TMJ
searchnav-menu
post-thumbnail

Penpoint

തര്‍ക്കോവ്സ്കി ചിത്രങ്ങളിലൂടെയുള്ള ചിന്താസഞ്ചാരങ്ങൾ

27 Apr 2023   |   4 min Read
സി എസ് വെങ്കിടേശ്വരൻ

ര്‍ക്കോവ്സ്കിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള പി കെ സുരേന്ദ്രന്റെ ഈ ആസ്വാദനപഠനം പലതുകൊണ്ടും വ്യത്യസ്തവും അപൂർവ്വവുമാണ്. സിനിമ എന്ന കലയോടും മാധ്യമത്തോടും ഉള്ള സമീപനം, ചിത്രങ്ങളെക്കുറിച്ചുള്ള ആലോചനയിലെ ആശയസങ്കല്പനാവലംബങ്ങളുടെ വൈവിധ്യം, ലാവണ്യാനുഭവ വിവരണരീതിയിൽ പുലർത്തുന്ന വ്യത്യസ്തത എന്നിവയായിരിക്കും ഈ പുസ്തകത്തെ മറ്റു സിനിമാ പുസ്തകങ്ങളിൽനിന്ന് മാറ്റിനിർത്തുന്നത്. വളരെ സങ്കീർണവും പലപ്പോഴും അങ്ങേയറ്റം വൈയക്തികവും സവിശേഷവുമായ സാംസ്ക്കാരികധ്വനികളുള്ളതുമായ തര്‍ക്കോവ്സ്കി സിനിമകൾ ഓരോ കാണിയ്ക്കും നൽകുന്നത് തികച്ചും വ്യത്യസ്തവും അനന്യവുമായ അനുഭവമായിരിക്കും. സാർവ്വലൗകികമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾത്തന്നെ തര്‍ക്കോവ്സ്കി സിനിമകൾ ഓരോ കാണിക്കും നൽകുന്നത് വളരെ വൈയക്തികവും സ്വപ്നതുല്യവുമായ അനുഭവമാണ്.

തര്‍ക്കോവ്സ്കിയുടെ കലുഷമായ വൈയക്തികജീവിതം, റഷ്യയുടെ രാഷ്ട്രീയ ചരിത്രം, കല, സാഹിത്യം, യൂറോപ്യൻ ക്രിസ്തീയതയും പൌരസ്ത്യ ദർശനങ്ങളും ഇടകലരുന്ന അതിന്റെ ആത്മീയ ആഭിമുഖ്യങ്ങൾ ഇവയുടെയെല്ലാം സംഘർഷാത്മകമായ ഇടകലരൽ തര്‍ക്കോവ്സ്കിയുടെ ചലച്ചിത്രങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ പല കോണുകളിൽനിന്ന് കാണാനും ആസ്വദിക്കാനും വിശദീകരിക്കാനുമുള്ള സാധ്യതകൾ അവ തുറന്നിടുകയും ചെയ്യുന്നു. അതിലെ സ്വപ്നരംഗങ്ങൾ, പല സ്രോതസ്സുകളിൽനിന്നുള്ള ഉദ്ധരണികൾ, കവിതാശകലങ്ങൾ, ചിന്തകൾ, ഭ്രമാത്മകദൃശ്യങ്ങൾ ഇവയെല്ലാം തന്നെ അതാത് ആഖ്യാനങ്ങൾക്കകത്ത് സവിശേഷമായ ചില ധർമ്മങ്ങൾ നിർവഹിക്കുമ്പോഴും, നമ്മെ അവ മറ്റു പലതരം മന:സഞ്ചാരങ്ങളിലേക്ക് ആനയിക്കുന്നുമുണ്ട്. അങ്ങനെ ഓരോ കാണിക്കും അവരുടേതുമാത്രമായ ഒരു തര്‍ക്കോവ്സ്കിയുണ്ട് അല്ലെങ്കിൽ ഉണ്ടാവാം എന്നതാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര ലോകത്തിന്റെ പ്രത്യേകത. അനുഭവം / ജീവിതം / കല, വ്യക്തി / സമൂഹം / രാഷ്ടീയം എന്നീ ഘടകങ്ങളൊക്കെ ഒരേപോലെ പ്രധാനവും നിർണായകവുമായിത്തീരുന്ന ഒരു സമീപനരീതിയാണ് തര്‍ക്കോവ്സ്കി ചിത്രങ്ങൾ ആവശ്യപ്പെടുന്നത്. അത്തരമൊരു സമീപനമാണ് പുസ്തകത്തിൽ സുരേന്ദ്രൻ സ്വീകരിക്കുന്നതും.നമുക്ക് ചിരപരിചിതമായ പല ലാവണ്യ / നിരൂപണ സങ്കേതങ്ങളെയും തര്‍ക്കോവ്സ്കിയുടെ ചിന്തകൾ പുനരാലോചനയ്ക്കായി പ്രകോപിപ്പിക്കുകയോ ക്ഷണിക്കുകയോ ചെയ്യുന്നുണ്ട്: “തര്‍ക്കോവ്സ്കിയുടെ അഭിപ്രായത്തിൽ സിനിമ ആത്മനിഷ്ഠമായ സമയ മര്‍ദ്ദം (Subjective time pressure) സൃഷ്ടിക്കണം. ഇങ്ങനെ നോക്കുമ്പോള്‍ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഈ സാഹചര്യത്തെ പുറത്തുനിന്ന് ലക്ഷണങ്ങളിലൂടെ തീര്‍പ്പാക്കുകയാണ്. എന്നാല്‍ കല അനുഭവത്തിന്റേതായ ഒരു പ്രക്രിയ സൃഷ്ടിക്കുന്നതിലൂടെ പ്രേക്ഷകര്‍ ആന്തരികമായി ഈ സന്ദര്‍ഭത്തിലൂടെ / സീനിലൂടെ പുനര്‍ജ്ജീവിക്കുന്നു." അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ സിനിമാനിരൂപണത്തെയും എഴുത്തിനെയും കുറിച്ചുള്ള ചില സംവാദദിശകൾ കൂടി ഈ ഗ്രന്ഥം തുറന്നിടുന്നു.

