TMJ
searchnav-menu
post-thumbnail

Penpoint

ട്രാന്‍സിറ്റ് നേരങ്ങളില്‍ രണ്ട് പേര്‍ (വായനാ ഓര്‍മ്മകള്‍) 

28 Dec 2023   |   10 min Read
ജിഷ്‌ണു കെ എസ്

ത്രയും മടുപ്പുളവാക്കിയ ഒരു ട്രാന്‍സിറ്റ് എനിക്കുണ്ടായിട്ടില്ല. നോക്കിക്കേ! ആളുകളുടെ കണ്ണുകള്‍ അവരുടെ കയ്യിലെ സ്‌ക്രീനില്‍ വീണുരുണ്ടുകൊണ്ടിരിക്കുന്നു.   

ഉം! വാര്‍ഷികാവധിയല്ലേ അതിനാലാവും തിരക്ക്. പുറത്താണെങ്കില്‍ നല്ല ബോറന്‍ കാലാവസ്ഥയും.  

എന്ത് ?  എടാ ഞാന്‍ പറഞ്ഞത്  നീ കേട്ടില്ലേ. 

കേട്ടു. ഞാന്‍ മറ്റൊന്ന് ചിന്തിക്കുകയായിരുന്നു.  

എന്ത്?  

ഇക്കൊല്ലം വായിച്ച പുസ്തകങ്ങളെക്കുറിച്ച് എഴുതിക്കൊടുക്കുമോ എന്ന് ഒരു ജേര്‍ണലിന്റെ ഭാഗമായ സുഹൃത്ത് എന്നോട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചോദിച്ചിരുന്നു. ഞാനാണെങ്കില്‍ ഈ യാത്രയെക്കുറിച്ച്  ഓര്‍ക്കാതെ എഴുതിത്തരാമെന്ന് പറയുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ മാറ്റര്‍ കൊടുക്കുകയും വേണം. ഏതൊക്കെ പുസ്തകങ്ങളെക്കുറിച്ച് എഴുതും, എന്തെഴുതും, എങ്ങനെ വ്യത്യസ്തമായി എഴുതാം എന്നൊക്കെ ചിന്തിക്കുകയായിരുന്നു. ഫ്ലൈറ്റില്‍ ഏറിയിട്ട് വല്ലതും കുത്തിക്കുറിക്കാമെന്ന് വിചാരിക്കുന്നു. 

അതുകൊള്ളാമല്ലോ. എന്റെ പുസ്തകവായനയൊക്കെ ഏതാണ്ട് മുരടിച്ചുപോയി. നീ ഒരുകാര്യം ചെയ്യ്, പുസ്തകങ്ങളെക്കുറിച്ച് പെട്ടെന്ന് നിന്റെ മനസ്സില്‍ വരുന്ന കാര്യങ്ങള്‍ എന്നോട് പങ്കുവെയ്ക്കുക. ബാക്കി ഞാന്‍ വഴിയേ പറയാം.  

ഓ അത് ശരിയാവില്ല. 

ശരിയാവും. നീ പറയൂ. ഏതായാലും രണ്ട് മണിക്കൂര്‍ നമ്മളിവിടെ ഫ്രീസായിട്ടിരിക്കണം.  

ഉം. 

ഏത് പുസ്തകമാണ് നീ ഇക്കൊല്ലം ആദ്യം വായിക്കുവാന്‍ എടുത്തത്? 

ആഫ്റ്ററും, ദ നേക്കഡ് ഡോണ്ട് ഫിയര്‍ ദ വാട്ടറുമായിരുന്നു. ഏതാണ്ട് സമാന്തരമായിത്തന്നെ ഈ രണ്ട് പുസ്തകങ്ങളും ഞാന്‍ വായിച്ചുതുടങ്ങിയെങ്കിലും ആദ്യം വായിച്ച് തീര്‍ന്നത് ആഫ്റ്റര്‍ ആയിരുന്നു.  ദ നേക്കഡ് ഡോണ്ട് ഫിയര്‍ ദ വാട്ടറിന്റെ വായനയ്ക്കിടെ കുറച്ച് പാഠാന്തരങ്ങളൊക്കെ ചെയ്തു. 

വിവേക് നാരായണന്റെ (Vivek Narayanan) ആഫ്റ്റര്‍ (After) എന്ന കവിതാസമാഹാരം വാല്‍മീകി രാമായണത്തിലെ ഏടുകളെ അധികരിച്ചുകൊണ്ട് ഈ കാലഘട്ടത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ ഘട്ടങ്ങളേയും സംഭവങ്ങളേയും ഉള്‍ച്ചേര്‍ത്തുള്ള പുനരവതരണമാണ് അതുമല്ലെങ്കില്‍ പുനരാഖ്യാനമാണ്. ഇത് രാമായണത്തിന്റെ സ്വതന്ത്ര പരിഭാഷയാണെന്ന് തെറ്റിദ്ധരിക്കരുത്. അതല്ല മറിച്ച് ഇതിവൃത്തം എന്ന നിലയിലാണ് രാമായണത്തിന്റെ സാധ്യത ആഫ്റ്റര്‍ എന്ന കവിതാസമാഹാരത്തിനായി വിവേക് നാരായണന്‍ ഉപയോഗിച്ചിട്ടുള്ളത്.  

