മതം-സംസ്‌കാരം-ആത്മീയത എന്റെ കാഴ്ചപ്പാടുകള്‍
ആത്മീയതയെപ്പറ്റി എന്റെ സങ്കല്‍പ്പമെന്താണ്? അത് എപ്പോഴും ഇപ്പോഴും അപൂര്‍ണമാണ് എന്നേ പറയാനാവൂ. 'ചിത്രമിതപൂര്‍ണം...' എന്നു പേരിട്ടെഴുതിയിരുന്നു നാലഞ്ചു വര്‍ഷം മുമ്പതു ഞാന്‍. ഞാനൊരു സന്ദേഹിയാണല്ലോ. സന്ദേഹി അന്വേഷിച്ചുകൊണ്ടേയിരിക്കും. അങ്ങനെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ കാഴ്ചയെ, ചിന്തയെ വലുതാക്കുന്നു, 'മതം-സംസ്‌കാരം-ആത്മീയത' എന്ന പുസ്തകം. ഒരു സോഷ്യോളജി പ്രൊഫസറും, കലാകാരനായ ജസ്വിറ്റ് പാതിരിയും ഒന്നിച്ചൊരുക്കിയിറക്കിയ പുസ്തകം. സമര്‍പ്പണം മതാത്മക വിശ്വാസത്തിന്റെ 'സൗമ്യവും ദീപ്തവും വ്യത്യസ്തവുമായ മുഖ'മെന്ന് ആമുഖക്കുറിപ്പില്‍ വിശേഷിപ്പിക്കപ്പെടുന്ന, പലരുടെയും ആചാര്യസ്ഥാനീയന്‍ കൂടിയായ, ജസ്വിറ്റ് പുരോഹിതന്‍ ജോസഫ് പുളിക്കലിന്. ലേഖകരില്‍ വിശ്വാസികളും പുരോഹിതരും കലാകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമുണ്ട്. ആമുഖ ലേഖനത്തിന്റെ അന്ത്യത്തില്‍ പുളിക്കലച്ചന്‍ സ്വര്‍ഗ നരകങ്ങളെപ്പറ്റിയും, ലോകാവസാനത്തെപ്പറ്റിയും പൂര്‍വാചാര്യന്മാരില്‍ നിന്ന് തന്നിലേക്കെത്തിയ അറിവിനെ ഇങ്ങനെ പകര്‍ത്തുന്നു.
'തോത്താലിത്തെര്‍ ആലിത്തെര്‍ എറിത്...'
അവയെല്ലാം സത്യമാണ്. എന്നാല്‍, അവയെല്ലാം നാം സങ്കല്‍പ്പിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തവും! ഇതല്ലേ ഞാനും ആഗ്രഹിച്ച വിശദീകരണം? അതെ, അവ വാച്യാര്‍ത്ഥങ്ങളേക്കാള്‍ ഏറെ വിഭിന്നമാണ്. ക്രിസ്തുവിന്റെ വചനമായി സമാനമായ ഒന്ന് ബൈബിളിലുമുണ്ടെന്നോര്‍മ. വാച്യാര്‍ത്ഥത്തില്‍ അഭിരമിക്കുന്നവരെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. സ്വര്‍ഗത്തിലെ ആഡംബരങ്ങളില്‍ മുഴുകാന്‍ കൊതി കൊണ്ടിരിക്കുന്നവരെ!
സ്വര്‍ഗത്തിലേക്കൊരു തീക്കൊള്ളി വലിച്ചെറിയാന്‍ പറയുന്ന സൂഫി വനിത റാബിഅ അല്‍ അദവിയും അതുതന്നെയാണ് ഉദ്ദേശിക്കുന്നത്. സ്വര്‍ഗം അവര്‍ക്ക് പ്രലോഭനമേയല്ല. ഈശ്വരപ്രണയമാണ് സത്യം. താനും ദൈവവും തമ്മില്‍ അഭേദം കല്‍പ്പിക്കുന്ന വിശ്വാസം. ആചാരബദ്ധ, പുരുഷ മതത്തെയാണ് അവര്‍ തള്ളിക്കളയുന്നത്. സ്ത്രീകളുടെ ദൈവ പ്രണയം സ്വര്‍ഗപ്പൂതിയല്ല. മീരയുടേതല്ല, ആണ്ടാളുടേതല്ല. കമല സുരയ്യയുടേതുമല്ല. അത് ഭയമല്ല കല്‍പ്പിക്കുന്നത്. സ്വാതന്ത്ര്യമാണ്. റോസി തമ്പിയും നോയല്‍ റോസും എഴുതുമ്പോഴും അതു നമുക്കനുഭവപ്പെടുന്നു. നവാഗത എഴുത്തുകാരി ഷാമിയത്തിന്റെ 'പടച്ചോത്തി'യിലെ നായിക അന്യരുടെ കണ്ണില്‍ ഭ്രാന്തിയാണ്, മത ഭ്രഷ്ടയാണ്. താന്‍ പടച്ചോത്തി (പടച്ചവന്റെ സ്ത്രീലിംഗം) യാണ് എന്നല്ലേ അവള്‍ പറയുന്നത്! എഴുത്തുകാരിക്ക് കഥയവസാനം ആ ഭ്രാന്ത ജീവിതത്തിന്റെ വലിയ ദര്‍ശനം അനുഭവിക്കാനാവുന്നുണ്ട്!
