
അന്തര്‍മുഖരുടെ സഞ്ചാരലോകങ്ങള്‍
ആദം, നിര്യാതനായി, അപ്പന്‍, ചൂണ്ടക്കാരന്‍ തുടങ്ങി എത്രയോ കഥകളിലൂടെ മലയാളത്തിലെ വ്യത്യസ്തവും വൈവിദ്ധ്യപൂര്‍ണ്ണവുമായ ആഖ്യാനങ്ങളുടെ എഴുത്താളാണ് താനെന്ന് എസ്.ഹരീഷ് തെളിയിച്ചിട്ടുണ്ട്. ഹരീഷ് എഴുതിയ മികച്ച കഥകളില്‍ പ്രകടിപ്പിച്ച ആഖ്യാനപാടവം 'മീശ', 'ആഗസ്റ്റ് 17' എന്നീ നോവലുകളില്‍ ഇല്ലല്ലോ എന്ന ഖേദവിചാരവും പലരിലും ഉണ്ടായിരുന്നിരിക്കണം. 'മീശ' യുടെ ചരിത്രപരവും സാമൂഹികവുമായ മാനങ്ങളെ സവിശേഷം എടുത്തു പറയേണ്ടി വരുമ്പോഴും തുടക്കത്തിലുള്ള മൂന്നോ നാലോ അദ്ധ്യായങ്ങളിലെ അതിഗംഭീരമായ രചനാശൈലി പിന്നീടുള്ള ഭാഗങ്ങളില്‍ മാഞ്ഞുപോകുന്നതും നോവല്‍ ഫോക്കസ് നഷ്ടപ്പെട്ട് ശിഥിലമാകുന്നതും പലര്‍ക്കും വിഷമജനകമായ അനുഭവമായിരുന്നു. 'ആഗസ്റ്റ് 17' എന്ന നോവലിലാകട്ടെ, ചരിത്രത്തോടുള്ള സമീപനത്തില്‍ ഹരീഷ് ഉപയോഗിക്കുന്ന ഉത്തരാധുനികമായ ഉപകരണങ്ങള്‍ ഇരുതലമൂര്‍ച്ചയുള്ള വാളുപോലെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഹരീഷിന്റെ മൂന്നാമത്തെ നോവല്‍ 'പട്ടുനൂല്‍പ്പുഴു' - മലയാളനോവലില്‍ നൂതനമായ രചനാരീതികള്‍ സ്ഥാപിച്ചെടുക്കാനായി സാഹിതീയമൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം എഴുത്താളുകള്‍ കുറേ നാളുകളായി നടത്തിക്കൊണ്ടിരുന്ന പരിശ്രമങ്ങളുടെ പരമാവധി സാഫല്യമായിരിക്കുന്നുവെന്ന് ആദ്യമേ പറയണം. 'പട്ടുനൂല്‍പ്പുഴു'വിലൂടെ കഥാഖ്യാനങ്ങളിലെ കൃതഹസ്തനെ മലയാളത്തിലെ നോവല്‍കലയ്ക്കും സ്വന്തമാകുകയാണ്. മനുഷ്യന്റെ സര്‍ഗാത്മകതയ്ക്ക് കഴിയാത്തതായി ഒന്നുമില്ലെന്ന് ആത്മവിശ്വാസിയാകാന്‍ ആരേയും പ്രേരിപ്പിക്കുന്ന ചില നിമിഷങ്ങളെ ഹരീഷിന്റെ കൃതി സമ്മാനിക്കുന്നു.
ഒരു പ്രഭാതത്തില്‍, ഗ്രിഗര്‍ സാംസ അസ്വസ്ഥകരമായ സ്വപ്നങ്ങളില്‍ നിന്ന് ഉണര്‍ന്നപ്പോള്‍, തന്റെ കിടക്കയില്‍ ഒരു ഭയങ്കര കീടമായി രൂപാന്തരപ്പെട്ടിരിക്കുന്നതായി കണ്ടു എന്ന വാക്യങ്ങളോടെ കാഫ്കയുടെ നോവല്‍ ആരംഭിക്കുന്നതു പോലെ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ പതിവില്ലാത്ത മട്ടില്‍ പുലര്‍ച്ചെയുള്ള സ്വപ്നം താന്‍ മാത്രമല്ല, മറ്റൊരാള്‍ കൂടി കണ്ടു കൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു എന്ന വാക്യങ്ങളോടെയാണ് ഹരീഷിന്റെ നോവല്‍ തുടങ്ങുന്നത്. കാഫ്കയുടെ നോവലിന്റെ ആത്മാവിനെ തന്റെ രചനയിലേക്ക് ആവാഹിച്ചു കൊണ്ടാണ് ഹരീഷ് എഴുതിത്തുടങ്ങുന്നതെന്ന് വിചാരപ്പെടാന്‍ പ്രേരിതരാകുമ്പോള്‍ തന്നെ നന്നായി പ്രകടമാകുന്ന ചില വ്യത്യാസങ്ങളെയും നാം കാണുന്നു. കാഫ്കയുടെ കഥാപാത്രത്തിന്റെ നാമം ഗ്രെഗര്‍ എന്നാണെങ്കില്‍ ഹരീഷിന്റെ കഥാനായകന്റെ നാമം സാംസ എന്നാണ്. കാഫ്കയുടെ നായകന്റെ അമ്മയുടെ പേര് ഹരീഷ് തന്റെ കേന്ദ്രകഥാപാത്രത്തിനു നല്‍കുന്നു. മലയാളികളായ വായനക്കാര്‍ കാഫ്കയുടെ നായകനെ സാംസ എന്ന പേരിലാണ് തിരിച്ചറിഞ്ഞിരുന്നതെന്ന കാര്യം ആ പേര് തന്റെ നായകനു നല്‍കാന്‍ നമ്മുടെ നോവലിസ്റ്റിനെ പ്രേരിപ്പിച്ചുവെന്നു കരുതണം. കാഫ്ക തന്റെ നോവലിലുടനീളം മിക്കവാറും ഗ്രെഗര്‍ എന്ന പേര് ഉപയോഗിക്കുമ്പോള്‍ ആ നോവലിനെ കുറിച്ചുള്ള മലയാളിയുടെ വ്യവഹാരങ്ങളില്‍ പലപ്പോഴും സാംസ എന്ന് എഴുതപ്പെട്ടു. ഷഡ്പദമായി രൂപപരിണാമം വരുന്നവന്റെ നാമം സാംസ എന്നാകുന്നതിനെയാണ് മലയാളി ഇഷ്ടപ്പെട്ടത്. മലയാളിയുടെ ഈ ഇഷ്ടങ്ങളെ തന്നെയാണ് ഹരീഷ് സ്വീകരിക്കുന്നത്. ഇങ്ങനെ, കാഫ്കയുടെ നോവലിന്റെ ആത്മാവിനെ ഹരീഷ് തന്റെ രചനയിലേക്ക് ആവാഹിക്കുന്നുണ്ടെങ്കില്‍ അത് മലയാളിക്ക് സവിശേഷമായി സാദ്ധ്യമാകുന്ന രീതിയിലാണെന്ന് നോവലിന്റെ ആദ്യവാക്യം തന്നെ സൂചിപ്പിക്കുന്നുണ്ട്. കാഫ്കയില്‍ ഷഡ്പദമായി ഗ്രെഗര്‍ സാംസ രൂപാന്തരപ്പെടുന്നതിലെയും ഹരീഷില്‍ പട്ടുനൂല്‍പ്പുഴു എന്ന ശീര്‍ഷകം ഉയിരെടുക്കുന്നതിലെയും സമാനതകളും കാണണം. പട്ടുനൂല്‍പ്പുഴു എന്ന നോവല്‍ ശീര്‍ഷകത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്, സ്വന്തം ശരീരം ഉല്‍പ്പാദിപ്പിച്ച നൂലു കൊണ്ടു ചുറ്റി ഉള്ളിലേക്ക് ചുരുണ്ടിരിക്കുന്ന അതിന്റെ രൂപം അന്തര്‍മുഖത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും രൂപകമാണ്. ഹരീഷ് ഈ നോവലില്‍ എഴുതുന്നത് ഏകാന്തതയുടെയും അന്തര്‍മുഖതയുടെയും കഥയാണ്. ഗ്രെഗര്‍ സാംസയുടെ രൂപപരിണാമം കാഫ്കയുടെ നോവലിനെ പൂര്‍ണ്ണമായും നിര്‍ണ്ണയിക്കുകയും നയിക്കുകയും ചെയ്യുന്നതു പോലെയല്ലെങ്കിലും സാംസയുടെ സ്വപ്നം അതേപടി കാണുന്ന മറ്റൊരാള്‍ ഹരീഷിന്റെ നോവലില്‍ ഉടനീളം സാന്നിദ്ധ്യമാകുന്നു. മറ്റൊരാള്‍ തന്നോടൊപ്പം സ്വപ്നം കാണുന്നതായി തോന്നിയ ദിവസം ഈ നോവലിലെ സാംസ എക്കാലവും ഓര്‍ത്തിരിക്കുന്ന ദിവസമാണ്.REPRESENTATIVE IMAGE | WIKI COMMONS