From Nagpur deep into where they say 
Shambuka still lies  a hill by which 
to watch the invaders  a temple 
and a fort the swords and muskets kept close 
in locked display cabinets 

             by the altar 

(p.487, At Ramtek, After, Vivek Narayanan) 



നാല് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ സമാഹാരത്തിലെ മൂര്‍ത്ത കവിതാ (Concrete Poem) രീതിയിലുള്ളതും വരക്കവിതാ (Visual Poem) രീതിയിലുള്ളതും, വിവിധ കവിത ഫോമുകളും സ്ട്രക്ചറുകളും അവലോഭിച്ചുകൊണ്ടുള്ളതുമായ കവിതകള്‍ ഉണ്ട്. ഈ കവിതകള്‍ എല്ലാംതന്നെ അതിന്റെ പ്രത്യക്ഷ വാക്യാര്‍ത്ഥത്തിലല്ലാതെ ധ്വനിയാര്‍ത്ഥത്തിന്റെ ചിന്താപരതയിലൂടെയും, ബിംബ സൂചകങ്ങളുടെ പഠാന്തരങ്ങളില്‍ക്കൂടിയും ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ദളിതരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ നേരിടുന്ന ഭരണകൂടങ്ങളുടെ ഒത്താശയോടെ നടക്കുന്ന അതിക്രമങ്ങളേയും, അധികാരം അതിന്റെ പ്രയോക്താക്കളുടെ നിലനില്‍പ്പിനായി എങ്ങനെയെല്ലാമാണ് പ്രയോജനപ്പെടുത്തുന്നതെന്നും മറ്റും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. രാഷ്ട്രീയ ജാഗ്രതയുള്ള കവിത ഇഷ്ടപ്പെടുന്നവര്‍ ഈ സമാഹാരം ഉറപ്പായിട്ടും വായിക്കണം എന്നാണ് എന്റെ അഭിപ്രായം. കൂടാതെ കവിത എങ്ങനെയെല്ലാം അവതരിപ്പിക്കാം അല്ലെങ്കില്‍ ഒരുവിഷയത്തെ എങ്ങനെയെല്ലാം കവിതയുടെ രൂപഘടനകളിലൂടെ സംവദിപ്പിക്കാം എന്ന്  ചിന്തിക്കുന്നവരും മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നവരുമായ നമ്മുടെ നാട്ടിലെ യുവകവികള്‍ ആഫ്റ്റര്‍ വായിക്കുന്നത് നല്ലതായിരിക്കും എന്നും ഞാന്‍ കരുതുന്നു. 

അഫ്ഗാനിസ്ഥാനില്‍ നിന്ന് മെഡിറ്ററേനിയന്‍ കടലിടുക്കിലൂടെ ചെറു ബലൂണ്‍ ബൂട്ടില്‍ ഗ്രീസിലേക്ക് പലായനം ചെയ്യുന്ന ഒമറിന്റെ അനുഭവത്തിലൂടെ അതിര്‍ത്തികള്‍ താണ്ടിയുള്ള ആഗോള കുടിയേറ്റവും പലായനവും സംബന്ധിച്ചുള്ള വിവിധ തലങ്ങളെ അഭിസംബോധന ചെയ്യുകയാണ് മാത്യു ഐക്കിന്‍സ്  (Matthieu Aikins), ദ നേക്കഡ് ഡോണ്ട് ഫിയര്‍ ദ വാട്ടറില്‍ (The Naked Don't Fear the Water).  കനേഡിയന്‍ പത്രപ്രവര്‍ത്തകനായ മാത്യു ഐക്കിന്‍സിന്റെ പരിഭാഷകനും സഹായിയും സുഹൃത്തുമാണ് അഫ്ഗാനിയായ ഒമര്‍. 2016-ലാണ് ഒമര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത്. ഒമറിനൊപ്പം മാത്യു ഐക്കിന്‍സ് ഹബീബ് എന്ന പേരില്‍ ഒരു സഹ-അഫ്ഗാന്‍ അഭയാര്‍ത്ഥിയായി സഞ്ചരിക്കുന്നു. വന്‍തോതില്‍ സിറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ആളുകള്‍ മെഡിറ്ററേനിയന്‍ കടലിടുക്കിലൂടെ ചെറു ബലൂണ്‍ ബൂട്ടില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്ന 2016 കാലഘട്ടത്തിലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.  

ഇറാനിയന്‍-ടര്‍ക്കിഷ് അതിര്‍ത്തിയിലൂടെ ആരും കാണാതെ കാല്‍നടയായി ഒമര്‍ തുര്‍ക്കിയില്‍ എത്തിച്ചേരുന്നു. മാത്യു ഐക്കിന്‍സ് ബള്‍ഗേറിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് കാല്‍നടയായി എത്തുന്നു.  പിന്നീട് ഇരുവരും ഇസ്താംബൂളില്‍ കണ്ടുമുട്ടുന്നു. അവിടുന്നാണ് ഇരുവരും ദുര്‍ഘടവും, വളരെയേറെ അപകടങ്ങളും നിറഞ്ഞ ഗ്രീക്കിലേക്കുള്ള പലായനത്തിന്റെ ഘട്ടം ആരംഭിക്കുന്നത്. മാത്യു ഐക്കിന്‍സ് ലെസ്ബോസിലെ (ഗ്രീസ്) അഭയാര്‍ത്ഥി ക്യാമ്പിലാണ് താമസിച്ചിരുന്നത്. ആ ക്യാമ്പിനെ 'ജീവിക്കുന്നവരുടെ നരകം' എന്നാണ് അവിടെയുള്ള ചിലര്‍ വിളിച്ചിരുന്നതെന്ന് ഐക്കിന്‍സ് പറയുന്നു. ആ ക്യാമ്പില്‍ സിറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നുമായി 12000 ത്തിലധികം ആളുകള്‍ അഭയാര്‍ത്ഥികളായി ഉണ്ടായിരുന്നുവെന്നും പലപ്പോഴും ഭക്ഷണത്തിനായിട്ടും, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ക്കായിട്ടും പരസ്പ്പരം മല്ലിടാന്‍ അഭയാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകാറുണ്ടായിരുന്നു. ലെസ്ബോസിലെ അഭയാര്‍ത്ഥി ക്യാമ്പിലുള്ളവരും, നടത്തിപ്പുകാരും അഫ്ഗാനികളേക്കാള്‍ സിറിയക്കാര്‍ക്കും ഇറാനികള്‍ക്കും ആയിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. 



