ ഈ പുസ്തകത്തില്‍ കയ്പ്പുനിറഞ്ഞ അനുഭവങ്ങളാണ്. തന്റെ ജീവിതത്തില്‍ കുടിച്ചിറക്കിയ കയ്പ്പുനീരുകളെ കുറിച്ചാണ് രജനിപാലാമ്പറമ്പില്‍ 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകത്തിലൂടെ പറയുന്നത്. വരേണ്യതയുടെ അടയാളമായി കല്പിക്കുന്നത് എന്തും അതൊരു നെല്ലിമരമാണെങ്കില്‍ കൂടി തനിക്ക് പുല്ലാണെന്ന് വെളിപ്പെടുത്തുകയാണ് എഴുത്തുകാരി.
മികച്ചൊരു സാഹിത്യ സൃഷ്ടിയായോ, ആത്മകഥയുടെ ചട്ടക്കൂടിന്റെ എല്ലാ ചേരുവകളോടെയും തയ്യാറാക്കിയതല്ല 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകം. എന്നിട്ടും എന്തുകൊണ്ടാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത് അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടേണ്ടത് എന്നിടത്താണ് അതിന്റെ വസ്തുതകളിലേക്ക് നമ്മള്‍ അന്വേഷിച്ചിറങ്ങേണ്ടത്. വിധവയും സാധാരണ വീട്ടമ്മയുമായ ഒരു ദലിത് സ്ത്രീയുടെ രാഷ്ട്രീയ നിലപാട് കൂടിയാണ് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. രാഷ്ട്രീയം എന്നതുകൊണ്ട് കക്ഷിരാഷ്ട്രീയമല്ല രജനി മുന്നോട്ടുവയ്ക്കുന്നത്. മറിച്ച് എല്ലാ മനുഷ്യരേയും തുല്യരായി കാണണമെന്നും എല്ലാ മനുഷ്യര്‍ക്കും സമൂഹത്തില്‍ ഒരുപോലെ ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. നിലപാടുകൊണ്ട് ശക്തിപ്രാപിക്കുന്ന സ്ത്രീയുടെ ജീവിതത്തിന് ഉദാഹരണമാണ് രജനി പാലാമ്പറമ്പില്‍. തനിക്ക് ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരിക്കലും മധുരമുള്ളതായി ഒന്നുമില്ലെന്നും പൊരിവെയിലിലും പാടത്തും പറമ്പിലും പണിയെടുക്കുന്നതും, ഓര്‍മ്മവച്ചത് മുതല്‍ ആ തുടര്‍ക്കാഴ്ചകളില്‍ പങ്കാളിയാകുന്നതുമാണ് തന്റെ ഭൂതകാലമെന്ന് രജനി പറയുന്നു. അരമനകളിലും, നാലുകെട്ടിലും, കളപ്പുരയുടേയും, പടിപ്പുരയുടേയും ഉള്ളില്‍ ജീവിക്കുന്നവര്‍ക്ക് വീടില്ലാത്തവന്റെ അവസ്ഥ മനസ്സിലാകണം എന്നില്ല. ഒരു കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ദളിത് സാഹിത്യത്തിലെ ദളിത്ജീവിതം എന്നാല്‍ പട്ടിണിയുടെയും കണ്ണീരിന്റെയും കഥ എന്ന ചട്ടക്കൂടിനെ മറികടക്കാനാണ് തന്റെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു ദളിതര്‍ = ദരിദ്രര്‍ എന്ന സമവാക്യം മാറ്റി എഴുതേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് എഴുത്തുകാരി ഉറപ്പിച്ചുപറയുന്നു.
രജനി എന്ന പേരിന്റെ അര്‍ത്ഥം തന്നെ കറുത്തത് എന്നാണെന്നു പറഞ്ഞ് 'കറുമ്പി' എന്ന് ആവര്‍ത്തിച്ചു വിളിക്കുന്ന പ്രൈമറി ക്ലാസിലെ കണക്ക് അധ്യാപികയെ രജനി ഓര്‍ക്കുന്നുണ്ട്. ഉയര്‍ന്ന ക്ലാസുകളില്‍ 'ടീച്ചര്‍മാര്‍ എപ്പോഴെങ്കിലും ഞങ്ങളെ കണ്ടിട്ട് വേണ്ടേ പരിഗണിക്കാന്‍' എന്നൊരു വാക്കും പുസ്തകത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ഉയര്‍ന്ന ജാതിക്കാരായ അധ്യാപികമാര്‍ തന്നെയാണ് ഇവിടെ പരിഹാസവുമായി രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയം തന്നെ. താഴ്ന്ന ജാതിക്കാരിയായ സഹപ്രവര്‍ത്തകയോടു പോലും വിവേചനം കാണിക്കുന്ന 'സംസ്‌കാര ബോധവാന്മാരായ വരേണ്യ വര്‍ഗ്ഗങ്ങളാണവര്‍'...