കാഫ്കയുടെ നോവല്‍ ഗ്രെഗറിന്റെ ഒറ്റപ്പെടലിനെയും അതു സൃഷ്ടിക്കുന്ന ഏകാകിതയെയുമാണ് ആവിഷ്‌ക്കരിക്കുന്നതെങ്കില്‍ 'പട്ടുനൂല്‍പ്പുഴു' എല്ലാ മനുഷ്യരും ആത്യന്തികാര്‍ത്ഥത്തില്‍ ഏകാകികളാണെന്ന പ്രതീതി സൃഷ്ടിക്കുന്നു. ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഏകാകികളാണെന്നു പറയണം. സാംസയുടെ ഏകാന്തതയെക്കാളും ഭീകരമായതിനെയാണ് വിജയനില്‍ നാം കാണുന്നത്. അയാള്‍ വായനക്കാരുടെ മനസ്സിനെ വല്ലാതെ അലട്ടുന്ന കഥാപാത്രമാണ്. നോവലിസ്റ്റു പോലും അയാള്‍ക്കു കൂട്ടില്ലെന്നു നമുക്കു തോന്നുന്നു. വിജയന്റെ മനസ്സിലേക്കു കടക്കാന്‍ നോവലിസ്റ്റിനു പോലും കഴിയാത്തിടത്തോളം അയാള്‍ ഏകാകിതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു. അയാളുടെ സംരംഭങ്ങളെല്ലാം പരാജയപ്പെടുന്നതിന്റെ യഥാര്‍ത്ഥകാരണങ്ങള്‍ എന്താണെന്നതിന്റെ സൂചനകള്‍ പോലും എഴുത്താള്‍ നല്‍കുന്നില്ല. തന്റെ വിജയനെന്ന നാമത്തെ നിരന്തരം നിഷേധിക്കുന്ന രീതിയില്‍ അയാള്‍ പരാജിതനാണ്. പതിമൂന്നു വയസ്സുകാരനായ തന്റെ മകനോടൊപ്പം വെളിച്ചമില്ലാത്ത രാത്രിയില്‍ പോലും നടക്കാന്‍ മടിക്കുന്നു, അയാള്‍. ഈ കഥാപാത്രത്തിന്റെ ശരീരഭാഷയെയും പെരുമാറ്റങ്ങളെയും കുറിച്ച് ഹരീഷ് നല്‍കുന്ന വിവരണങ്ങള്‍ ലോകത്തെ അഭിമുഖീകരിക്കാന്‍ ഏറെ പേടിക്കുന്നവനെയാണ് കാണിച്ചുതരുന്നത്. ചാരായഷാപ്പിന്റെ ഒഴിഞ്ഞ മൂലയിലെ മറവില്‍ ഒളിച്ചിരിക്കുന്ന അയാളെ കാണുമ്പോള്‍ നമ്മളും പേടിക്കുന്നു. നിരുത്തരവാദിത്തത്തോടെ മാത്രം നിരന്തരം പെരുമാറുമ്പോള്‍ പോലും അപ്രിയങ്ങളൊന്നും പ്രകടിപ്പിക്കാത്ത ആനിയ്ക്കു കൂടി സഹതാപവും ദ്വേഷവും വെറുപ്പും കലര്‍ന്ന മനസ്സോടെ പിന്നീട് അയാളെ കാണേണ്ടി വരുകയും അയാളില്‍ നിന്നും അകലണമെന്നു തോന്നുകയും ചെയ്യുന്നു. വീണ്ടും വീണ്ടും പണം കടം വാങ്ങുകയും ഏറ്റെടുക്കുന്ന സംരംഭങ്ങളെല്ലാം പൊളിയുകയും ചെയ്യുന്നത് നാം അറിയുന്നുണ്ടെങ്കിലും ആരെങ്കിലുമായി തന്റെ പ്രശ്‌നങ്ങളെ കുറിച്ച് അയാള്‍ സംസാരിക്കുന്നതായി കാണുന്നതേയില്ല. വിനിമയങ്ങള്‍ക്കുള്ള അശക്തി അയാളുടെ ഒറ്റപ്പെടലിനെ വലിയ ദുരന്തമാക്കി മാറ്റുന്നു. എന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. എനിക്ക് അത് സ്വയം വിശദീകരിക്കാനും കഴിയില്ല എന്ന ഫ്രാന്‍സ് കാഫ്കയുടെ നോവലിലെ വാക്കുകള്‍ ഹരീഷിന്റെ നോവലില്‍ വിജയന്‍ പറയാതെ പറയുന്നുണ്ട്.
ഏകാകിതര്‍ ബഹുവിധമാണ്. തന്റെ നോവലില്‍ പല വിധത്തില്‍ ഏകാകിതരാകുന്നവരെ ആവിഷ്‌ക്കരിക്കാന്‍ പല ശൈലികളെ ഹരീഷ് കണ്ടെടുക്കുന്നു. ആനിയും ഏകാകിനിയായി മാറിത്തീര്‍ന്നവളാണ്. ആനിക്ക് നല്‍കാനായി അവളുടെ പാപ്പന്‍ നടാഷ എന്ന പേര് നിര്‍ദ്ദേശിച്ചിരുന്നുവെന്നു വായിക്കുമ്പോള്‍, സാംസയോടൊപ്പം നടക്കുകയും ഇലുവും കോഴികളും കാണുകയും മറ്റു മനുഷ്യരാരും കാണാതിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടി ആനി തന്നെയോ എന്ന സന്ദേഹത്തില്‍ വായനക്കാര്‍ പെട്ടു പോകുന്നുണ്ട്; ദാമുവിന്റെ മരിച്ചുപോയ പെങ്ങളാണെന്ന നിലയ്ക്കാണ് മിക്കപ്പോഴും അവള്‍ ചിത്രീകരിക്കപ്പെടുന്നതെങ്കിലും. നടാഷയെ ആനിയുമായി ബന്ധിപ്പിക്കുന്ന ചില പ്രകരണങ്ങളെ നോവലിസ്റ്റ് സൃഷ്ടിക്കുന്നുമുണ്ട്. തന്റെ വായനയില്‍ നിന്നു കിട്ടിയ പേരാണ് തന്നോടൊപ്പം സ്വപ്നം കാണുന്നവള്‍ക്ക് സാംസ നല്‍കുന്നത്. ഏതു നടാഷയെയാണ് സാംസ വായിച്ചത്? ടോള്‍സ്റ്റോയിയുടെ നായിക നടാഷ റോസ്റ്റോവയെയോ? പാപ്പന്‍ ആനിക്കായി നിര്‍ദ്ദേശിക്കുന്നത് പ്രഭുകുമാരിയുടെ പേരാണ്. 'യുദ്ധവും സമാധാനവും' എന്ന ടോള്‍സ്റ്റോയി നോവലിന്റെ തുടക്കത്തില്‍ നടാഷ റോസ്‌റ്റോവ കൗമാരപ്രായത്തിലാണ്.