ദ നേക്കഡ് ഡോണ്ട് ഫിയര്‍ ദ വാട്ടറില്‍ കേവലം കുടിയേറ്റപ്രശ്നങ്ങളെ മാത്രമല്ല അഭിസംബോധന ചെയ്തിട്ടുള്ളത്, ഒമറിന്റെ പ്രണയം, അഫ്ഗാനിസ്ഥാനിലെ ജീവിതം, അഭയാര്‍ത്ഥിയായി പലായനം ചെയ്യുന്ന സമയത്തെ മനോവിചാരങ്ങള്‍, കുടിയേറിക്കഴിഞ്ഞുള്ള ഉപേക്ഷിക്കേണ്ടി വന്ന നാടിനെക്കുറിച്ചുള്ള വിചാരങ്ങള്‍, ഫേസ്ബുക്ക് ഉപയോഗിക്കാത്ത അല്ലെങ്കില്‍ ഉപയോഗിക്കുവാന്‍ സാധിക്കാത്ത അഫ്ഗാനിസ്ഥാനില്‍ തന്നെയുള്ള ലൈല എന്ന പ്രണയിനിയെ തിരയല്‍... ഇത് ഒമറിന്റെ കഥ കൂടിയാണ്. അഫ്ഗാന്‍-ഇറാനിയന്‍  സിനിമയായ പാര്‍ട്ടിങ്ങിലെ (Parting) പല രംഗങ്ങളും ഈ വായനയില്‍ മനസ്സിലേക്ക് കുതിച്ചെത്തി. എനിക്ക് തോന്നുന്നത് പാര്‍ട്ടിങ്ങും 2016 ലാണ് റിലീസ് ചെയ്തെന്ന്. കാരണം 2016 ലെ IFFK യിലാണ് ഞാനീ സിനിമ കണ്ടത്.  

എടാ അന്ന് നമ്മള്‍ രണ്ടാളും കൂടെയല്ലേ ഈ സിനിമ കണ്ടത്. ശരിക്കും നീ ഈ പുസ്തകത്തെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഈ സിനിമയുടെ പേര് ഓര്‍ക്കുകയായിരുന്നു. പിന്നെ നീ ഏത് പുസ്തകമാണ്  വായിച്ചത്? 

കഴിഞ്ഞ കൊല്ലം ഡിസംബറില്‍ അവധിക്ക് നാട്ടിലേക്ക് വന്ന ഉറ്റ ചങ്ങാതി സമ്മാനിച്ച മിര്‍ച്ച കര്‍ത്തരസ്‌ക്കുവിന്റെ സോളിനോയിഡ്. മാര്‍ച്ച് മാസത്തിലാണെന്ന് തോന്നുന്നു ഞാന്‍ കര്‍ത്തരസ്‌ക്കുവിന്റെ സോളിനോയിഡ് വായിക്കുവാന്‍ ആരംഭിച്ചത്. ഇതുവരെ വായിച്ച് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. എന്റെ കുഴപ്പം കൊണ്ടുതന്നെയാണ്. ജൂണ്‍ ഒടുക്കത്തോടെ വായന ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും എന്റെ വായനയില്‍ ചില പോരായ്മകള്‍ അനുഭവപ്പെടുന്നതായി തോന്നി. ഷാന്‍ കോട്ടറിന്റെ ഇംഗ്ലീഷിലേക്കുള്ള മനോഹര വിവര്‍ത്തനത്തില്‍ റൊമാനിയന്‍ ഭാഷയുടെ തനിമ നിലനിര്‍ത്തിയിട്ടുണ്ട്.  അതിനാല്‍ തന്നെ ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല ചിലയിടങ്ങളുടെ അന്തസത്തയെന്ന ഒരു തിരിച്ചറിവ് പൊടുന്നനെ ഉണ്ടായി. അതോടെ ഈ നോവല്‍ വീണ്ടും ഒരാവര്‍ത്തികൂടി വായിക്കുവാന്‍ മനസ്സില്ലാ മനസ്സോടെ മാറ്റിവെച്ചു. ഉള്ളത് പറയാമെല്ലോ ഈ നോവല്‍ ഇതുവരെ വായിച്ചതില്‍ നിന്നും ഒരുകാര്യം നിന്നോട് പറയട്ടെ, എന്റെ ജീവിതത്തില്‍ വായിച്ച നോവലുകളില്‍ ഏറ്റവും മികച്ചതില്‍ ഒന്നാണ് സോളിനോയിഡ്. യാഥാര്‍ത്ഥ്യത്തിനെ അസാമാന്യ രീതിയില്‍ അതിയാഥാര്‍ത്ഥ്യമായി ദൈനംദിന കുറിപ്പുകളുടെ ഒരു ഘടനയില്‍ ആഖ്യാനം ചെയ്തിരിക്കുകയാണ്. ഒരു ഓട്ടോഫിക്ഷന്‍ ആണോ എന്നുപോലും വായനയുടെ ചിലഘട്ടങ്ങളില്‍ എനിക്ക് തോന്നിയത് നോട്ടില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.   

അതെയോ! അടുത്തിടെ എന്നോട് ഈ നോവലിനെക്കുറിച്ച് എബ്രഹാം സാമുവല്‍ സാര്‍ പറഞ്ഞിരുന്നു. സാര്‍ ഏതോ പുസ്തക ഗ്രൂപ്പിലെ ചര്‍ച്ച കേട്ടിട്ടാണ് ഈ പുസ്തകം വാങ്ങിയതെന്നും മാസങ്ങള്‍ എടുത്താണ് വായിച്ചതെന്നും, കാഫ്കെയസ്‌ക് എന്നൊക്കെ പറയാവുന്ന ഒരു എഴുത്ത് രീതിയാണെന്നും മറ്റും സൂചിപ്പിച്ചിരുന്നു. ലിസിയോട് അന്നിതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവളുടെ ഡിപ്പാര്‍ട്മെന്റിലെ ഒരധ്യാപികയും ഈ നോവലിനെക്കുറിച്ച് പറഞ്ഞിരുന്നുപോലും.
 


കാഫ്കെയസ്‌ക് എന്നൊക്കെ പറഞ്ഞ് ഈ നോവലിനെ സാമാന്യവല്‍ക്കരിക്കുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ട്. ഏതായാലും നോവലിന്റെ എല്ലാതലങ്ങളേയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാതെ സ്വന്തമായ ഒരു നിരീക്ഷണം പറയുവാന്‍ പറ്റില്ല.  