സിനിമാനുഭവത്തെ, സിനിമ എന്ന വികാരപ്രപഞ്ചത്തെ (സെൻസോറിയം) പുനരാലോചിക്കാനും ഇത്തരം അന്വേഷണങ്ങൾ വഴിതെളിക്കുന്നു. പലപ്പോഴും സിനിമയെ കാഴ്ച്ച / കേൾവി (ഓഡിയോവിഷ്വൽ) മാത്രമായ ഇന്ദ്രിയാനുഭവ തലത്തിലേക്ക് ചുരുക്കുകയാണ് നമ്മുടെ എഴുത്തുപതിവ്. എന്നാൽ സിനിമ എന്നത് സർവ്വ ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുന്ന ഒന്നാണ് എന്ന് തര്‍ക്കോവ്സ്കി ചിത്രങ്ങളെ മുൻനിർത്തി സുരേന്ദ്രൻ വിശദീകരിക്കുമ്പോൾ ലാവണ്യാനുഭൂതി എന്ന നമ്മുടെ ലോകാനുഭവത്തിന്റെ അല്ലെങ്കിൽ സവിശേഷമായ ആ അറിവിന്റെ സങ്കീര്‍ണ്ണ തലങ്ങളാണ് തെളിഞ്ഞുവരുന്നത്: “തര്‍ക്കോവ്സ്കിയുടെ സിനിമകള്‍ക്ക് ഈ ഗുണവും ഉണ്ട്. അദ്ദേഹം കഥാപാത്രങ്ങള്‍ക്കൊപ്പം വസ്തുക്കളെയും ജലത്തെയും മറ്റും തൊടാനുള്ള അദമ്യമായ ആഗ്രഹം നമ്മിൽ ഉണര്‍ത്തുന്നു. തീക്ഷ്ണമായ ഏകാന്തത അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലൂടെയും സാമിപ്യത്തിലൂടെയും (Proximity) ടെക്സ്‌ചറിലൂടെയും, വിപുലീകരണത്തിലൂടെയും (Magnification) കാലദൈർഘ്യത്തിലൂടെയും ആണ് ഈ ഗുണം അദ്ദേഹം സൃഷ്ടിക്കുന്നത്. ദൃശ്യങ്ങളുടെ പ്രത്യേക തരത്തിലുള്ള രൂപീകരണത്തിലൂടെയും പ്രതലത്തിന്റെ വിശദാംശങ്ങളുമായി അടുത്തതും സൂക്ഷ്മവുമായ ബന്ധം സ്ഥാപിപ്പിക്കുന്നതിലൂടെയും ടെക്സ്‌ചറിലൂടെയും പ്രേക്ഷകരില്‍ ശാരീരികമായ / ഭൗതിമമായ സ്പര്‍ശനാനുഭവത്തെ ഉണര്‍ത്തുന്നു. ഒപ്പം ചലനങ്ങളുടെയും ശബ്ദങ്ങളുടെയും കാവ്യാത്മകമായ ഉപയോഗവും ഉണ്ട്. ഇത് നോട്ടം മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ചുള്ള, ശരീരം കൂടി പങ്കെടുക്കുന്ന കാഴ്ചാനുഭവം ആവുന്നു. ഇവിടെ കാഴ്ച (കണ്ണുകള്‍) സ്പര്‍ശിക്കാനുള്ള അവയവം പോലെ പ്രവര്‍ത്തിക്കുന്നു. ഇത് സാധാരണ രീതിയിലുള്ള കാഴ്ചാ സങ്കല്‍പ്പം പോലെയല്ല. ഒരു സിനിമ കാണുമ്പോള്‍ സാധാരണയായി നാം പ്രാതിനിധ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. സാധാരണയായി ഗ്രഹിക്കുന്നതിനും ആരാണോ ഗ്രഹിക്കുന്നത് എന്നതും തമ്മിലുള്ള ബന്ധം മാത്രമായിട്ടാണ് നാം ഗ്രാഹ്യത്തെ മനസ്സിലാക്കുന്നത്. ഒരു അഭിപ്രായം ഉണ്ടാക്കാനാണ് ഒന്നിനെ നിരീക്ഷിക്കുന്നത് എന്നാണ് നാം പൊതുവെ കരുതുന്നത്. എന്നാല്‍ സ്പര്‍ശനേന്ദ്രിയത്തെ സംബന്ധിക്കുന്ന കാഴ്ചയി(Haptic visuality) നാം വസ്തുക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. കാണലിനും കേള്‍ക്കലിനും അപ്പുറത്തുള്ള സ്പര്‍ശനേന്ദ്രിയ സംബന്ധിയായ സ്പര്‍ശം, രുചി, ഗന്ധം, അനുഭവം സൃഷ്ടിക്കുന്നതില്‍ തര്‍ക്കോവ്സ്കിയുടെ സിനിമകളിൽ വെളിച്ചത്തിന്റെ പ്രത്യേക രീതിയിലുള്ള ഉപയോഗവും വലിയ പങ്കുവഹിക്കുന്നു".


