ഭീതിയുടെ രാഷ്ട്രീയം
എം നന്ദകുമാറിന്റെ 'കാളിദാസന്റെ മരണം' എന്ന നോവലിനെ മുന്‍നിര്‍ത്തി ഒരു പഠനം
നിരവധി അടരുകളില്‍ ഒരേസമയം വായിക്കാവുന്ന നോവലാണ് 'കാളിദാസന്റെ മരണം'. പ്രാചീന ചരിത്രവും ലാവണ്യ ദര്‍ശനങ്ങളും ചാണക്യതന്ത്രങ്ങളും ഇഴചേരുന്ന നോവലില്‍ ആഖ്യാനപരമായ സവിശേഷതകളും ഏറെയുണ്ട്. കഥാസരിത്സാഗരത്തിന്റെയും നാടകത്തിന്റെയും ആഖ്യാന സവിശേഷതകള്‍ ഇതില്‍ സമ്മേളിച്ചിരിക്കുന്നു. യുദ്ധഭീതി, യുദ്ധം, യുദ്ധമെന്ന ആയുധം, യുദ്ധത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെ അധികാരവും യുദ്ധവുമായി ബന്ധപ്പെട്ട സമവാക്യങ്ങളുടെ നിര്‍ദ്ധാരണം കൂടി ഇതില്‍ ഉള്‍പ്പെടുന്നു. കാളിദാസന്റെ കാലത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ കാലാതീതമായ അധികാരം എന്ന സമസ്യയെ അന്വേഷിക്കുക കൂടിയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ് - മോഡേണ്‍ ചിന്തകന്‍ ഫ്രെഡറിക് ജെയിംസണ്‍ പറഞ്ഞതുപോലെ 'എല്ലായ്‌പ്പോഴും ചരിത്രവത്ക്കരിക്കുക' (Always Historicize) എന്ന ഒരു ചിന്താ പദ്ധതിയിലൂന്നിയാണ് ഈ നോവല്‍ മുന്നോട്ടുപോകുന്നത്. 'കാളിദാസന്റെ മരണത്തില്‍' നന്ദകുമാര്‍ സ്വീകരിച്ചിട്ടുള്ള ആഖ്യാനരീതി സങ്കീര്‍ണം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. Form is content is form is content is form... എന്നിങ്ങനെ ആഖ്യാനവുമായി ബന്ധപ്പെട്ട ജെയിംസ് ജോയ്‌സിന്റെ പ്രശസ്തമായ ഇന്‍ഫിനിറ്റ് വാക്യമുണ്ട്. പോസ്റ്റ് - മോഡേണിസത്തിന്റെ ആവിര്‍ഭാവത്തിന് മുന്‍പ് ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍ പാലം പണിതുവച്ച എഴുത്തുകാരനെന്ന നിലയില്‍ ജോയ്‌സിന്റെ ഈ വാക്യം പോസ്റ്റ് - മോഡേണ്‍ സാഹിത്യത്തെ വായിക്കുന്നതില്‍ ഇപ്പോഴും ഉപകരിക്കുന്നു.
ഇത് ഒരു നാടകമായി ആദ്യം വിഭാവനം ചെയ്തതുകൊണ്ടാണ് നാടകരൂപത്തിലുള്ള സംഭാഷണങ്ങള്‍ കടന്നുവന്നത് എന്ന് നന്ദകുമാര്‍ പറയുന്നുണ്ട്. എന്നാല്‍ കാലത്തില്‍ പുറകോട്ട് പോകുന്നത് എന്ന നിലയിലും ഒരു നാടകകൃത്തിന്റെ (കാളിദാസന്റെ) ജീവിതത്തെക്കുറിച്ചുള്ള ഭാവനാത്മക വിചാരം എന്ന നിലയിലും ഈ ഭാഷണങ്ങള്‍ നോവലിന്റെ ഇഫക്റ്റ് വര്‍ധിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല. കാളിദാസന്‍ ജീവിച്ചിരുന്ന, അല്ലെങ്കില്‍ ജീവിച്ചിരുന്നുവെന്ന് കരുപ്പെടുന്ന ഒരു കാലം ഈ പുസ്തകത്തില്‍ എങ്ങനെ ചരിത്രവത്കരിക്കപ്പെടുന്നു എന്നതാണ് ഇവിടെ പ്രസക്തം. ചാണക്യനീതി പുലരുന്ന ഒരു രാഷ്ട്രശരീരമാണ് ഇവിടെ പ്രതിപാദ്യം.
