TMJ
searchnav-menu
post-thumbnail

Subaltern & Modi Phenomena

ദളിത്-ബഹുജന്‍ ജനതയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗൂഢപ്രചരണ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും

25 Mar 2024   |   11 min Read
ഡോ. ടിന്റു കെ. ജോസഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ തീവ്ര വലതുപക്ഷ ആശയത്തെ മുന്‍നിര്‍ത്തി പ്രബല മത- സാമുദായിക പിന്തുണ നേടുന്നതിന് ഭരണകക്ഷി പലതരത്തിലുള്ള പ്രചരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നു. എന്നാല്‍ ദളിത്-ബഹുജന്‍ വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ഇവര്‍ നടത്തുന്ന ഗൂഢ പ്രചരണതന്ത്രങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനോടുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ പ്രതികരണത്തിന്റെ പ്രകൃതം എന്താണെന്നും വിശകലനം ചെയ്യേണ്ടതുണ്ട്. 'സബ്കാ സാത്, സബ്കാ വികാസ്' എന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി) അവകാശവാദങ്ങള്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ മറുഭാഗത്ത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ദുരവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുന്നു. ഒരുവശത്ത് ദളിതരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍ക്ക് തകര്‍ച്ച സംഭവിക്കുമ്പോള്‍ മറുവശത്ത് ദളിതര്‍ക്കിടയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയതന്ത്രം വ്യാപിക്കുന്ന ഒരു വിരോധാഭാസ പ്രതിഭാസത്തിന് നാം സാക്ഷ്യംവഹിക്കുന്നു. 

എല്ലാത്തലത്തിലും ചൂഷണം ചെയ്യപ്പെട്ട് പാര്‍ശ്വവത്കൃത ജീവിതം നയിച്ചിരുന്ന ദളിത്-ബഹുജന്‍ ജനതയ്ക്ക് രാജ്യത്തെ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചുതുടങ്ങുന്നത് 1990-ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനുശേഷം മാത്രമാണ്. ഈ കമ്മീഷന്‍ മുന്നോട്ടുവച്ച സംവരണതത്വം നടപ്പിലാക്കിയതുമൂലം പൊതുമേഖലയില്‍ തൊഴിലും വിദ്യാഭ്യാസവും ലഭ്യമാകുന്ന അവസ്ഥ വന്നുതുടങ്ങിയതോടെ ദളിത്-ബഹുജന്‍ വിഭാഗത്തിലുള്ളവര്‍ സാമൂഹിക-സാമ്പത്തിക ഇടങ്ങളില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. 1980-കളില്‍ സവര്‍ണ്ണരുടെ ഭാഗത്തുനിന്ന് മണ്ഡല്‍ വിരുദ്ധ, ദളിത് വിരുദ്ധ അക്രമങ്ങള്‍ അഹമ്മദാബാദ് അടക്കമുള്ള പല സ്ഥലങ്ങളിലും നടന്നിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ ദളിത്- ബഹുജന്‍ വോട്ട് ബി.ജെ.പി യില്‍നിന്ന് അകന്നുപോകാന്‍ സാധ്യതയേറി. ഇതിനെ പ്രതിരോധിക്കുന്നതിനുകൂടിയാണ് അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്കുള്ള രഥയാത്ര നടത്തപ്പെടുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ ഏകീകരിക്കപ്പെട്ട ദളിത്-ബഹുജന്‍ വോട്ട് ബാങ്ക് രഥയാത്രയിലൂടെയും, ബാബറി മസ്ജിദ് തകര്‍ത്തതിലൂടെയും അവസാനം രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെയും വന്‍തോതില്‍ വര്‍ഗ്ഗീയവത്കരിക്കപ്പെട്ട് ബി.ജെ.പിക്ക് അനുകൂലമാകുന്ന അവസ്ഥ വിഭജന രാഷ്ട്രീയത്തിലൂടെ സംജാതമായി.

ബി.ജെ.പിയുടെ ഭൂരിപക്ഷ രാഷ്ട്രീയത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ദളിത്- ബഹുജന്‍ സമൂഹത്തെ ഒപ്പംചേര്‍ക്കേണ്ട തന്ത്രവും അവര്‍ രൂപീകരിച്ചു. ദളിത്-ബഹുജന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനും 'സാമാജിക് സമ്രസ്ത മഞ്ച്' (Social Harmony Forum), എസ്.സി./എസ്.ടി. മോര്‍ച്ച, ഒ.ബി.സി. മോര്‍ച്ച തുടങ്ങിയ സംഘടനകള്‍ രൂപീകൃതമായി. ജാതിശ്രേണി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ സംഘടനകള്‍ 'ഹിന്ദു ഐക്യം' എന്ന സന്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി. കേരളത്തില്‍ ഉയര്‍ത്തിയത് 'നമ്പൂരി മുതല്‍ നായാടി വരെ' എന്ന ഉച്ചനീചത്വം നിറഞ്ഞ മുദ്രാവാക്യമായിരുന്നു. അംബേദ്കറുടെ 'ജാതി ഉന്മൂലന'ത്തില്‍ നിന്ന് വ്യത്യസ്തമായി ഇത് വിവിധ ദളിത് ജാതികള്‍ക്കിടയില്‍ സൗഹാര്‍ദ്ദം വളര്‍ത്തിയെടുത്തു. ദളിതുകളെ ആകര്‍ഷിക്കാന്‍, ഉത്തര്‍പ്രദേശില്‍ സുഹേല്‍ ദേവ് പോലുള്ള ദളിത് ബിംബങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ഇവര്‍ക്ക്  മുസ്ലീം വിരുദ്ധ ചായ്വ് നല്‍കുകയും ചെയ്തു. ഹിന്ദു ദേശീയ വ്യവഹാരത്തിലേക്ക് ദളിതരെ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ്. അടക്കമുള്ള സംഘപരിവാര്‍ സംഘടനകളില്‍നിന്ന് വരുന്നത്.

