മതവും രാഷ്ട്രീയവും ഭിന്ന ധ്രുവങ്ങളല്ല
മതപരമായ അനുഷ്ഠാനങ്ങളും പ്രകടനപരതകളുമില്ലാത്ത ആത്മീയത സ്വജീവിതത്തില്‍ മാത്രമല്ല സമൂഹത്തിലാകെ നിറയണമെന്നു നിഷ്‌കര്‍ഷിക്കുന്ന സെഡ്രിക് പ്രകാശുമായി സംസാരിക്കുക ഉന്മേഷദായകമാണ്. പൗരോഹിത്യത്തിന്റെ കുപ്പായം അതിന് തടസ്സമല്ലെന്നു ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഫാദര്‍ സെഡ്രിക്കിനെ സംബന്ധിച്ചിടത്തോളം മതവും, രാഷ്ട്രീയവും ഭിന്നധ്രുവങ്ങളല്ല. ധാര്‍മികതയും ആത്മീയതയും സംഗമിക്കുന്ന സത്യാന്വേഷണത്തിന്റെ പാതയിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യങ്ങളായി മതത്തെയും, രാഷ്ട്രീയത്തെയും അദ്ദേഹം വിഭാവനം ചെയ്യുന്നു. നീതി, ന്യായം, സത്യം നന്മ, കരുണ, സ്നേഹം എന്നിവ അവയുടെ അടിസ്ഥാന മൂലകങ്ങളായും അദ്ദേഹം കരുതുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളടക്കത്തെ ചിന്തയിലും, പ്രവര്‍ത്തിയിലും മേല്‍പ്പറഞ്ഞ വീക്ഷണത്തില്‍ സ്വാംശീകരിക്കുന്നതാണ് സെഡ്രിക്കിന്റെ ജീവതപ്രമാണം. സ്വേച്ഛാധികാരത്തിന്റെ (ടിറണി) എല്ലാ രൂപങ്ങളുടെയും എതിര്‍ദിശയിലാണ് അതിന്റെ സഞ്ചാരം. പൗരോഹിത്യത്തിന്റെ സ്വേച്ഛാധിപത്യവും (ടിറണി ഓഫ് ദ ക്ലെര്‍ജി), കക്ഷി രാഷ്ട്രീയത്തിന്റെ സ്വേച്ഛാധപത്യവും (ടിറണി ഓഫ് ദ പാര്‍ട്ടി) പ്രതിനിധാനം ചെയ്യുന്ന മതവും, രാഷ്ട്രീയവുമായി അപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് കലഹിക്കേണ്ടി വരുന്നു. മതവും, രാഷ്ട്രീയവും, ഭരണകൂടാധികാരവും അവയുടെ നീതിപരമായ മൂല്യങ്ങളുടെ നേര്‍വിപരീതമാവുന്ന ഇന്ത്യയില്‍ ഒരേസമയം വൈദികനും സാമൂഹ്യപ്രവര്‍ത്തകനുമായി ജീവിക്കുന്ന സാഹസികനാണ് സെഡ്രിക്. മംഗലാപുരത്താണ് കുടുംബത്തിന്റെ വേരുകളെങ്കിലും ഗുജറാത്തിലെ അഹമ്മദാബാദാണ് ദശകങ്ങളായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. മുംബെയില്‍ ജനിച്ചുവളര്‍ന്ന സെഡ്രിക് ഈശോസഭയിലെ (ജസ്യൂട്ട് മിഷന്‍) വൈദികവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗുജറാത്തിലെത്തുന്നത്. ഫ്രാന്‍സില്‍ വൈദിക വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴായിരുന്നു മതപരതയുടെ സങ്കുചിതത്വത്തെക്കുറിച്ചുള്ള ആദ്യ അനുഭവമെന്ന് ഫാ. പ്രകാശ് രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കനോ, പ്രൊട്ടസ്റ്റന്‍ന്റോയെന്ന ചോദ്യമായിരുന്നു അതിനുള്ള കാരണം. വൈദികവൃത്തിയുമായി 1974-ല്‍ ഗുജറാത്തിലെത്തിയപ്പോള്‍ അതു കൂടുതല്‍ വ്യക്തമായതായി അദ്ദേഹം പറയുന്നു. ബോംബെയിലെ (മുംബെ) കുട്ടിക്കാലത്തും, കോളേജ് പഠനകാലത്തും വളരെ സ്വാഭാവികമായ നിലയില്‍ നിലനിന്നിരുന്ന കോസ്മോപൊളിറ്റന്‍ സൗഹൃദം -- വിവിധ മതവിഭാഗങ്ങളില്‍പ്പെടുന്ന വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളും, കൊടുക്കല്‍ വാങ്ങലുകളും -- വളരെ ബോധപൂര്‍വമായി ഇല്ലാതാക്കുന്ന പ്രവണത ഗുജറാത്തില്‍ അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു. ഫാ. സെഡ്രിക് പ്രകാശുമായി കെപി സേതുനാഥ് നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.
