ചരിത്രം സംസ്‌കാരം - പ്രതിരോധത്തിന്റെ പുതിയ വഴികള്‍
2024 ജനുവരിക്കുശേഷം നമ്മള്‍ ജീവിക്കുന്നത് ഫാസിസ്റ്റ് അവസ്ഥയിലാണോ? ഒരു മതേതര രാഷ്ട്രത്തില്‍ നിന്ന് ദേശീയ മതമുള്ള ഒരു രാജ്യത്തേക്ക് നമ്മള്‍ മാറിയോ? നമ്മുടെ ഭരണഘടന നിര്‍ജ്ജീവമായ ഒരു രേഖയായി മാറിയോ? മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നാണ് ഉത്തരം. ഫാസിസ്റ്റുകള്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു പ്രതീക്ഷയുമില്ല എന്നതാണ്, എന്നാല്‍ രാത്രിയുടെ ഏറ്റവും ഇരുണ്ട ഭാഗം പ്രഭാതത്തിന് തൊട്ടുമുമ്പാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
ഒരു രാഷ്ട്രത്തില്‍ ഫാസിസ്റ്റുകള്‍ ആദ്യം കൊല്ലുന്നത് പ്രത്യാശയെയാണ്. ഭയം ജനിപ്പിക്കുക എന്നത് ജനാധിപത്യ പ്രതിഷേധത്തിന്റെ തീപ്പൊരികളെ അടിച്ചമര്‍ത്താനുള്ള ഒരു ക്ലാസ്സിക് തന്ത്രമാണ്. അതിനാല്‍ ഭരണകൂട അധികാരത്തിന്റെ ക്രൂരമായ സ്‌പെക്റ്റാക്കിളിനു മുന്നില്‍ പകച്ചുപോകാതെ ഭയപ്പെടാന്‍ വിസമ്മതിക്കുകയാണ് ചെയ്യേണ്ടത്. ഇന്ത്യയെ മനസ്സിലാക്കാന്‍, നമ്മള്‍ ആദ്യം രാജ്യത്തെ അതിന്റെ ഭരണകൂടത്തില്‍നിന്ന് വേര്‍പെടുത്താന്‍ പഠിക്കണം. ഇന്ത്യ എന്ന ആശയം അതിന്റെ ഭരണകൂടമല്ല, അതിലെ ജനങ്ങളാണ്.
ചരിത്രം എന്ന പേരില്‍ നാം പലപ്പോഴും മനസ്സിലാക്കുന്നത് ദേശരാഷ്ട്രത്തിന്റെ ചരിത്രമാണ്. ഇന്ത്യാ ചരിത്രം, കേരള ചരിത്രം എന്ന തലത്തിലും തരത്തിലും പ്രദേശ കേന്ദ്രീകൃതമായി, ഭരണകൂട കേന്ദ്രീകൃതമായി, ദേശ രാഷ്ട്ര കേന്ദ്രീകൃതമായി ചരിത്രം പഠിപ്പിക്കപ്പെടുന്നത് പാഠ്യപദ്ധതികളുടെ ഒരു പ്രശ്‌നമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളുടെ പേരുകള്‍ തന്നെ മുന്‍പ് സൂചിപ്പിച്ചതുപോലെ ഹിസ്റ്ററി ഓഫ് ഇന്ത്യ, ഹിസ്റ്ററി ഓഫ് കേരള എന്നുള്ള രീതിയിലാണ് അറിയപ്പെടുന്നത്. കാലഘട്ടങ്ങളുടെ പേരില്‍ ചരിത്ര അദ്ധ്യയനം അറിയപ്പെടുന്നതും പ്രധാനപ്പെട്ട ഒരു പ്രവണതയാണ്. പുരാതന ഇന്ത്യ, മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ എന്ന തരത്തില്‍ കാലഗണന കേന്ദ്രീകരിച്ച് ചരിത്രം പഠിക്കപ്പെടുന്നതും പ്രശ്‌നവത്കരിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാലഹരണപ്പെട്ട പാഠ്യരീതികള്‍ സാമൂഹിക ശാസ്ത്ര അക്കാദമിക സമൂഹം മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തള്ളിക്കളഞ്ഞതാണ്.
പുരാതന ഇന്ത്യ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഞാനടക്കമുള്ള അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതുപോലും എന്താണ് എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. 'പുരാതന ഇന്ത്യ' എന്ന വിഷയത്തില്‍ ആദ്യം പഠിപ്പിച്ച് തുടങ്ങുന്നത് വേദസംസ്‌കാരം ആണ്. പക്ഷേ, അതിന് മുന്‍പേതന്നെ ഒരു ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ചരിത്രം നമുക്കുണ്ട്. പക്ഷേ, ഹാരപ്പന്‍ സംസ്‌കാരചരിത്രത്തെ പുരാവസ്തുശാസ്ത്രത്തിന്റെ ഭാഗമായി പരിഗണിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ വേദകാലഘട്ടം ചരിത്രത്തിന്റെ ആരംഭമായി പരിഗണിക്കേണ്ടതായിവരും. ഒരിക്കല്‍ വേദകാലത്തെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു തെക്കേ ഇന്ത്യന്‍ വിദ്യാര്‍ത്ഥി എന്നോട് ചോദിച്ചത് 'നമ്മുടെ ചരിത്രം തുടങ്ങുന്നത് സംഘകാലഘട്ടത്തിലല്ലേ, വേദ കാലഘട്ടത്തിലല്ലല്ലോ?'' എന്നാണ്. ഇതിന്റെ വസ്തുതയെക്കുറിച്ചു ചോദിച്ചാല്‍ ഒരു ചരിത്ര അദ്ധ്യാപികയായ ഞാന്‍ പ്രശ്‌നത്തിലാകും, കാരണം ആ വിദ്യാര്‍ത്ഥി പറയുന്നത് സാങ്കേതികമായി ശരിയാണ്. ചുരുക്കത്തില്‍ പ്രാദേശികതയുടെയോ, ദേശീയതയുടെയോ, കാഘഘട്ടങ്ങളുടെയോ വെള്ളംകയറാക്കള്ളികളില്‍ തളയ്ക്കപ്പെട്ട ബുദ്ധിമുട്ടുന്ന ചരിത്രപഠനത്തെയാണ് നമുക്ക് കാണാനാവുക. പക്ഷേ, ശാസ്ത്രീയ രീതിശാസ്ത്രമുപയോഗിച്ചു ചരിത്രം രചിക്കുമ്പോഴും പഠിക്കുമ്പോഴും ഈ ഭിത്തികളെല്ലാം തകര്‍ക്കപ്പെടുന്നത് കാണാന്‍ കഴിയും.
ഹാരപ്പ | PHOTO: WIKI COMMONS
ഇടം, സ്ഥലം, പ്രദേശം, ദേശം, രാഷ്ട്രം എന്നിങ്ങനെയുള്ള സംജ്ഞകളുടെ സ്വത്വങ്ങള്‍ മാറിമാറി പേറുന്നവരാണ് നമ്മളോരോരുത്തരും. വ്യക്തമായ അധികാരശ്രേണീഘടന നിലനില്‍ക്കുന്നവയാണ് ഈ ഓരോ സംജ്ഞകളും. ഓരോ ഇടവും സ്ഥലമായും പ്രദേശമായും ദേശമായും രാഷ്ട്രമായും മാറുന്ന പ്രക്രിയ വളരെ വലുതാണ്. തന്റേതായ ഭൂമി എന്ന ചിന്ത മനുഷ്യനില്‍ ഉദയം ചെയ്യുന്നത് നവീന ശിലായുഗ കാലഘട്ടത്തിലാണ്. മനുഷ്യന്‍ ആദ്യമായി വ്യാപകമായി കൃഷിചെയ്തു തുടങ്ങിയ ഈ ഘട്ടത്തിലെ കാര്‍ഷിക വിപ്ലവം (agricultural revolution) എന്നറിയപ്പെടുന്ന പ്രക്രിയയിലാണ് കാര്‍ഷീക വൃത്തിയുമായി ബന്ധപ്പെട്ട് 'എന്റെ ഭൂമി' എന്ന ആശയം മനുഷ്യനില്‍ രൂഡമൂലമാവുന്നത്. മനുഷ്യമസ്തിഷ്‌കത്തില്‍ ബൗദ്ധീക വിപ്ലവം (cognitive revolution) സംഭവിച്ച കാലഘട്ടമാണിതെന്നാണ് ഹരാരി പറയുന്നത്. മനുഷ്യര്‍ ഓരോ ദിവസവും ഭൂമിയില്‍ കൃഷി ചെയ്യുന്നു, ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താന്‍ കൃഷി ചെയ്യുന്ന ഭൂമി തന്റേതാണ് എന്ന ചിന്ത മനുഷ്യനിലുണ്ടാവുന്നത്. മാര്‍ക്‌സിസം മുന്നോട്ടുവയ്ക്കുന്ന സ്വകാര്യസ്വത്തിന്റെ പരിണാമം എന്ന ആശയത്തിന്റെ സത്ത രൂപംകൊള്ളുന്ന ഘട്ടമാണിത്. ഈ ഘട്ടത്തില്‍ നിന്നും പിന്നീട് 7000 വര്‍ഷത്തോളം എടുത്താണ് ദേശം എന്നുള്ള ഒരു ചിന്തയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നത്. ഈ ചിന്താഗതി മനുഷ്യനിലുണ്ടായ കാലം മുതല്‍ ഓരോ മനുഷ്യരും തങ്ങളുടെ ചിന്തകളും ആശയങ്ങളും രൂപീകരിക്കുന്നത് ദേശം എന്ന ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ്.