ഡോ.ബി.ആർ.അംബേദ്കർ | PHOTO: WIKICOMMONS
ദളിത് വീടുകളില്‍ ഭക്ഷണം കഴിച്ച് ദളിതരെ തൃപ്തിപ്പെടുത്താനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ ബ്രാഹ്‌മണവത്കരണ പ്രക്രിയയിലൂടെ ദളിതരിലെ ഒരു വിഭാഗത്തെ കൂടെനിര്‍ത്തി. സ്വയംസേവകരുടെ (കേഡര്‍) വിശാലമായ ശൃംഖലയിലൂടെ സംഘപരിവാര്‍ ദളിത് സമുദായങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് അടിത്തറകെട്ടിപ്പടുത്തു. ഇവര്‍ ദളിതുകളെ ഹിന്ദുക്കളായി അവതരിപ്പിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിംപ്രീണനം നടത്തുമ്പോള്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാത്ത, ഹിന്ദു താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പി.യാണെന്ന വാദം ഉയര്‍ത്തി ദളിതര്‍ക്കിടയില്‍ വീടുവീടാന്തരം അവര്‍  പ്രചാരണം നടത്തി. കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഈ തന്ത്രം അവര്‍ പ്രാവര്‍ത്തികമാക്കി. ഇവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഭജന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി മത-വംശീയ ഉന്മൂലനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍, 'മോദി പ്രഭാവം' എന്നത് ഒരു പുകമറ മാത്രമാണെന്നും കൂടുതല്‍ ആഴത്തിലുള്ള വര്‍ഗ്ഗീയ-വിഭജന അന്തര്‍ധാരകള്‍ സജീവമായിത്തന്നെ ഇതിനുപിന്നിലുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ദളിത്-ബഹുജന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭരണകക്ഷി സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയ ഗൂഢ പ്രചാരണതന്ത്രങ്ങളെ  വിശകലനം ചെയ്യേണ്ടതുണ്ട്. 

ദളിത്, ഗോത്ര വര്‍ഗ്ഗ രാഷ്ട്രപതിമാരും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും 

ദളിത്, ഗോത്രവര്‍ഗ്ഗ, വനിതാ രാഷ്ട്രപതിമാര്‍ ആ പദവിയിലെത്തിയത് ബി.ജെ.പി അധികാരത്തിലിരിക്കുന്ന സമയത്താണെന്നും അതുകൊണ്ടുതന്നെ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉയര്‍ന്ന സ്ഥാനങ്ങളിലെത്താന്‍ സാധിക്കും എന്ന വാദത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി നടക്കുന്നു. അതില്‍ പലരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിലെ വസ്തുതകള്‍ എന്താണ് എന്നും ബി.ജെ.പി. യുടെ ദളിത് പ്രാതിനിധ്യ വീക്ഷണം അംബേദ്കറുടേതില്‍നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദ് അവതരിപ്പിക്കപ്പെട്ടത് ഈ പാര്‍ട്ടിയുടെ അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമാണ്. രോഹിത് വെമുലയുടെ മരണം, ഉന സംഭവം, ദളിതുകളോടും മറ്റ് ജനാധിപത്യ ചിന്താഗതിക്കാരായ പൗരരോടുമുള്ള അക്രമം തുടങ്ങിയ ദളിത് വിരുദ്ധ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കാലത്തിന് ശേഷമാണ് ബി.ജെ.പി. പിന്തുണച്ച 'ദളിത്' രാഷ്ട്രപതിയായി കോവിന്ദ് അധികാരമേല്‍ക്കുന്നത് എന്ന വിരോധാഭാസം സംഭവിക്കുന്നത്. മുന്‍ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മുസ്ലിം സ്വത്വത്തെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത അതേ സമയത്തുതന്നെ മുസ്ലിം വിരുദ്ധമായ നടപടികളിലൂന്നിയ പ്രവര്‍ത്തനശൈലി ഇവര്‍ പിന്തുടര്‍ന്നിരുന്നു എന്നതുമായി ഇതിനെ ബന്ധിപ്പിക്കാവുന്നതാണ്. ചുരുക്കത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി പരസ്പര വിരുദ്ധതകളെ കൗശലപൂര്‍വ്വം സമന്വയിപ്പിക്കാനുള്ള നയപരിപാടികള്‍ സ്വീകരിക്കാനും നടപ്പിലാക്കാനും സംഘപരിവാറിന് മടിയില്ല എന്ന വസ്തുതയാണ് ഇത് വെളിവാക്കുന്നത്. 

