TMJ
searchnav-menu
post-thumbnail

Penpoint

കാലത്തിന് മുന്നേ സഞ്ചരിച്ച ഉമ്മാച്ചുവും ഉറൂബും

14 Feb 2025   |   5 min Read
രശ്മി പി

സ്ത്രീ-പുരുഷ ബന്ധത്തിലെ തീവ്രത സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും വിഷയമാകാറുണ്ട്. അതിൽ തന്നെ പ്രണയം, വേർപാട്, വിരഹം  എന്നിവയുടെ സങ്കീർണ്ണതകൾ  കടന്നുവരുന്ന  കൃതികൾക്കാവും പൊതുവിൽ കൂടുതൽ  ആസ്വാദകർ. കാരണം അത്തരം കൃതികൾ  വായിക്കുന്ന ഒരാൾ സ്വന്തം  ജീവിതത്തെ ആ കൃതിയുമായി താരതമ്യം ചെയ്യുന്നു. ജീവിതത്തിലെ ഉയർച്ച താഴ്ചകളും പ്രണയ പരാജയങ്ങളും, സാക്ഷാത്കാരങ്ങളുമെല്ലാം.  അങ്ങനെ സ്വയമുണ്ടാകുന്ന ആ താദാത്മ്യം ആ വ്യക്തിയെ കൃതിയിലേക്ക് സ്വാധീനിക്കുന്നു.

പ്രണയത്തെ മുൻനിർത്തി എഴുതിയ കഥകളിൽ ബഷീർ, എം. ടി വാസുദേവൻ നായർ എന്നിവർക്കൊപ്പം സ്ഥാനം വഹിക്കുന്ന എഴുത്തുകാരനാണ് ഉറൂബ്. തന്റെ  കൃതികളിലെല്ലാം തന്നെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതോടൊപ്പം ഹൃദയത്തെ സ്പർശിക്കുന്ന പ്രണയകഥ ആവിഷ്കരിക്കാൻ കൂടി അദ്ദേഹം ശ്രദ്ധിക്കുന്നു എന്ന് കാണാം. സ്ത്രീകളുടെ മനസ്സിനെ ആഴത്തിൽ അറിയാൻ ശ്രമിച്ച എഴുത്തുകാരൻ എന്നുകൂടി ഉറൂബിനെ വിശേഷിപ്പിക്കാം. ഏറ്റവും വിദഗ്ധമായി തങ്ങളുടെ സ്നേഹം ഒളിപ്പിക്കാൻ കഴിയുന്നവരാണ് ഉറൂബിന്റെ സ്ത്രീ കഥാപാത്രങ്ങൾ. സാഹചര്യങ്ങൾക്കനുസരിച്ച്‌ തങ്ങളുടെ ആനന്ദവും വേദനയും ഒരുപോലെ ഉള്ളിലൊതുക്കാൻ കെൽപ്പുള്ളവരാണവർ.  
(രാച്ചിയമ്മ,ഉമ്മാച്ചു).

ഒരാളെ സ്നേഹിക്കുമ്പോൾ തന്നെ  മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്ന അനേകം സ്ത്രീകളുടെ പ്രതിനിധിയാണ് ഉമ്മാച്ചു. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മാനുഷിക ബന്ധത്തിന്റെയും സ്നേഹത്തിന്റെയും ആഴവും പരപ്പും വിളിച്ചോതുന്ന നോവലാണ് 1954  ൽ ഉറൂബ് എന്ന  പി. സി കുട്ടികൃഷ്ണൻ എഴുതിയ ഉമ്മാച്ചു. ഒരു സമ്പൂർണ സ്ത്രീ ഹൃദയാഖ്യാനം  എന്ന നിലയിലും കാമിനി മൂലമുണ്ടായ കലഹങ്ങളുടെ കഥ എന്ന നിലയിലുമാണ് ഉമ്മാച്ചു എന്ന നോവൽ  ശ്രദ്ധിക്കപ്പെടുന്നത്. 70 വർഷം പൂർത്തിയാക്കുമ്പോൾ  ഉമ്മാച്ചു എന്ന കൃതി  കാലത്തിനൊപ്പം സഞ്ചരിച്ച കൃതിയെന്നോ അല്ലെങ്കിൽ കാലത്തിനു മുന്നേ സഞ്ചരിച്ച കൃതിയെന്നോ നമുക്ക് വിലയിരുത്താം.