'പര്‍സാനിയ' എന്ന ഇടം ഈ ലോകത്തുണ്ട്' എന്ന് ഞാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ ഇടത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുന്നത്'' ഈ ഇടം ഒരു രാജ്യമാണോ, ജില്ലയാണോ എന്നൊക്കെയുള്ള സൂചനകള്‍ മേല്പറഞ്ഞ ചോദ്യത്തിലില്ല. ഇന്ത്യയിലെ ഓറംഗബാദ് പോലെ, അഹമ്മദാബാദ് പോലുള്ള ഒരു സ്ഥലമായിരിക്കും എന്ന് പലരും ചിന്തിച്ചേക്കാം. ഏതെങ്കിലും സ്ഥലത്തിന്റെ പഴയകാല പേരാണോ ഇതെന്നും സംശയിച്ചേക്കാം. അറബ് നാമവുമായി ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ട് പശ്ചിമേഷ്യയിലുള്ള അറബ് നാടുകളിലൊന്നായിരിക്കാം ഇതെന്ന് കരുതിയേക്കാം. പണ്ടെങ്ങോ നിലനിന്നിരുന്ന, പിന്നീട് തകര്‍ന്നുപോയ ഒരു രാജ്യമായിരിക്കാമിതെന്നും ചിലര്‍ വിചാരിക്കുന്നുണ്ടാവും. ഇങ്ങനെ പലതരത്തില്‍ 'പര്‍സാനിയ' യെക്കുറിച്ചുള്ള ചിന്താഗതികള്‍ വരാം. നിങ്ങളുടെ മനസ്സിലുള്ള 'പര്‍സാനിയ'യില്‍ രാജാവുണ്ടോ അതോ അവിടെയുള്ളത് ജനാധിപത്യമാണോ എന്ന് ആദ്യ ചോദ്യത്തോട് ചേര്‍ത്ത് മറ്റൊരു ചോദ്യം ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം എന്തായിരിക്കും. ഭൂരിഭാഗംപേരും ഈ ചോദ്യത്തിന് ശേഷമായിരിക്കും നിങ്ങളുടെ മനസ്സിലുള്ള 'പര്‍സാനിയ'യിലെ ഗവണ്‍മെന്റിന്റെ ഘടനയെക്കുറിച്ച് ചിന്തിക്കുന്നത്. ചുരുക്കത്തില്‍ മേല്പറഞ്ഞ രണ്ടു ചോദ്യങ്ങളും നിങ്ങളുടെ മനസ്സില്‍ 'പര്‍സാനിയ' എന്ന ഒരിടത്തെ ജനിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പര്‍സാനിയ എന്നത് ഒരു സിനിമയില്‍ ഒരു കുട്ടി സങ്കല്‍പ്പിക്കുന്ന സ്ഥലമാണ്. യുദ്ധങ്ങളില്ലാത്ത, രക്തച്ചൊരിച്ചിലില്ലാത്ത, വഴക്കുകളില്ലാത്ത, ഭക്ഷണം സൗജന്യമായി ലഭിക്കുന്ന, ശാന്തതനിറഞ്ഞ ഉദാത്തമായ ഒരു സ്ഥലം. സിനിമയിലെ കഥാപാത്രമായ ഒരു കുട്ടിയുടെ മനസ്സില്‍ ജനിച്ച ഇടമാണ് 'പര്‍സാനിയ'. കോട്ട് ഡി ഐവോര്‍ എന്ന സ്ഥലത്തെക്കുറിച്ചുള്ള അറിവ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണുകയും കളിക്കുകയും ചെയ്യുന്നവര്‍ക്ക് താരതമ്യേന കൂടുതലുണ്ടാവും, പൊതുവായ ധാരണയില്ലെങ്കില്‍ പോലും. കാരണം ലോക ഫുട്ബോളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച ഒരു രാജ്യമാണ് ഇത്. അതായത് പലപ്പോഴും ഇടങ്ങള്‍ അല്ലെങ്കില്‍ രാഷ്ട്രങ്ങള്‍ ജനിക്കുന്നത് വ്യക്തികളുടെയോ ജനങ്ങളുടെയോ ഭാവനയിലാണ്.
സാങ്കേതികമായി കണക്കാക്കുകയാണെങ്കില്‍ പലവിധത്തിലുള്ള ഇടങ്ങളുണ്ട് എന്ന് ലാ ഫെയറബിള്‍ പോലുള്ള ഭൂമിശാസ്ത്രജ്ഞന്മാര്‍ പറയുന്നു. എന്നാല്‍ ഇടം എന്ന് കേള്‍ക്കുമ്പോള്‍ ഭൂമിശാസ്ത്രത്തിലൂന്നി നില്‍ക്കുന്ന ഭൗതിക സ്ഥലങ്ങളാണ് നമ്മുടെ മനസ്സിലേക്ക് വരിക. ഭൗതിക ഇടങ്ങളല്ലാതെ സാങ്കല്പികവും, മിത്തിക്കലും, കോസ്മോഗ്രാഫിക്കലുമായ ഇടങ്ങളുണ്ട്. മുന്‍പ് സൂചിപ്പിച്ച ഒരു കുട്ടിയുടെ സങ്കല്‍പ്പത്തിലുള്ള 'പര്‍സാനിയ' എന്ന സ്ഥലം സാങ്കല്പികമായ ഇടമാണ്. വൈകുണ്ഠം, കൈലാസം എന്നിവ മിത്തിക്കലായ സ്ഥലങ്ങളാണെങ്കില്‍ സ്വര്‍ഗ്ഗം എന്നത് കോസ്മോഗ്രാഫിക്കലായ ഒരു ഇടമായി കണക്കാക്കാവുന്നതാണ്. ഈ ഓരോ ഇടത്തിലെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പോലും ഇവയില്‍ വിശ്വസിക്കുന്നവര്‍ക്ക് പറയാന്‍ സാധിക്കും. ജീവജല നദി ഒഴുകുന്ന, ജീവവൃക്ഷങ്ങള്‍ വളരുന്ന, തേനും പാലും ലഭിക്കുന്ന, ഇടങ്ങളായി വ്യക്തതയോടെയുള്ള ധാരണകള്‍ ഈ ഇടങ്ങളെക്കുറിച്ചു ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് രൂപപ്പെടും. സാങ്കല്പിക ഇടങ്ങള്‍ മിത്തോളജിക്കല്‍ ഇടങ്ങളേയും മിത്തോളജിക്കല്‍ ഇടങ്ങള്‍ കോസ്മോളജിക്കല്‍ ഇടങ്ങളെയും രൂപീകരിച്ച് നിയതമായ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കുന്നതിന് കാരണമാകും. ഈ ഇടങ്ങളുടെ അതിര്‍വരമ്പുകള്‍ പരസ്പരം കൂടിച്ചേര്‍ന്നു കടന്നുകയറിയോ ഉള്ളതായിരിക്കും. ചുരുക്കത്തില്‍ ഓരോ സാങ്കല്പിക ഇടങ്ങളുടെയും രൂപീകരണം പലപ്പോഴും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.
കോട്ട് ഡി ഐവോര്‍ | PHOTO: WIKI COMMONS
ഹ്യൂമന്‍ ജോഗ്രഫി എന്നത് ഏകദേശം പത്തുവര്‍ഷങ്ങളായി ചരിത്രകാരന്മാര്‍/കാരികള്‍ ഇടപഴകുന്ന വിഷയവും മേഖലയുമാണ്. എങ്ങനെയാണ് ഇടങ്ങളെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കാന്‍ പഠിച്ചത്? ഇടം എന്ന ആശയത്തില്‍ നിന്നാണ് പിന്നീട് ദേശരാഷ്ട്രം എന്ന ഒരു സങ്കല്‍പം ഉണ്ടായിവരുന്നത്. അതുകൊണ്ടുതന്നെ ഇടങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള ചരിത്രപരമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ ദേശരാഷ്ട്രമെന്ന ഭാവനാത്മക ഇടത്തിന്റെ വളര്‍ച്ചയെക്കുറിച്ചും അത് മനുഷ്യസമൂഹത്തിന്റെ ഭാഗമായതെന്നുമുള്ള പ്രക്രിയയെക്കുറിച്ചും മനസ്സിലാക്കാനാകൂ. ഇന്ത്യയില്‍ ദേശീയത എന്ന ആശയം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച് ഉണ്ടായതല്ല. ഇവിടെയുള്ള മനുഷ്യര്‍ ഈ രാജ്യക്കാരാണ് എന്ന സ്വത്വം ഉള്‍ക്കൊണ്ടതുമുതലുള്ള വലിയൊരു പ്രക്രിയ അതിനുപിന്നിലുണ്ട്. അതിനുവേണ്ടി നവീന ശിലായുഗം മുതലുള്ള പല പല ഇടങ്ങളുടെ രൂപീകരണത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം പറയേണ്ടതായി വരും. നമ്മുടെ രാജ്യത്തിന്റെ 'യഥാര്‍ത്ഥ' പേര് ഇന്ത്യ എന്നാണോ അതോ ഭാരതം എന്നാണോ എന്ന സംവാദത്തിന് ഏകദേശം ഒരു നൂറ്റാണ്ടിന്റെ ചരിത്രം മാത്രമേയുള്ളൂ. ഇവ രണ്ടും ഒന്നാണോ, സാമ്യമുള്ളതാണോ, വ്യത്യസ്തങ്ങളാണോ എന്ന തരത്തിലുള്ള വാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാന്‍ വന്ന ഒരു ജര്‍മ്മന്‍ പ്രൊഫസര്‍ നിങ്ങളുടെ രാജ്യത്തിന്റെ പേര് മാറിയോ എന്ന് എന്നോട് ചോദിച്ചിരുന്നു. ജര്‍മ്മനിയില്‍ ഉള്ള വാര്‍ത്താ മാധ്യമങ്ങളില്‍ ഇന്ത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പേര് 'ഭാരത്' എന്ന് മാറ്റാന്‍ പോകുന്നതായ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അവര്‍ വായിച്ചിട്ടുണ്ടായിരുന്നു. ജര്‍മ്മനിയെ ജര്‍മ്മന്‍ ഭാഷയില്‍ 'Deutschland' എന്നും ഇംഗ്ലീഷില്‍ ജര്‍മ്മനി എന്നുമാണ് വിളിക്കുകയും എഴുതുകയും ചെയ്യുന്നത്. ഇവ ഇപ്പോഴും ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ്. ഒരു രാജ്യത്തിന് രണ്ടു ഭാഷകളില്‍ രണ്ടുപേരുകള്‍! രാജ്യത്തെ പെരുമാറ്റത്തിന് മേല്പറഞ്ഞ കാര്യവുമായി സാമ്യമുണ്ടോ എന്ന സംശയവും അവര്‍ക്കുണ്ടായിരുന്നു. ജര്‍മ്മനിയിലെപ്പോലെ ഇന്ത്യയില്‍ ഒരൊറ്റ ഭാഷയല്ല നൂറുകണക്കിന് ഭാഷകളുണ്ടെന്നും അതുകൊണ്ടുതന്നെ ജര്‍മ്മനിയിലെ വ്യവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും, INDIA എന്ന പ്രതിപക്ഷ രാഷ്ട്രീയസഖ്യം രൂപീകരിക്കപ്പെട്ടതാണ് പ്രധാന കാരണമെന്നുമൊക്കെ അവരോട് വിശദീകരിക്കേണ്ടിവന്നു. 'India that is Bharath' എന്ന് ഇതിനകം ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പേരിനെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മാറ്റുകയാണെന്നുമുള്ള ബാലിശമായ വൈരുദ്ധ്യം വിശദീകരിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. തീവ്ര ദേശീയതയുടെ വളര്‍ച്ചയെക്കുറിച്ചും ഫാസിസത്തിന്റെ ഉദയത്തെക്കുറിച്ചുമെല്ലാം നേരിട്ടറിയാവുന്ന ഒരു ജര്‍മ്മന്‍ വനിതാ അക്കാദമീഷ്യനോടാണ് ഞാന്‍ സംസാരിക്കുന്നത് എന്നോര്‍ക്കണം. അവസാനം അവര്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, 'അക്കാദമീഷ്യന്മാരായ നിങ്ങളെപ്പോലുള്ളവര്‍ കൂടുതല്‍ ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്, അല്ലെ?'' പുതിയ സംഭവവികാസങ്ങള്‍ അടുത്തതായി ബാധിക്കാന്‍ പോകുന്നത് അക്കാദമീഷ്യന്‍മാരെയും ബുദ്ധിജീവികളെയും മാധ്യമപ്രവര്‍ത്തകരെയും ആണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. ഇവരുടെ പ്രവചനം എത്രത്തോളം ശരിയായിരുന്നുവെന്ന് 46-ഓളം മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ ഞാനാലോചിച്ചിരുന്നു. ഹിറ്റ്‌ലറുടെ ജൂതകൂട്ടക്കൊലകളെ അതിജീവിച്ച കുടുംബമായിരുന്നു അവരുടേത് എന്നതുകൊണ്ട് കൂടിയാവണം അവര്‍ അങ്ങനെ പറഞ്ഞത്. അവരുടെ പിതാവ് പകുതി ജൂതനായതുകൊണ്ടു മാത്രമാണ് ഗ്യാസ് ചേംബറിലെ നരകയാതനകളില്‍നിന്ന് രക്ഷപ്പെട്ടത്. ഒരു ബേക്കര്‍ ആയ അദ്ദേഹത്തെ നാസികള്‍ക്ക് ആവശ്യവുമായിരുന്നു. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അവര്‍ക്ക് ഒരു പരിധിവരെ മനസ്സിലായെന്ന് തോന്നുന്നു. പറഞ്ഞുവന്നത് ലോകരാജ്യങ്ങള്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ട്. നമ്മള്‍ വിചാരിക്കുന്ന ഒരു ചെറിയ ചുറ്റുപാടില്‍ മാത്രമല്ല അന്തര്‍ദേശീയമായി നടക്കുന്ന വലിയ ചര്‍ച്ചകളുടെ പ്രഭവ കേന്ദ്രങ്ങളായി പലപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നുണ്ട്. ഈ ബോധ്യം നമ്മുടെ നിയമ നിര്‍മ്മാതാക്കള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ളത് എപ്പോഴും നല്ലതാണ്.