രോഹിത് വെമുല | PHOTO: FACEBOOK
ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിയെ പല ജനാധിപത്യ കാര്യപരിപാടികളില്‍നിന്നും ഗവണ്‍മെന്റ് ഒഴിവാക്കുന്നു എന്നതില്‍നിന്നുതന്നെ ദളിത്, ഗോത്രവര്‍ഗ്ഗ, വനിതാ വിഭാഗങ്ങളില്‍പ്പെട്ട രാഷ്ട്രപതിമാരെ നാമനിര്‍ദ്ദേശം ചെയ്തത് ജനാധിപത്യ-ബഹുസ്വര ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനല്ല എന്നും ഇത് ബി.ജെ.പി. യുടെ രാഷ്ട്രീയ കൗശലമായിരുന്നു എന്നും വ്യക്തമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പ്രഥമ പൗര ഒഴിവാക്കപ്പെട്ടു എന്നത് ജനാധിപത്യ സംവിധാനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്.  രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരിക്കാനുള്ള കാരണം മുര്‍മുവിന്റെ സാമൂഹീകസ്വത്വം തന്നെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2020 ഡിസംബര്‍ 10ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല എന്നതും 2023 മേയ് 28ന് പുതിയ കെട്ടിടം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഇപ്പോഴത്തെ രാഷ്ട്രപതി മുര്‍മു ഒഴിവാക്കപ്പെട്ടു എന്നതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 79 അനുസരിച്ച് രാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാര്‍ലമെന്റ്. രാഷ്ട്രപതി ഇല്ലെങ്കില്‍ പാര്‍ലമെന്റിന് നിലനില്‍പ്പില്ല. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇത്രയും പ്രധാനപ്പെട്ട പദവിയിലിരിക്കുന്ന പ്രഥമ പൗരയെ ഒഴിവാക്കിക്കൊണ്ട് ബ്രാഹ്‌മണ മന്ത്രങ്ങള്‍ ഉരുവിടുന്ന സന്യാസിമാരെ പ്രഥമസ്ഥാനം അലങ്കരിക്കാന്‍ ക്ഷണിച്ച രാഷ്ട്രീയ തീരുമാനം ഭരണഘടനാ വിരുദ്ധം തന്നെയാണ് എന്ന് പറയേണ്ടതുണ്ട്.  ലോക്‌സഭയുടെ ഭാഗം മാത്രമായ പ്രധാനമന്ത്രിക്ക് എങ്ങനെ ചടങ്ങിന് നേതൃത്വം കൊടുക്കാനാകും എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്.

ഈ അവസരത്തില്‍ ബി.ആര്‍. അംബേദ്കര്‍ ദളിതരുടെ രാഷ്ട്രീയ പ്രാതിനിധ്യത്തേയും ഭരണകൂട-രാഷ്ട്രീയ താല്‍പ്പര്യങ്ങളെയും എങ്ങനെ സമീപിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അംബേദ്കര്‍ അവതരിപ്പിച്ച പ്രാതിനിധ്യ രാഷ്ട്രീയ ചിന്താപദ്ധതി ബി.ജെ.പി. യുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു.  ഇന്ത്യക്കാര്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നതിനാലും ശ്രേണീകൃത അസമത്വം ജാതീയതയുടെ പ്രധാനഭാഗമായതിനാലും ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് 'പ്രാതിനിധ്യത്തിനുള്ള അവകാശം' നല്‍കേണ്ടതുണ്ട്. മറ്റുള്ളവരാല്‍ പ്രതിനിധീകരിക്കപ്പെടാനോ നാമനിര്‍ദ്ദേശം ചെയ്യപ്പെടാനോ അല്ല, ചൂഷിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള തങ്ങളുടെ അവകാശവാദങ്ങളെ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ പ്രാതിനിധ്യത്തിനുള്ള അവകാശം നടപ്പിലാക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുകൊണ്ടാണ് അംബേദ്കര്‍ ചൂഷിത ജാതികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഇലക്ടറേറ്റിനുവേണ്ടി ശക്തമായി വാദിച്ചത്. അത് ദളിതരെ ജനാധിപത്യ സമ്പ്രദായത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സഹായകരമാകും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ അംബേദ്കറൈറ്റ് ആശയത്തിന് കടകവിരുദ്ധമായ കാര്യമാണ് ബി.ജെ.പി. നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

REPRESENTATIVE IMAGE | WIKICOMMONS
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രധാനമന്ത്രി! - ചില വസ്തുതകള്‍

'ചായ് വാല' എന്ന പ്രചാരണ തന്ത്രത്തോടൊപ്പംതന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ നരേന്ദ്ര മോദിയുടെ ജനകീയത വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ തന്ത്രമായിരുന്നു ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രധാനമന്ത്രി എന്ന വാദം. നരേന്ദ്ര മോദി തങ്ങളിലൊരാളാണ് എന്ന ചിന്താഗതി ബഹുജന്‍ വിഭാഗത്തിലുള്ളവരുടെ ഇടയില്‍ രൂഢമൂലമാക്കാനും അതുവഴി ഒ.ബി.സി. വോട്ടുകളുടെ സ്വരൂപണം ഒരുപരിധിവരെ ഉറപ്പുവരുത്താനും 2014 മുതല്‍ രാജ്യവ്യാപകമായി നടത്തിയ ഈ പ്രചാരണംകൊണ്ട് സാധിച്ചിരുന്നു. ഈ വാദത്തെ ആദ്യഘട്ടം മുതല്‍ പലരും ചോദ്യം ചെയ്തിരുന്നെങ്കിലും അതിന് മാധ്യമശ്രദ്ധ ലഭിക്കുന്നത് ഈ അടുത്താണ്. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയുടെ ഒ.ബി.സി. സ്വത്വത്തെ ചോദ്യം ചെയ്തു. ''മോദിജി ഒബിസി വിഭാഗത്തില്‍ ജനിച്ച ആളല്ല...താന്‍ ഒ.ബി.സി. ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്' എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയുടെ ജാതി ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് 2000-ല്‍ ബി.ജെ.പി. ഗവണ്‍മെന്റാണ് എന്നും രാഹുല്‍ വാദമുന്നയിച്ചു. മോദി ജനറല്‍ കാസ്റ്റില്‍ പെട്ടതായതുകൊണ്ടുതന്നെ ജാതി സെന്‍സസ് നടത്താന്‍ അദ്ദേഹം അനുവദിക്കില്ല എന്നും വാദമുയര്‍ന്നു. 1994-ല്‍ മോദിയുടെ ജാതിയെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും 2000-ല്‍ കേന്ദ്രം ഒ.ബി.സി. പട്ടികയില്‍ മോദിയുടെ ജാതിയെ ഉള്‍പ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ഇതിന് മറുപടി നല്‍കി.