അത് വിട്. നീ അടുത്ത പുസ്തകത്തെക്കുറിച്ച് പറയൂ. 

ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ നിന്നും വായിക്കുവാന്‍ എടുത്ത നോവലുകളില്‍ രണ്ടെണ്ണത്തില്‍ ഒന്നായിരുന്നു ഗ്യോര്‍ഗി ഗോസ്‌പോഡിനോവിന്റെ (Georgi Gospodinov) 'ടൈം ഷെല്‍ട്ടര്‍ (Time Shelter)'. ഈ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ആഞ്ചല റോഡലാണ്. മറ്റൊന്ന് ഇവാ ബല്‍തസറിന്റെ (Eva Baltasar) ബൗള്‍ഡര്‍ (Boulder) ആയിരുന്നു. ആദ്യം ബൗള്‍ഡറാണ് വായിച്ചെതെങ്കിലും പിന്നീട് വായിച്ച ഗ്യോര്‍ഗി ഗോസ്‌പോഡിനോവിന്റെ ടൈം ഷെല്‍ട്ടറാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്. ഇതിനര്‍ത്ഥം ബോള്‍ഡര്‍ ഒരു മോശം കൃതിയെന്നല്ല കേട്ടോ. ക്വിയറിന്റെ അതുമല്ലെങ്കില്‍ ഏകാന്തത അനുഭവിക്കുന്ന ഒരു സ്ത്രീയുടെ മനോനിലയുടെ അടരുകള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു നോവലാണ് ബോള്‍ഡര്‍ എന്നാണ് എന്റെ അഭിപ്രായം. ഏറെക്കുറെ സമാനമായ ആശയത്തില്‍ ബല്‍തസര്‍ പെര്‍മാഫ്രോസ്റ്റ് (Permafrost) എന്ന മറ്റൊരു വ്യത്യസ്ത നോവല്‍ മുന്നേ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അറിയുവാന്‍ സാധിച്ചു. ഞാന്‍ പെര്‍മാഫ്രോസ്റ്റ് വായിക്കുവാനായി വാങ്ങിയിട്ടുണ്ട്. രണ്ട് നോവലുകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ജൂലിയ സാഞ്ചസ്സാണ്. ടൈം ഷെല്‍ട്ടര്‍ കൂടുതല്‍ ഇഷ്ടപ്പെടുവാനുള്ള പ്രധാന കാരണം അഞ്ച് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ നോവലിന്റെ ആഖ്യാന സവിശേഷതയും, അതില്‍ ഉള്ളടങ്ങിയിട്ടുള്ള തത്വചിന്തയും, നോവലിന്റെ റ്റോണിനെ ട്യൂണ്‍ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്ന സംഭാഷണ ശകലങ്ങളുടെ കാവ്യാത്മകതയുമാണ്. വളരെ സൂഷ്മമായി നോക്കിയാല്‍ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ രാഷ്ട്രീയ സാംസ്‌കാരിക ജീവിത അടരുകള്‍ അവയെക്കുറിച്ചുള്ള സൂചകങ്ങള്‍, ഹാസ്യാത്മക വിമര്‍ശനങ്ങള്‍ വായിച്ചെടുക്കുവാന്‍ സാധിക്കും.  

ടൈം ഷെല്‍ട്ടറിന്റെ ഇതിവൃത്തത്തിന്റെ കാതല്‍ (core) 'The past is not just that which happened to you. Sometimes it is that which you just imagined' എന്ന ഗോസ്റ്റിന്റെ സംഭാഷണശകലമാണെന്ന് ഞാന്‍ കരുതുന്നു. ദയാവധ നിയമം നിലവിലുള്ള സൂറിച്ചില്‍ ധാരാളമായി ദയാവധ കേന്ദ്രങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് സൂറിച്ചില്‍ അറുപത് വയസ്സ് പിന്നിട്ട അല്‍ഷിമേഴ്‌സ് രോഗമുള്ളര്‍ക്കായി ഒരു ക്ലിനിക്ക്  ആഖ്യാതാവും, മനോരോഗവിദഗ്ധനായ ഗോസ്റ്റയിനും ചേര്‍ന്ന് ആരംഭിക്കുന്നത്. ക്ലിനിക്കില്‍ പുരുഷന്മാര്‍ക്ക് മാത്രമായി ഒരു മുറിയുണ്ട് അവിടെ മാച്ച്‌ബോക്‌സ് കാറുകളും സ്‌പോര്‍ട്‌സ് പോസ്റ്ററുകളും ഉണ്ട്. ഇതേപോലെതന്നെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു മുറിയുമുണ്ട്. അതില്‍ ബാര്‍ബിയെയും കെന്നിനെയും അവര്‍ക്ക് കളിപ്പിക്കാം. പഴയകാലഘട്ടത്തിലെ ബ്രാന്‍ഡുകളിലുള്ള മിഠായികള്‍ കിട്ടുന്ന, പഴയകാല ടൈപ്പ്റൈറ്റര്‍ ഉപോയോഗിക്കുവാന്‍സാധിക്കുന്ന മറ്റൊരു മുറിയുമുണ്ടായിരുന്നു ക്ലിനിക്കില്‍. അതായത് ക്ലിനിക്കിന്റെ ഓരോ മുറിയും ഓരോ നിലയും ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ പ്രത്യേകതകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിച്ചുകൊണ്ട്, രോഗികളെ തങ്ങളുടെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ പണിതതാണ്. ക്ലിനിക്കിന്റെ സവിശേഷതകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. പതിയെപ്പതിയെ അല്‍ഷിമേഴ്‌സ് രോഗമില്ലാത്തവരായ ധാരാളം ആളുകള്‍ തങ്ങളുടെ വിരസമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഈ ക്ലിനിക്കില്‍ എത്തിച്ചേരുന്നു.  അധികം വൈകാതെതന്നെ അവര്‍ മറ്റിടങ്ങളില്‍ സമാനമായ ക്ലിനിക്കുകള്‍ തുറക്കുന്നു. 




