TMJ
searchnav-menu
post-thumbnail

Politics Beyond 2024

മോദിയുടെ മൂന്നാമൂഴം പ്രതിരോധിക്കപ്പെടുമോ?

28 Feb 2024   |   5 min Read
വിവേക് ജേക്കബ് എബ്രഹാം

മ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും സാമൂഹികനീതി പുലരുന്ന ക്ഷേമരാഷ്ട്രം എന്ന സ്വപ്നം നാളിതുവരെ സാക്ഷാത്കരിക്കാനായിട്ടില്ല. എന്നുമാത്രമല്ല, മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും പരമാധികാരവും മതേതരത്വവും സോഷ്യലിസവും തുല്യനീതിയും നാള്‍ക്കുനാള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഭരണകൂടങ്ങള്‍തന്നെ അട്ടിമറിക്കുന്ന ദുരവസ്ഥയാണ് രാജ്യം നേരിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടന ഇന്ന് കടുത്ത ഭീഷണി നേരിടുകയാണ്. രാഷ്ട്രനന്മയും പൗരക്ഷേമവും വിഭാവനം ചെയ്യുന്ന ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും തുല്യനീതിയും സുരക്ഷയും അവസരസമത്വവും സാര്‍വത്രിക വിദ്യാഭ്യാസവും തൊഴിലും സാമൂഹികനീതിയും ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പൗരസമൂഹത്തിന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ്. എന്നാല്‍ ഈ മഹത്തായ തത്വങ്ങള്‍ നിഷേധിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യം. രാഷ്ട്രത്തിന് മുകളില്‍ മതത്തെ പ്രതിഷ്ഠിക്കുന്ന ഭരണഘടനാ ലംഘനം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയിരിക്കുന്നു. ധാര്‍മികവും നീതിയുക്തവുമായ ഭരണഘടന തമസ്‌കരിക്കപ്പെടുമ്പോള്‍ അവിടെ എല്ലാ രൗദ്രഭാവത്തോടുകൂടിയും അഴിഞ്ഞാടുന്നത് അധികാരത്തിന്റെ രാക്ഷസരൂപംപൂണ്ട കൊടുമണ്‍ പോറ്റിമാരാണ്. ഈ സാഹചര്യത്തിലാണ് രാജ്യം അതിന്റെ 18-ാം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ജനാധിപത്യ സംസ്‌കാരത്തിന്റെയും സംവിധാനങ്ങളുടെയും അടിത്തറപാകാന്‍ വര്‍ഷങ്ങളുടെ പ്രയത്നങ്ങള്‍ വേണ്ടിവരുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ വലിയ സമയങ്ങള്‍ ആവശ്യമില്ല. പ്രത്യേകിച്ച്, ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം പലപ്പോഴും ഫാസിസ്റ്റ് പൊട്ടന്‍ഷ്യല്‍ നിലനിര്‍ത്തുന്ന സാഹചര്യത്തിലും  രാജ്യത്ത് ഇന്ന് നടപ്പാകുന്ന ജനാധിപത്യവും യഥാര്‍ത്ഥ ജനാധിപത്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ അവസ്ഥയിലും. ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്ര മോദി വരെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ്, അത് മോദികാലത്ത് കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്നു എന്ന് മാത്രം. 2014 നു ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന പകിടകളിയില്‍ തോറ്റ് കേന്ദ്രാധികാരത്തിന്റെ ഭൂതത്താന്‍കോട്ടയില്‍ എന്നെന്നേക്കുമായി ദാസ്യവൃത്തിക്കു വിധിക്കപ്പെട്ട അടിമത്ത ജന്മങ്ങളായിട്ടാണ് സംഘ് പരിവാര്‍ ഇന്ത്യയിലെ ജനങ്ങളെ കാണുന്നത്. സംഘികാലം ഇന്ത്യയെ വസ്തുതകളുടെ പിന്‍ബലമില്ലാത്ത അസത്യങ്ങളുടെ റിപ്പബ്ലിക്കായി മാറ്റിയിരിക്കുന്നു. നുണകള്‍കൊണ്ട് കെട്ടിപ്പൊക്കിയ രാഷ്ട്രീയസാമ്രാജ്യം ശക്തിപ്രാപിക്കുന്നു. നുണകളാല്‍ കെട്ടിപ്പൊക്കിയ ഒരു ഡീപ്പ് ഫേക്ക് ജനാധിപത്യത്തില്‍ കൂടിയാണ് ഈ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ മതേതര ജനാധിപത്യ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സംബന്ധിച്ചിടത്തോളം വരുന്ന തിരഞ്ഞെടുപ്പ് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍ പോലെ കാണേണ്ട ഒന്നല്ല എന്ന ബോധ്യം ഉണ്ടാവേണ്ടതുണ്ട്.

നരേന്ദ്ര മോദി | PHOTO: PTI
ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനുശേഷം എന്ത് ബാക്കിയാവും എന്ന വലിയ ചോദ്യം ലോകത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന പൊതുബോധം രാജ്യത്ത് മാത്രമല്ല നിലവിലുള്ളത്. ലോകം ഒന്നടങ്കംതന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്ന് വ്യക്തം. വോട്ട് ചെയ്ത് ജയിക്കാത്തവര്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത അവസ്ഥ. ജയിക്കുന്നവര്‍ക്ക് എന്തും ചെയ്യാവുന്ന അവസ്ഥ. ജനങ്ങള്‍ രാഷ്ട്രീയ പ്രക്രിയയുടെ ഒരു അവിഭാജ്യ ഘടകമല്ലാതായി തീര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കോര്‍പ്പറേറ്റുകളുടെ സാമ്പത്തികാധിപത്യത്തിന് എറിഞ്ഞുകൊടുത്തുകൊണ്ട് ഭരണകൂടം അവരുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ബിജെപിക്ക് ലഭിക്കുന്ന മൂന്നാമൂഴം ഇന്ത്യയെ പൂര്‍ണമായും ഒരു ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തിതപ്പെടുത്തുകയും അതോടൊപ്പം ജനാധിപത്യ സ്ഥാപന സംവിധാനങ്ങള്‍ കേവലം മ്യൂസിയം പീസുകളായി അപ്രസക്തമാക്കപ്പെടുകയും ചെയ്യും. മാത്രമല്ല രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യങ്ങളില്‍ വിശ്വസിക്കുന്നവരും കൂടുതല്‍ വേട്ടയാടപ്പെടലിനും അന്യവത്കരണത്തിനും വിധേയമാകും. ജനാധിപത്യത്തിന്റെ പുറംതോട് മാത്രം നിലനിര്‍ത്തി എല്ലാ പൗരാവകാശങ്ങളെയും ഞെരിച്ചുകളയുകയും ഫെഡറല്‍ തത്വങ്ങളെ ഇല്ലാതാക്കി സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ എച്ചില്‍ കഷ്ണത്തിനുവേണ്ടി യാചിക്കുന്ന കീഴാളന്മാരായി കണക്കാക്കും. അതുകൊണ്ടുതന്നെ ബിജെപിക്ക് മൂന്നാമതും ഭരണത്തുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ അത് ജനാധിപത്യ  മതേതരത്വത്തിന് ഏല്‍ക്കുന്ന വന്‍ പ്രഹരമായിരിക്കുമെന്നതില്‍ സംശയമില്ല. മറിച്ചായാല്‍ ഇന്ത്യയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും ലഭിക്കുക.

ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവുമധികം കേടുപാടുകള്‍ വരുത്തിയിട്ടുള്ള  കോണ്‍ഗ്രസിന്റെ ഏകകക്ഷി മേധാവിത്വം അവസാനിപ്പിക്കുന്നതില്‍ താരതമ്യേന ദുര്‍ബലരായ സംസ്ഥാന പാര്‍ട്ടികള്‍ക്കും പ്രധാന പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ അധികാരം പിടിച്ചെടുത്ത് പതിയെപ്പതിയെ ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പുകളും പിന്നാക്ക - ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളും ഇതിന് സഹായകമായിട്ടുണ്ട്. ഇങ്ങനെയുള്ള നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങളാണ് 1989 മുതല്‍ 2014 വരെയുള്ള കാലഘട്ടം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണകാലഘട്ടമാക്കി മാറ്റിയത്. ഇതിനുപിന്നില്‍ സംസ്ഥാന പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും ഇടതു പാര്‍ട്ടികളുടെയും പങ്ക് വളരെ വലുതായിരുന്നു. കോണ്‍ഗ്രസിനെ പോലെ വലിയ സ്വപ്നങ്ങളും താത്പര്യങ്ങളും നേതൃത്വഭാരവും ഉള്ള പാര്‍ട്ടിക്ക് ബിജെപിയെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സാധിക്കില്ല, 'സ്നേഹത്തിന്റെ പൂക്കട' പോലുള്ള അരാഷ്ട്രീയ മുദ്രാവാക്യവുമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാം. കോണ്‍ഗ്രസിന്, നിലവിലെ ഘടനയും പ്രത്യയശാസ്ത്രവും നയപരിപാടികളും പ്രവര്‍ത്തനരീതിയും കൈയില്‍ വച്ചുകൊണ്ട് ബിജെപി യുടെ രാഷ്ട്രീയത്തെ മറികടക്കാന്‍ കഴിയില്ല, ഒരു തിരിച്ചുവരവും സാധ്യമല്ല. എന്നാല്‍, ബിജെപി യുടെ കുതിപ്പിന് തടയിടാന്‍ കോണ്‍ഗ്രസിന് സാധിക്കും. കാലം ആ പാര്‍ട്ടിയോട് ആവശ്യപ്പെടുന്നതും അതാണ്. 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ സംസ്ഥാനത്തും പ്രാദേശിക ഘടകങ്ങള്‍ കണക്കിലെടുത്ത് അവിടുത്തെ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് പൊതുവേദി ഒരുക്കാന്‍ തയ്യാറാവുക. മാത്രമല്ല, സംസ്ഥാന - പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത്, അധികാരസ്ഥാനത്തേക്ക് അവകാശവാദവുമായി രംഗത്തുവരില്ലെന്ന് തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപീകരിക്കും മുന്‍പുതന്നെ മുന്നണിക്ക് ഉറപ്പുനല്‍കുന്നതും നല്ലതാണ്. ബിജെപി യുടെ ശക്തികുറയ്ക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷം തയ്യാറാക്കേണ്ടത്. അധികാരം നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ഒരു ശ്രമവും വിജയംകാണില്ല.



നിലനില്‍ക്കുന്ന സാഹചര്യത്തെ അതിജീവിക്കണമെങ്കില്‍ അസാമാന്യമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അത്തരം അടിയൊഴുക്കുകള്‍ രാജ്യത്ത് പൊതുവില്‍ അന്തര്‍ഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കരുതാന്‍ നിര്‍വാഹമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഉണ്ടായ ചില സുപ്രധാന സംഭവവികാസങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്ന തരത്തില്‍ രൂപാന്തരപ്പെടും എന്ന് വിലയിരുത്തേണ്ടിവരുന്നു. അതില്‍ ആദ്യത്തേത് കര്‍ഷകരുടെ രണ്ടാം പ്രക്ഷോഭമാണ്. രണ്ടാമത്തേത് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നുണ്ടായ രണ്ട് സുപ്രധാന വിധികള്‍, മൂന്നാമത്തേത് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍നിന്ന് ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്നുവന്ന ഇന്ത്യ മുന്നണിയുടെ തിരിച്ചുവരവും ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും.

പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കാന്‍ ഉതകുന്ന ചരിത്രപരമായ രണ്ട് വിധിന്യായങ്ങള്‍ ഈ ഫെബ്രുവരി മാസത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഈ അടുത്ത കാലങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ കഴിയുന്ന വിധിന്യായങ്ങളായിരുന്നു സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്. ബാബ്‌റി മസ്ജിദ് വിഷയം മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ളത് പരിശോധിച്ചാല്‍ അത് കാണാന്‍ കഴിയും. എന്നാല്‍ ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് കേസിലും ഇലക്ടറല്‍ ബോണ്ട് വിഷയത്തിലും ഉണ്ടായ കോടതിവിധി ബിജെപിക്ക് ഏറ്റ കനത്തപ്രഹരം മാത്രമല്ല, ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളില്‍ പ്രതീക്ഷ ഉണര്‍ത്തുന്നതുമാണ്. ജനാധിപത്യത്തോടും ജനാധിപത്യ സ്ഥാപനങ്ങളോടും സംഘ് പരിവാറിനും ബിജെപിക്കുമുള്ള പുച്ഛവും അവജ്ഞയുമാണ് ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ടത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെത്തന്നെ ജീര്‍ണമായ അദ്ധ്യായം. തിരഞ്ഞെടുപ്പ് വരണാധികാരിതന്നെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്ന കാഴ്ച. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കാന്‍ മടിക്കില്ല എന്ന ബിജെപിയുടെ പ്രഖ്യാപനം കൂടിയായി ആ തിരഞ്ഞെടുപ്പ്. അതോടൊപ്പം 2024 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും സിവില്‍ സമൂഹത്തിന്റെയും ആശങ്ക ശരിവയ്ക്കുന്നത് കൂടിയായി. വോട്ടിംഗ് മെഷീന്‍, വിവി പാറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത എന്നിവ സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് അടിവരയിടുന്ന ഒന്നായി മേയര്‍ തിരഞ്ഞെടുപ്പിലെ അട്ടിമറി. എന്നാല്‍ സത്യത്തിന്റെ ശക്തി എന്തെന്ന് ഫെബ്രുവരി 20 ന് വന്ന ചരിത്രപ്രധാനമായ സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞു. ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ച് എഎപിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയും ഇന്ത്യ സഖ്യത്തിനു ലഭിച്ച ധാര്‍മിക വിജയവുമായി. ഇതോടൊപ്പംതന്നെ കൂട്ടിവായിക്കേണ്ട ഒന്നാണ് ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ സുപ്രീം കോടതി വിധി. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് വിധിച്ചതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പണാധിപത്യംകൊണ്ട് ഹൈജാക് ചെയ്യാം എന്ന ബിജെപിയുടെ പദ്ധതിക്കു താത്കാലികമായി ഒരു തിരിച്ചടിയായി. പക്ഷേ, അപ്പോഴും 6,500 കോടി രൂപ ബിജെപിയുടെ പക്കല്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. എന്നിരുന്നാലും, കേന്ദ്ര സര്‍ക്കാരിനേറ്റ ധാര്‍മികമായ പരാജയമായി വിലയിരുത്താം. അതോടൊപ്പം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ സ്വീകരിക്കുന്ന ഭരണഘടനാവിരുദ്ധ മാര്‍ഗങ്ങള്‍ ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുകയും ചെയ്തു. നരേന്ദ്ര മോദിക്കും യൂണിയന്‍ സര്‍ക്കാരിനുമെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ആയി മാറുകയും ചെയ്തു.

