TMJ
searchnav-menu
post-thumbnail

Politics Beyond 2024

അധികാര രാഷ്ട്രീയത്തിന്റെ മൂന്നാമൂഴം

27 Jan 2024   |   4 min Read
ജെ. പ്രഭാഷ്

രുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.  ജനാധിപത്യത്തിന്റെ അടിത്തറ പാകാന്‍ 4/5 തലമുറകളുടെ ഭഗീരഥ പ്രയത്‌നമെങ്കിലും വേണ്ടിവരുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ഒരുതലമുറയുടെ പരിശ്രമം പോലും ആവശ്യമില്ലെന്ന കാര്യം ഓര്‍ക്കുക.  പെലൊപ്പനേഷ്യന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ചവരുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തുകൊണ്ട് എതേനിയന്‍ ജനാധിപത്യത്തിന്റെ അനശ്വരതയെക്കുറിച്ച് പെരിക്ലിസ് നടത്തിയ പ്രസംഗവും താമസിയാതെ അത് തകര്‍ന്നതും ഇതിന്റെ ഉദാഹരണമാണ്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയും. ഒരുവശത്ത് അതിന്റെ വാഴ്ത്തുപാട്ടുകളും മറുവശത്ത് അതിന്റെ സംസ്‌കാര ചടങ്ങിനുള്ള ഒരുക്കങ്ങളും മുറയ്ക്ക് നടക്കുന്നു. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് കാഹളം ഉയരുന്നത്.

ഒക്ടോബര്‍ വിപ്ലവത്തിന് തൊട്ടുമുന്‍പ് ലെനിനും ട്രോട്‌സ്‌കിയും തമ്മില്‍ നടന്ന സംഭാഷണം ഓര്‍മ്മയില്‍ തെളിയുന്നു:
ലെനിന്‍ :വിപ്ലവം പരാജയപ്പെട്ടാല്‍ നാം എന്തു ചെയ്യും?
ട്രോട്‌സ്‌കി : വിപ്ലവം വിജയിച്ചാല്‍ നാം എന്തു ചെയ്യും?

ട്രോട്‌സ്‌കിയുടെ ചോദ്യം ചെറിയ ഭേദഗതിയോടെ നമുക്കും ബാധകമാണ്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ജയിച്ചാല്‍ എന്ത് സംഭവിക്കും? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ, പ്രത്യേകിച്ച് ബഹുസ്വരതയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും, ഭാവിയെ സ്പര്‍ശിക്കുന്നതാണ് ചോദ്യം. രണ്ട് ഘടകങ്ങള്‍ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു : ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കുന്നത് കിനാവുകാണുന്ന ആര്‍.എസ്.എസിന്റെ നൂറാം പിറന്നാള്‍ അടുത്തവര്‍ഷം കൊണ്ടാടുകയാണ്; നമ്മുടെ ഭരണഘടന അനുസരിച്ച് ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ കാലാവധി തീരുംമുമ്പ് തിരിച്ചുവിളിക്കാനാവില്ല. എന്നാല്‍ അവര്‍ വിചാരിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ഭരണസമ്പ്രദായം തന്നെ മാറ്റാനുമാവും. തിരഞ്ഞെടുപ്പ് ഏകീകരണത്തെക്കുറിച്ചും പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായത്തെക്കുറിച്ചും നടക്കുന്ന സംവാദങ്ങള്‍ ഇതിന്റെ ഡ്രസ് റിഹേഴ്‌സലാണ്.

ലെനിനും ട്രോട്‌സ്‌കിയും | PHOTO: WIKI COMMONS
ലിബറല്‍ ജനാധിപത്യ സംസ്‌കാരത്തിന്റെ അഭാവവും ഇന്ത്യന്‍ സമൂഹവും

സംഘപരിവാറിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നയിക്കേണ്ടത് ആശയ സംഘര്‍ഷമല്ല, മതവൈരുധ്യവും ഹിന്ദു മതത്തിലെ ശുദ്ധാശുദ്ധ സങ്കല്പവുമാണ്. വ്യക്തമായി പറഞ്ഞാല്‍, ഹൈന്ദവ-സവര്‍ണ്ണ-പുരുഷ ആധിപത്യത്തിന്റെ മുക്കാലിലാണ് ഹിന്ദുത്വ രാഷ്ട്രീയം നില്‍ക്കുന്നത്. ''അമേരിക്ക എന്നാല്‍ വെള്ളക്കാരാണ്. മറ്റുള്ളവര്‍ അവരുടെ അനുബന്ധവും'' എന്ന് ടോണി മോറിസണ്‍ പറഞ്ഞതിന്റെ ഇന്ത്യന്‍ പതിപ്പ്. ഇതില്‍ അവര്‍ എത്രത്തോളം വിജയിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുവേളയില്‍ രാജസ്ഥാനിലെ ഒരു യുവവോട്ടര്‍ പറഞ്ഞത്, ''കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാണെങ്കിലും ഞാന്‍ ഹിന്ദു എന്ന നിലയ്ക്കാണ് വോട്ടുചെയ്യുന്നത്''!

ഇതിനെ  മോദീഭരണത്തിന്റെ സംഭാവനയായി മാത്രം കരുതുന്നത് മൗഢ്യമാണ്. ഇന്ത്യയില്‍ ഒരു ലിബറല്‍ ജനാധിപത്യ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ പരാജയപ്പെട്ടവരെല്ലാം - ഇന്ദിരാഗാന്ധി മുതല്‍ ഇങ്ങോട്ട് - ഇതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. ഇതോടെ, നമ്മുടെ ജനാധിപത്യത്തിന്റെ ധാര്‍മ്മികാടിത്തറയും നിഷ്പക്ഷതയും ചോദ്യം ചെയ്യാനും ചില ജനവിഭാഗങ്ങളെ - ഉദാഹരണത്തിന് ദളിതരും മുസ്ലീംങ്ങളും - അപകീര്‍ത്തിപ്പെടുത്താനുമുതകുന്ന രാഷ്ട്രീയപരിസരം സൃഷ്ടിക്കാന്‍ സംഘപരിവാറിനായി. ലളിതമായി പറഞ്ഞാല്‍, ഇന്ത്യന്‍ ജനാധിപത്യം പൊതുനയങ്ങളിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന് തുനിഞ്ഞെങ്കില്‍, സംഘപരിവാര്‍ സാമൂഹ്യ-സാംസ്‌കാരിക ഇടപെടലിലൂടെ വ്യക്തികളെ തങ്ങളുടെ ലോകവീക്ഷണമനുസരിച്ച് മാറ്റിയെടുക്കുന്നതിന് ശ്രമിച്ചു. 

ഇന്ത്യന്‍ സമൂഹം ഇന്ന്, നമ്മെ അത്ഭുതപ്പെടുത്തുംവിധം, യാഥാസ്ഥിതികതയിലും ജാതി-മത ചിന്തകളിലും അഭിരമിക്കുന്നു. 2021-ലെ പ്യു റിസര്‍ച്ച് സര്‍വ്വെ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതിനെക്കാള്‍ ഭയാനകം, ഹിന്ദുക്കളില്‍ 65% ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും, 50% യഥാര്‍ത്ഥ ഇന്ത്യാക്കാരന്‍ ഹിന്ദുവും ഹിന്ദി സംസാരിക്കുന്നവനുമാകണമെന്നും ശഠിക്കുന്നു എന്നതാണ്! മറുവശത്ത് ആഗോളവല്‍ക്കരണവും വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും കോര്‍പ്പറേറ്റ് മൂലധനവും ചേര്‍ന്ന് ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടിനെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. നവലിബറലിസത്തിന്റെ വരവോടെ  ചുവടുറപ്പിച്ച ഇവര്‍ക്ക് ഭരണകൂടം സ്വന്തം അഭിവൃദ്ധിക്ക് അനിവാര്യമല്ലെന്നു മാത്രമല്ല അഴിമതിയിലൂടെയും സാധാരണക്കാര്‍ക്കുള്ള ക്ഷേമപദ്ധതികളിലൂടെയും മറ്റും തങ്ങളെ പിറകോട്ട് വലിക്കുന്ന പ്രതിലോമതയാണ്;  ന്യൂനപക്ഷ പ്രീണനത്തിലൂടെയും ജനാധിപത്യത്തിന്റെ നൂലാമാലകളില്‍ ഊന്നിനിന്നും ഭാരതത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന് വിലങ്ങുതടിയാണ്. നാളിതുവരെ അധികാരത്തിലിരുന്ന കക്ഷികളെയും ബുദ്ധിജീവികളെയും സിവില്‍ സമൂഹ സംഘടനകളെയുമെല്ലാം ഇക്കാര്യത്തില്‍ ഇവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

