TMJ
searchnav-menu
post-thumbnail

Politics Beyond 2024

അട്ടിമറികളുടെ മഹാ ചുഴലിയായി മാറുമോ ഈ തിരഞ്ഞെടുപ്പ് ?

08 Mar 2024   |   5 min Read
ഭാസുരേന്ദ്ര ബാബു

2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയാണെന്ന കാര്യത്തില്‍ സംശയങ്ങളില്ല. മോദിയുടെ മൂന്നാം ഊഴത്തിനുള്ള പ്രചാരണ കോലാഹലങ്ങളില്‍ സംഘപരിവാരത്തിന്റെ ശ്രദ്ധ മുഴുവനായും കേന്ദ്രീകരിക്കപ്പെടുന്ന സമയമാണ്. വാജ്പേയ്, അദ്വാനി യുഗത്തിനുശേഷം ബിജെപിയിലെ ഒരേയൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി മാത്രമായി എന്നു പറയുന്നതാവും കൂടുതല്‍ ശരി. മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ബിജെപിക്കു ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു സാഹചര്യത്തിലാണ് മോദിയുടെ വളര്‍ച്ചയെ വിലയിരുത്താനാവുക.ഗുജറാത്തിലെ കലാപത്തിനുശേഷം വര്‍ധിതവീര്യത്തോടെ ബിജെപിയുടെ സങ്കുചിതരാഷ്ട്രീയത്തിന്റെ ചിഹ്നമായി മാറിയ മോദി പ്രധാനമന്ത്രി പദം കൈവരിക്കുന്നത് വരെ മുഖ്യമന്ത്രി ആയിരുന്നു.

മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ മോദി അതില്‍ നിന്നും ഒരിക്കലും താഴേക്ക് പോയിട്ടില്ല. അങ്ങനെ ഔന്നിത്യത്തിന്റെ അധികാര കേന്ദ്രത്തിലൂടെയാണ് മോദി സഞ്ചരിച്ചത്. 2013 സെപ്റ്റംബറിലാണ് ബിജെപി-യുടെ പാര്‍ലമെന്ററി ബോര്‍ഡ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ തിരഞ്ഞെടുക്കുന്നത്. അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ആ തീരുമാനം. അതുവരെ പൊതുവെ ഏവരും കരുതിയത് അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവുമെന്നായിരുന്നു. പക്ഷേ, 2004 ലെയും 2009 ലെയും തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ പുതിയ മുഖം വേണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യവും ആര്‍എസ്എസ്സിന്റെ വീക്ഷണവും ഒരേ ദിശയിലെത്തിയപ്പോള്‍ അദ്വാനിയെ പുറംതള്ളി മോദിയെ വാഴിക്കാനുള്ള അരങ്ങൊരുങ്ങി.

അധികാരത്തിലെത്തിയതോടെ മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ പ്രത്യേക ശ്രദ്ധയും മോദി ചെലുത്തി. മുതിര്‍ന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹര്‍ ജോഷിയുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ഉപദേശക സമിതി രൂപീകരിച്ചുവെങ്കിലും ഒരിക്കല്‍ പോലും ആ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ യോഗമൊന്നും ചേര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനെ മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന പുതിയ തലമുറ, പഴയ തലമുറയെ പാടെ തള്ളിക്കളയുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്. ജീവിച്ചിരിക്കെത്തന്നെ ഇവരൊക്കെ മണ്‍മറഞ്ഞുപോയ സ്ഥിതിവിശേഷമാണ് പിന്നീട് ഉണ്ടായത്. ഇത്തരത്തില്‍ ഔപചാരിക നിമഞ്ജനം നടത്തിയാണ് മോദി യുഗത്തിന് രാജ്യത്ത് വേരോട്ടം തുടങ്ങിയത്.

