TMJ
searchnav-menu
post-thumbnail

Politics Beyond 2024

ഹിന്ദുവിന്റെ പേരില്‍ സവര്‍ണരുടെ ഒലിഗാർക്കി

27 Feb 2024   |   6 min Read
സുദേഷ് എം രഘു

ന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണോ അഥവാ ഇവിടെ ഒരു ഹിന്ദു രാഷ്ട്രം വേണോ എന്നത് ദശകങ്ങളായി, ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക ധ്രുവീകരണത്തിന്റെ ഉള്ളടക്കമായി മാറിയിട്ടുണ്ടെന്നു പറയാം. ഹിന്ദുമഹാസഭയും ആര്‍എസ്എസ്സും മാത്രമല്ല, മതേതരമെന്നും ബഹുസ്വരമെന്നും പറയപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ദേശീയ പ്രസ്ഥാനവും അത്തരമൊരു ധ്രുവീകരണത്തിന് ആസ്പദമായ നരേഷന്‍- ജനസംഖ്യയുടെ ഏകദേശം 80 ശതമാനം ഹിന്ദുവാണ് എന്ന നരേഷന്‍- വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ജനാധിപത്യഭരണ സംവിധാനത്തില്‍ ഭൂരിപക്ഷം എന്നത് നിര്‍ണായകമായതിനാല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്‍ഡ്യക്കാരിലേക്ക് അധികാരം കൈമാറുന്ന സാഹചര്യത്തില്‍, ന്യൂനപക്ഷമായ ബ്രാഹ്‌മണര്‍ക്കും സവര്‍ണ ഒലിഗാര്‍ക്കിക്കും, ഭരണാധികാരം എന്നെന്നേക്കുമായി നിലനിര്‍ത്താന്‍ അത്തരമൊരു നരേഷന്‍ അത്യാവശ്യമായിരുന്നു. അങ്ങനെയാണ് ജനസംഖ്യ കണക്കെടുത്തപ്പോള്‍, വ്യത്യസ്തവും വ്യതിരിക്തവുമായ എഥ്‌നിക് സമുദായങ്ങളെ 'ഹിന്ദുമതത്തിന്റെ വിസര്‍ജനപ്പറമ്പുകളില്‍ കയറ്റിക്കിടത്തി കാര്യം കാണാന്‍' (പ്രയോഗത്തിന് പി കെ ബാലകൃഷ്ണനോടു കടപ്പാട്) ബ്രിട്ടീഷ് ഭരണത്തിലും അതിനുശേഷവും സവര്‍ണ ഒലിഗാര്‍ക്കിക്കു സാധിച്ചത്.

ഹിന്ദു സംസ്‌കാരമാണ് ഇന്ത്യന്‍ സ്വത്വത്തെ നിര്‍വചിക്കുന്നതെന്നും ഈ 'ഭൂരിപക്ഷ' സംസ്‌കാരം ന്യൂനപക്ഷങ്ങള്‍ സ്വാംശീകരിക്കേണ്ടതുണ്ടെന്നും ഹിന്ദു ദേശീയവാദികള്‍ വാദിച്ചു. ഹിന്ദു ദേശീയവാദി നേതാവായിരുന്ന വി.ഡി. സവര്‍ക്കര്‍,  ഇന്ത്യന്‍ ദേശീയതയെ ഹിന്ദു ദേശീയത എന്നു വിശേഷിപ്പിച്ചു. ഹിന്ദുത്വവാദികളായ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ആശയത്തെ ജനകീയമാക്കി മാറ്റുന്നതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്തു. ഏകാത്മക മാനവവാദം, അഖണ്ഡ ഭാരതം മുതലായ പരികല്‍പ്പനകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദേശീയതയുടെ അപരന്മാരായി മുസ്ലിങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു വിശാലഹിന്ദുവിനെ സൃഷ്ടിച്ചെടുക്കാനും തദ്വാരാ, സവര്‍ണാധിപത്യം സനാതനമാക്കാനും ഉദ്ദേശിച്ചാണ് 1925-ല്‍ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) എന്ന അര്‍ധ സൈനിക സംഘടന ബ്രാഹ്‌മണര്‍ സ്ഥാപിച്ചത്.  സംഘപരിവാര്‍ കുടക്കീഴില്‍ വിവിധങ്ങളായ സംഘടനകളുടെ ശൃംഖല സൃഷ്ടിച്ചുകൊണ്ട് അവര്‍ രാജ്യം മുഴുവന്‍ അഹോരാത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രബുദ്ധമെന്നു വിളിക്കപ്പെടുന്ന ഈ കേരളം പോലും ഏറ്റവും കൂടുതല്‍ ആര്‍എസ്എസ്സ് ശാഖകളുള്ള സംസ്ഥാനമായി മാറിയത് അങ്ങനെയാണ്.  