REPRESENTATIVE IMAGE: PTI
സാഹചര്യം ഒത്തുവന്നാല്‍ ഏത് സമൂഹവും ജനാധിപത്യത്തിനെതിരെ നീങ്ങുമെന്നാണ് ചരിത്രം തെളിയിക്കുന്നത്. ഏത് രാജ്യത്തെയും ജനസംഖ്യയുടെ 1/3 സ്വേച്ഛാധിപത്യം കാംക്ഷിക്കുന്നവരാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ കരണ്‍ സ്റ്റെന്നര്‍ പറയുന്നത് ഇതിനോട് കൂട്ടിവായിക്കുക. ഈ സാഹചര്യത്തെയാണ് നരേന്ദ്ര മോദി എന്ന 'രക്ഷകനിലൂടെ' സംഘപരിവാര്‍ മുതലെടുക്കുന്നത്. ഇതിനര്‍ത്ഥം ഭാവി, വിശേഷിച്ച് സമീപഭാവി, നാനാത്വത്തിന്റെതല്ല, ഏകത്വത്തിന്റെതാണ്, മതനിരപേക്ഷതയുടെതല്ല, വര്‍ഗീയതയുടെതാണ്, സമാധാനത്തിന്റെതല്ല, സാമൂഹ്യ സംഘര്‍ഷങ്ങളുടെതാണ് എന്നാണ്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെയും (2015-21 ല്‍ 8.81 ലക്ഷം) അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന ന്യൂനപക്ഷങ്ങളുടെയും (കഴിഞ്ഞ 25 വര്‍ഷം കുടിയേറിയവരില്‍ 19% ക്രിസ്ത്യാനികളും 27% മുസ്ലീങ്ങളും) വര്‍ദ്ധനവ് ഇതിനെതിരെയുള്ള മുന്‍കരുതലാണ്.

അധികാര രാഷ്ട്രീയത്തിന്റെ പകര്‍ന്നാട്ടം

ഇതെല്ലാം ചേര്‍ന്ന് അധികാര രാഷ്ട്രീയത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അധികാരത്തെ ധാര്‍മ്മികവും നീതിയുക്തവുമാക്കുന്ന ഭരണഘടന തമസ്‌കരിക്കപ്പെടുമ്പോള്‍ അവശേഷിക്കുന്നത് രാക്ഷസരൂപംപൂണ്ട അധികാര രഷ്ട്രീയമാണ്. അത് അങ്ങേയറ്റം കേന്ദ്രീകൃതവും ഭയത്തിലധിഷ്ഠിതവും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സംസാരിക്കുന്നതുമാണ്. ഫാന്‍സി ഡ്രസ്സ് പരേഡിലെന്നതുപോലെ, തിരഞ്ഞെടുപ്പ് വേളകളില്‍ ഈ നിഷ്ഠകള്‍ വെടിഞ്ഞ് ജനാധിപത്യത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും മേലങ്കിയണിഞ്ഞ് അത് എത്തുന്നു. അത്തരമവസരങ്ങളില്‍ മാത്രം ഒത്തുകൂടുന്ന ആള്‍ക്കൂട്ടമാണ് വോട്ടര്‍മാരെന്നതാണ് ജനാധിപത്യത്തിന്റെ ശാപം. ഇതിനെക്കുറിച്ച് എത്ര മനോഹരമായാണ് തുര്‍ക്കിഷ് എഴുത്തുകാരന്‍ അഹ്‌മത്ത് അല്‍താന്‍ പറഞ്ഞിരിക്കുന്നത് - ''ഭയപ്പെടുത്തുംവിധം തെരുവില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം എത്രപെട്ടെന്നാണ് അപ്രത്യക്ഷമായത്... ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരെല്ലാം നഗരത്തില്‍ തന്നെയുണ്ട്, പക്ഷേ ആള്‍ക്കൂട്ടം ഇല്ലെന്നു മാത്രം'' (Ahmet Altan, Love in the Days of Rebellion).  അധികാരത്തെ അഗ്‌നിശുദ്ധി വരുത്താന്‍ ഇതോടെ ജനങ്ങള്‍ക്ക് കഴിയാതാവുന്നു. തന്മൂലം അവര്‍ ആഗ്രഹിക്കുന്ന ഗവണ്‍മെന്റും അവര്‍ തിരഞ്ഞെടുക്കുന്ന ഗവണ്‍മെന്റും തമ്മില്‍ ബന്ധമില്ലാതായിരിക്കുന്നു. ഈ പ്രതിഭാസം ശക്തിപ്പെടാന്‍ പോകുന്ന നാളുകളാണ് ഇനിയുള്ളത്.

