നിഴല്‍പ്പോരിലെ ദേശവായനകള്‍
ഭൂതകാലത്ത് നിന്ന് വര്‍ത്തമാന കാലത്തോളമെത്തുന്ന ദേശത്തിന്റെയും മനുഷ്യരുടെയും വിശ്വാസങ്ങളുടെയും മാറി വരുന്ന ചിന്തകളുടെയും കഥയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച, വിനീഷ് കെ.എന്റെ 'നിഴല്‍പ്പോര്' എന്ന നോവല്‍. പ്രാദേശികമായ ഭാഷയും, ആചാരങ്ങളും, കാലം മാറുന്നതിനനുസരിച്ചുണ്ടാകുന്ന സാമൂഹിക മാറ്റങ്ങളുടെ ആഖ്യാനവും ഈ നോവലിന് വായനയുടെ വിവിധമാനങ്ങള്‍ നല്‍കുന്നു. മനുഷ്യനും ദേശത്തിനും ഒരു ഭൂതകാലമുണ്ട്. അറിവിനും അജ്ഞാനത്തിനുമുണ്ട് അതേ ചരിത്രകാലം. സാഹിത്യത്തില്‍ മനുഷ്യചിന്തകളുടെ ജൈവാവിഷ്‌കാരങ്ങളായി, കഥകളായി അവ രൂപം പ്രാപിക്കുന്നു. കഥകള്‍ മനുഷ്യന്റെ ഉറക്കം കെടുത്തുമെന്നും, മനുഷ്യനെ അടക്കാനുള്ള ഏറ്റവും വലിയ മന്ത്രം കഥകളാണെന്നുമുള്ള എഴുത്തുകാരന്റെ ചിന്തയും വേറൊന്നല്ല.
'ഭൂമിയുടെ കനം, അത് കഥകളായി ഏറ്റുവാങ്ങുന്ന രഹസ്യങ്ങളുടേതാകുന്നു' എന്ന ആദ്യ വരികളില്‍ തുടങ്ങി മുന്നോട്ടു സഞ്ചരിക്കുമ്പോള്‍ മനുഷ്യമനസ്സ് ഭാരം പേറുന്ന ഒരു കപ്പലാണെന്നും അത് രഹസ്യങ്ങള്‍ പേറുന്ന അനേകം കഥകളുടെ ഭാരമാണെന്നും നാം തിരിച്ചറിയുന്നു.
ഖസാക്കിലെ രണ്ടുബിന്ദുക്കളെ ഓര്‍മ്മിപ്പിക്കും വിധം സ്വര്‍ണ്ണവര്‍ണ്ണമുള്ള മിത്തുകളുടെ പായ്ക്കപ്പലില്‍ ഒഴുകിയെത്തി മനുഷ്യമനസ്സിന്റെ തണലിലും തണുപ്പിലും ഇരുന്ന് ദാഹം തീര്‍ക്കുന്ന രണ്ടു ദൈവങ്ങള്‍ മൂത്തവരും, ഇളയവരും. അവരുടെ വരവിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ദൈവങ്ങള്‍ക്ക് മുന്‍പ്, ദൈവങ്ങളുള്ളപ്പോള്‍, ആ വിശ്വാസം നഷ്ടപ്പെടുന്ന കാലം. എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നോവലിന്റെ ഘടന. ഇരിക്കുന്ന ഗ്രാമത്തിന് മാത്രം ദൈവമായി, വിധിയെ മാറ്റാനും തിരുത്താനും അധികാരമില്ലാത്ത മൂത്തവരുടെയും ഇളയവരുടെയും നിസ്സഹായത നോവലിലുണ്ട്.
