2023 ലെ അപ്രതീക്ഷിത വായനകള്‍
അപ്രതീക്ഷിതമായ ചില വായനകളിലേക്ക് കടന്നുപോയ വര്‍ഷമാണ് 2023. ഓരോ വര്‍ഷാരംഭത്തിലും, മൂന്നോ നാലോ മാസം കൂടുമ്പോഴും, വരും വര്‍ഷത്തേക്ക്, മാസങ്ങളിലേക്ക് വായനയെക്കുറിച്ച് ചില കരുതലുകള്‍ ഉണ്ടാവുകയും, അതുപ്രകാരം മുന്നോട്ടുപോകുകയും ചെയ്യാറുണ്ട്. പക്ഷേ, ഇടയ്ക്ക് വരുന്ന ചില സാമൂഹിക രാഷ്ട്രീയസംഭവങ്ങള്‍, എഴുത്തുകാരുടെ മരണങ്ങള്‍, ഓര്‍മ്മദിനങ്ങള്‍-എല്ലാം പദ്ധതിയിട്ട വായനാമാപ്പില്‍നിന്ന് വ്യതിചലിപ്പിച്ചേക്കാം. അങ്ങനെയുള്ള 2023-ലെ ചില അനുഭവങ്ങളാണ് ഈ കുറിപ്പില്‍.
ഒന്ന്:
2023 ഫെബ്രുവരിയില്‍ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൂര്‍ണ്ണമായി പങ്കെടുത്തിരുന്നു. അന്നവിടെ ഒരു ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കേണ്ട ഒരാള്‍, പ്രശസ്ത ഉഗാണ്ടന്‍ അക്കാഡമിക് ആയ മഹ്‌മൂദ് മംദാനിയായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ കുറച്ചു നേരത്തെ വായിച്ചിരുന്നെങ്കിലും, ആ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും സാധിക്കുമെങ്കില്‍ അല്‍പസമയം അദ്ദേഹവുമായി സംവദിക്കുകയും ചെയ്യണമെന്ന ആഗ്രഹത്തോടെ, ജയ്പൂരിലേക്കുള്ള നാല്‍പതുമണിക്കൂര്‍ ട്രെയിന്‍ യാത്രയ്ക്കിടെ മംദാനിയെ വായിക്കാനിരുന്നു. അതൊരു, പുതുവായനാനുഭവത്തിലേക്കുള്ള പ്രവേശമായിരുന്നു. പെട്ടെന്നുള്ള യാത്രയായതിനാല്‍, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയില്ല. സെക്കന്‍ഡ് ക്ളാസില്‍ ഞെരുങ്ങിയിരുന്നായിരുന്നു യാത്രയെങ്കിലും, ആ വായനയുടെ ആവേശം, യാത്രാക്ലേശങ്ങളെയൊക്കെ മറപ്പിച്ചു.
പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചില ഗ്രാന്‍ഡ് പ്രോജക്റ്റുകളെക്കുറിച്ചും, മതത്തിന്റെ പാരമ്പര്യഘടനകളില്‍നിന്ന് മാറിയതുകാരണം അവര്‍ എങ്ങനെയാണ് അപകടകരമായി പരിണമിച്ചത് എന്നും വിശദീകരിക്കുന്നുണ്ട് മംദാനി. ജമാഅത്തെ ഇസ്ലാമിയെയും താലിബാനെയും ഒരേ ധാരയില്‍ നിര്‍ത്തുന്നതിന് മഹമൂദ് മംദാനിയെപ്പോലുള്ളവര്‍ നല്‍കുന്ന വിശദീകരണങ്ങളില്‍, ഇന്ന് നിര്‍വചിക്കപ്പെടുന്ന രാഷ്ട്രീയ ആധുനികതയിലേക്ക് (political modernisation) രൂപാന്തരപ്പെടാനും, മതത്തെ മതപാരമ്പര്യത്തില്‍ നിന്ന് വിഭിന്നമായി ആധുനിക അക്രമ രാഷ്ട്രീയ വഴിയെ നിര്‍വ്വചിക്കാനും സയ്യിദ് ഖുതുബും മൗദൂദിയും ഒക്കെ വലിയ രൂപത്തില്‍ ആശ്രയിക്കുന്നത്, ഇസ്ലാമിക ടെസ്റ്റുകളുടെ വിശദീകരണ രീതിയെ അല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. മംദാനി ആ സമ്മേളനത്തിന് വന്നിരുന്നില്ലെങ്കിലും, ആ വായനകള്‍ വലിയൊരു വഴിതുറക്കലായിരുന്നു.