അക്കാലം മുതല്‍ത്തന്നെ, ഇന്‍ഡ്യയിലെമ്പാടുമുള്ള കീഴാള ജ്ഞാനികളും പ്രസ്ഥാനങ്ങളും ഈ അഖണ്ഡഭാരത ഹിന്ദു ദേശീയതയെ ചോദ്യം ചെയ്തുകൊണ്ട് തങ്ങളുടെ സ്വന്തം സമുദായ സ്വത്വത്തിലൂന്നിയ പ്രവര്‍ത്തനങ്ങളും ഡിമാന്‍ഡുകളും മുന്നോട്ടുവച്ചിരുന്നതിനാല്‍ സ്വതന്ത്ര ഇന്‍ഡ്യയ്‌ക്കൊരു ഭരണഘടന ഉണ്ടായപ്പോള്‍, ഇന്‍ഡ്യയെ ഒരു മതേതര-ജനാധിപത്യ റിപ്പബ്ലിക്കായി അവതരിപ്പിക്കാന്‍ ഡോ. ബാബാസാഹിബ് അംബേദ്കറുടെ നേതൃത്വത്തിലുള്ള കീഴാള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹവും മതിയായതുമായ പ്രാതിനിധ്യം ലഭിക്കുമ്പോള്‍, അതായത് പ്രാതിനിധ്യ ജനാധിപത്യം നടപ്പാകുമ്പോള്‍ മാത്രമേ ഇന്‍ഡ്യ പ്രാഥമികമായി ഒരു ജനാധിപത്യക്രമത്തിലേക്കു പ്രവേശിക്കൂ എന്ന് ബാബാസാഹിബ് നിരീക്ഷിച്ചിരുന്നു. അല്ലാത്തപക്ഷം, ഏതാനും സമുദായങ്ങളുടെ ഒലിഗാര്‍ക്കി ഭരണമായിരിക്കും സ്വതന്ത്ര ഇന്‍ഡ്യയിലുണ്ടാവുക എന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.

ബാബാസാഹിബ് അംബേദ്കര്‍ | PHOTO: WIKICOMMONS
ഒലിഗാര്‍ക്കി സമുദായങ്ങളുടെ ഭരണാധിപത്യം

