TMJ
searchnav-menu
post-thumbnail

Penpoint

ഭാഷയുടെ രണ്ടാം ശരീരം

24 Jun 2023   |   4 min Read
ഡോ. രോഷ്നിസ്വപ്ന

(ജിഷ്ണു. കെ. എസിന്റെ കവിതകളുടെ വായന)

'മ
നസ്സ് ഒരു പാഴ് വേലയാണ് ചിന്ത ഒരു തന്ത്രവും' എന്ന് അയ്യപ്പപണിക്കരുടെ 'പകലുകൾ രാത്രികൾ' എന്ന കവിതയിൽ പറയുന്നുണ്ട്. ഇതിൽ കവിത എവിടെയാണ് പാർക്കുന്നത് എന്ന തിരയൽ കൗതുകകരമായ ഒരു പ്രവർത്തിയാണ്. കവിതയെഴുതുന്നത്രയോ അതിലധികമോ പ്രയാസപ്പെടേണ്ടതായ ഒരു പ്രവർത്തി. അത്രമേൽ നിശബ്ദനായാൽ മാത്രമേ പച്ചയിൽ ലയിച്ച് പച്ചയെ കേട്ട് എഴുതാനാവൂ എന്നും ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ട ഒരുവന്റെ കാഴ്ചകൾ നീറുന്ന ചരിത്രവും കൂടി കലർന്നതാണെന്നും ഒരാൾ പറയുന്നിടത്ത്  കവിതയുടെ വൈദ്യുതി മിന്നുന്നു. അയാളിൽനിന്ന് കവിത വെളിപ്പെടുന്നു.

ജിഷ്ണുവിന്റെ കവിതകൾ വായിക്കുമ്പോൾ, ഒറ്റയിൽ നിന്ന് കൂട്ടത്തിലേക്കും ഏകത്തിൽ നിന്ന് ബഹുവചനങ്ങളിലേക്കും പടരുന്ന ഒരാൾക്കൂട്ടത്തെ കാണാം. സമകാലിക കവികളിൽ മറ്റൊരാളിലും സംയോജിപ്പിച്ചു വായിക്കാൻ ആവാത്ത ചില സവിശേഷതകൾ ഈ കവിയിലുണ്ട്. പറഞ്ഞ വാക്കിലേക്കയാൾ ചേർക്കുന്ന ശ്രദ്ധയാവാം ആദ്യത്തേത്. കവിയിൽ തന്നെ പലരുമുണ്ട്. ഒരാൾ കവിതയുടെ തേൻ കൂട്ടിൽ ചെവി ചേർത്ത് കവിത കേൾക്കുന്നു. മറ്റൊരാൾ രാത്രികാലങ്ങളിൽ പെട്രോമാക്‌സ് വെളിച്ചത്തിൽ പിടിച്ചെടുത്ത തവളകളെ കവിതയിലേക്ക് തുറന്നിടുന്നു. ഇനിയുമൊരാളാകട്ടെ, ഉച്ചമയക്കത്തിലെ സ്വപ്നച്ചൂലുകൊണ്ട് കവിതയിലെ വരികൾ തൂത്തു കൂട്ടുന്നു.

ഇനിയുമുണ്ട് പലമകൾ, പലർ ഒറ്റയും ഒരാളും ആകുന്നതിന്റെ തെളിവുകൾ. പക്ഷേ  എല്ലാം ഒടുവിൽ കവിതയാവുകയും ചെയ്യുന്നു. കവിതയിലൂടെ നിർമ്മിച്ചെടുക്കുന്ന ഭാഷയുടെ നൈരന്തര്യവും അതിന്മേൽ പ്രകടമാക്കുന്ന പരിചരണവും ആവാം ജിഷ്ണുവിന്റെ കവിതകളെ വ്യത്യസ്തമാക്കുന്നത്. കാഴ്ചയാണ് ജിഷ്ണുവിന്റെ കവിതകളിലെ ഒരു പ്രധാന ഐന്ദ്രിയാനുഭവം. പല അടരുകളിൽ ചേർത്തുവെച്ച ഭാഷയുടെ ത്രിമാന സ്വഭാവം ആ കാഴ്ചയെ പൊലിപ്പിക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്നു.


ജിഷ്ണു. കെ. എസ് | PHOTO: FACEBOOK

'ചുവരിൽ
നിറങ്ങളാൽ
ഒരു കാട്
മരങ്ങൾക്കിടയിൽ
പല രൂപങ്ങൾ
കൂട്ടിയിണക്കിയ ഒട്ടകം'

ഒട്ടകം ഒരു തോന്നലിന്റെ ധ്വനിയാണ്. പല രൂപങ്ങൾ കലർന്നാണ് ഒട്ടകം എന്ന തോന്നൽ രൂപപ്പെടുന്നത്. ഈ തോന്നലാണ് കവിതയ്ക്ക് നിദാനം.