സുപ്രീം കോടതി | PHOTO: WIKICOMMONS
പുനരുജ്ജീവിപ്പിക്കപ്പെട്ട കര്‍ഷകപ്രക്ഷോഭം ഭരണകക്ഷിക്ക് മോശം വാര്‍ത്തയാണ്. 2021-ലെ പ്രക്ഷോഭത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലാത്തതിനാല്‍, പ്രത്യക്ഷത്തില്‍, സമരം തുടര്‍ന്നാല്‍ അത് കൂടുതല്‍ വഷളാകും. എല്ലാ പ്രതിഷേധങ്ങള്‍ക്കും ഒരു പ്രതിവിധി എന്ന നിലയില്‍ ക്രൂരമായ ശക്തിയെ ആശ്രയിക്കുന്നത് എന്നെന്നേക്കുമായി വിടുതല്‍ നല്‍കില്ല. മാത്രമല്ല സ്വേച്ഛാധിപത്യ ഭരണത്തിനെ ജനങ്ങള്‍ തിരിച്ചറിയാനും തുടങ്ങിയിരിക്കുന്നു. ഇത്തവണ കര്‍ഷകരോട് വ്യാപകമായ സഹതാപമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കര്‍ഷകര്‍ക്ക് കഴിയും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാരംഭിച്ച് യുപിയിലൂടെ മധ്യപ്രദേശില്‍ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത പ്രത്യേകിച്ച് യുപിയിലൂടെ കടന്നുപോകുമ്പോള്‍ യാത്ര വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. യാത്ര വലിയൊരു ഭീഷണിയായി മോദി സര്‍ക്കാര്‍ കാണുന്നു എന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ഫലം ബാലറ്റ് പെട്ടി തുറന്നാല്‍ മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. എന്നിരുന്നാലും, ഹിന്ദി ബെല്‍റ്റില്‍ ഒരു ഉണര്‍വ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടിയാണ് എസ്പി - കോണ്‍ഗ്രസ് സഖ്യം യുപിയില്‍ രൂപാന്തരപ്പെട്ടതും ജോഡോ യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുത്തതും. കണക്കുകള്‍ വിശകലനം ചെയ്താല്‍ ഈ സഖ്യത്തിന് 25 സീറ്റുവരെ നിലവില്‍ യുപി യില്‍ ലഭിക്കാനുള്ള സാധ്യത ഉണ്ട്.

എല്ലാത്തിനുമുപരി പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ സഖ്യം ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ഈ അടുത്തദിവസങ്ങളില്‍ കണ്ടത്. സീറ്റുവിഭജനം കീറാമുട്ടിയായി മാറും എന്ന് പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലെല്ലാം സഖ്യം രൂപപ്പെട്ടു. അതില്‍ ശ്രദ്ധേയമായി കാണേണ്ടത് കോണ്‍ഗ്രസ്സും, എഎപിയും നടത്തിയ സീറ്റ് വിഭജനമാണ്. ഇതൊരു സൂചനയാണെങ്കില്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അപ്രമാദിത്യത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ ഐക്യനിര പ്രാപ്തമാക്കുന്നു എന്ന് വിലയിരുത്താം.  

ഭാരത് ജോഡോ ന്യായ് യാത്ര | PHOTO: FACEBOOK
ഏകപക്ഷീയമായി മഹാഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ചിന്തയില്‍നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയം ബിജെപിയെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളാണ് ഹല്‍ദ്വാനിയില്‍ ധ്രുവീകരണത്തിനുള്ള പുതിയ ശ്രമങ്ങള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള തീവ്രമായ തിരക്ക്, ആഭ്യന്തരമന്ത്രി നേരിട്ടുതന്നെ സിഎഎയുടെയും എന്‍ആര്‍സിയുടെയും പരിഭ്രാന്തി ഉയര്‍ത്തല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചതുപോലെ ആധാര്‍ കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കല്‍, മരണപ്പെട്ട ഇതിഹാസതുല്യരായ പ്രമുഖ വ്യക്തികള്‍ക്കായി  ഭാരതരത്നങ്ങള്‍ നല്‍കുന്നു, മഹാരാഷ്ട്രയില്‍ നിന്ന് അശോക് ചവാന്‍, മിലിന്ദ് ദിയോറ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുന്നു അങ്ങനെ പട്ടിക നീളുന്നു, ഇത് ഒരു കാര്യം സൂചിപ്പിക്കുന്നു. വിജയം മാത്രമല്ല, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസമുള്ള ഒരു പാര്‍ട്ടിയുടെ നടപടികളല്ല ഇത്.





#Politics Beyond 2024
Leave a comment