വായനയുടെ ലോകങ്ങള്‍
മലയാളത്തിലെ രണ്ടു പ്രധാന എഴുത്തുകാരെ, വായനക്കാരെ നാം സൂക്ഷ്മമായി ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഒന്ന് എം.ടി വാസുദേവന്‍ നായര്‍. രണ്ട് ഒ.വി വിജയന്‍. എം.ടിയുടെ പ്രശസ്തമായ ഒരു നോണ്‍ഫിക്ഷന്‍ പുസ്തകമാണ് ഹെമിങ്വേ-ഒരു മുഖവുര. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ രചിച്ച ഈ പുസ്തകം ഏണസ്റ്റ് ഹെമിങ്‌വേയുടെ ജീവിതത്തെയും രചനകളെയും കുറിച്ചുള്ള ഗംഭീരമായൊരു പഠനമാണ്. കുറഞ്ഞ പേജുകളേ ഉള്ളുവെങ്കിലും. ആ പുസ്തകം എഴുതാനായി അദ്ദേഹത്തെ പ്രചോദിപ്പിച്ച ചില സോഴ്സുകളെക്കുറിച്ച് അതിന്റെ ആമുഖത്തില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അതിലൊന്ന് ദി ന്യൂ യോര്‍ക്കര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലിലിയന്‍ റോസിന്റെ ലേഖനമാണ്. ആ ലേഖനം നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാന്‍ വായിച്ചിട്ടുണ്ട്. ലിലിയന്‍ റോസിന്റെ പ്രബന്ധ സമാഹാരമായ Reporting Always: Writings from The New Yorker എന്ന പുസ്തകത്തില്‍ നിന്ന്.
എം.ടിയുടെ രചനകള്‍ വളരെ ലളിതമായി നമുക്ക് വായിക്കാനാകും. ഒറ്റവായനയില്‍ ബുദ്ധിമുട്ടിക്കുന്നതോ മുഷിപ്പിക്കുന്നതോ ആയ പദപ്രയോഗങ്ങളൊന്നും അതില്‍ കാണില്ല. എം.ടിയുടെ ഭാഷ, പ്രതിപാദന രീതി, അതിലെ സംഗീതാത്മകത- അവയെയെല്ലാം ഇംഗ്ലീഷിലെ അദ്ദേഹത്തിന്റെ വിപുലമായ വായനകള്‍ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലീഷില്‍ കവിതയിലും ഗദ്യത്തിലുമെല്ലാം ഭാഷയുടെ സംഗീതാത്മകത (മ്യൂസികാലിറ്റി) സുപ്രധാനമായ ഒരു ഘടകമാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ വന്നിട്ടുണ്ട്. Derek Attridge-നെ പോലുള്ളവര്‍ എഴുതിയത്. ജെയിംസ് ജോയ്‌സും ഹെമിങ്വേയും ഒക്കെ അത് പലതരത്തില്‍ പരീക്ഷിച്ചിട്ടുള്ള എഴുത്തുകാരാണ്.
എം.ടി വാസുദേവന്‍ നായര്‍ | PHOTO: WIKI COMMONS
ലോക ഫിക്ഷനില്‍ സവിശേഷമായി അടയാളപ്പെടുത്തേണ്ടതുണ്ട്, ഒന്നാംലോക മഹായുദ്ധാന്തര കാലത്തെ. അതുമുതല്‍ 1990 വരെയുള്ള എഴുപത് വര്‍ഷങ്ങള്‍ ഫിക്ഷന്റെ രൂപ ഭാവങ്ങള്‍ക്ക് കാതലായ മാറ്റങ്ങള്‍ വന്നു. ഭാഷയിലും ഭാവുകത്വത്തിലും പ്രമേയങ്ങളിലും മുന്‍മാതൃകകള്‍ ലംഘിക്കപ്പെട്ടു. ഇന്നത്തെപ്പോലെ ഓണ്‍ലൈന്‍ സാധ്യതകള്‍ ഒന്നുമില്ലാത്ത കാലത്തും മുഖ്യപുസ്തകങ്ങളെല്ലാം എം.ടി വായിച്ചിട്ടുണ്ട് എന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അവയിലെ പ്രമേയ വൈവിധ്യങ്ങളെ അദ്ദേഹം ഉള്‍ക്കൊണ്ടിട്ടുണ്ട്. മലയാളത്തിലേക്ക് ആ ബഹുത്വത്തെ അദ്ദേഹം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എഴുത്തുകാരെനെന്ന നിലയിലും ഗദ്യകാരനെന്ന നിലയിലും. എം.ടിയുടെ ഗദ്യത്തിലെ സംഗീതാത്മകതയെക്കുറിച്ചു കൂടുതല്‍ അന്വേഷണങ്ങള്‍ വരേണ്ടതുണ്ട്.
നമ്മള്‍ മലയാളി ആയിരിക്കുമ്പോള്‍തന്നെ നമ്മുടെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിരുകള്‍ക്കപ്പുറത്തേക്ക് പോകുകയും നമ്മുടെ വായനകളും അന്വേഷണങ്ങളും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്കെല്ലാം താല്പര്യമുള്ള പല മേഖലകള്‍ കാണും. ചരിത്രം, രാഷ്ട്രീയം, സാഹിത്യം, കായികം -എന്നിങ്ങനെയെല്ലാം. അങ്ങനെ വായന വികസിപ്പിക്കുമ്പോള്‍ പ്രധാനപ്പെട്ട ലോക ഭാഷകളാണ് ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, സ്പാനിഷ്, ജര്‍മന്‍ എന്നിവയെല്ലാം. ഇംഗ്ലീഷ് പ്രധാനമായും, അതിനു പുറമെ ഈ ഭാഷകളില്‍ നമുക്ക് സാധ്യമാകുന്നവയിലേക്കും. അന്യ ഭാഷകളില്‍ നോണ്‍ ഫിക്ഷന്‍ വായന പൊതുവെ എളുപ്പമാണ്. അക്കാദമിക പുസ്തകങ്ങള്‍ ഉള്‍പ്പെടെ. എന്നാല്‍ ഫിക്ഷന്‍ വായന അങ്ങനെയല്ല. ഓരോ എഴുത്തുകാരും അവരുടേതായ നവ ഭാഷ സൃഷ്ടിക്കുകയാണ് ഫിക്ഷനില്‍. ഭാഷക്കകത്തെ പുതുഭാഷകള്‍ ആണവ. അങ്ങനെയുള്ള വിവിധ തരം എഴുത്തുകളെ പ്രമേയപരമായും ഭാഷാപരമായും എല്ലാം ഉള്‍ക്കൊണ്ടു വായിക്കാന്‍, നിരന്തരമായ വായനാഭ്യാസങ്ങള്‍ നമ്മള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും ഫിക്ഷനില്‍. ദീര്‍ഘമായ കാലത്തെ വായനകളിലൂടെ, പുസ്തകങ്ങളെയും അവയുടെ പൂര്‍ണ്ണതാ-അപൂര്‍ണ്ണതാ ഘടകങ്ങളെയും വിശകലനം ചെയ്യാന്‍ കഴിയുന്ന ശേഷി നമ്മള്‍ ആര്‍ജിക്കും. ഒരു പുസ്തകത്തിന്റെ ഏതു വശത്തു നിന്നും ഒരു പേജോ, സമാനമായ ദൈര്‍ഘ്യമുള്ള ഉള്ളടക്കമോ നാം വായിക്കുന്നുവെങ്കില്‍, അവയുടെ പലതരം വിശകലനങ്ങള്‍, സൗന്ദര്യശാസ്ത്രപരമായും വിമര്‍ശനാത്മകമായും നമുക്ക് നടത്താന്‍ കഴിയും. ഒ. വി വിജയന്‍ പരാമര്‍ശിക്കപ്പെട്ട പോലെ, മഹാ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ ഒരു നോവലിലും വിവരിക്കുന്നുണ്ട്, ദി ന്യൂയോര്‍ക്കറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. കേരളത്തിലെ ആദ്യകാല ജീവിതവും, ഡല്‍ഹിയിലേക്കുള്ള പോക്കും, അവിടെ നിന്ന് സംഭവിച്ച ആസ്വാദന ശീലങ്ങളിലെ വൈവിധ്യങ്ങളും എല്ലാം വിജയനെ സ്വാധീനിച്ചിട്ടുണ്ട്.
ഒ വി വിജയന്‍ | PHOTO: WIKI COMMOS
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാല് മാഗസിനുകള്‍-അവ വായനാഭിരുചിയെ കാതലായി മാറ്റിയിട്ടുമുണ്ട്- ദി ന്യൂയോര്‍ക്കര്‍, ദി പാരിസ് റിവ്യൂ, ദി ഗ്രാന്ത, ബൈറൂത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള അറബി മാസികയായ അല്‍ അദബ് എന്നിവയാണ്. ദി പാരിസ് റിവ്യൂവിനെ അടയാളപ്പെടുത്തിയിട്ടുള്ളത്, അതിലെ ആര്‍ട്ട് ഓഫ് ഇന്റര്‍വ്യൂ സീരീസില്‍ വന്നിട്ടുള്ള ദീര്‍ഘ അഭിമുഖങ്ങളാണ്. ഓരോ എഴുത്തുകാരെയും സമഗ്രമായി അടയാളപ്പെടുത്തുന്ന സംഭാഷണം. അവയുടെ സീരീസ് പല ഭാഗങ്ങളാക്കി പുസ്തക രൂപത്തില്‍ പാരിസ് റിവ്യൂ തന്നെ പ്രസിദ്ധീകരിച്ചത് ഓണ്‍ലൈനില്‍ കിട്ടും.