എന്താണ് ഇതിന്റെ പിന്നിലെ വസ്തുത എന്ന് പരിശോധിക്കേണ്ടതുണ്ട്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് (Ministry of Social Justice and Empowerment) കീഴിലുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ (National Commission for Backward Classes) സമാഹരിച്ച ഒ.ബി.സി. കളുടെ സെന്‍ട്രല്‍ ലിസ്റ്റ് അനുസരിച്ച്, 'മോദി' എന്ന പേരില്‍ ഒരു ജാതിയോ സമുദായമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇല്ല. ഘഞ്ചി (മുസ്ലിം), തെലി, മോദ് ഘഞ്ചി, തെലി-സാഹു, തെലി-റാത്തോര്‍, തെലി-റാത്തോഡ്' എന്നിവ ഗുജറാത്തിലെ ഒ.ബി.സി. സമുദായങ്ങളായി പട്ടികയിലുണ്ടെങ്കിലും 'മോദി' എന്ന സമുദായം ലിസ്റ്റില്‍ ഇല്ല. വാസ്തവത്തില്‍, ജാതി അടയാളങ്ങള്‍ പരിഗണിക്കാതെ, ഏകതാനമായതോ തിരിച്ചറിയാവുന്നതോ ആയ 'മോദി' എന്ന സമുദായം ഇന്ത്യയില്‍ നിലവിലില്ല. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും പാഴ്സികളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത സമുദായങ്ങള്‍ 'മോദി' എന്ന കുടുംബപ്പേര് ഉപയോഗിച്ചുവരുന്നു.

സൂറത്ത് എം.എല്‍.എ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ കൊടുത്ത തന്റെ മാനനഷ്ടക്കേസില്‍ മോദികള്‍ 'മോധ്വാനിക് സമുദായത്തില്‍ പെട്ടവരാണ്' എന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ ഗുജറാത്തിലെ മൊധേരയില്‍ തങ്ങളുടെ ഉത്ഭവസ്ഥാനം കണ്ടെത്തുന്ന വാണിക്കുകള്‍ (ബനിയകള്‍), ബ്രാഹ്‌മണര്‍, ഗഞ്ചികള്‍, മറ്റ് ഉപ സമുദായങ്ങള്‍ എന്നിവരടങ്ങിയതാണ് മോദ് സമുദായം എന്ന വാദവും നിലവിലുണ്ട്. രസകരമെന്നു പറയട്ടെ, മോദി സമൂഹത്തില്‍ തന്നെ പല കുടുംബപ്പേരുകളുണ്ട് - ഗാന്ധി ഉള്‍പ്പെടെ. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി മോദ്-ബനിയ ജാതിയില്‍ പെട്ടയാളാണ്. അംബാനി കുടുംബവും ഇതേ ജാതിയില്‍ പെട്ടവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവട്ടെ മോദ്-ഘഞ്ചി വിഭാഗത്തില്‍ പെട്ടയാളാണ്. ചുരുക്കത്തില്‍ ഏകീകൃതമായ ഒരു മോദി സമുദായമില്ല. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നിലനില്‍ക്കില്ല. 

പൂര്‍ണേഷ് മോദി | PHOTO: FACEBOOK
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സി. വിഭാഗത്തിലാണോ ജനിച്ചത് എന്നതാണ്. ഉത്തരം അല്ല എന്നതാണ്. നരേന്ദ്ര മോദി ഉള്‍പ്പെടുന്ന മോദ്-ഘഞ്ചി സമുദായത്തെ കേന്ദ്രം ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് 2000-ല്‍ മാത്രമാണ്. ചുരുക്കത്തില്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മാത്രം ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട ഒരു സമുദായത്തിലെ അംഗമായ നരേന്ദ്ര മോദി കാലാകാലങ്ങളായി താനും തന്റെ പൂര്‍വ്വികരും ബഹുജന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് എന്ന തരത്തില്‍ ജാതി സ്വത്വത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുപയോഗിക്കുന്നത് ചരിത്രവിരുദ്ധവും വസ്തുതാ വിരുദ്ധവുമാണ്.