അനല്‍ ഹഖ് (ഞാന്‍ ദൈവമാണ്) എന്നു പറഞ്ഞതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ബാഗ്ദാദിലെ സൂഫി, മന്‍സൂര്‍ അല്‍ ഫല്ലാജിന്റെ കഥയെഴുതിയതിന് മഹാനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറും വാക്കുകളാല്‍ മുറിവേല്‍പ്പിക്കപ്പെട്ടു. ദൈവവും പ്രപഞ്ചവും താനും പരസ്പരബന്ധിതങ്ങളെന്ന് തികച്ചും അറിഞ്ഞവന്‍ ബഷീര്‍. അഹം ബ്രഹ്‌മാസ്മി! അതുകൊണ്ടല്ലേ അദ്ദേഹത്തിന് 'ഭൂമിയുടെ അവകാശികള്‍ 'എഴുതാനായത്! മനുഷ്യന് പ്രത്യേകമായൊരു അവകാശങ്ങളുമില്ല ഭൂമിയുടെ മേല്‍.
പ്രപഞ്ചത്തിലെ അത്ഭുതക്കാഴ്ചകളിലൂടെ ദൈവമഹത്വമറിഞ്ഞിരുന്നു ബഷീര്‍. ദൈവമഹത്വത്തിന്റെ ഒരു പരമാണു മാത്രമാണു താന്‍. വിജന രാത്രിയില്‍, പൂര്‍ണ ചന്ദ്രികയില്‍, മരുഭൂമിയിലെ വെണ്‍മണല്‍പ്പരപ്പിനു സാക്ഷ്യംവഹിക്കേണ്ടി വന്നപ്പോള്‍, ആ നിശ്ശബ്ദതയിലെ മുഴങ്ങുന്ന ആത്മീയ ശബ്ദത്തിനു കാതുകൊടുക്കേണ്ടി വന്നപ്പോള്‍ തനിക്കിതൊന്നും ഉള്‍ക്കൊള്ളാനാവുന്നില്ലല്ലോ എന്നു കേഴുന്ന ബഷീര്‍ പ്രപഞ്ചാത്ഭുതങ്ങളിലൂടെ അനുഭവിക്കുന്നത് ദൈവമഹത്വമാണ്.
