TMJ
searchnav-menu
post-thumbnail

Penpoint

കവിതയുടെ മൂന്നാം വന്‍കര (കെ സച്ചിദാനന്ദന്റെ കവിതകള്‍ - ഒരു പഠനം)

04 Jun 2026   |   37 min Read
ഡോ. രോഷ്നി സ്വപ്ന

(കെ സച്ചിദാനന്ദന്റെ കവിതകള്‍ - ഒരു പഠനം )

“You have your way.
  I have my way.
  As for the right way,
  the correct way,
  and the only way,
  it does not exist.”

― Friedrich Wilhelm Nietzsche

സച്ചിദാനന്ദൻ എഴുതുന്നത് എന്തിന് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ ഉണ്ട്. പല കൈവഴികളായി ഒഴുകി ഒരു പുഴ കടലിൽ ചേരും പോലെയാവാമത്. ഏറ്റവും ഉയർന്ന പർവ്വതത്തിലേക്ക് നടന്നുകയറും പോലെയോ, ജീവിതത്തിന്റെ അവ്യവസ്ഥിതങ്ങളെ ചേർത്ത് കെട്ടുമ്പോലെയോ അപൂർണ്ണമായ വാക്കിന്റെ പൂർണ്ണത തേടും പോലെയോ ആവാം. നിശബ്ദത കൊണ്ട് സമരം ചെയ്യുന്ന ബുദ്ധന്റെ ഊർജ്ജമാണ് ആ കവിതകൾക്ക്. ദുരിതങ്ങളിലൂടെ നടന്ന് നടന്ന് വ്യാധികളുടെ കടൽ തേടുന്ന കലാപമാണ് ആ കവിതകൾ. പ്രത്യയശാസ്ത്രത്തിൽ ജീവിക്കുമ്പോഴും ജീവിതത്തിൽ നിന്ന് അടർത്തിമാറ്റിക്കൊണ്ടുതന്നെ ജീവിതത്തിന്റെ സത്ത തന്റെ കവിതകളിലൂടെ ചികയാൻ കവി മുതിരുന്നുണ്ട്.

കെ സച്ചിദാനന്ദൻ | PHOTO : WIKI COMMONS
"നാട്യത്തിനും
സത്യത്തിനും ഇടയിൽ
ഞാൻ സത്യം തിരഞ്ഞെടുത്തു "
ഉടമയ്ക്കും അടിമയ്ക്കും
ഇടയിൽ ഞാൻ
അടിമയെ തിരഞ്ഞെടുത്തു"

എന്ന് തന്റെ രാഷ്ട്രീയത്തെ വിവക്ഷിക്കാൻ ഈ കവിതകൾക്ക് കഴിയുന്നുണ്ട്.

എന്തിന് എഴുതുന്നു എന്ന ചോദ്യത്തിന്

‘’ഞാൻ എഴുതുന്നത് പ്രപഞ്ചത്തിന്റെയും സ്വത്വത്തിന്റെയും നിഗൂഢതകൾ അന്വേഷിക്കാനാണ്. മനുഷ്യനും പ്രകൃതിയും ഉൾച്ചേർന്ന ചുറ്റുപാടുകളോടുള്ള എന്റെ പ്രതികരണങ്ങൾ അടയാളപ്പെടുത്താനാണ്‘’ എന്നാണ് അദേഹത്തിന്റെ ഉത്തരം.

സച്ചിദാനന്ദന്റെ കവിതകൾ വായിക്കുമ്പോഴാകട്ടെ ഖലീൽ ജിബ്രാൻ പറഞ്ഞതുപോലെ ‘നിങ്ങളുടെ ആലോചനകളിൽ അശരണരാകുമ്പോൾ നിങ്ങൾ മിണ്ടിത്തുടങ്ങും’ എന്ന തോന്നലോ മഹാനായ ഒരു പോരാളി ഒരേസമയം ജ്ഞാനിയും കവിയും കലാകാരനും ആണെന്ന ‘സ്റ്റീവൻ സ്പീല്‍ബര്‍ഗിന്റെ’ തോന്നലോ ഒക്കെയാണ് ഓർമ്മപ്പെടുക. കവിതയ്ക്ക് മനുഷ്യർക്കിടയിൽ എന്തുചെയ്യാനാകുമെന്നതിനെ കുറിച്ച് ഉത്തമ ബോധ്യമുള്ള കവിയാണ് സച്ചിദാനന്ദൻ. ആത്മസംഘർഷങ്ങളിലും ആത്മബോധങ്ങളിലും ആത്മാവബോധങ്ങളിലും ആത്മവിമർശനത്തിലും ആത്മനിരാസത്തിലും കഴുകിയെടുത്ത കാവ്യലോകത്തു നിന്നുകൊണ്ട് അപരലോകങ്ങളെ, അപരാനുഭവങ്ങളെ, അപരനെത്തന്നെ സമാന്തരമായി കണ്ടെടുക്കാൻ കവിക്കു കഴിഞ്ഞിട്ടുണ്ട്.

അനീതിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗ്ഗമാണ് കവിത എന്ന് ബോദ് ലെയര്‍ നിരീക്ഷിച്ചിട്ടുണ്ട്. സച്ചിദാനന്ദനും, സമകാലികരായ ആറ്റൂരും, അയ്യപ്പപ്പണിക്കരും, കടമ്മനിട്ടയും, ഡി.വിനയചന്ദ്രനുമെല്ലാം തങ്ങളുടെ കവിതകളിലൂടെ ചരിത്രത്തിന്‍റെ  തീവ്രമായ സംവേദനത്തെ തങ്ങൾക്ക് മുമ്പുള്ള കാലത്തു നിന്ന് അതിലും തീവ്രമായ സൗന്ദര്യനുഭൂതികളിലൂടെയും  സാമൂഹ്യസമസ്യകളിലൂടെയും സാംസ്കാരിക ചലനങ്ങളിലൂടെയും ആവിഷ്കരിച്ചുവല്ലോ.

ലോകത്ത് കവിത കൊണ്ട് എന്തു ഗുണം എന്നും  കവി എന്നാൽ എന്ത് എന്നുമുള്ള ചോദ്യങ്ങള്‍ക്ക് എത്രയോ കണ്ടെത്തലുകൾ പലരുടേതായുണ്ട്.

‘’poetry is the orphen of silence’’ 

 എന്ന ‘ചാൾസ് സിമികും  

‘’poetry is men's Rebel in against being what he’’

എന്ന് ജെയിംസ് ബ്രാഞ്ചും പറയുന്നുണ്ട്.

ഇവയോടെല്ലാം ‘വ്യതിരിക്തമായ ചിന്തകൾ’ എന്ന പേരിൽ കൂടുതൽ അടുപ്പം തോന്നാറുണ്ട്. അനിശ്ചിതവും അരക്ഷിതവുമായ സാമൂഹ്യ ചരിത്രത്തിൽ ചിലത് അടയാളപ്പെടേണ്ടതുണ്ട് എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ, നമ്മുടെ സാഹിത്യ ചരിത്രത്തിൽ കവികൾക്ക് സവിശേഷമായ ഇടമുണ്ട്. സച്ചിദാനന്ദനടക്കമുള്ള ആധുനിക കവികൾ  മനുഷ്യനും കവിതയ്ക്കും  ഇടയിലെ അതിർവരകൾ മായ്ച്ചു കളയുകയും  ഭാഷയിലും ഭാഷാപ്രയോഗത്തിലും ഉള്ള കെട്ടുപാടുകളെയും അർദ്ധവിരാമങ്ങളെയും റദ്ദാക്കിക്കളയുകയും ചെയ്തു. ജീവിതത്തെയും കവിതയെയും രാഷ്ട്രീയത്തെയും ചേർത്തുവെച്ച് എങ്ങനെ വായിക്കണം എന്ന് ‘സച്ചിദാനന്ദൻ കവിതകൾ’ ചിന്തിക്കുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
"ചക്രവർത്തി നഗ്നനാണെന്ന് വിളിച്ചുപറയുന്ന
പഴങ്കഥയിലെ കുട്ടിയാണ് താൻ "

എന്ന് കവി ഉറപ്പിച്ചുപറയുന്നു.

‘സത്യവാങ്മൂലം’ എന്ന കവിതയിൽ സച്ചിദാനന്ദൻ എഴുതുന്നുണ്ട്

"കൂട്ടരേ
ഇനി എനിക്ക് ചിലത് പറയാനുണ്ട് 
സ്വാസ്ഥ്യം എന്തെന്നറിഞ്ഞിട്ടില്ലാത്ത 
എന്റെ മനസ്സ് ഇന്ന് സമുദ്രം പോലെ പ്രശാന്തമാകുന്നു.
എന്നെങ്കിലും ഈ മണ്ണിൽ മുളയെടുക്കുന്ന പച്ചപ്പിന്റെ അടിയിൽ
എവിടെയോ 
എന്റെ ഉപ്പിന്റെ ഒരു തുള്ളി ഉണ്ടായേക്കാം 
അതിലേറെ എന്താണ് ഞാൻ 
നിങ്ങൾക്ക് വാഗ്ദാനം ചെയ്യുക കൂട്ടരേ
വാഗ്ദാനങ്ങൾ നിരഹങ്കാരയാക്കപ്പെട്ട
ഈ ഭൂമിയിൽ""

ഭൂമിയെയും മനുഷ്യനെയും മനുഷ്യന്റെ അസ്ഥിത്വത്തെയും കുറിച്ച് എക്കാലത്തും എഴുതപ്പെട്ട വരികളിൽ ഈ കവിത  തീവ്രതയോടെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു.വരാനിരിക്കുന്ന കാലത്തെക്കുറിച്ച് പ്രവചിക്കാൻ കഴിയില്ല എന്നു പറയുമ്പോൾക്കൂടി

"ഞാൻ പീഡനകാലത്തിന്റെ
കവിയായിത്തന്നെ തുടരുന്നു "

എന്ന് ഉറപ്പിക്കുകയാണ് കവി. ഒരേസമയം കവിയും ചിന്തകനും വാഗ്മിയും നിരൂപകനും വിവർത്തകനും ആയിരിക്കുന്നതിന്റെ സാധ്യതകളാണ് സച്ചിദാനന്ദനെന്ന കവിയെ സാധ്യമാക്കുന്നത്. അതാകട്ടെ വിവിധ സാംസ്കാരിക ഇടങ്ങളിൽ രൂപ, ഭാവ, ആവിഷ്കാര വൈവിധ്യങ്ങളോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കാലവുമായി നിരന്തരം സംവദിക്കുന്ന യാശയാനുഭൂതികളും, പഞ്ചക്ഷതങ്ങളിൽ പഞ്ചഭൂതങ്ങൾ ഉരുകിയൊലിക്കുമ്പോൽ കത്തിയാളുന്ന കാവ്യ സാധനയും’ അദ്ദേഹത്തെ യോഗിയും ജ്ഞാനിയും യമിയും നചികേതസ്സുമാക്കുന്നു.

"നാം എന്നത്
വീടുകളിൽ സൂക്ഷിക്കപ്പെടുന്ന
അവസാനത്തെ വംശമാതൃകകളാണ് "

എന്ന് അദ്ദേഹത്തിന് പറയാനാവുന്നത് ഈ കാവ്യജാഗ്രത കൊണ്ടാണ്.

‘തന്റെ കണ്ടെടുപ്പുകളെല്ലാം ഒരു രണ്ടാം കണ്ണിൽ നിന്ന് ഒരിക്കലും ലഭിക്കാൻ പോകാത്ത മരണമില്ലായ്മയാണ്’ എന്ന് ഒരിക്കൽ അദ്ദേഹം എഴുതുന്നുണ്ട്. അനുഭവത്തിന്റെയും സംസ്കാരത്തിന്റെയും ദേശത്തിന്റെയും കാലത്തിന്റെയും രാഷ്ട്രീയമായി അത് നിറഞ്ഞു കത്തുകയാണ്.’’അതുകൊണ്ടാണ് 

"എല്ലാം സൃഷ്ടിച്ച് ഒന്നുമില്ലാത്തവനായി കഴിയുന്ന
നിന്റെ നിശബ്ദമായ
സഹനമുണ്ടല്ലോ
അതാണ് നിന്റെ ശത്രു"

എന്ന് അദ്ദേഹത്തിന് എഴുതാനായത്. ഒരു സമൂഹത്തിന്റെ മുഴുവൻ സ്വപ്നങ്ങളും  സ്വപ്നഭംഗങ്ങളും ഭാഷയും ഭാഷാനഷ്ടവും വികാരങ്ങളും വൈരുധ്യങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പരമ്പരയെ മുഴുവൻ ഉൾക്കൊള്ളുന്ന കവി എന്ന നിലയിലാണ്, ആ നിലയില്‍ തന്നെയാണ്  ലോകസാഹിത്യചരിത്രത്തിൽ ഈ കവിയുടെ  സ്ഥാനം ഉറപ്പിക്കപ്പെടുന്നതും. സമൂഹത്തിന്റെ സങ്കീർണതകളോടും അരാഷ്ട്രീയതകളോടും നിരന്തരം കലഹിച്ച് പോരാട്ടങ്ങളായി സ്വയം മാറുന്ന കവിതകൾ എന്ന നിലയിൽ അവ ചിലപ്പോൾ "ചുവന്ന സൂര്യന്റെ വലയിലെ വലിയ മത്സ്യമായി മാറുന്നു ". നുറുങ്ങിപ്പോകുന്ന ഇടതു കൈപ്പത്തിയാകുന്നു. അകന്നു നീന്തിപ്പോകുന്ന നഗരങ്ങളാകുന്നു. നിലാവ് ഭക്ഷിക്കാത്ത  മാലാഖമാരാകുന്നു. ദൈവം മറന്നുവെച്ച ഭൂമിയിൽനിന്ന് പുഴകളെയും കാടുകളെയും നമ്മളെയും തിരിച്ചെടുക്കുന്നവരാകുന്നു. ഭാരങ്ങൾ ഒഴിഞ്ഞ് ലോകത്തെ നോക്കിക്കാണാൻ പഠിക്കുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
"ജനങ്ങൾക്ക് നടുവിൽ
ഞാൻ ഭാരമില്ലാത
നടക്കുന്നു
അവർക്ക് എന്റെ ഹൃദയം
കാണാം കാലത്തിന്റെ ചൂടിൽ
ഞാൻ വീണ്ടും വീണ്ടും
സ്വയം സൃഷ്ടിക്കുന്നു
കാറ്റുകൾക്ക് കടന്നുപോകാൻ ‘’’

അവനവനെക്കുറിച്ച് വീണ്ടും ഓർക്കേണ്ടി വരുന്നത് മറ്റുള്ളവർക്ക് ഇടം കൊടുക്കാൻ വേണ്ടിയാവുന്നു. ‘കടന്നുപോകാനുള്ള ഇടങ്ങളെ നിർമിക്കാൻ പലതായി ചിതറേണ്ടി വന്നാലും സാരമില്ല’ എന്ന മാനവികതയാണ് ഈ കവിതയിൽ ഉയര്‍ന്നു നില്‍ക്കുന്നത്. ആദ്യകാല കവിതകളിലെ സൂര്യ സാന്നിധ്യമോ പിന്നീട് കടന്നുവരുന്ന ബുദ്ധ, യേശു സാന്നിധ്യങ്ങളോ ഒക്കെത്തന്നെ ഇത്തരത്തിലാണ് കവിതയിൽ ഇടപെടുന്നത്.

‘’ചോരയിലും കണ്ണുകളിലും അസ്ഥികളിലും നാഡികളിലും
പ്രാണനിലും, കത്തുന്ന സൂര്യനാണ് ചിലപ്പോൾ സച്ചിദാനന്ദന് കവിത. ഉപേക്ഷിക്കലിന്റെയും കണ്ടെടുക്കലിന്റെയും നിരാസത്തിന്റെയും പ്രണയത്തിന്റെയും രാഷ്ട്രീയതീവ്രത കൊണ്ടും ജാഗ്രത കൊണ്ടും ആദ്യകാല കവിതകളിൽ സംഘർഷാത്മകതകളും ആവിഷ്കരണ രീതിയുമെല്ലാം പരസ്പരബന്ധിതമായിരുന്നില്ല. മുൻകാല കവികൾ, കാവ്യ സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ എന്നീ ഘടകങ്ങൾ ഒക്കെത്തന്നെ പല രീതിയിൽ സച്ചിദാനന്ദന്‍ കവിതകളുടെ ആഖ്യാനത്തിലേക്ക്  കടന്നിരിക്കുകയായിരുന്നു.

"ഒരു കവി മരിച്ചതിൽ കുറുകുമോർമ്മകൾ "എന്ന് അയ്യപ്പപ്പണിക്കരെക്കുറിച്ച് എഴുതുമ്പോഴും
"മഴ നിർത്താതെ പെയ്യുകയായിരുന്നു മലയാളത്തിൽ "എന്ന്
‘’എൻറെ ഭാഷയിൽ’’ എന്ന കവിതയിൽ എഴുതുമ്പോഴും 

"ഓർമ്മയിൽ കാടുള്ള മൃഗത്തിനെ
മെരുക്കാൻ ആവില്ല'

എന്ന് എഴുതുമ്പോഴും സച്ചിദാനന്ദൻ കവിതകളിലെ അബോധപ്രമേയങ്ങൾ അത്യന്തികമായി കവിതയും ഭാഷയും ഓർമ്മയും മറവിയുമൊക്കെത്തന്നെ ആവുകയാണ്.

‘’ എന്നാലും വിട
സുഹൃത്തേ
എത്രകാലം ഒരൊറ്റ മേൽക്കൂരയ്ക്കു കീഴിൽ കഴിച്ചുകൂട്ടി
രണ്ട് അടുപ്പിൽവെച്ച്
കഴിച്ചിട്ടാണെങ്കിലും 
നിനക്ക് എന്നും ഇഷ്ടം 
ക്ഷേത്രഗണിതരൂപങ്ങളോടാണെന്നും 
എനിക്ക് ഇലകളുടെയും മനുഷ്യരുടെയും വടിവുകളോടായിരുന്നു""

എന്നും തിരിച്ചറിയുന്ന ഒരു സന്ദേഹി ഈ കവിതകളിലുണ്ട്.
ഈ സന്ദേഹിയാണ് അടുത്ത ഇടയ്ക്ക് ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചത് 

"അപരനെ
ആവശ്യമുണ്ട്. പോകുന്നിടത്തെല്ലാം...
കടുത്ത തലവേദനയും ക്ഷീണവും വിശപ്പും
വക വയ്ക്കാതെ
ചിരിച്ചുകൊണ്ട്
സെൽഫികൾക്ക്
ഗ്രൂപ്പ് ഫോട്ടോകൾക്ക് നിന്നുകൊടുക്കാൻ " എന്നെഴുതിയത്.

കാലത്തോട് നിരന്തരം കലഹിക്കുന്ന ഒരു കവിയുടെ കയ്യൊപ്പാണിത്. ആദ്യകാല കവിതകളിൽ നിന്ന് യാത്ര ചെയ്ത് സമീപകാലത്ത് എത്തുമ്പോൾ സച്ചിദാനന്ദനിൽ  പ്രകടമായ മാറ്റങ്ങൾ കാണാനാവുന്നുണ്ട്. കേരള സംസ്കാരത്തിന്റെ, ഇന്ത്യൻ സംസ്കാരത്തിന്റെ, എല്ലാ വിധ മിഥ്യാധാരണകളെയും പൊളിച്ചെഴുതുന്ന രീതിയിലത് വലിയൊരു ആൽ വൃക്ഷമായി പടർന്നു പന്തലിക്കുന്നു. ഒരു പ്രതികരണം എന്നതിലുപരിയായി പ്രതിസംസ്കൃതിയോ പ്രതി വ്യവഹാരമോ ഒക്കെയായി ലോകത്തിന്റെ വിശാലമായ ഒരു പ്രശ്നമണ്ഡലത്തെ നേർക്കുനേർ നിർത്തുന്നു സച്ചിദാനന്ദന്റെ കവിതകൾ. കാലത്തിന്റെ മെലിഞ്ഞ രേഖകളെ ഖണ്ഡിച്ചുകൊണ്ട് അത് മുന്നേറുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
“People fell into the error of imagining that an art which portrays the life of simple folks is also intended for simple folk, whereas the truth is, in reality, rather the opposite

എന്ന് വിഖ്യാത ചിത്രകാരനായ പീറ്റര്‍ ബ്രൂഗല്‍ പറയുന്നുണ്ട്. ജീവിതവും കലയും തമ്മില്‍ തന്നെയാണ് ഇവിടെ മുഖാമുഖം നില്‍ക്കുന്നത്. കവിത കലയുടെ സവിശേഷമായ ഒരു അടരാണ് എന്നത് കൊണ്ട് തന്നെ ആവിഷ്കരിക്കുന്നതെന്താണോ അതില്‍ ജീവിതം പ്രതിഫലിക്കുമെന്നുറപ്പ്.

"ഓരോ വരി
എഴുതുമ്പോഴും
ഞാൻ വീട് വിട്ടു പോകുന്നു"

എന്നപോലെ കവിതയിലേക്ക് കുതിച്ചു നീന്തുകയും കവിതയിൽനിന്ന്
കുതറിതെറിക്കുകയും"

‘’കടയിൽ കുളിക്കണമെങ്കിൽ കടലിൽ മുങ്ങിമരിച്ച
പരിചയം വേണമെന്ന് എഴുതുമ്പോള്‍ ജീവിതം അടിവേരോടെ തെളിയുന്നുണ്ട്.

സ്വന്തം രക്തത്തിൽ അന്യന്റെ പേര് കൂടിയുണ്ട് എന്ന സത്യത്തിലാണ് ഈ കവിതകളുടെ ഉണ്മ. തന്റെ ലങ്കയിൽ അപരനെ കാത്തിരിക്കുന്ന ഒരു അശോകവനികൂടി ഉണ്ടെന്നും ഒരു ദൂതനും എത്തിപ്പെടാനാവാത്ത അവസാനത്തെ തണലാണതെന്നും തിരിച്ചറിയുന്നത് കൊണ്ടാവാം

"കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനെ
തിരിച്ചു വിളിക്കരുത് അവനവനെത്തന്നെയെങ്കിലും എയ്തു വീഴ്ത്തി
ലോകത്തെ മുണ്ഡനത്തിൽ നിന്ന് മോചിപ്പിക്കട്ടെ"

എന്ന് വിളിച്ചു പറയാൻ കവിക്കാവുന്നത്.’’

ഒരു ദേശത്തെ മാത്രമായോ ഒരു മനുഷ്യനെ  മാത്രമായോ അല്ല, അനേകകാലങ്ങൾ, ദേശങ്ങൾ, മനസ്സുകൾ, സങ്കല്പങ്ങൾ, മറവികൾ, നഷ്ടങ്ങൾ എന്നിവ അതിന്റെ മൂർച്ചയിൽ തന്നെ സച്ചിദാനന്ദൻ എന്ന കവിയിൽ നിന്ന്, കവിതയിൽ നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. ലോക കവിതയിൽ സച്ചിദാനന്ദന്റെ പ്രസക്തിയും അതുതന്നെ. മനുഷ്യന്റെ ചരിത്രവും മനസ്സുമാണ് ഈ കവിതയുടെ കവിതകൾക്ക് ആധാരം എന്നത് തന്നെയാണ് അവയുടെ പ്രസക്തി. ‘എന്തുകൊണ്ട് നമ്മുടെ കവിതയും പൊട്ടിത്തെറിക്കുന്ന കൃഷ്ണമണികളെ പോലെ കാത്തിരിക്കുന്നില്ല’ എന്ന വരികൾ ഇപ്പോഴും മുഴങ്ങുന്നത് അതുകൊണ്ടുതന്നെ. കെ. സച്ചിദാനന്ദൻ എന്ന ലോകകവിയുടെ കവിതാപ്രപഞ്ചത്തിലൂടെ സഞ്ചരിക്കൽ അത്രയെളുപ്പമല്ല. എങ്കിലും വായനയുടെ അടരുകളിൽ ഈ കവിതകൾ തങ്ങി നിന്ന് ജീവിതത്തെ നിർണ്ണയിച്ച വിധത്തെ ഒന്നുകൂടിപ്പോയി നോക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

അവനവനിലപരനെ.....