''The world had become a chaotic open-air clinic of past, as if the wall had fallen away. I wondered whether Gaustine had foreseen all this - he, the one who always made me shut the doors tightly os as not to mix the times...' 

താന്താങ്ങളുടെ ഭൂതകാലത്തോടുള്ള മനുഷ്യാഭിമുഖ്യം രാഷ്ട്രീയമായിട്ടും, അധികാര സ്ഥാപനത്തിനും, നിലനില്പ്പിനായിട്ടും ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കേണ്ടിവരുന്നു എന്ന ബോധ്യമുള്ള ഏതൊരാള്‍ക്കും ടൈം ഷെല്‍ട്ടറിന്റെ വായനയിലൂടെ ധാരാളം പഠാന്തര വായനകള്‍ക്കുള്ള പഴുതുകള്‍ കൂടി സമ്മാനിക്കുമെന്ന് ഞാന്‍ കരുതുന്നു. കൂടാതെ, സമയത്തിന്റെ സങ്കല്‍പ്പത്തെയും സ്വഭാവത്തെയും കുറിച്ച് ചിന്തിക്കാനും, ഓര്‍മ്മകളുമായി ബന്ധപ്പെട്ട് ഭൂതകാലത്തെ എങ്ങനെ സമീപിക്കണം എന്ന് ആലോചിക്കുവാനും ഈ നോവല്‍ സഹായകരമാണെന്ന് വായനാനന്തരം തോന്നി.

''ഇന്നലെകളുടെ തിരമുഴക്കങ്ങള്‍  

ഉറഞ്ഞിരിക്കുന്നു ഉള്ളിനുള്ളില്‍ 

മെല്ലെ മെല്ലെ മങ്ങിത്തുടങ്ങി 

ഈ നിമിഷത്തിന്‍ വര്‍ണ്ണരാജി.   

ആരും കേറാ കുന്നിന്‍തുഞ്ചത്തെ  

ആരും കാണാ പുളിമരച്ചോട്ടില്‍  

നാളേക്കുറിച്ചുള്ള കെട്ടുകഥകള്‍ 

ചൊല്ലിപ്പഠിക്കുന്നു പൂത്താങ്കീരികള്‍.'' 

എങ്ങനെയുണ്ട് എന്റെ ഈ നിമിഷ കവിത. 

കൊള്ളാമല്ലോ! ഇതില്‍ മറഞ്ഞിരിക്കുന്ന ചില എലമന്റ്‌റ്സ് ഉണ്ടല്ലേ.  

ഉണ്ടോ? അറിയില്ല.  നിനക്കെങ്ങനെ തോന്നിയെങ്കില്‍ അതങ്ങനെ തന്നെ കിടക്കട്ടെ.  

ഈ ആണ്ടില്‍ ആഫ്റ്റര്‍ അല്ലാതെ മറ്റ്  കവിതാ സമാഹാരങ്ങള്‍ ഒന്നും വായിച്ചില്ലേ? 

ഡാനിയല്‍പാന്റാനോ പരിഭാഷപ്പെടുത്തിയ റോബര്‍ട്ട് വാള്‍സറിന്റെ (Robert Walser) 'ദ പോയം (The Poem)' എന്ന സമാഹാരവും,  ജിത് തയ്യില്‍ (Jeet Thayil) എഡിറ്റ് ചെയ്ത 'ദ പെന്‍ഗ്വിന്‍ ബുക്ക് ഓഫ്  ഇന്ത്യന്‍ പോയറ്റ്സ് (The Penguin Book Of Indian Poets)' എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് കവിതകളുടെ തിരഞ്ഞെടുത്ത സമാഹാരവും, ലൂയിസ് ഗ്ലുക്കിന്റെ (Louise Glück) 1962 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എഴുതിയിട്ടുള്ള കവിതകളുടെ തിരഞ്ഞെടുത്ത സമാഹാരവും (Poems 1962-2020), വളരെ ചുരുക്കം ചില മലയാള കവിതാ സമാഹാരങ്ങളുമാണ് വായിച്ചിട്ടുള്ളത്. 



വായിച്ചവയില്‍ നിനക്ക് ഇഷ്ടപ്പെട്ട മലയാള കവിതാസമാഹാരങ്ങള്‍ ഏതൊക്കെയായിരുന്നു? 

ഒ.അരുണ്‍കുമാറും ആകര്‍ഷ് കരുണാകരനും ചേര്‍ന്ന് ചെയ്ത സദാശിവന്‍ പൂമ്പാറ്റ എന്ന സമാഹാരവും, നിഷാ നാരായണന്റെ നശാ എന്ന സമാഹാരവും എനിക്ക് കൂടുതല്‍ മികച്ചതായി തോന്നി. ഈ സമാഹാരങ്ങളെക്കുറിച്ച് വിശദമായി എഴുതണമെന്ന് വിചാരിച്ച് ചില ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും മടിയും തിരക്കും കാരണം അത് നടന്നില്ല. നിഷാ നാരായണന്റെ നശാ എന്ന സമാഹാരത്തെ കുറിച്ച് 'കാട്ടില്‍ ഒറ്റയ്ക്കൊരുവള്‍' എന്ന തലവാചകം ഒക്കെ കൊടുത്ത് എഴുത്ത് ആരംഭിച്ചെങ്കിലും ഇടയ്ക്കുവച്ച് അതങ്ങ് നിന്നുപോയി.  

