2024 : ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദശാസന്ധി; ഇന്ത്യയുടെയും
താങ്ങുവിലയ്ക്കുവേണ്ടി സമരം ചെയ്യുന്ന 'അന്നദാതാ'ക്കളെ തുരത്തിയോടിക്കാന്‍ ആകാശത്തുനിന്ന് ഡ്രോണ്‍ വഴി കണ്ണീര്‍വാതകം പ്രയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. എന്നിട്ടും സമരം ചെയ്യുന്ന കൃഷിക്കാരോട് യുദ്ധം ചെയ്യാന്‍ ഭാവിക്കുന്ന ഒരു സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും ആത്മവിശ്വാസവും ധാര്‍ഷ്ട്യവും അപ്പോള്‍ എത്രത്തോളം അതിരുകടന്നതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അല്ലെങ്കിലും, തിരഞ്ഞെടുപ്പിലെ ജയത്തെക്കുറിച്ചല്ലല്ലോ, ലഭിക്കുമെന്ന് സ്വപ്‌നം കാണുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ചാണല്ലോ പ്രധാനമന്ത്രിയും അനുചരന്മാരും വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്.
2004 ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും സമാനമായ അവകാശവാദങ്ങളുമായി കളംനിറഞ്ഞിരുന്നത് ഞാനോര്‍ക്കുന്നു. 'ഇന്ത്യ തിളങ്ങുന്നു' എന്നായിരുന്നു അവരുടെ അന്നത്തെ മുദ്രാവാക്യം. ജനങ്ങള്‍ പക്ഷേ, ആ പളപളപ്പില്‍ വീണില്ല. തുടര്‍ന്നുള്ള പത്തുവര്‍ഷം സംഘപരിവാറിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് മറക്കാന്‍ കാലമായിട്ടില്ലല്ലോ.
ഈ ഓര്‍മ മോദിയെയും കൂട്ടരെയും നല്ലവണ്ണം പൊള്ളിക്കുന്നുണ്ടാവണം. അതുകൊണ്ടായിരിക്കണം അവര്‍ രാമന്റെ പിന്നില്‍ അഭയം തേടുമ്പോഴും കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ നേതാക്കളുടെ പിന്നാലെ അഴിച്ചുവിടുന്നതും പ്രതിപക്ഷകക്ഷികളെ പിളര്‍ത്താന്‍ ശ്രമിക്കുന്നതും. രാഷ്ട്രത്തിന്റെ ബഹുമതികള്‍ രാഷ്ട്രീയായുധങ്ങളായി പരിണമിക്കുന്നതും അതുകൊണ്ടുതന്നെ. പണം, അധികാരം, ടെക്‌നോളജി, തീവ്രവര്‍ഗീയത, സത്യാനന്തരം എന്നിവയുടെ വിനാശകരമായ ഒരു ചേരുവയാണ് രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ബോധത്തെയും ഓര്‍മകളെയും തമസ്‌കരിക്കാനുള്ള മയക്കുമരുന്നായി ഈ ചേരുവ പ്രയോഗിക്കാന്‍ കഴിയുമെന്ന ഹുങ്കിലാണ് ഭരിക്കുന്നവരും അവരുടെ അണികളും. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരധാര്‍ഷ്ട്യത്തെ തിരഞ്ഞെടുപ്പിലൂടെ തുരത്തിയ ഇന്ത്യന്‍ ചരിത്രത്തിന് അടിയന്തരാവസ്ഥക്കാലത്തോളം പഴക്കമുണ്ടെന്നത് നാം മറന്നുകൂടാ.
ഡ്രോണ്‍ വഴി കണ്ണീര്‍വാതകം പ്രയോഗിക്കുന്നു | PHOTO: PTI
സ്വാതന്ത്ര്യസമരാനന്തരം രൂപപ്പെട്ട ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത്, അത് ഓരോ പൗരനിലും ഉദ്ദീപിപ്പിച്ച ഇന്ത്യക്കാരന്‍ എന്ന അഭിമാനബോധമാണ്. ആ ബോധത്തില്‍ ഒരുതരം ഉടമസ്ഥതാബോധം (Sense of belonging) കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യ എന്റേതാണെന്ന വികാരത്തോടൊപ്പം ഇന്ത്യ എന്നെയും ചേര്‍ത്തുനിര്‍ത്തുന്നുവെന്ന പാരസ്പര്യവും ഈ ബോധത്തില്‍ അന്തര്‍ലീനമാണ്. ഇതൊന്നും യാദൃച്ഛികമായി രൂപപ്പെട്ട കാര്യങ്ങളല്ല. ജാതി, മത, ലിംഗ, വര്‍ണഭേദങ്ങളുടെ വെള്ളംകേറാ അറകളില്‍ അടച്ചുപൂട്ടപ്പെട്ടിരുന്ന ജനതയില്‍ അത്തരം സ്വത്വങ്ങള്‍ക്കപ്പുറമുള്ള ഒരു ദേശീയബോധം വികസിതമായത് ദീര്‍ഘമായ ഒരു നവോത്ഥാന പ്രക്രിയയിലൂടെയും അതിലൂടെ തിടംവച്ച ദേശീയപ്രസ്ഥാനത്തിലൂടെയും ആത്യന്തികമായി സ്വാതന്ത്ര്യസമര പോരാട്ടത്തിലൂടെയുമാണ്. സ്വാതന്ത്ര്യസമരമെന്നത് കേവലം സാമ്രാജ്യത്തശക്തിക്കെതിരായ പോരാട്ടം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ ജനതയെ ആയിരത്താണ്ടുകള്‍ തളച്ചിട്ട ജഡിലമായ സാമൂഹ്യവ്യവസ്ഥയ്‌ക്കെതിരായ ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയായിരുന്നു എന്നര്‍ത്ഥം.