സാംസ്‌കാരിക ആഘോഷങ്ങളും ദളിത് വോട്ടുബാങ്കും

ദളിത് വിഭാഗങ്ങളുടെ വോട്ട് കേന്ദ്രീകരിച്ച് പല മത-സാംസ്‌കാരിക ആഘോഷങ്ങളും സമ്മേളനങ്ങളും രാജ്യവ്യാപകമായി ബി.ജെ.പി. യും സംഘപരിവാര്‍ സംഘടനകളും നടത്തിവരുന്നുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് വാല്മീകി ജയന്തിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുന്ന സാംസ്‌കാരിക പരിപാടികള്‍. രാമായണത്തിന്റെ രചയിതാവെന്ന് വിശ്വസിക്കപ്പെടുന്ന വാല്മീകിയുടെ ജന്മദിനം ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ അടക്കം രാജ്യത്തെ പല സ്ഥലങ്ങളിലും ദളിത് സമൂഹങ്ങള്‍ ആഘോഷിച്ചുവരുന്നു. ഒരു ദളിത് ഉപജാതിയായ വാല്മീകി വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയിലുള്ള തങ്ങള്‍ വാല്മീകിയുടെ നേരിട്ടുള്ള പിന്‍ഗാമികളാണ് എന്ന വിശ്വാസം ഈ ആഘോഷങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. കാണ്‍പൂരില്‍ വലിയ ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ആഘോഷമാണ് മഹര്‍ഷി വാല്മീകി ജന്മോത്സവ് മേള. എന്നാല്‍ വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ ദളിത് വിഭാഗത്തെ തങ്ങളുടെയൊപ്പം നിര്‍ത്താന്‍ ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ ഉടനീളം വാല്മീകി ജയന്തിയുമായി ബന്ധപ്പെട്ട് തങ്ങളുടേതായ സമ്മേളനങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന ഈ ആഘോഷങ്ങളില്‍ ദളിത് ജനങ്ങള്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്നു എന്നതും ഇവയെല്ലാം ഒഴിഞ്ഞ കസേരകളാല്‍ അവസാനിപ്പിക്കേണ്ടി വരുന്നു എന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി. യുടെ ഈ രാഷ്ട്രീയതന്ത്രത്തെ ദളിതര്‍ പ്രതിരോധിക്കാന്‍ കാരണം പലപ്പോഴും ഗവണ്‍മെന്റ് പിന്തുണയോടെതന്നെ നടക്കുന്ന ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളാണ്. കഴിഞ്ഞ സര്‍ക്കാരുകളുടെ കീഴില്‍ ദളിതര്‍ അപമാനത്തിനും അതിക്രമങ്ങള്‍ക്കും വിധേയരായെന്ന് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഭൂപീന്ദര്‍ ചൗധരി പറയുന്നുണ്ടെങ്കിലും ബിജെപി ഭരണത്തില്‍ ഈ അതിക്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. 

80 അംഗങ്ങളെ ലോക്സഭയിലേക്ക് അയയ്ക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ ഏകദേശം 20% ദളിതരാണ്. 2022-ലെ വന്‍ നിയമസഭാ ഇലക്ഷന്‍ വിജയവും ദളിതുകള്‍ പിന്തുണച്ചിരുന്ന ബി.എസ്.പി. യുടെ തകര്‍ച്ചയും ദളിത് വോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി. യെ പ്രേരിപ്പിക്കുന്നു. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള മത-സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ദളിത്വിരുദ്ധ രാഷ്ട്രീയ-സാമൂഹീക പശ്ചാത്തലത്തില്‍ ചൂഷിത ജാതിയിലുള്ളവര്‍ സമാജ്വാദി പാര്‍ട്ടിയിലേക്ക് പോകുമെന്ന ഭയവും ബി.ജെ.പി.ക്കുണ്ട്.

ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മിക്ക ദളിതരും സ്വന്തം ഇഷ്ടപ്രകാരമല്ല അവിടെ എത്തിയത് എന്നും  ശുചീകരണ തൊഴിലാളികളുള്‍പ്പെടെയുള്ളവരെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വഴിയും മറ്റ് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ വഴിയും സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മേളനങ്ങളില്‍ പങ്കെടുപ്പിച്ചത് എന്നും വ്യക്തമായ തെളിവുകളുണ്ട്.  ജാതീയത ശക്തമായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജാതിശ്രേണീ അധികാരങ്ങളും സംഘപരിവാര്‍ ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. മേല്പറഞ്ഞ പരിപാടികള്‍ നടപ്പിലാക്കുന്നത് ബ്രാഹ്‌മണ ജാതിയിലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ്. സര്‍സോള്‍ പ്രദേശത്തുനിന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ഹോരി ലാല്‍ എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തി പറയുന്നത് തങ്ങളോട് ബി.ജെ.പി. യുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞതും അതിനുവേണ്ടി ബസ് ഏര്‍പ്പാടാക്കിയതും പണ്ഡിറ്റായ രാജേഷ് തിവാരി ആണെന്നാണ്. ബി.ജെ.പി. ക്ക് വോട്ടുചെയ്തില്ലെങ്കില്‍ ഗവണ്‍മെന്റില്‍നിന്ന് ലഭിക്കേണ്ട ഒന്നും നിങ്ങള്‍ക്ക് ലഭിക്കില്ല എന്ന് ഇയാള്‍ പറഞ്ഞതായി  ഹോരി ലാല്‍ കൂട്ടിച്ചേര്‍ത്തു എന്നും പ്രസ്തുത സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ അരുണാഭ് സൈകിയ രേഖപ്പെടുത്തുന്നു. ചുരുക്കത്തില്‍ ജാതീയതയെ ശക്തമാക്കിക്കൊണ്ട്, ദലിതര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന പുകമറ സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ഭരണകക്ഷിയില്‍നിന്ന് ഉണ്ടാകുന്നത്.

മഹര്‍ഷി വാല്മീകി ജന്മോത്സവ് മേള | PHOTO: FACEBOOK
ഗുജറാത്ത് എന്ന പരീക്ഷണശാലയും ഹിന്ദുത്വയെ പുണരുന്ന ദളിതരും

വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമെന്നപോലെ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളുടെയും വിവേചനത്തിന്റെയും നിരവധി സംഭവങ്ങള്‍ ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, പലരും ഈയിടെയായി ആര്‍.എസ്.എസ്. ലും അതിന്റെ അനുബന്ധ സംഘടനകളിലും വലിയതോതില്‍ ചേരുന്നു. ഗുജറാത്തില്‍ വലിയൊരു വിഭാഗം ദളിതര്‍ ജാതി വ്യവസ്ഥയ്ക്ക് വേണ്ടി വാദിക്കുന്ന വി.എച്ച്.പി, ബജ്റംഗ്ദള്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭാഗമാണ്. ഗോഹത്യയുടെ പേരില്‍ മേല്‍പ്പറഞ്ഞ സംഘടനകള്‍ മുമ്പ് നിരവധി ദളിതുകളെ ആക്രമിച്ചത് ഹിന്ദുത്വ സംഘടനകളുമായി ചേരുന്നതില്‍ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുന്നില്ല. 