നശാ എന്ന സമാഹാരത്തിലെ  കാട്ടില്‍ ഒറ്റയ്ക്കൊരു ഷേക്സ്പിയര്‍, നശാ, കാഴ്ച്ച, അവള്‍, തര്‍ജ്ജമകള്‍, നീ, എന്റെ വിഷാദവേശ്യയ്ക്കൊരു ഓര്‍മ്മക്കുറിപ്പ്, പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ എന്നീ കവിതകള്‍ വളരെ മികച്ചതായി തോന്നി. നിഷാ നാരായണന്റെ എഴുത്തുരീതിയുടെ ഒരു സവിശേഷത ആഖ്യാന കവിതാരീതിയും, വൃത്തത്തില്‍ പദ്യ രചനാരീതിയും കൈയടക്കത്തോടെ അവലംബിക്കുന്നു എന്നതാണ്. ഇപ്പോള്‍ എഴുതുന്നവരില്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് ഇങ്ങനെ സാധിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാട്ടില്‍ ഒറ്റയ്ക്കൊരു ഷേക്സ്പിയര്‍, ഭൂപ്, ശുഭ്രം തുടങ്ങിയ കവിതകകളില്‍ വൃത്ത സങ്കേതം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭാഷാപരമായി അവ സമകാലികമായി നിലനില്‍ക്കുന്നു. അഥവാ ഇത്തരം സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ പലരും ഉപോയോഗിക്കുന്ന പ്രാഗ് ഭാഷാ പ്രയോഗങ്ങള്‍ ഇക്കവിതകളില്‍ കണ്ടെത്തുവാന്‍ സാധിക്കില്ലെന്നതാണ്. നശാ, കാഴ്ച്ച, അവള്‍, തര്‍ജ്ജമകള്‍, എന്റെ വിഷാദവേശ്യയ്ക്കൊരു ഓര്‍മ്മക്കുറിപ്പ്, പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ തുടങ്ങിയ മറ്റു കവിതകള്‍ ആഖ്യാന സവിശേഷതകള്‍ കൊണ്ടും പ്രമേയത്തിനെ ബിംബവത്കരിക്കുന്ന പ്രതീകങ്ങളുടെ സര്‍റിയല്‍ തെളിമകൊണ്ടും സവിശേഷമായി അനുഭവപെട്ടു. നാടകീയ സംഭാഷണ രീതി നിഷാ നാരായണന്‍ കവിതകളില്‍ പലപ്പോഴും ഉപോയോഗപ്പെടുത്തുന്നത്  കാണാം. അവള്‍, തര്‍ജ്ജമകള്‍, എന്റെ വിഷാദവേശ്യയ്ക്കൊരു ഓര്‍മ്മക്കുറിപ്പ്, പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ തുടങ്ങിയ കവിതകള്‍ ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്. നശാ, എന്റെ വിഷാദവേശ്യയ്ക്കൊരു ഓര്‍മ്മക്കുറിപ്പ് എന്നീ കവിതകളുടെ കാവ്യഭാഷ കൂടുതലും ഫിക്ഷണല്‍ ആണ്. ഫിക്ഷണല്‍ ഭാഷാരീതിയില്‍ കവിത എഴുതുക എന്നത് വളരെ പാടവം വേണ്ട ഒന്നാണ്. ക്രിസ്പിന്റേയും, വിഷ്ണുപ്രസാദിന്റേയും, സുധീഷ് കോട്ടേമ്പ്രത്തിന്റേയും, അനൂപ് കെ ആറിന്റേയും, പ്രമോദ് കെ എമ്മിന്റേയും, വി വി ഷാജുവിന്റേയും ഒട്ടുമിക്ക കവിതകളിലും ഫിക്ഷണല്‍ ഭാഷയുടെ സങ്കേതം അവര്‍ അറിഞ്ഞോ അറിയാതെയോ വളരെ മികവോടെ പ്രയോജനപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. കവിതയില്‍ ഇതൊരു പുതിയ കാര്യമൊന്നും അല്ലെങ്കിലും സമകാലിക പെണ്‍ കവിതയില്‍ ഈ ഒരു എഴുത്ത് സങ്കേതം വളരെ മികവോടെ ചെയ്തിട്ടുള്ളത്  നിഷാ നാരായണനും അലീനയും ആണെന്ന് ഞാന്‍ കരുതുന്നു. 



