ഈ പോരാട്ടം സാംസ്‌കാരികവും ധാര്‍മികവുമാണ്
2024 ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി, ജനുവരി 22 ന് അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപനത്തിന്റെ വൈദിക ചടങ്ങുകള്‍ നിര്‍വഹിക്കുവാന്‍, സകലമാന ഇന്ത്യക്കാര്‍ക്കുംവേണ്ടി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്നെയാണ്. അതിനായി ഞാന്‍ പതിനൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ ആചരിക്കുകയാണ്. ആചരണത്തിന്റെ ഭാഗമായി ഞാന്‍ ഗീതയിലെ യമനിയമങ്ങള്‍ പാലിക്കുന്നു- അഹിംസ, സത്യസന്ധത, ബ്രഹ്‌മചര്യം, അനാസക്തി, മോഷ്ടിക്കാതിരിക്കല്‍, ആന്തരിക-ബാഹ്യ ശുചിത്വം, സംതൃപ്തി, തപസ്സ്, ദൈവീകതയ്ക്കു കീഴടങ്ങല്‍. വനവാസകാലത്ത് രാമഭഗവാന്റെയും സീതാദേവിയുടെയും ജീവിതസ്ഥലിയായ നാസിക്കിലെ പഞ്ചവടിയില്‍ സന്ദര്‍ശനം നടത്തി. ഇതിനെല്ലാം ഇന്ത്യക്കാര്‍ അനുഗ്രഹിക്കണം. രാജ്യത്തുടനീളം പതിനായിരത്തോളം കിലോമീറ്റര്‍ രഥയാത്ര ചെയ്ത് ബാബറി പള്ളിയെ നിലംപരിശാക്കി അയോധ്യക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കിയ ലാല്‍കൃഷ്ണ അദ്വാനി ആര്‍എസ്എസിന്റെ 'രാഷ്ട്ര ധര്‍മ്മ'ത്തില്‍ രാമഭഗവാന്‍ രാമരഥയാത്രയുടെ സാരഥിയായി നിയോഗിച്ചത് മോദിയെയാണ്, അതിനാല്‍ അദ്ദേഹം തന്നെയാണ് പ്രതിഷ്ഠാപനത്തിന്റെയും മുഖ്യകാര്‍മികന്‍.
ശ്രീരാമന്റെ പുതിയ അവതാരമായി അദ്വാനിയും സ്വയമേവയും മോദിതന്നെ ഉയര്‍ത്തുമ്പോള്‍ അയോധ്യയിലൂടെ ഇന്ത്യയുടെ പുതിയ രാമനായി, ദൈവമായി തന്നെ ഉയര്‍ത്തുക മാത്രമല്ല; ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ബെല്‍റ്റിലെ ജനങ്ങളില്‍ സാധാരണ ജനങ്ങളുടെ വികാരമായ ശ്രീരാമനെ പ്രതിഷ്ഠിക്കുന്നുമുണ്ട്. അയോധ്യയെ ഹിന്ദുവിന്റെ വിശുദ്ധ നഗരമാക്കി ക്രിസ്ത്യാനികളുടെ ജെറുസലേം, മുസ്ലീമുകളുടെ മക്ക എന്നിവയ്‌ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഒരു മതം (ഹിന്ദുമതം), ഒരു ദൈവം (ശ്രീരാമന്‍) എന്ന സെമിറ്റിക് മൂശയിലേക്ക് ഹിന്ദുത്വ, മോദി (മോദിയിസം) എന്നിവ മാറ്റുകയുമാണ്. 2014 ല്‍ ഒറ്റയ്ക്ക് ബിജെപി-ആര്‍എസ്എസ് ഭൂരിപക്ഷംകിട്ടി, ആദ്യമായി പാര്‍ലമെന്റില്‍ കാലെടുത്തുവച്ച ദിവസം പ്രതീകാത്മകമായി ഗാന്ധിയുടെയും ആശയപരമായി വി.