Rachiyamma Uroob Poorna Publications ,bookspell.co.in ,grandhappura.comREPRESENTATIVE IMAGE | WIKI COMMONS
മധ്യ മലബാറിലെ മനുഷ്യർക്കിടയിലെ സ്നേഹവും സ്നേഹത്താൽ രൂപപ്പെട്ട വിദ്വേഷവും ചതിയും നോവലിൽ ദർശിക്കാം. രണ്ടു തലമുറയുടെ കഥ പറയുന്നതോടൊപ്പം തലമുറകൾ രൂപം കൊണ്ടതിന്റെ ചരിത്രം കൂടി ഉറൂബ് നോവലിൽ ആവിഷ്കരിക്കുന്നു. അറബികളുടെയും നമ്പൂതിരിയുടെയും സംസർഗം കൊണ്ട് രൂപംകൊണ്ട ഗുദാമിന്റേയും, വെള്ളിക്കോലിന്റെയും കഥകൾ നോവലിൽ കടന്നുവരുന്നുണ്ട്. ജാതി ഭ്രഷ്ട്  കൽപ്പിച്ച സ്ത്രീകളെ  ( നായർ,നമ്പൂതിരി)  അറബികൾ ഭാര്യമാരാക്കുകയും, അടിമകളാക്കി മാറ്റിയെടുക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറവും ജാതിയും മതവും അധികാരികളായി തുടരുന്നതും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഭ്രഷ്ട്   കൽപ്പിക്കുന്ന പെൺകുട്ടികളും , ദുരഭിമാന കൊലകളും നിലനിൽക്കുന്നു എന്നതും ആലോചന വിഷയമാണ്. സമൂഹത്തിൽ നിന്നും സ്വപ്രേരണയാലയോ അല്ലാതെയോ നിഷ്കാസിതരാകുന്ന മനുഷ്യൻ  ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നതിനും  ഉമ്മാച്ചു എന്ന നോവൽ സാക്ഷ്യം വഹിക്കുന്നു.

നോവലിന്റെ ഘടനയിലേക്കും കഥാപാത്രങ്ങളിലേക്കും സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ, ഉമ്മാച്ചു എന്ന നായിക കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ ആ നോവലിനെ  നയിക്കുന്നത് കാണാം.കളികൂട്ടുകാരായിരുന്ന ബീരാന്റേയും, മായന്റേയുമൊപ്പം ബാല്യം ചെലവഴിച്ച ഉമ്മാച്ചു മായനെ പ്രണയിച്ചെങ്കിലും അവൾക്ക് ബീരാനെ വിവാഹം കഴിക്കേണ്ടിവരുന്നു. വിവാഹത്തിന് മുമ്പോ അതിനുശേഷം ഉമ്മാച്ചു തന്റെ പ്രണയം മായനോടായിരുന്നു എന്ന് വെളിപ്പെടുത്തുന്നില്ല. ഒരു നിർണായകഘട്ടത്തിൽ മാതാപിതാക്കളുടെ ആഗ്രഹം പോലെ ധനികനായ ബീരാനെ അവൾക്ക്  വിവാഹം കഴിക്കേണ്ടി വരികയാണ്.

ഉമ്മാച്ചുവിന്റെ വിവാഹത്തോടെ നാടുവിട്ട മായൻ,  ഉമ്മാച്ചുവിനും ബീരാനും ഒരു കുഞ്ഞു ജനിച്ചശേഷമാണ് നാട്ടിലെത്തുന്നത്. വേലിപ്പുറത്ത് വച്ച് മായനും ഉമ്മാച്ചുവും വീണ്ടും കണ്ടുമുട്ടുമ്പോൾ അവളിൽ പഴയ അനുരാഗം തലപൊക്കി എഴുന്നേൽക്കുന്നു. വിവാഹത്തോടെ  ബീരാന്റെ വീട്ടിലെ സർവാധികാരിയായി ഉമ്മാച്ചു മാറി. സകല കാര്യത്തിലും ബീരാനെ  നിയന്ത്രിക്കാനും ജോലിക്കാരെ അടക്കി നിർത്താനുമുള്ള  പ്രാപ്തി ഉമ്മാച്ചുവിന്റെ  നോക്കിലും വാക്കിലും ഉണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം ഉറങ്ങുന്ന ഒരു രാത്രി ബീരാനെ കുത്തി ഓടി മറഞ്ഞ  കൊലയാളിയെ ഉമ്മാച്ചു  വ്യക്തമായി കണ്ടിരുന്നെങ്കിലും  അവളത് തുറന്നു പറയുന്നില്ല. ഒന്നുമറിയാത്ത സാധുവായ ബീരാൻ എന്ന മനുഷ്യൻ ഉമ്മാച്ചുവിനെ ഭ്രാന്തമായി സ്നേഹിച്ചതിന്റെ പേരിൽ കൊല്ലപ്പെടുകയാണ്.