അവള്‍ സന്തോഷവതിയാണ്. ആന്‍ഡ്രി രാജകുമാരനുമായി വിവാഹനിശ്ചയം നടത്തുകയും അനറ്റോള്‍ കുരാഗില്‍ അനുരാഗിണിയാകുമ്പോള്‍ ആ വിവാഹനിശ്ചയം അവസാനിപ്പിക്കുകയും അനറ്റോളുമായി ഒളിച്ചോടുകയും പിന്നീട് അതില്‍ ഖേദിക്കുകയും ചെയ്യുന്ന നടാഷയെ ടോള്‍സ്റ്റോയിയില്‍ നാം വായിക്കുന്നു. പിയറി ബെസുഖോവിനെ വിവാഹം കഴിക്കുന്ന നടാഷ മൂന്നു പെണ്‍മക്കളുടെയും ഒരു മകന്റെയും അമ്മയാകുന്നു. അവള്‍ അര്‍പ്പണബോധമുള്ള കുടുംബിനിയായി മാറിത്തീരുന്നു. ടോള്‍സ്‌റ്റോയിയുടെ ഉത്തമസ്ത്രീയുടെ സങ്കല്‍പ്പം നടാഷയിലുണ്ടെന്നു പറയുന്നുവരുണ്ട്. തുടക്കത്തില്‍ നിങ്ങള്‍ അവളെ എത്രത്തോളം ഇഷ്ടപ്പെടുന്നുവോ അത്രത്തോളം അവസാനം നിരാശരാകുമെന്നു പറയുന്ന സാധാരണ വായനക്കാരുമുണ്ട്. ജീവിതത്തിനായുള്ള അവളുടെ ഉള്ളിലെ തീ അണഞ്ഞുപോയെന്നും അവര്‍ പറയും. വിജയനുമായുള്ള വിവാഹത്തിനു ശേഷം വല്ലാതെ മാറിത്തീരേണ്ടി വരുന്ന ആനിയ്ക്ക് ടോള്‍സ്റ്റോയിയുടെ നടാഷയുടെ നേരിയ ഛായയെങ്കിലും ഉണ്ടെന്നു തീര്‍ച്ച.എസ് ഹരീഷ് | PHOTO: FACEBOOK
ഉത്തരാധുനികകല; നോവലും, കൊളാഷിന്റെയും പാസ്റ്റിഷിന്റെയും മറ്റും കല കൂടിയാണെന്ന യാഥാര്‍ത്ഥ്യത്തെ ഹരീഷ് സ്വീകരിക്കുന്നുണ്ടെന്നു പറയണം. പഴയകാല നോവലുകളിലെ കഥാപാത്രങ്ങളായ സാംസയുടെയും നടാഷയുടെയും സാദൃശ്യങ്ങളെ ഈ നോവലില്‍ ഉപയോഗിക്കുന്നത് ഇതാണ് കാണിക്കുന്നത്. സാഹിത്യരചനയില്‍ പഴയ കൃതികളുടെ അനുകരണങ്ങളുടെ കാലമാണിത്. പഴയവയുടെ അനുകരണം മാത്രമേ സാദ്ധ്യമാകുന്നുള്ളൂ എന്നു ചിലര്‍ തിരിച്ചറിയുന്ന കാലവുമാണിത്. ഉംബെര്‍ട്ടോ എക്കോ പറയുന്നതു പോലെ ഉത്തരാധുനികകാലത്തെ പുരുഷന് താന്‍ സ്‌നേഹിക്കുന്ന സ്ത്രീയോട് ഞാന്‍ നിന്നെ ഭ്രാന്തമായി പ്രണയിക്കുന്നുവെന്നു പറയാന്‍ കഴിയില്ലെന്നായിരിക്കുന്നു. ഉത്തരാധുനികസാഹിത്യത്തിലെ കാമുകന് കാമുകിയോട് പറയാന്‍ കഴിയുന്നത് As Barbara Cartland puts it, I love you madly എന്നാണ്.
ആനിയില്‍ ടോള്‍സ്റ്റോയിയുടെ നടാഷയുടെ നേരിയ ഛായകള്‍ ഉണ്ടെങ്കിലും അവള്‍ പൂര്‍ണ്ണമായും നടാഷയല്ല. അങ്ങനെയാകാന്‍ ഒരു വഴിയുമില്ലെന്ന് ആര്‍ക്കും പെട്ടെന്നു നിഗമിക്കുകയും ചെയ്യാം. ആനി പ്രഭുകുമാരിയല്ലല്ലോ? എന്നാല്‍, വിജയനുമായുള്ള വിവാഹം ആനിയെ പൂര്‍വ്വകാലത്തില്‍ നിന്നു വിച്ഛേദിക്കുകയും മറ്റൊരാളായി മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സ്ത്രീകളേയും അടിമുടി മാറ്റിത്തീര്‍ക്കുകയും സ്വത്വനഷ്ടത്തിലേക്കു നയിക്കുകയും ചെയ്യുന്ന പ്രക്രിയയാണോ വിവാഹമെന്ന സാമൂഹികക്കരാറിലൂടെ സംഭവിക്കുന്നത്? വിജയനില്‍ അര്‍പ്പിച്ച വിശ്വാസം പതുക്കെ നഷ്ടമാകുന്ന അനുഭവങ്ങളാണ് ആനിക്കുണ്ടാകുന്നത്. പ്രണയകാലത്തെ സന്തോഷം ദാമ്പത്യജീവിതത്തിലുണ്ടാകണമെങ്കില്‍ പരസ്പരം മനസ്സു തുറക്കാനും സംവദിക്കാനും കഴിയണം. അന്തര്‍മുഖനായ വിജയന് അതിനു കഴിവില്ലായിരുന്നു. കീഴ്‌പ്പെട്ടു നില്‍ക്കുന്ന ആനിയുടെ പ്രകൃതത്തിന് അയാളെ തിരുത്താനും കഴിയുന്നില്ല. അയാളുടെ പെരുമാറ്റങ്ങളെയും പരാജയങ്ങളെയും അമ്പരപ്പോടെ കാണാന്‍ മാത്രമേ അവള്‍ക്കു കഴിഞ്ഞുള്ളൂ. അവള്‍ വിഷാദത്തിലേക്കു നീങ്ങുന്നു. എല്ലാം ഉള്ളിലടക്കുന്ന ആനിയ്ക്കു വിജയനോട് ദേഷ്യം തോന്നുന്ന ആദ്യസന്ദര്‍ഭത്തെ കുറിച്ച് ഹരീഷ് എഴുതുന്നു. പതുക്കെ വന്‍.രതിക്കിടയിലും അയാളുടെ ഉള്ളം അനിശ്ചിതം മറ്റിടങ്ങളില്‍ അലയുന്നത് ആനി അറിയുന്നു. ആരെങ്കിലും എപ്പോഴും കൂടെയുണ്ടെങ്കില്‍ മാത്രം വിജയിക്കുന്നയാളാണ് വിജയനെന്ന് ആനിക്കു തോന്നുന്നുണ്ട്. പക്ഷേ, എപ്പോഴും ഒറ്റപ്പെടുന്നവന്‍. മറ്റുള്ള എല്ലാ മനുഷ്യരില്‍ നിന്നും വ്യത്യസ്തനായി വര്‍ഷങ്ങള്‍ക്കു മുന്നേ താന്‍ ഉള്ളില്‍ പാര്‍പ്പിച്ചയാള്‍ ഒരു നിമിഷം കൊണ്ട് അവളുടെ ഉള്ളിലേക്ക് ഒരിക്കലും തിരിച്ചു വരാനാവാത്ത രീതിയില്‍ അവസാനിക്കുന്നത് ആനി അറിയുന്നു. ഈ നിമിഷങ്ങളിലൊന്നും കരയാത്ത ആനി ഇലുവിന്റെ മരണത്തില്‍ കരയുന്നു. ഒരിക്കലും തന്റെ നായ്ക്കുട്ടിയോടു ഇടപഴകാത്ത അമ്മ ഇപ്പോള്‍ കരയുന്നതെന്തിനാണെന്ന് സാംസയ്ക്ക് മനസ്സിലാകുന്നില്ല. ആനിയെന്ന നടാഷയോട് രോഗം മാറി എഴുന്നേറ്റു വരാന്‍ അവളുടെ പാപ്പന്‍ പറയുന്നത് നോവലിന്റെ അന്ത്യത്തില്‍ നാം വായിക്കുന്നുണ്ട്. വിജയന്‍ ഒഴിഞ്ഞുപോയ ജീവിതത്തില്‍ ആനിയുടെ വിഷാദം മാറുമോ?REPRESENTATIVE IMAGE | WIKI COMMONS