അഹ്‌മത്ത് അല്‍താന്‍ | PHOTO: FACEBOOK
ജനങ്ങള്‍ രാഷ്ട്രീയത്തിന്റെ അസംസ്‌കൃത പദാര്‍ത്ഥമല്ലാതായിരിക്കുന്നു എന്നതു മാത്രമല്ല ഇവിടുത്തെ പ്രശ്‌നം, ആ സ്ഥാനം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നു എന്നതു കൂടിയാണ്.  അവരുടെ ഉപകരണമായി ഇന്ത്യന്‍ ഭരണകൂടം മാറിയിരിക്കുന്നു എന്ന് സാരം. കോര്‍പ്പറേറ്റ് ഫണ്ടിംഗ് ഏറ്റവുമധികം കിട്ടുന്നത് ബി.ജെ.പിക്കാണെന്നതും 2019-ല്‍ മൊത്തം ലാഭത്തിന്റെ 70% വെറും 20 വ്യവസായ സ്ഥാപനങ്ങളുടെ കീശയിലാണ് വീണതെന്നതും ഓര്‍ക്കുക. അതേവര്‍ഷം നികുതി ഇളവിലൂടെ ഇവര്‍ക്കുണ്ടായ നേട്ടം എത്രയാണ്? 1.45 ലക്ഷം കോടിയും. ഇതിന്റെ ഗുണഭോക്താക്കള്‍ ആകട്ടെ 0.7% ബിസിനസ് സ്ഥാപനങ്ങളും. ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട് 2023 അനുസരിച്ച്, രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 60% കേവലം 5% വരുന്നവരുടെ കയ്യിലാണെന്നതും എ.ഡി.ആറിന്റെ (Asosciation for Democratic Rights) കണക്കനുസരിച്ച് പതിനേഴാം ലോക്‌സഭയിലെ 82% അംഗങ്ങളും കോടീശ്വരന്മാരാണെന്നതും ഗൗരവമായി കാണേണ്ടതുതന്നെ. രാഷ്ട്രീയ കേന്ദ്രീകരണവും സാമ്പത്തിക കേന്ദ്രീകരണവും ഒരുമിച്ച് നീങ്ങുന്നു.

ജനാധിപത്യ സ്ഥാപനസ്വരൂപങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും വര്‍ദ്ധിക്കുമെന്നുവേണം കരുതാന്‍. പാര്‍ലമെന്റ്, ജുഡീഷ്യറി, ഫെഡറല്‍ സംവിധാനം,  ധനകാര്യ കമ്മീഷന്‍, തിരഞ്ഞെടുപ്പു കമ്മീഷന്‍, ഗവര്‍ണര്‍, സ്പീക്കര്‍ പദവികള്‍, ബ്യൂറോക്രസി, സിവില്‍ സമൂഹം തുടങ്ങിയ എല്ലാറ്റിനെയും രാഷ്ട്രീയവല്‍ക്കരിക്കാനോ അപ്രസക്തമാക്കാനോ ആണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടും. ഇപ്പോള്‍ത്തന്നെ പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയും കേസില്‍ കുടുക്കിയും, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വ്യാപകമായി കൂറുമാറ്റം പ്രേത്സാഹിപ്പിച്ചും, അവരുടെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിയും പ്രതിപക്ഷത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ തന്നെ പഴുതുകള്‍ ഉപയോഗിച്ച് ഏകകക്ഷി ഭരണത്തിന്റെ സാധ്യതകളാണ് ബി.ജെ.പി തേടാന്‍ പോകുന്നത്. ഇതോടെ, രാഷ്ട്രീയം തന്നെ അപ്രസക്തമാവും. 