ഹിറ്റ്‌ലർ | PHOTO: WIKI COMMONS
തീവ്ര ദേശീയത ഏതുരീതിയിലാണ് ദേശരാഷ്ട്ര സങ്കല്പങ്ങളെ നിര്‍വ്വചിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുന്നത് ഞാന്‍ ഡല്‍ഹിയില്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥിനിയായ കാലഘട്ടത്തിലാണ്. 2016-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനുള്ള സംഘടിതമായ ശ്രമങ്ങളുണ്ടാകുന്നുണ്ട്. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരുടെ ഇടയിലടക്കം ജെ.എന്‍.യു. അറിയപ്പെട്ടിരുന്നത് 'പാകിസ്ഥാന്‍' എന്ന നിലയിലാണ്. റെയില്‍വേ സ്റ്റേഷനില്‍നിന്നോ എയര്‍പോര്‍ട്ടില്‍നിന്നോ ഓട്ടോയോ ടാക്സിയോ വിളിച്ചാല്‍ പലപ്പോഴും അവരുടെ ആദ്യത്തെ മറുപടി 'ഹം പാകിസ്ഥാന്‍ മേ നഹി ജായേഗാ' (ഞങ്ങള്‍ പാകിസ്ഥാനിലേക്ക് വരില്ല) എന്നായിരിക്കും. ''ബോലോ ഭാരത് മാതാ കീ ജയ്', 'ബോലോ വന്ദേമാതരം', 'ബോലോ ഇന്ത്യാ സെ ആയാ ഹും', എന്നിങ്ങനെ മുദ്രാവാക്യം നിര്‍ബന്ധിച്ചു വിളിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വരെ പല വിദ്യാര്‍ത്ഥികളും അഭിമുഖീകരിച്ചിട്ടുണ്ട്. അവരുടെ വിചാരം വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത് മാതാ കീ ജയ് വിളിക്കുന്നത് പ്രശ്‌നമാണെന്നാണ്. എന്നാല്‍ കുറച്ചുസമയത്തെ സംസാരത്തിനുള്ളില്‍ത്തന്നെ നമ്മുടെ ചിന്താഗതികളെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിക്കഴിയുമ്പോള്‍ 'ഹം ഏസേ നഹി സോചാഥാ' (ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഇങ്ങനെയല്ല വിചാരിച്ചിരുന്നത്) എന്ന് പറഞ്ഞു പലരും ഒഴിയും. ഈ ജെ.എന്‍. യു. വിദ്യാര്‍ത്ഥികളെല്ലാം രാജ്യദ്രോഹികളാണ് എന്ന മുന്‍വിധി നിറഞ്ഞ വിഷലിബ്ദമായ ചിന്താഗതി സാധാരണ ജനവിഭാഗങ്ങളുടെ ഉള്ളില്‍ ജനിപ്പിച്ചു വളര്‍ത്തുന്നതിന് വര്‍ഗ്ഗീയവും തീവ്ര ദേശീയ നിലപാടുമുള്ള യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ക്ക് കഴിഞ്ഞു എന്നത് ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു.
ഭാരതം എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത് എവിടെയാണ്? വേദങ്ങളിലോ, ബ്രാഹ്‌മണങ്ങളിലോ, ഉപനിഷത്തുകളിലോ ഒന്നും ഭാരതം എന്നൊരു പദം നമുക്ക് കണ്ടെത്താന്‍ കഴിയില്ല. പുരാണങ്ങളില്‍ ആണ് ആദ്യമായി ഈ പദം ഉപയോഗിച്ചുകാണുന്നത്. ഇതില്‍ത്തന്നെ വിഷ്ണുപുരാണത്തിലാണോ വായുപുരാണത്തിലാണോ എന്ന വസ്തുതയിലും തര്‍ക്കമുണ്ട്. ചരിത്രകാരനായ ഡി.എന്‍. ഝായുടെ അഭിപ്രായത്തില്‍ വിഷ്ണുപുരാണത്തിലാണ് ഭാരതദേശം എന്ന രീതിയില്‍ ഒരു പരാമര്‍ശം ആദ്യമായി വരുന്നത്. ജംബൂ ദ്വീപയില്‍ ഉള്ള ഏഴ് ദേശങ്ങളില്‍ ഒരു ദേശമായിട്ടാണ് ഈ ഭാരതദേശത്തെ പറയുന്നത്. ജംബൂ ദ്വീപ എന്നതുതന്നെ കൗതുകകരമായ ഒരു കോസ്‌മോഗ്രാഫിക്കല്‍ ഇടം ആണ്. മിത്തിക്കല്‍ ഇടത്തിനും ദൈവീകമായ ഇടത്തിനും ഇടയിലുള്ള ഒരു ആശയത്തെയാണ് ലളിതമായി കോസ്മോഗ്രാഫിക്കല്‍ ഇടം എന്ന് വിവക്ഷിക്കുന്നത്. വിഷ്ണുപുരാണത്തിലെ വിവരണമനുസരിച്ച് ജംബൂ ദ്വീപയിലെ ഓരോ ദേശത്തെയും ചുറ്റി ഓരോ സമുദ്രങ്ങളുണ്ട്. ഏഴ് ദേശങ്ങളെയും ചുറ്റി ഏഴ് സമുദ്രങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു ഭൂഖണ്ഡത്തെക്കുറിച്ചു സങ്കല്‍പ്പിക്കാന്‍പോലും സാങ്കേതികമായി ഇന്ന് നമുക്ക് ബുദ്ധിമുട്ടുണ്ട്. വിഷ്ണുപുരാണമനുസരിച്ച് ഇങ്ങനെയുള്ള ഏഴ് ദേശങ്ങളില്‍ ഒരു ദേശമായിരുന്നു ഭാരതദേശം.