നിന്റെ കുട്ടിയുടെ പേരാകുമ്പോള്‍ കുറച്ചു വ്യത്യാസമുള്ളതു വേണമെന്ന് മാര്‍ക്ക് സാര്‍ വിജയനോടു പറയുന്നു. മാര്‍ക്ക് സാറാണ് ഗ്രെഗര്‍ സാംസ എന്ന പേരിന്റെ ആദ്യഭാഗം ഉപേക്ഷിച്ച് സാംസയെന്ന നാമം വിജയന്റെ മകനു നല്‍കിയത്. ഗ്രെഗര്‍ സാംസയിലും വിജയനിലുമുള്ളത് സാംസയിലുമുണ്ട്. ഏകാന്തത. സാംസ ഏകാന്തതയെ ഇഷ്ടപ്പെടുന്നു. പക്ഷേ, വിജയനിലുള്ളതു പോലെയല്ല സാംസയില്‍ അതു പരിണമിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഏകാന്തതയെ സൃഷ്ടിപരമാക്കുന്ന പ്രവര്‍ത്തനം സാംസയില്‍ സംഭവിക്കുന്നതായി നമുക്കു തോന്നുന്നു. സാംസയുടെ സാന്നിദ്ധ്യത്തെ കുറിച്ച്, സാംസ ളള്ളയിടത്തും അവനില്ല എന്ന അര്‍ത്ഥത്തില്‍ ആനി നിരൂപിക്കുന്നുണ്ട്. തന്റെ കുട്ടി ഇത്രമേല്‍ ഏകാകിയായിരിക്കാന്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് അവള്‍ ഖേദിക്കുന്നു. സാംസ ഗര്‍ഭസ്ഥശിശുവായിരുന്നപ്പോഴും പ്രസവത്തിനു ശേഷമുള്ള കാലത്തും തന്നെ ബാധിച്ചിരുന്ന വിഷാദം സാംസയിലേക്കു പകര്‍ന്നതാണോയെന്ന്, ശിശുവായിരിക്കുമ്പോള്‍ കുറുക്കി നല്‍കിയ ഈന്തിന്റെ കായ അവന്റെ ഉന്മേഷത്തെ കെടുത്തിയോയെന്ന് അവള്‍ സന്ദേഹിക്കുന്നു. മനുഷ്യരിലെ ഭ്രാന്ത് വലിച്ചെടുത്താണ് ഈന്ത് വളരുന്നതെന്ന്, ഭ്രാന്തിന്റെ കട്ടുമായാണ് അതു കായ്ക്കുന്നതെന്ന് നോവലില്‍ മറ്റൊരിടത്ത് വായിക്കാം. തന്റെ ഏകാന്തതയിലൂടെ സാംസ എന്താണ് സ്വരൂപിക്കുന്നത്? അവന്‍ മൃതരായവരോടു പോലും സൗഹൃദം നേടുന്നു. അവരുടെ മനസ്സിനോടു ഐക്യപ്പെടുന്നു. അവരോടു സംസാരിക്കുന്നു. അവരുടെ പൂര്‍വ്വജീവിതം അറിയാന്‍ ഉത്സുകനാകുന്നു. സമൂഹത്തിലെ വലിപ്പച്ചെറുപ്പങ്ങളോ ശ്രേണീവിന്യാസങ്ങളോ സാംസയില്‍ മുളയ്ക്കുന്നില്ലെന്നു നമുക്കു തോന്നുന്നു. പതിമൂന്നു വയസ്സില്‍ മരിച്ചു പോയ പെണ്‍കുട്ടിക്കു പേരു നല്‍കാന്‍ കഴിയുന്നിടത്തോളം, അവള്‍ക്ക് താന്‍ ലൈബ്രേറിയനായ വായനശാലയില്‍ അംഗത്വം നല്‍കുന്നിടത്തോളം അവളുടെ പേരില്‍ എടുത്ത പുസ്തകം അവള്‍ക്കായി വായിക്കുന്നിടത്തോളം സാംസയില്‍ അനുകമ്പയും സ്‌നേഹവും പ്രവര്‍ത്തിക്കുന്നു. ഏകാന്തതയോടുള്ള പ്രണയം ലോകത്തെ കുറിച്ചു തിരിച്ചറിവു നേടുന്നതില്‍ നിന്നും അവനെ തടയുന്നില്ല. ഏകാന്തത എല്ലാറ്റിനുമുള്ള ഔഷധമായി സാംസയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീതി നോവലിസ്റ്റ് സൃഷ്ടിക്കുന്നു. അത്രമേല്‍ നിരീക്ഷണശേഷിയാണ് ഹരീഷ് തന്റെ കഥാപാത്രത്തിനു നല്‍കുന്നത്. സാംസയുടെ ഒരു നിമിഷം പലതായി പൊലിക്കുന്നത് നാം അറിയുന്നു. നടാഷയെ കുറിച്ചു ദാമു പറഞ്ഞ കാര്യങ്ങള്‍ അവന്‍ മറക്കുന്നതേയില്ല. അത് അവന്റെ മനസ്സില്‍ പുതിയ ചോദ്യങ്ങളായി പെരുകുന്നു. ആ ചോദ്യങ്ങള്‍ തന്നോടു തന്നെയും സ്റ്റീഫനോടും മാര്‍ക്ക് സാറിനോടും ദാമുവിനോടും അവന്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. തന്റെ പ്രായത്തില്‍ മരിച്ചുപോയ രോഗിണിയായ പെണ്‍കുട്ടിയോടുള്ള സ്‌നേഹം സാംസയില്‍ നാള്‍ക്കു നാള്‍ ഏറുന്നു. മരിച്ചു പോയ നടാഷയോടും ഇലു എന്ന നായക്കുട്ടിയോടും ഇടയ്ക്കിടയ്ക്ക് ഉന്മാദം ബാധിക്കുന്ന സ്റ്റീഫനോടും വീല്‍ ചെയറില്‍ ജീവിക്കുന്ന ശ്യാമയോടും അവന്‍ സമാനമനസ്സോടെ പെരുമാറുന്നു. പല ദിവസങ്ങളില്‍ രാത്രിയില്‍ അച്ഛനെ അന്വേഷിച്ചിറങ്ങുന്ന പതിമൂന്നു വയസ്സുകാരനായ ഈ മകന്‍ നോവലിന്റെ ഏറെ കാവ്യാത്മകമായ ഭാഷയ്ക്കിടയിലെ ഒരു കാവ്യരൂപകം പോലെ നമുക്ക് അനുഭവപ്പെട്ടേക്കാം. ഒരു പക്ഷേ, സമകാലകവികളില്‍ പലര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്തിടത്തോളം കാവ്യാത്മകം. ഈ അന്വേഷണത്തിനിടയില്‍ എപ്പോഴെങ്കിലും സാംസ ഈര്‍ഷ്യയോ നീരസമോ പ്രകടിപ്പിക്കുന്നതായി നോവലിസ്റ്റ് എഴുതുന്നില്ല. പല രാത്രികളുടെ പല ഇരുട്ടുകളില്‍ പിതാവിനെ തിരയുന്ന സാംസ അതിന്റെ രൂപകാര്‍ത്ഥത്തില്‍ പുരുഷനെ, പിതൃസ്വരൂപത്തെ അതിന്റെ പ്രത്യയശാസ്ത്ര കെട്ടുപാടുകളില്‍ നിന്നും വിടര്‍ത്തിയെടുക്കാനാണോ ശ്രമിക്കുന്നത്.