നമ്മുടെ വായന, മലയാള ഗ്രന്ഥങ്ങളുടെ പുതുമകളിലൂടെയെല്ലാം പോകുമ്പോഴും, മലയാളത്തിന് അപ്പുറത്തേക്ക് കൂടി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. എം മുകുന്ദനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഫ്രഞ്ച് ചെറുപ്പത്തിലേ പഠിച്ചത് കാരണം തന്റെ വായനകളില്‍ വന്ന നവീകരണത്തെക്കുറിച്ച്. ഇംഗ്ലീഷ് ഭാഷ സാഹിത്യ മേധാവിത്വത്തിലേക്ക് വന്നിട്ടുണ്ട്, നൂറ്റിയന്‍പത് വര്‍ഷത്തില്‍ താഴെയേ ആയിട്ടുള്ളൂ. അതിനു മുമ്പേ ഏറെ ആഴമുള്ള പുസ്തകങ്ങള്‍ വന്നിട്ടുള്ള ഭാഷയാണ് ഫ്രഞ്ച്. അറബ് സാഹിത്യത്തെ ആധുനികവത്കരിക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് ഫ്രഞ്ച് ഭാഷയാണ്. ഈജിപ്തിലേക്കും ലബനാനിലേക്കും ഒക്കെയുള്ള ഫ്രഞ്ച് കടന്നുവരവും, അതേത്തുടര്‍ന്നുണ്ടായ കൊടുക്കല്‍ വാങ്ങലുകളും വഴി.
ഓരോ കാലവും സാഹിത്യ- സാഹിത്യേതര പുസ്തകങ്ങളെ സ്വാധീനിക്കും. ഇപ്പോഴത്തെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇന്ത്യയിലെ എഴുത്തുകാരെ കൂടുതല്‍ ജാഗ്രത ഉള്ളവരാക്കി മാറ്റിയിട്ടുണ്ട്. ഹിന്ദുത്വത്തെ തുറന്നു കാണിക്കുന്ന പുസ്തകങ്ങള്‍ കൂടുതല്‍ വരുന്നുമുണ്ട്. അത്തരം ഘടകങ്ങള്‍ ഭാഷയില്‍ സംഭവിക്കുന്നത് ശുഭകരമാണ്.
ഫലസ്തീനിയന്‍ അക്കാദമീഷ്യനും എഴുത്തുകാരനുമായ എഡ്വേഡ് സൈദിന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തന്നെ ഉദാഹരണത്തിന് നോക്കാം. 1948 -ഓടെ ഫലസ്തീന്‍ വിട്ടുപോരേണ്ടി വന്ന സൈദ് കുറച്ചു കാലം ഈജിപ്തില്‍ ജീവിച്ചു. പിന്നീട് പഠനത്തിന് വേണ്ടി യു.എസിലേക്ക് പോയി.അവിടെ സംഘര്‍ഷങ്ങള്‍ ഒന്നുമില്ലാതെ, താരതമ്യ സാഹിത്യത്തില്‍ അദ്ദേഹം പഠനം നടത്തിക്കൊണ്ടിരിക്കെയായാണ് 1967 ലെ അറബ് -ഇസ്രായേല്‍ യുദ്ധം നടക്കുന്നത്. തന്റെ നാട്ടുകാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അപ്പോഴാണ് സൈദ് ആഴത്തില്‍ മനസ്സിലാക്കുന്നത്. അതോടെ അദ്ദേഹത്തിന്റെ ചിന്തകളില്‍ കാതലായ മാറ്റംവന്നു. ഫലസ്തീന്‍ പ്രശ്നം ഉന്നയിച്ചുള്ള പുസ്തകങ്ങള്‍ എഴുതി. എന്താണ് ഫലസ്തീന്‍ അനുഭവിക്കുന്നത് എന്ന് ലോകം, ദി ക്വസ്റ്റ്യന്‍ ഓഫ് പലസ്തീന്‍ പോലുള്ള ഗ്രന്ഥങ്ങയിലൂടെ അറിഞ്ഞു. പിന്നീടാണ് എന്തായിരിക്കണം തന്റെ പ്രതിനിധാനം എന്നുള്ള ചിന്തകളിലേക്ക് സൈദ് എത്തിയത് എന്നത് കൗതുകകരമാണ്. ഭാഷയുടെ ലോകങ്ങളിലൂടെ സഞ്ചരിക്കുക ഇപ്പോഴും ആഹ്ലാദകരമാണ്, അത് ഫിക്ഷനായാലും, നോണ്‍ ഫിക്ഷനായാലും.
(കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടത്തിയ സംസാരത്തില്‍ നിന്നുള്ള ഭാഗം)