‘’നീ ജലം പോലെ ഒഴിക്കപ്പെടുന്നു
അഗ്നി പോലെ ജ്വലിച്ചുയരുന്നു
നീ ഏകാകിയാണ്‌ ....എല്ലാവരുമാണ് ‘’

മറ്റൊരാളെക്കുറിച്ച് പറയുമ്പോള്‍ സച്ചിദാനന്ദനില്‍ ആ പറച്ചിലിന്റെ ദീര്‍ഘദര്‍ശനമുണ്ട്. ഭൂമധ്യരേഖയില്‍ നിലയുറപ്പിച്ചു കൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ നോക്കിക്കാണുന്നതിന്റെ ജ്ഞാനതൃഷ്ണ അപ്പോള്‍ കവിയിലുണ്ട്.

‘’ഒരു വേള പഴക്കമേറിയാല്‍
ഇരുളും വെളിച്ചമായ് വരും’

എന്ന ആശാന്റെ പ്രതീക്ഷകള്‍ ചിലപ്പോള്‍ ഈ കവിയിലുണ്ട്. അപരന്‍ കവിയും മുനിയുമാകുന്നതും ബുദ്ധനാകുന്നതും ക്രിസ്തുവാകുന്നതും ആദാമിന്റെ വിത്ത് പോലെ പെരുകിപ്പെരുകി ഭൂമി നിറയുന്നതും കവി കാണുന്നു. വൃക്ഷങ്ങളിലും തൂണുകളിലും ഒട്ടിപ്പിടിച്ചു നിൽക്കുന്ന അപരനെ അത്രമേൽ വിശാലമായി തിരിച്ചറിയുമ്പോൾ അപരന്റെ  എല്ലാ ഗുണങ്ങളും കവിയിലേക്കും കൂടി വന്നുചേരുന്നു. സച്ചിദാനന്ദൻ എന്ന കവിയുടെ മുഴുവൻ കൃതികളിലൂടെയും കവിതകളിലൂടെയും കടന്നുപോകുന്ന വായനക്കാരിയെ സംബന്ധിച്ചിടത്തോളം സവിശേഷമായത് അവയുടെ പരിണാമസ്വഭാവമാണ്. മുഴുവൻ കവിതകളുടെ   അടിസ്ഥാനത്തിൽ ഈ കവിയുടെ കാവ്യ ശൈലിയോ ദർശനമോ നിർവചിക്കുക /നിർണയിക്കുക അസാധ്യം.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
കവിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മാത്രം കവിതകളെ അളക്കൽ ശരിയുമല്ല.‘’Poetry evolves from the feelings of the poet’’എന്ന ചിന്തക്ക് പ്രസക്തിയുണ്ടല്ലോ!

ആത്മബോധത്തിന്റെയും  ആത്മാഭിമാനത്തിന്റെയും  ആത്മജ്ഞാനത്തിന്റെയും ആവിഷ്കാരങ്ങള്‍  സച്ചിദാനന്ദന്‍റെ കവിതകളിൽ ആധുനികതയുടെ കാലത്ത് കണ്ടെടുക്കാവുന്ന സവിശേഷതകളാണ്. ഒരു സമൂഹത്തിന്റെ ഭാഷയും ഓർമ്മയും മറവിയും ചെന്നുചേരുന്ന ചിലയിടങ്ങളോട് നിരന്തരം കലഹിച്ചാണ് ആധുനികകാലത്ത് സച്ചിദാനന്ദൻ എഴുതിയത്. കെ ജി എസിന് സമർപ്പിച്ച ‘ഭീതി’ എന്ന കവിതയിൽ 

‘’കരിനാഗത്തിന് കല്ലോലങ്ങൾ 
ചൂഴും നിൻ കൈതപ്പൂവിൻ 
കരതന്‍ തുടുപ്പിൽ ഞാൻ
തൂലിക മുക്കും നിത്യ-
മുഗ്ദതയെന്റേതാക്കാന്‍
പകരം പകരും ഞാൻ എന്നിലെ രക്തസൂര്യകിരണാരുണിമ ‘’ 

എന്നെഴുതുന്നുണ്ട് സച്ചിദാനന്ദൻ. നിരന്തരമായ പോരാട്ടവീര്യം കവിതയിൽ സൂക്ഷിച്ചുകൊണ്ട് സച്ചിദാനന്ദൻ ചരിത്രത്തിൽനിന്ന് വർത്തമാനത്തിലേക്ക് ഉറ്റുനോക്കുന്നു. നിരാസത്തിന്റെയോ ഉപേക്ഷയുടെയോ  യുക്തിയല്ല അവിടെ വെളിപ്പെടുന്നത്. മലയാള കവിതയിൽ പുതിയ സ്വത്വാവിഷ്കാരങ്ങളും പ്രതിസന്ധികളും രൂപപ്പെട്ടുവന്ന സമയം കൂടിയായിരുന്നു അക്കാലം.

അറുപതുകളിലെ ആശയ സംഘർഷങ്ങളും സാംസ്കാരിക-സാഹിത്യ മണ്ഡലങ്ങളിലെ മാറിവന്ന കാഴ്ചപ്പാടുകളും ഒരേസമയം ഭാഷയിലും ആവിഷ്കാരത്തിലുമിടപെട്ടു. അവിടെയാണ് തന്റെ  ചോരയിലും കണ്ണുകളിലും അസ്ഥിയിലും നാഡിയിലും സൂര്യനെ പ്രതിഷ്ഠിച്ചു കൊണ്ട് സച്ചിദാനന്ദൻ എഴുതിയത്. ജീവിതാവസ്ഥകളെ നേർക്കുനേർ നിർത്തുന്ന നിരവധി കവിതകൾ അക്കാലത്ത് സച്ചിദാനന്ദന്‍ എഴുതി. ആത്മാഹുതി, കർണൻ, ഋഷ്യശൃംഗൻ, ഒരു ഉളി, രൂപാന്തരം, സൃഷ്ടിയും സൗന്ദര്യവും, ഒരു ജീവിതത്തിൻന്റെ അവശിഷ്ടങ്ങൾ, ആസന്നമരണ ചിന്തകൾ തുടങ്ങിയ കവിതകളിൽ ആത്മത്തിൽനിന്ന് അപരത്തിലേക്ക് പടരുന്ന അനുഭവാവിഷ്കാരങ്ങളുണ്ട്. ‘’ജീവിതം വേതാളമായ് മുന്നിൽ നിൽക്കുന്നു’’ എന്ന് കർണ്ണനിൽ വായിക്കാം. ദിക്കുകൾ നാലും  പിളർന്നു കുരിശിൽ പടർന്നുകത്തുന്ന മനുഷ്യരൂപം കവിതയെ ആശങ്കകളിലേക്ക് പടർത്തുന്നു (ആത്മാഹുതി).

സ്വന്തം കണ്ണിലൂടെ കാണുന്ന കാഴ്ചകൾ അവിശ്വസിക്കാൻ തയ്യാറാകുന്നുണ്ട് ഒരുവളേ കവി. പരമ്പരകളിലൂടെ മനുഷ്യൻ മനുഷ്യനെ ചതിച്ച ഭീതികളും ഉടഞ്ഞ മോഹങ്ങളും കവി കാണുന്നു.

‘’ഒരു കണ്ണിൽ വീണ്ടുമൊരു കണ്ണിൽ വീണ്ടു-
മൊരു കണ്ണിൽ പത്തി നിവർത്തും നാഗങ്ങൾ’’

എന്നു  കവി എഴുതുന്നു.

ഈ ഭീതിക്ക് ആശ്വാസം ആത്മഗീതയിലുണ്ട്. ആദിതേജസിനെയാണ് ‘ആത്മഗീത’ അഭിസംബോധന ചെയ്യുന്നത്. ജ്വലിക്കുന്ന ഗ്രീഷ്മത്തിൽ, സുരതാവേഗത്തില്‍, ജരാശോണിമ രക്തത്തിൽ വിതറാനാണ് കവി ആവശ്യപ്പെടുന്നത്. കറുത്ത സൂര്യനായി തരിക്കുന്ന ശ്വാസത്തിൽ കുരുക്കാനാണ് കവി ആവശ്യപ്പെടുന്നത്. ആദിരേതസ്സിനോട് ഹൃദയത്തിൽ പുളഞ്ഞ്...ഒടുങ്ങി, സ്ഫോടവും  നാദബ്രഹ്മസാരവുമായി ആത്മത്തിൽ നിറയാനാണ് കവി ആവശ്യപ്പെടുന്നത്. നിലനിൽപ്പിന്‍റെ ഭാരമോ ഭാരത്തിന്റെ വിരഹമോ അല്ലാത്തതൊന്നും അവശേഷിക്കാത്ത ലോകത്തേക്കാണ് ആത്മഗീത ചെന്നു തറയ്ക്കുന്നത്. ആത്മത്തിൽ നിന്ന് അപരത്തിലേക്കാണ് അഞ്ചു സൂര്യൻ പടരുന്നതെങ്കിൽ, ആത്മഗീതയിൽ കവിതയുടെ സത്ത കുടികൊള്ളുന്നത് പ്രപഞ്ചത്തിന്റെ  പലമയിലാണ്. സൂര്യകാമത്തിൽ, ജീവശിഖകൾ കൊളുത്താനാണ് കവി പ്രപഞ്ചത്തോട് ആവശ്യപ്പെടുന്നത്. സ്വപ്നത്തിലും ജാഗ്രത്തിലും ഭ്രമണ വീര്യത്തിലേക്കുള്ള കുതിപ്പാണ് ആത്മഗീത.

കാവ്യശിൽപ്പത്തിനപ്പുറം വാക്കുകളുടെ നക്ഷത്രമണ്ഡലം ആത്മഗീതാക്കാലത്തെ പല കവിതകളിലും കാണാം. കാവ്യാനുഭൂതിയുടെ ആദ്യ തലം തന്നെ അർത്ഥ വ്യാപ്തിയുടെ ശരീരം കൊണ്ടാണ് സംവേദനം ചെയ്യപ്പെടുന്നത്. പ്രണയവും രതിയും കാഴ്ചയും കേൾവിയും ഐന്ദ്രിയതയുടെ മാസ്മരികതകളായി കവിതയിൽ കടന്നു വരുന്നു.

വചനമോർമ്മയായ്, തളർന്ന പേനയിൽ
വലിഞ്ഞു വറ്റുന്ന മഷിയായ് മൗനമായ്
മരണമായ് മാറിക്കഴിയുമ്പോൾ,
എന്റെ പവിഴപ്പുറ്റുകൾ ചിതലു തിന്നുമ്പോൾ
ഒടുക്കത്തെ നാടുകടത്തലിൻ കയ്പ്പെൻ
കരളിൽ താഴ്ത്തുവാൻ കഠാരി താഴ്ത്തുന്നു

എന്നാണ് " ഒരു ജീവിതത്തിന്റെ അവശിഷ്ടങ്ങൾ" എന്ന കവിതയിൽ എഴുതുന്നത്. അയ്യപ്പപ്പണിക്കർക്ക് സമർപ്പിച്ച ഈ കവിത വാക്കും ബുദ്ധനും മായയും മൗനിയുമാകുന്ന മനുഷ്യനെ തിരിച്ചെടുക്കുകയാണ്. പ്രപഞ്ചവും മനുഷ്യനും സൃഷ്ടിക്കപ്പെടുകയും പുനസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്ന കാഴ്ച "എഴുത്തച്ഛനെഴുതുമ്പോൾ" എന്ന കവിതയിൽ എത്തുമ്പോൾ പൂർണത പ്രാപിക്കുന്നതു കാണാം.

അയ്യപ്പപ്പണിക്കർ | PHOTO : WIKI COMMONS
മയക്കം വിട്ടുണർന്നു വന്ന് എഴുത്താണിയെടുക്കുന്ന, പനയോല നെല്ലിൽ നിന്നും നടന്നടുക്കുന്ന സാന്നിധ്യങ്ങളെ കവി കാണുന്നു.

"പറയുന്നെഴുത്താണി
പകർത്തുന്നു പനയോല"

കവിയുടെ കർതൃത്വം എന്നത് എഴുത്തു മാത്രമാണെന്ന ദർശനം കവിതയിൽ രൂപപ്പെട്ടതിന്റെ അടയാളങ്ങൾ എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിതയിൽ ഉണ്ട്. എഴുത്താണിത്തയമ്പാർന്ന കൈപ്പടത്തിൽ തല തുടങ്ങിയാണ് എഴുത്തച്ഛനിരിക്കുന്നത്. ഒടുവിൽ കവി കവിതയായും കവിത കവിയായും മാറുന്നു. കവിയുടെ ദർശനപ്രപഞ്ചം അനുഭൂതി ദർശനങ്ങളുടെ ചേർത്തുവയ്പ്പാകുന്നു ഇവിടെ. അതിന് ഏറ്റവും ഉചിതമായ വാക്കുകളും പ്രപഞ്ചവും സൃഷ്ടിക്കുകയാണ് കവി എന്ന് മാത്രം. അതുകൊണ്ടാണ്' ശില്പം പാഠശാലയിൽ മരണത്തിന്റെ വിദ്യാഭ്യാസമാണ് "എന്ന് 'ഉളി' എന്ന കവിതയിൽ എഴുതിയത്.

സത്യവാങ്മൂലം, പനി, തുടങ്ങിയ കവിതകൾ പലമട്ടിലുള്ള പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും തിരസ്കാരത്തിന്റെയും ഉപേക്ഷിക്കലിന്റെയും  നിഷ്കാസിതത്വത്തിന്റെയും രാഷ്ട്രീയചരിത്രത്തെ അരാഷ്ട്രീയതയുടെയും ചരിത്രത്തെ അപ്പാടെ നിരാകരിക്കാനുള്ള കരുത്ത് കവി ഈ കവിതകളിൽ ആവാഹിച്ചു  എന്ന് പറയാതിരിക്കാൻ വയ്യ.

"ഒടുവിൽ എനിക്ക് നിന്നെ നിരാകരിക്കാൻ സമയമായിരിക്കുന്നു "എന്ന് തിരസ്കാരത്തിൽ എത്തുമ്പോൾ കാണാം.                                                  ഞാൻ ഏത് പാറയിലാണ് ചവിട്ടി നില്‍ക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞ ഒരു മനുഷ്യനുണ്ട് ഈ കവിതയിൽ.സ്വന്തം കവിതയെക്കുറിച്ച് സച്ചിദാനന്ദൻ ഒരിക്കലെഴുതി.   

"വചനത്തിൻ സിര പിഴിഞ്ഞൊരു
സൂര്യഹൃദയം വാർക്കുവാൻ വെറുതെ ദാഹിച്ചു പരാജയത്തിന്റെ 
ശിശിര ഗ്രന്ഥികൾ" 

മറ്റൊരിടത്ത് സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ.

"കറുത്ത പൂക്കളുമായി ഉണങ്ങിയ മരങ്ങൾ പോലെ നിൽക്കുന്ന സംശയാലുക്കളോട് ഞാൻ ഇവിടെത്തന്നെയുണ്ടാകും.
കരുണ കിട്ടാത്ത മനുഷ്യരുടെ കൂടെ 
ദാഹിക്കുന്ന പുല്ലുകളുടെയും 
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും കൂടെ "

മനുഷ്യചരിത്രത്തിലുള്ള ആകുലതകൾ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ചരിത്രത്തിൽ മനുഷ്യൻന്റെ സ്ഥാനം എന്ന് എന്തെന്ന് നിർണ്ണയപ്പെടൽ. കവി, വ്യക്തി, മനുഷ്യൻ എന്ന നിലയിലുള്ള നിലനിൽപ്പുകൾ സച്ചിദാനന്ദനിൽ കൃത്യമാണ്. അവ ആ ആഴത്തെക്കാൾ മൂർച്ചയെയാണ് പ്രതിനിധാനം ചെയ്യുന്നത്. വീടുകളിൽ സൂക്ഷിക്കപ്പെടുന്ന അവസാനത്തെ വംശ മാതൃകകളാണ് നാം (വീട്) എന്ന വരിയിലുണ്ട്. മനുഷ്യപരമ്പരയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ആശങ്കകൾ 

ആത്മദംശനങ്ങളായാണ് ആത്മഗീത, സത്യവാങ്മൂലം, പനി എന്നീ കവിതകളെല്ലാം എഴുതിത്തുടങ്ങുന്നതെങ്കിലും തന്നിൽനിന്ന്/ ഏകത്തിൽ നിന്നു തുടങ്ങി മറ്റൊരാളിലേക്ക്/ ബഹുവചനത്തിലേക്ക് പടരുകയാണീ കവിതകൾ. സ്വാസ്ഥ്യം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത എന്റെ മനസ്സ് ഇന്ന് സമുദ്രംപോലെ പ്രശാന്തമായിരിക്കുന്നു എന്ന് 'സത്യവാങ്മൂലം" എന്ന കവിത കയ്യൊപ്പ് ചാർത്തുന്നു.

ഏറെയൊന്നും പരാമർശിക്കപ്പെടാത്ത കവിതയാണ് 'കല്ലിനടിയിൽപ്പെട്ട മനുഷ്യൻ'. അപരനിലേക്ക് തന്റെ സ്വത്വം പകർന്നുകൊണ്ട് മറ്റൊരു ജീവിതദർശനം കണ്ടെത്തുന്ന കവിതകളിൽ ഇത് സവിശേഷമായ ഒന്നാണ്.

"ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും ഞാൻ ഭൂമിയിലെ നേരുകൾ വിളിച്ചു പറയുന്നു "

എന്നാണ് ഈ കവിതയുടെ മതം.

പീഡിതനോടും കല്ലിനടിയിൽപ്പെട്ട മനുഷ്യരോടുമുള്ള താദാത്മ്യം കവിയിലെ മനുഷ്യരാഷ്ട്രീയം വെളിവാക്കുന്നു. ‘ഒരു ഇന്ത്യൻ വിദ്യാർഥിയുടെ ആത്മഗതം’, ’പത്രക്കാരൻ’, ‘ഇവനെക്കൂടി’, ’പറയുന്നു കബീർ’, ‘ആണ്ടാൾ പ്രണയത്തെ കുറിച്ച് സംസാരിക്കുന്നു’, ‘നാമദേവൻ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു’, ’ലാൽദേദ് അതിർത്തികൾക്കെതിരെ സംസാരിക്കുന്നു’, ‘ബുല്ലേഷാ അത്ഭുതങ്ങൾ കാട്ടുന്നു’, തുടങ്ങി ഒട്ടേറെ കവിതകളിൽ ഈ അപരദർശനമുണ്ട്.

കവിയുടെ പ്രതിമ തീർക്കാൻ ഏറ്റവും ഉറപ്പുള്ള ലോകം സ്വന്തം മാംസമാണെന്ന് തിരിച്ചറിയുന്നു. കവിതയുടെ സത്തയിലാണ് ഈ അവബോധം നിലകൊള്ളുന്നത്.

‘’ദൈവത്തിലേക്കുള്ള വഴി" എന്ന കവിതയിൽ അരുതുകളെ കുറിച്ചാണ് പരാമർശങ്ങൾ. മലനിരകളിലേക്കും പോകരുത്, ഗ്രന്ഥങ്ങളെ നമ്പരുത്, പുരോഹിതരുടെ കൂട്ടരുത്, സംഘങ്ങളിൽ പെടരുത്, ഭയം അകലമാണ്, മമത തടസ്സമല്ല, പ്രേമം മാർഗ്ഗമാണ്, ദാരിദ്ര്യം ഐശ്വര്യമാണ്, ധ്യാനിക്കാൻ മലകൾ വേണ്ട- പുല്ലുകൾക്കൊപ്പം ഇരുന്നാൽ മതി എന്നു തുടങ്ങുന്ന നിയമസംഹിതകൾക്ക് കാരണങ്ങളും കവിതയിൽ തന്നെയുണ്ട്. ചോദ്യവും ഉത്തരവും പ്രശ്നവും പരിഹാരവും ഒരുപോലെ കൈകാര്യം ചെയ്യുന്ന കവിതയാണ് 'ദൈവത്തിലേക്കുള്ള വഴി'. അഞ്ചു സൂര്യന്റെ കാവ്യ ദർശനം തന്നെയാണ് സമകാലിക കവിതകൾ വരെയുള്ള രചനകളിൽ വികാസം പ്രാപിച്ചിട്ടുള്ളത്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പാപങ്ങൾ എന്ന കവിത പ്രപഞ്ച വീക്ഷണത്തിന്റെ ആഴത്തിൽ നിന്ന് വരുന്ന വിമർശനമാണ്. പലകാലങ്ങൾ, പല ലോകങ്ങൾ, പല ദേശങ്ങൾ ഇടകലർന്ന്‌ കവിത ജനിക്കുന്നു. റോമിലെ ക്രിസ്ത്യൻ  രക്തസാക്ഷികളുടെ ഗുഹാശ്മശാനങ്ങളിലൂടെ നടക്കുമ്പോൾ, പാതി ഇരുട്ടിൽ പെട്ടെന്ന് ഒരാകാശം പ്രത്യക്ഷമാകുന്നു. "എനിക്ക് എങ്ങും അഭയമില്ല" എന്ന് നിസ്സഹായതയിൽ നിന്ന് കവി സ്വന്തം കവിതയിലേക്ക് ലോകത്തെ ക്ഷണിക്കുന്നു. 

"എന്റെ കവിതയിലേക്ക് വരൂ"
 വാക്കുകളിലെ അഭയം മിഥ്യയാണ് "

എന്ന് മറുപടി വരുന്നു. ജീവിതത്തിലെ ആർദ്രത കൈവിട്ട് അശരണതയെ മനസ്സില്ലാതെ പുണരേണ്ടി വരുമ്പോൾ മുകളിൽ കേൾക്കുന്ന മൂളൽ പോർ വിമാനങ്ങളുടേതാണ്.