ഒന്നാലോചിച്ചാൽ ഉമ്മാച്ചു ബീരാൻ എന്ന ഭർത്താവിനെ സ്നേഹിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമാണ് കാരണം അവളുടെ  മനസ്സിൽ അന്നും എന്നും മായനായിരുന്നു എന്നത് വ്യക്തമാണ്. വിധവയായ ഉമ്മാച്ചു മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറാവുകയും അത് ബീരാന്റെ കൊലയാളിയും താൻ പ്രണയിച്ചവനുമായ മായനെ തന്നെ തിരഞ്ഞെടുത്തുമായി നിരവധി വാദഗതികൾ വന്നിട്ടുണ്ട്. മുസ്ലിം സ്ത്രീകളിൽ വിധവാവിവാഹം അത്രകണ്ട് സങ്കീർണമായിട്ടും ബീരാന്റെ മരണത്തിന്റെ ഏറെ കാലതാമസമില്ലാതെയാണ് അവൾ മായനെ സ്വീകരിച്ച് തന്റെ പ്രണയം സാക്ഷാത്കരിച്ചത്. കൂട്ടിച്ചേർക്കാൻ കഴിയാത്ത ഒരു ബന്ധത്തിലാണ് താൻ ജീവിച്ചിരുന്നത് എന്ന് ഉമ്മാച്ചുവിന്  ബീരാനെ കാണുമ്പോഴെല്ലാം തോന്നാറുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ ബീരാന്റെ മരണം ഉമ്മാച്ചുവിന്  ഒരു അനുഗ്രഹം തന്നെയായിരുന്നു.

ഉറൂബ് | PHOTO: WIKI COMMONS
നോവലിൽ ഉടനീളം ശക്തമായ നിലപാടുകളുമായാണ് ഉമ്മാച്ചു നിറഞ്ഞു നിൽക്കുന്നത്. കാലാന്തരത്തിൽ പുതിയ തലമുറക്കാരിയായ ചിന്നമ്മവും  ഉമ്മാച്ചുവിന്റെയും ബീരാന്റെയും മകൻ അബ്ദുവും ഒന്നിച്ചു  ജീവിക്കാൻ തീരുമാനിക്കുമ്പോൾ ഉമ്മാച്ചു തന്റെ ചെറുപ്പകാലം തന്നെ നേരിൽ കാണുകയായിരുന്നു. ഇഷ്ടപ്പെടുന്നവനെ നേടിയെടുക്കാൻ വേണ്ടി വാശിയും  വീറും കാണിക്കുന്ന പെണ്ണിനെ ഉമ്മാച്ചുവിന്  അംഗീകരിക്കാതിരിക്കാൻ പറ്റില്ല. "കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ലല്ലോ" എന്ന ചിന്നമ്മുവിന്റെ  വാക്കിൽ ഉമ്മാച്ചു ചൂളി പോകുന്നുണ്ട്. സ്നേഹത്തിനുവേണ്ടി ജാതിയെയും സമുദായത്തെയും വെല്ലുവിളിക്കുന്നതിലും അപ്പുറമായി ചാപ്പുണ്ണി നായരുടെ അന്തസ്സിനെയും അഭിമാനത്തെയും ഓർത്താണ് ഉമ്മാച്ചു നെടുവീർപ്പിട്ടത്.