ഒ.അരുണ്‍കുമാറിന്റെ കവിതകള്‍ പൊതുവെ രംഗാവതരണത്തിന്റെ സാധ്യത ഉള്ളവയാണ്. 2017 ല്‍ ബിനു.എം പള്ളിപ്പാടും, എസ്.കണ്ണനും സന്ദീപും മുന്‍കൈ എടുത്ത് കുമളിയില്‍ വെച്ച് സംഘടിപ്പിച്ച തമിഴ് -മലയാളം കവിത ക്യാമ്പില്‍ വെച്ചാണ് ഞാന്‍ ആദ്യമായി അരുണ്‍കുമാറിന്റെ എക്കോ എന്ന ശബ്ദാവതരണ കവിത കേള്‍ക്കുന്നത്. കേള്‍വി എന്ന ഇന്ദ്രിയാനുഭൂതിയിലൂടെ കവിതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് അന്ന് ഇറങ്ങി ചെല്ലുകയായിരുന്നു. അതേ കൊല്ലം പട്ടാമ്പി കവിത കാര്‍ണിവല്ലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച തിളനിലയിലും അരുണ്‍കുമാറിന്റെ 'രാമായണം കൈദീപിക' എന്ന കൂടിയാട്ടത്തിന്റെ മുദ്രാ സ്വഭാവത്തിന്റേയും ദൃഷ്ടിസങ്കേതത്തിന്റേയും സാധ്യതകള്‍ അവലംബിച്ചുകൊണ്ട് എഴുതിയ അതിമനോഹര കവിത വായിക്കുവാനും സാധിച്ചിരുന്നു. പിന്നീട് അരുണ്‍കുമാറിന്റെ വിവിധ അവതരണ കവിതകള്‍ കാണുവാനും, കണ്ടും കേട്ടും ആസ്വദിക്കുവാനും സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അരുണ്‍കുമാര്‍ തന്റെ ഈ കവിതകളെ എങ്ങനെ ഭാഷയുടെ ലിപി സങ്കേതങ്ങളുപയോഗിച്ച് സമാഹരിക്കും എന്ന ചിന്തയും അതോടൊപ്പം റ്റെക്സ്ച്യറല്‍ ആക്കിയാല്‍ ഈ കവിതകളുടെ അനുഭവതലങ്ങള്‍ എങ്ങനെ സംവേദനക്ഷമം ആകും എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അരുണ്‍കുമാര്‍ ആകര്‍ഷ് കരുണാകരനുമായി ചേര്‍ന്ന് കവിതകളെ അസംബ്ലേജ് ആര്‍ട്ടിന്റെ ചാരുതയോടെ സദാശിവന്‍ പൂമ്പാറ്റ എന്ന പുസ്തകത്തില്‍ സമാഹാരിച്ച്  എന്റെ വിചാരങ്ങളെ തകിടം മറിച്ചിട്ട് എന്നെ അത്ഭുതപ്പെടുത്തി. ഈ കവിതകള്‍ വായിക്കുക മാത്രമല്ല കണ്ടും കേട്ടും അനുഭവിക്കുകയും ചെയ്യാം എന്ന സവിശേഷതകൂടിയുണ്ട്. മലയാളപാണിനീയം, ബഷീറിന്റെ പ്രസവം, ഏങ്ങല്‍ പോലുള്ള കവിതകളില്‍ മൂര്‍ത്തകവിതകളുടെ സങ്കേതം അവലംബിച്ചിട്ടുണ്ട്.  QR കോഡുകള്‍ നല്‍കിക്കൊണ്ട് അച്ഛനും മകനും, എക്കോ, വരൂ, ഒരു തുള്ളില്‍ തീയാല്‍, തിരക്ക്, ഉടല്‍പ്പാടം തുടങ്ങിയ കവിതകള്‍ കണ്ടും കേട്ടും ആസ്വദിക്കുവാനായി ഒരു കിളിവാതില്‍ താളുകളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഭാഷയുടെ രേഖീയതയ്ക്കപ്പുറത്തേക്ക് പരന്നുകിടക്കുന്ന മൊഴിത്താളങ്ങളുടെ, കോലച്ചുവടുകളുടെ പെരുക്കങ്ങള്‍ വിതറുന്ന മുഴക്കങ്ങളുടെ, രണ്ട്  മുദ്രകള്‍ക്കിടയിലെ നോട്ടംകൊണ്ട് പണിതിടുന്ന നിശ്ശബ്ദ സ്വരവിന്യാസങ്ങളുടെ ഒരു തിണയായി ഒ.അരുണ്‍കുമാറിന്റെ കവിതകള്‍ എനിക്ക് അനുഭവപ്പെട്ടു. ഒരു കവിതാ സമാഹാരം ഒരു കലാഉല്‍പ്പന്നം കൂടി ആണെന്ന വാദത്തെ സാധൂകരിക്കുന്നതാണ് ഒ.അരുണ്‍കുമാറും ആകര്‍ഷ് കരുണാകരനും ചേര്‍ന്ന് ചെയ്ത സദാശിവന്‍ പൂമ്പാറ്റ എന്ന സമാഹാരം. 

നീ പി.എന്‍.ഗോപികൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയത് വായിച്ചിരുന്നു. വളരെ സമകാലിക പ്രാധാന്യം ഉള്ളതായി തോന്നിയതിനാല്‍ ഞാന്‍ ആ പുസ്തകം വാങ്ങിയിട്ടുണ്ട്. വായന തുടങ്ങിയപ്പോള്‍ ലിസിക്കത് വായിക്കണമെന്നും പറഞ്ഞ് എടുത്തോണ്ട് പോയി.  

നീ വാങ്ങിയ കാര്യം എനിക്കറിയില്ലായിരുന്നു. ലിസിയോട് ഞാനാണ് ഈ പുസ്തകം വാങ്ങി വായിക്കണമെന്ന് പറഞ്ഞത്. കാരണം ലിസി അക്ഷയ മുകുളിന്റെ (Akshaya Mukul) ഗീതാ പ്രസ്സ് ആന്‍ഡ് ദ മേക്കിങ് ഓഫ് ഇന്ത്യ (Gita Press and the Making of Hindu India) എന്റെ കൈയില്‍നിന്നും വാങ്ങി വായിച്ചിട്ട് തിരിച്ച് തന്നിരുന്നു.

'തിരിച്ച് തന്നിരുന്നു' എന്ന് നീ കുത്തിപറയുന്നത് എനിക്കിട്ടുള്ള കൊട്ടാണെന്ന് മനസ്സിലായി. അത് വിട്.   

ഉവ്വ് ! വാങ്ങിയസ്ഥിതിക്ക് നീ ഉറപ്പായിട്ടും വായിക്കുക. 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകത്തില്‍ മറാഠ കേന്ദ്രീകരിച്ച് എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മത-ദേശീയ പ്രത്യയശാസ്ത്രമായ ഹിന്ദുത്വ രാഷ്ട്രീയം പ്രബലമായി എന്ന് ലഭ്യമായ വിവിധ (ചരിത്ര) രേഖകളുടെ, പുസ്തകങ്ങളുടെ, ഏവര്‍ക്കും അറിയുന്നതായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും തികച്ചും ആധികാരികമായിത്തന്നെ പഠിച്ച് നിരീക്ഷണങ്ങള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിലുള്ള നമ്മുടെ ഭാഷയിലുള്ള ഏറ്റവും മികച്ച പുസ്തകങ്ങളില്‍ ഒന്നാണ് പി.എന്‍.ഗോപീകൃഷ്ണന്‍ എഴുതിയ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന അഭിപ്രായം എനിക്കുണ്ട്. ചിലര്‍ ഈ പുസ്തകത്തെക്കുറിച്ച്  പറയുന്നത് ഇത് സവര്‍ക്കറുടെ കഥ കൂടിയെന്നാണ്. എന്നാല്‍ എനിക്ക് ഈ പുസ്തകം  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭൂതകാലത്തെ എങ്ങനെയൊക്കെ അപനിര്‍മിച്ച് കൊണ്ട്  മത-ദേശീയത പ്രയോഗവല്‍ക്കരിക്കുവാന്‍ തുടക്കം കുറിച്ചു എന്നതിനെക്കുറിച്ച് വളരെ ആധികാരികമായി മനസ്സിലാക്കുവാനും തുടര്‍ വിശകലനങ്ങളുടെ സാധ്യതകള്‍ നല്‍കുന്നതുമായ ഒരു പുസ്തകമാണ്.   