നരേന്ദ്ര മോദി | PHOTO: PTI
പിന്നീട് ഗുജറാത്തിലൂടെ പയറ്റിത്തെളിഞ്ഞ ഹൈന്ദവ രാഷ്ട്രീയത്തെ മാതൃകയായി സ്വീകരിക്കുകയും അഖിലേന്ത്യാ തലത്തില്‍ അത് പ്രയോഗിക്കാനുള്ള ശ്രമങ്ങളും നടത്തി. ഗുജറാത്ത് ഒറ്റ സംസ്ഥാനമായതിനാല്‍ ഒറ്റ സംസ്‌കാരം നിലനിര്‍ത്താനുള്ള ശ്രമവും ആരംഭിച്ചു. അങ്ങനെ ഇന്ത്യ മുഴുവന്‍ നേടിയെടുക്കാന്‍ നിരന്തരമായി പ്രയത്‌നിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് അവര്‍ തങ്ങളുടെ ആശയങ്ങളടക്കം അവതരിപ്പിച്ചെങ്കിലും പൂര്‍ണമായും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ന്യൂനപക്ഷത്തോടുള്ള വിരോധങ്ങള്‍ക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങള്‍ പലതും ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഈ ന്യൂനപക്ഷങ്ങളെ തൂത്തെറിഞ്ഞ് മാറ്റുവാന്‍ ഇവര്‍ക്കായില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യമാണ് ഇതിനു വിലങ്ങുതടിയായ കാരണം. അത്തരമൊരു ജനാധിപത്യ ധ്വംസനം നടന്നാല്‍ ആളുകള്‍ കോടതിയെ സമീപിക്കുമെന്നതും അത് നിലനില്‍ക്കുന്നതല്ലെന്നും അറിയാം. അതുകൊണ്ടുതന്നെ ചില കാര്യങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നതുകൊണ്ട് പൂര്‍ണമായും ഒരു സ്വേച്ഛാധിപത്യ രാജ്യമായി അല്ലെങ്കില്‍ ഗുജറാത്തിനെപോലെ ഒരു സംസ്ഥാനമായി മാറ്റുന്നതില്‍ ആവുന്നത്ര ശ്രമം നടത്തിയെങ്കിലും അവര്‍ക്കു കഴിഞ്ഞില്ല. കോടതികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, സിഎജി, പാര്‍ലമെന്റ് തുടങ്ങിയ സ്ഥാപനങ്ങളെയൊക്കെ നോക്കുകുത്തികളാക്കുന്ന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭാഗികമായിത്തന്നെ വിജയിച്ചിട്ടുണ്ട്. കോടതികളെ വരെ അങ്ങനെയാക്കുന്നതുവഴി നമ്മുടെ രാജ്യം തലതാഴ്ത്തി നില്‍ക്കുന്ന നിവൃത്തികെട്ട നിമിഷങ്ങള്‍ ഉണ്ടാക്കുന്ന ബിജെപിയുടെ രീതികളും നാം കണ്ടുകഴിഞ്ഞു.

എങ്ങനെയാണ് ബിജെപിക്കു മുമ്പ് ഇത്തരം ഏകാധിപത്യ രീതികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് എന്നത് നാം മനസ്സിലാക്കണം. അത് അവലംബിച്ചത് രാജ്യത്ത് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധിയാണ്. ഇന്ത്യയില്‍ പ്രഖ്യാപിച്ച ആഭ്യന്തര സുരക്ഷിതത്വ നിയമങ്ങള്‍ വഴി ആഭ്യന്തരരംഗത്ത് ജനാധിപത്യം ധ്വംസിക്കുകയും 21 മാസത്തേക്ക് തിരഞ്ഞെടുപ്പ് അവര്‍ക്ക് ആവശ്യമുള്ള തരത്തില്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഇത് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താവുന്ന രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയം സുസജ്ജമായി എന്ന് കണ്ട് ഇന്ദിരാഗാന്ധി തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതിലൂടെ ജനാധിപത്യത്തെ ധ്വംസിക്കുകയായിരുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അടിയന്തരാവസ്ഥയ്ക്കുശേഷവും ആ അളവോളം അവര്‍ ജനാധിപത്യവാദിയായി തുടര്‍ന്നുവെന്നുതന്നെ നമുക്ക് മനസ്സിലാക്കാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊതുവായ ചട്ടക്കൂട് പൂര്‍ണമായും ലംഘിച്ചയാള്‍ ഇന്ദിരാഗാന്ധിയല്ല മറിച്ച് നരേന്ദ്ര മോദി തന്നെയാണെന്ന് നമുക്ക് കാണാം.

