TMJ
searchnav-menu
post-thumbnail

Photo Story

വയനാട് നവകാല പരിസ്ഥിതി ചിന്തകളുടെ ആമുഖചിത്രം

16 Aug 2024   |   3 min Read
പ്രസൂണ്‍ കിരണ്‍

രുട്ടിൽ മനുഷ്യജീവനുകളലിഞ്ഞു പോയ ഓർമ്മകളിൽ തട്ടാതെയൊരു സഞ്ചാരം വയനാടൻ ചുരങ്ങളിലേക്കിനി സാധ്യമാകില്ല. ശക്തമെന്ന് കരുതിയ, ഉയർന്നുനിൽക്കുന്ന ഓരോ പർവ്വതങ്ങളും, ദുർബലമെന്ന തോന്നൽ ഓരോ മനുഷ്യനേയും  അസ്വസ്ഥരാക്കിക്കൊണ്ടിരിക്കും. മരണമൂർന്നിറങ്ങിയ ചൂരൽമലയിലൂടെ മുണ്ടക്കൈയും കടന്ന് പുഞ്ചിരിമട്ടം വരേക്കുള്ള അഞ്ചുകിലോമീറ്റർ ദൂരം നടന്നുകയറാതെ കേരളത്തിനിനി മറ്റൊരു പാരിസ്ഥിതിക പാഠം തന്നെ സാധ്യമല്ല. നൂറുകണക്കിന് ജീവനുകൾ കൊണ്ടെഴുതിയ വിസ്തൃതമായ പരിസ്ഥിതി പാഠമായത് മാറും





ചൂരൽ മലയിലൂടെ മുണ്ടക്കൈ കടന്നാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തിലേക്ക് എത്തിച്ചേരാനാകുക. ആദ്യമുണ്ടായ ചെറിയ പൊട്ടലോടെ കുറെ ആളുകൾ പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോയിരുന്നു. എന്നാൽ താഴ്വാരത്തിലെ ബന്ധു വീടുകളിൽ അഭയം തേടിയവരാണ് മരണപ്പെട്ടവരിൽ ഏറിയ പങ്കും.




മനുഷ്യദേഹങ്ങൾക്കായുള്ള തിരച്ചിൽ ചാലിയാറിന്റെ കൈവഴികളിൽ പോലുമെത്തി. ഉറങ്ങിക്കിടന്ന മനുഷ്യരുടെ മേലേക്ക് കൂറ്റൻപാറകൾ പതിച്ചു. മുന്നൂറ്റി അമ്പതോളം വീടുകൾ പൂർണമായും നൂറ്റമ്പതോളം വീടുകൾ ഭാഗികമായും തകർന്നു. 




 







സിപിഐ എമ്മിന്റെ ചൂരൽമല ലോക്കൽ കമ്മറ്റി ഓഫീസിൽ നിന്നുള്ള കാഴ്ച. മുണ്ടക്കൈ ഭാഗത്തേക്കുള്ള ബെയ്ലി പാലം സൈന്യം നിർമ്മിച്ചതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിൽ സാധ്യമായത്. പശ്ചാത്തലത്തിൽ ഉണ്ടായിരുന്ന ചൂരൽമല ക്ഷേത്രം പൂർണമായും ഇല്ലാതായി. ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന അരയാൽ വൃക്ഷം മാത്രമാണ് ശക്തമായ ഉരുൾപൊട്ടലിനെ അതിജിവിച്ചത്. 





പുഞ്ചിരിമട്ടത്തിൽ നിന്നുള്ള ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം. ആദ്യത്തെ പൊട്ടലിൽ ഈ ഭാഗത്തായി ഡാം പോലെ ജലശേഖരം രൂപപ്പെടുകയും, തുടർച്ചയായ മഴയിൽ പിന്നീടത് ഒന്നായി ഒലിച്ചുതാഴുകയുമായിരുന്നെന്നും പ്രദേശവാസികൾ പറയുകയുണ്ടായി. സാധാരണയിൽ കവിഞ്ഞ ശക്തി ഉരുൾപൊട്ടലിനുണ്ടായത് ഇത്തരമൊരു ജലശേഖരം രൂപപ്പെട്ടതിനാൽ ആണെന്ന് കരുതപ്പെടുന്നു. 