ഡി സവര്‍ക്കറുടെയും ഫോട്ടോകള്‍ക്ക് മുമ്പില്‍ തൊഴുതുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞത് 1200 കൊല്ലത്തെ ഹിന്ദുവിന്റെ നേരെയുള്ള അപമാനത്തിനും അപകര്‍ഷതയ്ക്കും കണക്കുതീര്‍ക്കുന്നുവെന്നാണ്. അതോടെ ഒരു ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ പ്രായോഗികമാറ്റം ആരംഭിച്ചിരുന്നു. ഹിന്ദുമതത്തെ ഹിന്ദുത്വയെന്ന വരണ്ട ആശയസംഹിതയാക്കി മാറ്റി, ഒരു നൂറ്റാണ്ടിന്റെ ചതി, വഞ്ചന, ഇരട്ടത്താപ്പ്, അക്രമപരമ്പരകള്‍ എന്നിവയിലൂടെ ഇന്ത്യയുടെ ഔദ്യോഗിക മതമാക്കി രൂപപ്പെടുത്തുകയാണ്. ഇതിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയകക്ഷികള്‍, നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍, വന്‍കിട കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍ എന്നിവര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ അപരരും, ശത്രുക്കളുമാക്കി മാറ്റിയ ഈ പ്രക്രിയ ജര്‍മനിയിലെ നാസിസത്തിന്റെ ഒരു പതിപ്പായി വിലയിരുത്തപ്പെടാറുണ്ടെങ്കിലും അത് ഭാഗികമായേ ശരിയാകുന്നുള്ളൂ. നാസിസത്തിന് ജര്‍മനിയില്‍ പന്ത്രണ്ടുകൊല്ലത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയില്‍ ഇത് അങ്ങനെയായിരിക്കണമെന്നില്ല. കാരണം നൂറുകൊല്ലംകൊണ്ട് ആര്‍എസ്എസ്സ്, ഹിന്ദുമഹാസഭ, തുടര്‍ന്ന് വിശ്വഹിന്ദുപരിഷത്ത്, ബിജെപി തുടങ്ങിയ സംഘപരിവാര്‍ ശക്തികള്‍, നിരന്തരം നുണപ്രചരണങ്ങളിലൂടെയും വ്യാജപ്രതീക നിര്‍മിതികളിലൂടെയും, ഒരു മഹാനുണയിലൂടെ ഉണ്ടാക്കിയെടുത്ത ഹിന്ദുത്വരാഷ്ട്രീയം പ്രത്യേകിച്ചും ഹിന്ദി ബെല്‍റ്റില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ജനവികാരത്തെ തെക്കേ ഇന്ത്യന്‍, വടക്ക് കിഴക്കന്‍ പ്രവിശ്യകളിലെ ജനവികാരവുമായി താരതമ്യപ്പെടുത്താനാവില്ല. സവര്‍ക്കറിന്റെ ഹിന്ദുമഹാസഭയും (ഒപ്പം ആര്‍എസ്എസ്സും) ജിന്നയുടെ മുസ്ലീംലീഗും കൂടിയാണ് ഇന്ത്യയുടെ വിഭജനവും തുടര്‍ന്നുള്ള ജനലക്ഷങ്ങളുടെ കൈമാറ്റവും ചരിത്രയാഥാര്‍ത്ഥ്യമാണെങ്കിലും അക്കാലത്തുണ്ടായ കൂട്ടക്കൊലകളുടെയും ചോരപ്പുഴകളുടെയും ഓര്‍മകള്‍ ഇന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാക്കിനില്‍ക്കുന്നുണ്ട്. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് ഭരണങ്ങള്‍ക്ക് (നെഹ്‌റുവിനെ വേണമെങ്കില്‍ ഒഴിച്ചുനിര്‍ത്താം) ഈ വിഭജന സൈക്കിനെ ഇല്ലാതാക്കി ഹിന്ദു-മുസ്ലീം ഒരുമയുടെ മഹാധാരയിലേക്ക് കൊണ്ടുവരാനായില്ല. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി ബിജെപി-ആര്‍എസ്എസ് ഈ വിഭജന സൈക്കിനെ, മുറിവുകളെ, ഉണര്‍ത്തി അതില്‍ ഉപ്പും മുളകും വിതറി ഹിന്ദു-മുസ്ലീം ധ്രുവീകരണമായി മാറ്റിയെടുത്തു.