2001-ലെ സെന്‍സസ് പ്രകാരം, ഗുജറാത്തിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ 35.93 ലക്ഷമാണ്. ഇത് സംസ്ഥാനത്തിലെ മൊത്തം ജനസംഖ്യയുടെ 7.09% ആണ്. ഗുജറാത്തിലെ ദളിത് സമൂഹം വലിയതോതിലുള്ള ബഹിഷ്‌കരണം നേരിടുന്നുണ്ട്. ദളിതര്‍ക്കെതിരെ പരസ്യമായ ചാട്ടവാറടി, കൊലപാതകം, പീഡനം, ബലാത്സംഗം തുടങ്ങി നിരവധി അക്രമസംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 2010 മുതല്‍ ദളിതരുടെ സ്ഥിതി കൂടുതല്‍ മോശമായ അവസ്ഥയിലാണ് എന്നാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ സെല്ലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈംസ് ബ്യൂറോയുടെ 2020 റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 1,313 ആണ്. 2013-നും 2018-നും ഇടയില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 32% വര്‍ധിച്ചതായി ഗുജറാത്തിലെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ഈശ്വര്‍ പര്‍മര്‍ 2019 മാര്‍ച്ചില്‍ സംസ്ഥാന അസംബ്ലിയില്‍ പറഞ്ഞിരുന്നു. ഹിന്ദുത്വ സംഘടനകള്‍ ദളിതര്‍ക്കെതിരെ നടത്തുന്ന ഈ ആക്രമണങ്ങള്‍ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ അംഗത്വം എടുക്കുന്നതില്‍നിന്ന് ദളിതരെ പിന്തിരിപ്പിക്കുന്നില്ല. 

എന്താണ് ഈ വൈരുദ്ധ്യത്തിന് കാരണം?

ഹിന്ദുസ്വത്വ വര്‍ഗ്ഗീയ ചിന്താഗതി ഉയര്‍ത്തി മുസ്ലിങ്ങളെ അപരവത്കരിക്കുകയും ശത്രുപക്ഷത്ത് നിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയം മുന്നോട്ടുവച്ച് ദശാബ്ദങ്ങളായി ദളിത് അടക്കമുള്ള ജനവിഭാഗങ്ങളില്‍ ഹിന്ദുത്വ ബോധം ഉണര്‍ത്തുന്നതില്‍ സംഘപരിവാര്‍ ഒരുപരിധിവരെ വിജയിക്കുന്ന കാഴ്ച്ച ഗുജറാത്തില്‍ ദൃശ്യമാണ്. ഇത് ഗുജറാത്തില്‍ മാത്രമായി ചുരുങ്ങിനില്‍ക്കുന്ന പ്രതിഭാസമല്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്.

2014-ല്‍ വിഎച്ച്പിയില്‍ ചേര്‍ന്ന ദളിത് വിഭാഗത്തില്‍പ്പെട്ട കല്‍പേഷ് ഗോഹില്‍ പറയുന്നത് ഇന്ത്യ ഇപ്പോള്‍ 'അനൗദ്യോഗികമായി' ഒരു ഹിന്ദു രാഷ്ട്രമായി എന്നും എല്ലാ ഉന്നത സ്ഥാനങ്ങളും ഹിന്ദുക്കളാണ് അലങ്കരിക്കുന്നത് എന്നുമാണ്. 'അയോധ്യയിലെ രാമക്ഷേത്രം ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നു, പക്ഷേ അത് ഹിന്ദുത്വത്തിനുവേണ്ടി യുദ്ധം ചെയ്ത ഹിന്ദു യുവാക്കളുടെ ത്യാഗത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്', എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍വരെ ഉയരുന്നു. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയുടെ നേതാവായ സുബോധ് കുമുദ് അഭിപ്രായപ്പെടുന്നത് ഹിന്ദുത്വ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ദളിതര്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ജാതിക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണ്ടവിധം അറിവില്ലാത്തവരാണ് എന്നാണ്. അതുകൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെ, അവരെ 'ദുരുപയോഗം' ചെയ്യാന്‍ സംഘപരിവാറിന് സാധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രം | PHOTO: WIKICOMMONS
ജാതിഘടനയുടെ മുഖ്യധാരയില്‍ തങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടാക്കാന്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് സാധിക്കുന്നുണ്ട് എന്നതാണ് ദളിതര്‍ ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഒരു കാരണം. എന്നാല്‍ ദളിത് വിഷയങ്ങളിലെ ഈ സംഘടനകളുടെ നിലപാട് ജാതീയവും ദളിത് വിരുദ്ധവുമാണ്. തങ്ങളുടെ പിന്നോക്കാവസ്ഥയിലുള്ള സാമ്പത്തികവും സാംസ്‌കാരികവുമായ പശ്ചാത്തലം കാരണം, അംബേദ്കറുടെ ജാതി സമരത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ദളിതര്‍ അവരുടെ കെണിയില്‍ എളുപ്പത്തില്‍ വീഴുന്നുണ്ട് എന്നും സുബോധ് കുമുദ് അഭിപ്രായപ്പെട്ടു എന്ന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ താരുഷി അശ്വിനി എഴുതുന്നു.