"എന്റെ തന്നെ നിഴലിനെ 
ഞാൻ ഭയക്കുന്നു. 
എന്റെ അഭയം 
ഈ വീണ മാത്രം
ഇതുകൂടി എന്നിൽ നിന്ന് തട്ടിപ്പറിക്കാതിരിക്കൂ 
ഈ നഗരം സ്വന്തം പാപങ്ങളുടെ അഗ്നിയിൽ വെന്തു നീറുമ്പോൾ"

എന്ന് 'നീറോയുടെ ആത്മഗത'ത്തിലും 

"ഒരു യുഗം അവസാനിച്ചുവെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ 
ഞാൻ പാടുപെടുന്നു"

എന്ന് 'ചുവപ്പു താടി'യിലും

"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയാൻ ആരും ഉണ്ടാവില്ല
വിധിക്കപ്പെട്ടിരുന്ന അവനും വിധികർത്താവായി മാറിയിരിക്കും"

എന്ന് "വിധിദിവസത്തിലും" കവി എഴുതുന്നു. ഇന്ത്യൻ ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഭാഗങ്ങളെ ആവിഷ്കരിക്കുന്നു ഈ കവിത. പരിസരങ്ങളുമായുള്ള നിരീക്ഷണങ്ങളെ സ്വത്വചിന്തയുമായി ചേർത്തുവച്ചുകൊണ്ട് കവിതയിലേക്കുള്ള ആലോചനയെ നിരന്തരം പുതുക്കുകയാണ് ഇത്തരം കവിതകൾ സച്ചിദാനന്ദനിൽ ചെയ്യുന്നത്.

പൂർവ്വകവികളെയും ചരിത്രത്തിൽ നിന്ന് കവിതയിലേക്ക് പ്രലോഭിപ്പിച്ച സാന്നിധ്യങ്ങളെയും കുറിച്ച് സച്ചിദാനന്ദന്റെ ചില കവിതകൾ ഓർമ്മിക്കുന്നുണ്ട്. പൂർവമാതൃകകളെക്കുറിച്ച് ഒരിക്കൽ സച്ചിദാനന്ദൻ തന്നെ ഇങ്ങനെ പറയുന്നു 

"വർഗീകരണങ്ങളിലും പതിവു നിരീക്ഷണങ്ങളിലും നിന്ന് ഞാൻ കുറെ രക്ഷപ്പെട്ടു. ആശാനെ കാൽപ്പനിക കവിയായി കാണുന്നതിന് പകരം ക്ലാസിക്കൽ ദാർഢ്യമുള്ള കവിയായി കാണാനും ചങ്ങമ്പുഴയെ ബോദ് ലെയറിനെ പോലെ പാപബോധാധിഷ്ഠിതനായ ആധുനിക കവിയായി കാണാനുമൊക്കെ എനിക്ക് സ്വാതന്ത്ര്യം കിട്ടി. മലയാളത്തിൽ പരക്കെ ആദരിക്കപ്പെടുന്ന ചില കവികൾ എനിക്കു കവികളേ അല്ലാതാവുകയും ചെയ്തു. ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കാതെ പൂർവ മാതൃകകളെ അതേപടി പിന്തുടരുകയും ഒരു മാതൃകയെ അതിലും മോശമായി അനുകരിക്കുകയും ചെയ്യുന്നവരാരും എനിക്ക് കവികളല്ല"

ഇ. പി. രാജഗോപാലനുമായുള്ള ഒരു സംഭാഷണ മധ്യേയാണ് സച്ചിദാനന്ദൻ ഇങ്ങനെ വെളിപ്പെടുത്തിയത്.

എഴുത്തച്ഛനെഴുതുമ്പോൾ, ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഗതം, ഇടശ്ശേരി, സുഗതകുമാരിയോട്, ഓർമ്മയിൽ കാടുള്ള മൃഗം, ബുദ്ധൻ പഞ്ചാബിൽ, ബുദ്ധൻ കലഹന്തിയിൽ, സാൽവദോർദാലി ദൈവത്തെ കാണുന്നു, ജോൺമണം, ദില്ലി-ദാലി, ലാൽഗുഡി വയലിൻ വായിക്കുമ്പോൾ, ഗാന്ധിയും കവിതയും, മണികർണികയിലെ ചുടലക്കാരൻ,  സൗന്ദര്യത്തെ വിശകലനം ചെയ്യുന്നു, അക്ക മൊഴിയുന്നു.. നോഹ തിരിഞ്ഞു നോക്കുന്നു, ലാൽദേദ് അതിർത്തികൾക്കെതിരെ സംസാരിക്കുന്നു, ബസവണ്ണ കർഷകരോടൊപ്പം നൃത്തം ചെയ്യുന്നു, ദരിദ, ജനുവരി, ഞാൻ, എഴുപതുകളുടെ പ്രകീർത്തകരോട്, ബുള്ളേഷ അത്ഭുതങ്ങൾ കാട്ടുന്നു, ഓറഞ്ച് മരമായി മാറിയ സുബ്രഹ്മണ്യദാസ് സ്വർഗത്തിനും നരകത്തിനും ഇടയിൽ നിന്ന് കേരളത്തിലെ സുഹൃത്തുക്കളോട് സംസാരിക്കുന്നു, ഹിറ്റ്ലർ, സ്റ്റാലിൻ, ബനലതാസെൻ, തുടങ്ങി ഒട്ടേറെ കവിതകളിൽ ആത്മത്തിൽ നിന്നും അപരത്തിലേക്ക് പടരുന്ന കാവ്യനീതി പ്രവർത്തിക്കുന്നുണ്ട്. തന്റേതല്ലാത്ത ഒരു അനുഭവത്തെ കവി സ്വത്വത്തിലേക്ക് ആവാഹിക്കുന്നു.

സന്ദേഹിയുടെ വെളിപാടുകള്‍

എഴുപതുകളെ സച്ചിദാനന്ദന്‍ ഏറ്റുവാങ്ങിയത്  സങ്കീർണതകളെ പല ലോകങ്ങളുടെ അനുഭവത്തിലൂടെ ചെന്ന് കണ്ടുകൊണ്ടാണ്. ഒരേസമയം തന്റേതായിരിക്കുകയും മനുഷ്യസമൂഹത്തിന്റേതായിരിക്കുകയും പ്രപഞ്ചത്തിന്റേതായിരിക്കുകയും ചെയ്യുന്ന ഉപരിപ്ലവമല്ലാത്ത ഒരു സംവേദന ശീലം കവിയിൽ എഴുപതുകളില്‍ രൂപപ്പെടുന്നുണ്ട്.

ലങ്ങ്സ്ടന്‍ ഹഗ്സ്, നെരൂദ, നിക്കോളാസ്കിയൻ, വയഹോ എന്നിവർ സ്വന്തം കര്‍തൃത്വത്തിലൂടെയോ, നീതിബോധത്തിലൂടെയോ മനുഷ്യർക്ക് വേണ്ടി നിലവിളിച്ചത് ആത്മാവിലേക്ക് ഏറ്റുവാങ്ങിയവരാണ് 70കളിലെ കവികൾ. കവിത അവർക്ക് സമഗ്രതയുടെ സാക്ഷ്യങ്ങളായയിരുന്നു.

‘’ it is necessary first to pass through all over poetry in order to become a political poet’’ എന്ന് നെരുദ പറഞ്ഞതോർക്കാം.

എപ്പോഴൊക്കെ എഴുപതുകളുടെ ഭാവുകത്വത്തെ പുനസന്ദർശിക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് ചാൾസ് ഡിക്കൻസിന്റെ രണ്ട് നഗരങ്ങളുടെ കഥയുടെ ആദ്യ അധ്യായം ഓർമ്മ വരും 

‘’It was the best of times, it was the worst of times, it was the age of wisdom, it was the age of foolishness, it was the epoch of belief, it was the epoch of incredulity, it was the season of light, it was the season of darkness, it was the spring of hope, it was the winter of despair

എഴുപതുകൾ സവിശേഷമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ക്ഷുഭിത കാലങ്ങളിൽ നിന്ന് കവിത തന്നെ ശാന്തമാക്കുമെന്ന് അന്നത്തെ കവി കരുതി. സമൂഹത്തിൽ അപരിചിതമായി ഉത്ഭവിച്ച അനിശ്ചിതത്വം അയാളെ കവിതയിൽ നിന്ന് ജീവിതത്തിലേക്കും തിരിച്ചും തൂക്കിയെറിഞ്ഞു. പ്രതിരോധം അയാളിൽ നീലിച്ചു. അതുകൊണ്ടാണ് ‘’ചക്രവർത്തി നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടിയാണ് ഞാൻ’’ എന്ന് സത്യവാങ്മൂലം എന്ന കവിതയിൽ സച്ചിദാനന്ദൻ എഴുതിയത്. സ്വന്തം നിഴലിൽ നിന്ന് വിമോചിപ്പിക്കപ്പെടാനുള്ള വ്യഗ്രത കവിതകളെയും സ്വാധീനിക്കുന്നുണ്ട്. ഒരു കണക്കിൽ ആധുനികത ഒരേസമയം പ്രത്യാശയും നൈരാശ്യവും പകർന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
‘’ജലം വീഞ്ഞാക്കാന്‍ കഴിയുമെല്ലാർക്കും
ജലം ജലമാക്കാനെളുതല്ലെന്ന ‘’ (രൂപാന്തരം)

മാതൃവചനം ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്നുണ്ട് സച്ചിദാനന്ദനില്‍. ഇത് സമയ ചിന്തകൂടിയാണ്. പീറ്റർ ബ്രൂഗലിന്റെ പെയിന്റിങ്ങുകളിലെ ആൾക്കൂട്ടങ്ങളെയും ശൂന്യ സ്ഥലങ്ങളെയും നോക്കൂ

because the world is fateless
I go my way in mourning 

എന്നാണ് ബ്രൂഗല്‍ തന്റെ കലയെ നിർവചിച്ചത്. കലാവസ്തുവില്‍ നിന്ന് എങ്ങനെയാണ് സമയം നമ്മെ വന്ന് തൊടുക? ‘’പ്രതിമകൾ ‘’എന്ന കവിതയിൽ വായിക്കാം.

ഇത് ഞങ്ങളുടെ മഹാകവിയുടെ പ്രതിമ
ഇതേ തെരുവിലൂടെ കടന്നുപോയി
പെട്ടെന്ന്
ജീവനുള്ള എല്ലാറ്റിനെയും സ്പർശിച്ചു –
പ്രതിമയാക്കുന്ന ഒരു ദുർമന്ത്രവാദിനിയായി
സമയം എന്റെ മുന്നിൽ വന്നു നിൽക്കുന്നു.
മരിക്കുക എന്നാൽ സ്വയം നോക്കുകുത്തിയായി
മാറുക എന്നാണർത്ഥം ‘’

ചലനവും നിശ്ചലതയും നിർണയിക്കപ്പെടുന്നത് കാലത്തിന്റെ കൈകളിലൂടെയാണ്. ഒരുപക്ഷേ ജീവിച്ചിരിക്കുകയെന്ന അരക്ഷിതത്വത്തെ വെളിവാക്കുന്നുണ്ട് ഈ കവിത എന്നും തോന്നാം. ഈ കാലം സത്യവാങ്മൂലത്തിലും ഇടപെടുന്നു.

"മത്സ്യം അതിന്റെ സമുദ്രത്തിലേക്ക്
പോകുന്നതുപോലെ ഞാൻ പോകുന്നു
കാലമാകുന്നു
ഞാൻ പോകുന്നു’’

എന്നാണ് കവിത.ഒരു പക്ഷേ എഴുപതുകള്‍ എന്ന പ്രത്യക്ഷകാലത്തെ അടയാളപ്പെടുത്തുന്നു എന്നതിനേക്കാൾ, കവിതയിൽ ഇടപെട്ട ഒരു സവിശേഷ സമയത്തെ ആവിഷ്കരിക്കുകയാണ് കവി. ‘മഴയുടെ നാനാർത്ഥത്തിലും, പനിയിലും, തേക്കിൻകാട്ടിലെ തെരുവ്ചിത്രകാരനിലും, ഈ പടപ്പുകൾ വ്യക്തമാണ്. പതിനായിരം വർഷങ്ങളുടെ ഉഷ്ണദൈർഘ്യത്തെക്കുറിച്ചാണ് ‘പനി’യിൽ പ്രതിപാദിക്കുന്നത്. പെട്ടെന്ന് മാറുന്ന സമയം കവിതയിലേക്ക് പുതിയ ക്രൂരകാലത്തിന്റെ അനുഭവങ്ങളെ കുടഞ്ഞിരുന്നു. ആദ്യകാല സ്വപ്നങ്ങളും അസ്ഫുടമായ അവയുടെ മർമ്മരങ്ങളും കവിക്ക് കേൾക്കാം. മോചനം തന്നെയാണ് പനിയുടെ അപരകാല പ്രതീക്ഷ.

ഇടശ്ശേരിക്ക് സമർപ്പിക്കുന്ന ‘’ഇടശ്ശേരി’’യിൽ ഓർമ്മയാണ് കാലത്തിന്റെ സൂചകം. ഭാഷയാണ് ‘’ഭൂമിയിലെ ചടങ്ങുകളിലെ’’ കാലത്തിന്റെ പ്രതീകം. ഭൂമിയിൽ എങ്ങും ഒരു ഒരേ ഭാഷ സംസാരിക്കുന്ന തത്തകളുടെ സാന്നിധ്യമാണ് കവിതയിൽ. പിറന്നു  വീഴുമ്പോൾ ഒരേ ഭാഷ സംസാരിക്കുന്ന മനുഷ്യർ കവിതയിലേക്ക് വരുന്നു. കാലവും ദേശവും തമ്മിലുള്ള അതിരുകൾ മാഞ്ഞു മാഞ്ഞ് ഈജിപ്തിലെ കാക്കയുടെ കരച്ചിലിന്റെ സൂചന ഇസ്രായേലിലെ കാക്കയ്ക്ക് മനസ്സിലാവുന്നു. എല്ലാവരുടെയും വാദങ്ങൾ ഒന്നായി മാറുന്നു. കാലത്തെ വിചാരണയ്ക്ക് വിധേയമാക്കുന്നു.

‘’ആദികവികള്‍ ‘’ എന്ന കവിതയില്‍  ആരായിരുന്നു നിങ്ങൾ എന്ന് കവി ചോദിക്കുന്നു. കാവ്യ ചരിത്രത്തിൽ, പാരമ്പര്യധാരകളെ, പാരമ്പര്യകാലങ്ങളെ ചോദ്യം ചെയ്യുന്നു കവി. വാക്കുകൾക്ക് പൂർവികരുടെ പഴമൊഴികളുടെ വീര്യവും കരുണവും പകർന്നു തരുക എന്നും തന്റെ ദേശത്തിന്റെ കുരുതികളിലേക്കും കരുത്തുകളിലേക്കും കഠിനയാത്രയിൽ കൂടെപ്പോരുക എന്നും കവി ആഗ്രഹിക്കുന്നു.

സച്ചിദാനന്ദന്റെ കവിതകളിൽ ആദ്യകാലങ്ങളിൽ പുറത്തുവന്ന ഒരു ചെറിയ കവിതയാണ് ‘’പക്ഷേ’’.

മലയും കടന്നെത്തും യന്ത്രമേഘത്തിന്നുഗ്രന്‍
മുഴക്കം കേൾക്കുമ്പോഴും, ഉരുളും ബെല്‍റ്റിനൊപ്പം പുളയും മിന്നൽപിണർ മിഴിയിൽപ്പെടുമ്പോഴും
പുളകമണിയുന്നുണ്ടെന്റെ ഹൃത്തടം; പക്ഷേ’’

ഒന്നു കുതിക്കുകയും സന്ദേഹപ്പെടുകയും ചെയ്യുന്ന ഒരു മനസ്സ് ആദ്യകാല കവിതകളിൽ  കാണാനാവുന്നുണ്ട്.

‘’ ഇരുളിൽ മൗനം മാത്രം
ഭ്രാന്തം ശൂന്യത മാത്രം
വേദന മാത്രം’’ ( കടൽ)

ആത്മബലിയുടെ, ആശങ്കയുടെ, പ്രതിഷേധത്തിന്റെ സ്വരമാണ് ഈ ഘട്ടത്തിലുള്ള കവിതകളിൽ സന്ദേഹമായി വെളിപ്പെടുന്നത്. ആസന്നമായ അരക്ഷിതത്വത്തെക്കുറിച്ചുള്ള കാവ്യാത്മകമായ മുൻകാഴ്ച എന്നപോലെ ഈ ഭാവന കവിതകളിൽ ഭാഷയുടെ ശരീരത്തിൽ വെളിപ്പെടുന്നു. ചങ്ങമ്പുഴയും ഇടശ്ശേരിയും പടർന്നുവന്നു തിരികെ പോയ കാവ്യാനുശീലനം ‘’ഗാനം’’ എന്ന കവിതയിൽ ഉണ്ട്.

‘’ വേനലിൽ ഉണങ്ങിയ വളയൂരി
വീണ നഗ്നമാം കൊമ്പിൽ പടർന്നുചുറ്റിച്ചുറ്റി
ദാഹിച്ച നാവും നീട്ടി,
പ്രാണവായുവാലൂതി –
പ്പാകമാക്കിയ മുത്തു, ഫണത്തിൻ തുമ്പത്തേറ്റി
ഇളകിപ്പുളഞ്ഞാടിക്കയറിപ്പോകും വിഷ-
മിളകുമൊരു നീലനാഗിനിയാണെന്‍ ഗാനം ‘’

ചങ്ങമ്പുഴയിലെ ശ്ലഥബിംബങ്ങളുടെ നേർത്ത മുഖച്ഛായയിൽ നീലിച്ച കവിതയിൽ നിന്ന് ഉടൻതന്നെ സച്ചിദാനന്ദൻ വിടുതൽ നേടുന്നുണ്ട്. കാലം-സമയം-മനുഷ്യൻ-കവി എന്ന നൈരന്തര്യം ആവിഷ്കാരത്തിന്റെ മൂല്യശ്രുതിയായി മാറുകയും വ്യക്തിയുടെ ആന്തരിക, ബാഹ്യ ജീവിതങ്ങളുടെ ഉള്ളകങ്ങളിലേക്കും സങ്കീർണതകളിലേക്കും പടരുകയും ചെയ്യുന്നുണ്ട് പിൽക്കാല കവിതകൾ. സന്ദേഹങ്ങളിൽ നിന്നും മുക്തമായി ‘’ശ്യാമഗീതം‘’എന്ന കവിതയിൽ നിരാകരണത്തിന്റെ കാവ്യനീതിയാണ് വർത്തിക്കുന്നത്. ലോകാകുലതകളിൽ നിന്ന് കുതറി മാറാതെ, തന്നെത്തന്നെ  ആവിഷ്കരിക്കാനും നിർവചിക്കാനും കവി സന്നദ്ധനാകുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ള | PHOTO : WIKI COMMONS
‘’കവിതയിലുമൊതുങ്ങില്ല
കഥയിലുമൊതുങ്ങില്ല ഞാൻ
നീറുമീ യുഗം കണികണ്ട മർത്യൻ’’

എന്നാണ് ശ്യാമഗീതത്തിന്റെ ആത്മചേതന. സ്വത്വബോധത്തിന്റെ ഉണർവിലാണ് പിന്നീട് വന്ന ആത്മഗീതയും, അഞ്ചു സൂര്യനും,  നാവുമരവും പിറക്കുന്നത്.

സമയത്തിന്റെ ചലനത്തെ തിരിച്ചു നടത്താൻ കവിതയ്ക്കാവും എന്ന് ക്രിസ് നീലോന്‍  പറയുന്നുണ്ട്. നാം ഒരു വരിയുടെ ഒടുക്കം എത്തുമ്പോൾ വീണ്ടും തുടക്കത്തിലേക്ക് മടങ്ങേണ്ടി വരുന്നു, നമ്മുടെ കണ്ണുകൾ ഒരു വരിയുടെ അവസാനം മുതൽ മറ്റൊന്നിന്റെ തുടക്കത്തിലേക്കു നീങ്ങുന്നത് രേഖീയ സമയത്തില്‍ അസ്ഥിരത സൃഷ്ടിച്ചേക്കാം എന്നാണ് അദേഹത്തിന്റെ കണ്ടെത്തല്‍

‘’ തിരസ്ക്കാരം എന്ന കവിതയില്‍ -
ഒടുവിൽ നിന്നെ നിരാകരിക്കാൻ   സമയമായിരിക്കുന്നു
ഒലീവിലും കുന്തിരിക്കത്തിലും
ഞങ്ങളുടെ സങ്കടങ്ങൾക്ക് പരിഹാരമില്ല’’

സന്ദേഹങ്ങളിൽ നിന്ന് ആത്മബലിയോളം എത്തുന്ന തിരസ്കാരത്തിന്റെ മുദ്രകൾ കവിതയിലേക്ക്താനേ കടന്നുവരുന്നു.

we are weighed down 
every moment by the conception and the sensation of time 

എന്ന് ബോദ് ലെയർ തിരിച്ചറിഞ്ഞതുപോലെ അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ ‘കാവലിൽ’ സച്ചിദാനന്ദൻ എഴുതുന്നു.

‘’നമ്മുടെ ജീവിതവും സ്വപ്നവും ആവിയാക്കുന്ന ഈ വേനൽ അവസാനിക്കുകയില്ല’’ എന്ന്. ഹിംസക്കെതിരെയുള്ള വിമോചന ചിന്തകൾ എഴുപതുകളിൽ നിന്ന് പടർന്ന് സച്ചിദാനന്ദന്റെ കവിതകളിൽ കാണാം. തത്വചിന്തയിൽ നിന്ന് സ്വാംശീകരിച്ച ദർശനം ജീവിതത്തെയും പ്രത്യയശാസ്ത്രങ്ങളെയും ക്രിയാത്മകതകളെയും, എന്തിന് മനുഷ്യനെത്തന്നെയും സന്ദേഹത്തോടെ നോക്കിക്കാണാനാണ് കവിയെ പ്രേരിപ്പിച്ചത്. ‘’ആസന്ന മരണ ചിന്തകളില്‍ ‘’ഈ വൈകാരിക അനുഭവത്തിന്റെ തീവ്രബിംബങ്ങൾ ഉണ്ട്.

‘’ബലിക്കു നേരമായ്, ബലിക്കു നേരമായ് ‘’എന്നാണ് കവിത മുഴങ്ങുന്നത്

‘’അലറിത്തുള്ളുന്ന കിരാതനെത്തുന്നു
 ചുവന്ന പൂവണിഞ്ഞുറയുമുണ്ണിയും
 നടയിലെത്തുന്നു മുറുക്കും ചെണ്ടകൾ
 കഴുത്തിൽ കമ്പ, തുറിക്കും കണ്ണുകൾ
 കടും ചോര ചീറ്റല്‍ അകന്നു പോകുന്നു ‘’

അരക്ഷിതമായ രാഷ്ട്രീയകാലത്തെ ആശങ്കകൾ ഈ കവിതയിലുണ്ട്.
നടവഴിയിലും നാലുകെട്ടിലും നാട്ടിലും പടർന്ന നടപ്പ് ദീനത്തെക്കുറിച്ചാണ് ‘’നാവുമരം’’ ആശങ്കപ്പെടുന്നത്. പക്ഷേ ‘’നിഷ്പക്ഷത’’യിൽ കവി ഉറപ്പിച്ചു പറയുന്നു

‘’നിഷ്പക്ഷത
പറക്കാൻ അറിയാത്ത പക്ഷിയാണെങ്കിൽ
ഞാൻ അതിനെ വളർത്തിയിട്ടില്ല’’

ആശങ്കകളില്‍ നിന്ന് മുക്തനായി, കവിതയുടെ പരിണാമകാലം കഴിഞ്ഞ് 2002 ല്‍ സച്ചിദാനന്ദന്‍ എഴുതിയ ‘ലജ്ജ’ എന്ന കവിതയില്‍

‘’എനിക്ക് വേണ്ടാ
മനുഷ്യനെ ഭസ്മമാക്കുന്ന
അഗ്നിയെ തടുക്കാനൊക്കാത്ത വേദങ്ങൾ
വേണ്ടാ, കൊല്ലാൻ പഠിപ്പിക്കുന്ന ഗീത

വേണ്ടാ പോര്‍വിളി മുഴക്കുന്ന ശംഖ് ‘’ എന്ന് കാണാം. ഇത് ദര്‍ശനത്തിന്റെ ആഴമാണ്. പ്രതിരോധത്തിന്റെ ഊര്‍ജ്ജം നേടിയ കവിതായാത്രയുടെ അടയാളമാണ്. സന്ദേഹങ്ങളില്‍ നിന്ന് മുക്തനായ കവിയുടെ  ശബ്ദമാണ്.