ഫാ. സെഡ്രിക് പ്രകാശ് | PHOTO:WIKI COMMONS
1: അഹമ്മദാബാദില്‍ ഇത്രകാലം എങ്ങനെ പിടിച്ചു നില്‍ക്കാനായി എന്നാണ് താങ്കളെ അറിയുന്നവര്‍ ആദ്യം ചോദിക്കുകയെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതില്‍ നിന്നുതന്നെ തുടങ്ങാമെന്നു തോന്നുന്നു.
ജനങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തെ ഇല്ലാതാക്കുവാന്‍ എത്ര ശ്രമിച്ചിട്ടും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. അതു തന്നെയാണ് ഞങ്ങളുടെ അതിജീവന രഹസ്യം. ഭരണകൂടം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ സെന്റര്‍ പൂട്ടിച്ചു. പലതരം കേസ്സുകള്‍ ചുമത്തി. പക്ഷേ, ഇതൊന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കിയില്ല. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ ജനങ്ങള്‍ അധിവസിക്കുന്ന ചേരികളായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനമേഖല. അവിടങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
2: മതവും രാഷ്ട്രീയവും തമ്മിലുള്ള കൂടിക്കലരല്‍ അസഹനീയമായ സാമൂഹ്യവിപത്തായി മാറുന്നതിന്റെ തിക്തഫലങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ ദൃശ്യമാണ്. എങ്ങനെയാണ് ഈ സാഹചര്യത്തെ വിലയിരുത്തുക?
പുരോഹിതന്റെ വസ്ത്രം ധരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഞാനൊരു കുപ്പായക്കാരനാണ്. എന്നെ സംബന്ധിച്ചിടത്തോളം മതം വര്‍ജ്യമായ ഒന്നല്ല. ഞാനതിന്റെ ഭാഗമാണ്. എന്താണ് എന്റെ മതം. അത് ഉന്നതമായ മൂല്യത്തിന്റേതാണ്. സഹജീവി സ്നേഹമാണ് അതിന്റെ ആദ്യപടി. നീതിയും, സത്യവുമാണ് തുടര്‍വഴികള്‍. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളെയും ഒന്നായി കാണുവാനും, സ്നേഹിക്കുവാനും നമ്മെ പ്രേരിപ്പിക്കുകയും, പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തിയാണ് മതം. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും സ്വരം ഒരിക്കലും മതപരമല്ല. ഭിന്നിപ്പിക്കലിന്റെ ഭാഷ ഒരു മതവും ഒരിക്കലും പ്രകടിപ്പിക്കുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതിനുള്ള കാരണം പൗരോഹിത്യ സ്വേച്ഛാധിപത്യമാണ്. പൗരോഹിത്യ സ്വേച്ഛാധിപത്യത്തിനെതിരായ വിമതശബ്ദങ്ങളാണ് മതത്തിന്റെ ധാര്‍മികമായ ഔന്നത്യത്തെ നിലനിര്‍ത്തുന്ന ഊര്‍ജദായനി. രാഷ്ട്രീയത്തിനെ വിലയിരുത്താനും ഇതേ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്താനുമാവും. നീതിയിലധിഷ്ഠിതമായ സാമൂഹ്യജീവിതമാണ് രാഷ്ട്രീയത്തിന്റെ പ്രാഥമികചോദന. നീതിയുടെ അന്തസത്ത പൂര്‍ണമായും ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഭരണകൂടാധികാരം കൈയ്യാളുന്നതിനുള്ള ഉപകരണം മാത്രമായി രാഷ്ട്രീയം പരിണമിക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മണ്ഡലങ്ങളില്‍ സംഭവിച്ച അല്ലെങ്കില്‍ സംഭവിക്കുന്ന ഈ ദുരവസ്ഥകളില്‍ നിന്നും കരകയറേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മതത്തിന്റെ ശരിയായ അര്‍ത്ഥത്തിലുള്ള ധാര്‍മികമായ ഔന്നത്യം അതിന് സഹായിക്കുമെന്നാണ് എന്റെ വിശ്വാസം. മതവും രാഷ്ട്രീയവും ആ നിലയില്‍ ഭിന്നധ്രുവങ്ങളില്‍ അല്ല.