വിഷ്ണു പുരാണനത്തിനു മുന്‍പ് രചിക്കപ്പെട്ട മഹാഭാരതത്തിന്റെ ആദ്യ പ്രതികളില്‍ ഭരതവംശം എന്ന പദം കാണാന്‍ കഴിയും. എന്നാല്‍ ഇതിനെ ഒരു ഭൂവിഭാഗമായല്ല, മറിച്ച് ഭരതന്റെ മക്കള്‍, അല്ലെങ്കില്‍ ഭരതന്റെ വംശത്തില്‍പ്പെട്ടവര്‍ എന്ന തരത്തില്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ പ്രതിപാദിച്ചിട്ടുള്ള ഭരതന്‍, രാമന്റെ സഹോദരനല്ല എന്നും ശകുന്തളയുടെ മകനാണ് എന്നുമുള്ള കാര്യം സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. ഭരതവംശം എന്ന പദത്തിന് ഇടം എന്ന ആശയവുമായല്ല, രാജവംശം എന്ന ആശയവുമായാണ് ബന്ധമുള്ളത്. ഭരിക്കുന്ന രാജാവിന്റെ വംശത്തെ ചേര്‍ത്ത് സ്ഥലനാമങ്ങള്‍ രൂപീകരിക്കപ്പെടുന്നത് മധ്യകാലം മുതലുള്ള ഒരു രീതിയാണ്. ഉദാഹരണമായി തിരുവിതാംകൂര്‍ ഒരു രാജവംശമാണ്. പക്ഷേ, ഈ രാജവംശം ഭരിക്കുന്ന രാജ്യവും തിരുവിതാംകൂര്‍ എന്നാണ് അറിയപ്പെട്ടത്. മധ്യകാലത്തിനു മുന്‍പ് ഇത്തരം ഉദാഹരണങ്ങള്‍ പൊതുവെ കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് ഭരതവംശം എന്ന പദത്തെ ഒരു ഇടമായോ സ്ഥലനാമമായോ നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. വിഷ്ണു പുരാണത്തിലെ ജംബൂ ദ്വീപ ഒരു ഇടമായിത്തന്നെയാണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളതെങ്കിലും അതൊരു ഭൗതിക ഇടമല്ല മറിച്ച് മിത്തോളജിക്കലോ കോസ്‌മോഗ്രാഫിക്കലോ ആയ ഇടമാണ് എന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇടവുമായി ബന്ധപ്പെട്ട ചില പദങ്ങള്‍ വേദകാലഘട്ടം മുതല്‍ നിലവിലുണ്ട്. കുരു-പാഞ്ചാലദേശം, ആര്യാവര്‍ത്തം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ പദങ്ങളെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളെ പരാമര്‍ശിക്കാനാണ് ഉപയോഗിച്ചിട്ടുള്ളത്. ആര്യാവര്‍ത്തം എന്ന വാക്കിന്റെ വ്യാഖ്യാനം കൃഷ്ണമൃഗം ചരിക്കുന്ന ഇടം എന്നാണ്. കൃഷ്ണമൃഗം കാണപ്പെടുന്ന കാടുകളും ഭൂമിശാസ്ത്ര ഇടങ്ങളും എന്ന സൂചിക ആര്യാവര്‍ത്തത്തിലുണ്ട്. ചുരുക്കത്തില്‍ വ്യക്തമായ ഭൂമിശാസ്ത്ര സൂചികകള്‍ ഉള്‍ക്കൊള്ളുന്ന വാക്കാണ് ആര്യാവര്‍ത്തം. എന്നാല്‍ ജംബൂ ദ്വീപയ്‌ക്കോ ഭാരതദേശത്തിനോ ഭൂമിശാസ്ത്ര സൂചികകള്‍ ഇല്ല.
ജംബൂ ദ്വീപ് | PHOTO: WIKI COMMONS
ഭാരത ദേശവും മധ്യദേശവും ഒരേ ഇടമാണ് എന്നതരത്തിലുള്ള പ്രതിപാദനം വിഷ്ണുപുരാണത്തിലുണ്ട്. ബ്രാഹ്‌മണര്‍, ശൂദ്രര്‍, വൈശ്യര്‍, ക്ഷത്രിയര്‍ എന്നീ നാല് വര്‍ണ്ണങ്ങളിലുള്ള മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ് മധ്യദേശം എന്ന് വ്യക്തമായി വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും വിവരിക്കുന്നുണ്ട്. ഈ ദേശത്തെയാണ് ഭാരതദേശം എന്ന് വിളിക്കുന്നത്. കര്‍മ്മം എന്ന ആശയം നിലനില്‍ക്കുന്ന ദേശമാണ് ഇതെന്നുമുള്ള പ്രതിപാദനങ്ങളും കാണാം. കര്‍മ്മം എന്ന വാക്കിനെ രണ്ട് തരത്തിലാണ് മിത്തോളജിസ്റ്റുകളും ചരിത്രകാരന്മാരും/കാരികളും വ്യാഖ്യാനിക്കുന്നത്; കര്‍മ്മം ചെയ്യപ്പെടുന്ന ഇടം, അല്ലെങ്കില്‍ കര്‍മ്മസിദ്ധാന്തം നിലനില്‍ക്കുന്ന ഇടം (കര്‍മ്മ ഫലമാണ് ജന്മത്തെ നിയന്ത്രിക്കുന്നതെന്നുള്ള ജാതിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന സിദ്ധാന്തം). ഒന്നാംനൂറ്റാണ്ട് ബി.സി.ഇ. യില്‍ നിലനിന്ന ഒരു ആശയത്തെ മുന്‍നിര്‍ത്തി ഭാരതദേശം എന്നത് നമുക്ക് പരിചയമുള്ള 1947-മുതലുള്ള ഇന്ത്യയാണ് എന്ന് പറയുന്നത് ഉപരിപ്ലവമായതും ബാലിശവുമായ ചരിത്ര വിശകലനമോ ചരിത്രത്തെ വക്രീകരിക്കലോ ആണ്. (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമെന്ന് പറഞ്ഞാല്‍ 700 ബി.സി യില്‍ ഈ ഗൃഫ്ക്രാല്‍ എന്ന സ്ഥലത്തെ സെറ്റില്‍മെന്റ് തൊട്ട് തുടങ്ങുന്നതാണ്. പക്ഷേ, അതുവച്ചിട്ട് നമുക്ക് വളരെ യങ്ങ് ആയിട്ടുള്ള - ഞങ്ങള്‍ക്കൊക്കെ ഭയങ്കര ചെറുപ്പമുള്ള റഫറന്‍സ് ആണെന്ന് പറയാന്‍ പറ്റും - റഫറന്‍സ് ആണ് ഒന്നാം നൂറ്റാണ്ട് ബി.സി യില്‍ നിന്ന് നമുക്ക് കിട്ടുന്ന റഫറന്‍സ്. പക്ഷേ, ഈ ഭാരതദേശം ഇന്ന് നമ്മള്‍ കാണുന്ന ഭാരതദേശം ആണ് അല്ലെങ്കില്‍ ഇന്ന് നമ്മള്‍ കാണുന്ന 1947 തൊട്ടുള്ള ഇന്ത്യയാണ് എന്ന് പറയുന്നത് അത് വളരെ സൂപ്പര്‍ഫിഷ്യല്‍ ആയിട്ടുള്ള ചിന്ത മാത്രമല്ല) അല്‍ ബറൂണി, മാര്‍ക്കോ പോളോ, ഫ്രയര്‍ ജോര്‍ദാനാസ്, മാരസ്‌തേനിയസ്, നികിതില്‍ തുടങ്ങിയ പ്രാചീന-മധ്യകാലഘട്ടങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ മനസ്സില്‍ ഈ നാടിനെക്കുറിച്ച് എന്തായിരിക്കും ഉണ്ടായിരുന്നിരിക്കുക. ഇന്ത്യ എന്ന പദത്തെ ഇപ്പോള്‍ നമ്മള്‍ കാണുന്ന ദേശരാഷ്ട്രമായല്ല ഒരു ഉപഭൂഖണ്ഡമായാണ് മനസ്സിലാക്കേണ്ടത് എന്നുകൂടി സൂചിപ്പിക്കട്ടെ. സിന്ധു നദിക്ക് ഇപ്പുറത്തുകിടക്കുന്ന വലിയ ഒരു ഭൂവിഭാഗത്തെക്കുറിച്ച് പല വാര്‍പ്പ് മാതൃകാ ആശയങ്ങളും കേട്ട് ഇവിടെയെത്തി അവര്‍ നേരിട്ട് കണ്ട് അനുഭവിച്ച ഒരിന്ത്യയുണ്ട്. ആ ഇന്ത്യയെക്കുറിച്ച് അവര്‍ പറഞ്ഞ പല കാര്യങ്ങളുമുണ്ട്. അതിലേറ്റവും രസകരമായി ഇന്ത്യയെ വര്‍ണ്ണിച്ചിരിക്കുന്നത് ഒരുപക്ഷേ, ഇബന്‍ ബത്തൂത്തയായിരിക്കും. ഇന്ത്യയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് നേരത്തെ പരിചയമുള്ള മതവിഭാഗങ്ങള്‍ പ്രധാനമായും ജൂത, ഇസ്ലാം വിഭാഗങ്ങളാണ്.
എന്നാല്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പലപ്പോഴും തിരിച്ചറിയാന്‍ അദ്ദേഹത്തിന് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. സന്യാസിമാര്‍ പലതരത്തിലുണ്ടെന്നും മുസ്ലിം സന്യാസിമാരും മുസ്‌റിമേതര സന്യാസിമാരും ഇന്ത്യയുടെ ഭാഗമാണെന്നും ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായും മനസ്സിലായിരുന്നില്ല. ഹിന്ദു എന്ന പദം അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. കാരണം അക്കാലത്ത് അങ്ങനെയൊരു പദം ഉണ്ടായിരുന്നില്ല. അദ്ദേഹം ഇപ്പോഴത്തെ ഗുജറാത്തിനടുത്തുള്ള ഒരു പ്രദേശം സന്ദര്‍ശിക്കുന്ന സമയത്ത് കണ്ട ശൂഭ്രവസ്ത്രധാരിയായ ഒരു സന്യാസിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. കൈകളുയര്‍ത്തി പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന ആ സന്യാസിയുടെ കയ്യില്‍ ഒരു മാലയുണ്ടായിരുന്നു. കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ആ സന്യാസി ഒരു ഇസ്ലാം വിശ്വാസിയാണെന്ന് അദ്ദേഹത്തിന് തോന്നി. എന്നാല്‍ കയ്യിലിരിക്കുന്ന മാല എന്താണെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണമായും മനസ്സിലാകുന്നില്ല. ആ മാലയെ രുദ്രാക്ഷമായോ ജപമാലയായോ വ്യാഖ്യാനിക്കാവുന്നതാണ്. ചുരുക്കത്തില്‍ അക്കാലഘട്ടത്തിലെ ഇന്ത്യയിലെ സന്യാസിമാരെപ്പോലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചറിയാന്‍ വിശ്വവിഖ്യാതനായ ഒരു സഞ്ചാരിക്ക് കഴിയുമായിരുന്നില്ല. അത്രയും വൈവിധ്യപൂര്‍ണ്ണമായ, നാനാത്വ സംസ്‌കാരങ്ങള്‍ നിലനിന്നിരുന്ന ഒരിന്ത്യയെ നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ നമുക്ക് കാണാന്‍ കഴിയും.