അതിദീര്‍ഘമായ ഇത്തരം പ്രക്രിയയിലൂടെ രൂപപ്പെട്ട ഇന്ത്യക്കാരന്‍ എന്ന ബോധത്തെയും വികാരത്തെയുമാണ് നേരത്തെ സൂചിപ്പിച്ച അപകടകരമായ ചേരുവയിലൂടെ ഭരണകൂടം ആക്രമിക്കുന്നത്. 2014 മുതല്‍ മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യക്കാരന്റെമേല്‍ ഈ ആക്രമണം അഴിച്ചുവിടുകയാണ്. വിദ്യാഭ്യാസപദ്ധതി, സിലബസ്, പാഠപുസ്തകങ്ങള്‍ എന്നിവയിലൂടെയെല്ലാം ഇന്ത്യക്കാരന്‍ എന്ന ആശയം ധ്വംസിക്കപ്പെടുകയും തല്‍സ്ഥാനത്ത് തീര്‍ത്തും അസ്വീകാര്യവും ചരിത്രവിരുദ്ധവുമായ ഒരു പുതിയ സങ്കല്പനം അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടം സൃഷ്ടിക്കുന്ന പുതിയ ഇന്ത്യക്കാരന്‍, ദേശീയ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട ദേശീയ ബോധത്തിന്റെ പ്രതിനിധിയല്ല. അവന്‍ പ്രതിനിധീകരിക്കുന്നത് ദേശീയപ്രസ്ഥാനം നിരാകരിച്ച ജാതി, മത, വര്‍ണ, ലിംഗ ബദ്ധമായ സവര്‍ണ ബ്രാഹ്‌മണ്യദേശീയതയെയാണ്. മനുസ്മൃതിയിലും വര്‍ണാശ്രമ ധര്‍മത്തിലും ബ്രാഹ്‌മണ്യത്തിലും അധിഷ്ഠിതമായ പുതിയ ദേശീയതയാകട്ടെ നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളിലുറപ്പിച്ച ദേശീയതാ സങ്കല്പനത്തെ പാടേ തള്ളിക്കളയുന്നു. ദേശീയപ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട ദേശീയത സര്‍വാശ്ലേഷിയാണെങ്കില്‍, മോദിയുടെ പുതിയ ദേശീയത ജനങ്ങളെ വേര്‍തിരിക്കുന്നതും വിവേചിക്കുന്നതുമാണ്.
വിവേചനപരമായ പുതിയ ദേശീയത, മുന്‍പറഞ്ഞ മാനവികമൂല്യങ്ങളില്‍ നിന്ന് ഉരുവപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ സത്തയ്ക്ക് കടകവിരുദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയതിനാല്‍ മോദി അധികാരമേറ്റ കാലം മുതല്‍ ഭരണഘടന നിരന്തരമെന്നോണം ധ്വംസിക്കപ്പെടുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും മുന്‍പറഞ്ഞ കാരണങ്ങളാല്‍ത്തന്നെ പുത്തന്‍ ദേശീയതാ സങ്കല്പനക്കാര്‍ക്ക് കണ്ണെടുത്ത് കണ്ടുകൂടാത്തവയാണ്. ഒരു രാജ്യം, ഒരു മതം, ഒരു വിശ്വാസം, ഒരു ഭാഷ, ഒരു നേതാവ്, ഒരു തിരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു സിവില്‍നിയമം എന്നിങ്ങനെ ഏകമുഖവ്യവസ്ഥ അടിച്ചേല്‍പിക്കാന്‍ വെമ്പുന്നവര്‍ക്ക് ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരവ്യവസ്ഥയെ വച്ചുപൊറുപ്പിക്കാന്‍ കഴിയുകയില്ലല്ലോ.