കോണ്‍ഗ്രസ് ഭരണകാലത്തും ഇടക്കാലത്ത് ജനതാ ഭരണകാലത്തും ഇപ്പോള്‍ ബിജെപി ഭരണകാലത്തും ബാബാസാഹിബ് അംബേദ്കര്‍ ഭയപ്പെട്ട ഒലിഗാര്‍ക്കി സമുദായങ്ങള്‍ തന്നെയാണ് ഇന്‍ഡ്യയും കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്നത്. ലെജിസ്ലേച്ചര്‍, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി തുടങ്ങിയ ഭരണസംവിധാനങ്ങളില്‍ മാത്രമല്ല, മീഡിയ, ബാങ്കിങ്, സാംസ്‌കാരിക-സാഹിത്യ മേഖല ഉള്‍പ്പെടെ എല്ലാ അധികാര സ്ഥാനങ്ങളിലും ബ്രാഹ്‌മണ-ക്ഷത്രിയ-ബനിയ-കായസ്ത സമുദായങ്ങളാണ് (കേരളത്തിലാവുമ്പോൾ അത് ബ്രാഹ്മണ-നായർ-സുറിയാനി സമുദായങ്ങളാവും) ആധിപത്യം പുലര്‍ത്തുന്നതെന്ന് ഇടയ്ക്കിടെ സര്‍ക്കാര്‍ തന്നെ പുറത്തുവിടുന്ന കണക്കുകളില്‍ നിന്നു സ്പഷ്ടമാണ്. ജാതി സെന്‍സസ് വിഷയത്തില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി, മീഡിയ പ്രവര്‍ത്തകരില്‍ എത്ര ഒബിസിക്കാരുണ്ടെന്നു ചോദിച്ചപ്പോള്‍ ഒരാളുടെ പോലും കൈ ഉയരാഞ്ഞത് സമീപകാല ഉദാഹരണം.

1980-കളുടെ അവസാനം വരെ ഹിന്ദു ദേശീയത ഒരു രാഷ്ട്രീയ ശക്തിയായി മാറിയിരുന്നില്ല. അതിനുശേഷം, രാഷ്ട്രീയ നേതൃത്വത്തിന്റെ, വിശേഷിച്ച് ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങള്‍, മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തെ അപകടകരമായ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പു കമ്മീഷന്‍ മുതല്‍ പരമോന്നത നീതിപീഠം വരെ, ഭരണകൂടാനുകൂലവും ഹിന്ദുത്വാനുകൂലവുമായ, സംവിധാനങ്ങളായി മാറുന്നു എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനെ ഇല്ലാതാക്കി. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ ബോഡിയായ ലോക്പാല്‍ അവഗണനയിലായി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ, വിശേഷിച്ച് മുസ്ലിങ്ങള്‍ക്കും ആദിവാസി/ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്കും എതിരായുള്ള വിദ്വേഷവും അക്രമവും വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. സാമൂഹികതലത്തില്‍ അസഹിഷ്ണുത വര്‍ധിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഇന്ദിരാഗാന്ധി, അടിസ്ഥാന അവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതിനേക്കാള്‍ ഭീകരമായി, ജനാധിപത്യവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനവും അടിച്ചമര്‍ത്തപ്പെടുന്നു എന്ന് മുന്‍നിര മാധ്യമപ്രവര്‍ത്തകരും സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാരെ വരെ, വിവിധങ്ങളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു നിശ്ശബ്ദരാക്കാനും വിലക്കെടുക്കാനും ശ്രമിക്കുന്നു.  സ്വാതന്ത്ര്യവും ബഹുസ്വര ജനാധിപത്യവും കൂടുതല്‍ അപകടത്തിലായിരിക്കുന്നു.
  
ഇന്ദിരാഗാന്ധി | PHOTO: FACEBOOK
നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ ആരാധന നടത്തിയിരുന്ന പള്ളിയായ ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഹിന്ദു ദൈവമായ രാമനു ക്ഷേത്രം പണിയാന്‍ ആര്‍എസ്എസ്സും സംഘ്പരിവാര്‍ സംഘടനകളും പ്രചാരണം നടത്തിയ രാമജന്മഭൂമി പ്രസ്ഥാനമാണ് ഹിന്ദുത്വത്തെ വീണ്ടും ദേശീയ തലത്തില്‍ ശക്തമാക്കിയത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിക്കൊണ്ട് ഇന്‍ഡ്യയിലെ 52 ശതമാനം വരുന്ന ഒബിസകള്‍ക്കു സംവരണം ഏര്‍പ്പെടുത്താനുള്ള വി പി സിങ്  സര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം കൂടി അതിലൂടെ അവര്‍ക്കുണ്ടായിരുന്നു. മണ്ഡലിനെ എതിര്‍ത്തതിനാല്‍ ഉയര്‍ന്ന ജാതി ഹിന്ദുക്കളില്‍ നിന്ന് ബിജെപിക്കു കൂടുതല്‍ പിന്തുണ നേടാനായി. പ്രബല ഒബിസികള്‍ക്കെതിരായി, എണ്ണംകൊണ്ടു ദുര്‍ബലരായ ഒബിസികളെ യോജിപ്പിച്ചുകൊണ്ടും രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഹിന്ദുത്വം ആളിക്കത്തിച്ചുകൊണ്ടും ഏതാണ്ടെല്ലാ ഒബിസികളെയും ആശയപരമായെങ്കിലും കൂടെ നിര്‍ത്താന്‍ ഇക്കാലയളവില്‍ ബിജെപിക്കും സംഘ്പരിവാറിനും സാധിച്ചു എന്നതാണു സത്യം.