ഗുജറാത്ത് കലാപം | PHOTO: PTI
മോദിയെ സംബന്ധിച്ച് ബിജെപി മുന്നോട്ടുവയ്ക്കുന്ന ആര്‍എസ്എസിന്റെ വീക്ഷണങ്ങള്‍ തന്നെയാണ്. ആര്‍എസ്എസില്‍ നിന്ന് പഠിച്ചതെന്താണോ അതാണ് മോദി ഇപ്പോള്‍ നടപ്പാക്കുന്നത്. അതേസമയം, ആര്‍എസ്എസിനു തന്നെ മോദി എത്രത്തോളം പ്രിയങ്കരനും സ്വീകാര്യനുമാണെന്നത് പരിശോധിക്കേണ്ടതാണ്. നിലവില്‍ ആര്‍എസ്എസിനു പോലും മോദി സ്വീകാര്യനല്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ, 2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുന്നപക്ഷം ആര്‍എസ്എസ് ഒരു വിമതശ്രമം നടത്തിയെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ 2024 ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി ഗോധയില്‍ ഇറങ്ങുമ്പോള്‍ പഴയ എന്‍ഡിഎ തന്നെയാണ് അദ്ദേഹത്തിന്റെ സംഘശക്തി. പൊതുവെ ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികളുടെ ഐക്യത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. പുതിയ നിരവധി ആളുകള്‍ ബിജെപിയിലേക്ക് എത്തപ്പെട്ടപ്പോഴും പഴയ ആളുകളുടെ പാതയെ പിന്തുണയ്ക്കുന്ന പലര്‍ക്കും മോദിയുടെ കാര്യത്തില്‍ സംശയങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പഴയ സംഘപരിവാറിലെ ആളുകള്‍ മോദിയെ പൂര്‍ണമായും അംഗീകരിക്കുന്ന കാലമല്ല മൂന്നാമത്തെ തവണ മോദി മത്സരരംഗത്തേക്ക് വരുമ്പോള്‍ സംജാതമായിരിക്കുന്നത്.

യുപിഎ, കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ നിലവില്‍ ഏകാധിപത്യത്തിനെതിരായ നിലപാടുകള്‍ ഇതിനോടകം എടുത്തുകഴിഞ്ഞു. അതുപോലെ മതത്തെ രാഷ്ട്രീയത്തിലേക്ക് ആനയിക്കുന്ന രീതിയെ എതിര്‍ത്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് തെറ്റാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത് മാറ്റമാണ്. ഇതോടെ പുതിയ മുന്നണിയും പുതിയ വീക്ഷണങ്ങളും ഉണ്ടാകുകയാണ്. ബിജെപിയെയും എന്‍ഡിഎയെയും ഒറ്റപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. പുതിയ ശക്തിസന്നാഹങ്ങള്‍ രൂപപ്പെട്ടതോടെ പുതിയ ലക്ഷ്യങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. പുതിയ ജനാധിപത്യ ശക്തികളുടെ വളര്‍ച്ച സാധ്യമാക്കുന്ന പുത്തന്‍ ഉണര്‍വിലേക്കും സൈദ്ധാന്തിക യൗവനത്തിലേക്കും 2024, ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷ.

REPRESENTATIONAL IMAGE | PHOTO: PTI
2024 ലും മോദി ഭരണം തുടര്‍ന്നാല്‍ കൂടുതല്‍ ഇരുണ്ട കാലഘട്ടത്തിലേക്കായിരിക്കും ഇന്ത്യയുടെ സഞ്ചാരം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാചകവാതകം നാം ഇവിടെ നിര്‍മിച്ച് വിതരണം ചെയ്ത കാലം മുതല്‍ മോദി വരുന്ന കാലം വരെ പരമാവധി അതിന്റെ വില 400 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരാശരി 1000 രൂപയാണ്. അതായത് 10 വര്‍ഷം കൊണ്ട് 25 വര്‍ഷം സംഭവിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി വിലയാണ്, ഏകദേശം 150 ശതമാനത്തോളം വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനുകാരണം ഡീസല്‍, പെട്രോള്‍ എന്നിവ പോലെ പാചകവാതകവും കുത്തകകള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത്. 2019 ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയായതോടെ രാജ്യത്ത് കുത്തകകളുടെ ഭരണക്രമമാണ് നടപ്പാക്കുന്നത്. ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാംകിട കുത്തകയാണ് അദാനി. അദാനിയുടെ ഗവണ്‍മെന്റാണ് ഇതെന്ന രീതിയില്‍ പരാമര്‍ശിക്കുന്ന തരത്തില്‍ പോലും കാര്യങ്ങള്‍ നടന്നുകഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത് മോദി അദാനിക്കുവേണ്ടി പണിയെടുക്കുകയല്ല, അദാനി മോദിക്കു വേണ്ടിയാണ് അധ്വാനിക്കുന്നതെന്നാണ്. അദാനി ഒരു രൂപ ഉണ്ടാക്കുന്നപക്ഷം 20 പൈസ മാത്രമേ അദ്ദേഹത്തിന് ലഭിക്കുന്നുള്ളൂ. ബാക്കി മുഴുവന്‍ മോദിക്കു പോകുകയാണെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. കുത്തകകളുടെ ഗവണ്‍മെന്റ് എന്നല്ല ഗവണ്‍മെന്റില്‍ തന്നെ ഒരു കുത്തകയാണ് ഭരിക്കുന്നതെന്ന് ചിന്തിക്കാന്‍ തക്ക കാര്യങ്ങളാണ് നിലവില്‍ നടക്കുന്നത്.