എന്തുകൊണ്ടാണ് ദളിതര്‍ ഹിന്ദുത്വ സംഘടനകളില്‍ ചേരുന്നത് എന്നതിനെക്കുറിച്ച് പ്രബോധന്‍ പോള്‍ വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി, ഗോധ്ര അക്രമത്തിന് ശേഷം, വര്‍ഗ്ഗീയ അക്രമങ്ങളില്‍ ദളിത് വിഭാഗങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി എന്നാണ്. ദളിതര്‍ക്ക് തങ്ങളുടെ അസ്തിത്വം ഉറപ്പിക്കുന്നതിനുള്ള ഇടമായി പലപ്പോഴും വര്‍ഗ്ഗീയ കലാപങ്ങള്‍ മാറുന്നുണ്ട് എന്നും അദ്ദേഹം വീക്ഷിക്കുന്നു. ജാതിശ്രേണിയില്‍ മുകളിലുള്ള തീവ്ര വലതുപക്ഷ നേതാക്കള്‍ക്ക് അതുകൊണ്ടുതന്നെ സാമൂഹീക അംഗീകാരം നല്‍കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് താഴെത്തട്ടിലുള്ളവരെ ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചുരുക്കത്തില്‍ ജാതി തന്നെയാണ് ഇവിടെയുള്ള പ്രധാന ഘടകം.   

ദളിത്-ബഹുജന്‍ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളും ചെറുത്തുനില്‍പ്പുകളും  

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ദളിത് വിഭാഗത്തിന്റെ അവസ്ഥ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മോശമായിരിക്കുന്നു. വിവിധ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സൂചികകള്‍ ഈ തകര്‍ച്ചയെ വ്യക്തമാക്കുന്നുണ്ട്. National Coalition for Strengthening SCs and STs യുടെ കണക്കുകള്‍ പ്രകാരം പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും 2021ല്‍ 1.2% വര്‍ദ്ധിച്ചു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശില്‍ അതിക്രമങ്ങളുടെ തോത് വര്‍ദ്ധന 25.82 ആണ്. രാജസ്ഥാനില്‍ ഇത് 14.7% വും മധ്യപ്രദേശില്‍ 14.1% വുമാണ്. ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഹിന്ദുത്വയുടെ അജണ്ടയാല്‍ നയിക്കപ്പെടുന്ന ബി.ജെ.പി ദളിത് ജാതികളെ ധ്രുവീകരിക്കുന്നതിനും പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതെറ്റിക്കുന്നതിനും വര്‍ഗ്ഗീയ സ്വത്വരാഷ്ട്രീയം കളിക്കുന്നു. പശുസംരക്ഷണവും അതിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും സാധാരണ പ്രതിഭാസമായി മാറുകയും ചെയ്യുന്ന അവസരത്തില്‍ ഇരകളായി മാറുന്നത് മുസ്ലീങ്ങളും ദളിതരുമാണ്. സാമൂഹ്യശാസ്ത്രജ്ഞനായ സുഖ്ദേവ് തോറാട്ട് പറയുന്നതനുസരിച്ച്, തൊഴില്‍ ചെയ്യുന്ന ദളിത് ജനസംഖ്യയുടെ 5% മാത്രമാണ് സംവരണത്തിന്റെ പ്രയോജനം നേടുന്നത്. ഉപരിജാതിയിലെ അവശവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തീക സംവരണം കൂടി വന്നതോടെ അവസ്ഥ കുറേക്കൂടി സങ്കീര്‍ണ്ണമായിരിക്കുന്നു.

സുഖ്ദേവ് തോറാട്ട് | PHOTO: FACEBOOK
ഗുജറാത്തില്‍ ദലിത്-ബഹുജന്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ തുടരുന്നു. ഫെബ്രുവരി 11 ന്, രാജ്കോട്ടിലെ ഒരു ദളിത് വിദ്യാര്‍ത്ഥിയെ തന്റെ ജാതി സ്വത്വത്തിന്റെ പേരില്‍ സഹപാഠികള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആനന്ദ് ജില്ലയില്‍ ഫെബ്രുവരി 23 ന് ദളിത് വരന്റെ വിവാഹ ഘോഷയാത്ര സവര്‍ണ്ണ ജാതിക്കാര്‍ ബലമായി തടഞ്ഞു എന്നുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. 2016 ജൂലൈയില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വലിയ അക്രമസംഭവം ദളിതര്‍ക്കെതിരെ നടന്നിരുന്നു. സൗരാഷ്ട്ര മേഖലയിലെ ഉനയില്‍, നാല് ദളിതരെ സ്റ്റീല്‍ പൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും, വസ്ത്രം ഉരിഞ്ഞ്, ഒരു എസ്യുവിയില്‍ കെട്ടിയിട്ട്, പ്രാദേശിക പോലീസ് സ്റ്റേഷന് സമീപമുള്ള പ്രധാന മാര്‍ക്കറ്റില്‍ പരേഡ് ചെയ്യുകയും ചെയ്തു. ഈ നാല് ദലിതര്‍ക്കെതിരെയും ഗോവധ കുറ്റം ചുമത്തി എന്നുള്ളതും സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത അക്രമങ്ങള്‍ക്കും സാമൂഹീക വിവേചനത്തിനും ദിവസേന ദളിത്-ബഹുജന്‍ വിഭാഗങ്ങള്‍ വിധേയരാക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു.