പുസ്തകങ്ങളിലൂടെ ലോകമെങ്ങും സഞ്ചരിക്കുന്ന ഈ അന്തര്‍മുഖന്‍ ഈ ഇരുള്‍സഞ്ചാരങ്ങളിലൂടെയും വെളിച്ചം തേടുന്നു. സാംസയെ സൃഷ്ടിക്കുന്ന ഹരീഷ് ഏകാന്തവും നിശബ്ദവും സൃഷ്ട്യുന്മുഖവും ഒച്ചയുണ്ടാക്കാത്തതെങ്കിലും ഉള്ളില്‍ സജീവവുമായ ഒരു യുവതയുടെ വരവിനെ പ്രതീക്ഷിക്കുന്നുണ്ടോ? നോവലിലെ സാംസയ്ക്കു പതിമൂന്നു വയസ്സാണ്. ദാമുവിന്റെ പെങ്ങള്‍; സാംസയുടെ നടാഷ, പതിമൂന്നാം വയസ്സിലാണ് മരിക്കുന്നത്. ആനി; അവളുടെ പാപ്പന്‍ നടാഷയെന്നു പേരിടാന്‍ ആഗ്രഹിച്ചവള്‍, പതിമൂന്നാം വയസ്സിലാണ് രോഗാതുരയായി മരണത്തോട് അടുക്കുന്നത്. സാംസ വായിക്കുന്ന ബംഗാളി നോവലിലെ ദുര്‍ഗ്ഗ പതിമൂന്നാം വയസ്സിലാണ് മരിച്ചു പോകുന്നതെന്ന് അവനു തോന്നുന്നുണ്ട്. സാംസയുടെ പതിമൂന്നാം വയസ്സിലാണ് പിതാവായ വിജയന്‍ അവന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോകുന്നത്. മതാന്മകസങ്കല്‍പ്പനങ്ങളിലെന്ന പോലെ പതിമൂന്ന് എന്ന സംഖ്യക്ക് നോവലിസ്റ്റ് അജ്ഞേയമോ ദുരൂഹമോ ആയ മാനങ്ങള്‍ നല്‍കുന്നു.ഫ്രാൻസ് കാഫ്ക | PHOTO: WIKI COMMONS
ഭാഷയ്ക്കും വാക്ചാതുര്യത്തിനും വ്യക്തിയുടെ ആന്തരികലോകത്തോടും ഏകാകിതയോടും ബന്ധമുണ്ടെന്ന് സൂസന്‍ സൊണ്ടാഗ് പറയുന്നുണ്ടല്ലോ? ചിന്തകളെ വ്യക്തമായും ആകര്‍ഷകമായും പ്രകടിപ്പിക്കാനുള്ള കഴിവ് ഒറ്റപ്പെടലിന്റെ ഉല്‍പ്പന്നമാണെന്ന് സോണ്ടാഗ് കരുതിയിരുന്നു. ഒറ്റപ്പെടലിന്റെ നിമിഷങ്ങളിലാണ് വ്യക്തികള്‍ക്ക് അവരുടെ ചിന്തകളെ ആഴത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയുന്നത്. വ്യക്തിത്വത്തിന്റെ വേദന ഏകാന്തതയുടെ അസ്തിത്വപരമായ മൂല്യത്തോടൊപ്പം സര്‍ഗാത്മകതയെ കൂടി സൂചിപ്പിക്കുന്നു. പ്രതീക്ഷകളോ മാനദണ്ഡങ്ങളോ രൂപപ്പെടുത്താതെ, ആന്തരികസംഭാഷണത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന സ്വാത്മപ്രകടനം സഫലമാകുന്നത് ഏകാന്തതയിലാണ്. ഈ നോവലിലെ സാംസയില്‍ സാര്‍ത്ഥകമായി സര്‍ഗാത്മകത പ്രവര്‍ത്തിക്കുന്നുവെന്ന് നാം സന്ദേഹിക്കുന്നുവെങ്കില്‍, സൂസന്‍ സൊണ്ടാഗിനെ ചൂണ്ടി അതിനു കാരണം ഏകാന്തതയാണെന്നു പറയാന്‍ നമുക്കു കഴിയും. നോവലിലെ കഥാപാത്രങ്ങളുടെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും ആവിഷ്‌ക്കരിക്കുന്ന ഹരീഷ് അവരുടെ അവസ്ഥയെ സ്വയം അനുഭവിച്ചു തീര്‍ത്തിരിക്കണം. മലയാളത്തിന് അപരിചിതമായ ലളിതവും സാന്ദ്രവുമായ ഈ നോവലിന്റെ ഭാഷ ഇതാണ് കാണിച്ചു തരുന്നത്.
സ്റ്റീഫന്‍, സാവുള്‍, പൊന്നന്‍ മാനേജര്‍, വിജയന്‍, സാംസ, മാര്‍ക്ക് സാര്‍, ആനി - ഈ നോവലിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഏറിയും കുറഞ്ഞും ഭ്രാന്തുണ്ടെന്നു നമുക്കു തോന്നുന്നു. ലോകത്തിന്റെ സാമാന്യനിയമം ഭ്രാന്താണെന്ന് നോവല്‍ പറയുന്നുവെന്നും. ഭ്രാന്തിനെ സാമാന്യവല്‍ക്കരിക്കുന്ന ഈ സമീപനം ഭ്രാന്തന്മാരെ അരികുകളിലേക്കു തള്ളുകയും നിരാകരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിതരീതിയെ പ്രതിരോധിക്കാനായുള്ള ഒരു മാര്‍ഗ്ഗമായി എഴുത്തുകാരന്‍ ഉപയോഗിക്കുന്നു. നോവല്‍ പ്രസരിപ്പിക്കുന്ന മാനവികതയുടെ വീക്ഷണം ഭ്രാന്തിനോടും ഭ്രാന്തന്മാരോടുമുള്ള സമീപനത്തില്‍ ഏറ്റവും സഫലമായി പൂര്‍ത്തീകരിക്കുന്നു. ചില വ്യക്തികളുടെ ഭ്രാന്തിന്റെ ചേഷ്ടകളെയാണെങ്കിലും വിജയന്റെ വാക്കുകളിലെ ശൂന്യസ്ഥലങ്ങള്‍ ആനി കണ്ടെത്തുന്നു. കണ്ണുകളിലേക്കു നോക്കുമ്പോള്‍ അയാളുടെ ഇമകള്‍ താഴ്ന്നുപോകുന്നു. ആത്മവിശ്വാസമില്ലാത്ത സവിശേഷമായി വിവരിക്കുമ്പോഴും ഭ്രാന്തിന്റെ സാമൂഹികമാനങ്ങളിലേക്കു നോക്കുന്ന ദൃഷ്ടി എപ്പോഴും സൂക്ഷിക്കപ്പെടുന്നു. സാഹിത്യത്തില്‍, സവിശേഷമായ വ്യക്ത്യനുഭവങ്ങളിലൂടെയേ ഏതൊരു സാമൂഹികപ്രശ്‌നവും ഹൃദയാവര്‍ജ്ജകമായി ആവിഷ്‌കൃതമാകുന്നുള്ളൂ. ഭ്രാന്തു ബാധിച്ച സ്റ്റീഫനെ മര്‍ദ്ദിക്കുന്നതിന്റെയും ഈന്തിന്റെ ചുവട്ടില്‍ ചങ്ങലയ്ക്കിടുന്നതിന്റെയും ആദ്യാനുഭവം സാംസയുടെ കാഴ്ചയില്‍ നോവലില്‍ വിവരിക്കുന്നുണ്ട്. കൈമടുപ്പോ മനസ്സുമടുപ്പോ ഇല്ലാതെ സ്റ്റീഫന്റെ സഹോദരന്‍ അവനെ മര്‍ദ്ദിക്കുന്നു. സ്വയം പീഡിപ്പിക്കുന്നതു പോലെ അയാള്‍ അവനെ തല്ലുന്നു. തങ്ങളുടെ ജീവിതത്തെ ഭ്രാന്തനായ സ്റ്റീഫന്‍ തകര്‍ത്തു കളയുന്നുവെന്ന വിചാരം അവന്റെ എല്ലാ സഹോദരന്മാര്‍ക്കുമുണ്ടെന്നും