'ചുവരിൽ നിറങ്ങളിൽ മരങ്ങളില്ല
മരങ്ങൾക്കിടയിൽ മാഞ്ഞുപോയി ഒട്ടകം'

എന്ന കൽപ്പന കൊണ്ട് സ്വകൽപ്പനയെത്തന്നെ ഖണ്ഡിക്കുകയാണ് കവി. ഇല്ലാത്ത ഒന്നിന്റെ സ്ഥാനീയത, അതിന്റെ അസ്ഥിത്വം, അതിന്റെ നിരാസം, എന്നിവയെക്കുറിച്ചും. കവിതയുടെ നിലനിൽപ്പിനെക്കുറിച്ചും കവി നെയ്‌തെടുക്കുന്ന കാഴ്ച ഒരു ജ്യാമിതീയ ബിംബമായി സ്വയം മായ്ച്ചുകളയുന്നു. താഴെനിന്ന് മുകളിലേക്കും തിരിച്ചും ചരിക്കുന്ന നോട്ടങ്ങളെപ്പറ്റി ഒരു കവിതയുണ്ട്. കാഴ്ചയുടെ ചലനാത്മകതയെ എത്രമേൽ പിന്തുടർന്ന് പിടിക്കാൻ ആകുമോ അത്രമേൽ ശ്രമിക്കുന്നു കവി. ആറ്റൂരിലും അയ്യപ്പപണിക്കരിലുമെല്ലാം സഹജമായ ഒരു അപര സാന്നിധ്യമുണ്ടല്ലോ! ജിഷ്ണുവിൽ ഈ അപര സാന്നിധ്യത്തെ നിഷേധിക്കുന്ന ഒരു കർത്തൃത്വമുണ്ട്. ('അവൻ ഞാനല്ലോ 'എന്ന ആറ്റൂർ കവിത ഓർക്കാം).

'Virtual reality യുടെ പ്രതലത്തിൽ എന്നെ പകർത്തുകയാണ്. ഒരു പ്രതിബിംബമായി ഞാൻ നോക്കി നിൽക്കുകയാണ് എന്ന, ചലനത്തെയും അനക്കത്തിന്റെയും കവിതയായി ഭാഷ വെളിപ്പെടുകയാണ്. ചില കാഴ്ചകളും ശില്പങ്ങളും ജിഷ്ണുവിനെക്കൊണ്ട് കവിതകളെഴുതിക്കുന്നുണ്ട്. ലൂയിസ് ബൂർഷ്വയുടെ 'സ്‌പൈഡർ' എന്ന ചിത്രം പോൾ ക്ലീയുടെ 'ക്യാമൽ', ഗുസ്താവ് കോൻ ബറ്റിന്റെ 'വുമൺ വിത്ത് എ പാർറ്റ് ', ഐഗോൺ ഷൈലി ന്റെ 'ന്യൂഡ് വിത്ത് റെഡ് ഗാർട്ടേഴ്സ് ' എന്നിവ പ്രധാനം. ചലനവും കാഴ്ചയും സമരേഖകളിൽ മുദ്രിതമാക്കപ്പെടുന്ന ലോകത്തിലൂടെ കടന്നുപോകുമ്പോൾത്തന്നെയാണ് ജിഷ്ണു, 'രണ്ടറ്റങ്ങൾക്കിടയിൽ ജലോപരിതലത്തിൽ നേരം മേലേന്ന് ഉരുണ്ടു വീഴുന്നു, മുകളിൽ വശങ്ങളിൽ അകലങ്ങളിൽ' എന്ന് അളവുകളെയും മാനങ്ങളെയും നിശബ്ദതയിലെ ശബ്ദങ്ങൾ എന്ന പോൽ അളന്നെടുക്കുന്നത്. സമയങ്ങൾക്കിടയിലെ സന്ധ്യാനേരം എന്ന അപൂർവ്വമായ ഒരു പ്രയോഗമുണ്ട് ഒരു കവിതയിൽ (ബോട്ട് ) ശ്ലഥ ബിംബങ്ങൾ കൊണ്ടാണ് ഈ കവിതയിൽ ജീവൻ പടരുന്നത്. ജിഷ്‌ണു കെ എസിന്റെ കവിതകളിലൊന്ന് 

പല സ്ഥായിയിൽ, പല ശ്വാസനിശ്വാസങ്ങൾ ദൂരങ്ങളായ 
ദൂരങ്ങളിൽ നിന്നും കാറ്റുകളായ കാറ്റുകൾ 
കൂമ്പിയ കണ്ണുകളോടെ വിടർന്ന 
കണ്ണുകൾ സ്വപ്നത്തിലേക്ക്
അടർന്ന കണ്ണുകൾ

ഇത്തരത്തിൽ വാക്കുകളുടെ പരസ്പരമുള്ള കോർത്തെടുക്കലാണ്.

But cannot be  said 
Above all must not be
Silenced  but 
written. 

അർത്ഥത്തെക്കുറിച്ച് ദരീദ പറഞ്ഞത് ഓർക്കാം. മൺമയം എന്ന കവിത അനുഭൂതിദായകമായ കാവ്യദർശനമാണ് പങ്കുവയ്ക്കുന്നത്. ഒറ്റനിമിഷത്തിൽ അജന്തയിലേക്ക് നോക്കിയ കവി ആർ രാമചന്ദ്രനും സന്ധ്യാസമയത്ത് നിറ പകർച്ചയിലേക്ക് കൺനട്ട ജി.ശങ്കരക്കുറുപ്പും അരയന്നങ്ങളുടെ വെൺശോഭ പരക്കുന്ന ചിറകുകൾ കണ്ട് വിസ്മയം പൂണ്ട w. b യീറ്റ്‌സും പകർന്നുതന്ന അനുഭൂതികൾ ക്കൊപ്പമായിരിക്കാം മൺമയത്തിനെയും വായിക്കേണ്ടത്.

മേൽപ്പോട്ട് നോക്കി കിടക്കുന്ന പൂഴിയിൽ
മീനുകൾക്ക് മീതെ വൻകരകളെ
കോർത്തെടുത്ത
കപ്പൽ 

എന്ന് 'സഞ്ചാര രേഖ'യിലും 

'തേടി ചെല്ലുമ്പോൾ ഭൂമിക്കുള്ളിൽ ഒത്തിരി ഭൂമികൾ' എന്ന് ഭൂമിക്കുള്ളിലെ ഭൂമികളിലും എന്ന് കവി എഴുതുന്നു. ചരിത്രം മറ്റൊരു മഷിപ്പടർപ്പ് പോലെ ഈ കവിയുടെ കവിതകളിലെല്ലാമുണ്ട്. പല രൂപങ്ങളിൽ പല വസ്തുക്കളിൽ നിറയുകയാണ് ചരിത്രം.

കെട്ടഴിഞ്ഞു കിടക്കുന്നു അതിരുകൾ
ഭൂഖണ്ഡങ്ങളുടെ പുതിയ ഭൂപടങ്ങൾ
ഒച്ചയില്ലാതെ നിന്ന് കത്തും തീച്ചുവപ്പ്
അതിനുള്ളിൽ തിളക്കും വെയിൽ മഞ്ഞ
ചിതറിയ ജനസഞ്ചയത്തിൻറെ കറുത്തപാടുകൾ 
ഓർമ്മകളുടെ പായൽ പച്ച '

വൈയക്തികതയും ചരിത്രവും ഓർമയും പരസ്പരം പിണഞ്ഞു പിണഞ്ഞാണ്  കവിതയും ജീവിതവും സംഭവിക്കുന്നത്.
ഉന്നം പിടിച്ചു നിൽക്കുന്നു പീരങ്കി
ചുറ്റും ചിതറിക്കിടക്കുന്ന തിരകൾ
ചുവരാകെ ചുവന്ന് മുറിയിലേക്കൊഴുകിപ്പരന്ന് വരികയാണ്
ചരിത്രത്തിന്റെ ചോരച്ചുവപ്പ്

കാലത്തിൽ ആ കാലം കൊണ്ടുതന്നെ തീർക്കുന്ന കലയുടെയും ഓർമയുടെയും ശില്പങ്ങളുടെയും ഒച്ചകളുടെയും വെളിച്ചങ്ങളുടെയും സാന്നിധ്യംകൊണ്ട് സ്ഥാപിക്കപ്പെടാനാണ് ജിഷ്ണു കവിതയിലൂടെ ശ്രമിക്കുന്നത്. ഇൻസ്റ്റലേഷൻ എന്ന തലക്കെട്ടിൽ എഴുതിയ കവിതകൾ ശ്രദ്ധിക്കൂ. മനുഷ്യനും വസ്തുക്കളും ഭാവനയും സ്വപ്നവും കലർന്നു കിടക്കുന്ന ഒരിടത്താണ് കവിക്ക് ഇൻസ്റ്റലേഷൻ സാധ്യമാക്കാൻ ആഗ്രഹമുള്ളൂ. 