മാങ്കൊസ്റ്റിന്‍ മരത്തണലിലെ ചാരുകസേരയിലിരുന്ന് എന്നോ മരിച്ചുപോയ ഗായികയുടെ മനോഹര ശബ്ദം പാട്ടുപെട്ടിയിലൂടെ കേട്ടിരിക്കുമ്പോഴും ബഷീറില്‍ വിരിഞ്ഞുവല്ലോ ആ വിസ്മയഭാവം! ദൈവത്തിന്റെ കഴിവുകള്‍ സ്വായത്തമാക്കി മുന്നോട്ടു കുതിക്കുന്ന മനുഷ്യനിലുമുണ്ട് മഹത്തായ ആത്മീയത! മാനവികമായ ശാസ്ത്രവും ആത്മീയത തന്നെ. ഒ.വി.വിജയനെന്ന അപൂര്‍വ എഴുത്തുകാരന്‍ തന്റെ 'മധുരം ഗായതി'യില്‍ പരാമര്‍ശിക്കുന്ന യന്ത്രിമ! മനുഷ്യനോടും പ്രകൃതിയോടുമൊപ്പം യന്ത്രിമയെയും ചേര്‍ത്തുവയ്ക്കുന്നു ആ മഹാ കഥാകാരന്‍. കാരണം, മാനവികമായ, പ്രകൃതി സൗഹൃദപരമായ ശാസ്ത്രം ആത്മീയതയുടെ ഭാഗം തന്നെയാണ് അദ്ദേഹത്തിന്. ഗ്രന്ഥത്തിലെ ഒരു ലേഖകനായ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായ ഗീവര്‍ഗീസ് മാര്‍ കുര്‍ലോസ് ഈശ്വരീയത, മാനവികത, പ്രകൃതിപരത എന്നിവയുടെ സമ്മേളനമാണ് ആത്മീയത എന്നെഴുതിക്കാണുമ്പോള്‍ നാലാമതായി യന്ത്രിമയെക്കൂടി എഴുതിച്ചേര്‍ക്കാന്‍ പ്രേരിപ്പിക്കും 'മധുരം ഗായതി'യുടെ വായന. മതത്തില്‍ നിന്ന് മുക്തമാക്കി പാരിസ്ഥിതികമായി വികസിപ്പിക്കേണ്ട ആത്മീയതയെപ്പറ്റി സി.ആര്‍ നീലകണ്ഠന്‍ എഴുതുമ്പോഴും അപരോന്മുഖമായ ഹരിത ആത്മീയതയെപ്പറ്റി മാര്‍ കുര്‍ലോസ് എഴുതുമ്പോഴും രണ്ടും ഒന്നു തന്നെ എന്നു വായനക്കാരന്‍ തിരിച്ചറിയുന്നു.അവിടെയാണ് മാര്‍ക്‌സിനും യേശുവിനും ഒന്നിക്കാനാവുന്നതും.
പരോന്മുഖമായ, കാലത്തിന്റെ തുടര്‍ച്ചയിലേക്ക് നീളുന്ന ശാസ്ത്രാന്വേഷണങ്ങളും ആത്മീയത തന്നെ. മരണത്തില്‍ ചെന്നവസാനിക്കുന്ന, പരലോകം സ്വപ്നം കാണുന്ന വൃക്തിയധിഷ്ഠിത ആത്മീയതയില്‍ അത്തരം ആത്മീയതയ്ക്കു പ്രസക്തിയില്ലാതാവുന്നു. അവിടെ ശാസ്ത്ര ഗവേഷണങ്ങള്‍ സ്തംഭിച്ചു നില്‍ക്കുന്നു. അതുകൊണ്ടുകൂടി വിചാരണ ചെയ്യപ്പെടേണ്ടതാണ് ആ ആത്മീയത. അമാനവികമായ ശാസ്ത്രാവിഷ്‌കാരങ്ങളും പ്രയോഗങ്ങളും ആത്മീയതയുടെ മറുപക്ഷത്താണു താനും.
കലയും സാഹിത്യവും ആത്മീയതയുടെ പ്രതിഫലനങ്ങള്‍ തന്നെ. പ്രകൃതിയെ ഉള്‍ക്കൊള്ളുന്ന അദ്വൈത ആത്മീയത ഏറെ പ്രതിഫലിക്കുന്നത് കവിതകളിലാണ്. വിശിഷ്യാ പെണ്‍-ട്രാന്‍സ്, പാര്‍ശ്വവല്‍കൃത കവിതകളില്‍. വിജയരാജമല്ലികയുള്‍പ്പെടെയുള്ളവരും അവരുടെ കുറിപ്പുകളുമുണ്ടല്ലോ ഗ്രന്ഥത്തില്‍. ചിത്രകാരന്‍ കൂടിയായ റോയ് എം. തോട്ടത്തില്‍ കലാവിഷ്‌കാരങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെ. ഭൗതിക ഘടകങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ആന്തരിക ലോകം, അഥവാ ആത്മീയത തന്നെയാണ് കലാവിഷ്‌കാരങ്ങളുടെ സ്രോതസ്സ്.