അവര്‍ക്ക് അവനോട് വെറുപ്പുണ്ടെന്നും സാംസയ്ക്കു തോന്നുന്നു. അവര്‍ക്കും ഭ്രാന്തു പിടിച്ചുവോയെന്നും ഇത്ര ക്രൂരമായി ഒരാളോടു പെരുമാറാന്‍ സഹോദരന്മാര്‍ക്കേ കഴിയുയെന്നും ആ മര്‍ദ്ദനം കണ്ടു നില്‍ക്കുന്നവര്‍ക്കും തോന്നുന്നുണ്ട്. ആ ക്രൗര്യം കാണുന്ന സാംസ കരഞ്ഞില്ല. പിന്നീട് ഒരു പുസ്തകം വായിച്ചപ്പോള്‍ ആ സംഭവമോര്‍ത്ത് അവന്‍ കരഞ്ഞു. ഹരീഷിന്റെ ഈ വിവരണം വായിക്കുന്ന ചിലരെങ്കിലും സാംസയെ പോലെ കരയും. സ്റ്റീഫനെ ചങ്ങലക്കിടുന്ന, അവന്റെ ഭ്രാന്തു വലിച്ചെടുത്തു തളിര്‍ക്കുന്ന മരമായിട്ടു മാത്രമല്ല, നോവലില്‍ പല പ്രാവശ്യം ഈന്ത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. മനുഷ്യനേക്കാളും പഴക്കമുള്ള വൃക്ഷം. മനുഷ്യന്റെ പരിണാമങ്ങള്‍ക്കും ചരിത്രത്തിനും സാക്ഷിയായത്.സൂസൻ സൊൻടാഗ് | PHOTO: WIKI COMMONS
ഒരു പൊലീസുകാരന്‍ പൊലീസുകാരനായി അഭിനയിക്കുകയാണെന്ന്, അതിനാണ് സര്‍ക്കാര്‍ അയാള്‍ക്കു ശമ്പളം നല്‍കുന്നതെന്ന് പാപ്പൂട്ടി സാംസയോടു പറയുന്ന ഒരു സന്ദര്‍ഭം നോവലിലുണ്ട്. കസേരയില്‍ ജഡ്ജിയായി ഇരിക്കുന്നയാളും അങ്ങനെ അഭിനയിക്കുകയാണ്. സാംസ ലൈബ്രേറിയനായി ഇരിക്കുമ്പോള്‍ ലൈബ്രേറിയനായി അഭിനയിക്കണമെന്ന് പതിമൂന്നുകാരനെ പാപ്പൂട്ടി ഉപദേശിക്കുന്നു. ഹരീഷിന്റെ നോവല്‍ അല്‍ത്തൂസര്‍ എന്ന തത്ത്വചിന്തകന്റെ പ്രത്യയശാസ്ത്രസങ്കല്‍പ്പനങ്ങളിലേക്കു നമ്മെ സംവാദത്തിനു ക്ഷണിക്കുന്ന സന്ദര്‍ഭമാണിത്. ഭരണകൂടത്തിന്റെ പ്രത്യക്ഷ മര്‍ദ്ദനോപകരണങ്ങളായ പൊലീസിനോടും നീതിന്യായവ്യവസ്ഥയോടും ഒപ്പം ലൈബ്രറിയെ കൂടി പരാമര്‍ശിക്കുന്ന ഈ കഥാപാത്രം പ്രത്യയശാസ്‌ത്രോപ കരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്തു പഠിക്കണമെന്നു നിശ്ചയിക്കുന്ന വിദ്യാഭ്യാസവ്യവസ്ഥയെന്ന പോലെ എന്തു വായിക്കണമെന്നു നിശ്ചയിക്കുന്ന അധികാരരൂപമായി ലൈബ്രറിക്കു മാറാന്‍ കഴിയും. അച്ഛന്റെയും അമ്മയുടെയും മകന്റെയും ബന്ധങ്ങള്‍ പല തലത്തില്‍ പ്രശ്‌നീകരിക്കപ്പെടുന്ന നോവലില്‍ പാപ്പൂട്ടിയുടെ വാക്കുകള്‍ക്കു സവിശേഷപ്രാധാന്യമുണ്ട്. കുടുംബം എന്ന പ്രത്യയശാസ്‌ത്രോപകരണത്തിലേക്ക് സ്വാഭാവികം സംവാദം വ്യാപിക്കുന്നു. ആരും ജഡ്ജിയോ പൊലീസുകാരനോ അച്ഛനോ അമ്മയോ മകനോ അല്ലെന്നും അവ വിവിധ കര്‍ത്തൃസങ്കല്‍പ്പനങ്ങളാണെന്നും ഹരീഷിന്റെ ഈ കഥാപാത്രം പറയുന്നതായി നമുക്കു തോന്നാം. സാങ്കല്‍പ്പികത എന്നൊരു ഗണത്തെ അല്‍ത്തൂസര്‍ ഉപയോഗിക്കുന്നുണ്ട്. വ്യക്തികള്‍ അവരുടെ യഥാര്‍ത്ഥ ജീവിതാവസ്ഥകളുമായി സാങ്കല്‍പ്പികമായ ഒരു ബന്ധമാണ് പുലര്‍ത്തുന്നതെന്നാണ് അല്‍ത്തൂസര്‍ പറഞ്ഞത്. പ്രത്യയശാസ്ത്രം സാങ്കല്‍പ്പികതയുടെ മണ്ഡലമാണെന്ന് അല്‍ത്തൂസര്‍ അനുമാനിക്കുന്നു. സാങ്കല്‍പ്പികത എന്ന ഗണത്തില്‍ കര്‍ത്താവായി(subject) മാറുന്ന വ്യക്തിയെ കുറിച്ച് അല്‍ത്തൂസര്‍ പറയുന്നു. അച്ഛന്‍ എന്ന കര്‍ത്തൃസ്ഥാനം ഏറ്റെടുക്കുന്ന വ്യക്തി അച്ഛന്റെ കര്‍ത്തവ്യങ്ങളുമായി, ആ കര്‍ത്തൃസ്ഥാനവുമായി താദാത്മ്യം പ്രാപിക്കുന്നു. ഈ സാങ്കല്‍പ്പികബന്ധം മൂര്‍ത്തവും യഥാര്‍ത്ഥവുമായ ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയുന്ന ബന്ധമാണ്. സാങ്കല്‍പ്പികമായത് യഥാര്‍ത്ഥമാകാമെന്ന ധാരണ അല്‍ത്തൂസറിലുണ്ട്. സാങ്കല്‍പ്പികമായ ഒരു ബന്ധത്തെ യഥാര്‍ത്ഥമെന്ന് ഉറപ്പിക്കുകയും കര്‍ത്താവ് അതില്‍ തന്നെ ജീവിക്കുകയും ചെയ്യുന്നു. അച്ഛന്‍, അമ്മ, സഹോദരന്‍, പെങ്ങള്‍, ഭര്‍ത്താവ്, ഭാര്യ, അദ്ധ്യാപകന്‍ എന്നിങ്ങനെ അനേകം കര്‍ത്തൃസ്ഥാനങ്ങളെ സ്വീകരിച്ചുകൊണ്ടാണ് ഒരു വ്യക്തി ജീവിക്കുന്നത്. വ്യക്തിയെ കര്‍ത്താവായി സംബോധന ചെയ്യുന്ന, അത് യഥാര്‍ത്ഥമെന്ന പ്രതീതി ജനിപ്പിക്കുന്ന സാങ്കല്‍പ്പികബന്ധമാണ് പ്രത്യയശാസ്ത്രം. കര്‍ത്താവ് തന്റെ പെരുമാറ്റങ്ങള്‍ സ്വേച്ഛാനുസരണമാണെന്ന് ധരിക്കുന്നു. അന്യമായതിനെ സ്വേച്ഛയുടെ, അഹത്തിന്റെ മണ്ഡലമായി അത് നിരൂപിക്കുന്നു. ഈ ബന്ധങ്ങള്‍ സ്വാഭാവികവും അനിവാര്യവുമാണെന്ന പ്രതീതി ജനിപ്പിക്കുന്നതിലൂടെയാണ് പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ആചാരങ്ങളിലും പെരുമാറ്റങ്ങളിലും പ്രത്യയശാസ്ത്രം സ്വയം പ്രത്യക്ഷപ്പെടുന്നതിനാല്‍ അതിന് ഒരു ഭൗതികാസ്തിത്വമുണ്ടെന്ന് അല്‍ത്തൂസര്‍ കരുതുന്നു.
നോവലിലെ നിഷ്‌ക്രിയനും അശക്തനുമായ വിജയന്‍ എന്ന ഭര്‍ത്താവിന്റെയും അച്ഛന്റെയും ചിത്രണത്തില്‍ കുടുംബം എന്ന പ്രത്യയശാസ്‌ത്രോപകരണം നേരിടുന്ന വെല്ലുവിളികളുടേയും തകര്‍ച്ചകളുടേയും പാടുകളുണ്ട്. കേരളത്തില്‍, സൈദ്ധാന്തികതലത്തിലെങ്കിലും പുരുഷാധിപത്യവും പിതൃമേധാവിത്തവും കുടുംബവ്യവസ്ഥയും വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ തുടങ്ങുന്ന തൊണ്ണൂറുകളുടെ തുടക്കമാണ് നോവലിലെ പ്രമേയകാലം എന്നു കൂടി കാണണം. പള്ളിയ്ക്കടിയില്‍ അമ്പലമുണ്ടോയെന്ന് ചിലര്‍ പരിശോധിക്കാന്‍ തുടങ്ങുന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രമേയകാലം 1992 ആണെന്നു സൂചിപ്പിക്കുന്നു. കേരളത്തില്‍ ഫെമിനിസ്റ്റ് ചിന്തകള്‍ പ്രചരിതമാകുന്ന കാലമാണത്. ഫ്രോയിഡിയന്‍ മനോവിശ്ലേഷണത്തില്‍, പിതാവ് അധികാരത്തെയും ഘടനയെയും സൂപ്പര്‍ഈഗോയെയും പ്രതിനിധീകരിക്കുന്നതിനാല്‍, നോവലിലെ പിതാവിന്റെ ആലസ്യവും 'തകര്‍ച്ച'യും പിതൃഅധികാരത്തിന്റെ ശിഥിലീകരണത്തെ പ്രതീകവല്‍ക്കരിക്കുന്നു. ഇത് ക്രമരാഹിത്യത്തിലേക്കോ അസ്തിത്വ പ്രതിസന്ധിയിലേക്കോ ചൂണ്ടുന്നു. ഭാഷയെയും നിയമത്തെയും സമൂഹത്തെയും രൂപപ്പെടുത്തുന്ന പ്രതീകാത്മകക്രമത്തിലെ ഒരു പ്രധാന സ്തംഭമായി ലകാന്‍ കാണുന്ന പിതാവ് എന്ന സങ്കല്‍പ്പരൂപം വിജയനില്‍ തകര്‍ച്ചയെ നേരിടുന്നതാണ് നാം വായിക്കുന്നത്. ഈ തകര്‍ച്ച പ്രതീകാത്മകചട്ടക്കൂടു തന്നെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കാണിക്കുന്നതുമാണ്. കുടുംബവ്യവസ്ഥയിലെ ഒരു സംക്രമണഘട്ടം ആഗതമാകുകയാണ് എന്ന സൂചന നോവല്‍ നല്‍കുന്നു.ലൂയിസ് അൽത്തൂസർ | PHOTO: WIKI COMMONS
ഏതൊരു സംക്രമണഘട്ടവും യാതനാപൂര്‍ണ്ണമാണ്. കുടുംബവ്യവസ്ഥയുടെ സംക്രമണഘട്ടത്തിലെ യാതനകളിലൂടെ ഏറെയും കടന്നുപോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന്, തകര്‍ന്നു തുടങ്ങിയ പുരുഷാധികാരത്തിന്റെ രൂപമല്ലെന്ന് ആനിയുടെയും സാംസയുടെയും അനുഭവങ്ങളില്‍ നിന്നും നാം ഗ്രഹിക്കുന്നു. ആനിയുടെ വിഷാദം വിജയനോടൊപ്പമുള്ള ജീവിതമാണ് അവള്‍ക്കു നല്‍കിയത്. സാംസയോടുള്ള വിജയന്റെ നിരുത്തരവാദിത്തവും അവഗണനയും ആ കുട്ടിയില്‍ അടഞ്ഞ അവസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ടെന്നു തീര്‍ച്ചയാണ്. ആനി ഒരിക്കലും മറക്കാത്ത ആ നിമിഷം നോക്കൂ. ആര്‍ക്കും അറപ്പു തോന്നുന്ന വിജയന്റെ പെരുമാറ്റത്തില്‍ അയാളുടെ തകരുന്ന പുരുഷാധികാരരൂപത്തിന്റെ ലജ്ജാകരമായ പരിണാമം കാണാം. കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനായി കനത്ത ദേഷ്യത്തോടെ തെറിവാക്കുമായി ജോണ്‍ വിജയന്റെ അടുത്തേക്കു വരികയാണ്. അപ്പോള്‍, ആനിയും ജോണും നോക്കിനില്‍ക്കെ വിജയന്‍ വീടിനു പിറകിലേക്ക് ഓടുന്നു. തോട് ചാടി കടക്കുന്നു. പിടിക്കാന്‍ വയ്യാത്ത അകലത്തിലാകുമ്പോള്‍ തിരിഞ്ഞുനോക്കി ചിരിക്കുന്നു. നാണമില്ലാത്ത ഭീരു ഓടിയും നടന്നും ദൂറെ മറയുന്നു. ആനിയുടെ മനസ്സില്‍ വിജയന്‍ നശിച്ച് ഇല്ലാതായി തീര്‍ന്ന നിമിഷമാണതെന്ന് നോവലിസ്റ്റ് എഴുതുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍, കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനായി എത്തുന്നയാള്‍ സാംസയെ പ്രഹരിക്കുന്നതിലേക്ക് എത്തുന്നു. വിജയന്റെ കെടുകാര്യസ്ഥത സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ലല്ലോ, അയാളുടെ ജീവിതചര്യകളിലുടനീളം കാണാം.
യഥാര്‍ത്ഥത്തില്‍, ഈ നോവലിന്റെ ആഖ്യാനശൈലിയെ കുറിച്ചാണ് ഏറെ പറയേണ്ടത്. പ്രപഞ്ചത്തിലെ ഓരോ അതിസൂക്ഷ്മകണത്തിലും എത്രയോ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്നുവെന്നു പറയുന്ന ഭൗതികശാസ്ത്രജ്ഞന്‍ വീലറിന്റെ വിചാരങ്ങള്‍ പോലെ പ്രപഞ്ചത്തിലെ ഓരോ നിമിഷവും, ഓരോ സ്ഥല-കാലബിന്ദുവും, നിരവധി കഥകള്‍ കൊണ്ടു നിറഞ്ഞതാണെന്ന പ്രതീതി പകരുന്ന ചില സന്ദര്‍ഭങ്ങള്‍ ഹരീഷിന്റെ നോവല്‍ നല്‍കുന്നുണ്ട്. ഒരു നിമിഷത്തെ അനന്തത്തോളം വിസ്തൃതിയില്‍ എഴുതാന്‍ മനുഷ്യന്റെ സര്‍ഗശക്തിക്കും ധിഷണക്കും സൗന്ദര്യാവബോധത്തിനും കഴിയും. ഓരോ നിമിഷവും, ഓരോ സ്ഥല-കാലബിന്ദുവും സംഭവങ്ങളുടെ അനന്തം അനുഭവങ്ങള്‍ കൊണ്ട്, കാഴ്ചകളും കേള്‍വികളും കൊണ്ട് അനന്തം വിചാരങ്ങള്‍ കൊണ്ട് പ്രകടിതമാകുന്ന ലോകത്ത് സര്‍ഗധനര്‍ക്ക് അവയെ കുറിച്ച് എന്തെല്ലാം പറയാനും എഴുതാനും കഴിയില്ല! ഒരൊറ്റ നിമിഷത്തില്‍ കണ്ടതിനെയും കേട്ടതിനെയും അനുഭവിച്ചതിനെയും പല കോണുകളില്‍ നിന്നും വിശകലനം ചെയ്യുക, പല രൂപത്തില്‍ വിചാരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക, ഓരോ നിമിഷവും പലമകള്‍ കൊണ്ടു നിറയ്ക്കുക! ഹരീഷിന്റെ നോവലില്‍ അങ്ങനെ എഴുതപ്പെടുന്ന വളരെ സവിശേഷമായ ചില നിമിഷങ്ങളുണ്ട്. ചില സ്ഥല-കാലബിന്ദുക്കളെ മാത്രം തിരഞ്ഞു പിടിച്ചെടുത്ത് അവയെ വിപുലമായ കാഴ്ചയിലേക്കു കൊണ്ടുവന്ന് സാംസയുടെയും ആനിയുടെയും വിജയന്റെയും നടാഷയുടെയും സ്റ്റീഫന്റെയും കഥ പറയുകയാണ് ഹരീഷ് ചെയ്യുന്നതെന്നു തോന്നിപ്പിക്കുന്നവ! എന്നാല്‍, ആഖ്യാനത്തിലെ ലാളിത്യമാണ് സവിശേഷം വീണ്ടും എടുത്തു പറയേണ്ടത്. അത് സാംസയുടെ സാരള്യം നിറഞ്ഞ മനസ്സു പോലെ.അജയ് പി മങ്ങാട്ട് | PHOTO: FACE BOOK
