TMJ
searchnav-menu
post-thumbnail

Penpoint

ഒരേ കടലിലെ കപ്പലുകള്‍ റൂമി കവിതയിലൂടെ

08 Nov 2023   |   3 min Read
പി.ജിംഷാര്‍

'നീ സമുദ്രത്തിലെ ഒരു തുള്ളി അല്ല, നിങ്ങള്‍ ഒരു തുള്ളി മുഴുവന്‍ സമുദ്രമാണ് ' ജലാലുദ്ധീന്‍ റൂമിയുടെ ഈ വരികളിലെ കടലും മനുഷ്യനും കഥകളില്‍ പ്രവേശിച്ച് കടലെന്ന അത്ഭുതത്തേയും തുറയിലെ മനുഷ്യരേയും വെളിപ്പെടുത്തുകയാണ് സുഭാഷ് ഒട്ടുംപുറം എഴുതിയ 11 കഥകളുടെ സമാഹാരമായ ഒരേ കടലിലെ കപ്പലുകള്‍. ഈ കഥാസമാഹാരത്തിലെ ഏറെക്കുറെ എല്ലാ കഥകളിലും 'ഞാന്‍' എന്ന കഥാകൃത്തോ വായനക്കാരനോ ആണ് ആഖ്യാതാവ്. ഞാന്‍ ഏകനാണ്, നിങ്ങളും. നമ്മള്‍ ഒരേ കടലിലെ കപ്പലുകളിലെ യാത്രക്കാരാണ്. നമുക്ക് ചുറ്റും നാവികനെ ചൂഴ്ന്ന് നില്‍ക്കുന്ന ഏകാന്തതയാണ്. മാര്‍കേസിന്റെ ആരും കത്തെഴുതാത്ത കേണലിനെ പോലെ !

'ആളുകളുടെ കടലില്‍, എന്റെ കണ്ണുകള്‍ എപ്പോഴും നിന്നെ അന്വേഷിക്കും.  ജീവിതത്തിന്റെ കൊടുങ്കാറ്റുള്ള വെള്ളത്തില്‍ എന്നെ സ്ഥിരപ്പെടുത്തുന്ന നങ്കൂരമാണ് നീ. വെള്ളമാണ് സുഭാഷ് ഒട്ടുംപുറത്തിന്റെ കഥകള്‍ക്ക് ശില്‍പ ഭംഗി നല്‍കുന്നത്. ആദിയില്‍ ജലമുണ്ടായി, ആ ജലത്തില്‍ ജീവനും. ഒരിക്കല്‍ ഭരണകൂടം പ്രാണജലത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എന്തായിരിക്കും എന്നുള്ള ആശങ്ക പങ്കുവെക്കുന്ന കഥയാണ്  H2O. യന്ത്രങ്ങള്‍ വാഴുന്ന AI കാലത്തെ കുറിച്ച് കുരീപ്പുഴ ശ്രീകുമാറിന്റെ മനുഷ്യപ്രദര്‍ശനം എന്ന കവിത മുന്നറിയിപ്പും ആശങ്കയും അറിയിക്കുന്നതിന് സമാനമാണ് ഈ കഥയും. സമാന സ്വഭാവം പുലര്‍ത്തുന്ന സമാഹാരത്തിലെ മറ്റൊരു കഥയാണ് 'കുത്തിച്ചൂളന്മാര്‍' സ്വാദ് ഭാരതി എന്ന കുത്തക കമ്പനിയോട് മഞ്ഞള്‍ കൃഷി ചെയ്യാനുള്ള അവകാശത്തിനായി പോരടിച്ച് പരാജയപ്പെടുന്ന ഗൗതമന്റേയും കുടുംബത്തിന്റേയും കഥയാണിത്. H2O, കുത്തിച്ചൂളന്മാര്‍ എന്നീ കഥകള്‍ ഭാവിയെക്കുറിച്ചുള്ള കഥാകൃത്തിന്റെ ആശങ്കകള്‍ പേറുന്നു. 