പ്രസിദ്ധ സാഹിത്യ നിരൂപകനായ പ്രൊ. ഇ.വി.രാമകൃഷ്ണന്‍ 'മലയാള നോവലുകളുടെ ദേശ കാലങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്, മതങ്ങള്‍ ചെയ്യേണ്ടിയിരുന്ന ദൗത്യങ്ങള്‍ ഇന്ന് നോവലുകളാണ് ചെയ്യുന്നത്. ചരിത്രത്തിലൂടെ, കാലത്തിലൂടെ സഞ്ചരിക്കുന്ന ഈ കൃതികള്‍ സാമൂഹ്യമാറ്റങ്ങള്‍ക്ക് പ്രേരകമാവുന്നു. മനുഷ്യമനസ്സുകളിലൂടെ സഞ്ചരിക്കുന്ന അവ വായനക്കാരനില്‍ നൈസര്‍ഗികമായ നിലയില്‍ മൂല്യബോധമുണ്ടാക്കുന്നു. അങ്ങനെ വിഭാഗീയതകളെ ചെറുക്കുന്നു. മനുഷ്യവിരുദ്ധതയ്‌ക്കെതിരെ പ്രതിരോധമാവുന്നു. വേദനിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് തിരിച്ചറിവിലൂടെ സാന്ത്വനമരുളുന്നു. മതങ്ങള്‍ ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യങ്ങളാണവ. ഇന്ന് ഒരുപക്ഷേ, ഇവയ്ക്ക് കടകവിരുദ്ധമായവ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ മതങ്ങള്‍!
സുനില്‍ പി ഇളയിടം പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട മതങ്ങളെ സാമൂഹ്യപരമായി വിശകലനം ചെയ്തുകൊണ്ട് അവയെ അഞ്ചു ഘടകങ്ങളായി നോക്കിക്കാണുന്നുണ്ട്. അവയുടെ ദൈവശാസ്ത്രം, പൗരോഹിത്യ ഘടന, ആചാരാനുഷ്ഠാനങ്ങള്‍, ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കപ്പുറം, വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരം യോജിക്കാനാവുന്ന അവയുടെ നീതിശാസ്ത്രം എന്ന ഏറ്റവും പ്രധാനമായ ഘടകവും. ആദ്യ നാലു ഘടകങ്ങളില്‍ ഉടലെടുക്കുന്ന അമാനവികതകളെ നീതിശാസ്ത്രംകൊണ്ടു തിരുത്താനും ഖണ്ഡിക്കാനുമാവുമ്പോഴാണ് ഒരു മതം കാലാതിവര്‍ത്തിയാവുന്നത്. അസമത്വങ്ങളെയും വിഭാഗീയതകളെയും ചെറുക്കാന്‍ ശക്തി നേടുന്നത്. മതത്തിന്റെ ഏറ്റവും പൊള്ളയായ ആവിഷ്‌കാരമാണ് വര്‍ഗീയത എന്ന് സുനില്‍.പി ഇളയിടം പറയുന്നു. അത് രാഷ്ട്രീയ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ്. മതമൗലികവാദത്തേക്കാളും തീവ്രവാദത്തേക്കാളും മനുഷ്യവിരുദ്ധമാണത്. കാരണം കാപട്യമാണതിന്റെ മുഖമുദ്ര.
ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണവും പുനഃരുത്ഥാനവും അധികാരം മോഹിക്കുന്നവര്‍ എന്നും ശ്രദ്ധാപൂര്‍വം തുടര്‍ന്നിട്ടുണ്ട്. എങ്കിലും അവയെ പൂര്‍ണമായി തള്ളിക്കളയാനാവുമോ? അവ പലപ്പോഴും ഒരുവന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നുണ്ട്. അത് ഹൃദയൈക്യവും സാന്ത്വനവും അരുളുന്ന ആത്മീയാനുഭവമാകുന്നത് ഞാനും അനുഭവിച്ചതാണല്ലോ. പ്രിയ വിദ്യാര്‍ത്ഥിയുടെ ഓര്‍മദിനത്തിലെ പ്രത്യേക പള്ളി കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും സാക്ഷ്യംവഹിച്ചപ്പോള്‍! മതങ്ങളെല്ലാം മനുഷ്യനിര്‍മിതങ്ങളാകയാല്‍ കാലാനുസൃത പരിഷ്‌കാരങ്ങള്‍ക്ക് അവ വിധേയമാകേണ്ടതാണെന്ന് എഡിറ്റര്‍ കൂടിയായ ആന്റണി പാലക്കല്‍ പറഞ്ഞുവയ്ക്കുന്നു, ഗ്രന്ഥാവസാനം. എന്റെ ആത്മീയതയെ,മതചിന്തകളെ പരിഷ്‌കരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ഗ്രന്ഥത്തിന്റെ വായന.