അധികാരവും അധികാരം തരുന്ന സുഖഭോഗങ്ങളും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴും മഹത്തായ കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നതെന്ന നാട്യം നിലനിര്‍ത്തുന്ന ഭരണാധികാരി വര്‍ഗം ചരിത്രത്തിലെ ഏതെങ്കിലും പഴയ താളുകളിലെ ഓര്‍മയല്ല; ലോകമെങ്ങും ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്. 'അധികാരം ദുഷിപ്പിക്കുന്നു, സമ്പൂര്‍ണാധികാരം സമ്പൂര്‍ണമായി ദുഷിപ്പിക്കുന്നു' (Power corrupts and absolute power corrupts absolutely) എന്ന് ലോര്‍ഡ് ആക്റ്റണ്‍ പറഞ്ഞത് എക്കാലത്തേക്കും പ്രസക്തമാണ്.
ജോര്‍ജ് ഓര്‍വെല്‍ 1984 എന്ന ഫ്യൂച്ചറിസ്റ്റിക് നോവല്‍ 1948 ല്‍ എഴുതുമ്പോള്‍ തുടങ്ങിയതല്ല സര്‍വൈലന്‍സ് സ്റ്റേറ്റ് എന്ന സങ്കല്പം. കൗടില്യന്റെ കാലത്ത് തന്നെ അതുണ്ടായിരുന്നു. ചാരചക്ഷുസ്സ് എന്ന പ്രയോഗത്തിന് ആസൂത്രിത ഭരണ സംവിധാനങ്ങളോളം പഴക്കമുണ്ട്. ചാരന്‍ ഒരു ഉപകരണമാണ്. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയപ്പെടും. അത് ചാരനുമറിയാം. കവിയായും ചാരനായും ഉള്ള കാളിദാസന്റെ വേഷപ്പകര്‍ച്ചകള്‍ മനുഷ്യന്‍ എടുത്തണിയുന്ന വേഷങ്ങളുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നുണ്ട്. അഘോരന്റെ വേഷത്തില്‍ വരുന്ന കാളിദാസന്‍' കവിത അഘോര പ്രവര്‍ത്തികളിലൊന്നാണ്' എന്ന് പറയുമ്പോള്‍ കവിതയെ നിഗൂഢ പ്രവര്‍ത്തിയും ആഭിചാരവുമായി കണ്ടിരുന്ന ഒരു കാലത്തേക്ക് കൂടി കണ്ണാടി പിടിക്കുകയാണ്. മന്ത്രങ്ങളും ദേവസ്തുതികളുമായിരുന്നു, ആദ്യകാല കവിത. പ്രാചീന ഗ്രീസിലായാലും പ്രാചീന ഇന്ത്യയിലായാലും. ഋഗ്വേദവും ഗ്രീക്ക് ഫെര്‍ട്ടിലിറ്റി കള്‍ട്ടുകളും ഇതിന്റെ സാക്ഷ്യമാണ്. കവി മാന്ത്രികന്‍ കൂടിയാണ് എന്ന സങ്കല്പം പ്രാചീനകാലം മുതല്‍ ഉണ്ടായിരുന്നു. കവിക്ക് ചുറ്റും ഉണ്ടായിരുന്ന പ്രഭാവലയം (aura ) പലപ്പോഴും ഇതുകൊണ്ടായിരുന്നു. കാളിദാസനുമുണ്ടായിരുന്നു, ഇങ്ങനെയൊരു അഭൗമ പരിവേഷം. ഈ പരിവേഷത്തിനുള്ളില്‍ പച്ചയായ ഒരു മനുഷ്യനും ഗൂഢതലത്തില്‍ ഒരു ചാരനും ഉണ്ടായിരുന്നു. സിംഹാസനത്തിന് കാളിദാസന്‍ ഒരു ഉപകരണമാണ്. അത് മറ്റാരേക്കാളും നന്നായി കാളിദാസനുമറിയാം. ആയിരങ്ങളുടെ ചോരയിലാണ് ഓരോ സിംഹാസനവും ഉറപ്പിച്ചിട്ടുള്ളത്. ഇന്നും ഉറപ്പിച്ചുകൊണ്ടിരിക്കുന്നതും.
