തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ചിത്രം
എന്താണ് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ ചിത്രം? രണ്ടു മുന്നണികള്‍ പഴയപോലെ സജീവമായിരിക്കുന്നു. ഒരുഭാഗത്ത് എന്‍ഡിഎ മുന്നണി. മറുഭാഗത്ത് എല്ലാ പ്രതിപക്ഷ കക്ഷികളും യോജിച്ചുകൊണ്ട് ഇന്‍ഡ്യ മുന്നണി. മോദിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എന്‍ഡിഎ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പ്രത്യയശാസ്ത്രപരമായ നിലപാടില്ലെന്നാണോ? വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് മോദിയുടെ പ്രത്യയശാസ്ത്രം. അതു തെളിഞ്ഞു കഴിഞ്ഞതാണ്. ഭരണകൂട നിയമ നിര്‍മ്മാണങ്ങളും സാംസ്‌കാരികമായ സംഘപരിവാര്‍ ഇടപെടലുകളും മുസ്ലീംവിരുദ്ധതയും ആ പ്രത്യയശാസ്ത്രം വ്യക്തമാക്കുന്നു.
ഇന്ത്യ മുന്നണി ഒരു രാഷ്ട്രമീമാംസയും മുന്നോട്ടുവയ്ക്കുന്നില്ല. എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ മുദ്രാവാക്യം കോണ്‍ഗ്രസ്സ് മുന്നോട്ടുവയ്ക്കുന്നു. ചെറിയ കക്ഷിയുടെ നേതാക്കള്‍ പ്രധാനമന്ത്രിയാകാന്‍ പറ്റുമോ എന്ന ആലോചനയിലാണ്. അവരുടെ പ്രത്യയശാസ്ത്ര വ്യക്തതയില്ലായ്മ വ്യക്തമാകുന്നതാണ്. നിതീഷും മമതാ ബാനര്‍ജിയും പറയുന്നതും പ്രവര്‍ത്തിക്കുന്നതും മറിച്ചല്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുന്നതിനോട് പലര്‍ക്കും വിയോജിപ്പുണ്ട്. ഒരു വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍, പ്രതിപക്ഷത്തിന് വലിയ വില കൊടുക്കേണ്ടി വരും.
രാഹുല്‍ ഗാന്ധി | PHOTO: PTI
രാഷ്ട്രീയത്തിലെ ഈ രണ്ടു ചിത്രങ്ങളും ഒരുകാര്യം വിളിച്ചുപറയുന്നു. പ്രതിപക്ഷം ശിഥിലമാണ് എന്ന ആശയത്തില്‍ ഊന്നിനിന്നുകൊണ്ടായിരിക്കും എന്‍ഡിഎ പ്രയാണം. അതിന് മറുപടി പറയാന്‍ പ്രതിപക്ഷത്തിന് അഥവാ ഇന്‍ഡ്യ മുന്നണിക്കു കഴിയുകയുമില്ല. അതിന്റെ പൊട്ടലും ചീറ്റലുമാണ് ആ ഭാഗത്തുനിന്ന് നാം കേള്‍ക്കുന്നത്. എന്തൊക്കെ പറഞ്ഞാലും മോദിയുടെ ഇമേജില്‍ വളരെയധികം കുറവ് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അത് ബാധിക്കും എന്നുതന്നെയാണ് വിലയിരുത്തലുകള്‍. ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ മോദി സ്വീകരിച്ച സാമ്രാജ്യത്വ നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ആ രാഷ്ട്രീയനീക്കം മോദിയെ പരുക്കേല്പിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഭരണപരമായ പ്രശ്നങ്ങളും ഭരണഘടനാ ലംഘനവും കാശ്മീര്‍ വിഭജനവും മണിപ്പൂര്‍ കലാപവും വടക്കുകിഴക്കന്‍ കുഴപ്പങ്ങളും മോദിക്ക് അനുകൂലമാകില്ല.