ആന്ദ്രേ തര്‍ക്കോവ്സ്കി | Photo: Wiki Commons

ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ലാവണ്യാനുഭവവിവരണത്തിനും വിശകലനത്തിനുമായി അതുപയോഗിക്കുന്ന ഉപാദാനങ്ങളുടെ വൈവിധ്യമാണ്: സിനിമയെക്കുറിച്ച് തര്‍ക്കോവ്സ്കിയുടെ നിരീക്ഷണങ്ങൾ, അഭിമുഖങ്ങൾ, ഡയറിക്കുറിപ്പുകൾ, അദ്ദേഹത്തിന്റെ അച്ഛന്റേതടക്കമുള്ള കവിതകളിൽ നിന്നുള്ള വരികൾ, ആനന്ദവർദ്ധനൻ തുടങ്ങി ദെല്യൂസ് വരെയുള്ള ചിന്തകരുടെ ഉൾക്കാഴ്ച്ചകൾ ഇവയെല്ലാം ഇവിടെ സിനിമാനുഭവത്തിന്റെയും വിശകലനത്തിന്റെയും ഭാഗമായിത്തീരുന്നു. തര്‍ക്കോവ്സ്കിയെപ്പോലുള്ള കലാകാരന്മാർ അവരുടെ രചനകളിലൂടെ ചെയ്യുന്നത് കാലിഡസ്കോപിക് എന്നുവിളിക്കാവുന്ന രീതിയിലുള്ള അനുഭവങ്ങളും ചിന്തകളും വികാരങ്ങളും എല്ലാം ഇടകലരുന്ന ലാവണ്യാനുഭൂതിയിലേക്ക് നമ്മെ ആനയിക്കുകയാണ്. ഒരിടത്ത് കലയുടെ ലക്ഷ്യത്തെക്കുറിച്ച് ഇങ്ങിനെ പരാമർശിക്കപ്പെടുന്നു: “കലയുടെ പരമമായ ലക്ഷ്യം പൂര്‍ണ്ണമായ സൗന്ദര്യാനുഭവമാണ്. കല എല്ലാ സംഘര്‍ഷങ്ങളിൽ നിന്നും / ദ്വന്ദ്വങ്ങളിൽനിന്നും മുക്തമായ ഒരു ശുദ്ധമായ ആനന്ദാവസ്ഥ സൃഷ്ടിക്കുന്നു. ആന്തരികമായും ബാഹ്യമായും വൈരുദ്ധ്യങ്ങൾ ഇല്ലാത്ത അവസ്ഥ. എകാത്മകത്വം. ബുദ്ധിയിലൂടെയല്ല, വികാരങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്, ഈ അവസ്ഥ പ്രാപിക്കുന്നത്. ആനന്ദവര്‍ദ്ധനും അഭിനവഗുപ്തനും മറ്റും കലയെ ഒരു ബാഹ്യവസ്തുവായിട്ടല്ല, വ്യക്തിയുടെ ആന്തരീകാവസ്ഥ ആയിട്ടാണ് കാണുന്നത്. ഇവരെ സംബന്ധിച്ച് കലയുടെ അടിസ്ഥാന ലക്ഷ്യം സാമൂഹ്യ സാംസ്കാരിക അടിച്ചമര്‍ത്തലിന്റെ ഫലമായും, വ്യക്തിഗതമായ പ്രശ്നങ്ങളുടെ ഫലമായും ആത്മനിഷ്ഠത നഷ്ടപ്പെട്ട വ്യക്തിയിൽ പൂര്‍ണ്ണമായ ലോകത്തെ പുന:സ്ഥാപിക്കുകയാണ്".