കൗടില്യന്റെതായി പറയപ്പെടുന്ന ഒരു വാക്യമുണ്ട് : രണ്ടുതരം മനുഷ്യര്‍ക്ക് ഉറക്കമില്ല; ഏകാധിപതികള്‍ക്കും ചിത്തഭ്രമം ബാധിച്ചവര്‍ക്കും. ഏകാധിപതികളുടെ ഉറക്കമരുന്നാണ് ചാരവലയം. ചാരന്‍മാര്‍ കൊണ്ടുവന്ന് തരുന്ന വാര്‍ത്തകളുടെ ആശ്വാസത്തില്‍ ഒരു അര്‍ദ്ധസുഷുപ്തി; ഇടയ്ക്ക് പേടിസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നേക്കാമെങ്കിലും ചാരന് മരണം നിത്യസാന്നിധ്യമാണ്. നോവലില്‍ കാളിദാസന്‍ ഇങ്ങനെ പറയുന്നു: 'ചാരവൃത്തിയുടെ ചുടലക്കാട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഭയത്തിന്റെ ചുഴലിക്കാറ്റുകള്‍ എന്നിലേക്ക് ഏറ്റടിച്ചു; ഏത് ക്ഷണവും കൊടിയ വേഗത്തില്‍ മരണം വരാം' (കാളിദാസന്റെ മരണം, പേജ് 70).
എം നന്ദകുമാർ | Photo: Wiki Commons
വേട്ടയും യുദ്ധവും ഈ നോവലില്‍ ഉയര്‍ന്നുനില്‍ക്കുന്ന മോട്ടിഫുകളാണ്. രണ്ടും അധികാരത്തിന്റെ രതിമൂര്‍ച്ഛയാണ്. രണ്ടിനും അതിന്റെ രാഷ്ട്രീയമുണ്ട്. 'വേട്ടയേക്കാള്‍ വിനോദം മറ്റെന്തുണ്ട്' എന്ന് വിക്രമാദിത്യന്റെ സേനാപതി ചോദിക്കുന്നുണ്ട്. വിക്രമാദിത്യന്‍ ഇങ്ങനെ പറയുന്നു: 'വരാനുള്ളത് ധര്‍മയുദ്ധമല്ല. ഗൂഢായുധങ്ങളും വിഷംപുരട്ടിയ ആയുധങ്ങളും അഗ്രങ്ങള്‍ ജ്വലിക്കുന്നവയും ഉപയോഗിക്കപ്പെടും. രഥാരൂഢന്‍ തറയില്‍ നിന്ന് പൊരുതുന്നവനെ കൊല്ലും. നപുംസകത്തേയും തൊഴുതു നില്ക്കുന്നവനേയും തലമുടി അഴിച്ചിട്ട് എതിര്‍പ്പ് നിര്‍ത്തിയവനേയും ശരണാഗതനേയും ഈ യുദ്ധം വെറുതേ വിടില്ല. ഉറങ്ങുന്നവനും കവചമില്ലാത്തവനും നഗ്നനും നിരായുധനും ഇരിക്കുന്നവനും യുദ്ധം ചെയ്യാത്തവനും വധിക്കപ്പെടും.' (കാളിദാസന്റെ മരണം: പേജ് 103).