സഞ്ചാരികളുടെ വിവരണങ്ങളും സംസ്‌കൃത ഉപദാനങ്ങളിലെ ഉള്ളടക്കവും തമ്മില്‍ വലിയ അന്തരം കാണാന്‍ കഴിയും. സംസ്‌കൃത ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുള്ള ഭാരതദേശം അഥവാ മധ്യദേശം വര്‍ണ്ണാശ്രമ ധര്‍മ്മം പാലിക്കപ്പെടുന്ന, നാല് പുരുഷാര്‍ത്ഥങ്ങള്‍ പിന്തുടരപ്പെടുന്ന ജീവിതചക്ര സംസ്‌കാരക്രിയകള്‍ നിലനില്‍ക്കുന്ന വ്യക്തമായ നിര്‍വ്വചനമുള്ള ഇടമാണ്. കാളിദാസന്റെ രഘുവംശത്തില്‍ ഭാരതദേശത്തെ ദിഗ്‌വിജയമെന്ന ആശയവുമായി ബന്ധപ്പെടുത്തുന്നു. ദിഗ്‌വിജയം കരസ്ഥമാക്കാന്‍ പോകുന്ന ചക്രവര്‍ത്തിക്ക് ഏതൊക്കെ സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കാം എന്നുള്ള ഒരു പ്രതിപാദനം രഘുവംശത്തില്‍ കാണാം. ദ്വിഗ്‌വിജയത്തിന് വേണ്ടി വെട്ടിപ്പിടിക്കാനുള്ള ഒരു ചെറിയ ദേശമായി മാത്രമാണ് കാളിദാസന്‍ രഘുവംശത്തില്‍ ഭാരതമെന്ന പദത്തെ കാണുന്നത്. വിന്ധ്യ എന്ന പര്‍വ്വതത്തെക്കുറിച്ചും ഗംഗ-യമുന നദികളെക്കുറിച്ചുമുള്ള ചില വിവരണങ്ങളും രഘുവംശത്തിലുണ്ട്. രഘുവംശം രചിക്കപ്പെട്ട കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള വളരെ ചെറിയ ഒരു ഇടം മാത്രമായിരുന്നോ ഭാരതം എന്ന ചോദ്യം നിലനില്‍ക്കുന്നു. പത്താംനൂറ്റാണ്ടില്‍ രചിക്കപ്പെട്ട രാജശേഖരന്റെ കാവ്യമീമാംസ എന്ന ഗ്രന്ഥത്തിലും ഭാരതദേശം എന്ന ഇടത്തെ കര്‍മ്മസിദ്ധാന്തം നിലനില്‍ക്കുന്ന സ്ഥലമായിത്തന്നെയാണ് പ്രതിപാദിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ ഭാരതദേശം എന്ന പദം വിവക്ഷിക്കപ്പെടുന്നത് ഒന്നുകില്‍ കര്‍മ്മസിദ്ധാന്തമായോ അല്ലെങ്കില്‍ വര്‍ണ്ണാശ്രമധര്‍മ്മവുമായോ ബന്ധപ്പെട്ട ആശയം മാത്രമായോ പരിമിതമായ ഭൗതിക ഇടം മാത്രമായോ ആണ്.
REPRESENTATIVE IMAGE: WIKI COMMONS
സംസ്‌കൃത ഗ്രന്ഥങ്ങളില്‍പോലും ഏകശിലാത്മക സംസ്‌കാരത്തെക്കുറിച്ചും ഭൂവിഭാഗത്തെക്കുറിച്ചും മാത്രമല്ല പറയുന്നത്. കാവ്യമീമാംസയില്‍ ആര്യന്മാരെക്കുറിച്ചും അനാര്യന്മാരെക്കുറിച്ചും ഭാരത ദേശത്തില്‍ ഉള്‍പ്പെടാത്ത മനുഷ്യരെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിവിധ ദേശങ്ങളുണ്ടായിരുന്നു എന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ നാടുകളുടെ പലമയെ മനസ്സിലാക്കുന്നതിനുള്ള ഒരു തെളിവായി കാവ്യമീമാംസയെ കണക്കാക്കാവുന്നതാണ്. കാവ്യമീമാംസയിലും രഘുവംശത്തിലുമുള്ള വിവിധ കഥാപാത്രങ്ങള്‍ തങ്ങള്‍ ഭാരതീയരാണെന്ന് പറയുന്നില്ല. മറിച്ചു വംഗദേശക്കാരാണെന്നും, മധുര ദേശക്കാരാണെന്നും കോസല ദേശക്കാരാണെന്നുമൊക്കെയാണ് വിവരിക്കുന്നത് എന്നാണ് ഈ കൃതികളെ വിശകലനം ചെയ്തുകൊണ്ട് ഡി.എന്‍. ഝാ അഭിപ്രായപ്പെടുന്നത്. ചുരുക്കത്തില്‍ ഭാരതീയര്‍ എന്ന ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സ്വത്വം ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക നാടിന്റെ പ്രജയെന്നോ പൗരരെന്നോ സ്വയം വിളിക്കുന്ന ജനങ്ങളെ പതിനാറാം നൂറ്റാണ്ടുവരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഭാരതമെന്ന ഏകീകൃത സ്വത്വ സങ്കല്‍പം ഉദയം ചെയ്തിട്ട് അധികകാലമായില്ല എന്നുതന്നെയാണ് ഇതില്‍നിന്ന് മനസ്സിലാക്കാനാവുന്നത്. (ഇതിനോട് കൂട്ടിച്ചേര്‍ത്ത് നമുക്ക് വായിക്കാന്‍ പറ്റുന്ന -സുവിര ജയ് സ്വാളിന്റെ 'രാമന്റെ കോസലം എവിടെ ആയിരുന്നു ' എന്നുള്ള 'ദ് ഹിസ്റ്ററിക്കല്‍ എവലൂഷന്‍ ഓഫ് റാം 'എന്ന് പറഞ്ഞ ഒരു രചന ആണ്. വളരെ രസകരമായിട്ടുള്ള ഒരു രചനയാണിത്. ഇതിനകത്ത് കോസലയേക്കുറിച്ചുള്ള റഫറന്‍സ് വരുമ്പോ ഇവര്‍ പറയുന്നുണ്ട് കോസല എന്ന് പറയുന്ന ഒരു ആദര്‍ശപരമായ നഗരം ഉണ്ട്. അപ്പോ ഇതിന് ഈ കോസലം എന്നുള്ള, എല്ലാ നന്മയും തുളുമ്പിനില്‍ക്കുന്ന അല്ലെങ്കില്‍ വേദ ആദര്‍ശങ്ങള്‍ തുളുമ്പിനില്‍ക്കുന്ന ഈ ഒരു ദേശത്തിന്റെ വിപരീതമായിട്ടാണ് പലപ്പോഴും ലങ്കയെ പ്രതിഷ്ഠിക്കുന്നത്. അപ്പോള്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിന്റെ ഇടയിലായിട്ട് ഇവര്‍ ഭാരതദേശത്തിനെക്കുറിച്ച് പറയുന്നുണ്ട്.) ഒന്നാംനൂറ്റാണ്ട് സി.ഇ. യില്‍ ഇപ്പോഴത്തെ ഒറീസ്സയുടെ ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന ഖരവേല എന്ന ഭരണാധികാരിയുടെ ചില ലിഖിതങ്ങളില്‍ ഭാരത് എന്ന വാക്ക് കാണാം. എന്നാല്‍ ഇവിടെ ഭാരതദേശം എന്നത് കിഴക്കേ ഇന്ത്യയിലെ ഒരു ചെറിയ പ്രദേശം മാത്രമാണ്. അദ്ദേഹം ഭാരതത്തെ കീഴടക്കാന്‍ പോകുന്നു എന്ന തരത്തിലാണ് ശാസനങ്ങളില്‍ പ്രതിപാദനമുള്ളത്. ഖരവേലയുടെ രാജ്യം ഭാരതത്തിന്റെ ഭാഗമായിരുന്നില്ലേ എന്ന സംശയം തീര്‍ച്ചയായും വരാം. ഇപ്പോഴത്തെ കിഴക്കേ ഇന്ത്യയിലെ ഒരുഭാഗം ഭരിച്ചിരുന്ന ഖരവേല എന്ന ഭരണാധികാരി തന്റെ രാജ്യത്തെക്കാള്‍ ശക്തിയും അധികാരഘടനയും കുറഞ്ഞ ഭാരതം കീഴടക്കാന്‍ പോകുന്നു. ഇതില്‍നിന്നുതന്നെ ഭാരതം എന്ന പദത്തിന് ഇന്ന് കാണുന്നതുപോലുള്ള ഏകീകൃത ഇന്ത്യ എന്ന അര്‍ത്ഥമല്ല ഉണ്ടായിരുന്നത് എന്ന് വ്യക്തമാണ്.
പത്താംനൂറ്റാണ്ട് സി.ഇ. യ്ക്കുശേഷം ഹിന്ദ് എന്ന വാക്ക് ഭൂമിശാസ്ത്രപരമായി ഉപയോഗിക്കപ്പെട്ടിരുന്നു. പഞ്ചാബ് മുതല്‍ വിന്ധ്യ വരെയുള്ള ഭൂവിഭാഗത്തെ ഹിന്ദ് എന്ന് അല്‍ ബറൂണി സംബോധന ചെയ്യുന്നത് കാണാം. ഈ കാലഘട്ടം മുതല്‍ ഹിന്ദ് അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്ന ആശയം വളരുന്നത് ദൃശ്യമാകുന്നുണ്ട്. മുഗള്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, അക്ബറിന്റെ സമകാലീനനായിരുന്ന അബുള്‍ ഫസലിന്റെ എഴുത്തുകളില്‍ ഹിന്ദുസ്ഥാന്‍ എന്ന സംജ്ഞ ഉപയോഗിക്കപ്പെട്ടിരുന്നു. ഈ പദം ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ ഭൂമിശാസ്ത്രം എന്നതില്‍ കവിഞ്ഞ് ഒരു ഏകീകൃത സാംസ്‌കാരിക അസ്തിത്വമായി കണക്കാക്കപ്പെട്ടിരുന്നില്ല. കാരണം സംസ്‌കാരങ്ങളുടെ പലമയും വ്യത്യാസങ്ങളും അല്‍ ബാറൂണിക്കും അബുള്‍ ഫസലിനും വ്യക്തമായിത്തന്നെ അറിയാമായിരുന്നു. വൈവിധ്യപൂര്‍ണ്ണമായ മനുഷ്യര്‍ ജീവിക്കുന്ന പ്രദേശമായതുകൊണ്ട് ഒരിക്കലും ഏകീകൃതമായ സംസ്‌കാരമോ നിയമസംഹിതയോ പിന്തുടരാന്‍ ഹിന്ദ്-ല്‍ സാധിക്കില്ല എന്ന് അബുള്‍ ഫസല്‍ പറയുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവുമധികം വിമര്‍ശനവിധേയനായ ചക്രവര്‍ത്തിയാണല്ലോ ഔറംഗസേബ്. അദ്ദേഹത്തിന്റെ രാജകീയ വിളംബരങ്ങളിലും (ഫര്‍മാന്‍) വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ആശയം തെളിഞ്ഞുകാണാം. തന്റെ രാജ്യത്ത് ദീനികളും (മുസ്ലിം വിശ്വാസികള്‍) ദിമ്മി (അമുസ്ലിങ്ങള്‍) കളുമായ ജനങ്ങളുണ്ട്. നീതി പ്രദാനം ചെയ്യുന്ന കാര്യത്തില്‍ ഭരണാധികാരി സൂര്യന്‍ എല്ലാവരുടെയുംമേല്‍ ഉദിക്കുന്നപോലെ ആയിരിക്കണം. സൂര്യന്‍ ദീനികളെയും ദിമ്മികളെയും തമ്മില്‍ വേര്‍തിരിച്ച് കാണുന്നില്ലല്ലോ എന്ന് ഒരു വിളംബരത്തില്‍ ഔറംഗസേബ് പറയുന്നുണ്ട്. ചുരുക്കത്തില്‍ ഔറംഗസേബിന്റെ സമയത്തും ഏകശിലാത്മകമായ സംസ്‌കാരവും നിയമസംവിധാനങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കാണാന്‍ കഴിയില്ല.