രോഗങ്ങള്‍ക്ക് വരെ നിറവ്യത്യാസം കല്‍പ്പിച്ച ഒരു സമൂഹത്തെ രജനി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. കറുത്ത വസൂരി വന്നാല്‍ ഭാഗ്യക്കേടും ചുവന്നത് വന്നാല്‍ ഭാഗ്യവും കല്‍പ്പിക്കുന്ന ആളുകള്‍. അസുഖം മാറാന്‍ ദൈവങ്ങളോട് ആജ്ഞാപിക്കാന്‍ വരെ കെല്‍പ്പുള്ളവര്‍ ആയിരുന്നു ദളിതര്‍. ദളിത് ദൈവങ്ങള്‍ ജനങ്ങളുമായി അത്രകണ്ട് ആത്മബന്ധത്തിലായിരുന്നു എന്ന കഥ ജയമോഹന്റെ 'മാടന്‍ മോക്ഷം 'എന്ന നോവലില്‍ കാണാവുന്നതാണ്. എന്നാല്‍ വരേണ്യവര്‍ഗ്ഗങ്ങളുടെ ദൈവങ്ങളോട് ശ്രീകോവിലിന്റെ മുന്നില്‍ച്ചെന്ന് താണുവണങ്ങി അപേക്ഷിച്ചുവേണം കാര്യം സാധിക്കാന്‍. ആള്‍ദൈവമെന്ന് കരുതപ്പെടുന്ന മാതാ അമൃതാനന്ദമായി ദേവിയുടെ ആശ്രമത്തില്‍ പോലും കറുത്തവരെ മാറ്റിനിര്‍ത്തി വെളുത്തവരെയും വിദേശീയരെയും ചേര്‍ത്തുപിടിക്കുന്നതും രജനി പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
വിദ്യാഭ്യാസത്തിനായി ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് / ഗ്രാന്‍ഡ് വാങ്ങുന്നതിന്റെ ഭാഗമായി കൂട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും കേള്‍ക്കേണ്ടിവന്ന അപമാനങ്ങള്‍ക്ക് കണക്കില്ല
'നിങ്ങള്‍ക്കൊക്കെ പഠിക്കുന്നതില്‍ എന്ത് സുഖമാണ് സ്‌റ്റൈഫന്‍ഡ് കിട്ടുന്നുണ്ട്. എല്ലാം കിട്ടുന്നു. അത് കിട്ടാത്ത പിള്ളേര്‍ എന്ത് ബുദ്ധിമുട്ടിയാണ് പഠിക്കുന്നത്. നിങ്ങള്‍ക്ക് എന്താണ് കുഴപ്പം? എല്ലാ കാര്യങ്ങളും ഗവണ്‍മെന്റ് തരുന്നുണ്ട്'. മറ്റു കുട്ടികള്‍ക്കിടയില്‍ നിന്ന് ചൂളിപ്പോകുന്ന അനുഭവം വ്യക്തമാക്കുകയാണ് രജനി. അതുപോലെ വലിയ വീട്ടിലെ കുട്ടികളുടെ ഉപയോഗിച്ച് മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുത്തിടേണ്ട അവസരം വരുമ്പോള്‍ മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് ആക്ഷേപിക്കപ്പെട്ട നിമിഷങ്ങളും അനവധിയെത്രേ...
കക്കൂസ്സില്ലാതെ 1980 കാലഘട്ടത്തില്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യുന്ന കോളനി നിവാസികളെ പറ്റി രജനി എഴുതുന്നുണ്ട്. കേരള മനസ്സാക്ഷിക്ക് തന്നെ നാണക്കേടാണത്. ദളിതര്‍ക്ക് വേണ്ടി ഫണ്ടുകള്‍ അനവധി ഉണ്ടായിട്ടും വേണ്ടത്ര നടപ്പിലാക്കാതെ പോകുന്നു എന്നതാണ് വാസ്തവം. പഠിക്കാനാവശ്യമായ സൗകര്യങ്ങളൊന്നും ഇല്ലാതിരിക്കേ ബിഎഡ് വരെ പഠിച്ചിട്ടും ഒരു സ്ഥിരവരുമാനമുള്ള ജോലി രജനിക്ക് ലഭിച്ചിട്ടില്ല. വേണ്ടത്ര മനസ്സിലാക്കാതെ പോയ പ്രണയബന്ധത്തെ തുടര്‍ന്നുള്ള വിവാഹവും പങ്കാളിയുടെ സംശയരോഗവും ആകസ്മികമായി ഉണ്ടായ മരണവും രജനിയെ തളര്‍ത്തിയിട്ടില്ല. എസ്‌സി പ്രൊമോട്ടര്‍ ആയി അല്പകാലം ജോലിയില്‍ ഇരുന്നെങ്കിലും അവിടെയും ഇരിക്കാന്‍ ഒരു കസേര പോലും അനുവദിക്കാതെ, അപമാനിച്ച ഉദ്യോഗസ്ഥരെ കുറിച്ച് രജനി ഓര്‍ത്തെടുക്കുന്നു.