ചോരപുരണ്ട രാഷ്ട്രീയമാണ് യുദ്ധം (War is blood stained politics) എന്ന ചരിത്രകാരന്‍ എച്ച്.ജി. വെല്‍സിന്റെ പ്രസ്താവത്തെ അന്വര്‍ത്ഥമാക്കുന്നതാണ് ലോക ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടുള്ള യുദ്ധങ്ങള്‍. മനുഷ്യന്, മനുഷ്യനുമേല്‍ എത്ര ക്രൂരനാകാമോ, അതാണ് യുദ്ധം. 'കാട്ടുതീ പോലെ ആ സൈന്യം അന്യ രാജ്യങ്ങളിലേക്ക് കടന്നുചെന്നു. ചക്രവര്‍ത്തിയുടെ യുദ്ധക്കൊതി ഇടിത്തീയായി ശത്രു രാജ്യങ്ങളുടെ കൊടിമരങ്ങള്‍ മുറിച്ചു. അവരുടെ കുതിരകള്‍ കെട്ടറുത്ത് പാഞ്ഞ് പാളയം ശൂന്യമായി. അച്ചുതണ്ടൊടിഞ്ഞ് തേരുകള്‍ മറിഞ്ഞു വീണു... ആയുധങ്ങളുടെ സംഭാഷണത്തിന് മാത്രമേ ഞാന്‍ ചെവി കൊടുക്കാറുള്ളു. യുദ്ധം ചെയ്യുന്നവന് ജ്ഞാനവും മൗനവും ശക്തിയും ക്ഷമയും പരസ്പര വിരുദ്ധങ്ങളാണ് (കാളിദാസന്റെ സിംഹാസനം; പേജ് 68). മറ്റൊരിടത്ത് ഇങ്ങനേയും: 'തഴച്ചുവളരാന്‍ ഞാറ് പറിച്ചു നടുന്നതുപോലെ പിടിച്ചെടുത്ത സ്ത്രീകളേയും കുട്ടികളേയും കൂടെ കൂട്ടി. വില്‍ ഞാണുകള്‍ വന്നടിച്ചുണ്ടായ വില്ലാളികളുടെ കൈത്തണ്ടകളിലെ കനത്ത തഴമ്പുകള്‍. ചെറിയ പെണ്‍കുട്ടികളുടെ അഞ്ജനം കലര്‍ന്ന കണ്ണുനീര്‍ച്ചായം ആ തഴമ്പുകള്‍ക്ക് കറുപ്പുനിറം കൂട്ടുന്നു. ആര്‍ക്കും സ്ത്രീകളെ രക്ഷിക്കാനാവില്ല.'(കാളിദാസന്റെ മരണം; പേജ് 68).
ആര്‍ക്കും സ്ത്രീകളെ രക്ഷിക്കാനാവില്ല എന്ന പ്രസ്താവനയിലൂടെ എല്ലാ യുദ്ധങ്ങളും സ്ത്രീവിരുദ്ധമാണ് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുകയാണ്. യുദ്ധത്തില്‍ പുരുഷന്മാര്‍ വീരമൃത്യു വരിക്കുന്നു. സ്ത്രീകള്‍ ശത്രുവിന്റെ അന്തപുരങ്ങളിലെ ലൈംഗിക അടിമകളായോ ചന്തയില്‍ വില്‍ക്കപ്പെടുന്ന അടിമകളായോ മാറുന്നു. യുദ്ധം എന്നത് അഭംഗുരമായി തുടരുന്ന അധികാരരാഷ്ട്രീയത്തിന്റെ സൂത്രവാക്യമാണ്. അധികാരം വളരുന്നത് യുദ്ധഭീതിയിലൂടെയാണ്. വിക്രമാദിത്യന്‍ പറയുന്നു:' ആസന്ന മരണത്തിന്റെ അരികിലൂടെ വിജയരാജ ചിഹ്നങ്ങളുമായി എന്റെ ആയുധങ്ങള്‍ കുതിക്കുന്നു. മനുഷ്യകുലം മുടിയും വരെ അനന്തമായി തുടരാനുള്ളതാണ് ഈ യുദ്ധം. ഒരു സന്ദര്‍ഭത്തില്‍ അമേരിക്കന്‍ നാടകകൃത്ത് യൂജിന്‍ ഓനീലിന്റെ Lazarus Laughed എന്ന നാടകത്തില്‍ കലിഗുല ചക്രവര്‍ത്തി പറയുന്നുണ്ട്, മരണമാണ് തന്റെ ഏക സുഹൃത്ത് എന്ന് (Death is my only friend). മരണഭയം ഇല്ലാതായാല്‍ ഭരണാധികാരിക്ക് നിലനില്ക്കാനാവില്ല. യുദ്ധം നല്‍കുന്നത് ഈ സന്ദേശമാണ്. 'കാളിദാസന്റെ മരണം' ചരിത്രവത്കരിക്കുന്നത് സമകാലീന സമൂഹത്തേയും രാഷ്ട്രീയത്തേയും പൊതിഞ്ഞു നില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതിന്റെ രൂപകത്തുടര്‍ച്ചകളാണ് (Metaphorical extensions) ഇവിടെ പ്രത്യക്ഷമാവുന്നത്.