ലക്ഷ്യം മുസ്ലീം ധ്രുവീകരണം

2004-ലെയും 2009-ലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടു പരാജയപ്പെട്ടതിനുശേഷം, 2014-ല്‍ ബിജെപിക്ക് അദ്ഭുതകരമായ തിരിച്ചുവരവു നടത്താനും ലോക്സഭയില്‍ സ്വന്തമായി ഭൂരിപക്ഷം സീറ്റുകള്‍ നേടാനും സാധിച്ചതും അങ്ങനെയാണ്. വംശഹത്യയായി മാറിയ ഗുജറാത്ത് കലാപത്തിനു ശേഷം, രാജ്യമെങ്ങുമുള്ള ഹിന്ദു സ്വാഭിമാനികളുടെയും മുസ്ലിംവിരുദ്ധരുടെയും ഹീറോ ആയി മാറിയ നരേന്ദ്ര മോദിയാണ് അത്തരമൊരു വന്‍ വിജയം ബിജെപിക്കു നേടാന്‍ നിര്‍ണായകമായത്. ഗുജറാത്തില്‍ മൂന്നുതവണ മുഖ്യമന്ത്രിയായിരുന്ന മോദി, ഇന്ത്യന്‍ വോട്ടര്‍മാരില്‍ ഹിന്ദു ഹൃദയ സാമ്രാട്ടും വികസന നായകനുമായി ചിത്രീകരിക്കപ്പെട്ടു. 2014-ലെ ബി.ജെ.പിയുടെ ചരിത്രവിജയത്തിനുശേഷം, വംശീയത കൂടുതല്‍ ശക്തിപ്രാപിച്ചു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പുനര്‍നിര്‍വചിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ചില ബിജെപി അംഗങ്ങള്‍ പരസ്യമായിത്തന്നെ ആവശ്യപ്പെട്ടു തുടങ്ങി. 

ലോക്സഭയില്‍ ബിജെപി വീണ്ടും കേവല ഭൂരിപക്ഷം നേടിയ 2019 ലെ പൊതുതിരഞ്ഞെടുപ്പിനു മുന്‍പുതന്നെ, രാജ്യം അഭൂതപൂര്‍വമായ ധ്രുവീകരണത്തിലേക്കു കടന്നിരുന്നു. 2019 ഓഗസ്റ്റില്‍, വീണ്ടും അധികാരത്തില്‍ വന്നു ദിവസങ്ങള്‍ക്കുശേഷം, മോദി സര്‍ക്കാര്‍, ഇന്ത്യയിലെ ഏക മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കാനുള്ള നിയമനിര്‍മാണം, മുസ്ലിം വ്യക്തിനിയമം റദ്ദാക്കി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം (ഇതിനകം ചില ബിജെപി സംസ്ഥാനങ്ങള്‍ അത്തരമൊരു നിയമം പാസാക്കിക്കഴിഞ്ഞു), പൗരത്വ ഭേദഗതി നിയമം (സിഎഎ) തുടങ്ങി മോദി സര്‍ക്കാരിന്റെ ഏതാണ്ടെല്ലാ നയപരമായ തീരുമാനങ്ങളും മുസ്ലിം അപരത്വ നിര്‍മിതിയും തദനുസൃതമായ ധ്രുവീകരണവും ലക്ഷ്യമാക്കിയുള്ളതായിരുന്നു.