REPRESENTATIVE IMAGE | WIKI COMMONS
മോദിയിസം (ബിജെപി-ആര്‍എസ്എസിന്റെ ബാഹ്യരൂപം) കെട്ടിയുയര്‍ത്തിയ അയോധ്യയിലെ ശൈശവ രാമന്റെ ക്ഷേത്രം, അവരുടെ രാമന്‍ എന്ന പ്രതീകം ഒരു രാഷ്ട്രീയ രാമനാണ് എന്ന് ഹിന്ദുക്കളെ, യഥാര്‍ത്ഥ രാമഭക്തരെ ബോധ്യപ്പെടുത്താന്‍ മോദിയിസത്തിന് എതിരുനില്‍ക്കുന്നവര്‍ക്ക് സാധിക്കുന്നില്ല. ഹിന്ദുത്വയ്ക്ക് ആരംഭംകുറിച്ച 19-ാം നൂറ്റാണ്ടിലെ ഹൈന്ദവ പരിഷ്‌കരണ പ്രസ്ഥാനങ്ങളോ ആര്‍എസ്എസോ, ഹിന്ദുമഹാസഭയോ 1990 വരെയും രാമനെപ്പറ്റി ഒന്നും പറയുന്നില്ല. 1969 ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മുസ്ലീം കലാപത്തില്‍ 2000 ത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. മുസ്ലീം ദര്‍ഗകളും ശവകുടീരങ്ങളും തകര്‍ക്കപ്പെട്ടു. തല്‍സ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രങ്ങളുണ്ടായി. 1969 ല്‍ ദര്‍ഗകളും ശവകുടീരങ്ങളും തകര്‍ത്തത് സാമൂഹ്യവിരുദ്ധരെന്ന് വിശേഷിപ്പിക്കാവുന്ന വര്‍ഗീയവാദികളാണ്. 1990 ഒക്‌ടോബര്‍ 30 ന് അയോധ്യയില്‍ ആര്‍എസ്എസ് -വിഎച്ച്പി-എബിവിപി - ബജ്‌റംഗ്ദള്‍- ബിജെപി യിലെ മൂവായിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ ഒത്തുകൂടി. രാമന്റെ ഒരേയൊരു ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കുന്ന ബാബറി പള്ളി സ്ഥിതിചെയ്തിരുന്ന സ്ഥലം വിമോചിപ്പിക്കാന്‍ ആഹ്വാനം നല്‍കി. അതോടെയാണ് അയോധ്യയും രാമനും ഹിന്ദുത്വയുടെ ഭാഗമാകുന്നത്. സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര പ്രഖ്യാപിച്ചത് ബിജെപി സെക്രട്ടറിയായിരുന്ന മോദിയാണ്. പിന്നീട് ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ മധ്യവര്‍ഗികള്‍ മുസ്ലീം ദര്‍ഗകളും മറ്റും തകര്‍ത്ത് ചെറിയ രാമക്ഷേത്രങ്ങള്‍ പണിതു. ഇതു വലിയ ചുവടുമാറ്റമാണ്. അതാണ് അദ്വാനി പറഞ്ഞത് മോദിയാണ് പുതിയകാല രാമനെന്ന്. ഇവരുടേത് വെറും അധികാരം, വോട്ട്, അധികാരത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് കച്ചവടം ചെയ്യാനുള്ള വോട്ട്, അധികാരത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് കച്ചവടം ചെയ്യാനുള്ള അവസരങ്ങള്‍, ഇന്ത്യയുടെ വിഭവങ്ങള്‍ അവര്‍ക്ക് കയ്യൊഴിയല്‍, ദരിദ്രര്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെ കുടിയിറക്കല്‍- ഇവയ്ക്കായി ഉപയോഗിക്കപ്പെടുന്നത് രാമനാണെന്ന് യഥാര്‍ത്ഥ രാമഭക്തരെ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലും മതസഹിഷ്ണുതയിലും വൈവിധ്യങ്ങളിലും ബഹുസ്വരതയിലും പരസ്പരസംവാദങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് കഴിയണം, അവര്‍ രാഷ്ട്രീയക്കാരായാലും, ബുദ്ധിജീവികളായാലും, എഴുത്തുകാരായാലും, ചരിത്രകാരന്മാരായാലും...