REPRESENTATIVE IMAGE: PTI
ബി.ജെ.പിക്ക് മറ്റൊരൂഴം കൂടി കിട്ടുന്നപക്ഷം മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളെ സംഘപരിവാര്‍ അവയുടെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകുമെന്ന കാര്യവും സുനിശ്ചിതമാണ്. രാഷ്ട്രീയത്തിന്റെ കട്ടും കരടും കളഞ്ഞ് കേവലാധികാരത്തിലേക്കുള്ള ഏണിപ്പടിയാക്കി മാറ്റി ഇന്ത്യയെ 'ജനാധിപത്യമില്ലാത്ത ജനാധിപത്യമാക്കി' മാറ്റുമെന്ന് വിവക്ഷ.  ജനാധിപത്യത്തിന്റെ പുറംതോട് നിലനില്‍ക്കുമ്പോഴും പൗരജീവിതത്തില്‍ അത് അനുഭവവേദ്യമാകാത്ത അവസ്ഥയാണ്. ഫെഡറലിസത്തിലും മനുഷ്യാവകാശങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലും ട്രെയ്ഡ് യൂണിയനിസത്തിലും   ലിംഗസമത്വത്തിലും വിശ്വസിക്കുന്നവര്‍ക്കും കോര്‍പ്പറേറ്റ് മുതലാളിത്തത്തെ എതിര്‍ക്കുന്നവര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സിവില്‍ സമൂഹത്തിനും ദളിത് ന്യൂനപക്ഷങ്ങള്‍ക്കും വരാനിരിക്കുന്നത് കഠിനകാലമാണ്.

ജനങ്ങളില്‍ ഭരണഘടനാബോധം വളര്‍ത്തിയും അവരെ ദൈനംദിന ജീവിതാനുഭവങ്ങള്‍ക്ക് ചുറ്റും സംഘടിപ്പിച്ചും അവരുടെ മതബോധ്യത്തെ മാനിച്ചും എന്നാല്‍ അതിനെ സാമൂഹ്യജീവിതത്തിന് ഉതകുംവിധം വ്യാഖ്യാനിച്ചും ഒരു ബദല്‍ രാഷ്ട്രീയപരിപ്രേക്ഷ്യം ചമച്ചെങ്കില്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. സവര്‍ണ്ണ/അവര്‍ണ്ണ ന്യൂനപക്ഷ/ഭൂരിപക്ഷ ദ്വന്ദ്വങ്ങള്‍ക്കപ്പുറം അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഐക്യദാര്‍ഢ്യം ഉറപ്പിക്കേണ്ടതും ആവശ്യമാണ്. റഷ്യന്‍ കവയത്രി അന്ന അഖ്മതോവ അവരുടെ ഒരു കവിതയില്‍ (Requiem) പറഞ്ഞിരിക്കുന്നതാണ് ഐക്യദാര്‍ഢ്യത്തിന്റെ പൊരുള്‍. ഗുലാഗിലേക്കയക്കപ്പെട്ട  മകനുവേണ്ടി 17 മാസക്കാലം ജയിലിനു വെളിയില്‍ കാത്തുനിന്ന അവര്‍ എഴുതി: ''മറ്റൊരമ്പരത്തിനു കീഴിലല്ല/മറ്റൊരു അഭയസ്ഥാനത്തുമല്ല/എന്റെ ജനതയോടൊപ്പം നിന്നു ഞാന്‍ /അവരോടൊപ്പം വേദനയില്‍''. വേദനിക്കുന്നവരോടൊപ്പം വേദനിക്കുന്നതാണ് ഐക്യദാര്‍ഢ്യം. ഇന്ത്യയിലുടനീളം സഞ്ചരിച്ച് നീതിയെക്കുറിച്ച് അന്വേഷിച്ചാല്‍, അതിന്റെ ഭിന്നമുഖങ്ങളാവും നാം ദര്‍ശിക്കുക. മലയാളിയുടെ നീതിയാവില്ല ഉത്തര്‍പ്രദേശുകാരന്റെത്. എന്നാല്‍ എല്ലാം ചേര്‍ത്തുവച്ചാല്‍ അവയ്ക്ക് ഒരു പൊതുഭാവം കൈവരും. അതാണ് ജനങ്ങളെ ഒരുമിപ്പിക്കുന്ന മൂലഘടകം. ഇത് മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നിടത്താണ് ബി.ജെ.പിക്കെതിരായ ബദല്‍ രൂപംകൊള്ളുന്നത്.


#Politics Beyond 2024
Leave a comment