50 രൂപയ്ക്കു പെട്രോള്‍ തരുമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഇന്ന് വില ഇരട്ടിയുടെ മുകളിലായി. അരിയുടെ വില പോലും ഇരട്ടിയായി. ഇതിനെല്ലാം കോവിഡ് ഒരു ഘടകമാണ്. പക്ഷേ, മറ്റു രാജ്യങ്ങളില്‍ വില കുറയുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ മാത്രം കുറയുന്നില്ല. ആ വ്യത്യസ്തത വളരെ വലുതാണ്. ഇതാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആസന്നമായ ചിന്താവിഷയം. നമ്മുടെ വിശപ്പിന്റെ ഇന്‍ഡക്‌സ് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ലോകത്തില്‍ ഏറ്റവും പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളായി യുഎന്‍ ഇറക്കിയ പട്ടികയില്‍ പോലും ഇന്ത്യ 111-ാം മതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്തായിരിക്കണം പ്രധാന അജന്‍ഡ എന്നതില്‍ ഇന്ത്യന്‍ ജനത വരുംദിവസങ്ങളില്‍ എത്തുമെന്നതില്‍ സംശയമില്ല. വിലക്കയറ്റവും കര്‍ഷകസമരവുമെല്ലാം ഇതിന്റെ ഭാഗമായി ഉയരുമെന്നതില്‍ തര്‍ക്കമില്ല. ആദ്യത്തെ കര്‍ഷകസമരം ജയിച്ചു തീര്‍ന്നതോ തോറ്റു തീര്‍ന്നതോ അല്ല. വെല്ലുവിളിയോടെ തീര്‍ന്ന ഒരു സമരമായിരുന്നു. ആ വെല്ലുവിളി സര്‍ക്കാര്‍ മനസ്സിലാക്കി കര്‍ഷസമരം പിന്‍വലിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വീണ്ടും കര്‍ഷകര്‍ രംഗത്തുവന്നതോടെ ഡല്‍ഹിയടക്കം യുദ്ധഭൂമിയായി മാറിത്തുടങ്ങിയിട്ടുണ്ട്. ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. രാജ്യത്ത് 44 തൊഴില്‍ നിയമങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കുത്തകകള്‍ക്കായി മാത്രം ഈ തൊഴില്‍ നിയമങ്ങള്‍ നാലായി ചുരുക്കി. ഒരു സമരവും ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ ഉണ്ടായില്ല. കഴിഞ്ഞ തവണത്തെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു അത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം അവരും ഇനി സമരത്തിലേക്ക് വന്നുകൂടായ്കയില്ല. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വരുന്ന രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരവുമായി തെരുവുകളിലേക്ക് വരുന്ന ഒരു സാധ്യത ഇല്ലാതില്ല. കാരണം ജയിച്ച് വെല്ലുവിളി ഉയര്‍ത്തിയവരാണ് കൃഷിക്കാര്‍. ആ വിജയം ആളുകളെ കൂടുതലായി പഠിപ്പിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല.

PHOTO: PTI
പ്രതിപക്ഷം ഒരു സമരമുന്നണിയായി മാറി, ഇതോടെ തിരഞ്ഞെടുപ്പിന്റെ പരിഗണനാ വിഷയവും മാറി. പാവപ്പെട്ടവന് പുതിയ ഭവനങ്ങളോ, റോഡോ, കൂലിയോ തരാമെന്നല്ല പുതിയ അമ്പലങ്ങള്‍ പണിതുതരാം എന്നാണ് മോദി ഇതിനോടകം പറഞ്ഞിരിക്കുന്നത്. സാമൂഹികമായി മുന്നേറുന്ന ഒരു ജനതയുടെ ആവശ്യങ്ങള്‍ സഫലീകരിക്കാമെന്നല്ല. ഇതാണ് ഇന്നത്തെ ഇന്ത്യ. മാറിവരുന്ന ഓരോ ദിവസവും പുതിയ സാധ്യതകളാണ്. രാഷ്ട്രീയം സാധ്യതയുടെ കലയാണ്. മാറിവരുന്ന സാധ്യത അനുസരിച്ച് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന നമ്മള്‍ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ ആര്‍എസ്എസിന്റെ അതിര്‍വരമ്പുകള്‍ മാഞ്ഞുപോകാനും വീണ്ടും സാമൂഹിക ബോധമുള്ള ജനവിഭാഗങ്ങളായി പുനസംഘാടനം നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയുന്ന അവസ്ഥ വരുന്ന മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം സാധ്യതകള്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ അവഗാഹത്തോടെ നമുക്ക് ചിന്തിക്കാനാകും. അടിയന്തരാവസ്ഥക്കാലത്ത് ഏകമുന്നണി ഫോറം അവതരിപ്പിച്ച് മൂന്നരവര്‍ഷം ജയില്‍വാസം അനുഭവിച്ച ആളാണ് ഞാന്‍. തിരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുമ്പ് അടിയന്തരാവസ്ഥയെ മുന്‍നിര്‍ത്തി ജനതാ പാര്‍ട്ടി രൂപീകൃതമായി. ജയിലിനുള്ളില്‍ വച്ച് രൂപപ്പെട്ട ജനതാ പാര്‍ട്ടിയാണ് മൂന്നാഴ്ച കഴിഞ്ഞ് ഇന്ത്യന്‍ ജനതയെ ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നയിച്ചതെന്ന് നാം ഓര്‍ക്കണം. അത്തരത്തിലുള്ള നല്ല അനുഭവങ്ങള്‍ കൂടി ഉണ്ട് ഇന്ത്യയ്ക്ക്. അതൊക്കെയാണ് എന്നെപ്പോലുള്ളവരെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓര്‍മ്മപ്പെടുത്തുന്നത്. പുതിയ ശക്തിസന്നാഹങ്ങള്‍ ഉയര്‍ന്നുവരും, വരാതിരിക്കാനാവില്ല. ഇന്ത്യയെപ്പോലെ മുക്കാല്‍ ശതകത്തിന്റെ ജനാധിപത്യം അനുഭവിച്ച ആളുകള്‍ക്ക്, അനുഭവിച്ച വിഭാഗങ്ങള്‍ക്ക് ഇതേമാതിരി അടിമകളായി നിലനില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇടത്തരക്കാരെയാണല്ലോ മോദി ഇപ്പോഴും താലോലിക്കുന്നത്. അവര്‍ക്കു താഴെയുള്ളവരെ കാണാനാകില്ല. അങ്ങനെയുള്ള വിഭാഗമേയില്ല. അവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ ഉണ്ടാകും. ഇവിടെ അത്തരമൊരു ജനതയുണ്ട്. അവര്‍ക്ക് മുന്നില്‍ ഒരു സ്വാതന്ത്ര്യസമരമുണ്ട്. ആ സ്വാതന്ത്ര്യസമരത്തിന് ഒരു ഭൂതകാലമുണ്ട്. അതിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഉള്ള ആളുകള്‍ അവര്‍ക്കൊപ്പമുണ്ട്. അടിയന്തരാവസ്ഥയുമുണ്ട്. ഇതിന്റെയൊക്കെ പിന്‍ബലത്തില്‍ പുതിയ ശക്തിസന്നാഹങ്ങള്‍ രൂപപ്പെടും, നേതൃനിരകള്‍ രൂപപ്പെടും. പുതിയ സമരരൂപങ്ങള്‍ രംഗത്തുവരും. ഇതിനൊക്കെയുള്ള സാധ്യതകള്‍ നമ്മുടെ രാജ്യത്തുണ്ട്.

കര്‍ഷകരെ പോലെ മറ്റു വിഭാഗങ്ങളും രംഗത്തുവരുന്നപക്ഷം പുതിയ സാഹചര്യങ്ങള്‍ രാജ്യത്ത് ഉടലെടുക്കും. അതിനെ മുറിച്ചുകടക്കാന്‍ നരേന്ദ്ര മോദിക്ക് എത്രകഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള സന്നാഹങ്ങള്‍ രൂപപ്പെടുന്നപക്ഷം അവഗണിക്കപ്പെടുന്ന എല്ലാ വിഭാഗങ്ങളും സംഘപരിവാര്‍ അടക്കം ഒരു വലിയ ജനത തന്നെ ഉണ്ടാകും. ഇത്തരമൊരു ചലനം ഉണ്ടായാല്‍ മോദി ഭരണം കടപുഴകി വീഴുമോ എന്നതില്‍ വ്യക്തതയില്ല. അട്ടിമറികളുടെ മഹാചുഴലിയായി ഈ തിരഞ്ഞെടുപ്പ് മാറുമോ എന്നത് കാത്തിരുന്ന് കാണണം.#Politics Beyond 2024
Leave a comment