നോട്ട് നിരോധനം പോലുള്ള മണ്ടന്‍ തീരുമാനത്തിലൂടെ, കൂലിത്തൊഴിലാളികളും കുടിയേറ്റത്തൊഴിലാളികളുമെല്ലാം അടങ്ങുന്ന സാധാരണ ജനങ്ങള്‍ക്കു വലിയ തോതില്‍ കഷ്ടത ഉണ്ടാക്കിയിട്ടും ഒരുവിധത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടും മോദിയുടെ ജനസമ്മതി ഇടിയാത്തതിനു കാരണം, മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണവും തന്മൂലമുള്ള ഇസ്ലാമോഫോബിയയും എല്ലാത്തിലും വലിയ ശക്തിയായി ജനങ്ങളെ സ്വാധീനിക്കുന്നതുകൊണ്ടാണ്. കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ സമയത്തുപോലും, കൊറോണ വൈറസ് പരത്തുന്നതില്‍, ദില്ലിയില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന തബ്ലീഗ് സമ്മേളനം കാരണമായി എന്നാരോപിച്ച്  ഇസ്ലാമോഫോബിയ വളര്‍ത്താനാണ് പരിവാരവും സോഷ്യല്‍ മീഡിയയിലെ ഇസ്ലാമോഫോബിക് പ്രൊഫൈലുകളും ശ്രമിച്ചത്. 'ലൗ ജിഹാദ്' പോലെ 'കൊറോണ ജിഹാദ്' എന്നൊരു ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി അക്കാലത്ത്.  രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് ജനജീവിതം സ്തംഭിപ്പിച്ചിട്ടും വൈറസിനെതിരെ പാട്ടകൊട്ടാനും ആരോഗ്യപ്രവര്‍ത്തകരെ വാഴ്ത്തി മെഴുകുതിരി കത്തിക്കാനും മറ്റുമുള്ള വാചാടോപങ്ങളിലൂടെയും സമര്‍ത്ഥമായ പൊതുജനസമ്പര്‍ക്കത്തിലൂടെയും മോദിയുടെ റേറ്റിങ് ഇക്കാലയളവില്‍ ഉയരുകയാണുണ്ടായത്.  

2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഹിന്ദു ദേശീയതയുടെ സമര്‍ത്ഥമായ ഉപയോഗം, ജാതി വിഭജനം ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നാണ്. ബിജെപിക്ക് തകര്‍പ്പന്‍ വിജയങ്ങള്‍ ഉറപ്പിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പശുഹത്യ ആരോപിച്ച് മുസ്ലിങ്ങളെ തല്ലിക്കൊല്ലുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നു.  ദലിതര്‍ക്കെതിരായ അതിക്രമങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചു.

ധ്രുവീകരണത്തിന്റെ അനന്തരഫലമായാണ് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ, വിശേഷിച്ച് മുസ്ലിങ്ങളുടെ പാര്‍ശ്വവല്‍ക്കരണം നടന്നത്. സ്വാതന്ത്ര്യത്തിനുശേഷം  ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഇത്രയ്ക്കു പ്രാതിനിധ്യം കുറഞ്ഞ ഒരു കാലമുണ്ടായിട്ടില്ല.  ഭരണകക്ഷിയായ ബിജെപിയിലും മുസ്ലിങ്ങള്‍ക്ക് കുറഞ്ഞ പ്രാതിനിധ്യം മാത്രമേയുള്ളൂ. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍, ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ 303 അംഗങ്ങളില്‍ ആരും മുസ്ലീങ്ങളല്ല.