സുഭാഷ് ഒട്ടുംപുറം | PHOTO: FACEBOOK
ഒരേ കടലിലെ കപ്പലുകള്‍ എന്ന കഥ എം. മുകുന്ദനെ ഏറെ ആകര്‍ഷിച്ച പോലെ എന്നിലെ വായനക്കാരനേയും എഴുത്തുകാരനേയും ഏറെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്തു. നൂറ്റിപ്പതിനാറ് വയസ്സുള്ള വൃദ്ധ തന്റെ പ്രിയപ്പെട്ട ഓര്‍മ്മയെ, പ്രണയത്തെ കാത്തിരിക്കുകയാണ്, അവരാകട്ടെ അല്‍ഷിമേഴ്സ് രോഗിയും. ഒരേ കടലിലെ കപ്പലുകള്‍ എന്ന കഥ എന്നെ 2007ല്‍ സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ച 'സാറ' എന്ന കഥയുടെ എഴുത്ത് ഓര്‍മ്മയിലേക്ക് കൊണ്ടുപോയി. 111 വയസ്സുള്ള സാറ എന്ന മുതുമുത്തശ്ശിയുടെ മുത്തശ്ശിയുടെ ജീവിതമറിയാന്‍ കൊച്ചുമകള്‍ സാറ അയര്‍ലന്റില്‍ നിന്നും കടല് കടന്ന് എത്തുന്നു. ഇക്കാരണത്താല്‍, ഒരേ കടലിലെ കപ്പലുകളില്‍ യാത്ര ചെയ്യുകയാണ് സുഭാഷും ഞാനുമെന്ന് തോന്നിപ്പോയി. ഒരേ കടലിലെ കപ്പലുകള്‍ എന്ന കഥാസമാഹാരത്തിലെ ആദ്യത്തെ കഥ 'അവള്‍' എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത യാത്രാനുഭവക്കുറിപ്പായാണ് അനുഭവപ്പെട്ടത്. അനുഭവച്ചൂടുള്ള കഥയാകാതെപോയ മറ്റൊരു കഥയാണ് വെളിപാടുകളുടെ പാലം. ഈ രണ്ട് കഥകളും ഉപരിപ്ലവമായി അടയാളപ്പെടുത്തപ്പെട്ട കഥകളാണ്.

മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ അടരുകളാല്‍ തുന്നിയ കഥയാണ് തിരിച്ചുവരാത്ത കാവോതികള്‍. ഈ കഥയുടെ വിസ്മയം താമരക്കടലിലും Pirates of the Caribbean എന്ന ചലച്ചിത്രത്തിലെ നായകന്‍ ജാക്സ് സ്പാരോയിലുമാണ്. ജീവിതത്തേയും സിനിമയേയും കഥയിലേക്ക് സന്നിവേശിപ്പിച്ച് ജീവിതം പറയാന്‍ ശ്രമിക്കുന്ന ഉന്മാദത്താല്‍ 'തിരിച്ചുവരാത്ത കാവോതികള്‍' എനിക്കേറെ ഇഷ്ടപ്പെട്ട കഥയാകുന്നു. സുഭാഷ് ഒട്ടുംപുറം തിരിച്ചുവരാത്ത കാവോതികളില്‍ ഉപയോഗിക്കുന്ന ആഖ്യാന തന്ത്രം ഉപയോഗിച്ച് കഥ പറയുന്ന മറ്റൊരാള്‍ എന്നതാകാം ഈ കഥയോടുളള ഇഷ്ടക്കൂടുതലിന് കാരണം. 'തിരിച്ചുവരാത്ത കാവോതികള്‍' എന്ന കഥപോലെ സിനിമാറ്റിക്കായ കഥയാണ് തൊട്ടാപ്പ്. കോര്‍മന്‍ കടപ്പുറത്ത് ഹൈടെക് കടല്‍ഭിത്തി കെട്ടി ഭരണകൂടവും ചങ്ങാത്ത മുതലാളിത്തവും ചൂഷണം ചെയ്യുന്നതും, ചൂഷണത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതും ഒരു ജി.അരവിന്ദന്‍ സിനിമയുടെ സൗന്ദര്യത്തോടെ സുഭാഷ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 'ഒരിടത്ത്' വൈദ്യുതി എത്തിയ കഥ ജി.അരവിന്ദന്‍ തിരശീലയില്‍ ആവിഷ്‌ക്കരിച്ച മിഴിവോടെ കോര്‍മന്‍ കടപ്പുറത്ത് ഹൈ ടെക് കടല്‍ഭിത്തി വന്ന കഥ എഴുതിയിട്ടിട്ടുണ്ട്.