3: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന്റെ സൂചനയായിരുന്നു ഗുജറാത്തിലെ ഗോധ്രയും തുടര്‍ന്നുള്ള ഹിംസകളും. താങ്കളുടെ ഇടപെടലുകള്‍ പൊതുമണ്ഡലത്തില്‍ ഒരുപക്ഷേ, ഇത്രയധികം വ്യാപകമാവുന്നത് അതിനുശേഷമാണ്. എന്താണ് താങ്കളുടെ വിലയിരുത്തല്‍?
ഗുജറാത്തിലെ സംഭവവികാസങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം തീരെ അപ്രതീക്ഷിതമായിരുന്നില്ല. വിദ്വേഷങ്ങളും, ഭിന്നതകളും രൂക്ഷമാക്കുന്നതിനായി മതപരതയെ സംഘടിതമായി ഉപയോഗപ്പെടുത്തുന്ന പ്രവണത നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. ഒരു പുരോഹിതനായി 1974 ലാണ് ഞാന്‍ ഗുജറാത്തിലെത്തുന്നത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതിനും അതുവഴി കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതിനും മതത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രവണത അക്കാലങ്ങളില്‍ത്തന്നെ ദൃശ്യമായിരുന്നു. അതിന്റെ തീവ്രത ഒരു തരത്തില്‍ പാരമ്യത്തിലെത്തിയതായിരുന്നു 2002-ലെ ഹിംസ. മതത്തെ ദുര്‍വിനിയോഗം ചെയ്യുന്ന പ്രവണത വരുത്തിയേക്കാവുന്ന തിക്തഫലങ്ങള്‍ തിരിച്ചറഞ്ഞതുകൊണ്ടാണ് മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2-ന് പ്രശാന്തി എന്നൊരു സെന്ററിന് ഞങ്ങള്‍ 2001-ല്‍ രൂപംകൊടുക്കുന്നത്. ഞാനായിരുന്നു അതിന്റെ പ്രഥമ ഡയറക്ടര്‍. നീതിയും ശാന്തിയും ദരിദ്രരായ ജനങ്ങള്‍ക്കും പ്രാപ്യമാക്കുകയെന്നതായിരുന്നു സെന്ററിന്റെ പ്രധാന ഉദ്ദേശ്യം. കലാപങ്ങളിലും ഹിംസയിലും ഏറ്റവുമധികം ദുരിതമനുഭവിക്കുക ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളാണ്. അഹമ്മദാബാദിലെ ചേരികളായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനമേഖല. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും മാത്രമായിരുന്നില്ല 2002 ലെ ഹിംസയുടെ ഇരകള്‍. പതിനായിരങ്ങളാണ് തങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. നിരാലംബരായ ഈ മനുഷ്യര്‍ക്ക് പ്രാഥമികമായ ആശ്വാസമെത്തിക്കുന്നതിനൊപ്പം നടന്ന ഹിംസയെക്കുറിച്ചുള്ള വസ്തുതാന്വേഷണവും അടിയന്തരമായി ഏറ്റെടുക്കേണ്ടിയിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിയുടെ സന്ദര്‍ശനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പശ്ചാത്തലമൊരുക്കുന്നതിലും പ്രശാന്തി മുന്‍കൈയെടുത്തു. വ്യാപകവും, സംഘടിതവുമായ ഹിംസയുടെ കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന രേഖപ്പെടുത്തലുകള്‍ അഥവാ ഡോക്യുമെന്റേഷന്‍ സുപ്രധാനമാണ്. ഹിംസയ്ക്ക് ഇരയാവുന്നവര്‍ മറ്റുള്ളവരെപോലെ അവകാശങ്ങള്‍ ഉള്ള വ്യക്തികളാണെന്ന പ്രാഥമികമായ വസ്തുത ഉറപ്പിക്കാനുളള ഒഴിച്ചുകൂടാനാവാത്ത നടപടിയാണ് എന്തു സംഭവിച്ചുവെന്ന അടിസ്ഥാനപരമായ രേഖപ്പെടുത്തലുകള്‍. അതിന് ചുമതലപ്പെട്ട ഔദ്യോഗിക സംവിധാനങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച്ചവരുത്തുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും അത്തരം രേഖപ്പെടുത്തലുകളുടെ പ്രാധാന്യം ഏറെയാണ്. പ്രശാന്തി അതില്‍ വഹിച്ച പങ്കും മറ്റുള്ള പ്രവര്‍ത്തനങ്ങളും സ്വാഭാവികമായും സര്‍ക്കാരിന്റെ ഇഷ്ടക്കേടിന് ഇടവരുത്തി. അധികം താമസിയാതെ അഹമ്മദാബാദിലെ ഞങ്ങളുടെ സെന്റര്‍ പൂട്ടേണ്ടി വന്നു.