ജാതീയ അതിക്രമങ്ങള്‍ക്കെതിരായ ദളിത്-ബഹുജന്‍ വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പുകള്‍ പല സംസ്ഥാനങ്ങളിലും ശക്തമാണ് എന്ന വസ്തുത എടുത്തുപറയേണ്ടതുണ്ട്. ബിഹാറിലും ആന്ധ്രാപ്രദേശിലും ദളിതര്‍ സമൂലമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലുണ്ട്. തമിഴ്‌നാട്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അവകാശപോരാട്ടങ്ങളിലും അവര്‍ മുന്നിലുണ്ട്. തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ.) പോലുള്ള ദളിത് മുന്നേറ്റങ്ങള്‍ ജാതീയ ഹിന്ദുത്വ വാദത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. യുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചിദംബരം, വിലുപ്പുറം എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് വി.സി.കെ. യുടെ സ്ഥാനാര്‍ത്ഥികളാണ്. ദളിത് പാന്തേഴ്സ് അടക്കമുള്ള അംബേദ്കറൈറ്റ് സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും അനുഭാവികളും ബി.ജെ.പി. ക്ക് എതിരെ നില്‍ക്കേണ്ടത് ബാബാസാഹെബിന്റെ ഭരണഘടനയ്ക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ് എന്ന വാദം ഉയര്‍ത്തി മുന്നോട്ടുവരുന്നു. 'ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളുന്നതിന് തുല്യമായ 'ഇന്ത്യ' സഖ്യത്തില്‍ മായാവതി ചേരുന്നില്ലെങ്കില്‍, അവര്‍ തെരഞ്ഞെടുപ്പില്‍ ബുദ്ധിമുട്ടേണ്ടതായി വരും' എന്ന് ഉത്തര്‍പ്രദേശിലെ ദളിത് പാന്തേഴ്സിന്റെ തലവനായ ധനിറാം ബൗധ് പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ദളിത്-ബഹുജന്‍ വിഭാഗത്തില്‍പ്പെട്ട ഒരു വലിയ വിഭാഗം ജനത തീവ്രവലതുപക്ഷ-വര്‍ഗ്ഗീയ-ജാതിവാദ രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പും ഐക്യവും നിലനില്‍ക്കുന്നതിന്റെ പ്രധാനകാരണം 'നാനാത്വത്തില്‍ ഏകത്വം', ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതപ്പെട്ട ഭരണഘടനയാണ്. ഈ ഭരണഘടനാ മൂല്യങ്ങളെ ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ഒരു ശ്രമത്തെയും അനുവദിക്കരുത്. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളും പ്രക്രിയകളും വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന വി-ഡെം (V-Dem - Varieties of Democracy) റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. രാജ്യത്തെ ജനാധിപത്യം 1975-കളിലെ അടിയന്തരാവസ്ഥക്കാലത്തെന്നപോലെ തകര്‍ന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 179 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ആദ്യത്തെ പത്ത് ജനാധിപത്യവിരുദ്ധത നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് വി-ഡെം റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത്. സമീപകാലത്തായി ഏറ്റവും മോശം സ്വേച്ഛാധിപത്യ സ്വഭാവമുള്ള രാജ്യമായി ഇന്ത്യ മാറി എന്നും ജനസംഖ്യ സൂചിക പ്രകാരം ഇന്ത്യയിലെ 140 കോടി ജനങ്ങളും സ്വേച്ഛാധിപത്യത്തിനു കീഴിലാണ് ജീവിക്കുന്നത് എന്നും ഈ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടനുസരിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം, വിവരങ്ങളുടെ ബദല്‍ സ്രോതസ്സുകള്‍, പുരുഷ-സ്ത്രീ വോട്ടവകാശം, തെരഞ്ഞെടുക്കപ്പെട്ട ഭരണകര്‍ത്താക്കളുടെ നയം തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഇന്ത്യ പുറകിലാണ്. ഈ അപ്രഖ്യാപിത സ്വേച്ഛാധിപത്യത്തിനുകീഴില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ദളിത്-ബഹുജന്‍ ജനതയാണ് എന്നത് യാതൊരു സംശയവുമില്ലാതെതന്നെ പറയാവുന്നതാണ്.

Reference

Bipan Chandra, Mridula Mukherjee, Adithya Mukherjee, et al., India Since Independence, Penguin, 2008.
Arunabh Saikia, 'What a BJP convention on Valmiki Jayanti says about the fight for Dalit votes in Uttar Pradesh', Scroll.in, October 29, 2023
V. Geetha, 'BJP's Pick of Kovind as a 'Dalit' President Goes Against Ambedkar's Idea of Democracy', The Wire, 23 2017
Ram Punayani, 'Majoritarian Politics and the Plight of Dalits', The Wire, 03 August 2023
Tarushi Aswani, 'Gujarat: Why a Sizeable Number of Dalits Are Joining Hindutva Outfits', The Wire, 20 March 2023
'BJP elects Dalit, tribal Presidents only for electoral gains: Mallikarjun Kharge Kharge on Monday attacked the Modi government for not involving president in the inauguration of new Parliament building', Deccan Herald, https://www.deccanherald.com/india/bjp-elects-dalit-tribal-presidents-only-for-electoral-gains-mallikarjun-kharge-1220942.html
'Caste conundrum: The 'Modi' surname and its OBC linkages', Deccan Herald, https://www.deccanherald.com/india/caste-conundrum-the-modi-surname-and-its-obc-linkages-1204373.html
'India 'one of the worst autocratiser's': V-Dem report on democracy', The Hindu, 11 March 2024.
'Modi's caste included in OBC in 1994 in Gujarat under Congress regime: Amit Shah', https://www.thehindu.com/news/national/congress-govt-in-gujarat-included-pm-modis-caste-in-obc-list-in-1994-amit-shah/article67831999.ece
'Loksabha polls: After a slew of negotiations, VCK agrees to two seats in DMK alliance', The Hindu, March 8 2024.



#Subaltern & Modi Phenomena
Leave a comment