നീതിവാഹകരായ കുഞ്ഞുതീകള്‍
ഒന്ന്
''നീ അമ്മദേഹമുള്ള മനുഷ്യരെ കണ്ടെത്താന്‍ നോക്കണം. അവരിലൂടെയുള്ള ജീവന് മാത്രമേ അല്‍പമെങ്കിലും വിലയുള്ളൂ.''
''എനിക്ക് അതേപ്പറ്റി ഒന്നും അറിയില്ല...'' കുഞ്ഞുതീയുടെ ശബ്ദം ഒന്നുകൂടി നേര്‍ത്തു.
''മനുഷ്യര്‍ക്കിടയില്‍ അ-ദ്ദേഹങ്ങളാണധികം. മിക്കവാറും ആണ്‍-മനുഷ്യരെയാണ് അ-ദ്ദേഹം എന്ന് വിളിക്കുക (എന്തുകൊണ്ട് എന്നൊന്നും ചോദിക്കരുത്). മനുഷ്യത്തികള്‍ എല്ലാം അമ്മദേഹങ്ങളല്ല, പക്ഷെ അങ്ങനെയാണെന്ന് മനുഷ്യര്‍ വിചാരിക്കുന്നു. പലപ്പോഴും അമ്മദേഹങ്ങള്‍ അ-ദ്ദേഹങ്ങള്‍ കൂടിയാണ്. അ-ദ്ദേഹമായ മനുഷ്യത്തികളെ നിര്‍ബന്ധമായും അമ്മദേഹമാക്കും ഇവര്‍. പിന്നെ അമ്മദേഹങ്ങള്‍ മാത്രമല്ല, അമ്മദേഹികളുമുണ്ട്. കുഞ്ഞുങ്ങളെ എടുത്തുവളര്‍ത്തുന്നവര്‍...''
ജെ ദേവികയുടെ കുഞ്ഞുതീ എന്ന നോവലിലെ ഒരു സംഭാഷണമാണിത്. ആകാശഗംഗയുടെ അങ്ങേ അറ്റത്ത് നിന്ന് പറന്ന് വന്ന കുഞ്ഞുതീയും, അത് ഭൂമിയില്‍ ആദ്യം കണ്ടുമുട്ടിയ മരമില്ലിലെ കുറുക്കനും തമ്മിലുള്ള സംഭാഷണം. ഈ ഒരൊറ്റ സംഭാഷണം കൊണ്ട് പിന്നീട് വരാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് സൂചന കൊടുക്കുകയാണ് എഴുത്തുകാരി. താന്‍ ഇനി പറയാന്‍ പോകുന്ന കഥയിലെ മനുഷ്യര്‍, അവരെ നയിക്കുന്ന ആണധികാര യുക്തി, അവരുടെ വംശജീവിതത്തിന്റെ തേരോട്ടത്തില്‍ മറ്റുജീവികള്‍ നേരിടുന്ന നിലനില്‍പ് ഭീഷണി എന്നിവയെപ്പറ്റിയെല്ലാമുള്ള സൂചനയാണത്.
J DEVIKA | IMAGE WIKI COMMONS
സമകാലിക കേരളത്തില്‍ നടന്ന ഏറ്റവും ഹീനമായൊരു സംഭവത്തിലൂന്നി നിന്നുകൊണ്ട് സ്‌നേഹം, പ്രണയം, നന്മ, തിന്മ, അധികാര ദുര്‍വിനിയോഗം, അതിനെതിരെയുള്ള ചെറുത്തുനില്‍പ്പ്, മനുഷ്യനും-മൃഗങ്ങളും തമ്മിലുള്ള പരസ്പരാശ്രിതത്വം എന്നിങ്ങനെ (മലയാളി) സമൂഹത്തിലെ നാനാവിധത്തിലുള്ള സമകാലിക ജീവിതം പറയുന്ന കുഞ്ഞുനോവലാണ് കുഞ്ഞുതീ.
