.jpeg)
തപോമയിയുടെ അച്ഛൻ; ഉൾയുദ്ധങ്ങളുടെ ഗൂഢലിപി
പുറമെ കാണുന്ന മനുഷ്യരെല്ലാം യഥാർത്ഥത്തിൽ അവർ തന്നെയാണോ ? അല്ലാതിരിക്കാനാണ് സാധ്യത. മറ്റൊരാൾക്കും തേടിപ്പിടിക്കാനാകാത്ത നിഗൂഢതകളുള്ള ആദിമ ലിപികളാണ് യഥാർത്ഥത്തിൽ ഓരോരുത്തരുടെയും ഉൾജീവിതം. ഓർമ്മകളാണ് ഓരോ മനുഷ്യനെയും വളർത്തുന്നതും തളർത്തുന്നതും. തങ്ങളുടെ അനുഭവങ്ങൾ ഓർമ്മകളാക്കി സൂക്ഷിക്കുന്നതിനാലാണ് സ്വയം മെച്ചപ്പെടുത്താൻ പിന്നീടവന് കഴിയുന്നത്. ആന്തരികമായി വലിയ യുദ്ധങ്ങൾ അതിനായി നടക്കും. ഒരിക്കലും പുറത്തിറങ്ങാൻ കഴിയാത്ത കാഠിന്യമേറിയ ഓർമ്മകൾ ചിലരുടെ ജീവിതത്തെതന്നെ ദുസ്സഹമാക്കും. മൂന്ന് ദശാബ്ദങ്ങളായി മലയാളസാഹിത്യത്തിൽ നിലയുറപ്പിച്ച ഇ സന്തോഷ് കുമാർ, ഓർമ്മകളുടെയും തീഷ്ണമായ തങ്ങളുടെ പൂർവ്വാനുഭവങ്ങളുടെയും ആകെതുകയായാണ് തന്റെ കഥാപാത്രങ്ങളെ എഴുത്തിലൂടെ വരച്ചെടുക്കാറുള്ളത്. പുതിയ നോവലായ ‘തപോമായിയുടെ അച്ഛനിലും’ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളാണ് എഴുത്തിന്റെ കെട്ട് ഉറപ്പിച്ചു നിർത്തുന്നത്. ‘തപോമയിയുടെ അച്ഛൻ’ അഭയാർത്ഥികളുടെ ജീവിതത്തെക്കുറിച്ച് എഴുതപ്പെട്ടുവെങ്കിലും അത്രയേറെ പ്രാധാന്യത്തോടെ മനുഷ്യരുടെ ഉൾയുദ്ധങ്ങളെക്കുറിച്ചും കൂടിയാണ് വിവരിക്കുന്നത്. ‘ഓർമ്മകളുടെ സഞ്ചയമാണ് മനുഷ്യൻ’ എന്ന് ‘ജ്ഞാനഭാരമെന്ന’ നോവലിൽ ഇ സന്തോഷ് കുമാർ തന്നെ എഴുതിയിട്ടുണ്ട്. പഴയ ഓർമ്മകളാണ് ‘തപോമയി’യിലെ കേന്ദ്ര കഥാപാത്രമായ ഗോപാൽ ബറുവയ്ക്ക് മികച്ചതും, എന്നാൽ പിന്നീട് ഏറെ കഠിനവുമാകുന്ന രണ്ടു തരം ജീവിതങ്ങൾ നൽകുന്നത്.
അക്കാദമിക്ക് പഠനങ്ങൾ ഏറെ നടക്കുന്നതിനാലും ഗൗരവതരമായ വായനകൾ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമായി ചുരുങ്ങി വന്ന കാലമായതിനാലും പുതിയ എഴുത്ത് സമ്പ്രദായത്തിൽ എഴുത്തുകളിലെ സമകാലിക രാഷ്ട്രീയത്തെയാണ് പൊതുവിൽ വായനക്കാർ ഈയടുത്തായി തിരയുന്നത്. വായനയുടെ ഒരു തലം അങ്ങനെയായിരിക്കെ തന്നെ ജീവിതപരിസരങ്ങളുടെ രാഷ്ട്രീയമാണ് ഇ സന്തോഷ് കുമാറിന്റെ കൃതികളിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നതെന്ന് കാണാവുന്നതാണ്. വായനക്കാരനെ ഉലയ്ക്കാൻ അവയോരോന്നിനും കഴിയുന്നുമുണ്ട്. അതേ ശ്രേണിയിലാണ് ‘തപോമയിയും’ കടന്നു വരുന്നത്. നോവലെന്നത് അനേകം കഥാപാത്രങ്ങളെയും ജീവിത സാഹചര്യങ്ങളെയും തൊട്ടുപോകുന്ന സാഹിത്യരൂപമാണ്. തീർച്ചയായും ‘തപോമയിയുടെ’ കഥയും പലവിധ അടരുകളിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷെ കുറെയേറെ കഥാപാത്രങ്ങൾക്കിടയിലും ഗൂഢലിപി, അഭയാർത്ഥി ജീവിതം, ഗോപാൽ ബറുവയുടെ കുറ്റബോധം തുടങ്ങിയ മൂന്നു പ്രധാനരൂപകങ്ങളുടെ മേലാണ് ‘തപോമയിയുടെ അച്ഛനെ’ പ്രധാനമായും നോവലിസ്റ്റ് പണിതിട്ടുള്ളത്.
ദേശത്തിന്റെയോ സംസ്ക്കാരങ്ങളുടെയോ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട്, ലോകത്തിലെ ഏതുതരം മനുഷ്യരുടെയും ആന്തരിക സംഘർഷങ്ങളെ വാക്കുകളിലൂടെ വായനക്കാരന്റെ ഉള്ളിലേക്ക് ചേർത്തുവയ്ക്കാൻ കഴിയുമ്പോൾ മാത്രമാണ് വിജയിച്ച ഒരെഴുത്തുകാരനുണ്ടാകുന്നത്. അതിനായി എഴുത്തുകാരൻ ഉപയോഗിക്കുന്ന ഭാഷയുടെ ഘടന വളരെ പ്രധാനപ്പെട്ടതാണ്. കനമില്ലാത്തതും വൈവിധ്യങ്ങൾ കൊണ്ട് വരാൻ കഴിയാത്തതുമായ വാചകങ്ങളിലൂടെ കടന്നുപോകുമ്പോൾ തന്നെത്തന്നെ പ്രതിഫലിപ്പിക്കുന്നതിൽ വായനക്കാരൻ പരാജയപ്പെട്ടു പോകും. തട്ടും തടവുമില്ലാതെ ഒഴുകുന്ന ഒരു തെളിനീരുറവ പോലെ, വായിച്ചതും അതിനപ്പുറത്തേക്കുള്ള ഭാവനയും ചേർക്കാനായി വായനക്കാരനെ പ്രേരിപ്പിക്കാൻ എഴുത്തുകാരന് കഴിയണം. നേരിട്ട് കഥ പറഞ്ഞു പോകുന്ന ശൈലികളിലുള്ള സാഹിത്യ കൃതികൾ താൽക്കാലിക വായനയ്ക്ക് ശേഷം പുറംതള്ളപ്പെടുന്നതിന് ഭാഷയുടെ വൈവിധ്യക്കുറവ് കൂടി പ്രധാന കാരണമാണ്.
REPRESENTATIVE IMAGE | WIKI COMMONS
കൂടാതെ വായനക്കാരന്റെ ഭാവനയെയോ ബൗദ്ധികമായ ഇടപെടലുകളെയോ അത്തരം കൃതികൾ പരീക്ഷിക്കുന്നുമില്ല. വായിച്ചു ‘തള്ളുക’ എന്നതാണ് പുതിയ കാലത്ത് ഇറങ്ങുന്ന, ബൗദ്ധിക വ്യായാമം തീരെ നൽകാത്ത പുസ്തകങ്ങളുടെ രീതി. ഈ പുസ്തക പ്രളയത്തിനിടയിൽ മികച്ച പുസ്തകങ്ങളുടെ അതിജീവനം വലിയ പ്രശ്നവുമാണ്. എഴുത്തുകാരനപ്പുറം വായനക്കാരന്റെ ഭാവന പ്രവർത്തിക്കുമ്പോഴാണ്, തങ്ങളുടെ അനുഭവങ്ങളെ ചേർത്ത് പുതിയ വായനാതലങ്ങൾ വായനക്കാരൻ സൃഷ്ടിക്കുമ്പോഴാണ്, യഥാർത്ഥത്തിൽ ഒരു സാഹിത്യകൃതി വായനയെ വെറും വായനയ്ക്ക് അപ്പുറം ഒരു അനുഭവമാക്കി മാറ്റുന്നത്. ഏതെങ്കിലും തരത്തിൽ വായനക്കാരന്റെ ചിന്തകളെ ഉലയ്ക്കാൻ കഴിയാത്തതും ‘വായനാനന്ദം’ മാത്രം നൽകുന്നതുമായ സാഹിത്യകൃതികളുടെ തള്ളിക്കയറ്റം വായനക്കാരുടെ ചിന്തകൾക്ക് മേൽകൂടിയാണ് കടിഞ്ഞാൺ ഇടുന്നത്. ബൗദ്ധികമായ വായന, സാഹിത്യ കൃതികളുടെ നിലനിൽപ്പിനു മാത്രമല്ല ആവശ്യമായി വരുന്നത്. പകരം ചുറ്റുപാടുകളെ, നിലനിൽക്കുന്ന പരിസ്ഥിതിയെ, ചരിത്രത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എന്നിവയെ പഠിക്കാൻ വേണ്ടികൂടിയാണ്.
ഭാവനയുടെ കല്ലുകൾ അടുക്കി വെച്ച് ഒരെഴുത്തുകാരൻ കെട്ടിപ്പടുക്കുന്ന സാഹിത്യകൃതിയുടെ മൂല്യമെത്രത്തോളമെന്നത് ഓരോ വായനക്കാരനും ഗ്രഹിച്ചെടുക്കുന്നതിന്റെ അളവിനനുസരിച്ചു മാറും. അങ്ങനെയാകുമ്പോഴും നേർരേഖയിൽ എഴുതപ്പെടുന്ന സാഹിത്യകൃതികളെല്ലാം പതിയെ, പുതിയ വായനക്കാരന്റെ ബൗദ്ധികവും ഭാവനാപരവുമായ ചിന്തകളെ ദുർബലപെടുത്തുക കൂടിയാണ് ചെയ്യുക. ഏറെ ദുർഗ്രാഹ്യതയുള്ള, വിവരണങ്ങളുടെ അതിപ്രസരമുള്ള എഴുത്ത് രീതിയും വായനക്കാരനെ അകറ്റും. ലളിതമാകുകയും എന്നാൽ അതേ സമയം ഭാഷയെ നവീകരിക്കുകയും ചെയ്യുന്ന പദപ്രയോഗങ്ങൾ കൊണ്ട് എഴുതപ്പെടുമ്പോഴാണ് വായിക്കുന്നവരുടെ ഉള്ളിൽ ഉപയോഗിക്കപ്പെടുന്ന സാഹിത്യത്തിൻറെ പ്രമേയം ഉള്ളിൽ തറയ്ക്കപ്പെടുകയുള്ളൂ.
ഒരു കൃതി, അതിന്റെ രൂപകം ഏത് വിധത്തിലുള്ളതായാലും വായനക്കാരന്റെ ഓർമ്മയുടെ പരിസരങ്ങളിൽ ദീർഘകാലം നിലനിൽക്കണമെങ്കിൽ ആ കൃതിയിലെ ഭാഷയുടെ വൈകാരികത വളരെ പ്രധാനമാണ്. എന്നാൽ ഈ വൈകാരിക സന്ദർഭങ്ങൾ നിർമ്മിച്ചെടുക്കുകയെന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അത്തരം വെല്ലുവിളികളെ മറികടന്ന് കൊണ്ട് നിലനിൽക്കുക എളുപ്പവുമല്ല. ഇ സന്തോഷ് കുമാർ പക്ഷെ അത് അനായാസേന നിർവ്വഹിക്കുന്നുണ്ടെന്ന് മലയാള സാഹിത്യത്തെ ഗൗരവമായി കാണുന്നവർക്ക് അറിയാം. വളരെ സ്വാഭാവികമായും ദുർഗ്രാഹ്യത കാട്ടാതെയും കഥ പറയുന്നതാണ് ഇ സന്തോഷ് കുമാറിന്റെ ശൈലി. അത് ‘തപോമയി’യിൽ എത്തുമ്പോൾ ഒരുപടി കൂടി മുന്നേറുന്നതായി കാണാം. എഴുത്ത്, വായനക്കാരന് കേവലമായ ഒരാനന്ദം നൽകുന്ന സംഗതിയാക്കുന്നതിന് പകരം മറന്ന് കളയാൻ പറ്റാത്ത വിധം പ്രമേയങ്ങളുടെയും ഭാഷയുടെയും പുതിയ തലങ്ങൾ കൊണ്ട് വരാൻ ഇ സന്തോഷ് കുമാർ എല്ലായ്പ്പോഴും ശ്രദ്ധാലുവാണെന്ന് കാണാം.REPRESENTATIVE IMAGE | WIKI COMMONS
ഓരോ വായനക്കാരനും സ്വയം ഉള്ളിൽ നിർമ്മിച്ചെടുക്കുന്ന എഴുത്തുകാരന്റെ ശൈലിചട്ടക്കൂടുകളുണ്ട്. ഒരേ തരം പ്രയോഗങ്ങൾ, പരിസരങ്ങൾ എന്നിവ തുടർച്ചയായി വരുമ്പോൾ മികച്ച പ്രമേയങ്ങളായാലും എഴുത്തുകൾ ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള സാധ്യതകളുണ്ട്. എന്നാൽ ഇ സന്തോഷ് കുമാർ തന്നെ അതിൽ സ്വയം തളച്ചിടാതെ കഥകളും നോവലുകളും കൊണ്ട് ഏറെക്കുറെ സ്ഥിരം ശൈലിയുടെ ചട്ടക്കൂടുകളിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കാൻ ശ്രമിക്കാറുണ്ട്. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ കൂടുതലായും ശ്രദ്ധ ചെലുത്താറുള്ളത്. എന്നാലത് ഒരേ രീതിയിലും, അച്ചിലും വാർത്തെടുക്കുന്നവയല്ല. മൂന്ന് വർഷത്തെ ഇടവേളകളിൽ പുറത്തിറങ്ങിയ രണ്ടു നോവലുകൾ; ‘ജ്ഞാനഭാര’വും ‘തപോമയിയുടെ അച്ഛനും’ നോക്കുക. രണ്ടിലും കേന്ദ്രകഥാപാത്രങ്ങൾ ഒറ്റപ്പെട്ട് ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ടു വൃദ്ധന്മാരാണ്. പക്ഷെ ‘തപോമയിയുടെ അച്ഛൻ’ അന്തർദേശീയ മാനം കൈവരുന്ന രാഷ്ട്രീയ വായന കൂടി ഉൾപ്പെട്ടതും അതേ സമയം മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുമായ കൃതിയായിട്ടാണ് എഴുതപ്പെട്ടിട്ടുള്ളത്.
മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനാകാത്ത, ഉള്ളിൽ മാത്രം ബാക്കിയുള്ള ചില സമസ്യകളെയും ചേർത്ത് പിടിച്ച് മണ്ണിലേക്ക് അവസാന യാത്ര ചെയ്യുന്ന മനുഷ്യരുണ്ട്. അതിന് വിപരീതമായി തങ്ങളുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുകയോ വിഷമസന്ധിയിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്ന ചില നിഗൂഢതകളെ പാതിയെങ്കിലും പുറത്തറിയിച്ചു ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവരുമുണ്ട്. ഇങ്ങനെ പലവിധത്തിലാണ് തങ്ങളുടെ ആന്തരിക പ്രശ്നങ്ങളെ മനുഷ്യർ നേരിടുന്നത്. ‘തപോമയിയുടെ അച്ഛനാ’കട്ടെ ഒരു ഡയറിയിൽ ആർക്കും വായിക്കാൻ കഴിയില്ലെന്ന ധാരണയിൽ ഗൂഢലിപികളിലൂടെ തന്റെ ജീവിതം എഴുതി വച്ചാണ് ഭൂമിയിൽ നിന്നും മടങ്ങുന്നത്.
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥിയാണ് ഗോപാൽ ബറുവ. അയാളുടെ മകനായ തപോമയിയെ തന്റെ ജോലിയുടെ ഭാഗമായി പരിചയപ്പെടേണ്ടി വരുന്ന ആഖ്യാതാവ് അവിചാരിതമായി, തപോമയി മറന്നുവച്ച ഒരു കുറിപ്പിൽ നിന്നും അയാളുടെ അച്ഛൻ ഗോപാൽ ബറുവയെയും പരിചയപ്പെടുന്നതോട് കൂടിയാണ് അഭയാർത്ഥി ജീവിതവും ഗോപാൽ ബറുവയുടെ ഗൂഢലിപികളുടെ എഴുത്തും പിന്നെ അയാളുടെ ജീവിതത്തിന്റെ യഥാർത്ഥ പൊരുളുകളും ഇതൾവിരിയുന്നത്. യഥാർത്ഥത്തിൽ മനുഷ്യരെല്ലാം ഒരു മഹാ സ്നേഹത്തിനു വേണ്ടിയുള്ള പ്രയാണത്തിലാണ്. സ്നേഹം മനുഷ്യരെക്കൊണ്ട് ശരി ചെയ്യിക്കുന്നു. ചിലപ്പോൾ തെറ്റും. തപോമയിയുടെ അമ്മ സുമന പറയുന്ന “കുട്ടികൾ ദൈവത്തിന്റെതാണ്” എന്ന വാചകം ഗോപാലിന്റെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകളെ മറിച്ചിടുന്നുണ്ട്. അതോട് കൂടിയാണ് നിസ്വാർത്ഥമായ സ്നേഹമായി ഗോപാൽ മാറുന്നത്. കുറെ ദിവസങ്ങളുടെ അലച്ചിലിന് ശേഷം തപോമയിയെ ആശുപത്രിയിൽ സന്ദർശിക്കുന്ന ഗോപാലിൽ ആ സ്നേഹമാണ് പ്രതിഫലിക്കുന്നത്.
ഇ സന്തോഷ് കുമാര്‍ | PHOTO: THE MALABAR JOURNAL
പക്ഷെ ചെയ്ത തെറ്റിന്റെ ഭാരം അയാളെ ഒരിക്കലും വിട്ടൊഴിയുന്നുമില്ല. ഒടുവിൽ സുഹൃത്തായ തപസ്സ് സർക്കാരിന്റെ നിർദ്ദേശമനുസരിച്ച്, ആരോടും പങ്ക് വയ്ക്കാൻ കഴിയാത്ത തന്റെ വലിയ സങ്കടങ്ങളെ ഗൂഢലിപികളിൽ ഒരു ഡയറിയിൽ ഗോപാൽ കുറിച്ചിടുന്നു. ചിത്രങ്ങളായും ചിഹ്നങ്ങളായും തിരിച്ചും മറിച്ചും എഴുതിയിട്ടും ഡയറി കയ്യിൽ കിട്ടിയ ആഖ്യാതാവ് ഏറെക്കുറെ ഗോപാലിന്റെ കഥ വായിച്ചെടുക്കുന്നുണ്ട്. നഷ്ടപ്പെട്ട ഡയറി ആഖ്യാതാവിന്റെ കയ്യിലെത്തിയാൽ അയാൾ അത് വായിച്ചേക്കുമെന്ന ഭയം എല്ലായ്പ്പോഴും ഗോപാലിലുണ്ടായിരുന്നു. ആഖ്യാതാവിന്റെ സുഹൃത്തായ മകൻ തപോമയി എന്നെങ്കിലും ആ രഹസ്യങ്ങൾ അറിഞ്ഞേക്കുമോയെന്ന തോന്നലായിരുന്നു ആ പേടിക്ക് പിന്നിൽ. ചില സത്യങ്ങൾ ആരും അറിയാതിരിക്കുന്നതാണ് നീതി. എല്ലാം എല്ലാവരുമറിയേണ്ടതല്ല എന്ന തത്വത്തിൽ വിശ്വസിച്ച് ആഖ്യാതാവ് ആ രഹസ്യം തപോമയിയെ അറിയിക്കുന്നുമില്ല.
ഓരോ മനുഷ്യജീവിതവും പെട്ടെന്നാർക്കും വായിച്ചെടുക്കാൻ കഴിയാത്ത ആദിമലിപി സഞ്ചയങ്ങളാണെന്ന് ‘തപോമയിയുടെ അച്ഛൻ’ ഓർമ്മപ്പെടുത്തുന്നു. സ്നേഹത്തിന്റെ കൂടി അഭയാർത്ഥികളാണ് മനുഷ്യർ എന്നുകൂടി നോവൽ പറയുന്നു. സ്നേഹത്തിന് വേണ്ടി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് വേരുറയ്ക്കും വരെ അവർ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. ദശകങ്ങളായി അഭയാർത്ഥികളെ സ്വീകരിക്കുകയും അവർക്കൊപ്പം കിതയ്ക്കുകയും കുതിക്കുകയും ചെയ്ത നഗരമാണ് കൊൽക്കത്ത. നോവലിന്റെ പശ്ചാത്തലം ആ മഹാനഗരമാണെങ്കിൽ കൂടിയും അതിന്റെ വേരുകൾ ബംഗ്ലാദേശിലേക്കും ബർമ്മയിലേക്കും ഡൽഹിയിലേക്കും കൂടി നീണ്ടുകിടക്കുന്നുണ്ട്. പ്രത്യേകമായി പരാമർശിക്കുന്നില്ലായെങ്കിൽ കൂടിയും ലോകത്തിലെ വീടില്ലാത്ത എല്ലാ മനുഷ്യരുടെയും മഹാവ്യസനങ്ങളുടെ ലിപിയും ‘തപോമയിയുടെ അച്ഛനിലുണ്ട്’. കൂടെ വായനയ്ക്ക് ദുർഗ്രഹമായ ആദിമലിപികളെപ്പോൽ ഗോപൽ ബറുവയും അയാളുടെ പൂർവ്വജീവിതവും.
ആഖ്യാതാവും വായനക്കാരനും ഒരുപോലെ ഗോപാൽ ബറുവയെ വായിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എളുപ്പം പിടിതരാതെ കുതറിമാറുന്നുവെങ്കിലും ഒരു വലിയ മഴയ്ക്കും തണുപ്പിക്കാനാവാത്ത താപമുള്ളിൽ പേറി നിരുപാധിക സ്നേഹത്തിന്റെ പര്യായമായി അയാൾ മാറുന്നത് വായനക്കാരൻ പതിയെ അറിയുന്നു. തന്റെയും മകന്റെയും ഭൂതകാലം അവൻ അറിയാതിരിക്കാനായി ഹൃദയത്തിൽ കനലുകൾ സൂക്ഷിച്ച് ജീവിക്കുന്ന ഗോപാൽ, വെളിപ്പെടുത്താനാകാത്തതും കേട്ടാൽ കൂടെയുള്ള മനുഷ്യർ വേദനയുടെ പടുകുഴിയിലേക്ക് വീണു പോകുന്നതുമായ ചില സത്യങ്ങളെ ഉള്ളിൽ സൂക്ഷിച്ച് ജീവിതം ഹോമിക്കുന്ന മനുഷ്യരുടെ പ്രതീകങ്ങളിൽ ഒന്നാണ്. അച്ഛനിൽ നിന്നും പകർന്നു കിട്ടിയ നിരുപാധിക സ്നേഹം തന്റെ കോർപറേറ്റ് ജോലി വേണ്ടെന്ന് വെച്ച് അഭയാർത്ഥികൾക്ക് മേൽ ചൊരിയുന്ന തപോമയിയും ഗോപാൽ ബറുവയുടെ നിസ്വാർത്ഥമായ സ്നേഹം ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകുന്ന മനുഷ്യനാണ്. അച്ഛനെക്കാൾ ഒരു പടി കൂടി അയാൾ ഉയരുന്നു എന്ന് മാത്രം.
അഭയാർഥികളുടെ കടുത്ത ജീവിത യാഥാർഥ്യങ്ങൾ വരച്ചു കാട്ടപ്പെടുമ്പോഴും തപോമയിക്ക് അറിയാത്ത, ആഖ്യാതാവിനു അറിയുന്ന ആ രഹസ്യത്തിന്റെ കനം വായനക്കാരനെ നോവലിൽ നിന്നും പിന്തിരിയാനാകാതെ പിടിച്ചിരുത്തും. തപോമയി അയാളുടെ അച്ഛനെ അഭിമാനത്തോടെ ഓർക്കുന്ന രംഗങ്ങളിലെല്ലാം ആഖ്യാതാവിനെപ്പോലെ വായനക്കാരനും നിസ്സംഗനാകുന്നു. അവസാനഭാഗത്ത് ഒന്നുകൂടി, ഏറെ അഭിമാനത്തോടെ ‘എന്റെ അച്ഛൻ’ എന്ന് തപോമയി പറയുമ്പോൾ നോവലിസ്റ്റ് എഴുത്തു നിർത്തുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളുടെ നിരയിലേക്ക് ‘തപോമയിയും’ ചേർത്ത് വയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് ദിനേന വന്നുകൊണ്ടിരിക്കുന്ന പലമാനങ്ങളിലുള്ള വായനകൾ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ എല്ലാ കാലവും ഗൂഢലിപികൾക്ക് ഉള്ളിൽ ഒളിച്ചു വച്ചിരിക്കുന്ന രഹസ്യത്തിന്റെ ഭാരം വായനക്കാരന്റെ ചുമലിലാണ്. ഗോപാൽ ബറുവയ്ക്കൊപ്പം കാലങ്ങളുടെ നിലയ്ക്കാത്ത മഴ അവർ കൊള്ളേണ്ടി വരും. അഭയാർത്ഥികളുടെ കൂടെയുള്ള തപോമയിയുടെ കഥ അത് പോലെ തുടർന്നേക്കും. അയാൾ സ്വതന്ത്രനാണ്. കൂടെ എഴുത്തുകാരനും.