1928 മാര്‍ച്ച് 30 ലെ യങ് ഇന്ത്യയില്‍ രാമഭക്തനായ ഗാന്ധി: 'നമ്മള്‍ പറയുന്ന രാമന്‍ വാല്മീകിയുടെയോ ഇങ്ങേയറ്റം തുളസി (ദാസ്) യുടെയോ, രാമനല്ല... ഈ രാമന്‍ ദശരഥ പുത്രനോ സീതാപതിയോ അല്ല... വാസ്തവത്തില്‍, ഈ രാമന്‍ ശരീരമുള്ളവനല്ല. ഏതോ വര്‍ഷത്തില്‍... ചൈത്രമാസത്തില്‍ ഒമ്പതാംനാളില്‍ ജനിച്ച രാമനല്ല ഇത്. അദ്ദേഹം ജന്മരഹിതനാണ്. അദ്ദേഹം സ്രഷ്ടാവാണ്. പ്രപഞ്ചനാഥനാണ്'. വീണ്ടും 1929 സെപ്തംബര്‍ 10 ലെ യങ് ഇന്ത്യയില്‍ ഗാന്ധി: 'രാമരാജ്യംകൊണ്ട് ഞാനര്‍ത്ഥമാക്കുന്നത് ഒരു ഹിന്ദുരാജ്യമല്ല. അത് ദിവ്യമായ ഭരണമാണ്. ദൈവത്തിന്റെ രാജ്യം. എനിക്ക് രാമനും റഹീമും ഒരേ ദിവ്യത്വത്തിന്റെ ഭാഗമാണ്. സത്യവും ധര്‍മവുമല്ലാതെ മറ്റൊരു ദൈവത്തെയും ഞാന്‍ തിരിച്ചറിയുന്നില്ല'.
ഇന്ത്യയ്ക്ക് രാമക്ഷേത്രങ്ങളും ക്ഷേത്രപുനഃരുദ്ധാരണങ്ങളുമല്ല വേണ്ടത്. അതുപോലെത്തന്നെ ക്രൈസ്തവ-മുസ്ലീം ആരാധനാലയങ്ങളോ, അല്ല. യുവാക്കള്‍ക്കു തൊഴില്‍, ഹിന്ദു മുസ്ലീം മൈത്രി, സാമൂഹ്യനീതി, പാരിസ്ഥിതിക ആരോഗ്യം, ജനാധിപത്യാവകാശങ്ങള്‍, ചെറുകിട വ്യവസായങ്ങളുടെ ഉന്നമനം, ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് ജീവിതസുരക്ഷ, ആവിഷ്‌ക്കാരസ്വാതന്ത്ര്യം, മണിപ്പൂര്‍-നൂഹ് എന്നിവിടങ്ങളില്‍ ശാന്തി, മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അന്തരീക്ഷം, കര്‍ഷകരുടെ ഉല്പന്നങ്ങള്‍ സ്വതന്ത്രമായി വിറ്റഴിക്കാനുള്ള വിപണി, വിത്ത് വളം കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ ലഭ്യത, ജലസേചന സൗകര്യങ്ങള്‍, അതിര്‍ത്തി രാജ്യങ്ങളും വിദേശരാജ്യങ്ങളുമായ സൗഹാര്‍ദം, കേന്ദ്ര ഏജന്‍സികളുടെ നിക്ഷ്പക്ഷത, നാട്ടറിവുകളും ആധുനിക ശാസ്ത്രസാങ്കേതികതയുമായിട്ടുള്ള സംവാദത്തിലൂടെ കൈവേലക്കാര്‍ നാടന്‍ ശില്പികള്‍ തുടങ്ങിയവരുടെ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തല്‍, അദാനി-അംബാനി തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കല്‍, കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കല്‍, ഭരണഘടനയെ സുശക്തമാക്കി പാര്‍ലമെന്റ്-അസംബ്ലി എന്നീ നിയമനിര്‍മ്മാണ സഭകളില്‍ ജനകീയ നിയമങ്ങള്‍ ചര്‍ച്ചയിലൂടെ പാസാക്കല്‍, ഗ്രാമസഭകളുടെ പുനഃരുജ്ജീവനം, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ളം- പാര്‍പ്പിടം- ശൗചാലയം, ശുചിത്വം എന്നിവ ദരിദ്രജനവിഭാഗങ്ങളില്‍ പൂര്‍ണമായി നടപ്പാക്കല്‍, എല്ലാ വിദ്യാഭ്യാസ മേഖലകളെയും സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിക്കല്‍... എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു ജനാധിപത്യ ജനകീയ ബദലിന് പ്രതിപക്ഷകക്ഷികളും സന്നദ്ധസംഘങ്ങളും ചെറിയ ഗ്രൂപ്പുകളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമേ, ഒരു ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനാവൂ.