ഔറംഗസേബ് | PHOTO: FACEBOOK
ആദ്യമായി ഇന്ത്യയുടെ ഭൂപടം ഏറ്റവും വിപുലമായ കാലഘട്ടമായിരുന്നു മൗര്യന്‍ കാലഘട്ടം. മൗര്യന്‍ കാലഘട്ടത്തിലെ പ്രധാന ഭരണാധികാരിയായ അശോകനെ പലപ്പോഴും റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈനോട് താരതമ്യപ്പെടുത്താറുണ്ട്. കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ റോമാ സാമ്രാജ്യം മുഴുവന്‍ ആ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതുപോലെ അശോകന്‍ ബുദ്ധമത അനുയായി ആയപ്പോള്‍ മൗര്യന്‍ സാമ്രാജ്യത്തിലെ ജനങ്ങള്‍ എല്ലാം ബുദ്ധമതം സ്വീകരിച്ചു എന്ന തരത്തിലുള്ള ചില വ്യാഖ്യാനങ്ങളുണ്ട്. എന്നാല്‍ അശോകനെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രജകള്‍ എല്ലാവരും ബുദ്ധമതം പിന്തുടര്‍ന്നിരുന്നില്ല. വൈവിധ്യങ്ങളായ സംസ്‌കാരങ്ങള്‍ നിലനിന്നിരുന്ന, ആചാരാനുഷ്ഠാനങ്ങളും മത വിശ്വസങ്ങളും ഉണ്ടായിരുന്ന, പല പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന, പല ഭാഷകള്‍ സംസാരിച്ചിരുന്ന സാമ്രാജ്യമായിരുന്നു അശോകന്റേത്. അത് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. ഈ വൈവിധ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആറോളം ഭാഷകളിലാണ് അദ്ദേഹത്തിന്റെ ശാസനങ്ങള്‍ എഴുതപ്പെട്ടത്. ഉത്തരേന്ത്യന്‍ ഭാഗത്ത് പ്രാകൃത് ഭാഷയിലും ബ്രഹ്‌മി ലിപിയിലുമാണ് ശാസനങ്ങള്‍ എഴുതപ്പെട്ടതെങ്കില്‍ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഗാന്ധാര ദേശത്ത് (ഇപ്പോഴത്തെ അഫ്ഫാനിസ്ഥാന്‍ ഉള്‍പ്പെടുന്ന പ്രദേശം) ഗ്രീക്ക്, അരമായിക് ഭാഷകളിലും ഖരോഷ്ടി ലിപിയുമാണ് ഉപയോഗിച്ചിരുന്നത്. ഓരോ പ്രദേശത്തും ജനങ്ങള്‍ സംസാരിച്ചിരുന്ന ഭാഷയുടെ അടിസ്ഥാനത്തില്‍ അശോക ശാസനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഭാഷകളും മാറുന്നുണ്ട്. ശാസനങ്ങളുടെ ഉള്ളടക്കം ഓരോ പ്രദേശത്തെയും ആളുകള്‍ക്ക് മനസ്സിലാകണം എന്ന ചിന്ത ഉണ്ടായിരുന്നതുകൊണ്ടുതന്നെയാണ് അശോകന്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷകള്‍ തന്നെ തന്റെ ശാസനങ്ങളില്‍ ഉള്‍ച്ചേര്‍ത്തത്. സാങ്കേതിക വിദ്യ ഇന്നത്തെപ്പോലെ വികസിതമല്ലാതിരുന്ന 3-2 നൂറ്റാണ്ട് ബി.സി.ഇ. യില്‍ വൈവിധ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ചക്രവര്‍ത്തി തന്റെ ശിലാ ശാസനകളില്‍ പല ഭാഷകള്‍ എഴുതിയിരുന്നു എന്ന് മനസ്സിലാകുമ്പോഴാണ് ഭാഷാ വിവര്‍ത്തനമടക്കമുള്ള സാങ്കേതിക വിദ്യകള്‍ വികസിച്ച 2023-ല്‍ ഒറ്റ ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. ഇതിനുപിന്നിലെ അസംബന്ധമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഭാഷകളെ എന്ന പോലെ മതവിശ്വാസങ്ങളിലെ വൈവിധ്യത്തെയും അശോകന്‍ ഉള്‍ക്കൊണ്ടിരുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ചതുകൊണ്ട് പ്രജകള്‍ ആ മതത്തെ പിന്തുടര്‍ന്നിരുന്നില്ല. ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി അശോകന്‍ ധമ്മ മഹാ മാത്താസ് എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ നിയമിച്ചിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയാറുണ്ട്. പ്രശസ്ത ചരിത്രകാരിയായ റോമിലാ ഥാപ്പര്‍ തന്റെ 'മാര്യാസ് റിവിസിറ്റഡ് : ഡിക്കലൈന്‍ ഓഫ് ദി മൗര്യാസ്' എന്ന കൃതിയില്‍ മേല്പറഞ്ഞ വാദഗതിയെ ഒരു പരിധിവരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇതിനെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ബുദ്ധിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ധമ്മ മഹാ മാത്താസിന് ഉണ്ടായിരുന്നെങ്കിലും അവരുടെ മറ്റൊരു പ്രധാന കടമ ജനങ്ങള്‍ ബുദ്ധ ആശയങ്ങള്‍ സ്വീകരിച്ചില്ലെങ്കിലും പരസ്പരം സ്പര്‍ദ്ധയി ല്ലാതെ, ധാര്‍മ്മിക നിയമസംഹിത അനുസരിച്ച് അഹിംസാത്മകമായി ജീവിക്കാന്‍ അവരെ പഠിപ്പിക്കുക എന്നതായിരുന്നു എന്ന് ഥാപ്പര്‍ അഭിപ്രായപ്പെടുന്നു. മതവിശ്വാസങ്ങള്‍ക്കതീതമായി ധാര്‍മ്മികതയുടെ ഒരു പെരുമാറ്റച്ചട്ടം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനാണ് അശോകന്‍ ധമ്മ മഹാ മാത്താസിനെ അയയ്ക്കുന്നതും അവര്‍ക്ക് ആ പേര്‍ നല്‍കുന്നതും. സഹിഷ്ണുതയുടെ കാര്യത്തില്‍ വളരെ അസഹിഷ് ണുത കാണിച്ച (Ashoka was very inteollerent of tolerance) ഒരാളാണ് അശോകന്‍ എന്ന് ഫിലോസഫി ക്ലാസ്സുകളില്‍ നാം പഠിക്കാറുണ്ട്. അതായത് രണ്ടു വ്യക്തികള്‍ തമ്മിലോ, മതങ്ങള്‍ തമ്മിലോ, പാരമ്പര്യങ്ങള്‍ തമ്മിലോ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെങ്കില്‍ സഹിഷ്ണുത നിലനിര്‍ത്തുന്നതിനുവേണ്ടി അതിനേക്കാള്‍ വലിയ അസഹിഷ്ണുത ആ അസഹിഷ്ണുതയോട് ചക്രവര്‍ത്തി കാണിക്കുമായിരുന്നു.