മേപ്പാടി, ചൂരൽ മല പ്രദേശങ്ങൾ തേയില കൃഷിക്ക് വേണ്ടി ദീർഘകാലം മുൻപ് തന്നെ വകമാറ്റി രൂപപ്പെടുത്തപ്പെട്ടതാണ്. ഭൂമിയുടെ സ്വാഭാവിക ഘടനയിൽ സംഭവിച്ചിട്ടുള്ള സാരമായ മാറ്റം ഇടുക്കിയെ എന്ന പോലെ വയനാടൻ മലനിരകളെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. മേൽമണ്ണിന്റെ ഘടനാപരമായ ഉറപ്പില്ലാതാക്കിയതിൽ ലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റികൊണ്ടുള്ള തേയില കൃഷിക്ക് കാര്യമായ പങ്കുണ്ട്.    








വയനാടൻ മലനിരകളുടെ ഘടനയെ കൃത്യമായി കാണിക്കുന്ന ചിത്രമാണിത്. ഇരുപതടിയോളമുള്ള മേൽമണ്ണ് അതീവ ദുർബലസ്വഭാവമുള്ളതാണ്. ഇത്തവണ നടന്ന ദുരന്ത മേഖലകളിലൂടെയുള്ള സഞ്ചാരത്തിലൂടെ തന്നെ മനസ്സിലാക്കാനാവുക, ഈ മേൽമണ്ണിന്റെ മുകളിലായിരുന്നു മേൽപ്പറഞ്ഞ വീടുകൾ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ്.  വൃക്ഷങ്ങളില്ലെങ്കിൽ ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ ഒലിച്ചിറങ്ങുന്നത്ര ദുർബലമായ ഈ മണ്ണിന്റെ മേലാണ് അനധികൃതവും അശാസ്ത്രീയവുമായ ആയിരക്കണക്കിന് നിർമ്മിതികൾ കിടക്കുന്നത്. കൃഷി എന്നതിലുപരി, ടൂറിസം നിർമ്മിതികളാവും ഇത്തരം അവസ്ഥയുടെ പ്രത്യക്ഷ ഇരകൾ. 






ആഗസ്ത് പതിനൊന്നിന് പുലർച്ചെ ദുരന്തബാധിത മേഖലയിലൂടെ സഞ്ചരിച്ച കാട്ടാനയുടെ കാലടയാളമാണിത്. തൊട്ടരികിൽ മുപ്പതടിയോളം താഴ്ചയിൽ മണ്ണൊലിച്ചുപോയ കുഴിയാണ്. ആനയെക്കാൾ വലിപ്പമുള്ള നൂറുകണക്കിന് പാറക്കഷണങ്ങൾ കീഴിൽ പരന്നുകിടക്കുന്നു. സമീപത്ത്, ഒരു ഭാഗത്തെ വേര് മുഴുവൻ പുറത്തായിട്ടും മരങ്ങൾ അത്രയുമുയരത്തിലെ ബാക്കി മണ്ണിനെ പിടിച്ചുവച്ചത് കാണാം. അതിന്റെ അറ്റത്ത് കൂടിയാണ് ഒരു കാട്ടാന നടന്നുപോയിരിക്കുന്നത്. നൂറ് മീറ്ററോളം നീളുന്ന ആ കാൽപ്പാടുകൾ ഉരുൾപൊട്ടിയ പാറക്കൂട്ടത്തിലേക്ക് പുഴയെ മുറിച്ച് കാട്ടിലേക്ക് അപ്രത്യക്ഷമാകുന്നു. ദുരന്തഭൂമിയിലൂടെ രാത്രിയിൽ ഒരു കാട്ടാന ഒറ്റയ്ക്ക്, നടന്നുപോകുന്ന സാങ്കൽപ്പിക ദൃശ്യത്തെ അത് കാണിക്കുന്നു. സർവ്വതും നഷ്ടമായ എണ്ണമറ്റ മനുഷ്യർക്കിടയിലൂടെ, അനേകം ജീവനുകൾ ഒലിച്ചുപോയ മണ്ണിൽ ഒരാനയുടെ കാൽപ്പാടിന് പാരിസ്ഥിതികമായി എന്തെങ്കിലും പറയാനുണ്ടോ, നമ്മൾ നമ്മളെക്കുറിച്ച് മാത്രം ഓർമ്മിക്കുമ്പോൾ പ്രത്യേകിച്ചും. പക്ഷെ, കാടിന്റെ ജനിതകം ഉള്ളിൽ പേറുന്ന, കാട് വെളുത്തുണ്ടായ തോട്ടങ്ങളിലൂടെയുള്ള ഒരു കാട്ടാനയുടെ സഞ്ചാരത്തിന് പാരിസ്ഥിതികമായ അനേകം അർത്ഥങ്ങളുണ്ട്. ജീവനും പൊതിഞ്ഞ് കാട്ടിലേക്ക് ഓടിക്കയറിയ സാധാരണക്കാരായ മനുഷ്യരുടെ ജീവൽ സാക്ഷ്യങ്ങൾ പുറത്താക്കപ്പെടുമ്പൊഴും അതിന് പ്രസക്തിയുണ്ട്. ചെറുതും വലുതുമായ അനേകായിരം ഉരുൾപൊട്ടലുകളിലൂടെയും, ലക്ഷക്കണക്കായ ഉറവകളിലൂടെയും നമുക്കും മുന്നേ പശ്ചിമഘട്ടം ഇവ്വിധം ഉരുവപ്പെട്ടതിന്റെ, ഒഴുകി,യൊഴുകി പുഴയുണ്ടാകുന്നതിന്റെ ദൃശ്യതയായി തിരിച്ചറിയുമ്പോൾ പ്രത്യേകിച്ചും. ഒരു പക്ഷെ, ഈ ദുരന്തമണ്ണിലൂടെ ആദ്യസഞ്ചാരം നടത്തിയ വന്യജീവി ഈ കാട്ടാനയാവാം. കാടിനെ മുളയ്പ്പിക്കുന്ന കൂടെക്കൂട്ടുന്ന കാൽപ്പാദങ്ങളായാണ് ഇത്തരം പുതുസഞ്ചാരങ്ങൾ അടയാളപ്പെട്ടിട്ടുള്ളത്. കാടിനും മനുഷ്യനും ഇടയിലുള്ള സഹിഷ്ണുതയുടെ വിരലടയാളം.