ഇടനാഴിയിൽ പരന്നു നിരന്നുനിൽക്കുന്ന കളിമൺ പ്രതിമകളിൽ നിന്ന് തുടിക്കുന്നത് ഓരോ തിണകൾ ആണെന്ന ഭൗമികവും പാരിസ്ഥിതികവുമായ ചരിത്ര ബോധം ആണ് കവിയിൽ ഉള്ളത്. ചില കവിതകളിൽ തിണകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. ആദ്യത്തെ പഴം രുചിച്ച ഓർമ്മയുണ്ട്. നോഹയുടെ പേടകമുണ്ട്.


ജിഷ്‌ണു കെ എസിന്റെ കവിതകളിലൊന്ന് 


'വെട്ടിത്തിരുത്തിയ
ചരിത്രത്തിൽ
പല കാലങ്ങളിൽ
ചിഹ്നപ്പെട്ട സ്വന്തം
സാമ്രാജ്യത്തിന്റെ
അതിർത്തികളുണ്ട്'

ഓരോ മുള്ളിൽ നിന്നും ചുവന്നൊഴുകുന്ന പുഴ, അതിന്റെ തീരങ്ങളിൽ ഗ്രാമങ്ങൾ, ചതുപ്പുകൾ, ആയുധനിർമ്മാണശാലകൾ, ശവപ്പറമ്പുകൾ, ശ്ലഥബിംബങ്ങളിലൂടെ മനുഷ്യചരിത്രത്തിൽ നിന്ന് കവിതയിലേക്ക് പടരുന്ന യഥാർഥ്യങ്ങൾ! മരണത്തെക്കുറിച്ച് ചോദിക്കാനുള്ള ഭാഷ നഷ്ടപ്പെടുകയാണ് 'സ്വപ്നം' എന്ന കവിതയിൽ. ഭാഷയെ അത്രമേൽ കരുതലോടെ, സൂക്ഷ്മതയോടെ, വരക്കുമ്പോൾത്തന്നെ.

'തരിക
ദേഹത്തൊരാത്മാവിനെ,
അത്രമേൽ ശൂന്യമായ
മറ്റൊന്നിനെ'

എന്ന് നടുക്കം കലർന്ന ഒരാവേശമായും, കവി സ്വീകരിക്കുന്നു.

'ഓരോ തവണയും വന്നു പോകുമ്പോൾ,
കണ്ടു പോകുന്നവന്റെ കൂടെ
ഇറങ്ങിപോകുന്നു
അവയുടെ ഗന്ധങ്ങൾ'

എന്ന് പക്ഷികളെക്കുറിച്ച് എഴുതുന്നത് മനുഷ്യനെയും ബാധിക്കും.

ഇത്തരത്തിൽ ആത്മനിഷ്ഠത നിലനിർത്തുമ്പോൾത്തന്നെ ജിഷ്ണുവിന്റെ കവിതകൾ കേവലം ആത്മഭാഷണങ്ങളാകുന്നില്ല. ഭാഷയുടെ സ്വീകരണത്തിലും സമീപനത്തിലും പ്രകടിപ്പിക്കുന്ന കാവ്യ ധർമ്മങ്ങളെ സമന്വയിപ്പിച്ച് ഏറ്റവും പുതിയ കവിത എഴുതുകയും അതിൽ കാലങ്ങളുടെ ചങ്ങലകളെ കോർത്തു പിടിക്കുകയും ചെയ്യുന്നു ജിഷ്ണു എന്ന കവി. സമകാലീന ധൈഷണികതകളുടെ എല്ലാ വൈകാരികാംശങ്ങളും രാഷ്ട്രീയാംശങ്ങളും സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുമ്പോൾത്തന്നെ അവയുടെ നിലനിൽപ്പ് കവിതയുമായി ചേർന്ന് പോകുന്ന ഭൂപടങ്ങളെ കവി കണ്ടെത്താൻ ശ്രമിക്കുന്നു. പ്രയോഗിക്കുന്ന ഓരോ വാക്കും അസാധാരണവും കനമുള്ളതുമാണ്. അത് മണൽത്തരികൾ എന്നായാലും കാളച്ചന്ത, അന്യഗ്രഹം, പരിഭാഷ, പുൽച്ചാടി എന്നായാലും സ്വന്തം സ്വത്വത്തെ മുറുകെ പിടിക്കുന്നു. ഈ കവിതകളെപ്പോലെ.


#Penpoint
Leave a comment