മഹ്‌മൂദ് മംദാനി | PHOTO: WIKI COMMONS
രണ്ട്:
സെര്‍വന്റ്‌സ് മുതല്‍ മാര്‍ക്വേസ് വരെയുള്ള അനേകം സ്പാനിഷ് എഴുത്തുകാരെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഈഡിത്ത് ഗ്രോസ്മാന്‍ വിടപറഞ്ഞത് കഴിഞ്ഞ സെപ്തംബര്‍ നാലിനായിരുന്നു. ആ വാര്‍ത്ത ആദ്യമായി ഷെയര്‍ ചെയ്തത്, ദി മലബാര്‍ ജേണലിലെ സനീഷേട്ടനായിരുന്നു. അവരെക്കുറിച്ചു കൂടുതല്‍ വായിക്കാന്‍, ആ മരണ വാര്‍ത്തയും തുടര്‍ന്നു വന്ന അനുസ്മരണ കുറിപ്പുകളും ഹേതുവായി. അന്ന് വായിച്ച അവരുടെ പുസ്തകമാണ് Why Translation Matters.
വിവര്‍ത്തനത്തെക്കുറിച്ചുള്ള മൗലികമായ ഒരു ടെക്സ്റ്റ് ബുക്കാണ് ഈ ഗ്രന്ഥം. നെരൂദയുടെ കവിതകള്‍ വായിച്ചത് തന്നെ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലേക്ക് അടുപ്പിച്ചുവെന്ന് അവര്‍ വിവരിക്കുന്നുണ്ട്. വിവര്‍ത്തനം അലസമായിചെയ്യേണ്ട ഭാഷാപ്രക്രിയയല്ല. ഫിക്ഷന് എടുക്കാം. അതിലെ സംഭാഷണങ്ങള്‍ മിക്കപ്പോഴും കഥാപാത്രത്തിന്റെ സാമൂഹിക അന്തസ്സ്, പദവി, വിദ്യാഭ്യാസം എന്നിവയെല്ലാം അടങ്ങിയതായിരിക്കും. ഹാസ്യമുണ്ടാകും. ഗദ്യത്തിലെ താളമുണ്ടാകും, ദീര്‍ഘവും ഒഴുക്കുള്ളതുമായ പ്രയോഗങ്ങളുണ്ടാകും. കൊച്ചു ശൈലികളുണ്ടാകും, നാട്ടുമൊഴികളുണ്ടാകും, ഭാഷയുടെ സുന്ദര രൂപങ്ങളുണ്ടാകും. ശൈലീ ഭേദങ്ങള്‍ കാണും- ഇവയെല്ലാം ചോരാതെ വിവര്‍ത്തനത്തിലും കൊണ്ടുവരാന്‍ പറ്റണം എന്ന് പറയുന്നുണ്ട് ഈഡിത്ത് ഗ്രോസ്മാന്‍.
വിവര്‍ത്തങ്ങളാണ് മാര്‍ക്വേസിനെപ്പോലുള്ള മഹാ എഴുത്തുകാരെ രൂപപ്പെടുത്തിയത്. അമേരിക്കന്‍ എഴുത്തുകാരനായ വില്യം ഫാക്‌നറുടെ രചനകളോട് ചെറുപ്പത്തില്‍ വലിയ താത്പര്യം തോന്നിയിരുന്നു മാര്‍ക്വേസിന്. ഫാക്നറെ അദ്ദേഹം വായിക്കുന്നത് വിവര്‍ത്തനങ്ങളിലൂടെയാണ്. കാഫ്കയെയും ജോയ്സിനേയും ലോറന്‍സിനെയും വില്യം ഐറിഷിനെയും എല്ലാം മാര്‍ക്വേസ് വായിക്കുന്നത് വിവര്‍ത്തനങ്ങള്‍ വഴിയാണ്. ആ വായനകളെക്കുറിച്ച് മാര്‍ക്വേസ് പറയുന്നുണ്ട്: 'ഞാന്‍ റൂമിലിരുന്ന് വായന തുടങ്ങി. ഭാഗ്യത്തിനും സാന്ദര്‍പികവശാലും കയ്യില്‍ വന്ന പുസ്തകങ്ങള്‍. ഭാഷയെയും എഴുത്തിന്റെ സാങ്കേതിക വശങ്ങളെയും കുറിച്ചുള്ള അമൂല്യമായ അറിവുകള്‍ ആ വായനകള്‍ എനിക്ക് നല്‍കി. കാഫ്കയുടെ മെറ്റമര്‍ഫോസിസ് വായിച്ച ശേഷം, മുമ്പ് ഉറങ്ങിയ പോലെ എനിക്കുറങ്ങാന്‍ പറ്റിയിട്ടില്ല. അതിന്റെ ആദ്യ വരി വായിച്ചത് മുതല്‍, ഞാന്‍ മറ്റൊരു സാഹിത്യ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇങ്ങനെ, വിവര്‍ത്തനവുമായി ബന്ധപ്പെട്ടു നിരവധി പുതുവിവരങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.
ഈഡിത്ത് ഗ്രോസ്മാന്‍ | PHOTO: WIKI COMMONS
മൂന്ന്:
തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ അലസമായി പുസ്തകങ്ങള്‍ തിരയുന്ന ഘട്ടത്തിലാണ് ജുമ്പ ലാഹിരിയുടെ 'In other words' കണ്ടത്. ആദ്യ പേജ് വായിച്ചപ്പോഴേ അത് വാങ്ങാന്‍ തോന്നി. ജുമ്പ ലാഹിരി ഇംഗ്ലീഷില്‍ നിന്ന് ഇറ്റാലിയന്‍ ഭാഷയിലേക്കു നടത്തിയ പരിവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണിത്. അമേരിക്കയിലാണ് അവര്‍ ജനിക്കുന്നത്. അച്ഛനും അമ്മയും ബംഗാളില്‍ നിന്നുള്ളവരാണ്. തന്റെ വേരിന്റെ ഭാഷ-ബംഗാളി- ചെറുപ്പത്തിലേ അവര്‍ക്കന്യമായിരുന്നു. ഇംഗ്ലീഷായിരുന്നു അവരുടെ പ്രധാന ഭാഷ. ജുമ്പയുടെ ആദ്യകാല രചനകളെല്ലാം ഇംഗ്ലീഷിലാണ്.
നാല്‍പത് വയസ്സാകാനടുക്കുമ്പോള്‍ ഇറ്റാലിയന്‍ ഭാഷയോട് അതിതീവ്ര പ്രണയമായി ജുമ്പക്ക്. അതവരുടെ രണ്ടാം ഭാഷ പോലും ആയിരുന്നില്ല. ഇറ്റാലിയന്‍ ഭാഷയിലെ അക്ഷരങ്ങള്‍ പോലും അന്നേരം അറിയില്ല. എന്നാല്‍ ഉള്ളില്‍ ഉറച്ച നിശ്ചയമുണ്ടായിരുന്നു, ഇറ്റാലിയന്‍ പഠിക്കണമെന്ന്. അതിനായി അവര്‍ ആദ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഒരു ഇറ്റാലിയന്‍ വ്യാകരണ പുസ്തകം വാങ്ങിച്ചു. അത് ശ്രദ്ധയോടെ പഠിച്ചു. വ്യാകരണമല്ലല്ലോ ഭാഷ. അതനുഭവത്തിലൂടെ ഹൃദയത്തിലേക്ക് ആവേശിക്കല്‍ കൂടിയാണ്. തന്റെ ഇംഗ്ലീഷ് പുസ്തക പ്രകാശനത്തിന് 2007-ല്‍ റോമില്‍ പോയപ്പോള്‍, അല്‍പം ഇറ്റാലിയന്‍ സംസാരിക്കാന്‍ നോക്കി. ചില വാക്കുകള്‍ വായില്‍ ഉരുണ്ടു. കേവല വായനകളും, വ്യാകരണവും മാത്രം പോരാ, ഇറ്റാലിയന്‍ ഭാഷയിലേക്കുള്ള തന്റെ സഞ്ചാരം പൂര്‍ണമാകാന്‍ എന്നവര്‍ക്ക് ബോധ്യപ്പെട്ടു.
പിന്നീട് നിരന്തരമായ ശ്രമമായിരുന്നു. അമേരിക്കയില്‍ താമസിക്കുന്ന ഇറ്റാലിയന്‍ സ്വദേശികളായ സ്ത്രീകളെ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുത്തലായി. അവരുമായി സംസാരിച്ചു. തന്റെ ഉച്ചാരണ പ്രശ്നങ്ങളും, പദങ്ങളുടെ തിരഞ്ഞെടുപ്പിലെ പ്രശ്ങ്ങളും ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞു. അവരുടെ ഉപദേശങ്ങള്‍ സൂക്ഷ്മതയോടെ കേട്ടു. ആവശ്യമായവ നോട്ടുകളായി എഴുതി. ഒഴിവുനേരങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിച്ചു പഠിച്ചു. 2012 ആകുന്നതോടെ അവരൊരു തീരുമാനത്തിലെത്തി; ഇനിയെന്റെ ഒന്നാം ഭാഷയായ ഇംഗ്ലീഷില്‍ കുറേക്കാലത്തേക്ക് എഴുതുകയേ ഇല്ലായെന്ന്. ഇംഗ്ലീഷ് സംസാരം ഒഴിവാക്കാനായി കുറേക്കാലത്തേക്ക് ഇറ്റലിയിലേക്ക് താമസം മാറ്റി. അവിടത്തെ നഗരങ്ങളിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും സഞ്ചരിച്ചു. ഇറ്റാലിയന്‍ ഭാഷയുടെ സ്വതവേ ഉള്ള താളം പതിയെ കണ്ടെത്തി. അതിന്റെ സമകാലിക ഉപയോഗങ്ങള്‍ സ്വാഭാവികമായി ശീലിച്ചു. അതോടൊപ്പം, ആ ഭാഷയിലെ പ്രധാന ക്ളാസിക്കുകള്‍, ആനുകാലിക രചനകള്‍ ഒക്കെ വായിച്ചു. അങ്ങനെ പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു, അവര്‍ക്ക് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതാന്‍ ധൈര്യമായി. കഥകളും ലേഖനങ്ങളും ഒക്കെ എഴുതി. അവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്, ഇറ്റാലിയന്‍ ഇംഗ്ലീഷ് വിവര്‍ത്തകരാണ്.
നമുക്ക് അന്യമായ ഒരു ഭാഷയുടെ ആത്മാവിലേക്കുള്ള സഞ്ചാരം എളുപ്പമല്ല. പ്രായം കുറെയായി എന്നത് നമ്മുടെ ഉത്സാഹത്തെ കെടുത്തേണ്ടതുമില്ല. അധ്വാനിക്കാന്‍ തയ്യാറാണോ, നിശ്ചയമായും സാധിക്കും. രണ്ടു കുട്ടികള്‍ ആയ ശേഷം, ജുമ്പ ലാഹിരി നടത്തിയ ഇറ്റാലിയനിലേക്കുള്ള തന്റെ പറിച്ചുനടല്‍ അത് ബോധ്യപ്പെടുത്തുന്നുണ്ട്.
ജുമ്പ ലാഹിരി
നാല്:
ന്യൂയോര്‍ക്കര്‍ മാഗസിനിലെ പഴയ ലേഖനങ്ങള്‍ ഇടക്ക് തിരഞ്ഞുപിടിച്ചു വായിക്കാറുണ്ട്. ചില ലേഖനങ്ങള്‍ കണ്ടു മോഹിച്ചു, അവ എഴുതിയവരുടെ മറ്റു പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, പല രചനകളിലും ന്യൂയോര്‍ക്കറിലെപ്പോലെ മോഹിപ്പിക്കുന്ന ശൈലി കാണാതെ നിരാശപ്പെട്ടിട്ടുണ്ട്. സമര്‍ത്ഥരായ എഡിറ്റര്‍മാരുടെ കൈകള്‍, രചനകളിലൂടെ പോകുമ്പോള്‍ വരുന്ന പാരായണ ക്ഷമതയാണ് അത്. ഇംഗ്ലീഷിലെ പേരെടുത്ത പല എഡിറ്റര്‍മാരും ന്യൂയോര്‍ക്കറില്‍ ജോലി ചെയ്തവരാണ്. ഉദാഹരണത്തിന് കാതറിന്‍ വൈറ്റ്. ന്യൂയോര്‍ക്കറിന്റെ തുടക്കകാലം മുതല്‍ നാല് പതിറ്റാണ്ടോളം അവര്‍ ഫിക്ഷന്‍ എഡിറ്ററായിരുന്നു. അനേകം പുതിയ എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ രചനകളില്‍ ആവശ്യമായ മാറ്റം വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്ത എഴുത്തുകാരി. കൗതുകകരമായ കാര്യം, കാതറിന്‍ വൈറ്റ് ഒരു ഇംഗ്ലീഷ് എഴുത്തുകാരി ആയിരുന്നില്ല എന്നതാണ്. ഒരു പുസ്തകം മാത്രമേ അവരുടേത് പുറത്തുവന്നിട്ടുള്ളൂ. Onward and Upward in the Garden.
പൂന്തോട്ട നിര്‍മ്മാണത്തെപ്പറ്റി. അതിലെ ലേഖനങ്ങള്‍ അവരെഴുതാന്‍ എടുത്ത പാടിനെപ്പറ്റി പുസ്തകത്തിന്റെ ആമുഖത്തില്‍, ഭര്‍ത്താവും ഇംഗ്ലീഷിലെ പ്രധാന ഗദ്യകാരനുമായ ഇ.ബി വൈറ്റ് കുറിക്കുകയുണ്ടായി-സ്വന്തമായി ഒരു രചന നടത്തുക അങ്ങേയറ്റം ആയാസകരമായിരുന്നു കാതറിന് എന്ന്. മാസങ്ങള്‍ എടുത്താണ് ഇതിലെ ഓരോ ലേഖനങ്ങളും അവര്‍ പൂര്‍ത്തിയാക്കിയത്. നൂറുകണക്കിന് എഴുത്തുകാര്‍ക്ക് പുതുമയുള്ള ഭാഷ നല്‍കിയ കാതറിന്, സ്വന്തം ഭാഷയിലെഴുതാന്‍ വലിയ പ്രയാസമനുഭവിച്ചു എന്ന്. എഡിറ്റിങ് ഒരു സവിശേഷ കലയാണ്, എഴുത്ത് മറ്റൊന്നും.
അഞ്ച്:
ഫലസ്തീന്‍ എഴുത്തുകാരിലേക്കും അറബ് എഴുത്തുകാരിലേക്കും വിശാലമായി സഞ്ചരിച്ച ഒരു വര്‍ഷം കൂടിയാണിത്. അങ്ങനെ വായിച്ചവരാണ്, സമീഹുല്‍ ഖാസിമും ഇബ്രാഹീം നസ്‌റുല്ലയും. ഇബ്രാഹീം നസ്‌റുല്ലയുടെ പതിനാലു കാവ്യ ഗ്രന്ഥങ്ങള്‍ പ്രകാശിതമായിട്ടുണ്ട്. 'ബിസ്മില്‍ ഉമ്മി വല്‍ ഇബ്ന്‍' (ഉമ്മയുടെയും മകന്റെയും പേരില്‍) എന്നാണ് ഒരു കവിതാ ശീര്‍ഷകം. അതിലെ 'അവന്റെ നേരെയുള്ള അവളുടെ കുറ്റമൊഴികള്‍' എന്ന കവിതയിലെ ചില വരികള്‍ ഇങ്ങനെ:
'എന്തിനാണ് നമ്മള്‍ യാത്ര പോകുന്നത്'
അവള്‍ അവനോട് ആരാഞ്ഞു.
നമുക്ക് ചുറ്റും പത്തുമക്കളുണ്ട്,
നമുക്ക് ചുറ്റും അവരുടെ ചിരികളുണ്ട്
നാമിപ്പോള്‍ പ്രവാസത്തിലാണ്.
നമുക്ക് മേല്‍ ആയിരം മരണങ്ങള്‍ വന്നു,
നമ്മള്‍ ക്ഷമിച്ചുവല്ലോ.
അവരുടെ നിഷ്‌കളങ്കതയ്ക്ക് നേരെ വന്ന,
വെടിയുണ്ടകളുടെ വഴികളെ നമ്മള്‍ തകര്‍ത്തുവല്ലോ,
എന്റെയും നിന്റെയും ആത്മാവ് വെച്ച് അവര്‍ക്ക് തണല്‍ ഒരുക്കിയല്ലോ
പിന്നെയും എന്തിനു നാം യാത്ര പോകണം.
നമ്മുടെ വീട് പ്രവിശാലം.
മേല്‍ക്കൂരയായി, ശൈത്യകാലത്തെ സൂര്യനുണ്ട്.