ഈ വസ്തുതകള്‍ പുതിയൊരു രാഷ്ട്രീയം രൂപപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു. അതു ഇന്ത്യാ മുന്നണിയില്‍ നിന്നുള്ള കോണ്‍ഗ്രസ്സിന്റെ വിട്ടുപോരലായിരിക്കും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിക്കനുകൂലമായ സ്ഥിതിവിശേഷവും സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. മിക്കതും പ്രാദേശികമായിട്ടാണ്. പ്രാദേശിക വികാരത്തെ മുന്നണിയില്‍ കെട്ടിയിട്ട് ശിഥിലമാക്കണോ എന്ന് കോണ്‍ഗ്രസ്സ് ആലോചിക്കണം. അതിന് ധാരാളം സമയമുണ്ട്. കോണ്‍ഗ്രസ്സ് രൂപപ്പെടുത്താനിടയുള്ള ആ രാഷ്ട്രീയ ചിത്രമായിരിക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നാണെന്റെ പക്ഷം.
നരേന്ദ്ര മോദി | PHOTO: PTI
അതേസമയം, രൂപപ്പെട്ടു വരുന്ന രാഷ്ട്രീയം നാം കാണാതിരുന്നുകൂടാ. അതിന്റെ നേതൃത്വം ലഭിച്ചാല്‍ കൊള്ളാമെന്നാഗ്രഹിക്കുന്ന പാര്‍ട്ടി സിപിഎം ആണ്. ഇന്ന് സിപിഎം കേരളത്തില്‍ ഒതുങ്ങിനില്ക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയാണ്. ദേശീയ ഭാവം നഷ്ടപ്പെട്ടു. എങ്കിലും അവര്‍ ആഗ്രഹിക്കുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍. ബിജെപിക്കെതിരാണ് എന്ന് വരുത്തുകയും സന്ദര്‍ഭം കിട്ടുമ്പോള്‍ എല്ലാം കോംപ്രമൈസ് ചെയ്യുന്നതായി ബോധ്യപ്പെടുത്തുകയുമാണ്. പ്രാദേശികതലത്തിലാണ് ഈ രീതി കാണുന്നത്. കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം ബിജെപിയുമായി വല്ലാതെ കൈകോര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അഴിമതി അന്വേഷിക്കാതിരിക്കുന്നു.
സിപിഎം ആലോചിക്കുന്ന രാഷ്ട്രീയം ബിജെപി ആലോചിക്കുന്ന രാഷ്ട്രീയം തന്നെയാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക. അതുകൊണ്ടാണ് ഇന്‍ഡ്യ മുന്നണിയില്‍ ചേരാതെ നില്ക്കുന്നത്. രാഷ്ട്രീയം പറയുമ്പോള്‍ ഇന്‍ഡ്യ മുന്നണി എന്ന് വാചാലമാകും. എന്റെ കാഴ്ചപ്പാടില്‍ ബിജെപി യെ രഹസ്യമായി സഹായിക്കുന്ന പ്രധാനകക്ഷി സിപിഎം ആണ്. പ്രതിപക്ഷ തെരഞ്ഞെടുപ്പ് ചിത്രം ഇവര്‍ മാറ്റി മറിച്ചേക്കും.
ഈ നിലയ്ക്ക് നോക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി എന്ന് പറയാനാവില്ല. നേതാക്കള്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. മോദിയെന്നല്ലാതെ മറ്റൊന്നും പറയാനില്ലാതെ സംഘ പരിവാര്‍ വിയര്‍ക്കുന്നു. പ്രതിപക്ഷത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ലഭിക്കാതെ ബിജെപി രാഷ്ട്രീയം മുന്നോട്ടുപോകയുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് ഇന്ത്യയിലെ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയാണ്. എന്നാല്‍ മമത ബാനര്‍ജി ഒരു തടസ്സമാണ്. ഈ കൂട്ടായ്മ തെരഞ്ഞെടുപ്പിന് മുന്‍പ് ആഗ്രഹിച്ച മറ്റു ചില കക്ഷികള്‍ കൂടിയുണ്ട്. ഇന്ത്യാ മുന്നണിയുടെ രൂപീകരണം പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി എന്ന ആശയത്തെ നിഷ്പ്രഭമാക്കി. കോണ്‍ഗ്രസ്സിനല്ലാതെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കാന്‍ കഴിയില്ലെന്ന് വന്നിരിക്കുന്നു.