'പിന്നെ എന്ത്ന്ന് ദൈവമാന്ന് നിങ്ങ?' എന്ന കമ്മാരന്റെ പരിഹാസധ്വനിയുള്ള ചോദ്യവും മൂത്തവരുടെ തൊണ്ടയില്‍ കുടുങ്ങിയ കരച്ചിലും കഥയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ചുട്ട മീനും, കള്ളും കഴിച്ച് അരികുവത്ക്കരിക്കപ്പെട്ടവരുടെ, മനുഷ്യരുടെ നിസ്സഹായത തിരിച്ചറിയുന്ന ദൈവമാകാന്‍ മൂത്തവര്‍ തയ്യാറാകുന്നതും. മനുഷ്യനായ കമ്മാരന്‍ അവര്‍ക്കതിന് തുണയാകുന്നു. അയാളുടെ ചിന്തകളുടെ സൂക്ഷ്മ സുഷിരങ്ങളിലൂടെയാണ് കഥ പിന്നീട് മുന്നോട്ടു പോകുന്നത്. ഒരു കണിയാന് മുമ്പില്‍ ഒരിക്കലും ദൈവം പ്രത്യക്ഷപ്പെടില്ലെന്ന്, സ്വന്തം ജാതിയില്‍ ഊറ്റം കൊണ്ട് ഒച്ചയിടുന്നവരും, കമ്മാരന് ലഭിക്കുന്ന സിദ്ധികള്‍ കണ്ട് അത്ഭുതപ്പെടുന്ന, ആരാധിക്കുന്ന സാധാരണക്കാരും വൈരുധ്യങ്ങള്‍ക്ക് പുറത്ത് കീഴടങ്ങലിന്റെ സ്വരവും പുറപ്പെടുവിക്കുന്നുണ്ട്. തങ്ങളുടെ ഇടങ്ങളില്‍ നിന്ന് വിലക്കപ്പെടുന്നവരും, ഓടിയൊളിക്കുന്നവരും, വിരുന്നെത്തുന്നവരും അങ്ങനെ പലതരം മനുഷ്യാനുഭവങ്ങളെ ഇവിടെ ആഖ്യാനം ചെയ്യുന്നു. തലമുറകടന്ന് ചാത്തുവിലൂടെ, കേളുവിലൂടെ, പവിത്രനിലൂടെ, നോവല്‍ സഞ്ചരിക്കുമ്പോള്‍ കഥകളും ഉപകഥകളുമായി ആകാംഷയുടെ വലിയ ലോകമാണ് വടക്കന്‍ മലബാറിന്റെ ശൈലിയില്‍ എഴുത്തുകാരന്‍ നമുക്കു മുന്നില്‍ കാട്ടിത്തരുന്നത്.
കമ്മാരന്‍, ചാത്തു, ചിരൂണ്ടന്‍, കേളു, കണ്ണന്‍, കുഞ്ഞന്‍, കുഞ്ഞൂട്ടി. ഇരുട്ടും തണുപ്പും മരങ്ങളും നിറഞ്ഞ കാടുപോലെ നിഗൂഢത നിറഞ്ഞ മനുഷ്യര്‍. കമ്മാരനില്‍ നിന്നും പകര്‍ന്നു കിട്ടിയ വിദ്യകളാല്‍ ഭീതി പരത്തിയ ചാത്തുവും കേളുവും. പ്രേതങ്ങളെ ഒഴിപ്പിച്ചും, കാമനകളെ അഴിച്ചുവിട്ടും അവര്‍ ഇരുട്ടുപോലെ വളര്‍ന്നു. ഓരോ മനുഷ്യനും ഒരുതരത്തില്‍ അരൂപിയാണ്. മറ്റുള്ളവര്‍ക്ക് അപ്രാപ്യരായി തങ്ങളുടെ ചിന്തകളെ, ലക്ഷ്യങ്ങളെ മറച്ചു പിടിച്ച് ഏതെല്ലാമോ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍. കുഞ്ഞമ്പുവാട്ടന്റെ വിത്തു കാളയെപ്പോലെ ജീവിച്ച ചാത്തു. എത്രയഴിച്ചാലും അഴിയാത്ത രഹസ്യങ്ങളാല്‍ വലകെട്ടി ഇരകളെ കാത്തിരുന്ന ചീരൂണ്ടന്‍. 'ജീവിതങ്ങള്‍ തന്നെ വലിയ കള്ളങ്ങളാകുമ്പോള്‍ കഥകളും കള്ളങ്ങളാകു'മെന്ന് പറയുന്ന ദാര്‍ശനികനായ കുഞ്ഞന്‍. ബന്ധങ്ങളുടെ രഹസ്യമറിയാതെ ലക്ഷ്മിയെ മോഹിക്കുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടി ഉറ്റവരോടും തന്നോടുതന്നെയും പ്രതികാരം ചെയ്യുന്ന ബാലനെന്ന പാവം മനുഷ്യന്‍. അങ്ങനെയങ്ങനെ പ്രണയത്തിന്റെ, അഗമ്യഗമനങ്ങളുടെ, ചതിയുടെ, വഞ്ചനയുടെ, ഭയത്തിന്റെ അന്ധവിശ്വാസങ്ങളുടെ ഇരുണ്ടനിഴലുകളുള്ള ലോകത്ത് പരസ്പരം പ്രാപിച്ചും, കൊന്നും, വേദനിച്ചും മനുഷ്യര്‍ ജീവിക്കുന്നു.