“ആരും ഈ പുസ്തകം എടുക്കരുത്,പ്ലീസ് “ എന്നെഴുതി വച്ചത് മുഹമ്മദ് ഹാനി എന്ന ഏഴാം ക്ലാസുകാരനാണ്. പതിനൊന്ന് അംഗകുടുംബത്തിൽ നിന്നും ഹാനിയും, പിതൃസഹോദരന്റെ മകളുമൊഴികെ ഒൻപത് പേരും ഒറ്റരാത്രിയിൽ നഷ്ടമായി.






വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ കെട്ടിടം.






വീട് തകർന്ന് നഷ്ടമായ രണ്ട് പേർക്കായി പതിനൊന്നാം ദിവസവും നടക്കുന്ന തിരച്ചിൽ.  6500 മണിക്കൂറിലധികമാണ് ദുരന്ത ബാധിത പ്രദേശത്ത് ജെസിബി പോലുള്ള യന്ത്രങ്ങൾ തിരച്ചിൽ നടത്തിയത്. തമിഴ്നാട് കർണ്ണാടകയിൽ നിന്ന് പോലും യന്ത്രങ്ങൾ എത്തിച്ചു. 






വീടുകളുണ്ടായ സ്ഥലങ്ങളെ രക്ഷാപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കാണിച്ചുനൽകുന്ന സ്ത്രീകൾ. പശ്ചാത്തലത്തിൽ ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനവും കാണാം

















ജാതിമത ഭേദമന്യേ സർവ്വമത പ്രാർത്ഥനയോടെയാണ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശരീരം പൊതുവായി അടക്കം ചെയ്തത്. ദുരന്തം നടന്ന് 17 ദിവസങ്ങളാകുമ്പോൾ, 230 പേർ മരണപ്പെട്ടുവെന്നും 130 പേരെ കാണാതായെന്നും സർക്കാർ പറയുന്നു. എന്നാൽ തേയിലതോട്ടങ്ങളിലേക്ക് ജോലിക്കായി കൊണ്ട് വന്ന മനുഷ്യർ പൂർണമായും രേഖകളിൽ ഉൾപ്പെട്ടില്ലെന്നും അങ്ങനെയെങ്കിൽ മേൽപറഞ്ഞ സംഖ്യ ഇനിയുമേറെ വർദ്ധിക്കുമെന്നും സാമൂഹ്യപ്രവർത്തകർ സൂചിപ്പിക്കുന്നുമുണ്ട്.  

 







Leave a comment