ഉമ്മാച്ചുവിനെ കൂടാതെ ചാപ്പുണ്ണിനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി, മകൾ ചിന്നമ്മു എന്നിവർ നോവലിൽ തങ്ങളുടെതായ കാഴ്ചപ്പാടുകൾ കൊണ്ട് ശ്രദ്ധേയമായ സാന്നിധ്യമായി മാറുന്നുണ്ട്. ലക്ഷ്മിക്കുട്ടി ചാപ്പുണ്ണി നായരുടെ ആഗ്രഹം പോലെ ലക്ഷണമൊത്ത കുലസ്ത്രീ സങ്കൽപ്പത്തിൽപ്പെട്ട സ്ത്രീ തന്നെയായിരുന്നു. തറവാടിന്റെ ആഢ്യത്തവും പെരുമയും ആ സ്ത്രീയിലൂടെ നിലനിൽക്കുന്നതും വർദ്ധിക്കുന്നതും ചാപ്പുണ്ണി നായരും സമൂഹവും വിലയിരുത്തുന്നുണ്ട്. എന്നാൽ  പുതിയ തലമുറയിലേക്ക് കടന്നുവന്ന അവരുടെ മകൾ സമൂഹത്തിന്റെ മനസ്സിൽ കുലസ്ത്രീ സങ്കൽപ്പത്തിന് ചേർന്നവൾ ആയിരുന്നില്ല. ആൺകുട്ടികളോടൊപ്പം കൂട്ടുകൂടാനും പ്രായപൂർത്തിയായിട്ടും തുടർന്ന് പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനാവശ്യമായതെന്തും വാശിയോടെ ആർജ്ജിച്ചെടുക്കുകയും ചെയ്യുന്ന ഉശിരുള്ള  "തലതെറിച്ച" പെണ്ണായിട്ടാണ് ചിന്നമ്മുവിനെ സമൂഹം കാണുന്നത്.

സമപ്രായത്തിലുള്ളവരൊക്കെ വിവാഹം കഴിഞ്ഞ് മക്കളുമായി ജീവിക്കുമ്പോഴും ചിന്നമ്മു അവിവാഹിതയായി നടന്നത് അവളുടെ മനസ്സിൽ തീരുമാനമെടുത്തുറപ്പിച്ച പദ്ധതിയുടെ നടത്തിപ്പിനു വേണ്ടിയായിരുന്നു. അന്യമതസ്ഥനായ അബ്ദുവിനെ അവൾ സ്നേഹിക്കുകയും ഭർത്താവായി സ്വീകരിക്കുകയും ചെയ്തത് ജാതിയുടെ പേരിൽ അഭിമാനിച്ച് നടക്കുന്ന സമൂഹത്തിനേറ്റ അടിയായിരുന്നു. അന്യമതസ്ഥനുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെ ജാതിക്കുറ്റം ചുമത്തി പുറത്താക്കുന്ന പാരമ്പര്യമുണ്ടായിട്ടും ചാപ്പുണ്ണി നായർക്ക് തന്റെ മകളുടെ തീരുമാനത്തിൽ അമിത രോഷം കാണിക്കാൻ പറ്റുന്നില്ല എന്നത് നോവലിൽ കാണാവുന്നതാണ്. അതിന് ഒരു പക്ഷേ രണ്ട് കാരണം വായനക്കാർക്ക് കണ്ടെത്താം 1) താൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മാച്ചുവിന്റെ വീട്ടിലേക്കാണ്/ അവരുടെ മരുമകളായാണ് ചിന്നമ്മു  പോകുന്നത്. 2) അബ്ദു അയാൾക്ക് എന്നും മകനായിരുന്നു ചെറുപ്പത്തിൽ തന്നെ ബാപ്പ(ബീരാൻ ) മരിച്ച അബ്ദുവിനെ പിതൃവാത്സല്യത്തോടെ സംരക്ഷിക്കുന്നതും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ചാപ്പുണ്ണി നായരാണ്.