4: പ്രതിബന്ധങ്ങളുടെ 20 വര്‍ഷങ്ങളിലധികം കഴിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ഞങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും നിര്‍ത്തിവച്ചിരുന്നില്ല. സെന്റര്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായെങ്കിലും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പല നിലകളിലും തുടരുന്നു. പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദാഹരണത്തിന് ഒരു മീറ്റിംഗ് അല്ലെങ്കില്‍ പരിപാടി നടത്തുവാന്‍ അനുമതി തേടുമ്പോള്‍ നഗരത്തില്‍ നിന്നും കുറച്ചധികം അകലെയുള്ള പ്രദേശത്തായിരിക്കും അനുമതി ലഭിക്കുക. അതുവഴി പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് കഴിയുന്നത്ര ബുദ്ധിമുട്ടുകളുണ്ടാക്കുകയെന്നാവും അധികാരികള്‍ കരുതുന്നത്. പക്ഷേ, അതൊന്നും ഞങ്ങളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നില്ല എന്നു മാത്രമല്ല ഗുജറാത്ത് മാതൃകയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം കുറച്ചുകൂടി വ്യക്തതയോടെ ഇപ്പോള്‍ രാജ്യമാകെ വെളിവായിരിക്കുന്നു. ബിജെപിയും സംഘപരിവാറും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വവും യഥാര്‍ത്ഥ ഹിന്ദു ദര്‍ശനങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന വസ്തുതയും കൂടുതല്‍ തെളിമയോടെ വെളിവാക്കപ്പെടുന്നു. രാഷ്ട്രീയാധികാരം നേടുന്നതിനായി ഉപയോഗപ്പെടുത്തുന്നതിനപ്പുറം ഹിന്ദു ദര്‍ശനങ്ങളുമായി ഹിന്ദുത്വ രാഷ്ട്രീയത്തിന് ബന്ധമൊന്നുമില്ല. രാജ്യമാകെ ഇപ്പോള്‍ അത്തരമൊരു അവബോധം വ്യാപകമാണ്. രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് അത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
5: ബിഷപ്പുമാരടക്കമുള്ള ഒരുപറ്റം കത്തോലിക്ക പുരോഹിതര്‍ ബിജെപി-യുമായി കൈകോര്‍ക്കുന്നതില്‍ അപാകതയൊന്നും കാണുന്നില്ലെന്നു മാത്രമല്ല അതാണ് അഭികാമ്യമെന്നു കരുതുന്ന സാഹചര്യത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.
അത്തരമൊരു നിലപാട് ഒരിക്കലും അഭിലഷണീയമല്ല. റബറിന് 300 രൂപയാക്കുമെങ്കില്‍ മൂന്ന് ബിജെപിക്കാരെ എംപി മാരായി വിജയിപ്പിക്കുമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വന്നയുടനെ അതിന്റെ അനഭിലഷണീയതയെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. മണിപ്പൂരിലെ സംഭവവികാസങ്ങള്‍ക്കുശേഷം ബിഷപ്പുമാര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തുമെന്നു കരുതുന്നു.