നരേന്ദ്ര മോദി | PHOTO: PTI
നടേ സൂചിപ്പിച്ച പശ്ചാത്തലത്തില്‍ വേണം 2024 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെക്കുറിച്ച് വിലയിരുത്താന്‍. അടുത്ത അഞ്ചുവര്‍ഷക്കാലം ആര് രാജ്യം ഭരിക്കണമെന്ന കേവലപ്രശ്‌നം മാത്രമല്ല ഈ തിരഞ്ഞെടുപ്പില്‍ നിര്‍ദ്ധരിക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഇത:പര്യന്തം ഈ രാജ്യവും ജനതയും ഉയര്‍ത്തിപ്പിടിച്ച സമസ്തമൂല്യങ്ങളും അതിന് രാജ്യത്തെ പ്രാപ്തമാക്കിയ ഭരണഘടനയും അഭിമുഖീകരിക്കുന്ന അസ്തിത്വപ്രതിസന്ധിക്കാണ് ഈ തിരഞ്ഞെടുപ്പ് ഉത്തരം കാണേണ്ടത്.
ഉടമസ്ഥതാബോധം ഉള്‍ച്ചേര്‍ന്ന ഇന്ത്യക്കാരന്‍ എന്ന അഭിമാനബോധത്തിന്റെ സാമ്പത്തികതലം യഥാര്‍ത്ഥത്തില്‍ തൊണ്ണൂറുകള്‍ മുതല്‍ക്കേ ആക്രമണത്തിന് വിധേയമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനം സമ്പത്തിന്റെയും ഉല്പാദനോപാധികളുടെയും കേന്ദ്രീകരണത്തിന് ഇടയാക്കാത്ത രൂപത്തില്‍ വേണമെന്ന ഭരണഘടനയുടെ 38 (സി) അനുച്ഛേദത്തിലെ വ്യവസ്ഥയെ തകര്‍ത്തുകൊണ്ടാണ് ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് നടപ്പാക്കപ്പെട്ടത്. അതിന്റെ ഫലമായി അതിരൂക്ഷമായ സാമ്പത്തിക അസമത്വം ഇന്ത്യയെ ഗ്രസിച്ചിരിക്കുന്നു. കൃഷിയും ചെറുകിട വ്യവസായവും ഗുരുതരമായ പ്രതിസന്ധിയിലാണ്. അത് ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പാടേ തകര്‍ക്കുകയും ചെയ്തിരിക്കുന്നു. പത്തുശതമാനം അതിസമ്പന്നര്‍ സമ്പത്തിന്റെ മുക്കാല്‍ പങ്കും കൈയ്യടക്കിക്കഴിഞ്ഞു. മറുവശത്ത് ജനസംഖ്യയുടെ ഏറിയപങ്കും ദാരിദ്ര്യവും തൊഴിലില്ലായ്മയും പോഷകാഹാര ദൗര്‍ലഭ്യവും നിമിത്തം കൊടുംദുരിതത്തിലാണ്. ചുരുക്കത്തില്‍, ഇന്ത്യ എന്ന രാജ്യം സമ്പന്നരുടെ നഗരവത്കൃത ഇന്ത്യയും ദരിദ്രരുടെ ഗ്രാമീണ ഇന്ത്യയുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ വലിയ പങ്ക് കൈയ്യാളുന്ന കോര്‍പ്പറേറ്റുകള്‍ ബ്രാഹ്‌മണ്യ ദേശീയതയുമായി താദാത്മ്യം സ്ഥാപിച്ചുകൊണ്ട് സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ ആക്കവും വേഗതയും കൂട്ടുന്ന തിരക്കിലാണ്. അസമത്വത്തിന്റെ ഇരകളായ കൃഷിക്കാരും തൊഴിലാളികളും ആദിവാസികളും പിന്നോക്കവിഭാഗക്കാരും ഗ്രാമീണരും കേന്ദ്രീകരണത്തിന്റെ കെടുതികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിയും മൂര്‍ച്ചയും കൂട്ടുന്ന തിരക്കിലും. ഈ താല്പര്യസംഘര്‍ഷം, വരുന്ന തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കാതിരിക്കില്ല. രാമന്റെ പ്രഭാവത്തെ മറികടന്നും കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍ ശക്തമാകുന്നത് ഈ ദിശയിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നുണ്ട്.