ജെ ദേവികയുടെ മറ്റെഴുത്തുകളില്‍ നിന്നും വ്യത്യസ്തമല്ല കുഞ്ഞുതീ. നിരന്തര പ്രതിപക്ഷമായി നിലകൊള്ളാനുള്ള ബോധപൂര്‍വ്വമായ തീരുമാനം അവരുടെ സാമൂഹികശാസ്ത്ര ലേഖനങ്ങളിലും പരിഭാഷകളുടെ തിരഞ്ഞെടുപ്പുകളിലും പ്രകടമാണ്. കുഞ്ഞുതീയും അതില്‍ നിന്നും വ്യത്യസ്തമല്ല. ബാലസാഹിത്യത്തിന്റെ ഭാഷയും രൂപവും സ്വീകരിച്ചുകൊണ്ട് കുഞ്ഞുതീ എന്ന നോവല്‍ സംവദിക്കുന്നത് എല്ലാ പ്രായക്കാരോടുമാണ്.
ബാലസാഹിത്യത്തിന്റെ മാനദണ്ഡം ഇന്നും ധര്‍മ്മോപദേശപരമാണെത്രേ (didactic) എന്ന് അത്ര താല്‍പര്യമില്ലാത്ത രീതിയില്‍ ദേവിക പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ടെങ്കിലും കുഞ്ഞുതീ ആ ധര്‍മ്മം നിര്‍വ്വഹിക്കാനുതകുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ബാലികാ/ബാലകന്മാര്‍ക്ക് മാത്രം വേണ്ടിയല്ല എന്നുമാത്രം. അവരോടെന്ന രീതിയില്‍ കഥ പറഞ്ഞ് പോകുമ്പോഴും ഒരു സമകാലിക സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവല്‍, ആ സംഭവത്തെ ചരിത്രവല്‍ക്കരിക്കുകയും അതിലൂടെ കേരളത്തിലെ സാമൂഹിക ജീവിതത്തിലെ ഇരട്ടത്താപ്പുകളെ പരിഹസിക്കുകയും ചെയ്യുന്നു. അധികാരത്തോടുള്ള സമരവും സമകാലിക ലോകത്തിലെ സാമൂഹിക അവസ്ഥകളുടെ സൂക്ഷ്മമായ അവതരണവും കുഞ്ഞുതീയില്‍ ആദ്യാവസാനം കാണാം. ബാലസാഹിത്യത്തിന്റെ രൂപം ഉപയോഗിച്ച് കുട്ടികളോടും മുതിര്‍ന്നവരോടും ഒരുപോലെ സംവദിക്കുകയാണ് ദേവിക കുഞ്ഞുതീയില്‍ ചെയ്യുന്നത്.
ശരാശരി നാലോ അഞ്ചോ പേജുകളില്‍ തീരുന്ന ഇരുപത്തിയെട്ട് അധ്യായങ്ങളിലായിട്ടാണ് കുഞ്ഞുതീയുടെ കഥ എഴുത്തുകാരി പറയുന്നത്. ഭൂമിയിലേക്കെത്തുന്ന കുഞ്ഞുതീ തനിക്ക് പാകമായ അമ്മദേഹം തേടുന്നതും, ജാതിയില്‍ കുറഞ്ഞ കുഞ്ഞിനെ വേണ്ടാത്ത അമ്മത്തമ്പുരാട്ടിയുടെയും അച്ഛന്‍രാജാവിന്റെയും തട്ടിപ്പിനാല്‍ തട്ടിയെടുക്കപ്പെടുന്നതും, ഒടുവില്‍ പരസ്‌നേഹം ഇനിയും വറ്റിയിട്ടില്ലാത്ത, ചെറുത്തുനില്‍പ്പുകള്‍ മറന്ന് പോയിട്ടില്ലാത്ത, മനുഷ്യ-മനുഷ്യേതര മൃഗങ്ങളുടെ സഹായത്തോടെ അച്ഛനമ്മമാരുടെ സ്‌നേഹപടലങ്ങളിലേക്ക് തിരിച്ചെത്തുന്ന ഏയ്ഡന്‍ എന്ന കുഞ്ഞുതീയുടെ കഥയാണ് ഈ അധ്യായങ്ങളിലൂടെ പറഞ്ഞുപോകുന്നത്.
രണ്ട്
നായികയായ അമ്മദേഹം (നിരുപമ) രാജകുമാരിയാണ്. മനുഷ്യരോടും മൃഗങ്ങളോടും കനിവും ഉള്ളവളാണ്. നിരുപമയുടെ അച്ഛന്‍രാജാവാകട്ടെ അധികാരിയാണ്. അധികാരം മനുഷ്യരെക്കൊണ്ട് പലതും ചെയ്യിപ്പിക്കും. അച്ഛന്‍രാജാവും അമ്മത്തമ്പുരാട്ടിയും തങ്ങളുടെ വര്‍ഗ്ഗ-ജാതി അധികാരസ്ഥാപനങ്ങളില്‍ കുടുങ്ങിപ്പോയി പരസ്‌നേഹം നഷ്ടപ്പെട്ടുപോയവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് വേട്ടയാടാന്‍ കഴിയുന്നതും, പ്രാണികളായ പ്രാണികളെയൊക്കെ കൊന്നൊടുക്കാനും കഴിയുന്നത്. ഇങ്ങനെ ജാതിസ്ഥാപനങ്ങളില്‍ കുടുങ്ങിപ്പോയവരുടെ അക്രമത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടുപോയ കൗമാരജീവിതങ്ങളുടെ എണ്ണം സമകാലിക കേരളത്തില്‍ കൂടുതലാണ് (കരുമല്ലൂരിലെ ഫാത്തിമയെയും, പാലക്കാട്ടെ അനീഷിനെയും, കോട്ടയത്തെ കെവിനെയുമൊക്കെ ഓര്‍ക്കുക).
അധികാര വ്യവഹാരത്തിനുള്ളില്‍ അതിന്റെ കര്‍തൃത്വങ്ങളായി (subjects of power) മനുഷ്യരെ നിലനിര്‍ത്തുക എന്നത് അധികാരം കൈയ്യാളുന്നവരുടെ ആവശ്യമാണ്. ഇത് സാധ്യമാക്കുന്നത് പലതരം അധികാര സാങ്കേതിക വിദ്യകള്‍ (technologies of power) ഉപയോഗിച്ചാണ്. കുഞ്ഞുതീയില്‍ ഈ അധികാര സാങ്കേതികവിദ്യകള്‍ പ്രത്യക്ഷപ്പെടുന്നത് 'മൂളാക്കൊതുകുകളായ' 'എന്നാപറയും' സഹോദരങ്ങളുടെ രൂപത്തിലാണ്. മനുഷ്യരുടെ സന്തോഷം ഇല്ലാതാക്കലാണ് 'മിണ്ടാപ്പൂത'ത്തിന്റെ ഈ കിങ്കരന്മാരുടെ പണി. എന്നാല്‍ സന്തോഷവും സ്‌നേഹവുമുള്ള മനുഷ്യരില്‍ ഇവരുടെ പണി ചിലവാകില്ല. അവര്‍ അധികാരവ്യവഹാരത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണ്. ഒരു നടപ്പു വ്യവഹാരം പ്രതിരോധിക്കപ്പെടുമ്പോള്‍, അത് പുതുക്കപ്പെടുകയും പുതിയ കര്‍തൃത്വരൂപീകരണം സംഭവിക്കുകയും ചെയ്യും. അത് അധികാരബന്ധങ്ങളെയും അതിന്റെ താല്‍പര്യങ്ങളെയും മാറ്റിമറിക്കുകയും ചെയ്യും.
കണ്ണിച്ചോരയില്ലാക്കൊട്ട സഹാനൂഭൂതി നഷ്ടപ്പെട്ട ഭരണസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍, മോങ്ങിമാര്‍ അതിന്റെ വാഴ്ത്തുപാട്ടുകാരാണ്. സഹാനുഭൂതി നഷ്ടപ്പെട്ട സ്ഥാപനങ്ങളും, വാഴ്ത്തുപാട്ടുകാരും, മിണ്ടാപ്പൂതത്തിന്റെ കിങ്കരന്മാരുമൊക്കെച്ചേര്‍ന്നാണ് സ്‌നേഹത്തിനും കരുണയ്ക്കും പ്രണയത്തിനുമൊന്നും ഒരു സ്ഥാനവുമില്ലാത്ത ഒരു സമൂഹത്തെ നിര്‍മ്മിച്ചെടുക്കുന്നത്. ഉപയോഗ മൂല്യമില്ലാത്ത ഒന്നിനെയും ആവശ്യമില്ലാത്ത ഒരു കമ്പോളം കൂടിയാണ് കണ്ണിച്ചോരയില്ലാക്കൊട്ട. പരസ്പര സ്‌നേഹത്തിലും സന്തോഷത്തിലുമെല്ലാം ഉപയോഗ സാധ്യതയെപ്പറ്റി മാത്രം ചിന്തിക്കുന്ന മുതലാളിത്ത യുക്തിയാണ് അതിന്റെ കാതല്‍.
KUNJUTHEE NOVEL | IMAGE WIKI COMMONS
എന്നാല്‍ കോട്ടയില്‍ പെട്ട് പോകുന്ന സാധാരണ മനുഷ്യര്‍/തൊഴിലാളികള്‍ (അവിടുത്തെ പാറാവുകാര്‍) പരസ്‌നേഹമുള്ളവരാണ്. ഓമനക്കുട്ടന്‍ എന്ന പട്ടിക്കുട്ടിയോട് അവര്‍ കാണിക്കുന്ന സ്‌നേഹം അവരുടെ ആര്‍ദ്രഹൃദയങ്ങളെയും അവരിലെ ഇനിയും നഷ്ടപ്പെട്ടുപോയിട്ടില്ലാത്ത നന്മയേയും കാണിക്കുന്നു. കോട്ടയില്‍ തനിക്ക് പാല്‍ തന്ന പൊയ്-അമ്മയെ മിണ്ടാന്‍ പറ്റായ്കയില്‍ നിന്ന് കുഞ്ഞുതീ മോക്ഷപ്പെടുത്തുന്നത് ഒരു ഉമ്മകൊണ്ടാണ്. അവരൊക്കെയാണ് കുഞ്ഞുതീയെ കോട്ടയ്ക്ക് പുറത്തെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
മൂന്ന്
ആഴത്തിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെ ചര്‍ച്ചയാക്കാനുതകുന്ന കാര്യങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍, എന്നാല്‍ ഉള്ളുടക്കാന്‍ പോന്നവണ്ണമാണ് എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നത്. ഉദാഹരണത്തിന്, കുറുക്കന്‍ കുഞ്ഞുതീയോട് പറയുന്നത് മനുഷ്യരിലൂടെയുള്ള ജീവന് മാത്രമേ അല്‍പമെങ്കിലും വിലയുള്ളൂ എന്നാണ്. മനുഷ്യേതര മൃഗജീവിതങ്ങള്‍ക്ക് യാതൊരു വിലയുമില്ലാതായിപ്പോയ ഈ കാലത്തെ എത്ര ശക്തമായാണ് ഈ ഒറ്റവരിയില്‍ അവതരിപ്പിക്കുന്നത്!