രജനി പാലാമ്പറമ്പില്‍ ഒരുപാട് പേരുടെ പ്രതിനിധിയാണ്. ഓരോ വനിതാ ദിനത്തിലും സ്ത്രീകളെ പുകഴ്ത്തിക്കൊണ്ടും വേദിയില്‍ സ്വീകരിച്ചിരുത്തി പൊന്നാടയിട്ട് ആദരിക്കുകയും ചെയ്യുന്ന പരിപാടികള്‍ മുറപോലെ നടക്കുമ്പോഴും വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും വിധവയായിരുന്നിട്ടും രണ്ട് കുട്ടികളെ സംരക്ഷിക്കേണ്ടവളായിട്ടും സര്‍ക്കാരില്‍ നിന്നോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ ഒരു സഹായവും ലഭിക്കാത്ത രജനിയുടെ കഥ പുറംലോകം അറിയേണ്ടതുണ്ട്. സ്വന്തം നിലപാടിനെ ഏതൊരാളുടെ മുന്നിലും തുറന്നുപറയാന്‍ കെല്‍പ്പുള്ളവള്‍ എന്ന നിലയിലാണ് രജനി വ്യത്യസ്തയാകുന്നത്. ഓര്‍മ്മകളുടെ പടവുകളിറങ്ങി കോലോത്തെ തമ്പ്രാക്കളുടെ മുറ്റത്തെ നെല്ലിമരം ഒന്നുലത്തി കുളിരുകൊള്ളുന്ന ഒരു ബാല്യകാലം തനിക്കില്ലെന്നും അങ്ങനെ ഒരു നെല്ലിമരം ഉണ്ടെങ്കില്‍ തന്നെ അതെനിക്ക് പുല്ലാണെന്നും വളരെ ശക്തമായിത്തന്നെ കേരളത്തെ അധികാര വ്യവസ്ഥയോട് തറപ്പിച്ചു പറയുകയാണിവിടെ. അരികുവല്‍കരിക്കപ്പെടുന്ന ജനങ്ങളെ കൂടി ചേര്‍ത്തുപിടിക്കേണ്ടതാവണം ജനാധിപത്യം. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും മറ്റുമായി ഫണ്ടുകള്‍ ഉണ്ടെങ്കിലും അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പിക്കുന്നതാവണം പട്ടികജാതി വികസന കമ്മീഷനുകള്‍ ചെയ്യേണ്ടത്. മാറ്റിനിര്‍ത്തപ്പെടുന്ന ഈ ഓരോ മനുഷ്യരും ചേര്‍ന്നതാണ് നമ്മുടെ സമൂഹമെന്നും ' ആ നെല്ലിമരം പുല്ലാണെ'ന്ന പുസ്തകത്തിലൂടെ രജനി പാലാമ്പറമ്പില്‍ ഏറ്റവും ലളിതമായി തന്റെ ജീവിതം പറഞ്ഞുവയ്ക്കുന്നു.
പ്രശസ്തരോ അതിപ്രശസ്തരോ ആയിട്ടുള്ള എഴുത്തുകാരുടെ ആത്മകഥകളുടെ പുസ്തകങ്ങളുടെ ഇടയിലേക്കാണ് സാധാരണ ഒരു ദളിത് വീട്ടമ്മ തന്റെ ജീവിതകഥകളുമായ് രംഗത്തേക്ക് ഇറങ്ങുന്നത്. മിണ്ടാതെ മാറിനിന്നും അടക്കിപ്പിടിച്ചും കഴിഞ്ഞ നാളുകള്‍ക്ക് വിടപറഞ്ഞുകൊണ്ട് ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ച ഒരു പെണ്ണിന്റെ ധൈര്യത്തെയാണ് ഇവിടെ വിലയിരുത്തപ്പെടേണ്ടത്, വിപ്ലവമാകേണ്ടതും ആ ചങ്കൂറ്റമാണ്.