ജനാധിപത്യം എന്നത് എല്ലാ ശബ്ദങ്ങളും ഒരുപോലെ കേള്‍ക്കപ്പെടേണ്ട ഒരാശയം ആണെന്ന തെറ്റായ ധാരണ നമുക്കുണ്ട്. സംസാരിക്കാനുള്ള അവകാശം എന്ന മാലികാവകാശത്തെയും ഈ രീതിയിലാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. നവജീത് പഥക്-നെപോലുള്ള സോഷ്യോളജിസ്റ്റുകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് രചനകള്‍ നടത്തിയിട്ടുണ്ട്. സംസാരിക്കാനുള്ള അവകാശം എന്താണെന്ന ഉദ്‌ബോധനം ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അസഹിഷ്ണുത നിറഞ്ഞ ജല്പനങ്ങള്‍ നമ്മള്‍ ഇപ്പോഴും സംസാരിക്കാനുള്ള അവകാശത്തിന്റെ പരിധിയില്‍ നിന്നാണ് മനസ്സിലാക്കുന്നത്, അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസഹിഷ്ണുത നിറഞ്ഞ സംസാരങ്ങള്‍ ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന് തുല്യമാണെന്നും നവജിത് പഥക് പറയുന്നു. മൗര്യ ചക്രവര്‍ത്തിയായ അശോകന്റെ നയങ്ങളെ ഇതുമായി താരതമ്യപ്പെടുത്താവുന്നതാണ്. ബുദ്ധമതം സ്വീകരിച്ചതിനുശേഷം സമ്പൂര്‍ണ്ണ അഹിംസയോ സഹിഷ്ണുതയോ അശോകന്‍ പിന്തുടര്‍ന്നിരുന്നില്ല. തന്റെ സാമ്രാജ്യത്തിലെ പല കലാപങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ അദ്ദേഹം എടുത്തിരുന്നു. അസഹിഷ്ണുത ആര് കാണിക്കുന്നോ അവര്‍ക്കെതിരെ ബലം പ്രയോഗിക്കുന്ന ഒരു ചക്രവര്‍ത്തിയെ നമുക്ക് അശോകനില്‍ കാണാം. അന്ന് ജനാധിപത്യമല്ല രാജഭരണമാണ് നിലനിന്നിരുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ബലപ്രയോഗത്തിലൂടെ മാത്രമേ മൗര്യ സാമ്രാജ്യത്തിന് നിലനില്‍പ്പുണ്ടാവൂ എന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
REPRESENTATIVE IMAGE: WIKI COMMONS
മൗര്യ കാലഘട്ടത്തിനുശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡം ഒരു പരിധിവരെ ഏകീകൃതമാകുന്നത് ഗുപ്ത കാലഘട്ടത്തിലാണ്. ഈ സമയത്താണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും സ്മൃതി സാഹിത്യങ്ങള്‍ രചിക്കപ്പെടുന്നതും. മനുസ്മൃതി അടക്കമുള്ള ഇത്തരം സ്മൃതികളില്‍ പോലും ഭാരതദേശം എന്ന പദം കാണാന്‍ കഴിയില്ല. ഗുപ്ത ഭരണത്തിനുശേഷം മുഗള്‍ഘട്ടത്തില്‍, പ്രത്യേകിച്ച് അക്ബറിന്റെ ഭരണസമയത്താണ് വീണ്ടും ഇന്ത്യ ഏകീകരിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയുടെ ഭാഗങ്ങളടക്കമുള്ള പല ഭാഗങ്ങളും മുഗള്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നുകൂടി അറി ഞ്ഞിരിക്കേണ്ടതാണ്. ഈ കാലഘട്ടങ്ങളിലൊന്നും ഭാരതം എന്ന സംജ്ഞയ്ക്ക് മാത്രമല്ല ഭരിക്കപ്പെടുന്ന രാജ്യത്തിനോ സാമ്രാജ്യത്തിനോ രാഷ്ട്രീയ അസ്തിത്വമല്ലാതെ സാംസ്‌കാരികമായ അര്‍ത്ഥം കല്‍പ്പിക്കപ്പെട്ടിരുന്നില്ല. ചരിത്രത്തില്‍ പലപ്പോഴും പ്രതിനായകവത്കരിക്കപ്പെട്ട കഥാപാത്രമായ ഓറംഗസേബ് ഗ്യാന്‍ വാപി മോസ്‌കുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഒരു ഫര്‍മാനെക്കുറിച്ച് അലിഗഡ് സര്‍വ്വകലാശാലയിലെ പ്രൊഫസ്സര്‍ ആയ എസ് എസ് റെസ്വിന്‍ ഒരു ലേഖനം എഴുതിയിരുന്നു. ഗ്യാന്‍ വാപി മോസ്‌കിനെ ചുറ്റിപ്പറ്റി വലിയ വിവാദം ഉടലെടുത്ത സമയത്താണ് അദ്ദേഹം ഈ ലേഖനം പ്രസിദ്ധീകരിച്ചത്. ഗ്യാന്‍ വാപി മോസ്‌ക് ഇസ്ലാമിക ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി അല്ല അതുകൊണ്ടുതന്നെ അത് മാറ്റി പണിയണം എന്നുള്ള വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഔറംഗസേബ് ഒരു ജൈന വ്യാപാരിക്ക് കത്ത് അയയ്ക്കുന്നുണ്ട്. ഔറംഗസേബ് ജൈന വ്യാപാരിയോട് പറയുന്നത് ഇങ്ങനെയാണ്, നിങ്ങള്‍ എനിക്ക് നല്കുന്നതിനുമുമ്പ് മോസ്‌കും അതുള്‍പ്പെടുന്ന സ്ഥലവും എങ്ങനെയാണോ നിലനിന്നിരുന്നത് അങ്ങനെതന്നെ വേണം നിലനിര്‍ത്തുവാന്‍, മോസ്‌കിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ക്ഷേത്രം പൊളിച്ചുകളഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആ ക്ഷേത്രം പുതുക്കി പണിതുകൊടുക്കണം. ചുരുക്കത്തില്‍ വൈവിധ്യങ്ങളെ പുല്‍കിയിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ത്യയുടെ ആത്മാവ് അല്ലെങ്കില്‍ സാരാംശം എന്നുപറയുന്നത് ബഹുസ്വരതയാണ്. ഈ ബഹുസ്വരത വളര്‍ന്നുവരുന്ന പുതിയ തലമുറയിലേക്ക് പ്രചരിപ്പിക്കേണ്ടതുണ്ട്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ ഇന്ത്യ എന്ന ആശയത്തിന് നിലനില്‍പ്പില്ല.
ലോകരാഷ്ട്രങ്ങളടക്കം അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ് വ്യത്യസ്തങ്ങളായ മതവിഭാഗങ്ങളും, ആചാരാനുഷ്ഠാനങ്ങളും, പാരമ്പര്യങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഇന്ത്യ എന്ന ദേശരാഷ്ട്രം പതിറ്റാണ്ടുകളായി എങ്ങനെ നിലനില്‍ക്കുന്നു എന്ന കാര്യം. ഈ വൈവിധ്യത്തെ സംരക്ഷിക്കുന്നതിന് നമ്മുടെ മുന്നിലുള്ള പ്രതിരോധത്തിന്റെ ഏറ്റവും വലിയ മാര്‍ഗ്ഗം ഈ ബഹുസ്വരതയെ ഊന്നി ഊന്നി പറയുക എന്നുള്ളത് തന്നെയാണ്. ഒരൊറ്റ ഭാഷ വന്നാല്‍, ഏകീകൃത സംസ്‌കാരം അടിച്ചേല്‍പ്പിച്ചാല്‍, ഏകീകൃത ഭരണവ്യവസ്ഥ വന്നാല്‍, നിയമ സംവിധാനം വന്നാല്‍ എല്ലാം എളുപ്പമാകും എന്ന തരത്തിലുള്ള ലളിത യുക്തിവാദങ്ങള്‍ എത്രത്തോളം ബാലിശമാണെന്ന് ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടു തന്നെ ഏറ്റവും വലിയ പ്രതിരോധത്തിനുള്ള ആയുധം ചരിത്രം തന്നെയാണ്. ബഹുസ്വരതയുടെ വിവിധ തലത്തിലുള്ള, പലപല രീതികളിലുള്ള ഉദാഹരണങ്ങള്‍ ചരിത്രം നമുക്ക് കാണിച്ചു തന്നുകൊണ്ടേയിരിക്കും.
എങ്ങനെയാണ് ഭാരതം എന്ന ഒരു ആശയം കോസ്‌മോഗ്രാഫിക്കല്‍ ഇടത്തില്‍ നിന്ന്, പിന്നീട് കര്‍മ്മ സിദ്ധാന്തം നിലനിന്നിരുന്ന ഇടത്തില്‍നിന്ന് വ്യതിചലിച്ച് ഏകദേശം പതിനാറാം നൂറ്റാണ്ട് ആകുമ്പോഴേക്കും ദേശം ('വതന്‍'') എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വലിയൊരു സംവാദ-വിവാദ വിഷയമായിരുന്നു ഇന്ത്യ മാതൃഭൂമിയാണോ (mother land) അതോ പിതൃഭൂമിയാണോ (father land) എന്നത്. മാലിനി രംഗസ്വാമി പോലുള്ള ഹിസ്റ്റോറിയന്‍സ് ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ രാജ്യത്തെ മാതൃഭൂമിയായാണ് കണക്കാക്കുന്നതെങ്കില്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ പിതൃഭൂമി (father land) എന്ന സങ്കല്‍പ്പമാണുള്ളത്. മാതൃഭൂമിയെന്നു സ്വന്തം രാഷ്ട്രത്തെ സങ്കല്പിച്ചുകൊണ്ട് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അനാദരവ് പ്രകടിപ്പിക്കപ്പെടുന്ന വൈരുധ്യത്തിന്റെ കേന്ദ്രമാണ് ഇന്ത്യ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആരംഭം മുതലുള്ളതാണ്. ഇന്ത്യാ വിഭജന കാലത്ത് ലോകത്തിലേറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടന്ന സ്ഥലമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഭാരത മാതാ എന്നത് ഒരു സാങ്കല്പിക ദേവതയാണ്. എന്നാല്‍ ഈ ദേവീ സങ്കല്‍പ്പത്തിന്റെ ചിത്രീകരണത്തില്‍ ദുര്‍ഗ്ഗാ ദേവിയുമായി അനിതരസാധാരണമായ സാമ്യമുണ്ട്. ഭാരത മാതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ചിത്രീകരണമില്ലെങ്കില്‍, ഇന്ത്യന്‍ പതാക ഈ ദേവി പിടിച്ചിട്ടില്ലെങ്കില്‍, എങ്ങനെയാണ് നമുക്ക് അത് ഭാരത മാതയാണെന്ന് പറയാനാവുക. നമ്മള്‍ ഇന്ത്യ എന്ന ദേശ രാഷ്ട്രത്തെ മാതാവായി മാത്രമല്ല, ദേവിയായിക്കൂടിയാണ് സങ്കല്‍പ്പിക്കുന്നത്. എന്തുകൊണ്ടാണ് നമുക്ക് മറ്റൊരു രീതിയില്‍ രാഷ്ട്രത്തെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തത് എന്നത് പ്രസക്തമായ ചോദ്യമാണ്.