കുഞ്ഞുതീ വായിക്കുന്നതിന് തൊട്ടുമുന്‍പ് മഹാശ്വേതാ ദേവിയുടെ 'Death of Jagmohan, the Elephant', എന്ന കഥയെ ആസ്പദമാക്കി ശ്രേയാഷി റായി എഴുതിയ ലേഖനം വായിക്കുകയായിരുന്നു ഞാന്‍. അതിന്റെ സംഗ്രഹം തുടങ്ങുന്നത് വായില്‍ തോട്ട പൊട്ടി കൊല്ലപ്പെട്ട പാലക്കാട്ടെ സൗമ്യ എന്ന ആനയെപ്പറ്റി പറഞ്ഞുകൊണ്ടാണ്. കാടിന് പുറത്തിറങ്ങുന്ന ആനയെയോ കടുവയെയോ ഒറ്റ വെടിക്ക് തീര്‍ക്കണമെന്ന പൊതുബോധം കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത്, തോട്ടപൊട്ടിയും ട്രെയിനിടിച്ചും കീടനാശിനി കുടിച്ചും മരിച്ചുപോയ മനുഷ്യേതര ജീവിതങ്ങളും ഈ ലോക പ്രകൃതിയുടെ ഭാഗമാണെന്ന് കുഞ്ഞുതീയിലെ കുറുക്കനും, പട്ടിക്കുട്ടിയും, പൂച്ചയും, മുയലുകളുമെല്ലാം നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ കാലത്ത് നിന്നുകൊണ്ട് മനുഷ്യരുടെ ജീവിതത്തിന് മാത്രമേ അല്‍പമെങ്കിലും വിലയുള്ളൂ എന്ന് കുറുക്കനെകൊണ്ട് പറയിപ്പിക്കുമ്പോള്‍ നരവംശകേന്ദ്രീകൃതമായ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ചരിത്രത്തെ മുഴുവന്‍ നമ്മുടെ മുന്നിലേക്ക് തുറന്നുവയ്ക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.
MAHASWETA DEVI | IMAGE WIKI COMMONS
''മനുഷ്യരെ സ്‌നേഹം പഠിപ്പിക്കാനാണ് ഞങ്ങളുണ്ടായത്, പക്ഷെ മനുഷ്യരില്‍ പലരും ഞങ്ങളെ കാവല്‍ അടിമകളായാണ് കാണുന്നത്. അവര്‍ ഞങ്ങളെ വീടുകളില്‍ നിന്ന് പുറത്താക്കുന്നു.'' എന്ന് ഓമനക്കുട്ടന്‍ എന്ന പട്ടിക്കുട്ടി കുഞ്ഞുതീയോട് പറയുന്നത് ഇവിടെ പ്രസക്തമാണ്. വെട്ടിപ്പിടിക്കലിന്റെയും, സ്വന്തമാക്കലിന്റെയും, അടിമപ്പെടുത്തലിന്റെയും രാഷ്ട്രീയമല്ല, പകരം പരസ്പരസ്‌നേഹത്തിലും വിശ്വാസത്തിലുമൂന്നിയ ജീവിതമാണ് മനുഷ്യ-മനുഷ്യേതര ജീവികള്‍ ഒരു കുഞ്ഞുജീവനെ വെറുപ്പിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഈ കഥ വായനക്കാരോട് പറയുന്നത്. അത് നമ്മുടെ ചെയ്തികളെപ്പറ്റി ആത്മപരിശോധന നടത്താനെങ്കിലും പ്രേരിപ്പിക്കേണ്ടതാണ്.
നാല്
തുടക്കത്തില്‍ എഴുതിയതുപോലെ സമകാലിക കേരള സമൂഹത്തിലെ പലവിധത്തിലുള്ള ജീവിതമാണ് കുഞ്ഞുതീ എന്ന നോവലിന്റെ കാമ്പ്. ഹിംസയ്ക്കും വെറുപ്പിനുമെതിരെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കൊടി നാട്ടാന്‍, നീതിയുടെ മണി ഉച്ചത്തില്‍ മുഴക്കാന്‍ പണിയെടുക്കുന്നവരുടെ ജീവിതത്തെ ഓര്‍മ്മിക്കലും കൂടിയാണീ കുഞ്ഞുനോവല്‍.
നോവലിസ്റ്റ് പറഞ്ഞുനിര്‍ത്തിയത് ആവര്‍ത്തിച്ചുകൊണ്ട് ഈ കുറിപ്പും നിര്‍ത്താമെന്ന് തോന്നുന്നു. ''നീതിമണി മുഴങ്ങുന്നത് കേട്ടാല്‍ [പ്രായഭേദമന്യേ] ചെവി കൊടുക്കണേ..''