നിനക്കും അറിവുള്ള കാര്യമല്ലേ; ഒരു പ്രത്യേക മതം ദേശീയ ഐഡന്റിറ്റിയുടെ അവിഭാജ്യഘടകം മാത്രമല്ല, രാഷ്ട്രത്തിന്റെ ഭരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും വേണം എന്ന വിശ്വാസം പലപ്പോഴും മത-ദേശീയതയുടെ ഭാഗമായി കണ്ടുവരുന്നു. സര്‍ക്കാര്‍ നയങ്ങളില്‍ മതസ്ഥാപനങ്ങളുടെ/മതാധിഷ്ഠിത പ്രസ്ഥാനങ്ങളുടെ സ്വാധീനം മുതല്‍ ഒരു പ്രത്യേക മതത്തെ ഒരു രാജ്യത്തിനുള്ളില്‍ ഏകീകരിക്കുന്ന ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങളും അതിലെ ഉപപ്രക്രിയകളും ഒക്കെ മത-ദേശീയതയുടെ ഭാഗമാണെന്ന്. യഥാര്‍ത്ഥത്തില്‍ മത-ദേശീയത രാഷ്ട്രീയ നാണയത്തിന്റെ ഒരു വശമാണെങ്കില്‍ അതേനാണയത്തിന്റെ മറുവശമാണ് ഫാസിസം എന്നത്. നാസി ജര്‍മ്മനിയിലും, ഉസ്താസെയുടെ കീഴിലുള്ള ക്രൊയേഷ്യയിലും മറ്റു രാജ്യങ്ങളിലും ഇതൊക്കെ തന്നെ അല്ലായിരുന്നോ. 

എടാ നീ ഫാസിസം, നാസി എന്നൊക്കെ പറയുന്നത് കേട്ടിട്ടാണോ എന്തോ ദോ അവരൊക്കെ നിന്നെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ട്. വാ.. നമുക്ക്  പതിയെ ലൗഞ്ചില്‍ പോയി കുറച്ച് നേരം കുറുകാം. പിന്നെ ഒരു കാര്യം നീ ഈ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.  ജി-ഡ്രൈവില്‍ ഇട്ട് തരാം. എഴുതുമ്പോള്‍ നിനക്ക് സഹായകരം ആവും.  

അതെനിക്കിഷ്ടപ്പെട്ടു... വാ.... പോകാം..  ഇനിയും സമയമുണ്ട്. (ഞങ്ങള്‍ ലാപ്ടോപ്പ് ബാഗും തൂക്കി ലൗഞ്ച്  ലക്ഷ്യമാക്കി നടന്നു.)   

അതെ നീ ഇപ്പോള്‍ ബാഗിലേക്ക് തിരുകിയ ബുക്ക് ഏതാണ്?  

ശെടാ നീ എന്നെ ഇന്റര്‍വ്യൂ ചെയ്ത് കഴിഞ്ഞില്ലേ??  

ഇതതൊന്നുമല്ല.   

അത് മൈക്കോ കനായിയുടെ (Mieko Kanai) മൈല്‍ഡ് വെര്‍ട്ടിഗോ (Mild Vertigo) എന്ന ജാപ്പനീസ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. 1997 ലോമറ്റോ ജാപ്പനീസ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലിന്റെ പോളി ബാര്‍ട്ടണ്‍ ചെയ്ത ഇംഗ്ലീഷ് പരിഭാഷയാണിത്. ഭര്‍ത്താവിനും രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പം ടോക്കിയോയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നത്സുമി എന്ന സ്ത്രീയുടെ കഥയാണ് എന്നും പറയാം.  വായിച്ചിടത്തോളം എനിക്കിഷ്ടപ്പെട്ടു. ചിലഭാഗങ്ങള്‍ ഒക്കെ വായിച്ചപ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ്മവന്നു. ഏകതാനമായ ദിനചര്യകളാണ് നത്സുമിയുടേത്. ഒരുദിവസം അവര്‍ മാസങ്ങളായി ഉടുക്കാതെ വെച്ചിരുന്ന ഒരു ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്നും പഴയ ഒരു ഷോപ്പിംഗ് ലിസ്റ്റ് കണ്ടെത്തുന്നു. അത് കാണുമ്പോള്‍ അല്‍പ്പം മുന്നേ അവര്‍ എഴുതിയ ഷോപ്പിംഗ് ലിസ്റ്റിലുള്ളവ തന്നെയല്ലേ ഇതിലും ഉള്ളതെന്ന്  കണ്ട് അവര്‍ അവരുടെ ഏകതാനമായ ജീവിതത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നയിടത്തില്‍ നിന്നുമാണ് ഈ നോവല്‍ ചുരം കയറുവാന്‍ തുടങ്ങുന്നത്. നീ ലിസിക്ക് ഈ നോവലും ഇവാ ബല്‍തസറിന്റെ ബോള്‍ഡറും സമ്മാനിക്ക്. പുരുഷന്റെ സ്വാഭാവികമായ നോട്ടക്കോണില്‍ നിന്നുമല്ലാതെ ഈ നോവലുകള്‍ വായിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ബോള്‍ഡര്‍ ശ്വേതയ്ക്ക് ഇഷ്ടപ്പെട്ടു. മൈല്‍ഡ്  വെര്‍ട്ടിഗോ അവളാണ് എനിക്ക് നിര്‍ദേശിച്ചത്.  

ശരി സാര്‍..  ദോ നോക്കിക്കേ ലൗഞ്ചിലും തിരക്കും ബഹളവും. 

വാ നമുക്ക് തിരികെ പോയി ഒരു ലഖു മയക്കം അടിക്കാം.   

ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ അവന്‍ ആ ലൗഞ്ചിലേക്ക് നടന്നു.


#Penpoint
Leave a comment