ഉമ്മാച്ചുവിന്റെ പ്രതിരൂപമോ അല്ലെങ്കിൽ ഒരുപടി കൂടുതൽ മിടുക്കുള്ളവളോ ആയ കഥാപാത്രമാണ് നോവലിൽ ചിന്നമ്മു. എഴുപതു വർഷങ്ങൾക്കു മുൻപേ സ്ത്രീ കുടുംബത്തിന്റെ സർവ്വാധികാരി ആകുന്നതും കുടുംബവ്യവസ്ഥയിലും ഗൃഹഭരണത്തിലും വ്യക്തമായ അഭിപ്രായം പുലർത്തുന്നവളുമായിരുന്നെന്ന് നോവലിൽ നിന്ന് കൂട്ടി വായിക്കാം. ബീരാൻ ജീവിച്ചിരിക്കുമ്പോഴും കുടുംബത്തിലെ തീരുമാനങ്ങൾ എടുക്കുന്നതും ഒരു പരിധിവരെ ബീരാനെ നിയന്ത്രിക്കുന്നതും ഉമ്മാച്ചുവാണ്. അതുപോലെ  തന്നെ അബ്ദുവിന്റെ മനസ്സിലെ കരടുകളെല്ലാം വകഞ്ഞു മാറ്റി അയാളെ ഉശിരുള്ള ആണാക്കി മാറ്റുന്നതും ചിന്നമ്മുവിന്റെ വാക്കും നോക്കുമാണ്.

REPRESENTATIVE IMAGE | WIKI COMMONS
സ്വാതന്ത്ര്യാനന്തര കേരളത്തിലെ മലബാർ  പ്രദേശങ്ങളിലെ ഹിന്ദു, മുസ്ലിം കുടുംബത്തിൽ നടന്ന ഒരു കഥ എന്നതിന്മപ്പുറം അംഗീകരിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളെ കൂടിയാണ് നോവലിൽ ചിത്രീകരിക്കുന്നത്. മുസ്ലീങ്ങൾക്ക് മാത്രമായി മറ്റൊരു രാജ്യം എന്ന നിയമത്തെ മറികടന്ന് ഇന്ത്യയിൽ / കേരളത്തിൽ ഏതൊരു സമുദായത്തെയും പോലെ കച്ചവടവും മറ്റു തൊഴിലും ചെയ്ത് ജീവിക്കാനും അധികാരം ഉണ്ടായിരുന്നു. ഹിന്ദു മുസ്ലിം ലഹളകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹിന്ദു സ്ത്രീ മുസ്ലിം ചെറുപ്പക്കാരന്റെ കൂടെ സ്വന്തം ഇഷ്ടപ്രകാരം താമസിക്കാൻ തയ്യാറാകുന്നത്. വർഗീയതയുടെ വിത്തുകൾ മുളപൊട്ടാതെ, മറ്റൊരു ലഹളക്ക് വഴിയൊരുക്കാതെ, ആളുകളുടെ  നാവിൻ തുമ്പിൽ തട്ടി കളിക്കുന്ന വെറും സംസാരമായി ആ വാർത്ത ഒതുങ്ങിയത് അധികാരമുള്ള കുടുംബത്തിന്റെ പാരമ്പര്യം ഒന്നുകൊണ്ടുതന്നെയാണ്.

തങ്ങൾക്ക് ജീവിക്കാൻ പ്രത്യേകമായി ഒരു ജാതിയോ മതമോ വേണ്ടെന്നും, രണ്ട് വ്യക്തികളായി പരസ്പരം സ്നേഹിച്ച് കുടുംബം പുലർത്താനുമാണ് താല്പര്യമെന്നും ഉറക്കെ പറയുന്ന ചിന്നമ്മുവിന്റെ വാക്കുകളാണ് ചരിത്രമാകേണ്ടത്. പൗരത്വ ഭേദഗതിയും ദുരഭിമാനവും വർഗീയതയും ജാതി ഭ്രാന്തുമെല്ലാം അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിലും കാലത്തിനു മുൻപേ സഞ്ചരിച്ച്  ഇതെല്ലാം വിഷയമാക്കിയ ഉറൂബ് എഴുത്തുകാരനെ വിസ്മരിക്കാൻ അദ്ദേഹത്തെ വായിച്ചിട്ടുള്ള ആർക്കും കഴിയില്ല.

സ്നേഹത്തിന്റെയും കാമനകളുടെയും കഥ മാത്രമല്ല ഉമ്മാച്ചു നഷ്ടത്തിന്റെയും വേദനയുടെയും കഥ കൂടിയാണ് കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ ആസ്വാദ്യകരമായി അവതരിപ്പിക്കുക എന്നത് എഴുത്തുകാരന്റെ വിജയമാണ്. അതുകൊണ്ട് കൂടിയാണ് ഉമ്മാച്ചു കാലങ്ങൾക്ക് ശേഷവും സാഹിത്യത്തിൽ തിളങ്ങിനിൽക്കുന്നത്.