ഒന്നില്‍ മറ്റൊന്ന് കാണുമ്പോള്‍

കവിതയിൽ ‘മറ്റൊരാളെ’, ‘മറ്റൊന്നിനെ’ എങ്ങനെ വ്യാഖ്യാനിയ്ക്കും? അറിയാവുന്ന, അറിയാനാവുന്നതിനെയാണ് വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കുക പതിവ്. ചോദ്യങ്ങളും ഉത്തരങ്ങളും അർത്ഥങ്ങളും നിഗൂഡാർത്ഥങ്ങളും നിലനിൽക്കുമ്പോൾത്തന്നെ മറ്റൊന്നിലേക്ക് പകർന്നു പോകാനുള്ള സാധ്യതകളിൽ അവ കുരുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഭാഷയ്ക്ക് ദൃഷ്ടീഭവിക്കുന്ന അനുഭവമാണ് കവിത എന്ന് ദിലീപ് ചിത്രേയും ഇ. വി. രാമകൃഷ്ണനുമായുള്ള സംഭാഷണത്തിൽ വായിച്ചിട്ടുണ്ട്. വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമെല്ലാം ഈ ദൃഷ്ടീഭവിക്കുന്ന ഭാഷയുടെ അനുഭവപരിധിയിലാണ് സ്ഥിതി ചെയ്യുക. സച്ചിദാനന്ദനെ സംബന്ധിച്ച് വിവിധ ലോകങ്ങളെ, വിവിധ സംസ്കാരങ്ങളെ സ്വാംശീകരിച്ചു കൊണ്ടാണ് തന്റെ എഴുത്തു സഞ്ചാരങ്ങളെ അദ്ദേഹം ആവിഷ്കരിച്ചത്.

ടി. എസ്.എലിയറ്റിനെയും വില്ല്യം ബ്ലേക്കിനെയും കബീറിനെയും ലല്ലേശ്വരിയെയും മീരയെയും എഴുത്തച്ഛനെയും ഒരുപോലെ സ്വാംശീകരിക്കാനും അവരിൽ നിന്ന് കുതറിമാറാനും സച്ചിദാനന്ദനു കഴിയുന്നു.

കവിതയെക്കുറിച്ചും കാവ്യചരിത്രത്തെക്കുറിച്ചു മുള്ള സുദീർഘമായ ചർച്ചകളായി അത്തരം കവിതകൾ നിലനിൽക്കുന്നു. പൂർവ്വ കവികളിൽ സച്ചിദാനന്ദൻ തിരഞ്ഞത് തന്നെത്തന്നെയാണ്. ഭാവനയുടെ, സാമൂഹ്യവൽക്കരണത്തിന്റെ ചരിത്രം കൂടിയാവുന്നുണ്ട് സച്ചിദാനന്ദന്റെ കവിതകൾ.

കാലത്തിൽ നിന്ന് കാലത്തിലേക്ക്, ഭാവുകത്വത്തിൽ നിന്ന് ഭാവുകത്വത്തിലേക്ക്, അനുഭൂതികളിൽ നിന്ന് അനുഭവത്തിന്റെ പടർച്ചകളിലേക്ക്, പാഠത്തിൽ നിന്ന് മറ്റു പാഠങ്ങളിലേക്ക്, പാഠഭേദങ്ങളിലേക്ക് പടരുക എന്നതാണ് ഈ കവിതകളുടെ ദൗത്യം. ലാല്‍ദേദിന്റെ കവിത സച്ചിദാനന്ദന്റെ  പരിഭാഷയിൽ ഇങ്ങനെ വായിക്കാം

‘’അവർ വന്നുകൊണ്ടേയിരുന്നു
ഇനി അവർ പോകണം
പോകാതെ വയ്യ
എവിടെ നിന്നായാലും
വന്നിടത്തേക്ക്
തിരികെ തന്നെ നടക്കാതെ വയ്യ
ശൂന്യത്തിൽ നിന്നതാ ശൂന്യത്തിലേക്ക്.
അത് എന്തുകൊണ്ടാവാം ?

ലാൽദേദിൽ നിന്ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രതിരോധ പെൺകവിതാ ചരിത്രത്തെ അത്രമേൽ സാമൂഹ്യാർത്ഥത്തിലാണ് സച്ചിദാനന്ദൻ വിവർത്തനം ചെയ്തെടുത്തത്. 

ഈ പടർച്ചകൾ 'എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കവിതയുടെ ഭാവതലത്തിൽ തെളിഞ്ഞു കിടക്കുന്നുണ്ട്. കാലമാണ് ഈ കവിതയിലെ ശരീരി.

A man writes because he is tormented,
because he doubts
he needs to constantly prove to himself
and the others that he is worth something 

എന്ന് തർക്കോവ്സ്കി തന്റെ ആത്മകഥയായ ‘’സ്കള്‍പ്ടിംഗ് ഇൻ ടൈമി’’ൽ (Sculpting in time )എഴുതുന്നുണ്ട്. കാലവുമായാണ് കലാവ്യക്തികള്‍ / എഴുത്തുകാര്‍ സദാ സംവദിക്കുന്നത്. കാലം അറിവാണ്. ഈ പാരസ്പര്യത്തിൽ നിന്നാണ് എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിത ആരംഭിക്കുന്നത്. ‘’എഴുത്തച്ഛനെഴുതുമ്പോൾ സംഭവിക്കുന്നതെന്തെന്നു ഞാനറിയുന്നു ‘’ എന്നാണ് ആരംഭം. എഴുത്താണിത്തുമ്പിലൂടെ കുതിരകൾ പറക്കുകയും പനയോല കൊണ്ടുണ്ടാക്കിയ പാലം ആ കുളമ്പടികൾ തകർക്കുകയും ചെയ്യുന്നു. എഴുത്തച്ഛന്റെ കാലത്തെയും എഴുത്തച്ഛൻ എഴുതിയ സമയത്തെയും തന്റെ കാലത്തേക്ക് കലർത്തുകയോ, ആ കാലത്തേക്ക് താൻ ചേർന്നു നിൽക്കുകയോ ആണ് ചെയ്യുന്നത്. ഭാവനയും കാലവും തമ്മിലുള്ള അറിവിലാണ് കവിതയിലെ പരാമർശങ്ങൾക്ക്  സാധ്യതയുള്ളത്. ചോദ്യങ്ങൾ ഉന്നയിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കഠോപനിഷത്തിന്റെ സാരം ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കവിതയിലെ ആന്തരികതയിൽ എവിടെയോ ഉണ്ട്. നിലനിൽക്കുന്ന യാഥാർത്ഥ ഇടത്തിൽ നിന്ന് മറ്റൊരിടത്തേക്ക് വസ്തുതകളെ കുടിയിരുത്തിക്കൊണ്ട് വിശകലനം ചെയ്യുകയാണ് ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കവിത.

ആന്ദ്രേ തർക്കോവ്സ്കി | PHOTO : WIKI COMMONS
മയക്കം വിട്ട് ഉണർന്നിരിക്കുന്ന എഴുത്തച്ഛൻ എഴുത്താണി എടുക്കുകയും കൊടുങ്കാറ്റും മഴയും വന്നുണരുന്ന പച്ചത്തഴപ്പാര്‍ന്ന എഴുത്താണിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. വൈരുദ്ധ്യ ഭാവനകളുടെ നൃത്തമാണ് കവിതയിൽ ഈ ഭാഗത്ത്. എഴുത്താണി മുനയിലെ പൊന്മാനും അക്ഷരങ്ങളിൽ നിന്നും പുകയുന്ന ചില്ലക്ഷരങ്ങളും കവിതയുടെ ശരീരത്തിലേക്ക് കുടിയേറുന്നു. പിന്നീട് കവിതയിൽ ചോദ്യചിഹ്നങ്ങൾ തെളിയുന്നു. എഴുത്തച്ഛൻ എരിയുന്നു: എഴുത്താണി മാത്രം നീക്കം തുടരുന്നു. വെളിച്ചത്തിന്റെ കൊടും ചൂടിൽ പിടക്കുന്ന രാത്രികൾ മുന്നോട്ടുവരുന്നു. കവിതയ്ക്കുമേൽ കാവ്യാനുഭൂതിയുടെ വസ്തുനിഷ്ഠമായ അടരുകൾ വാർപ്പ് തുടങ്ങുന്നു. കവി, കവിത, വായന, വ്യാഖ്യാനം എന്നിങ്ങനെയൊരു സമവാക്യം രൂപപ്പെടുന്നു.

‘’എഴുത്തച്ഛനെഴുതുമ്പോള്‍
സംഭവിപ്പതെന്തെന്നെനിയ്ക്കറിയാം;
എഴുത്തച്ഛനായ് മാറുന്നു
പിന്നെയച്ഛനെഴുത്തായും’’

ഇങ്ങനെ പാരസ്പര്യത്തിന്റെ ആഖ്യാനമായി കവിത തീരുന്നു.

ദക്ഷിണ കൊറിയൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാടകകൃത്തും കവിയുമായ കിഹിച്ചായിക്ക് വേണ്ടി എഴുതിയ കവിതയാണ് 'വേനൽ മഴ'. സച്ചിദാനന്ദന്റെ കവിതകളിൽ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു കവിത. വേനലിന്റെ വിഭ്രാമകമായ മൂർച്ചയിൽ പെട്ടെന്നൊരു മഴ പോലെ എന്നാണ് കവിതയിൽ നിന്ന് കുതിച്ചുവരുന്ന ഒരു വാചകം. എഴുത്തിനെ സംബന്ധിച്ച എല്ലാ നിയമങ്ങളെയും റദ്ദ് ചെയ്ത് ലോകകവിതയെയും ഇന്ത്യൻ കവിതയെയും വിശാലമായ നിരീക്ഷണത്തിലൂടെ ഊറ്റിയെടുത്ത് ദർശനത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ച് ഒരുക്കി എടുക്കുന്നതാണ് സച്ചിദാനന്ദന്റെ എഴുത്ത് രീതി.

'മൾട്ടിട്യൂട്' എന്ന സങ്കല്പത്തെ അനുഭവത്തിലേക്ക് പരിവർത്തിപ്പിക്കുമ്പോഴാണ് ഈ ആവിഷ്കാരപരതക്ക് കനം കൂടുന്നത്. പൂർവ്വ കവികളെയും അടയാളങ്ങളെയും കണ്ടെടുക്കുന്നതിൽ വരെ സൂക്ഷ്മദർശിയായ ഒരു ധ്യാനിയുടെ കണ്ണ് സച്ചിദാനന്ദനിൽ വർത്തിക്കുന്നു. ‘’കിഹിചായ് ഒരുവനല്ല; ഒരു വംശമാണ്’’ എന്ന് കവിക്ക് പ്രഖ്യാപിക്കാനാവുന്നത് ഈ ബഹുസ്വരതകളെ മേൽപ്പറഞ്ഞ വിധം അനുഭവിക്കാനാവുമ്പോഴാണ്. മനുഷ്യവംശത്തിന്റെ പ്രതിരോധവും വിപ്ലവവും ഒരൊറ്റ അടയാളത്തിൽ നിന്ന് ആരംഭിച്ച്, ഒരാൾക്കൂട്ടത്തിന്റേതാക്കാൻ അപ്പോൾ കവിത കെല്പു നേടുന്നു.

‘’പകയുടെ നിരന്തരം ജ്വലനത്താൽ
ഹൃദയത്തിന്റെ പച്ചയിലകളൊന്നൊന്നായി
കൊഴിഞ്ഞു പോകുന്നത് ഞാൻ കണ്ടുനിൽക്കുന്നു
പകയുടെ ജ്വലനം കഴിയുമ്പോൾ
ചാരം മാത്രം ബാക്കിയാവുന്നു

നാലു ഭാഗങ്ങൾ ഉള്ള കവിത അസാന്നിധ്യങ്ങളെ കുറിച്ച് കൂടുതൽ പറയുന്നു. ആത്മഹത്യ ചെയ്ത കുട്ടിയും, ശവങ്ങൾ ഒഴുകി നടക്കുന്ന പുഴയും, വാൽ മുറിച്ചിടുന്ന ഗൗളിയും, രക്തസാക്ഷിത്വത്തെ പ്രകീർത്തിക്കുന്ന മനുഷ്യരും അടങ്ങുന്ന ലോകത്ത് അപരന്റെ കഴുത്തിൽ മുറുകുന്ന കൊലക്കയർ കവി കാണുന്നുണ്ട്.

ലോകത്തെ വ്യത്യസ്താനുഭവങ്ങൾ, മനുഷ്യർ, ആൾക്കൂട്ടങ്ങൾ എന്നിവ ചേർന്ന് അനുഭവത്തിന്റെ തീക്ഷ്ണ ആവിഷ്കാരങ്ങൾ തീർക്കുന്നു കവിതയിൽ. കാവ്യ ചരിത്രത്തിന്റെ അതിതീവ്രവും സ്വാഭാവികവുമായ അർത്ഥസന്നിഗദതയെയും സംവേദന സാധ്യതയെയും സച്ചിദാനന്ദൻ സ്വാംശീകരിക്കുന്നത് അപരാനുഭവത്തിന്റെ തീവ്രതകളായാണ്.

‘’ഒരു കവിയുടെ ആത്മഹത്യ
അയാളുടെ അവസാനത്തെ കവിതയാണ്
പ്രത്യയശാസ്ത്രങ്ങൾ സഹായകരമാണ്
എങ്കിലും ചിലപ്പോൾ സത്യം
അതിലേറെ സഹായകമാണ്’’

എന്ന് അദ്ദേഹം പോൾസെലാന് സമർപ്പിക്കുന്ന "അന്ത്യസന്ദേശം" എന്ന കവിതയിൽ എഴുതി."ഇവനെ കൂടി ", ‘’രാമനാഥൻ പാടുമ്പോൾ'’, '’എനിക്ക് മരിച്ചവരോട് സംസാരിക്കാൻ കഴിവുണ്ട്'’, ‘'ടോൾസ്റ്റോയ് ഇവിടെ ഇല്ല'’, ‘'ഗാന്ധിയും കവിതയും’', ‘’തുക്കാറാം ദൈവത്തോട്'’’ , ‘'ബസവണ്ണ കർഷകരോട്’', '’ആണ്ടാൾ പ്രണയത്തെക്കുറിച്ച്’','’ലാൽദേദ് അതിർത്തികൾക്കെതിരെ സംസാരിക്കുന്നു’','’ ദരിദാ, ജനുവരി, ഞാൻ'’ തുടങ്ങിയ കവിതകളിൽ മറ്റൊരാളെ താനായി കണ്ടെടുക്കുന്നതിന്റെ അനക്കങ്ങളുണ്ട്.

'മിടിപ്പ് താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ
ഇറക്കി കിടത്തിയതെന്റെ യൗവനമല്ലോ "

എന്ന തിരിച്ചറിവും

" ചിതയിൽ പൊട്ടുന്നത് എന്റെ നാടിന്റെ നട്ടെല്ലല്ലൊ"

എന്ന ആന്തലും ഒരു തിരിച്ചുപോക്കിലേക്ക് കവിയെ ചിന്തിപ്പിക്കുന്നു.(ഇവനെക്കൂടി)

ഏറ്റവും പ്രസാദാത്മകമായ സംഗീതത്തിന്റെ ഐന്ദ്രിയാനുഭവം ഭക്തിയുടെ ഉടൽവിട്ട് പറന്നുയരുന്ന ലയമായും നിർജനതയുടെ തിരകളിൽ ആഴ്ത്തി തണുപ്പിക്കേണ്ടി വരുന്ന ആടിത്തളർന്ന കാലുകളായും ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യശബ്ദത്തിന്റെ തെളിനീരുറവ കണ്ടെത്തുന്ന യാത്രികനായും കലർന്ന്‌ അപരാനുഭവങ്ങളുടെ ശബ്ദമുഴക്കമാകുന്നു ‘ഇവനെക്കൂടി’ എന്ന കവിത.

"മരിക്കുന്ന ഭൂമിയിൽ നിന്നു പറന്നുയരുന്ന അവസാനത്തെ ശൂന്യാകാശ നാവികൻ
മറ്റൊരു നക്ഷത്രത്തിൽ ഇല പിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പു കണ്ടെത്തുന്നു"

എന്ന്, ഒരിറ്റു സംഗീതത്തെ വംശാവലിയുടെ പരിണാമ പ്രക്രിയയുടെ മൂലഹേതുകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നു കവി.

പൂർവ്വഗീതകളിലേക്കാണ് "എനിക്ക് മരിച്ചവരോട് സംസാരിക്കാൻ കഴിവുണ്ട് ''എന്ന കവിത ഇടപെടുന്നത്. കാലത്തെയും വംശപരമ്പരയെയും എനിക്ക് മുമ്പേ ജീവിച്ചടർന്നു പോയവരെയും കവി കവിതയിലേക്ക് വീണ്ടെടുക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള സംശയങ്ങളിലേക്ക് കലർത്തുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒന്നാവുന്നു.

''ഞാൻ എന്നോട് തന്നെ സംസാരിക്കുമ്പോൾ ഞാൻ മരിച്ചവരോട് സംസാരിക്കുകയാണ്
നിങ്ങളോട് സംസാരിക്കുമ്പോഴും.
നിങ്ങളുടെ ഭാഷയിൽ സൂര്യൻ അസ്തമിച്ചിരിക്കുന്നു''

REPRESENTATIVE IMAGE | PHOTO : WIKI COMMONS 
എന്നാണ് കവിത തീരുന്നത്. ഭൂമിയിലെ എല്ലാ അവസ്ഥകളും അവ ജൈവികമായാലും അജൈവികമായാലും പരസ്പരബന്ധിതങ്ങളാണ് എന്ന കവിയുടെ അറിവ് ഈ കവിതയിൽ പ്രവർത്തിക്കുന്നത്  ജനന മരണങ്ങളുടെ ചേർച്ചയിലൂടെയാണ്. മറ്റൊന്നിനെ താനായറിയുന്നതിന്റെ സൂക്ഷ്മ സ്പർശങ്ങൾ നോക്കൂ

"പ്രിയപ്പെട്ട ആന്ദ്രേ
താങ്കൾ താങ്കളുടെ കവിത
എന്റെ ഭാഷയിൽ വായിക്കുകയാണ്
പക്ഷേ അത്
താങ്കളുടെ കവിത തന്നെയാണെന്ന്
എന്താണ് ഉറപ്പ്"?
(കവികളുടെ ഭാഷ)

" ഞാനിവിടെയുണ്ട്
ഞാൻ ഇവിടെയില്ല"( ടോൾസ്റ്റോയ് ഇവിടെ ഇല്ല )

" ഈ വരാന്തയിലൂടെ
ഏറെക്കാലമായി ഞാൻ നടക്കുന്നു
എന്നാൽ
ഞാൻ എന്റെ മുറിയിൽ
എത്തുന്നില്ല" (വരാന്ത)

"ഞങ്ങളിപ്പോൾ കാത്തുനിൽക്കുന്നു
ആ കുഴലൂത്തുകാരനെ.
തിരിച്ചു മലകടക്കാൻ
വീണ്ടും ഞങ്ങളാകാൻ (കുഴലൂത്തുകാരൻ)

ഇന്ത്യൻ സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിലെ ഓരോ ഏടുകളും തീവ്രവിമർശനത്തിന് വിധേയമാക്കുന്നു "കബീർ പറയുന്നു "എന്ന കവിത. ഒരു തീർത്ഥം പോലെ ഒഴുകുകയാണ് കബീർ. ആ ഒഴുക്കിന്റെ വഴികളിൽ ഉദിക്കുന്നത് നഖം നീട്ടുന്ന കഴുകൻ. തന്റെ മതം മണ്ണിന്റെതാണെന്ന് പ്രഖ്യാപിക്കുകയാണ് കബീർ. കാവിയണിഞ്ഞ ചെന്നായ്ക്കൂട്ടം ശൂലത്തിൽ കോർത്ത കൊമ്പല്ലുകളുമായി വിലസുമ്പോൾ, കബീർ വിരൽ ചൂണ്ടുന്നുണ്ട്.

തന്റെ മാംസവും ചോരയും മറികടന്നുകൊണ്ടു മാത്രമേ തന്റെ നാട്ടിൽ വർഗീയതയെ വേരോടാനനുവദിക്കൂ എന്നാണ് കബീറിന്റെ സ്ഥൈര്യം.

വിമോചനം കൊതിക്കുന്ന, വിമോചനത്തിലേക്ക് കുതിക്കുന്ന രാമനെയാണ് കവി പ്രതീക്ഷിക്കുന്നത്. ഒരു വിത്തായി രൂപം മാറി വയലിലെത്തി, പുതുമഴ പെയ്ത് നിലമുഴുതുമറിക്കാൻ കൃഷിക്കാരനെത്തുന്ന ദിവസം കാത്തു കിടക്കുകയാണ് ഗാന്ധിയും കവിതയും എന്ന കവിത. ചിന്തയും വികാരങ്ങളും കവിതയിൽ വേറിട്ടു നിൽക്കുന്ന കാര്യങ്ങളല്ല എന്ന് സച്ചിദാനന്ദൻ മുൻപ് പറഞ്ഞിട്ടുണ്ട്. സംവേദനത്തിലെ വ്യത്യസ്തമായ അനുഭവ ഇടങ്ങളും സ്പർശങ്ങളുമാണ് കവിതയിൽ നിന്ന് ഇവയെ വേർതിരിച്ചെടുക്കുക. മെലിഞ്ഞ ഒരു കവിത ഗാന്ധിയെ കാണാൻ ആശ്രമത്തിലെത്തുന്നു. രാമനിലേക്ക് നൂൽ നൂൽക്കുന്ന ഗാന്ധി ഒരു  രൂപകാത്മക ബിംബമായി കടന്നുവരുന്നു. ഗാന്ധി കവിതയോട് സംസ്കൃതം ഉപേക്ഷിച്ച് വയലിലേക്ക് ചെല്ലാനാണ് പറയുന്നത്. കാട്ടിൽ ജനിച്ച കവിത ഇപ്പോൾ തെരുവിൽ. ഗാന്ധിയുടെ ഉപദേശം കേട്ട് ഒരു വിത്തായി മാറിയ കവിത വയലിലെത്തുന്നു. മഴയും കുതിർന്ന നിലവും ഭാവികാലമാണ്. ആ കാലത്തേക്കുള്ള കാത്തിരിപ്പാണ് പിന്നീട്.

വിറക്കുന്ന വിരലുകൾ കൊണ്ട് ആദ്യമായി ഒരു കുരുടൻ പനിനീർപൂ സ്പർശിക്കുന്ന പോലെ എനിക്ക് എന്റെ ദൈവത്തെ സ്പർശിക്കണം എന്ന് ‘ചെറിയ ചെറിയ കാരണങ്ങൾ’ എന്ന കവിതയിൽ വായിക്കാം.

ദാലിയും ദൈവവും രണ്ട് അവസ്ഥകൾ! ഒന്ന് ഉണ്ടായിരുന്നതിന്റെ തെളിവ്. രണ്ട് സങ്കൽപ്പത്തിന്റെ അനുഭൂതി. ഭൂമിയിലെ കലാജീവിതത്തിൽ നിന്ന് ചിത്രകാരന് വിടുതൽ കിട്ടുന്നു. സ്വർഗ്ഗത്തിന്റെ പടിവാതിൽക്കൽ അവനെ കാത്തുനിൽക്കുന്നത് ആടുന്ന നക്ഷത്രയുദ്ധങ്ങളും കറങ്ങുന്ന ഗ്രഹസമൂഹങ്ങളും ചേർത്ത് ഒരുക്കിയ പത്താം സിംഫണി. കണ്ണീരിറ്റ് വീഴുന്ന ഭീമാകാരമായ  രണ്ടു പോത്തിൻ കൊമ്പുകൾക്കിടയിലൂടെയുള്ള സ്വന്തം നിശൂന്യത.! സ്വർഗ്ഗത്തിന്റെ മറുഭാഷയെക്കുറിച്ചാണ് ‘’ദാലി ദൈവത്തെ കാണുന്നു’’ എന്ന കവിത. കലാകാരനും  ദൈവവും തമ്മിൽ തീർക്കുന്ന സംവേദനത്തിൽ ദൈവത്തിന്റെ ഒരു കൈ ഭൂമിയിലേക്ക് നീണ്ടു ചെല്ലുന്നു. ‘’അങ്ങനെ ദാലി ജനിച്ചു ‘’കവിയുടെ കലാകാരന്റെ ജനനം സർയലിസ്റ്റുകൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ വിഷവാതക പുരയിലേക്കാവുന്നു. വിഭ്രാമകബിംബങ്ങളുടെ ഉത്സവമാണ് ഈ കവിത. ഭയമോ ഭൂതഭീതിയോ വർത്തമാനവ്യഥകളോ ഇല്ലാത്ത ലോകത്ത് കലാകാരനും കവിയും ദൈവവും ഒന്നാകുന്നു 

Have no fear of perfection - you'll never reach it

എന്ന ദാലിവചനം അന്വർത്ഥമാക്കുന്ന കവിത.

ജോണ്‍ എബ്രഹാമിനെ ഓര്‍ക്കുന്ന സവിശേഷമായ ഒരു കവിതയാണ് ജോണ്‍ മണം. മുമ്പേ നടന്ന സാന്നിധ്യത്തെ ഐന്ദ്രിയാനുഭവമായി അറിയുകയാണ് കവിതയില്‍. ജോണ്‍ നാസാരന്ദ്രങ്ങളിലേക്കാണ്  കടന്നു വരുന്നത്. മാറി മാറി വരുന്ന മണങ്ങളായി ജോണ്‍ നിറയുന്നു. അവസാനത്തെ അത്താഴമായി ജോണ്‍ മാറുന്നു.

‘’കുരിശില്‍ നിന്ന് വീണ
രക്തത്തില്‍ ബലിമണം ‘’

എന്ന വരിയില്‍ എത്തുമ്പോള്‍ കവിത ഉടക്കുന്നു.

‘’മതി ചൊല്ലി ഞാനിത്ര
മണങ്ങളൊന്നിച്ചേറ്റാന്‍
പിറന്നോനൊരാള്‍ മാത്രം
ജോണ്‍ മാത്രം ‘’

എന്ന് കവിയുടെ ആത്മഗതം കവിയും ജോണും ഒന്നാകുന്ന അപൂര്‍വ്വാഖ്യാനം. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയത്തിന്റെ കടുംനിറരേഖകളായി കവിത മാറുന്നു. അപരാനുഭവത്തിന്റെ അനേകം കാവ്യാനുഭവങ്ങള്‍ സച്ചിദാനന്ദനില്‍ ഏറെയുണ്ട്. നാലു ഭാഗങ്ങൾ ഉള്ള കവിത അസാന്നിധ്യങ്ങളെക്കുറിച്ച് കൂടുതൽ പറയുന്നു. ആത്മഹത്യ ചെയ്ത കുട്ടിയും, ശവങ്ങൾ ഒഴുകി നടക്കുന്ന പുഴയും, വാൽ മുറിച്ചിടുന്ന ഗൗളിയും, രക്തസാക്ഷിത്വത്തെ പ്രകീർത്തിക്കുന്ന മനുഷ്യരും അടങ്ങുന്ന ലോകത്ത് അപരന്റെ കഴുത്തിൽ മുറുകുന്ന കൊലക്കയർ കവി കാണുന്നുണ്ട്. ലോകത്തെ വ്യത്യസ്താനുഭവങ്ങൾ, മനുഷ്യർ, ആൾക്കൂട്ടങ്ങൾ എന്നിവ ചേർന്ന് അനുഭവത്തിന്റെ തീക്ഷ്ണ ആവിഷ്കാരങ്ങൾ തീർക്കുന്നു കവിത. കാവ്യ ചരിത്രത്തിന്റെ അതിതീവ്രവും സ്വാഭാവികവുമായ അർത്ഥസന്നിഗ്ധതയെയും സംവേദന സാധ്യതയെയും സച്ചിദാനന്ദൻ സ്വാംശീകരിക്കുന്നത് അപരാനുഭവത്തിന്റെ തീവ്രതകളായാണ്.

REPRESENTATIVE IMAGE | PHOTO : WIKI CCOMMONS
ഇലകളുടെയും മനുഷ്യരുടെയും കാലത്തിന്റെയും വടിവുകള്‍ 

‘’മറ്റൊരു ഭാഗത്ത് കൂടി നോക്കുമ്പോൾ ദുർബലം
എന്ന് തോന്നാം –
നമുക്ക്
എങ്കിലും ചിലന്തിക്ക് അങ്ങനെയല്ല
അലക്ഷ്യവും നികൃഷ്ടവുമായ ഒച്ച 
ചിലപ്പോൾ കയർക്കുരുക്ക്.
ഒരു ഊന്നുവടിയിലേക്ക് ആയാസപ്പെട്ടുള്ള
വലിഞ്ഞു കയറൽ.
അത്ര അനായാസകരമായ
ഒരു പണിയല്ല അത്.
ഓരോ ഇടവും ചഞ്ചലമാണ്.
കൊണ്ടുള്ള
ഉയർത്തൽ പോലെ.
ജീവിതം തുടർന്നു കൊള്ളാം എന്ന് ഒരു ഉറപ്പ് 
ആർക്കും കൊടുത്തിട്ടില്ലല്ലോ ‘’

കെ റയൻ (Kay Ryan )എന്ന കവിയുടെ കവിതയാണിത്. നിലനിൽപ്പിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തീവ്രമായി ആലോചിക്കുന്നുണ്ട് ഈ കവിത. ഒരാളുടെ സ്വത്വരൂപീകരണത്തിന്റെ വഴികൾ ലളിതമല്ല. നേർവരയിലൂടെയല്ല ഒരു ചരിത്രത്തിന്റെയും സഞ്ചാരവും പുരോഗതിയും പരിണാമവും.

'മലയാളം 'എന്ന സമാഹാരത്തിന് ആമുഖമായി സച്ചിദാനന്ദൻ എഴുതിയത് റിൽക്കെയുടെ കവിതയിലെ വരികളാണ്.

‘’who  speaks of Triumph 
 Surviving is everything.’’ 

അതിജീവിക്കൽ തന്നെയാണ് പ്രധാനം. അത് ഭൂമിയിലെ പുഴകൾക്കും കനികൾക്കും മുമ്പേ, തന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾകൊടി, വേദന, ധന്യ മൂർഛയിൽ സ്വയം പിളർന്ന് ഉലുവയുടെയും വെളുത്തുള്ളിയുടെയും ഗന്ധങ്ങളിലേക്ക് ആനയിക്കുന്നുണ്ട് എന്ന് കവി കണ്ടെടുക്കുന്നു. ഭാഷയെക്കുറിച്ചാണ് പരാമർശം. ഭാഷ, മാമ്പൂ മണത്തിൽ തന്നെ സ്നാനപ്പെടുത്തിയെന്നു വായിക്കാം. ബലിയും ഉയർത്തെഴുനേൽപ്പും ജ്ഞാനസ്നാനവും ചേർന്ന് മനുഷ്യനെ കവിയാക്കുന്നു. ‘മലയാളം’ എന്ന പേര് കവിയുടെ ഓർമ്മയും സത്തയുമാകുന്നു. സ്‌മൃതികളാണ് കവിതയുടെ കനലാകുന്നത്. അത് കത്തിക്കുകയേ വേണ്ടൂ. കടലും കൊടുങ്കാറ്റുമായി മുന്നിൽ വന്ന്‌ കവിതയായി മാറും.

ഏഴു ഭാഗങ്ങളുള്ള ‘മലയാള’ത്തിൽ ഓർമ്മയും മറവിയും അണുവും ആകാശവും ഉന്മത്തവും ഹതാശവുമായ ആനന്ദങ്ങളും സിരയിൽനിന്ന് സിരയിലേക്ക് പടരുന്ന ഏകാന്തതയും ആഴത്തിൽ കുഴിച്ചു ചെല്ലുമ്പോൾ മാത്രം വെളിപ്പെടുന്ന അദൃശ്യസരസ്വതിയും രക്തസാക്ഷിത്വവും യമജലത്തിന്റെ ശീതാ വർഷങ്ങളും കവിതയിലേക്ക് കടന്നുവരുന്നു. കവി കവിതയ്ക്ക് അഭിമുഖമായി നിൽക്കുന്നു.

" ഓരോ യാത്രയിലും 
നീ എന്റെ കൂടെയുണ്ടായിരുന്നു
എന്റെ പ്രതിച്ഛായയായി 
അപരചേതനയായി
എന്റെ മനസ്സിലും ശരീരത്തിലും
വസന്തത്തിലെ പുതുമുളകൾ പോലെ’’  എന്ന്‌ ഭാഷയെ കുറിച്ച് കവി വെളിപ്പെടുത്തുന്നു.

ബൈറൻ ഈ ഭാഷയെ നിഗൂഢമായ ഒരു നിശബ്ദയായി കണ്ടെടുക്കുന്നുണ്ട്.

In secret, we met in silence
I grieve that they heart could forget,
Thy spirit dicieve.

എന്നാണ് ബൈറന്റെ മതം. ഭാഷയുടെ തിളക്കം  മാത്രമേ തനിക്ക് ഓർമയുള്ളൂ എന്നാണ് കവി പറയുന്നത്. ഉഴുതുമറിച്ച പുതുമണ്ണിന്റെ നനവുറ്റ വിടവുകളിൽ നിന്നോ, വെള്ളിലപ്പൂങ്കുലയുടെ കൈ നിറയുന്ന മൃദുലമായ മുഴുപ്പിൽ നിന്നോ നീ വന്നത് എന്ന് കവി ആകുലപ്പെടുന്നു. കടലിൽ ചിറ കെട്ടുന്ന പ്രണയ ശക്തിയിലേക്ക്  കുതിയ്ക്കാൻ കവിയെ പ്രേരിപ്പിക്കുന്നു ഈ ഭാഷ.

ഒടുവിൽ "എന്റെ മുതുകിലും ഉണ്ട് മൂന്നു വരകൾ" എന്ന ആത്മ ബോധത്തിലേക്ക് കവി എത്തുന്നു. " മലയാളം "എന്ന കവിത കവിക്കും ഭാഷയ്ക്കും ഇടയിലെ കണ്ടെടുപ്പിന്റെ ആഖ്യാനശരീരമാണ് പ്രധാനം ചെയ്യുന്നത്.

‘’പക്ഷികളില്ലാത്ത, 
കൊഴിഞ്ഞ ഇലകൾക്കും 
അന്യഗന്ധങ്ങൾക്കും കീഴിൽ
ഒരു പനിക്കും 
ഒരു ഭ്രാന്തിനുമിടയിലുള്ള സന്ധ്യയിൽ
ഒറ്റക്കിരുന്നാണ് ‘’കവി ഭാഷയെ/ കവിതയെ ധ്യാനിക്കുന്നത്. ഓരോ മനുഷ്യനും പ്രപഞ്ചത്തിലേക്ക് നോക്കി ധ്യാനിക്കുമ്പോൾ മാത്രം ലഭ്യമാകുന്ന ജീവന്റെ അപൂർവ്വസ്പർശമായി കവിത/കവി പരിവർത്തിക്കപ്പെടുന്നു.

" നീയാണെന്റെ ആകാശം എന്റെ കാഴ്ചയുടെ ചക്രവാളം
നീയാണെന്റെ ജലം
എന്റെ രുചിയുടെ ധ്രുവസീമ 
എന്റെ ഭൂമി 
എന്റെ സ്പർശത്തിന്റെ 
മഹാമൂർഛ.
എന്റെ വായു.
എന്റെ ഘ്രാണത്തിന്റെ ചുറ്റളവ്.
നീയാണെന്റെ അഗ്നി.
എന്റെ കേൾവിയുടെ തരംഗദൈർഘ്യം.
എന്റെ വീട്, എന്റെ അഭയം അവസാനത്തെ താവളം 
എന്റെ സാധ്യതയുടെ അറ്റം എന്റെ വാഗ്ദത്തഭൂമി 
ജീവിച്ചിരിക്കുന്ന അമ്മ
മരണാനന്തരജീവിതം 
ജീവിതം"

എന്ന് കവി കവിതയെ ഉൾക്കൊള്ളുന്നു. ആത്മഗീത പോലൊരു ദർശനം രൂപപ്പെടുന്ന കവിതയായി "മലയാളം" നിലനിൽക്കുന്നതിന് മറ്റുകാരണങ്ങൾ തിരയേണ്ടതില്ല. കാലം, സമയം, പരിസരം, രാഷ്ട്രീയം, വീക്ഷണം, വ്യവഹാരം, ചിന്ത തുടങ്ങിയ ഘടകങ്ങൾ സച്ചിദാനന്ദന്റെ കവിതയെ നിരന്തരപരിണാമത്തിനു വിധേയമാക്കുന്നുണ്ട്. കവിതയിൽ സച്ചിദാനന്ദൻ സ്വീകരിച്ച നവീകരണ പ്രക്രിയയിൽ ഒരു പ്രത്യേക കാലത്തിന്റെയോ പരമ്പരയുടെയോ നിരാകരണങ്ങൾ കാണുക പ്രയാസമാണ്.

എഴുത്തച്ഛനും രാമനാഥനും തുക്കാറാമും മീരയും കബീറും ലാൽദേദും ദരിദയും സംസ്കാരത്തിന്റെ പല അടരുകളും കാഴ്ചയുടെ നവഭൂഖണ്ഡങ്ങളും വേദാന്തസാന്ദ്രമായ ചിന്തകളുടെ വേരുകളും പ്രതീകാത്മകമായ ദൈവസാന്നിധ്യവും ബുദ്ധന്റെയും ക്രിസ്തുവിന്റെയും സ്വാധീനവും പീഡയും നാട്ടു പാട്ടുകളുടെ ഈറ്റില്ലങ്ങളും അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് കുതിച്ച ഓർമ്മകളുടെ അതിതീവ്രമായ അടയാളങ്ങളും കവിയിൽ തിക്കിത്തിരക്കി വരുന്നു. അത് കവിതയുടെയും സൂക്ഷ്മാർഥങ്ങളും സൂക്ഷ്മദർശിനികളുമാകുന്നു.

‘’എഴുത്തച്ഛനെഴുതുമ്പോൾ’’ എന്ന കവിതയിൽ അറിവിന്റെ, അറിയലിന്റെ സ്പർശങ്ങളുണ്ട്. എഴുത്താണിത്തുമ്പിലൂടെ കുതിരകൾ പറക്കുന്നതും പനയോലക്കുള്ളിലൂടെ പച്ചത്തഴപ്പാറുന്ന സ്മരണകൾ ഉണരുന്നതും ദശരഥ വ്യഥ പോലെ ജനിമൃതികളുടെ വംശ പരമ്പരയുടെ ദുഃഖസമുദ്രങ്ങൾ അലയടിച്ചുണരുന്നതും കവി അറിയുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
‘’എഴുത്തച്ഛനുറങ്ങുമ്പോൾ അലറിയടുക്കുന്ന കൊടുങ്കാറ്റും മഴയും നഖങ്ങളും കവിയെ അലോസരപ്പെടുത്തുന്നു. പക്ഷേ ‘’എഴുത്താണിമുനയിലൂടെ തെന്നിക്കളിക്കുന്ന പൊന്മാൻ പ്രതീക്ഷയാണ് ‘’എന്ന് എഴുതുന്നു.

‘’സാധാരണമായി അനുഭവപ്പെട്ട് പിന്നെ അസാധാരണം എന്ന് ധരിച്ച് പിന്നെപ്പിന്നെ സാധാരണമെന്നു ബോധ്യപ്പെട്ട കവിതകളാണ് തനിക്ക് പ്രിയപ്പെട്ട സ്വന്തം കവിതകൾ’’ എന്ന് സച്ചിദാനന്ദൻ ഒരിക്കൽ പറയുന്നുണ്ട്. സമൃദ്ധമായ കാവ്യലോകത്തിൽ നിന്ന് പ്രിയ കവിതകളെക്കൂടി അതിസൂക്ഷ്മമായാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഒരേസമയം ഇന്ത്യൻ പരിസരങ്ങളും രാഷ്ട്രീയവും സാമൂഹികഅസമത്വങ്ങളും ചരിത്രവും വർത്തമാനവും അവയിൽ സമൃദ്ധമാണ്. എങ്കിലും കാലത്തോട് രൂക്ഷമായ വിമർശന സ്വഭാവം അദ്ദേഹത്തിന്റെ കവിതകൾ സൂക്ഷിക്കുന്നു. ഏതുനിമിഷവും മനുഷ്യനിൽ നിന്ന് കുതറി മാറി ഹിംസയുടെ രൂപം പ്രാപിക്കാനുള്ള സാധ്യതയെ കവി തള്ളിക്കളയുന്നില്ല

" പുലരിയിൽ കണ്ണാടി നോക്കി ഞാൻ ഞെട്ടുന്നു. 
ഉടലാകെ നീളുന്ന രോമം
അത് മൂടിവെക്കാൻ മുഴുകൈയുടുപ്പിട്ടു
മുരളുന്നു ഞാൻ "ചായ വേഗം" അതുമൊത്തുവാൻ 
വാ തുറക്കെ നീ കണ്ടുവോ നിണമണിഞ്ഞൻ ദ്രംഷ്ട രണ്ടും"?

എന്ന് "കയറ്റം" എന്ന കവിതയിൽ വായിക്കാം. ജീവിതത്തെ മലകയറ്റവുമായി താദാത്മ്യം ചെയ്യുന്നു ഈ കവിത. ഈ മലകയറ്റത്തിൽ ഓർമ്മയും കാലവും സംയോജിക്കുന്നുണ്ട്. ഒരുവേള 'ഇനി മലകയറാൻ വയ്യ' എന്നുതന്നെ കവി പറയുന്നുണ്ട്. തനിക്ക് മാത്രമല്ല കവി ചോരപുരണ്ട പല്ലുകൾ കണ്ടെത്തുന്നത്

"എതിരെ വരുന്നവർക്കൊക്കെയും ദംഷ്ട്രകൾ. 
അതുകണ്ടു ഞാൻ അമ്പരക്കെ, പറയുന്നു ചങ്ങാതി
ആണുങ്ങളാകുവാൻ 
ഒരു ദ്രംഷ്ടയെങ്കിലും വേണ്ടേ"

മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ഹിംസയെ കവി കണ്ടെത്തുന്നു. അതിന്റെ പശ്ചാത്തലം ദാമ്പത്യവും അതിന്റെ പരിസരം  മലകയറ്റവും ആവുകയാണ് എന്ന് മാത്രം.

'കണ്ണൂർ' എന്ന കവിത നോക്കാം.

"ഈ മനുഷ്യന്റെ കണ്ണുകൾ അടയ്ക്കാൻ
ബദ്ധപ്പെടേണ്ട
അവ രക്തത്തിന്റെ നൃത്തത്തിലേക്ക് തന്നെ തുറന്നിരിക്കട്ടെ"

എന്ന് ആഹ്വാനം ചെയ്യുന്നു.

കഥകളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും കല്ലുകളെ മനുഷ്യരാക്കുന്ന മാന്ത്രികർ പോയി എന്നും മനുഷ്യരെ കല്ലുകൾ ആക്കുന്ന മന്ത്രവാദികൾ വന്നിരിക്കുന്നുവെന്നും കവി മുന്നറിയിപ്പ് തരുന്നു. സച്ചിദാനന്ദന്റെ കവിതകളിൽ അനുഭവവും ആവിഷ്കാരവും (experience and creativity)ആവിഷ്കാര ഇടവും പരിസരവും (creative space and environment) തമ്മിൽ നടക്കുന്ന കൊടുക്കൽ വാങ്ങലുകളും ഇത്തരത്തിലാണ് കടന്നുവരുന്നത്. സർപ്പദംശനമേറ്റ്, ഉടൽ നീലിച്ച് വീണ്ടും കുട്ടിയായി എന്ന്  'വെളിപാട്' എന്ന കവിതയിൽ പറയുന്നു. എത്ര കയറിയാലും അറ്റമെത്താത്ത കാലത്തിന്റെ ഗോവണിയിലാണ് കവിയുടെ നില.

'മരിച്ചിട്ടും താടി വളരുന്ന മുത്തച്ഛൻ' പരമ്പരകളുടെ ആവർത്തനത്തെ സൂചിപ്പിക്കുന്നു. കണ്ണടച്ചു തുറക്കുമ്പോൾ മറ്റൊരു യുഗമാണ് മുന്നിൽ. അവിടെ ലഹളകളും യുദ്ധങ്ങളും ഇല്ല. മതവും ഇരുട്ടും മൃതിയും അകവും പുറവും അഹവും പരവും ഇല്ല.

ഒരാളും ഒറ്റയ്ക്കല്ല' എന്ന കണ്ടെത്തലിൽ പ്രതീക്ഷയുണ്ട്. സഹവർത്തിത്വത്തിന്റെ രാഷ്ട്രീയ ദർശനമുണ്ട്. കാലത്തെക്കുറിച്ച് ബോധവാനാണ് കവി.

‘’ജന്മാന്തരങ്ങൾ തൻ കുങ്കുമപ്പാടത്തി
ലെങ്ങാണ്ടൊരു കോണിലുണ്ടായോരഞ്ചിതൾ
പൂവന്നിളയോരിതളായി
വന്നു പിറന്നവനല്ലി ഞാൻ’’ 

എന്ന് ‘’ഞാൻ’’ എന്ന കവിതയിൽ എഴുതി. അവനവനെ കവി നിർവചിക്കുന്നത് കാലത്തിന്റെ ഒഴുക്കുമായി ചേർത്തുവച്ചാണ്. ആത്മ ബോധത്തിന്റെ കണ്ടെടുപ്പിൽ കാലത്തിന് കാര്യമായ പ്രസക്തിയുണ്ട്. രേഖീയതയിലല്ല കാലത്തിന്റെ ഒഴുക്ക് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. അത് ക്രമരാഹിത്യത്തിന്റെ രീതിശാസ്ത്രത്തെ കൂടി ഉൾക്കൊള്ളുന്നുണ്ട്. ദിനരാത്രങ്ങളുടെ യാത്ര പോലെ മനുഷ്യനിൽ ബോധാബോധങ്ങളും നിത്യതയും നശ്വരതയും അനുഭവവും ആവിഷ്കാരവും എല്ലാം കടന്നു വരുന്നു.

ദാലിയുടെ ‘പെർസിസ്റ്റൻസ് ഓഫ് മെമ്മറി’ എന്ന ചിത്രം സമയത്തെക്കുറിച്ച് വ്യതിരക്തമായ ഒരു സന്ദേശം പകരുന്നുണ്ട്. സ്ഥിതമായ കാലവും അസ്ഥിരമായ കാലവും കലയിൽ ഇടപെടുന്നത് എങ്ങനെ എന്ന് ദാലി സൂചിപ്പിക്കുന്നുണ്ട്.

സച്ചിദാനന്ദന്റെ കവിതാദർശനവും പ്രതിരോധ ചിന്തയുമെല്ലാം തീർത്തും ചലനാത്മകമായ ചിന്താധാരകളിൽ നിന്നാണ് കടന്നുവരുന്നത്. ജീവിതത്തിൽ കാലത്തിനും സമയത്തിനും സ്ഥലസങ്കൽപങ്ങളിലുമെല്ലാം വന്നുചേരുന്ന മാറ്റം കവിതയിലും പ്രതിഫലിക്കുമല്ലോ!. ചലനാത്മകമായ ഒരു ചിന്താ പദ്ധതിയാണ് സച്ചിദാനന്ദന്റെ കവിതകളിലെ കാലത്തെ നിർണയിക്കുന്നത്. ‘പ്രതീക്ഷ’ എന്ന കവിതയിൽ രാഷ്ട്രീയ അപചയത്തിന്റെ ചരിത്രമുണ്ട്.

‘’ ഒരുറപ്പുമില്ല സഖാവേ
ഞങ്ങളും സന്ധി ചെയ്തേക്കാം
അരിവാളും ചുറ്റികയും ചരിത്രത്തിൽ നിന്ന്
പോയി മറഞ്ഞേക്കാം
അപ്പോഴും സമരം തുടരുക തന്നെ ചെയ്യും
അനീതിയുള്ളിടത്ത്
ചെറുത്തുനിൽപ്പുണ്ടാവും
അതാകുന്നു ലോകത്തിന്റെ ബാക്കിയായ
പ്രതീക്ഷ’’

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എഴുപതുകളിൽ നിന്ന് പറന്നുവന്ന കവിത ’ബഹുവരൂപി’യിൽ എത്തുമ്പോൾ മൂർച്ചയുള്ള   വിമർശനത്തിന്റെ ശബ്ദം പുറപ്പെടുവിക്കുന്നു. ’മഴയുടെ ചരിത്രം’ എന്ന കവിതയിൽ കാലം കവിതയിൽ തീർത്ത പരിണാമകാലത്തിന്റെ സുദീർഘമായ അടയാളങ്ങളുണ്ട്. കവിതയെയും സിദ്ധാന്തത്തെയും ഒരേ തലത്തിൽ കൈകാര്യം ചെയ്യാൻ ആവില്ലയെന്നും അവ തമ്മിൽ ഋജുവായ ഒരു ബന്ധവും സങ്കല്‍പ്പിക്കാൻ ആവില്ലയെന്നും വിശ്വസിക്കുമ്പോൾത്തന്നെ, കവിതയെഴുതുമ്പോൾ ഭാഷയും ഭാവനയുമാണ് മുന്നിൽ എന്നു സച്ചിദാനന്ദൻ പറയുന്നുണ്ട്. കാലമായാലും സാമൂഹ്യാപചയമായാലും ഹിംസാത്മകതയായാലും ഒരു പ്രതിസംസ്കൃതിയുടെ സാധ്യതകൾ സച്ചിദാനന്ദൻ അന്വേഷിക്കുന്നുണ്ട്.

 ‘’നാം ഒരു കത്തിയുടെ
 ഉള്ളിൽ ജീവിക്കുന്നു
 മറ്റാരോ വീശുന്ന കത്തിയുടെ ഉള്ളിൽ
 ഹൃദയം തുളയുന്നത് മറ്റാരുടെയോ ആണ്
 ആ രക്തം നമ്മെ അന്ധരാക്കുന്നു
 രക്തത്തിൽ കുളിച്ച് നാം ആഹരിക്കുന്നു
 രക്തത്തിൽ കുളിച്ച് നാം ഇണചേരുന്നു.
 രക്തം,
 നമ്മുടെ സ്വപ്നത്തിൽ പോലും ‘’

എന്ന് ‘സംഭാഷണത്തിന് ഒരു ശ്രമം’ എന്ന കവിതയിൽ കാണാം. കാലത്തിന്റെ ഹിംസാത്മകതയുടെ തീവ്രമായ ആവിഷ്കാരം ഇത്തരം കവിതകളിൽ ഉണ്ട്. ഓർമ്മകളിൽ പോലും ഭൂതകാലത്തെക്കുറിച്ചുള്ള തീക്ഷ്ണബിംബങ്ങള്‍ ഉണ്ട്.

എഴുപതുകളിലെ ഹിംസയും പ്രതിരോധവും കലഹവും വിപ്ലവവുമെല്ലാം തീവ്രമായി ആവിഷ്കരിച്ച കവിതകളുടെ തുടർച്ചയെന്നോണം ‘’സംഭാഷണത്തിന് ഒരു ശ്രമം’’ എന്ന സമാഹാരത്തിൽ മറ്റൊരു കവിത കൂടിയുണ്ട് ‘എഴുപതുകളുടെ പ്രകീർത്തകരോട്’ എന്നാണ് കവിതയുടെ പേര് കവിതയിൽ ഒരു കാലത്തെ മുഴുവൻ മറവിയിലേക്ക് കുടഞ്ഞു കളയുകയാണ് ചെയ്യുന്നത്.

മറക്കൂ എഴുപതുകളെ
എഴുപതുകളുടെ ഞങ്ങളെ ‘

മനുഷ്യർ ഇലകൾ പോലെയാകണമെന്ന് കരുതിയ ഒരു കൂട്ടം മനുഷ്യർക്കൊപ്പമായിരുന്നു കവി. തെരുവ് തൂത്തുവാരുന്നവർക്ക് താജ്മഹലിനെക്കാൾ മഹത്വമുണ്ടെന്ന് കരുതിയവർ, പത്ത് പേർ സ്വപ്നം കണ്ടാൽ ഭൂമി നിവർന്നു നിൽക്കുമെന്ന് കരുതിയവർ, തങ്ങളാണ് ജനങ്ങൾ എന്ന് കരുതിയവർ, ചരിത്രം തങ്ങളുടെ നിഴലാണെന്ന തോന്നൽ വെറുതെയായെന്ന തിരിച്ചറിവ് അവരെ മറവിയിലേക്ക് പോയി ഒളിക്കാൻ പ്രേരിപ്പിക്കുകയാണ്.

‘മറക്കൂ ഞങ്ങളെ
കാഞ്ഞിരവും കാരമുള്‍ക്കാടും മറന്നപോലെ
മറന്നേക്കൂ
ഞങ്ങളെ, ഞങ്ങൾ മറന്നപോലെ’’

എന്നാണ് കവി പറയുന്നത്. കാലവുമായി കവി നിരന്തരം സൂക്ഷിച്ചിരുന്ന സന്ദേഹങ്ങളിൽ നിന്നാണ് നിരാസത്തിന്റെ ഊർജത്തിലേക്ക് കവിത പിന്നീട് എത്തുന്നത്. അതീവ സൂക്ഷ്മമായ ചലനങ്ങളാണ് ഈ പരിണാമത്തിന്റേത്.

‘’പോയിക്കഴിഞ്ഞാൽ ഒരിക്കൽ ഞാൻ
തിരിച്ചു വരും
‘’പക്ഷേ സൂര്യനാവില്ല’’ എന്നു  കവി പറയുന്നു.

യു.പി. ജയരാജന് സമർപ്പിച്ച ‘തുടക്കങ്ങൾ’ എന്ന കവിതയിലും കാലം മുന്നിലേക്ക് കുതിച്ചുവന്നു നിൽക്കുന്നുണ്ട്. ഇരുപത്തഞ്ചു   വർഷം മുമ്പത്തെ ഓർമ്മയിൽ നിന്ന് ആരംഭിക്കുന്ന കവിത തീ പോലെ പടരുന്നു.

‘ഇപ്പോൾ ഞാൻ നിന്റെ
കൈ കോർത്തു പിടിക്കുന്നു
നിന്റെ കൈ തണുത്തിരിക്കുന്നു ’

എന്ന് ഭൂതകാലത്തിന്റെ ഓർമ്മയുടെ നിർജീവത ബോധ്യപ്പെടുന്നു. കവിതയിൽ ഒരിടത്ത് മനുഷ്യനെ ഘടികാരത്തിന്റെ അനക്കങ്ങളുമായി ചേർത്ത് അനുഭവിക്കുന്നുണ്ട്.

‘മരണാനന്തരം നാമെല്ലാം
വസ്തുക്കളായി മാറും
നീയൊരു ഘടികാരമാണ് ആയത് ‘

സമയത്തെ മരണശേഷവും കവിതയിലൂടെ  അനുഭവിക്കുന്നു.

കാലത്തെ വാക്കുകളിലേക്ക് ഒരു ചിമിഴിലെന്നപോലെ ചേർക്കുകയാണ് കവിതയിൽ. കവിത അവസാനിക്കുമ്പോൾ സമയചക്രമം പൂർണമാകുന്നുണ്ടോ? എങ്കിൽ കവിതയുടെ ഏത് ശരീരത്തിലാണ് ഈ സമയം സ്ഥിതിചെയ്യുന്നത്? കവിതയുടെ ആന്തരിക ബാഹ്യ ശരീരങ്ങളിൽ? കവിതയുടെ ബോധസീമകളിൽ? അതുമല്ലെങ്കിൽ കവിയുടെ ഓർമ്മയിൽ?

‘വിദേശ’ മെന്ന കവിതയിൽ കവിയുടെ നിലയാണ് കാലത്തിന്റെ സൂചകമായി വരുന്നത്. ‘ഒന്ന് ശ്വസിക്കുവാൻ വന്നെത്തി നാട്ടിൽ
ഞാൻ, വെള്ളത്തിൽ മീൻ എന്നപോലെ ‘ എന്നാരംഭിക്കുന്ന കവിത മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു. ഒടുവിൽ

‘ഒന്ന് ശ്വസിക്കുവാൻ ദില്ലിയിലെത്തി ഞാൻ
മണ്ണിൽ നിന്നും ജഡമെന്നപോലിന്നലെ’

എന്ന പരിണാമത്തിലേക്ക് മാറുന്നു. ഇങ്ങനെ ഒന്നും രണ്ടുമായി എത്രകാലം തുടരാനാണ് എന്ന് ‘ശൈലീവിജ്ഞാനീയത്തിലും’

'മരിക്കാനൊരുങ്ങിക്കൊള്ളുക
ഈ നിമിഷം
നെടുവീർപ്പ് പോലുമരുത്
നമ്മുടെ കൊടുങ്കാറ്റിന്റെ നിമിഷങ്ങളെ ഓർക്കരുത്നാം കണ്ടുമുട്ടിയിട്ടേയില്ല
നാം സമയത്തില്‍ ഇല്ല' എന്ന് ‘ഇല്ല’ യിലും

‘ഇലകളോടും മണികളോടും
നമ്മെ ഒന്നു മൂടാൻ പറയൂ
സൂര്യനോട് ഉദിക്കേണ്ടെന്ന് പറയൂ
എനിക്ക് ഉയർത്തെഴുന്നേൽക്കണ്ട എന്ന് ‘പിയെത്ത’യിലും

‘’രാധ ഇന്നും തന്റെ
കാത്തിരിപ്പിന് കാത്തിരിക്കുന്നു
കാലിക്കൂട്ടങ്ങൾ കോലക്കുഴൽ വിളി കേൾക്കുന്നില്ല
തീവണ്ടിയുടെ കൂകൽ മാത്രം കേൾക്കുന്നു
കടമ്പുകളുടെ കാലം എന്നേ കഴിഞ്ഞു ‘’
എന്ന് ‘ഭുവനേശ്വരം കട്ടാക് ‘ലും 

‘കഥകളുടെ കാലം കഴിഞ്ഞു
കല്ലുകളെ മനുഷ്യരാക്കുന്ന മാന്ത്രികർ പോയി’
എന്ന് ‘കണ്ണൂർ’ എന്ന കവിതയിലും കാലം വാക്കുകളിലേക്ക് പടരുന്നു. 

തന്റെ കവിതകളുടെ കേന്ദ്ര പ്രമേയം മനുഷ്യസ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്ന സച്ചിദാനന്ദൻ അബോധത്തിന്റെ കാലത്തെ മനനം ചെയ്യുന്നുണ്ട്. അത് പലപ്പോഴും ആത്മപ്രകാശത്തിന്റെ തലത്തിൽ ഇടപെടുക കൂടി ചെയ്യുന്നു. ഒരേസമയം ബൗദ്ധികതയിലും ഭാവനാപരിസരങ്ങളിലും സച്ചിദാനന്ദന്റെ കവിതയിൽ കാലം ഇടപെടുന്നു. ‘ഓർമ്മകളെ മൂടിയ മഞ്ഞുരുക്കി തന്നെ തുറന്നു വിടാനും’, ‘വിസ്മൃതിയിലേക്കാണ് പോയ തെരുവുകളെയും വയലുകളെയും കുടക്കല്ലുകളെയും ഭൂതങ്ങളെയും അമ്മ ദൈവങ്ങളെയും ഉൾപ്പടർപ്പിൽ കുരുങ്ങിപ്പോയ പുഴകളെയും പൂരങ്ങളെയും തിരിച്ചു തരാനും’ കവി ആവശ്യപ്പെടുന്നത് കാലത്തോടാണ്. കാലത്തിലും കാലാതീതത്തിലും തന്നെ നിറയ്ക്കാനാണ് കവിയുടെ പ്രാർത്ഥന

‘’എനിക്കു മനസ്സിലായി 
നാം വീടുകളിൽ സൂക്ഷിക്കപ്പെടുന്ന അവസാനത്തെ
വംശ മാതൃകകളാണ്
നാമാണ് പരിണാമത്തിലെ നഷ്ടപ്പെട്ട കണ്ണി.
മനുഷ്യവർഗ്ഗം പിറക്കാൻ ഇരിക്കുന്നതേയുള്ളൂ.
എന്നെ വിട്ടയക്കൂ 
എന്നെ വിട്ടയക്കൂ 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
'വീട് ' എന്ന കവിതയിൽ വംശാവലിയുടെ ആന്തരികതകളിൽ നിന്ന് വരുന്ന ആഹ്വാനം കേൾക്കാം. ശരീരത്തിലെ കനമില്ലായ്മയെ നേരിട്ട് അനുഭവിപ്പിക്കുന്നു 'താവോ ക്ഷേത്രത്തിൽ പോകേണ്ടതെങ്ങനെ' എന്ന കവിത.

പുലരിയുടെ ചെരിവിലൂടെ ഇളങ്കാറ്റിലെ ഇല പോലെ കനമില്ലാതെ പോവാനും വെളുത്തവരെങ്കിൽ, ചാരം പൂശി പോവാനും, ബുദ്ധി കൂടുതലെങ്കിൽ പാതിമയക്കത്തിൽ പോവാനുമാണ് പറയുന്നത്. 'നിശ്ചലതയോളം പതുക്കെ ജലംപോലെ അരൂപിയായിക്കൊണ്ടുപോകുക'

എന്ന് പറയുമ്പോൾ ഉടലിന്റെ കനമില്ലായ്മയും  ആന്തരികമായ ധ്യാനവും തിരിച്ചറിവും കൈവന്ന ഉൾക്കാമ്പും വെളിപ്പെടുന്നു. ശൂന്യതക്ക് ഇടംവലം ഇല്ല എന്നും, ഒഴിഞ്ഞ പാത്രമാണ് നിറഞ്ഞ പാത്രത്തെക്കാൾ എളുപ്പം എന്നും കവി കണ്ടെത്തുന്നു. ഈ കവിതയിലുണ്ട് അസാന്നിധ്യത്തിന്റെ ഉടൽസാന്നിധ്യം.

''നിർമിക്കപ്പെടാത്ത വിഗ്രഹം
നമ്മെകാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പിൽ കവിത തീരുന്നു.
ഈ പ്രതിമാ സങ്കല്പം 'കവിപ്രതിമ'യിലും ഉണ്ട്.

കവിതയുടെ 
പ്രതിമ തീർക്കാൻ 
ഏറ്റവും ഉറപ്പുള്ള ലോഹം ഏതാണ് 
സ്വന്തം മാംസം"

എന്നാണ് വെളിപാട്. കാലത്തിന്റെയും രൂപാന്തരപ്പെടുന്ന ജലത്തിന്റെയും നിരാകാരമായ ജലത്തിന്റെയും ഇല്ലായ്മയുടെ വർണ്ണത്തിന്റെയും വെളുപ്പിന്റെയും കറുപ്പിന്റെയും ആണിന്റെയും പെണ്ണിന്റെയും എല്ലാ അറിവുകളുടെയും ഉടലുകളെ കവിതയിലേക്ക് പകർത്തുന്നു.

"നമ്മുടെ ഏത് അഗാധമായ തത്വചിന്താജ്ഞാനത്തേക്കാളും കൂടുതലറിവ് നമ്മുടെ ശരീരത്തിലുണ്ട്'' എന്ന നീഷേയുടെ കണ്ടെത്തലിൽ എല്ലാമുണ്ട്.

എ.അയ്യപ്പന് സമർപ്പിച്ച 'പര്യായങ്ങൾ' എന്ന കവിതയിൽ നിറങ്ങൾ ഒഴിഞ്ഞ ക്യാൻവാസിലേക്ക് വേച്ചു വേച്ചു നടന്നു പോകുന്ന ഒരു പച്ചവരയോടാണ് അയ്യപ്പന്റെ ശരീരത്തെ ഉപമിക്കുന്നത്.

മഹാമാരിയാൽ മരിച്ച് ഡൽഹിയിലെ ശ്മശാനങ്ങളിൽ ഊഴം കാത്ത് കിടക്കുന്ന ജഡങ്ങൾക്ക് സമർപ്പിച്ച 'ഊഴം' എന്ന കവിതയിൽ, ആ ജഡങ്ങളിൽ ഒന്ന് കവിയുടേതാണ്. കതകിൽ മുട്ടുന്ന ആക്രിക്കാരന് എന്തു കൊടുക്കുമെന്ന ആശങ്കയുണ്ട് ആക്രിയിൽ.

ഒടുവിൽ
 "ഞാൻ വാതിൽ തുറന്ന് ചെന്ന്
എന്റെ ജരാനരകൾ കൊണ്ട് പൂപ്പൽ പിടിച്ച
ഉടൽ ചൂണ്ടിക്കാണിച്ചു പറഞ്ഞു
 ‘’എടുത്തോളൂ "
 കാലത്തിന്റെ വേഗത്തിൽ കവിയുടെ കയ്യിൽ
 ബാക്കിയായത് സ്വന്തം ഉടൽ മാത്രമാണ്.

‘ജനിതക'ത്തിൽ ഉടലിന്റെ പകർച്ചകളാണ്. ഒരു മനുഷ്യൻ എന്നാൽ എന്ത് എന്ന് കവിത തിരയുന്നു. പകുതി വീട്ടുകാരനും വിരുന്നുകാരനും വന്നവനും ഇടയനും വനവാസിയും വേട്ടക്കാരനും കൃഷിക്കാരനും പരുന്തും അണലിയും മുയലും ആവാൻ സാധ്യതയുള്ള ഒരു മനുഷ്യൻ! ഒഴുകുകയും ഇഴയുകയും ചാടുകയും ചിലപ്പോൾ കളിക്കുകയും കൂവുകയും പീലി നിവർത്തുകയും ഇല പൊഴിക്കുകയും ഓർക്കുകയും മറക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്ന മനുഷ്യൻ!

എപ്പോഴാണ് മനുഷ്യരൂപം പൂണ്ടത് എന്ന് അറിയില്ല

എപ്പോൾ  ദൈവമായി മാറുമെന്നും

രക്തം പറയും"

മനുഷ്യനിൽ നിന്ന് ദൈവത്തിലേക്കുള്ള ദൂരം കവിതയ്ക്ക് മാത്രമാണല്ലോ അളക്കാനാവുക!

പ്രേതങ്ങളുടെ സുതാര്യ ശരീരമാണ് '’നാല് പ്രേത’’ങ്ങളിലെ പ്രമേയം.

''തീ ഒരാൾ
നീരായൊരാൾ, വേറൊരാൾ മഴ,
വെയിൽ വേറൊരാൾ
അന്തർമുഖനാണൊരാൾ, ബഹിർമുഖൻ 
വേറൊരാൾ, ഒരാൾ ഭീരു 
ധീരനാണൊരാൾ,
എങ്ങും കേറുവാൻ മടിക്കാത്തോൻ "!

സുതാര്യ ശരീരങ്ങളെ പഞ്ചഭൂതങ്ങളുടെ അനുഭവത്തിലേക്ക് പകർത്തുന്ന അല്പം കുസൃതിനിറഞ്ഞ ഒരു കവിത 

In the croks of your body
I fight my religion
(sappho )

സച്ചിദാനന്ദന്റെ കവിതയിൽ എത്ര ഉടലുകൾ ഉണ്ട് എന്ന് അന്വേഷിക്കുമ്പോൾ അത്ഭുതം ഏറും. സൂര്യന്റെ ഉടലിലെ അഗ്നിയും, ബുദ്ധന്റെ ശരീരത്തിന്റെ യോഗാത്മകതയും ക്രിസ്തുവിന്റെ അഭയശരീരവും എന്തിന്! പോയ കാലങ്ങളുടെ സംയമ ശരീരങ്ങളും സച്ചിദാനന്ദൻ ആർജ്ജിച്ചു. ഉടൽ ഒരു ചിത്രമായും അനുഭവമായും അനുഭൂതിയായും കവിതകളിൽ നിറയുന്നുണ്ട്.

‘തകരട്ടെ’ എന്ന കവിതയിൽ

'ചിതറട്ടെ നിൻ ചിത്രം ചില്ലുകളാൽ മുറിയട്ടേ   ഭുവനത്തിൻ വിഷ നീലം പതയുന്നൊരു കരളാകെ'

എന്നിങ്ങനെ ആത്മത്തെ ചിതറിക്കാനുള്ള നിഷേധാത്മകതയുടെ സൗന്ദര്യത്തിലാണ് കവിതയിൽ ശരീരങ്ങൾ കടന്നുവരുന്നത്. ഒരേസമയം ജ്ഞാനിയുടെയും സമയമിയുടെയും വിപ്ലവകാരിയുടെയും നിഷേധിയുടെയും യമിയുടെയും ആന്തരികശരീരങ്ങൾ സച്ചിദാനന്ദനിലുണ്ട്.

'ശരീരം ഒരു നഗരം' എന്ന കവിത നോക്കാം

''എന്റെ ശരീരം ഒരു നഗരം
എന്റെ കണ്ണുകൾ  കാവൽപ്പാളയങ്ങൾ അവരുടെ കാഴ്ചകളുടെ നിദാന്ത ജാഗ്രത
എന്റെ കാതുകൾക്കിടയിൽ തീവണ്ടിത്താവളം
അവിടെ ആൾക്കൂട്ടങ്ങളുടെ
നിരന്തര ഘർഘരം'’

സമകാലിക രാഷ്ട്രീയത്തിന്റെ അതിനിഗൂഢമായ അരാഷ്ട്രീയതകളോടു പോരാടുന്നുണ്ട് പലപ്പോഴും ഈ കവിതയിലെ അപര ശരീരങ്ങൾ. ബലിയുടെയും ക്രൂശിക്കലിന്റെയും ഹിംസയുടെയും ലംഘനത്തിന്റെയും ഉടൽ പോരാട്ടങ്ങളിൽ പിൻ മടങ്ങുകയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും സമൃദ്ധിയിലേക്ക് തിരിച്ചു കയറുകയും ചെയ്യുന്നു ഈ കവിതകൾ.

കൂട്ടം പിരിഞ്ഞലയുന്ന അനാഥരായ വിചാരങ്ങളെക്കുറിച്ചും മണിയടികളെക്കുറിച്ചും കൂവലുകളെക്കുറിച്ചും നഷ്ടപ്പെട്ട ഓർമ്മകളെക്കുറിച്ചും തീനിറഞ്ഞ സ്വപ്നങ്ങളെക്കുറിച്ചുമോർത്ത് വ്യഗ്രതപ്പെടുകയും ലോകത്തിന്റെ ദുരിതങ്ങളിൽ ആർത്തു കരയുകയും ചെയ്യുന്നു.

"ഓർക്കുക ഈ ശരീരം ചിതയിൽ വയ്ക്കുമ്പോൾ നിങ്ങൾ ഒരു നഗരത്തെയാണ് ദഹിപ്പിക്കുന്നത് ഓർക്കുക ഈ ശരീരം കുഴിയിലേക്ക് ഇറക്കുമ്പോൾ നിങ്ങൾ ഒരു ജനതയെയാണ് കുഴിച്ചുമൂടുന്നത് '' എന്ന തിരിച്ചറിവ് ലോകത്തെ മുന്നറിയിക്കുന്നുണ്ട്.

അസാന്നിധ്യം എന്ന കവിതയിൽ നിരാകാരയായ ഒരു സാന്നിധ്യമുണ്ട്. ഓരോ സാന്നിധ്യത്തിനും ഓരോ നിഴലുണ്ട് എന്ന് കവിത വിശ്വസിക്കുന്നു. അസാന്നിധ്യത്തിൽ കവികളുടെ പരാമർശമുണ്ട്. വെറും ശബ്ദത്തെ ആശ്രയിക്കുവാൻ കവികൾക്ക് കഴിയും എന്നാണ് കവിത പറയുന്നത്. സാന്നിധ്യവും അസാന്നിധ്യവും ദൃശ്യതയും അദൃശ്യതയും സംസ്കാരങ്ങളും അവശിഷ്ടങ്ങളും സൗഹൃദവും ഒറ്റിക്കൊടുക്കലും ഉരുക്കും വിയർപ്പും ഉയരവും പല ശരീരങ്ങളായി കവിതയിൽ നിറയുന്നു. സമസ്ത ലോകങ്ങളുടെയും ദുരിതങ്ങളെ കവിതയിലേക്ക് പകർത്തുകയും കുരുവികളോട് സംവദിക്കാനും മാലാഖമാർക്കൊപ്പം പറക്കാനും പ്രണയിക്കാനും നിലനിൽക്കാത്ത ഒരു സ്ഥലമാണ് ചരിത്രം എന്ന് തിരിച്ചറിയുകയും ചെയ്ത ശേഷം കവിതയുടെ ശരീരം മറ്റൊരു ഉടലിലേക്ക് പകർന്നു പോകുന്നു.

‘’എന്റെ കഴുത്തിൽ കിടന്നു പുളയൂ
എന്റെ ജടയിലേക്കൊഴുകി വിഴൂ
എന്റെ ശിരസ്സിൽ പ്രകാശിക്കൂ പർവതങ്ങൾ ഉച്ചരിക്കുന്ന വചനമേ
ഇപ്പോൾ ഞാൻ നിനക്കായി തപസ്സു ചെയ്യുകയാണ് ദിഗംബരനായി, നിശബ്ദതയിൽ അഗ്നിയിൽ
അഗ്നിയിൽ ‘’

ഈ ഭാഷയിൽ ആകാശം.....നാം ഉപയോഗിക്കുന്ന ഓരോ വാക്കിലും അത് ഉപയോഗിക്കപ്പെട്ട അനേകം സന്ദർഭങ്ങളുടെ ഓർമ്മ ഒരു പരിവേഷമായി നിലനിൽക്കുന്നു. ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ നാം ഒരു ലോകം തന്നെ തിരഞ്ഞെടുക്കുന്നു എന്ന് സച്ചിദാനന്ദൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കവിത മുഴുവനായും ശരിയാണ് എന്ന് ഈ കവി വിശ്വസിക്കുന്നു. ‘നിൽക്കുന്ന മനുഷ്യൻ’ എന്ന പുസ്തകത്തിൽ ഭാഷയെ കുറിച്ച് പരാമർശിക്കുന്ന ഒരു കവിതയുണ്ട്. ഒരു കവി ഭാഷയാണ് എന്നാണ് തലക്കെട്ട്. ’സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ വരകളുടെയും നിറങ്ങളുടെയും ഭാഷ’ എന്നാണ് കവിയുടെ കണ്ടെത്തൽ. ‘’ഈ ഭാഷയിൽ ആകാശം പക്ഷിയുടെ ഉള്ളിലാണ് എന്നും പറയുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
അറിഞ്ഞതല്ല കലയുടെ വിഷയം എന്നും ലോകം വെറുതെ പകര്‍ത്തിവയ്ക്കാനുള്ളതല്ല എന്നും ഭാവനകൊണ്ട് മാറ്റിപ്പണിയാൻ ഉള്ളതാണ് എന്നും ‘നില്‍ക്കുന്ന മനുഷ്യനില്‍’ കവി കണ്ടെത്തുന്നു.

‘’മുഖാമുഖം’’ എന്ന കവിതയിൽ കവി ചോദിക്കുന്നു

‘’നിങ്ങൾ ശൂന്യതയെ മുഖാമുഖം കണ്ടിട്ടുണ്ടോ ?

ആധുനിക കവിതയുടെ ആത്മകലഹങ്ങളിൽ നിന്ന് പുതിയ കാലത്തിലേക്ക് സ്വയം വിച്ഛേദിക്കുന്ന ഒട്ടേറെ കവിതകൾ സച്ചിദാനന്ദന്റേതായുണ്ട്.

ബ്രെത്ത് ഒരിക്കല്‍ കലയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്

Art is not a mirror held up to reality,
but a hammer with which, to shape it.

മനുഷ്യന്റെ എല്ലാ കുതിപ്പുകളും താൻ ആരാണ് എന്ന് അറിയും വരെ മാത്രമേ ഉള്ളൂ. ആ  അറിവ് മരണത്തോടെ പൂർണമാകുന്നു. ‘മുഖാമുഖം’ എന്ന കവിത ആ അറിവിലേക്ക് കുതിക്കുന്നുണ്ട്. കാഴ്ചയും മറ്റ് ഇന്ദ്രിയാനുഭവങ്ങളും കവിയെ കടന്നു കുതറി പോകുന്നുണ്ട്.

‘‘എനിക്കെന്‍റെ ഘ്രാണശക്തി തിരിച്ചു കിട്ടണം

എന്റെ കാകദൃഷ്ടിയും’’

എന്ന ആത്മ വിമർശനം ഭാഷയിലേക്ക് കവിതയെ കലർത്തുന്നു. കവിയും കവിതയും ഒന്ന്തന്നെ എന്നപോലെ ദൈവവും മനുഷ്യനും ഒന്നുതന്നെ എന്ന കാഴ്ചയുമുണ്ടിതില്‍. ചിലപ്പോൾ തീക്ഷ്ണവും ചിലപ്പോള്‍ ലളിതവുമാകാന്‍ ഈ കവിതകള്‍ക്ക് ഒരുപോലെ കഴിയുന്നു.

തീക്ഷ്ണം എന്ന കവിത നോക്കാം.

‘’ദൈവത്തെ ഓർമിക്കുക
ദൈവം കാലത്തിനു പുറത്തല്ല’’

എന്നാണ് വരികൾ. ആത്മസംവാദരൂപിയായ സമീപനങ്ങൾ കടന്നുവരുന്ന കവിതകളുടെ കൂട്ടത്തിലാണ് ഈ കവിതയുടെ സ്ഥാനം. താക്കോൽ മറന്ന് കുട്ടിയായി തുടരാനുള്ള ആഹ്വാനത്തിൽ ഒരു ബുദ്ധനുണ്ട്. താക്കോൽ ചൂണ്ടുന്നത് ലോകത്തിന്റെ നേർക്കാണെന്നും അക്രമത്തെ കുടഞ്ഞുകളയാൻ ധർമ്മം പ്രാപ്തമാണ് എന്നും വായിക്കാം.

ആർദ്രതയാണ് ബഹുരൂപിയിലെ കവിതകളുടെ മുഖമുദ്ര. പ്രണയവും മറവിയും വിരഹവും കലർന്ന പ്രപഞ്ച ദർശനം, ‘ഞാനും നീയും’ എന്ന ഏകകം, ‘ഭാഷയും, വാക്കും, മൗനവും’ ചേർന്നുണ്ടാകുന്ന നൃത്തം, ആകാശവും ജലവും കാറ്റും അഗ്നിയും കലര്‍ന്ന അനുഭവ പ്രപഞ്ചം ‘’കാലത്തിൽ’’ എന്ന കവിതയുടെ ഓർമ്മയാണ്. എല്ലാ കവിതകളിലും കടന്നുവരുന്ന ഇത്തരം ബിംബം ജലം പോലെ ഒഴുകി ഒഴുകുകയും ജ്വലിച്ചുയരുകയും ചെയ്യുന്നു. സ്ഥലകാലങ്ങൾ  ചാടിക്കടന്ന് ഒറ്റയ്ക്ക് നിലനിൽക്കുന്ന മനുഷ്യരാശിയെ ‘’ഒറ്റയ്ക്കല്ല’’ എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്ന ഊർജ്ജസ്രോതസ്സായി കടന്നുവരുന്നു ‘ബഹുരൂപി’.

പരമ്പരകളുടെ ഭാരത്തെ, ഗംഗാ ജലം നിറച്ച ഒരു കുപ്പിയെ എന്നപോലെ വലിച്ചെറിയുന്നുണ്ട് ‘ശവം’ എന്ന കവിതയിൽ. ‘’വരൾച്ചയിൽ നിന്ന് രക്ഷപ്പെടാൻ കുരുവിക്കൂട്ടമായി മാറിയപ്പോൾ’’ എന്ന അതിമനോഹരമായ ഒരു ബിംബകല്പനയുണ്ട് ‘’പക്ഷികളെക്കുറിച്ച് എന്ന ഒരു സംവാദം’’ എന്ന കവിതയില്‍. മരിച്ചു കഴിഞ്ഞിട്ടും മനുഷ്യനു  പ്രേമിക്കാൻ ആകുമോ എന്ന ആകാംഷയോടെയാണ് കവിത അവസാനിക്കുന്നത്.

മരണത്തെക്കുറിച്ച് സച്ചിദാനന്ദൻ മുൻപ് എഴുതിയിട്ടുണ്ടല്ലോ!

‘’കടലിൽ കുളിക്കാന്‍
കടലിൽ മുങ്ങിമരിച്ച പരിചയം വേണ’’മെന്ന് !

തൂക്കുകയറിലേക്ക് നടക്കുന്ന കൊലയാളിയും തൂക്കിലേറ്റുന്നവനും ഒരേ ശരീരത്തിന്റെ ആത്മചിഹ്നങ്ങളായി കടന്നു വരുന്ന കവിതയാണ് ‘കഴുമരത്തിലേക്ക്’. മനുഷ്യന്‍ സ്നേഹത്തിനായി നിലവിളിക്കുന്നത് കവി കേൾക്കുന്നുണ്ട്. ചോദ്യങ്ങൾ ഭൂമിയുടെ പച്ചയിൽ നിന്ന് വിട്ടു പോവുകയാണ്. ‘മണ്ണ് തിന്നുന്നവൻ ‘എന്ന കവിതയിലാകട്ടെ ഒന്നും തിന്നാൻ ഇല്ലാതായപ്പോൾ മണ്ണ് തിന്നുന്ന ഒരു കുട്ടിയുണ്ട്. തുറന്ന വായിലേക്ക് ഒരു പിടി വറ്റ് ഇട്ടുകൊടുക്കാനാണ് ലോകം ആവശ്യപ്പെടുന്നത്.

‘’എന്റെ പ്രഭാതങ്ങളിൽ
ആത്മ ദർശനങ്ങളുടെ അടയാളങ്ങൾ
പ്രേതങ്ങളായി വരുന്നു; എന്ന് എഴുതുമ്പോള്‍, 

സച്ചിദാനന്ദൻ എന്ന കവിയുടെ കാവ്യ രൂപീകരണത്തിന് സാംസ്കാരികവും ഭാഷാപരവും ചരിത്രപരവുമായ ഘടകങ്ങളിൽ ഏറെ പ്രധാനപ്പെട്ട സ്ഥാനം ആത്മദംശനങ്ങൾക്കുണ്ട് എന്ന് വെളിപ്പെടുന്നു.  വായനയും വളർച്ചയും പരിണാമവും ആശയ, ചിന്താ, രാഷ്ട്രീയ രൂപീകരണവും, മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും സച്ചിദാനന്ദനെ വാർത്തെടുക്കുന്നത് ആത്മസ്വത്വത്തിന്റെ തിരിച്ചറിവിലൂടെയാണ്.   പ്രപഞ്ചത്തിന്റെ ഭ്രമണവേഗങ്ങളെ തൊടാൻ കവിക്കാവുന്നുണ്ട്. മനുഷ്യൻ പതുക്കെ പതുക്കെ കത്താൻ തുടങ്ങുമെന്നും കണ്ണിൽ കാണുന്നതെല്ലാം കത്തുമെന്നും തീപിടിച്ച മൂക്കിൽനിന്ന് കുട്ടിക്കാലത്ത് വയലിൽ മണങ്ങൾ പുറത്തുചാടുമെന്നും, കവി അനുഭവത്തിൽ നിന്ന് വിളിച്ചു പറയുന്നു.

‘സംഹാരം’ എന്ന കവിതയിൽ മനുഷ്യന്റെ പലപല മരണങ്ങളാണ് കടന്നു വരുന്നത്. ആദ്യമരണത്തിലേക്ക് മനുഷ്യൻ പോകാൻ മടിക്കുന്നു. വെയിൽ നൃത്തംചെയ്യുന്ന ഭൂമിയിൽ നിന്ന് വിട്ടുപോകാനുള്ള മടി കൊണ്ടാണ് രണ്ടാം മരണത്തെ ഉപേക്ഷിക്കുന്നത്. കാടുകളില്ലാത്ത ദേശത്തേക്ക് മാറാനുള്ള വിമുഖത കൊണ്ടാണ് മനുഷ്യർ മരണത്തെ ഭയക്കുന്നത്.

സ്ഥിതപ്രജ്ഞരുടെ നരകത്തിലേക്ക് പോകാൻ  വിമുക്തനായ മനുഷ്യനാണ് ‘’കവിതയും തിരിച്ചു പോയി’’ എന്നെഴുതുന്നത്. മനുഷ്യൻ  കവിയാണ്. മരണത്തിൽനിന്ന് അവനെ മാറ്റിവെക്കുന്നത് കവിത തന്നെയാണ്.

ശൂന്യത ശുദ്ധമായ ഒരു ഭാഷയാണ് എന്നാണ് ‘ഭാഷകൾ’ എന്ന കവിതയിൽ പറയുന്നത്. അത് മാത്രമല്ല ജീവിതത്തിന്റെ അസന്നിഗ്ദ്ധകളിൽ മുറിയിലെ കരച്ചിൽ തെക്ക് പുറത്തെ മൺകൂനയായും തെരുവിലെ രക്തമായും താടിയും നിരക്കാത്ത നിലവായും എഴുതാത്ത ഒരു സാന്നിധ്യവുമായി ഈ ഭാഷ വെളിപ്പെടുന്നു.

ശരീരം ഒരു നഗരം

‘’In the croks of your body
 I fight my religion’
                      -sappho

സച്ചിദാനന്ദന്റെ കവിതയിൽ എത്ര ഉടലുകൾ ഉണ്ട് എന്ന് അന്വേഷിക്കുമ്പോൾ അത്ഭുതമേറും. സൂര്യന്റെ ഉടലിലെ അഗ്നിയും, ബുദ്ധന്റെ ശരീരത്തിന്റെ യോഗാത്മകതയും ക്രിസ്തുവിന്റെ അഭയശരീരവും...... എന്തിന്! പോയ കാലങ്ങളുടെ സംയമശരീരങ്ങളും സച്ചിദാനന്ദൻ ആർജ്ജിച്ചു. ഉടല്‍ ഒരു ചിത്രമായും അനുഭവമായും അനുഭൂതിയായും കവിതകളിൽ നിറയുന്നുണ്ട്.

‘തകരട്ടെ’ എന്ന കവിതയിൽ

'ചിതറട്ടെ നിൻ ചിത്രം
ചില്ലുകളാൽ മുറിയട്ടേ
ഭുവനത്തിൻ വിഷനീലം പതയുന്നൊരു കരളാകെ'

എന്നിങ്ങനെ ആത്മത്തെ ചിതറിക്കാനുള്ള നിഷേധാത്മകതയുടെ സൗന്ദര്യത്തിലാണ് കവിതയിൽ ശരീരങ്ങൾ കടന്നുവരുന്നത്. ഒരേസമയം ജ്ഞാനിയുടെയും സംയമിയുടെയും വിപ്ലവകാരിയുടെയും നിഷേധിയുടെയും യമിയുടെയും ആന്തരികശരീരങ്ങൾ സച്ചിദാനന്ദനിലുണ്ട്.

'ശരീരം ഒരു നഗരം' എന്ന കവിത നോക്കാം.

'എന്റെ ശരീരം ഒരു നഗരം
എന്റെ കണ്ണുകൾ കാവൽപ്പാളയങ്ങൾ
അവരുടെ കാഴ്ചകളുടെ നിദാന്തജാഗ്രത
എന്റെ കാതുകൾക്കിടയിൽ തീവണ്ടിത്താവളം
അവിടെ ആൾക്കൂട്ടങ്ങളുടെ നിരന്തരഘർഘരം'’

സമകാലിക രാഷ്ട്രീയത്തിന്റെ അതിനിഗൂഢമായ അരാഷ്ട്രീയതകളോടു പോരാടുന്നുണ്ട് പലപ്പോഴും ഈ കവിതയിലെ അപര ശരീരങ്ങൾ. ബലിയുടെയും ക്രൂശിക്കലിന്റെയും ഹിംസയുടെയും ലംഘനത്തിന്റെയും ഉടൽ പോരാട്ടങ്ങളിൽ പിൻമടങ്ങുകയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും സമൃദ്ധിയിലേക്ക് തിരിച്ചു കയറുകയും ചെയ്യുന്നു ഈ കവിതകൾ.

കൂട്ടം പിരിഞ്ഞലയുന്ന അനാഥരായ വിചാരങ്ങളെക്കുറിച്ചും മണിയടികളെക്കുറിച്ചും കൂവലുകളെക്കുറിച്ചും നഷ്ടപ്പെട്ട ഓർമ്മകളെക്കുറിച്ചും തീനിറഞ്ഞ സ്വപ്നങ്ങളെക്കുറിച്ചുമോർത്ത് വ്യഗ്രതപ്പെടുകയും ലോകത്തിന്റെ ദുരിതങ്ങളിൽ ആർത്തു കരയുകയും ചെയ്യുന്നു ചില ഉടലുകള്‍.

"ഓർക്കുക
ഈ ശരീരം ചിതയിൽ വയ്ക്കുമ്പോൾ
നിങ്ങൾ ഒരു നഗരത്തെയാണ് ദഹിപ്പിക്കുന്നത്
ഓർക്കുക ഈ ശരീരം
കുഴിയിലേക്ക് ഇറക്കുമ്പോൾ
നിങ്ങൾ ഒരു ജനതയെയാണ്
കുഴിച്ചുമൂടുന്നത് ''

എന്ന തിരിച്ചറിവ് ലോകത്തെ മുന്നറിയിക്കുന്നുണ്ട്.

‘അസാന്നിധ്യം’ എന്ന കവിതയിൽ നിരാകാരയായ ഒരു സാന്നിധ്യമുണ്ട്. ഓരോ സാന്നിധ്യത്തിനും ഓരോ നിഴലുണ്ട് എന്ന് കവിത വിശ്വസിക്കുന്നു. അസാന്നിധ്യത്തിൽ കവികളുടെ പരാമർശമുണ്ട്. വെറും ശബ്ദത്തെ ആശ്രയിക്കുവാൻ കവികൾക്ക് കഴിയും എന്നാണ് കവിത പറയുന്നത്. സാന്നിധ്യവും അസാന്നിധ്യവും ദൃശ്യതയും അദൃശ്യതയും സംസ്കാരങ്ങളും അവശിഷ്ടങ്ങളും സൗഹൃദവും ഒറ്റിക്കൊടുക്കലും ഉരുക്കവും വിയർപ്പും ആഴവും ഉയരവും പല ശരീരങ്ങളായി കവിതയിൽ നിറയുന്നു. സമസ്ത ലോകങ്ങളുടെയും ദുരിതങ്ങളെ കവിതയിലേക്ക് പകർത്തിക്കൊണ്ട് കുരുവികളോട് സംവദിക്കാനും മാലാഖമാർക്കൊപ്പം പറക്കാനും പ്രണയിക്കാനും നിലനിൽക്കാത്ത ഒരു സ്ഥലമാണ് ചരിത്രം എന്ന് തിരിച്ചറിയുകയും ചെയ്ത ശേഷം കവിതയുടെ ശരീരം മറ്റൊരു ഉടലിലേക്ക് പകർന്നു പോകുന്നു.

‘’എന്റെ കഴുത്തിൽ കിടന്നു പുളയൂ
എന്റെ ജടയിലേക്കൊഴുകി വിഴൂ
എന്റെ ശിരസ്സിൽ പ്രകാശിക്കൂ
പർവതങ്ങൾ ഉച്ചരിക്കുന്ന വചനമേ
ഇപ്പോൾ ഞാൻ നിനക്കായി
തപസ്സു ചെയ്യുകയാണ്
ദിഗംബരനായി,
നിശബ്ദതയിൽ
അഗ്നിയിൽ
അഗ്നിയിൽ"

കവിത ചെന്ന് സ്പർശിക്കുന്ന ഇടങ്ങൾ ആൾക്കൂട്ടത്തിന്റെതോ ഒരു സമൂഹത്തിന്റെതോ ഒരു വ്യക്തിയുടെതോ ആവട്ടെ അവിടെ സംവേദനത്തിന്റെ തലം രൂപപ്പെടുന്നത് നിലനിൽക്കുന്ന ഭാഷയുടെ നിഗൂഢ തലങ്ങളിലാണ്. നിശബ്ദതയ്ക്ക് അവിടെ ഏറിയ പ്രാധാന്യമുണ്ട്. സച്ചിദാനന്ദൻ കവിതകളിൽ, വലിയ ഒച്ചകളും ചെറിയ ഒച്ചകളും നിശബ്ദതയും പൊട്ടിത്തെറികളും  ഉണ്ട്.

"എന്തുകൊണ്ട് നമ്മുടെ കവിതയും പൊട്ടിത്തെറിക്കുന്ന കൃഷ്ണമണികളെപ്പോലെ കറുത്തിരിക്കുന്നില്ല "

എന്ന് ചോദിക്കുമ്പോൾ, അവിടെ രൂപപ്പെടുന്ന കവിതയുടെ ഭാഷയെക്കുറിക്കുന്ന ഒരു നിഗൂഢ സങ്കൽപമുണ്ട്.

ഇരുണ്ട സ്ഫോടനാത്മകമായ പ്രതിരോധത്തിന്റെ ഭാഷ കവിത പ്രതീക്ഷിക്കുന്നു. കവിതയിൽ നിന്നും,  ചുറ്റുമുള്ള മനുഷ്യരിൽ നിന്നും.

‘’ഭൂമിയുടെ പുഴകൾക്കും കനികൾക്കും മുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾകൊടി.
വേദനയുടെ ധന്യമൂർച്ഛയിൽ,
സ്വയം പിളർന്ന്
എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും
ഗന്ധങ്ങളിലേക്കാനയിച്ചവൾ
തീക്ഷ്ണ സുഗന്ധങ്ങളിലേക്ക് ആനയിച്ചവൾ"

എന്നാണ് മലയാളഭാഷയെക്കുറിച്ച് കവിക്ക് പറയാനുള്ളത്. സ്വന്തം ഭാഷയുടെ പിറവി എവിടെയായിരുന്നു എന്ന് കവി അത്ഭുതപ്പെടുന്നു. 

"ആദിമ മനുഷ്യന്റെ ആവശ്യങ്ങളിലും
ആംഗ്യങ്ങളിലും വരകളിലും നിന്ന് ആദ്യത്തെ ഭാഷയോടൊപ്പം
വനാന്തരങ്ങളിലേക്കുയർന്നു പോയോ ‘’എന്ന് കവി ആരായുന്നു.

'മലയാളം' എന്ന കവിതയുടെ രണ്ടാം ഭാഗത്ത് പൂർവ്വ കവികളെയും കവിതാപാരമ്പര്യത്തെയും ഓർക്കുന്നു.

മൂന്നാം ഭാഗത്താണ് ഭാഷയിലൂടെ വേരോടുകയും നിലയുറപ്പിക്കുകയും ചെയ്ത തന്റെ സ്വത്വത്തിന്റെ അടയാളങ്ങൾ തിരയാൻ കവി മുതിരുന്നത്. കവിയോടൊപ്പം ജീവിതത്തിലെ ഓരോ അടരിലും ഭാഷയുണ്ട്. ശബ്ദങ്ങളുടെ അനശ്വരപ്രവാഹമായും, ധ്വനികളുടെ അക്ഷയമായ ആകാശമായും ഭാഷ കവിയിൽ നിറയുന്നു. ഭാഷയിലെ ഓരോ അക്ഷരത്തെയും ജീവിതത്തിന്റെ ഓരോ വശങ്ങളിലേക്ക് ചേർത്തുവച്ചുകൊണ്ട് യാത്ര ചെയ്യുന്നു നാലാം ഭാഗത്തിൽ.

"നിന്റെ
ഓരോ താര സ്വരത്തിലും
ഞാൻ വിരലോടിക്കുന്നു'
എന്ന ആശ്വാസമാകുന്നു ഇവിടെ കവിക്കു ഭാഷ.

അഞ്ചാം ഭാഗത്തിൽ ഓരോ യാത്രയിലും തന്റെ കൂടെ ഇരിക്കുന്ന ഭാഷയെ കവി തിരിച്ചറിയുന്നുണ്ട്. ഭൂമിയിലെ ഏറ്റവും ചെറിയ ജീവനെ കൂടി പരിഗണിക്കുന്ന ചിഹ്നമായി ഭാഷ മാറുന്നു.

"എന്റെ ഉടലിലുണ്ട് മൂന്നു വരികൾ "

എന്ന താദാത്മ്യത്തിലേക്ക് കവിയെ കൊണ്ടെത്തിക്കുന്നു. ഭാവി കാലത്തിന്റെ വരവിലേക്ക് സ്വന്തം ഭാഷയെ നീക്കി വയ്ക്കുകയാണ് കവി. ശൂന്യതയിൽ ഭ്രമണം ചെയ്യുന്ന ഒരു വലിയ പുഷ്പമായും, രക്തക്കറ പുരളാത്ത ഒരു പ്രപഞ്ചത്തിന്റെ തിളങ്ങുന്ന വീഞ്ഞായും ഭാഷ മാറുന്നു.

"നീയാണെന്റെ ആകാശം
 എന്റെ കാഴ്ചയുടെ ചക്രവാളം
 നീയാണ് എന്റെ ജലം.
 എന്റെ രുചിയുടെ ധ്രുവസീമ
 എന്റെ ഭൂമി,
 എന്റെ സ്പർശത്തിന്റെ  മഹാമൂർച്ഛ
 എന്റെ വായു, എന്റെ ഘ്രാണത്തിന്റെ ചുറ്റളവ്
 നീയാണെന്റെ അഗ്നി
 എന്റെ കേൾവിയുടെ തരംഗദൈർഘ്യം"

എന്ന്, ഭാഷയിലേക്ക് തന്റെ ഉടലിനെയും ആത്മത്തെയും ചേർത്തു വയ്ക്കുകയാണ് കവി/കവിത. ജീവിതത്തിനപ്പുറത്തെ മരണാനന്തരജീവിതം കൂടി ഈ ഭാഷയോട് കടപ്പെട്ടിരിക്കുന്നു. ആദികവികളിൽ ഈ ഭാഷ വാക്കിന്റെ രൂപത്തിലേക്ക് കടന്നിരിക്കുന്ന തന്റെ ദേശത്തിന്റെ കുരുതികളിലേക്കും കരുത്തുകളിലേക്കും വാക്കുകളെ കൊളുത്തിയിടാൻ കവി പൂർവ്വ കവികളോട് പറയുന്നു. പനയോലകൾ വിളറുകയും കരിയുകയും പിളരുകയും ചെയ്യുമ്പോൾ എഴുത്ത് ‘അച്ഛൻ’ ആയി മാറുകയും അച്ഛൻ ‘എഴുത്ത്’ ആയി മാറുകയും ചെയ്യുന്ന സവിശേഷ പ്രക്രിയയാണ് എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിത. "വ്യർത്ഥമാകുന്ന ബിംബങ്ങൾ വിരുന്നു മുറികളിൽ സമയം തള്ളിനീക്കെ, നോക്കി നിൽക്കെ ചോരത്തുള്ളി വലുതാകവേ, ലേലം വിളിച്ച് അങ്ങാടി തങ്ങളെ പൊതിയുമ്പോൾ ഇനി വാക്കുകൾ ബാക്കി ഇല്ല എന്നാണ് കവി പറയുന്നത്.

"കാടും കാട്ടിൽ പുഴയും
പുഴത്തട്ടിലിന്നോളമാരും തൊടാതുള്ളൊരു വാക്കും
വാക്കിൽ വേറെ കാലവുമുണ്ടായെങ്കിൽ"

എന്ന പ്രതീക്ഷ കവിതയിലുണ്ട്. ഭാഷ ഇവിടെ ചരിത്രത്തിന്റെ പ്രതിച്ഛായ കൂടിയാകുന്നു. ഭാഷയുടെ രാഷ്ട്രീയ ദർശനത്തിന് ഇത്തരത്തിലാണ് സച്ചിദാനന്ദൻ കവിതയുടെ ഉത്തരം. പ്രമേയത്തിലും രൂപപരമായ പരീക്ഷണങ്ങളിലും പ്രതിബദ്ധതയുടെ രാഷ്ട്രീയ ഭാഷ ആവിഷ്കരിക്കാൻ സച്ചിദാനന്ദൻ എന്നും ശ്രമിക്കുന്നുണ്ട്. ഭാഷ കേന്ദ്ര പ്രമേയമായി വരുന്ന നിരവധി കവിതകൾ സച്ചിദാനന്ദന്റേതായുണ്ട്.

REPRESENTATIVE IMAGE| PHOTO : WIKI COMMONS
"കരിമ്പാറകൾ തൻ കരൾ പിളർന്ന്.
പ്രവഹിക്കും തെളിനീരൊഴുക്കുപോലീ വചസ്സുകൾ കേൾക്കെ,
ബാദരായണ ഭാഷ്യകാരൻ ഞാൻ.
സാക്ഷാൽ വേദവ്യാസനെ വരുത്തി,
നേരുകൾ തെളിയിച്ചോൻ."

എന്ന് 'ഒന്നാംപാഠ''ത്തിൽ കവി എഴുതി.

'ഭാഷാപഠനം' എന്ന പേരിൽ സച്ചിദാനന്ദൻ മറ്റൊരു കവിത എഴുതിയിട്ടുണ്ട്.

''എനിക്ക് ഭാഷകൾ പഠിക്കണം എന്നുണ്ട് എന്ന് പറയുന്നത് എല്ലാ ഭാഷകളിലും സ്നേഹിക്കൂ എന്ന് പറയാനാണ്. അല്ലെങ്കിൽ 'കൊല്ലൂ' എന്ന് പറയാനാണ്. ഭാഷകൾ പ്രണയകാലങ്ങൾ പിന്നിട്ട് വടിയൂന്നി നടന്നുപോകുന്നു. ഭാഷകൾ പഠിക്കാൻ വേണ്ടത്ര സമയമുള്ളിടത്തേക്ക് താനും പോകുമെന്നും, എല്ലാ ഭാഷയിലും സ്നേഹിച്ചു കൊല്ലും എന്നും കവി പറയുന്നു. തന്റെ ഭാഷയിലെ രാഷ്ട്രീയ ജീവിതമാണ് സച്ചിദാനന്ദന് കവിത.

" നിരന്തരം എന്നെ പുറത്താക്കുന്ന ഒരു ഭാഷയിലാണ് ഞാൻ എഴുതുന്നത് "

എന്ന് സിറിയൻ കവി അഡോണിസ് പറയുന്നതുപോലെ, രാഷ്ട്രീയ ധ്വനികളുടെ അടയാളങ്ങളായി കവിതകളിലെ ഭാഷയിലൂടെ സച്ചിദാനന്ദൻ സ്വയം രേഖപ്പെടുത്താന്‍ ശ്രമിക്കുന്നു.

"പുതിയ ഭാഷകൾ" എന്ന കവിതയിൽ ഭാഷകൾ മരിക്കുന്നതെങ്ങനെ എന്ന് കവി തിരയുന്നു.

ആദ്യം ശബ്ദങ്ങൾ മരിക്കുകയും പിന്നെ അക്ഷരങ്ങൾ...പിന്നെ വാക്കുകൾ.....അങ്ങനെ കവിതയിൽനിന്ന് നാടും ജനതയും പോയി മറയുകയും കിളികളെയും വിത്തുകളെയും തിരിച്ചറിയാൻ വയ്യാതാവുകയും ചെയ്യും.

ഭാഷ ഇവിടെ ജീവചക്രത്തിന്റെ ഭാഗമാകുന്നു. ഒരു വാക്കു നഷ്ടപ്പെട്ടാൽ ഒരു ജനത നഷ്ടമാകുന്നുവെന്ന  രാഷ്ട്രീയധ്വനി ശക്തമാണ് ഈ കവിതയിൽ.  ഈ നഷ്ടം "ഭ്രഷ്ടന്റെ പാട്ടിലെത്തുമ്പോൾ ഒരുത്തരത്തിലേക്കെത്തുന്നു"

"നിങ്ങളുടെ അക്ഷരമാലയിൽ നിന്ന്
വീണു പോയൊരു അക്ഷരമാണ് ഞാൻ
ചരിത്രത്തിലെ വിട്ടുപോയ കണ്ണി"

എന്ന ചരിത്രസത്യം കൂടി ഈ കവിത ഉൾക്കൊള്ളുന്നു.

മുത്തശ്ശി മരിച്ചപ്പോൾ  ഒപ്പം മരിച്ച നിഘണ്ടുവിലാണ് കവിയുടെ ഭാഷയുടെ ആദിസ്മരണ.

"എന്റെ മകൾ,
ഭാഷയുടെ ഇരുട്ടിലിരുന്ന്
മരിച്ച വാക്കുകളുടെ
ഒരു നിഘണ്ടു നിർമ്മിക്കുന്നു.
മരിച്ച വാക്കുകളുടെ ശ്മശാനത്തിൽ
കവിത അവസാനത്തെ താണ്ഡവമാടുന്നു "

എന്നാണ് കവിതയിലെ ഉപധ്വനി.

വാക്കും മൊഴിയും അറിവും പരമ്പരയും ഇവിടെ ഭാഷയുടെ അവയവങ്ങൾ തന്നെ. സച്ചിദാനന്ദന്റെ പ്രധാനപ്പെട്ട മറ്റൊരു കവിതയാണ് "എന്റെ ഭാഷ". മാറിവരുന്ന ലോകത്തിൽ മനുഷ്യന്റെ ഭാഷയെ നിർണയിക്കാനുള്ള പ്രാപ്തിയിലേക്കാണ് ഈ കവിത വിരൽ ചൂണ്ടുന്നത്. ഭാഷയും ആഖ്യാനവും എല്ലാം ഒരു അക്ഷരത്തിന്റെ സ്ഥാനമാറ്റത്തിൽ ഏറ്റെടുക്കേണ്ടിവരുന്ന അർത്ഥവ്യതിയാനങ്ങളെക്കുറിച്ചാണ് 'ൻ/ൾ 'എന്ന കവിത. തന്റെ നിഘണ്ടുവിൽ വാക്കുകളുടെ അവസാനമുള്ള 'ൻ' എല്ലാ കവിതകളിലും 'ൾ 'എന്നാക്കുന്നു. പെട്ടെന്ന് ലോകം കീഴ്മേൽ മറിയുന്നു. പുരുഷനു പകരം സ്ത്രീ കടന്നു വരുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുത കവിതയിൽ ഭാഷയുടെ പിളർപ്പുകളായി കണ്ടെടുക്കുന്നു.

"ഒരു വൃക്ഷത്തെ മുഴുവൻ വായിച്ച് തീരും മുമ്പേ
ഒരു മനുഷ്യന്റെ ജീവിതം അവസാനിക്കും "
                                               
                                                  (പുഷ്പം വായിക്കൽ)

" മാഞ്ഞുപോയ ഏത് ഭാഷയ്ക്ക് വേണ്ടിയുള്ള
വെറും വിലാപമാണ് കവിത.
അതോ നിലവിൽ വരാൻ ഇടയില്ലാത്ത
ഏതോ ലോകത്തിനു വേണ്ടിയുള്ള
വ്യക്തമായ  നിലവിളിയും

                                                    (മനുഷ്യരിൽ മാത്രമല്ല )

"മരിച്ച ഭാഷകളുടെ അക്ഷരങ്ങൾ കൊണ്ട്
നെയ്ത വിരിപ്പിൽ
മരിച്ച പക്ഷികളുടെയും ചീവീടുകളുടെയും
ശബ്ദം ചവിട്ടി
ഞാൻ ഉറങ്ങാൻ പോകുന്നു

                                                    (ദൂരങ്ങൾ )

"ഞാൻ അവന്
വാക്കുകൾ കൊണ്ട് ഒരു മന്ദിരം പണിയുന്നു
വാക്കുകൾക്കേ ഉൾക്കൊള്ളാനാകൂ അവനെ
വാക്കുകൾക്കും ആകില്ല
എന്റെ മന്ദിരം ചെറുത്, അപൂർണ്ണം

                                                     (ചായങ്ങൾ വിഴുങ്ങിയ കുട്ടി)

"ഭാവി എന്ന ഒരു കാലം ഉള്ളടത്തോളം
എനിക്ക് ഭാഷയെ ഭയമില്ല എന്നെങ്കിലും ഞാൻ
എന്റെ വാക്കുകൾ കണ്ടെത്തും
ഒഴിഞ്ഞ കടലാസിൽ പുതിയൊരു നക്ഷത്രത്തിൻ കീഴിൽ
ഒരു കപ്പൽപ്പായ
പതുക്കെ നിവർന്നുയരുന്നത് ഒരു കുട്ടി
വിസ്മയത്തോടെ നോക്കി നിൽക്കും"           

                                                         (എഴുതാത്ത കവിത )

എഴുതിയതിനും എഴുതാൻ കഴിയാതിരുന്നതിനും എഴുതാനുള്ളതിനും എഴുതാനിടയുള്ളതിനും എഴുതാൻ ഇടയില്ലാത്തതിനും മാപ്പു പറഞ്ഞുകൊണ്ടാണ്  പെരുമാൾ മുരുകനു സമർപ്പിച്ച "മാപ്പ് "എന്ന കവിത. വാക്കുകളിൽ ഇത്രയേറെ അർഥങ്ങൾ സമ്മാനിച്ചതിനുമുണ്ട് മാപ്പ്.

"കണ്ടുപിടിക്കൂ
ബലി ചോദിക്കാത്ത ദൈവത്തെ
ഭയം തളർത്താത്ത മനുഷ്യനെ
കണ്ടുപിടിക്കൂ ഭാഷ, അക്ഷരമാല "

"എന്റെ പുസ്തകങ്ങൾ

എനിക്കറിയാത്ത ഭാഷയിൽ വിചിത്രമായ
ശീർഷകങ്ങളും പേറി അപരിചിതമായ
ലിപി വടിവുകളിൽ
എന്നെ ക്ഷണിക്കുന്നു
വരൂ ഇത് നീയാണ് 

                                  (സ്ഥലങ്ങൾ, കാലങ്ങൾ)

"ഓരോ കുറി
വിക്കുമ്പോഴും നാം
അർത്ഥങ്ങളുടെ ദൈവത്തിന്
ഒരു ബലി നൽകുകയാണ്.
ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ
അവരുടെ മാതൃഭാഷ വിക്കാകുന്നു.
ഇപ്പോൾ നമ്മുടെതെന്ന പോലെ"

‘വിക്ക് ‘എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നതോടുകൂടി നിശബ്ദതയുടെയും  നിശബ്ദമായിരിക്കലിന്റെയും പറയാതിരിക്കലിന്റെയും കൂടി രാഷ്ട്രീയത്തെ കവി കണ്ടെത്തുന്നു. വാക്ക് ഒരേസമയം ബലിയാവുകയും. ഭാഷ ദൈവമാകുകയും ചെയ്യുന്നു. വാക്കിനെയും അർത്ഥത്തെയും  വ്യാഖ്യാനങ്ങൾക്ക് അതീതമായ ഒരു തലത്തിലേക്ക് പടർത്തുന്ന എഴുത്തിന്റെ വൈദഗ്ധ്യം ഈ കവിതകളിലെല്ലാമുണ്ട്. ഒരു കൂട്ടം ആളുകൾ ഒന്നിച്ചു വിക്കുകയാണ്. ഭാഷയിൽ നടക്കുന്ന അസമത്വങ്ങൾക്കെതിരെ  ആ ഭാഷയിൽ തന്നെ പ്രതിരോധിക്കുകയാണ്. തീരെ ചെറിയ ജീവനെ തിരിച്ചറിയുന്ന കവിതയാണ് മുൾച്ചെടി. കവിയും ഭാഷയും  പരസ്പരം കണ്ടുമുട്ടുന്നുണ്ട് ഈ കവിതയിൽ. ബദൽ ഭാഷക്കുള്ള സ്വപ്നമാണ് ഈ കവിത.

"മരിക്കുന്ന കവികളിൽ
ചിലത് പ്രതിമയായി മാറുന്നു.
ചിലർ പുസ്തകമായി
അവരുടെ വീടുകൾ സ്മാരകങ്ങളാകുന്നു.

                                                   (മരിക്കുന്ന കവികൾ )

"മനുഷ്യരും പിറന്ന് വീഴുമ്പോൾ നിലവിളിക്കുന്നത്
എല്ലാ ദേശത്തും ഒരേ ഭാഷയിലാണ്
പിന്നെപ്പിന്നെ പച്ചക്കുതിര പഴുതാരയെ
മനസ്സിലാക്കുന്നത്ര പോലും
അവർക്ക് മനസ്സിലാക്കാൻ പ്രയാസമാകുന്നു എന്ന് 'ഭൂമിയുടെ ചടങ്ങുകളിൽ' കവി എഴുതി.

മനുഷ്യനും ശബ്ദവും ഭാഷയും വാക്കും അർത്ഥവും പരസ്പരം സംവദിക്കുമ്പോഴുണ്ടാകുന്ന സ്വത്വാവബോധത്തിലാണ് എഴുത്ത് സാധ്യമാവുക എന്ന് അദ്ദേഹം തിരിച്ചറിയുന്നു. അടഞ്ഞ തൊണ്ടയിൽ നിന്നും, ഭൂമിയിൽ നിന്നും മാഞ്ഞുപോയ നിറങ്ങളുടെയും ഭാഷകളുടെയും  പാട്ട് കേട്ടാണ് 'ഒരിക്കൽ' എന്ന കവിത അവസാനിക്കുന്നത്. ഭാഷയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമെന്നത് നമ്മുടെ വംശചരിത്രത്തിന്റെയും സംവേദനത്തിന്റെയും ജീവിതത്തിന്റെയും തുടർച്ചകളാണെന്ന തിരിച്ചറിവിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക  അതിരുകളിൽ ശക്തമായി ഇടപെടുകയും സ്വന്തം കവിതയെ നിർണയിക്കാൻ ഏറ്റവും പുതിയ ഭാവുകത്വങ്ങളെ ആർജ്ജിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കവി എന്ന നിലയിൽ സച്ചിദാനന്ദന്റെ കവിതകളുടെ പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. കാലങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കുകയും ഓരോ വായനയിലും പുനർവായനകളുടെ സാധ്യതകൾ തുറന്നുതരികയും ചെയ്യുന്ന സച്ചിദാനന്ദന്റെ കവിതകളിൽ ഓരോന്നിലും മനുഷ്യ ചരിത്രത്തിന്റെ ആഴത്തിലുള്ള നിലവിളികളും സമരവീര്യവും മുറിവുകളും ഉണ്ട്. അവ തീർക്കുന്ന ചരിത്രത്തിൽ നമ്മുടെ നിലനിൽപ്പിന്റെ അടയാളങ്ങളുണ്ട്. ഈ അടയാളങ്ങളെ കണ്ടെടുക്കുകയും സ്വന്തം കര്‍മ്മമണ്ഡലത്തോടും ജീവിതത്തോടും ചേര്‍ത്ത് വക്കുകയുമല്ലാതെ നമുക്ക് മറ്റ് രക്ഷാമർഗ്ഗങ്ങളില്ല എന്നു തിരിച്ചറിയുന്നിടത്ത് സച്ചിദാനന്ദനെന്ന കവിയുടെ കവിതകൾ സാർവ്വകാലികമാകുന്നു.



 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

#Pen point
Leave a comment