രാമക്ഷേത്രം | PHOTO: WIKI COMMONS
മതം, വിശ്വാസം തുടങ്ങിയവ വ്യക്തിയില്‍ നിന്നും ചോര്‍ത്തെടുത്ത് പ്രധാനമന്ത്രിയെയോ സംഘപരിവാറിനെയോ ഏല്പിക്കുന്നത് അപകടകരമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. അതുപോലെത്തന്നെ, പൗരനെന്ന നിലയില്‍ തങ്ങളിലുള്ള മറ്റ് മേഖലകളിലെ അധികാരങ്ങളും. ഇത് വെറും ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയില്ല. നീണ്ട ഒരു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. തീര്‍ച്ചയായും, 2024 ലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. മോദിയിസവും ആര്‍എസ്എസ്-ബിജെപി സംഘപരിവാറിസവും ചേര്‍ന്ന് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാനത്തെ മൂല്യം ചോര്‍ത്തിക്കളയും, അവര്‍ അധികാരത്തിലെത്തുകയാണെങ്കില്‍. പ്രതിപക്ഷമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍പോലും അത് എപ്രകാരം സംഘപരിവാര്‍ പ്രസിഡന്റിനെയും, ഇലക്ഷന്‍ കമ്മീഷന്‍, സുപ്രീംകോടതി എന്നിവ ഉപയോഗിച്ചു അട്ടിമറിക്കുമെന്ന് പറയാനാവില്ല. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംഘപരിവാര്‍ നോമിനിയായതിനാല്‍ തിരഞ്ഞെടുപ്പുപോലും എത്രമാത്രം സ്വതന്ത്രമാകും?
ജനാധിപത്യവിരുദ്ധ വര്‍ഗീയ ശക്തികളെ നമുക്ക് പ്രതിരോധിക്കാനോ തോല്‍പിക്കാനോ ആവില്ലെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യന്‍ മധ്യവര്‍ഗികളും ഒരുവിഭാഗം സ്ത്രീകളും മോദിയിസത്തിന്റെ പൗരുഷലിബിഡിയോയില്‍ ആകൃഷ്ടരാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇന്ത്യയുടെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സത്യം, നീതി, ധാര്‍മികത, ദൈവീകത എന്നിവയില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ കോടിക്കണക്കിന് മനുഷ്യരുണ്ട്. അവരെ മോദിയിസത്തില്‍നിന്നും പരിവാറിസത്തില്‍ നിന്നും വിടര്‍ത്തിയെടുക്കാന്‍ അവരുടെ മുമ്പില്‍ വസ്തുതകള്‍ നിക്ഷ്പക്ഷമായി, ആത്മവിമര്‍ശന ബുദ്ധ്യാ അവതരിപ്പിക്കാന്‍ കഴിയണം. ഈ പോരാട്ടം സാംസ്‌കാരികമായതാണ്. ധാര്‍മികമായത്. ഇന്നല്ലെങ്കില്‍ നാളെ അത് വിജയിക്കുക തന്നെ ചെയ്യും. ക്ഷമ, സഹിഷ്ണുത, ധാര്‍മികത, മൈത്രി, കരുണ, നീതി ഇവയില്‍ ഊന്നുന്ന ഏത് ചെറിയ പ്രവര്‍ത്തനവും അതിലേക്കുള്ള ഒറ്റയടിപ്പാതയാണ്. ഇവിടെയാണ് ഗാന്ധി-അംബേദ്കര്‍-ബുദ്ധന്‍ എന്നിവരുടെ പ്രസക്തി.