അബ്ദുവിന്റെയും ചിന്നമ്മുവിന്റെയും   പ്രണയം നോവലിന്റെ ഭാഗമാകുമ്പോൾ ഹിന്ദു സ്ത്രീയും മുസ്ലിം പുരുഷനും തമ്മിലുള്ള (അ)വിഹിതബന്ധം സാഹിത്യത്തിൽ ആണെങ്കിൽ പോലും ലൗ ജിഹാദ് കൽപ്പിക്കുന്ന നമ്മുടെ നാട്ടിലെ വായനക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം  ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഉറൂബ് എടുത്ത് ധീരമായ നിലപാട് പറയാതെ വയ്യ. വിവാദങ്ങൾ ഉണ്ടെങ്കിലും ജാതിമതഭേദമില്ലാതെ പച്ചയായ മനുഷ്യർ തമ്മിലുള്ള ദൃഢമായ ബന്ധത്തിനാണ്  നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്ന ആശയത്തെ മുറുകെ പിടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്ന് കാണാം.

ഭർത്താവിനോട് വിശ്വസ്തത പുലർത്തിക്കൊണ്ടുതന്നെ ഉമ്മാച്ചു ഇഷ്ടപ്പെട്ടവനെ സ്വപ്നം കാണുന്നു,അയാളെ അവൾക്ക് മറക്കാനാവുന്നില്ല. സംസ്കാരവും മതബോധവും കൂടി ചേർന്ന യാഥാസ്ഥിതിക ചിന്താഗതിയുടെ അടിമയായി മാറുകയായിരുന്നു ഉമ്മാച്ചു. അതുകൊണ്ട് തന്നെയാണ് ഉമ്മാച്ചുവിന് കാമുകനോടൊപ്പം ഒളിച്ചോടാൻ കഴിയാത്തതും. വ്യവസ്ഥിതികളെ മാനിച്ചുകൊണ്ട് ജീവിക്കാൻ അവൾ തയ്യാറെടുക്കുകയായിരുന്നു എന്ന് സാരം. ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ധാരാളമാണ് അവരോട് ഉമ്മാച്ചുവിനൊരു ഉപദേശമുണ്ട് " ആത്മഹത്യ ചെയ്താൽ, അതോടെ കളിയൊക്കെ കഴിഞ്ഞില്ലേ. പിന്നെ ഒന്ന് കാണാൻ കൂടി കഴിയോ'?. മരണം കൊണ്ട് സ്നേഹം കാണിക്കുന്നതിലും നല്ലത് പ്രായോഗികത കണക്കിലെടുത്ത് യുക്തിപൂർവം ജീവിച്ചുകൊണ്ട് സ്നേഹിക്കുന്നതാണ്. ഉമ്മാച്ചുവിന്റെ പ്രണയം കാല്പനികമാണെന്ന് പറയാൻ കഴിയില്ല. മറിച്ച് വീറും വാശിയും ചൂടും ചൂരും രക്തവും മാംസവും കലർന്നതാണ്.

കുടുംബം, ദാമ്പത്യം എന്നീ പുരുഷ കേന്ദ്രീകൃതവ്യവസ്ഥിതികൾക്ക് പെണ്ണിനെ അടച്ചിടാം. എന്നാൽ അവളുടെ മനസ്സിനെ (പ്രണയത്തെ ) വിലങ്ങിലിടാൻ ഒരുത്തനും കഴിയില്ലെന്ന് ഉമ്മാച്ചു തെളിയിച്ചുകൊണ്ടിരുന്നു. ആദർശ ദാമ്പത്യ ബന്ധത്തിലെ പൊള്ളയായ കാഴ്ചകളാണ് നോവലിൽ  വ്യക്തമാക്കുന്നത്. വിചാരത്തെ വിവേകം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതാണ് ഉമ്മാച്ചുവിന്റെ വിജയം. ജീവിതത്തിന്റെ തുടർച്ചകളെ  തിരിച്ചറിഞ്ഞും വാർദ്ധക്യത്തിന്റെ അവശതകളിൽ  അതിജീവിച്ചും സ്ത്രീത്വത്തിന്റെ  രൂപമായി ഉമ്മാച്ചു ഇന്നും ജീവിക്കുന്നു.





#Pen point
Leave a comment