മൃദുഹിന്ദുത്വ സമീപനത്തെ പിന്താങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍

ഹിന്ദു ദേശീയത ആളിക്കത്തിച്ചുകൊണ്ട് ബിജെപി നേടിയ തിരഞ്ഞെടുപ്പ് വിജയം, കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും ഹിന്ദുത്വത്തിന്റെ മൃദുവായ രൂപം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഹിന്ദു ദേശീയവാദികളായ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി ഹിന്ദു ക്ഷേത്രങ്ങളില്‍ പതിവായി സന്ദര്‍ശനം നടത്തുന്ന വാര്‍ത്ത നിരന്തരം പുറത്തുവരുന്നതു ശ്രദ്ധിക്കുക. ന്യൂനപക്ഷങ്ങള്‍ക്ക്, വിശേഷിച്ച് മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസാരിക്കുന്നതില്‍ നിന്നുപോലും ഈ പാര്‍ട്ടികള്‍ അകന്നുനില്‍ക്കുന്നു.  മുസ്ലിങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകളും വ്യക്തികളും നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ക്കും പ്രവൃത്തികള്‍ക്കുമെതിരെ കേസെടുക്കാനോ നടപടി എടുക്കാനോ കേരളത്തിലെ 'ഹിന്ദുത്വവിരുദ്ധ' ഇടത് സര്‍ക്കാര്‍ പോലും മടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അതേസമയം, സംഘ്പരിവാര്‍ വിമര്‍ശനം നടത്തുന്ന മുസ്ലീം പ്രൊഫൈലുകള്‍ക്കെതിരെ കേസെടുക്കാന്‍ വലിയ ഉത്സാഹവും കാണിക്കുന്നു.  ബിജെപിയുടെ മെജോറിറ്റേറിയന്‍ രാഷ്ട്രീയത്തെ നേരിടാനുള്ള നരേറ്റീവ് വികസിപ്പിക്കാന്‍ പോലും വാസ്തവത്തില്‍ കോണ്‍ഗ്രസിനോ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.  ഈ എല്ലാ പാര്‍ട്ടികളിലെയും ഒലിഗാര്‍ക്കി സമുദായങ്ങളുടെ സ്വാധീനം അത്രമേല്‍ ശക്തമായതുകൊണ്ടാണ് ഹിന്ദുത്വവിരുദ്ധമായ ഒരു കീഴാള പ്രത്യയശാസ്ത്രം ഈ പാര്‍ട്ടികളില്‍ നിന്ന് ഉദയംകൊള്ളാത്തത്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സവര്‍ണ സംവരണം നടപ്പാക്കുന്ന കാര്യത്തിലായാലും സമുദായ സംവരണമില്ലാതെ സ്ത്രീ സംവരണം നടപ്പാക്കുന്ന കാര്യത്തിലായാലും ഈ പാര്‍ട്ടികളൊന്നും തമ്മില്‍ ഭിന്നതയില്ലാത്തതും അതുകൊണ്ടാണ്. 