ഓരോ വ്യക്തിക്കും എന്നതുപോലെ ഓരോ സംസ്ക്കാരത്തിനും തര്‍ക്കോവ്സ്കി ചിത്രങ്ങൾ വളരെ വ്യത്യസ്തമായ ചിന്താ / ലാവണ്യ വഴികൾ തുറന്നുതരാനിടയുണ്ട്. കവിതയിലൂടെയും മതാത്മകതയിലും നൈതിക - ഉദ്വോഗങ്ങളിലും മറ്റും ഒരു തികഞ്ഞ റഷ്യൻ ചലച്ചിത്രകാരനായിരിക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ ചിത്രങ്ങൾ യൂറോപ്യൻ - ഇതര വീക്ഷണകോണുകളിലൂടെ നോക്കുമ്പോൾ വ്യത്യസ്തമായ ചില കാഴ്ച്ചകളിലേക്കും അനുഭവങ്ങളിലേക്കും ലാവണ്യാനുഭൂതികളിലേക്കും നയിക്കാനിടയുണ്ട്. എവിടെനിന്നുകൊണ്ട് ഒരു കാണി / നിരൂപക ഒരു ചിത്രത്തെ നോക്കിക്കാണുന്നു എന്ന വിഷയം കൂടി ഇവിടെ പ്രധാനമാകുന്നു. സുരേന്ദ്രന്റെ ഈ പുസ്തകത്തെ അത്തരമൊരു സംവാദശ്രമം കൂടിയായി കാണാവുന്നതാണ്: "ഭാരതീയ കലാ സിദ്ധാന്തം അനുസരിച്ച് കലയിലൂടെ ബുദ്ധിശക്തിയോ ഇച്ഛാശക്തിയോ ഉണ്ടാക്കിയെടുക്കുകയല്ല, മറിച്ച് ഭാവത്തിനാണ് പരമ പ്രാധാന്യം. പ്രകൃതിയുമായി ഐക്യത്തിലുള്ള / ലയിച്ച ഒരു വ്യക്തിയാണ് ഭാവ പൂര്‍ണ്ണൻ. ആ വ്യക്തിയുടെ പ്രകൃതിയുമായുള്ള ഐക്യാനുഭവം / ഒന്നാണെന്നുള്ള അനുഭവം ഒരു ഹൃദയഗതമായ / ഹൃദയാന്തരസ്പര്‍ശിയായ അനുഭവമാണ്. അല്ലാതെ ഞാന്‍ ഇപ്പോൾ പ്രകൃതിയുമായി ഒന്നാകുന്നു എന്ന ചിന്തയുടെ പ്രത്യക്ഷീകരണം അല്ല. ഇത്തരത്തിലുള്ള ഹൃദയാന്തരസ്പര്‍ശിയായ അനുഭവം വാക്കുകളിലൂടെ പകരാൻ / കൈമാറ്റം ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ സ്നേഹം, ദ്വേഷ്യം മുതലായ വാക്കുകള്‍ ഒരു ഭാവത്തിന്റെ / വികാരത്തിന്റെ സാമാന്യാശയം മാത്രമേ പകരുന്നുള്ളൂ, കേള്‍ക്കുന്നവരിൽ ഹൃദയാന്തരസ്പര്‍ശിയായ അനുഭവം സൃഷ്ടിക്കുന്നില്ല. അതായത് ചിന്തിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണ് / അനുഭവിക്കാനുള്ളതാണ്. ജ്ഞാനം വാച്യത്തിലൂടെ പ്രകടമാക്കാൻ പറ്റും, എന്നാല്‍ ഹൃദയാന്തരസ്പര്‍ശിയായ അനുഭവം മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കാൻ പറ്റുക, ആ വ്യക്തിയില്‍ സമാനമായ അനുഭവം സൃഷ്ടിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് നമ്മെ ധ്യാനസമാനമായ അനുഭവവിശേഷത്തിലേക്ക് എത്തിച്ച സിനിമയെ കുറിച്ചോ, സംഗീതത്തെ കുറിച്ചോ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുത്ത് പൂര്‍ണ്ണമായും അനുഭവിപ്പിക്കാൻ പറ്റാത്തത്. ഇത്തരത്തിലുള്ള സിനിമയെ കുറിച്ച് എഴുതുമ്പോഴും ഈ പ്രശ്നം നിലനില്‍ക്കുന്നു. അതുപോലെ ഒരാൾ കണ്ട ചില സ്വപ്നത്തെകുറിച്ച് മറ്റൊരാളെ പറഞ്ഞു ഫലിപ്പിക്കാനും കഴിയില്ല".