REPRESENTATIONAL IMAGE: PTI
ഫാസിസ്റ്റ്-കോര്‍പ്പറേറ്റ് സഖ്യത്തിനെതിരായ തിരഞ്ഞെടുപ്പ് വിധി ഇന്ത്യയുടെ ബഹുസ്വരതയെ സംരക്ഷിക്കുകയും സര്‍വാശ്ലേഷിയായ ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം, അത് ആഗോളീകരണനയങ്ങള്‍ സൃഷ്ടിച്ച ഭീമമായ സാമ്പത്തിക അസമത്വത്തിനെതിരായ വിധിയെഴുത്തും കൂടിയാവും എന്നും കാണേണ്ടതുണ്ട്. എന്നാല്‍ പത്ത് വര്‍ഷക്കാലംകൊണ്ട് ഉത്തരവും മോന്തായവും വളഞ്ഞുപോയ ജനാധിപത്യ വ്യവസ്ഥയുടെ കേടുപാടുകള്‍ തീര്‍ക്കുകയെന്നത് ഏറെ ശ്രമകരമായ ഒരു വെല്ലുവിളിയായിരിക്കും എന്നും ഓര്‍ക്കണം. ജനാധിപത്യത്തെ ഭൂരിപക്ഷാധിപത്യം അട്ടിമറിച്ച കാലമാണല്ലോ കടന്നുപോകുന്നത്. കൂടാതെ, ഏതാണ്ടെല്ലാ ഭരണഘടനാസ്ഥാപനങ്ങളും ഭരണനിര്‍വഹണ സംവിധാനവും എന്തിന് സൈന്യം പോലും കാവിവത്കരിക്കപ്പെട്ടു ഈ കാലയളവില്‍. സര്‍ക്കാര്‍ മാറിയാലും ഭരണനിര്‍വഹണ സംവിധാനത്തിന്റെ കൂറും വിധേയത്വവും ആരോടായിരിക്കുമെന്ന ചോദ്യം തിരഞ്ഞെടുപ്പാനന്തര കാലത്ത് അഭിമുഖീകരിക്കേണ്ട മുഖ്യപ്രശ്‌നങ്ങളിലൊന്നായിരിക്കും. അധികാരം നഷ്ടപ്പെട്ടാലും പണം, ടെക്‌നോളജി, തീവ്രവര്‍ഗീയത, സത്യാനന്തരം എന്നീ ആയുധങ്ങള്‍ അപ്പോഴും അവര്‍ക്ക് സ്വായത്തമായിരിക്കുമല്ലോ. ഭരണത്തില്‍നിന്ന് പുറത്തുപോയി ഫാസിസ്റ്റ്-കോര്‍പ്പറേറ്റ് സഖ്യം ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാവുകയില്ലെന്നാണ് അതിന്റെ അര്‍ത്ഥം. മേല്പറഞ്ഞ ആയുധങ്ങള്‍ സമാഹരിച്ചുള്ള അവരുടെ ആക്രമണവും അതിനെതിരെയുള്ള ചെറുത്തുനില്പും തന്നെയാണ് അത്തരമൊരു സാഹചര്യത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുക. അതോടൊപ്പം, ഗുരുതരമായ ക്ഷതം സംഭവിച്ചുകഴിഞ്ഞ ഭരണഘടനാമൂല്യങ്ങളെ വീണ്ടെടുക്കാനും മതനിരപേക്ഷതയും ഫെഡറലിസവുമടക്കമുള്ള ജനാധിപത്യ തത്ത്വങ്ങളെ ശക്തിപ്പെടുത്താനുമുള്ള യത്‌നങ്ങളും പോരാട്ടങ്ങളും ഭാവിരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും.
എന്നാല്‍, നിലവിലുള്ള ഭരണത്തിനനുകൂലമായ ഒരു വിധിയാണ് ഉണ്ടാകുന്നതെങ്കിലോ? ഭൂരിപക്ഷാധിപത്യത്തിനും ഫാസിസത്തിനുമിടയിലുള്ള അത്യന്തം നേര്‍ത്ത അതിര്‍വരമ്പ് മാഞ്ഞുപോകാന്‍ പിന്നെ അധികം കാലതാമസമുണ്ടാവില്ല. അത്തരമൊരു വിധി ഇന്ത്യയെ ഒരു മതാധിഷ്ഠിത മുതലാളിത്ത രാജ്യമാക്കി മാറ്റാനുള്ള ഫാസിസ്റ്റ്-കോര്‍പ്പറേറ്റ് ശ്രമങ്ങള്‍ക്ക് കരുത്തുകൂട്ടും. സ്വാഭാവികമായും, സമത്വത്തിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വേരുറപ്പിച്ച് വളര്‍ന്ന ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ പൂര്‍വാധികം ശക്തിയോടെ രാജ്യമാകെ ആളിപ്പടരുകയും ചെയ്യും. അത്തരം പോരാട്ടങ്ങളെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ഭരണകൂടത്തിന്റെ കുത്സിതശ്രമങ്ങളും, അവയെ മറികടന്നുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും സംരക്ഷിക്കാനുള്ള തൊഴിലാളി, കര്‍ഷക, ദളിത്, പിന്നോക്ക, ഗ്രാമീണ ജനതയുടെ മുന്നേറ്റങ്ങളുമായിരിക്കും അത്തരമൊരു സാഹചര്യത്തില്‍ ഭാവിരാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുക.