ഇന്ത്യന്‍ രാഷ്ട്രീയം ഹിന്ദുത്വയെ മറികടക്കുമോ?
പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് നേര്‍മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍, മോദി ഭരണത്തിനെതിരായ തരംഗങ്ങളൊന്നും ദേശീയ രാഷ്ട്രീയത്തില്‍ ദൃശ്യമല്ല. അദൃശ്യമായ അടിയൊഴുക്കുകള്‍ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ അന്തര്‍ഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കരുതാന്‍ തക്കവണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു കരിങ്കൊടിപോലും എവിടെയും ഉയര്‍ന്ന് കാണുന്നില്ല. ഉത്തരേന്ത്യയില്‍ വിശിഷ്യാ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ഷക പ്രക്ഷോഭം വീണ്ടും സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ടെന്നുള്ളത് മാത്രമാണ് ഇതിനൊരപവാദം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാരംഭിച്ച് മധ്യപ്രദേശില്‍ സമാപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര മാത്രമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന 'ഭീഷണി'. ഭാരത് ജോഡോ നീതി യാത്ര പതിനഞ്ച് സംസ്ഥാനങ്ങളില്‍ വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെ നടത്തിയ പ്രചരണങ്ങള്‍ വോട്ടായി മാറുമോ എന്ന് ബാലറ്റുപെട്ടി തുറന്നാലേ പറയാനാവൂ. ബിജെപി യുടെ ശക്തികേന്ദ്രങ്ങളായ ഹിന്ദി ബെല്‍ട്ടിനെ അഹിന്ദി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് - കോണ്‍ഗ്രസിതര കക്ഷികളുടെ പിന്‍ബലംകൊണ്ട് പ്രതിരോധിക്കുകയെന്ന തന്ത്രമാണ് രാഹുല്‍ ഗാന്ധി പരീക്ഷിച്ച് നോക്കുന്നത്. മഹാരാഷ്ട്ര മുതല്‍ കേരളം വരെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം ലോക്സഭാ സീറ്റുകളില്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുപിടിച്ചാല്‍ ബിജെപിക്ക് നിവര്‍ന്നു നില്‍ക്കാനാവില്ല. പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനിപ്പോഴും പൊരുതാനുള്ള ശേഷിയുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം കോണ്‍ഗ്രസ് ശക്തമാണെങ്കിലും പാര്‍ട്ടികളുടെ കടിഞ്ഞാണ്‍ അധികാര മോഹികളുടെ കൈയ്യിലാണ്. കേന്ദ്ര ഭരണത്തെക്കാള്‍ സംസ്ഥാന ഭരണത്തിലാണ് അവര്‍ക്ക് നോട്ടം. രാഹുലിന്റെ അടവുകളെ മോദി ഭയപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയാണ്. വടക്കേ ഇന്ത്യയ്ക്കും തെക്കേ ഇന്ത്യയ്ക്കുമിടയില്‍ വിഭജനവും വിവേചനവും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവന ഈ ഭയപ്പാടിന്റെ പ്രത്യക്ഷ ലക്ഷണമാണ്. എങ്കിലും അയോധ്യയിലെ രാമക്ഷേത്രവും കോണ്‍ഗ്രസിലെയും മറ്റു പ്രതിപക്ഷ കക്ഷികളിലെയും അധികാര മോഹികളായ 'പള്‍ട്ടുരാമന്മാരും' (മറുകണ്ടം ചാടുന്നവര്‍) ബിജെപിക്ക് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ശങ്കരാചാര്യന്മാരുടെ ആത്മീയ രാമനും മോദിയുടെ രാഷ്ട്രീയ രാമനും തമ്മിലുള്ള രാമ-രാമ യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം എന്ത് സംഭവിക്കുമെന്നോ അതെങ്ങനെ പര്യവസാനിക്കുമെന്നോ പറയാനാവില്ല. കാരണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പേരിലല്ല മറിച്ച് ഹിന്ദുരാഷ്ട്രം വന്നാല്‍ ആരാണ് പരമാധികാരിയെന്നതിനെ ചൊല്ലിയാണ് ഇവര്‍ക്കിടയില്‍ വൈരുധ്യം പൊട്ടിപ്പുറപ്പെട്ടത്. പ്രതിപക്ഷങ്ങള്‍ക്കതെങ്ങനെ മുതലാക്കാനാവുമെന്ന് കണ്ടറിയണം. പ്രതിപക്ഷ ഐക്യമുന്നണിയിപ്പോള്‍ തുഴപോയ വഞ്ചിപോലെ ഒഴുക്കുള്ളിടത്തുമാത്രം മുന്നോട്ടുനീങ്ങുന്ന അവസ്ഥയിലാണുള്ളത്.
ഇടതുപക്ഷ കക്ഷികളില്‍ പുതിയ രാസമാറ്റങ്ങള്‍ വല്ലതും സംഭവിച്ചതായി അനുഭവപ്പെടുന്നില്ല. 2014 ല്‍ ജോലിയില്‍ നിന്ന് വിരമിച്ച രാഷ്ട്രീയ അധ്യാപകരെപോലെ കാരാട്ടും യെച്ചൂരിയും പ്രതിപക്ഷ ഐക്യനിരയില്‍ ആദരണീയ സ്ഥാനത്തുണ്ട് എന്നതൊഴിച്ചാല്‍ ഇടതുപക്ഷ രാഷ്ട്രീയവും നിലപാടുകളും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമല്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ കളിതുടങ്ങുന്നതിനു മുമ്പുള്ള രാഷ്ട്രീയ സ്ഥിതിവിശേഷമിതാണ്. ബിജെപി വിരുദ്ധ ശക്തികള്‍ക്കിടയില്‍ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഏകോപനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയാണെങ്കില്‍ ഒരു പക്ഷേ മോദി ഭരണത്തിന്റെ അവസാനത്തെ ഊഴമായിരിക്കും പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ്. അതല്ല, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചപോലെ പ്രതിപക്ഷ ഐക്യം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസിലെ അധികാര മോഹികള്‍ വിജയിക്കുകയാണെങ്കില്‍ അത് മോദി ഭരണത്തിന് ഒരു മൂന്നാമൂഴം സമ്മാനിക്കുമെന്നത് തീര്‍ച്ചയാണ്.
നരേന്ദ്ര മോദി | PHOTO: FACEBOOK
മോദിക്ക് (ബിജെപിക്ക്) തുടര്‍ഭരണം ലഭിച്ചാല്‍ ഭരണഘടനാ ജനാധിപത്യത്തിന് എന്ത് സംഭവിക്കും എന്ന ആശങ്കയാണ് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്ന മറ്റൊരു ഘടകം. പൊതുവില്‍ നോക്കിയാല്‍ ഭരണഘടന ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവരിലധികവും മധ്യവര്‍ഗങ്ങളാണ്. കാരണം അവരാണ് ജനാധിപത്യസമ്പ്രദായത്തിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളിലെ പ്രധാന വിഭാഗം. മധ്യവര്‍ഗമെന്ന് പറഞ്ഞാല്‍, പരോക്ഷാധ്വാനത്തില്‍ ഏര്‍പ്പെടുന്ന ബുദ്ധിജീവി വര്‍ഗത്തില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമല്ല, മധ്യവര്‍ഗവത്കരിക്കപ്പെട്ട സംഘടിത തൊഴിലാളി വര്‍ഗം, ജാതി, മത ന്യൂനപക്ഷങ്ങളിലെ ധൈഷണിക വിഭാഗങ്ങള്‍ എന്നിവരെല്ലാമടങ്ങിയ പ്രിവിലേജ്ഡ് ക്ലാസ്സിനേയും അതിലുള്‍പ്പെടുത്താവുന്നതാണ്. അധികാരപങ്കാളിത്തമില്ലെങ്കിലും അവകാശമുള്ളവര്‍, അഥവാ അവകാശ ബോധമുള്ളവര്‍, അധികാരവും അവകാശങ്ങളുമില്ലാത്തവര്‍ എന്ന തരത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ത്തന്നെ ഒരു തട്ട് വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ആദ്യത്തെ വിഭാഗത്തിനിടയിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വ്യാകുലതകള്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത്. മധ്യവര്‍ഗങ്ങളെല്ലാം ബിജെപിയുടെ തുടര്‍ഭരണത്തെക്കുറിച്ച് ആശങ്കാകുലരാണ് എന്നതിനര്‍ത്ഥമില്ല. വാസ്തവത്തില്‍, നഗരങ്ങളിലെ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ നല്ലൊരുവിഭാഗമിപ്പോഴും ബിജെപ്പിക്കൊപ്പമാണ് എന്ന് കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുകയുണ്ടായി.
അവകാശബോധം രാഷ്ട്രീയ ബോധമായി പരിവര്‍ത്തിക്കപ്പെടാതിരിക്കുമ്പോള്‍ അത് സങ്കുചിത താല്‍പ്പര്യങ്ങളില്‍ നങ്കൂരമിടുകയും ഭരണവര്‍ഗങ്ങളുടെ ആനുകൂല്യങ്ങളെ ആശ്രയിച്ചു നില്‍ക്കുകയും ചെയ്യും. ഹിന്ദുത്വ രാഷ്ട്രീയം നഗരങ്ങളിലെ മധ്യവര്‍ഗങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളെ മതതാല്‍പ്പര്യങ്ങളുമായി പരിലയിപ്പിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. അതേസമയം ഭരണഘടനാ ജനാധിപത്യ വാദികളായ മധ്യവര്‍ഗങ്ങളിലെ പുരോഗമനപക്ഷത്തിന് അധികാരവും അവകാശങ്ങളുമില്ലാത്ത കീഴാള വിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നങ്ങളുമായി കണ്ണിചേര്‍ക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ മോദി ഭരണത്തിലെ ഏറ്റവും ഭീതിതമായ ചില രംഗങ്ങള്‍ ഒത്തുനോക്കിയാല്‍ ഇത് ബോധ്യമാകും. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ട കോടാനുകോടി കീഴാള തൊഴിലാളികളുടെ അതിജീവന പ്രശ്‌നം സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ കണ്ണില്‍ ഒരു ദേശീയ പ്രശ്‌നമായി ഉയര്‍ന്നുവരാതിരുന്നതെന്തുകൊണ്ട് ? യുപിയിലും മധ്യപ്രദേശിലും കര്‍ഷക പ്രക്ഷോഭകരെ വെടിവച്ച് കൊന്നപ്പോള്‍ ജനാധിപത്യബോധം തണുത്തുറഞ്ഞുപോയതെന്തുകൊണ്ട് ? ദളിതരും ന്യൂനപക്ഷങ്ങളും സംഘ് പരിവാറിന്റെ കൊലക്കത്തിക്കിരകളാക്കപ്പെടുമ്പോള്‍ ജനാധിപത്യബോധം സമരാവേശംകൊണ്ട് തിളച്ചുമറിയാതിരിക്കുന്നതെന്തുകൊണ്ട് ? ഇങ്ങനെ ഉത്തരംകിട്ടാതെ കിടക്കുന്ന ചോദ്യങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുന്നത് തടയാന്‍ ഒരു തെരഞ്ഞെടുപ്പുകൊണ്ടോ അതിന്റെ ജനാധിപത്യത്തിനനുകൂലമോ പ്രതികൂലമോ ആയി ഭവിക്കാനിടയുള്ള ഫലങ്ങള്‍ക്കോ സാധിക്കുമോ എന്നതാണ് ഇന്ത്യന്‍ ജനത ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.
മോദി ഭരണം അവസാനിച്ചാല്‍പോലും പത്തുവര്‍ഷക്കാലംകൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ സംഭവിച്ച തകരാറുകള്‍ തിരുത്താന്‍ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും കക്ഷികള്‍ക്കോ സാധിക്കുമോ എന്നതാണ് അടിസ്ഥാന പ്രശ്‌നം. മോദി ഭരണം ഇന്ത്യാ രാജ്യത്തിന്റെ അര്‍ത്ഥ വ്യവസ്ഥയെ മാത്രമല്ല ജനാധിപത്യാധികാരവും ജനങ്ങളും തമ്മിലുള്ള അധികാര ബന്ധത്തേയും മാറ്റിമറിച്ചിട്ടുണ്ട്. ഹിന്ദുത്വയെന്നാല്‍ അതൊരു മതസങ്കല്‍പ്പമോ വംശസങ്കല്‍പ്പമോ അല്ല; മറിച്ച് അധികാര ഭക്തിയിലധിഷ്ഠിതമായ രാഷ്ട്രസങ്കല്‍പ്പമാണ്. മത ഭക്തിയെ അധികാര ഭക്തിയുടെ കാവലാളാക്കുന്ന ഭരണകലയാണത്. സാധാരണക്കാരുടെ അതിജീവനം നിരന്തരം അപകടപ്പെട്ടുകൊണ്ടിരുന്നപ്പോഴും ജനകീയ പ്രക്ഷോഭങ്ങളുയര്‍ത്തിക്കൊണ്ടുവരാന്‍ ഈ രാജ്യത്താളുണ്ടായില്ല എന്നിടത്താണ് മോദി ഭരണം വിജയിച്ച് നില്‍ക്കുന്നത്. ഇന്ത്യന്‍ മധ്യവര്‍ഗങ്ങള്‍ ഭരണഘടനാ വാദത്തില്‍ തളച്ചിടപ്പെട്ടുവെന്ന് കരുതേണ്ടി വരും. ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരാത്തിടത്ത് അധികാരം അധിവേഗം ഭക്തിയുടെ, അഥവാ നിരുപാധികമായ കീഴടക്കലിന്റെ ഉപകരണമായി തീരുന്നത് സ്വാഭാവികമാണ്. ഹിന്ദുത്വയെ അതിജീവിക്കാന്‍ ഒരു തെരഞ്ഞെടുപ്പ് വിജയം മാത്രം മതിയാകില്ല; ജനകീയ പ്രക്ഷോഭങ്ങളുടെ ഒരു നീണ്ടകാലഘട്ടം തന്നെ അതിന് വേണ്ടിവരുമെന്നാണ് വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.