സ്ത്രീ കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ എഴുത്തുകാരന്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. അവര്‍ വായനക്കാരിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കുന്നുമുണ്ട്. പുരുഷന്മാരുടെ നിഴല്‍ പറ്റി നീങ്ങുന്നവരെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ തുടങ്ങി വ്യക്തിസവിശേഷതകളാല്‍ ഓരോതരത്തില്‍ പുരുഷന്മാരെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നവരാണവര്‍. അതില്‍ പ്രധാനിയാണ് കമ്മാരന്റെ ഭാര്യ ഉമ്മാച്ച. അസാധാരണമായ കരുത്തും കഴിവുമുള്ള അവര്‍ കുറച്ചെങ്കിലും തളര്‍ന്നുപോകുന്നത് മക്കളുടെ മരണശേഷമാണ്. ശക്തിയും വേദനയുമായി, കമ്മാരനോളമോ അതിലുപരിയോ ആയി ഉമ്മാച്ച നോവലില്‍ വളരുന്നു. കമ്മാരന്റെ രണ്ടാം ഭാര്യ ചീരു, കേളുവിന്റെ ഭാര്യ ദേവകി, ചാത്തുവിന്റെ നല്ലവളായ ഭാര്യ കല്യാണിക്കുട്ടി, മാധവി, ലക്ഷ്മി, ചെറിയക്കുട്ടി തുടങ്ങി നിഴലായും നിലപാടായും സാന്നിധ്യമറിയിക്കുന്നുണ്ട് ഓരോ സ്ത്രീയും. രഹസ്യങ്ങളുടെ ബി നിലവറകള്‍ ഓരോന്നായി വായനത്താക്കോലിട്ട് തുറന്ന് ഓരോ കഥയില്‍ നിന്നും അടുത്തകഥയിലേക്കും, കഥാപാത്രങ്ങളിലേക്കും സഞ്ചരിക്കുമ്പോള്‍ ആഖ്യാനത്തിലും അവതരണത്തിലും എഴുത്തുകാരന്‍ പുലര്‍ത്തുന്ന കൈയ്യടക്കം ശ്രദ്ധേയമാണ്. ഒട്ടും സങ്കീര്‍ണ്ണതയില്ലാതെ, ആശയക്കുഴപ്പങ്ങള്‍ക്കിടനല്‍കാതെ ഓരോ അധ്യായവും അടുത്തതിലേക്ക് വഴി കാട്ടുന്നു.
ഇരുട്ടുനീങ്ങി വെളിച്ചം കടന്നുവരുന്ന പുതിയകാലത്തില്‍ എത്തുമ്പോള്‍ ആ വെളിച്ചത്തിനായി കര്‍ഷക പ്രസ്ഥാനങ്ങളും, നമ്പൂതിരി മുഖ്യമന്ത്രിയായ കമ്മ്യൂണിസ്റ്റ് ഭരണകൂടവും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വിവരിച്ചുകൊണ്ട് കേരളചരിത്രത്തെയും നോവല്‍ തൊടുന്നു. ചീരൂണ്ടനെന്ന ശ്രീകണ്ഠനും, കുന്നത്തെ നമ്പൂതിരിയും ഒരേ വഴിയിലൂടെ കാവിലേക്ക് നടക്കുന്ന കാലം, ഇടവഴികള്‍ പാതകളാവുകയും, കാടിനെ മനുഷ്യന്‍ ചെന്ന് തൊടുകയും ചെയ്യുന്ന തെളിച്ചമുള്ള കാലത്തു ചെന്നാണ് നോവല്‍ അവസാനിക്കുന്നത്. സ്വാതന്ത്ര്യ സമര നേതാക്കളും മനുഷ്യനെ അന്ധവിശ്വാസങ്ങളുടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ചവരും നോവലില്‍ വന്നുപോകുന്നുണ്ട്. മിത്തുകളും, വിശ്വാസങ്ങളും കഥകളും വന്ന് വീണുപടര്‍ന്ന ഉന്മത്തമായ ഒരു മനസ്സ് ആഖ്യാതാവിനുണ്ട്. അവിടെ എന്നോ എങ്ങനെയോ വീണു പോയ രഹസ്യങ്ങള്‍ കാലങ്ങള്‍ക്ക് ശേഷം കഥയുടെ ഉറവകളാകുന്ന കാഴ്ചയാണ് ഇവിടെ. സ്വന്തം നിഴലിനോടും വേരുകളോടും സമരം ചെയ്യുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതയാകുന്നു നിഴല്‍പ്പോര്. വായനയുടെ ആനന്ദവും ഉന്മാദവും അനുഭവിപ്പിക്കുന്ന നോവല്‍.