REPRESENTATIVE IMAGE: WIKI COMMONS
ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ ദേവിയായും മാതാവായും കണക്കാക്കുന്നതിനെ ഫെമിനിസ്റ്റ് ഹിസ്റ്റോറിയന്‍സ് കൗതുകകരമായ തരത്തില്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഭൂമിയെ സ്ത്രീ ആയും ദേവീയായുമാണ് കണക്കാക്കിയിരുന്നത്. ഭൂമിയെപ്പോലെ സ്ത്രീയും സര്‍വ്വം സഹയാണെന്നും ക്ഷമിക്കേണ്ടവളാണെന്നും സംരക്ഷിക്കപ്പെടേണ്ടവളാണെന്നുമുള്ള പുരുഷാധിപത്യ ചിന്താഗതി ഇന്ത്യന്‍ മനസ്സിന്റെ ഭാഗമായി മാറുന്നതിന് ഈ രചനകള്‍ക്ക് പങ്കുണ്ട്. ഇന്ത്യന്‍ പുരാവൃത്തങ്ങളില്‍ ഭൂമിയെ ദേവിയായി കണക്കാക്കിക്കൊണ്ട് പലപ്പോഴും പ്രതിഷ്ഠിക്കുന്നത് വരാഹത്തിന്റെ കൊമ്പിന്റെ മുകളിലാണ്. ഈ രീതിയിലുള്ള പ്രതിനിധീകരണം ഗുപ്ത, ചോള ഭരണകാലങ്ങളിലടക്കമുള്ള രാഷ്ട്ര ചിഹ്നങ്ങളില്‍ കാണാം. പല രാജാക്കന്മാരുടെയും നാണയങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരുന്നത് ഭൂമീദേവിയെ തന്റെ കൊമ്പില്‍ വഹിക്കുന്ന വരാഹത്തിന്റെ മുദ്രയായിരുന്നു. പല നാണയങ്ങളും വരാഹന്‍ എന്നറിയപ്പെടാന്‍ കാരണം ഇതായിരിക്കാം. ഭൂമീദേവിയെ തന്റെ കൊമ്പില്‍ വഹിച്ചു സംരക്ഷിക്കുന്ന വരാഹം ആരാണ്? അത് രാജാവ് തന്നെയാണ്. രാജാവ് സംരക്ഷിക്കുന്ന ഭൂമീദേവി എന്ന സങ്കല്‍പ്പമാണ് നൂറ്റാണ്ടുകളായി നിലനിന്നുപോന്നിട്ടുള്ളത്. പല ചോള ലിഖിതങ്ങളിലും രാജാവിനെ (ന്യപതിയെ) കണക്കാക്കുന്നത് ഭൂദേവിയുടെയും ശ്രീദേവിയുടെയും ഭര്‍ത്താവായാണ്. ചുരുക്കത്തില്‍ ആധുനിക കാഘഘട്ടത്തിനുമുമ്പുള്ള എല്ലാ ഭൂമീ സങ്കല്‍പ്പവും സംരക്ഷിക്കപ്പെടേണ്ട സ്ത്രീ സങ്കല്പം തന്നെയായി രുന്നു. ഇത് ആധുനിക കാലഘട്ടത്തിലും തുടര്‍ന്നു.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കത്തിലും തുടര്‍ച്ചയിലും ഈ ദേവീസങ്കല്‍പ്പ ചിത്രീകരണം വ്യക്തമായും കാണാം. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ 'ആനന്ദ് മഠം' എന്ന കൃതിയില്‍ ഇത്തരത്തിലുള്ള പ്രതിപാദനം കാണാം. ഭാരത മാതയുടെ ആദ്യത്തെ ചിത്രം വരച്ചത് അഭീന്ദ്രനാഥ ടാഗോര്‍ ആണ്. കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച, വീണ കൈകളിലേന്തിയ ഈ ചിത്രത്തിലെ ഭാരത മാതയ്ക്ക് സരസ്വതി ദേവിയുടെ രൂപ സാദൃശ്യമുണ്ട്. പിന്നീടുള്ള കാലങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന ഭാരത മാത വിണ്ടും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. സരസ്വതി ദേവിയില്‍നിന്നും അക്രമാസക്തമായ ഭാവങ്ങളോടെയുള്ള, ഹിംസ്ര മൃഗമായ കടുവയോ പുലിയോ സമീപത്തുനില്‍ക്കുന്ന, വെള്ള-കാവി നിറങ്ങളില്‍നിന്ന് കുറേക്കൂടി വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച ചിത്രീകരണത്തിലേക്കുള്ള രൂപാന്തരീകരണം ഭാരത മാതയ്ക്ക് വരുന്നു. ഈയൊരു ആക്രമണോത്സുകത രാജ്യത്തിന്റെ പ്രതിച്ഛായയിലേക്ക് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഈ മാറ്റങ്ങള്‍ക്ക് ഭാരത മാതാ എന്ന ആശയം വിധേയമായിട്ട് അധികകാലമായിട്ടില്ല. ആക്രമണോത്സുക ഭാവത്തോടെയുള്ള ഭാരതമാതയുടെ ചിത്രീകരണത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നത് ദേശീയ പ്രസ്ഥാന കാലത്തല്ലെന്നും 1960-കള്‍ക്ക് ശേഷമാണെന്നുമുള്ളത് മനസ്സിലാക്കേണ്ടതുണ്ട്. കലണ്ടറുകളിലൂടെയും മറ്റുപല ജനകീയ മാധ്യമങ്ങളിലൂടെയുമുള്ള പ്രചാരം ഈ ചിത്രം ജനങ്ങളുടെ മനസ്സില്‍ ഉറയ്ക്കുന്നതിന് കാരണമായി. രാമാനന്ദ് സാഗറിന്റെ രാമായണം പോലുള്ള സീരിയലുകള്‍ എങ്ങനെയാണോ ഒരു ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണ്പ്രക്രിയയെ സഹായിച്ചത്, അതുപോലെതന്നെ മേല്‍പറഞ്ഞ ഭാരത മാതാ എന്ന ആശയത്തിന്റെ ചിത്രീകരണവും ഹിന്ദുത്വ രാഷ്ട്രീയ പ്രചരണത്തിന് കാരണമാകുന്നുണ്ട്.
ബങ്കിം ചന്ദ്ര ചാറ്റര്‍ജി | PHOTO: WIKI COMMONS
ഇത്തരം വിധ്വംസക ആശയങ്ങളെ ചെറുക്കുന്നതിനുള്ള ആഖ്യാനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് ചരിത്രത്തില്‍നിന്നാണ്. ഭാരത മാതാ ആരാണ് എന്ന് ജവഹര്‍ലാല്‍ നെഹ്‌റു പല ഗ്രാമങ്ങളിലെയും അദ്ദേഹത്തിന്റെ പര്യടനങ്ങളുടെ ഭാഗമായി ജനങ്ങളോട് ചോദിക്കുന്നുണ്ട്. ഭാരത മാതാ ദേവിയാണ്, ഭൂമിയാണ്, രാഷ്ട്രമാണ് എന്നൊക്കെയുള്ള വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് പലരും അദ്ദേഹത്തിന് നല്‍കിയത്. ഭാരത മാതാ ആരാണ് എന്നതിനുള്ള നെഹ്‌റുവിന്റെ ഉത്തരം നമ്മളോരോരുത്തരും സ്വയം ഉള്‍ക്കൊള്ളേണ്ട മഹത്തായ ഒരാശയമാണ്. ഗ്രാമീണ ജനതയോട് നെഹ്‌റു പറഞ്ഞത് ഇങ്ങനെയാണ്; നിങ്ങളാണ് ഭാരത മാതാ? ഇവിടെയിരിക്കുന്ന ഓരോരുത്തരുമാണ് ഭാരത മാതാ!
ബഹുസ്വരതയുടെ, വ്യത്യസ്തതകളുടെ സ്വരങ്ങളുടെ മേല്‍ ഭൂരിപക്ഷ ആഖ്യാനം മാത്രം മുഴങ്ങിക്കേള്‍ക്കുന്ന ഈ കാലത്ത് നാനാത്വങ്ങള്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതി മാറ്റങ്ങള്‍ക്കു വിധേയമാക്കപ്പെടാതെ വീണ്ടും വീണ്ടും തെറ്റില്‍ നിന്ന് തെറ്റിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു എന്നും പ്രതികരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതീതമായി ഭരണഘടനാ മൂല്യങ്ങള്‍ക്ക് തകര്‍ച്ച സംഭവിച്ചു കഴിഞ്ഞു എന്നും ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ് അന്നും തോന്നലുണ്ടെങ്കില്‍ നമ്മള്‍ പുതിയ തലമുറയിലേക്ക് പ്രതീക്ഷയോടെ നോക്കേണ്ടതുണ്ട്. ആ പ്രതീക്ഷ മുഴുവനായും അണഞ്ഞിട്ടില്ല എന്നും പുതുനാമ്പുകള്‍ പൊട്ടിമുളയ്ക്കുന്നുണ്ട് എന്നും നമുക്ക് മനസ്സിലാകും. യുവതലമുറ ബഹുസ്വരതയെ പുല്‍കുന്ന കാഴ്ച്ച പലപ്പോഴും നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. അതുകൊണ്ടുതന്നെയാണ് മുന്‍പ് കാണാത്തവിധം എല്‍.ജി.ബി.ടി.ക്യൂ.ഐ.എ.പ്ലസ് രാഷ്ട്രീയത്തിന് ചെറുതല്ലാത്ത വിധം യുവജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ലഭിക്കുന്നത്. ഇത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൊണ്ട് സംഭവിച്ചതല്ല. ഒരു ദശാബ്ദത്തോളമുള്ള ദൃശ്യമാധ്യമങ്ങള്‍ വഴിയും പ്രൈഡ് പോലുള്ള പസ്ഥാനങ്ങള്‍ വഴിയുമുള്ള കഠിനമായ പ്രയത്‌നത്തിന്റെ ഭാഗമായാണ് ക്യൂര്‍ മൂവ്‌മെന്റ് സമൂഹത്തില്‍ ചര്‍ച്ചാവിഷയമായത്. സ്വജാതി വിവാഹങ്ങള്‍മാത്രം നടന്നിരുന്ന, ജാതീയതയും ഹെട്രോ നോര്‍മേറ്റിവിറ്റിയും മനസ്സില്‍ പേറിയിരുന്ന മലയാളി മനസ്ഥിതി പല തലങ്ങളില്‍ ചോദ്യം ചെയ്യപ്പെടലുകള്‍ക്ക്
വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിരോധത്തിനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗമാണ് പ്രതീക്ഷ. നമ്മള്‍ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിക്കുകയാണെങ്കില്‍, സ്വപ്നം കാണാന്‍ തയ്യാറാണെങ്കില്‍ പുതിയൊരു സാമൂഹികക്രമം സാധ്യമാണ്. അതുകൊണ്ടുതന്നെ വൈവിധ്യങ്ങളില്‍ ഊന്നിക്കൊണ്ട് ഉള്‍ക്കൊള്ളല്‍ മനോഭാവത്തോടെ നമുക്ക് മുന്നോട്ടുപോകാം. ലോക വിപ്ലവങ്ങള്‍ ന്യൂനപക്ഷ കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് എപ്പോഴും നടന്നിട്ടുള്ളത്. ഭൂരിപക്ഷങ്ങളല്ല, മറിച്ചു ന്യൂനപക്ഷങ്ങള്‍ തന്നെയാണ് ഏതൊരു പുരോഗമന പ്രസ്ഥാനത്തിന്റെയും ചാലകശക്തിയായി വര്‍ത്തിച്ചിട്ടുള്ളത്. ഏകസ്വരതയെയും ഏകശിലാത്മകതയെയും തച്ചുടച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ള ശക്തി നമ്മുടെ സംസ്‌കാരങ്ങളില്‍ തന്നെ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് നമുക്ക് പ്രതീക്ഷയോടെതന്നെ മുന്നോട്ടുപോകാം.