പി കെ സുരേന്ദ്രൻ | Photo: Prasoon Kiran

ഒരുപക്ഷേ സുരേന്ദ്രൻ ഇവിടെ ശ്രമിക്കുന്നത് തര്‍ക്കോവ്സ്കിയുടെ സ്വപ്നസഞ്ചാരങ്ങളിലൂടെയുള്ള തന്റെ ചിന്താസഞ്ചാരങ്ങളെ രേഖപ്പെടുത്തുക എന്നതാണ്. അത്തരത്തിലുള്ള സ്വതന്ത്രവും സർവ്വാശ്ലേഷിയുമായ ചിന്താസഞ്ചാരങ്ങൾ വളരെ നിർണായകമായിത്തീർന്നിട്ടുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ കലാസൃഷ്ടികളിലേക്കും കലാനുഭവങ്ങളിലേക്കും തുറക്കുന്ന ഇത്തരം സമീപനരീതികൾ പ്രധാനങ്ങളാണ്.

കലയേയും ലാവണ്യാനുഭവങ്ങളെയുമെല്ലാം നമ്മൾ നേരിടുന്നത് പൂർവ്വനിശ്ചിതവും അടഞ്ഞതുമായ യുക്തിവാദരീതികൾ കൊണ്ടാണ്. തീരുമാനിച്ചുറപ്പിച്ചിട്ടുള്ള ചില മുൻകൂർ വിധിനിർണയക്കുറ്റികളിൽ ആസ്വാദനത്തെയും വായനകളേയും പിടിച്ചുകെട്ടാനാണ് പല വിമർശകരും ശ്രമിക്കുന്നത്: ഓരോ കലാസൃഷ്ടിയുമായുള്ള അഭിമുഖവും അങ്ങിനെ നമ്മുടെ വിശ്വാസപ്രമാണങ്ങളെ വീണ്ടും വീണ്ടും തെളിയിക്കാനുള്ള അവസരങ്ങളോ, അതിനെ ഊട്ടിയുറപ്പിക്കാനുള്ള ഉദാഹരണങ്ങളോ ആയിമാറുന്നു; അവിടെ നിരൂപണത്തിന്റെ ദൌത്യം എന്നത് സന്ദേഹരഹിതമായ ആശയശാന്തിയിലേക്ക് തിരിച്ചുവന്നുകൊണ്ടേയിരിക്കുക എന്നതായിത്തീരുന്നു. കലയുമായുള്ള മുഖാമുഖം അവനവനെത്തന്നെ നിരുപാധികം തുറന്നിടുന്നതും, അതിന്റെ അപ്രവചനീയവും അപ്രതീക്ഷിതവുമായ ഒഴുക്കുകളിലേക്ക് സ്വയമെറിഞ്ഞ് അതിന്റെ സ്പന്ദനങ്ങളെയും പ്രവാഹഗതികളെയും പിന്തുടരാനും അനുഭവിക്കാനും അറിയാനുമുള്ള സന്നദ്ധതയും ശ്രമവും ആയിരിക്കേണ്ടതുണ്ട്, അല്ലാതെ, ഒരു ‘പൂർണ’കൃതിയും ഉറച്ച(ഞ്ഞ) മനസ്സും തമ്മിലുള്ള യാന്ത്രികവും പ്രവചനീയവുമായ ഇടപെടലാകരുത് അത്. തര്‍ക്കോവ്സ്കി സിനിമകളെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങൾക്കു പുറമെ ഈ പുസ്തകം നമ്മോട് പറയുന്നത് ഇതുകൂടിയാണ്.

#Penpoint
Leave a comment