ധ്രുവീകരണത്തിന്റെ രാഷ്ട്രീയം ഇന്ത്യയെ ശാശ്വതമായ പ്രക്ഷുബ്ധാവസ്ഥയില്‍ നിര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് മതാടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനത്തെ കൂടുതല്‍ ആഴത്തിലാക്കും, ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കും. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തിലൂടെ സാമൂഹിക ജനാധിപത്യത്തിലേക്കു പ്രവേശിക്കാതെ, ഈ അപകടാവസ്ഥയില്‍ നിന്ന് ഇന്‍ഡ്യയ്ക്കു ശാശ്വത മോചനം സാധ്യമല്ല.  സുപ്രീം കോടതി മുതലുള്ള എല്ലാ ജുഡീഷ്യല്‍ സംവിധാനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ ലെജിസ്ലേച്ചര്‍ സഭകളിലും സംസ്ഥാന സെക്രട്ടറിയേറ്റ് മുതല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ എക്‌സിക്യൂട്ടീവ് ബോഡികളിലും എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹവും ന്യായവുമായ പ്രാതിനിധ്യം (Due and adequate share)നേടിയെടുക്കുക എന്നതാണ് ഇന്‍ഡ്യയിലെ ബഹുജനങ്ങള്‍ നേരിടുന്ന അടിയന്തര വെല്ലുവിളി. കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസിക്കാര്‍ വെറും മൂന്നുപേര്‍ മാത്രമാണെന്നും ഇന്‍ഡ്യയുടെ പരമോന്നത കോടതിയില്‍ നാളിതുവരെ ഒരു ഈഴവനോ യാദവനോ പോലും ജഡ്ജിയായിട്ടില്ലെന്നും കേരളത്തില്‍ 67 കൊല്ലക്കാലത്തിനിടയ്ക്ക് ചീഫ് സെക്രട്ടറിയായി വന്ന 48 പേരില്‍ 43 പേരും ബ്രാഹ്‌മണ- നായര്‍- സുറിയാനി വിഭാഗക്കാര്‍ മാത്രമായിരുന്നുവെന്നും തിരിച്ചറിയുമ്പോഴേ ഏതു പാര്‍ട്ടി ഭരിച്ചാലും കേരളവും ഇന്‍ഡ്യയും യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്  സവര്‍ണ ഒലിഗാര്‍ക്കിയാണ് എന്ന സത്യം മനസ്സിലാകൂ. ബീഹാറില്‍ നടത്തിയതുപോലുള്ള സമുദായ സെന്‍സസ് കൂടി നടത്തിയാല്‍ മേല്‍പ്പറഞ്ഞ ഒലിഗാര്‍ക്കി സമുദായങ്ങളുടെ ജനസംഖ്യയും അവര്‍ അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന അധികാരസ്ഥാനങ്ങളും സമ്പത്തും എത്രയാണെന്നുമുള്ള സത്യം പുറത്തുവരും. ഹിന്ദുവിന്റെ പേരില്‍ സവര്‍ണര്‍ മാത്രമാണ് എല്ലാ രംഗങ്ങളിലും ആധിപത്യം പുലര്‍ത്തുന്നതെന്ന സത്യം അവര്‍ണ ബഹുജനങ്ങള്‍ക്കു പിടികിട്ടും.  എന്നാല്‍, അത്തരമൊരു ഡേറ്റ പുറത്തുവരുന്നതിനെ എല്ലാ മുഖ്യധാരാ പാര്‍ട്ടികളും ഭയക്കുന്നു. അതുകൊണ്ട് സവര്‍ണരുടെ ഈ അജന്‍ഡയെ പൊളിക്കല്‍ അത്ര എളുപ്പമല്ലെങ്കിലും അതിനുള്ള ശ്രമം ഇനിയെങ്കിലും ആരംഭിക്കേണ്ടിയിരിക്കുന്നു. 'ഭൂരിപക്ഷ' ഹിന്ദു എന്ന മിഥ്യ പൊളിക്കാതെ അവര്‍ണ ബഹുജനങ്ങളെ, ഇസ്ലാമോഫോബിയ എന്ന കുടുക്കില്‍ നിന്നു മോചിപ്പിക്കാനാവില്ല. ഇസ്ലാമോഫോബിക് ആയിരിക്കുന്ന കാലത്തോളം അവര്‍ണര്‍ക്ക് പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനോ മനസ്സിലായാല്‍ത്തന്നെ അതു നേടിയെടുക്കാനുള്ള തന്ത്രങ്ങളും അടവുകളും രൂപപ്പെടുത്താനോ സാധിക്കുമെന്നു തോന്നുന്നില്ല. "ഹിന്ദു എന്ന ഒരു മതമേയില്ലല്ലോ" എന്ന ശ്രീനാരായണ ഗുരുവിന്റെ നിലപാടില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഏക പോംവഴി

#Politics Beyond 2024
Leave a comment