തത്ത്വചിന്തകനായ ഹെന്റി ബെര്‍ഗ്‌സണ്‍ ഒരു നിമിഷത്തിന്റെ ആത്മനിഷ്ഠമായ അനുഭവം അനന്തമാകാന്‍ കഴിയുന്നതിനെ കല്‍പ്പന ചെയ്യുന്നുണ്ട്. ഒരു നിമിഷത്തെ അനന്തമായി വിവരിക്കാന്‍ സൈദ്ധാന്തികമായി അനുവദിക്കുന്ന സങ്കല്‍പ്പനമാണിത്. ദെല്യൂസിന്റെയും ഗ്വാത്താരിയുടെയും റൈസോമാറ്റിക് ചിന്തയില്‍ ഒരു ബിന്ദുവിന് പരസ്പരബന്ധങ്ങളിലൂടെ അനന്തമായി വികസിക്കാന്‍ കഴിയുന്നതിനെ കുറിച്ചു പറയുന്നതും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുക. കേന്ദ്രശ്രേണിയില്ലാതെ, തിരശ്ചീനമായി വ്യാപിക്കുന്ന ഒരു വേരുപടലഘടനയെ; ഇഞ്ചിയുടെ കാണ്ഡത്തിനു സമാനമായ ഘടനയെ, അത് സങ്കല്‍പ്പിക്കുന്നു. ഈ റൈസോമാറ്റിക് ചിന്ത അനന്തമായ ബന്ധങ്ങളും സമ്പര്‍ക്കസ്ഥാനങ്ങളും വ്യതിചലനങ്ങളും അനുവദിക്കുന്നതാണ്. ആഖ്യാനകലയില്‍ ഇത് എങ്ങനെയാണ് സാദ്ധ്യമാകുക? ഒരു സംഭവത്തില്‍ നിന്ന് അനന്തമായി ശാഖകള്‍ ഉണ്ടാക്കാനും പ്രമേയങ്ങള്‍, ഓര്‍മ്മകള്‍, കൂടിച്ചേരലുകള്‍, വ്യതിചലനങ്ങള്‍ എന്നിവയിലൂടെ അന്വേഷണത്തിന്റെ തുറസ്സുകള്‍ നിര്‍മ്മിക്കാനും കഴിയും. വിവിധ വീക്ഷണങ്ങള്‍, വിചാരങ്ങള്‍, നാനാര്‍ത്ഥങ്ങള്‍, പരസ്പരബന്ധങ്ങളുടെ സൂക്ഷ്മമായ പര്യവേക്ഷണങ്ങള്‍ എന്നിവയിലൂടെ ആഖ്യാനത്തെ അതിന്റെ വ്യാപ്തിയില്‍ പരിധിയില്ലാത്തതായി മാറ്റാനും അനന്തതയുടെ പ്രതീതി സൃഷ്ടിക്കാനും കഴിയും. ഈ ആഖ്യാനരീതിക്ക് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒരു ശീര്‍ഷകമില്ലെങ്കിലും സാഹിതീയവും ദാര്‍ശനികവുമായ പാരമ്പര്യങ്ങളിലെ നിരവധി ആശയങ്ങളുമായി ബന്ധമുണ്ടാകും. ഒരു സംഭവത്തിന്റെ എല്ലാ വശങ്ങളിലും ശ്രദ്ധിക്കുന്നതിനായി ആഖ്യാനകാലം വളരെ മെല്ലെ നീങ്ങുന്ന അനുഭവം ഇതു സൃഷ്ടിക്കുന്നു. ഒരു സംഭവത്തില്‍ നിന്ന് പുതിയ പ്രമേയങ്ങളിലേക്കോ അനുബന്ധകഥകളിലേക്കോ സര്‍പ്പിളമായ വ്യതിചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഹരീഷിന്റെ നോവലില്‍ ഈ ആഖ്യാനരീതിയെ പൂര്‍ണ്ണമായി ഉപയോഗിച്ചിരിക്കുന്നുവെന്നു പറയുകയല്ല, ഈ ആഖ്യാനരീതിയുടെ ചെറിയ നല്ല പൊടിപ്പുകള്‍ ഈ നോവലിലുണ്ട്. കൂടുതല്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയായി ഹരീഷില്‍ ഇത് വികസിക്കാനുള്ള സാദ്ധ്യതകളുമുണ്ട്.
ആഖ്യാനത്തിന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തിയാഥാര്‍ത്ഥ്യത്തിന്റെ സാമിപ്യം വാഗ്ദാനം ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങളെ ഹരീഷ് ഈ നോവലില്‍ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. നോവലില്‍ ആത്മകഥയുടെ ഛായ പടര്‍ന്നിരിക്കുന്നു. സ്വജീവിതത്തെ നിര്‍ദ്ധരിക്കാനുള്ള ശ്രമമാണോ ഈ നോവല്‍ എന്ന സന്ദേഹങ്ങള്‍ ഉണര്‍ത്തുന്നു. അനുഭവങ്ങള്‍ക്കും ഭാവനയ്ക്കും ഇടയിലുള്ള രേഖയെ ഈ ആഖ്യാനരീതി മറയ്ക്കുന്നു. ജീവചരിത്രകഥനത്തിനും (ഓര്‍മ്മക്കുറിപ്പുകള്‍ക്കും) സാഹിതീയാഖ്യാനത്തിനും ഇടയില്‍ നാം സാധാരണ കാണാറുള്ള രേഖകള്‍ മാഞ്ഞുപോകുന്നു. എന്നാല്‍, യഥാര്‍ത്ഥജീവിതത്തില്‍ നിന്ന് സൂക്ഷ്മതയോടെ സ്വീകരിക്കുമ്പോള്‍ തന്നെ വിശാലപ്രമേയങ്ങളിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായി ഭാവനാസങ്കല്‍പ്പനങ്ങളും അതിനോടൊപ്പം കൂടിക്കലരുന്നു. ഒരു സങ്കരആഖ്യാനരൂപമായി നോവല്‍ മാറിത്തീരുന്നു. നോവലിലെ ആഖ്യാതാവ് രചയിതാവിന്റെ വ്യക്തിസ്വത്വമായിരിക്കുമ്പോഴും ആഖ്യാനശബ്ദം അവ്യക്തതയുടെ ചില തലങ്ങള്‍ സൃഷ്ടിക്കുന്നത്, കൃതിയെ പാഠാന്തരത്വങ്ങളിലേക്കു തുറക്കുന്നു. ഓര്‍മ്മകളെ സാമൂഹികവും ചരിത്രപരവുമായ വിശാലസന്ദര്‍ഭങ്ങളുമായി സംയോജിപ്പിച്ചു കൊണ്ട് തന്റെ തലമുറയുടെ കൂട്ടായ ഒരു ആത്മകഥ എഴുതുകയാണെന്ന പ്രതീതി ജനിപ്പിക്കുന്നു. സ്വജീവിതവുമായി ആഖ്യാനത്തെ ബന്ധിപ്പിക്കാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്ന ഓട്ടോഫിക്ഷന്റെ ആഖ്യാനരീതിയോട് ഇതിനു ബന്ധമുണ്ട്. മലയാളത്തില്‍ കരുണാകരന്റെയും അജയ് പി മങ്ങാട്ടിന്റെയും നോവലുകളില്‍ ആദ്യ മുകുളങ്ങളായി പ്രത്യക്ഷപ്പെട്ട ആഖ്യാനശൈലി ഹരീഷില്‍ നന്നായി സഫലമാകുകയാണ്. ആത്മനിഷ്ഠമായ അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്കും സാര്‍വ്വത്രികപ്രമേയങ്ങളിലേക്കു സഞ്ചരിക്കാനും തീക്ഷ്ണമായ വൈകാരികലോകം നിര്‍മ്മിക്കാനും കഴിയുമെന്ന് ഹരീഷ് തെളിയിച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനും കഥാഖ്യാനത്തിനും ഇടയിലുണ്ടെന്നു കരുതപ്പെടുന്ന വ്യത്യാസങ്ങളെ കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതിലൂടെ സാഹിതീയവ്യവഹാരത്തിനു കടന്നുകയറാന്‍ കഴിയുന്ന അതിരുകളെ ഇതു കൂടുതല്‍ വിപുലമാക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനാസങ്കല്‍പ്പനങ്ങളുടെയും അതുല്യമായ ഈ പൂരിതമിശ്രിതം സമകാലമലയാളസാഹിത്യത്തിന് നൂതനവും ആകര്‍ഷകവുമായ ആഖ്യാനരൂപത്തെ സമ്മാനിച്ചിരിക്കുന്നു.
എസ് ഹരീഷുമായി ദി മലബാർ ജേർണൽ നടത്തിയ അഭിമുഖം.
ഭാഗം ഒന്ന്
https://youtu.be/mk11Z5IULpg?si=Oo7qHcGxXfmC7ugL
ഭാഗം രണ്ട്
https://youtu.be/8wW2sJZT4ak?si=hVCPDsIxlAVDU4Qg