REPRESENTATIVE IMAGE | PHOTO: FACEBOOK
ഒരേ കടലിലെ കപ്പലുകളില്‍ യാത്ര ചെയ്തപ്പോള്‍ ഉള്ളുലച്ചൊരു കഥയാണ് ഏകാകി. അമേരിക്കന്‍ എഴുത്തുകാരനായ ഹെര്‍മന്‍ മെല്‍വില്ലെയുടെ 1851-ലെ നോവലാണ് മൊബിഡിക്. തിമിംഗലവേട്ട കപ്പലായ പെക്വോഡിന്റെ ക്യാപ്റ്റന്‍ ആഹാബ്, കപ്പലിന്റെ മുന്‍ യാത്രയില്‍ തന്റെ കാലില്‍ കടിച്ച വെളുത്ത ബീജ തിമിംഗലമായ മൊബിഡിക്കിനെതിരായ പ്രതികാരത്തിനായി നാവികനായ ഇസ്മായേലിന്റെ കഥകേള്‍ക്കാന്‍ നായകന്റെ അടുത്തെത്തുന്ന വായിക്കാന്‍ അറിയാത്ത കുട്ട്യാക്ക എന്ന വൃദ്ധന്റെ കണ്ണിലെ ഉന്മാദം വായനയ്ക്ക് ശേഷം ഏറെക്കാലം ഹൃദയത്തില്‍ ഉണ്ടാകും. Kate Winslet അനശ്വരമാക്കിയ The Reader എന്ന David Hare ചലച്ചിത്രത്തിലെ ഹന്ന ഷ്മിറ്റ്സിനെ പോലെ ! 'ചകം' എന്ന കഥയും ഏറെ പ്രിയപ്പെട്ടൊരു സിനിമയെ ഓര്‍മ്മപ്പെടുത്തി. ഒരു യാത്രയുടെ അന്ത്യം എന്ന കെ ജി.ജോര്‍ജിന്റെ സിനിമ കണ്ട് കഴിയുമ്പോളുള്ള ശൂന്യതയാണ് 'ചകം' എന്ന കഥയുടെ വായന ബാക്കി വെച്ചത് !

ഒരേ കടലിലെ കപ്പലുകള്‍ എന്ന കഥാസമാഹാരത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥ വേടന്റെ മകള്‍ ആണ്. അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ മണ്ണിനായുള്ള പോരാട്ടത്തിന് അംബേദ്ക്കറെ മുറുകെ പിടിക്കുന്നൊരു ജനതയുടെ സ്വത്വപ്രഖ്യാപനവും പ്രാദേശികതയാല്‍ മെനഞ്ഞ മിത്തിന്റെ ദൈവഭാവവും ഫാന്റസിയും വിളക്കിച്ചേര്‍ത്ത ഈ കഥ, ഏവരും വായിക്കേണ്ടതാണ്. ഏറെ വൈവിധ്യം നിറഞ്ഞ പത്ത് കഥകളേയും കീഴ്പ്പെടുത്തി ഒരേ കടലിലെ കപ്പലുകളിലെ കഥകളില്‍ ഏറെ പ്രിയപ്പെട്ട കഥയായത് 'ഓല' എന്ന കഥയാണ്. കേരളീയന്റെ സ്വത്വവും അതിജീവനവും തെങ്ങ് ആയിരുന്നു. കല്‍പ്പക വൃക്ഷത്താല്‍ നമ്മള്‍ അനുഗ്രഹിക്കപ്പെട്ട ജനതയാണ്. ആ അനുഗ്രഹത്താല്‍ ഈ മണ്ണിന്റെ അവകാശികളുടെ കഥ ഞാന്‍ പറയാം, ഒരു പുതിയ പഴയ കഥ!.. സുഭാഷ് ഒട്ടുംപുറം എന്ന കഥാകൃത്ത് പിറന്ന 'ഓല'യാണ് ഒരേ കടലിലെ കപ്പലുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥ. സുഹൃത്തേ, നമ്മള്‍ റൂമി കവിതയുടെ വരികള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ഒരേ കടലിലെ കപ്പല്‍ യാത്രക്കാരാണ്.

#Penpoint
Leave a comment