TMJ
searchnav-menu
post-thumbnail

Religion & Politics

മതം വേണോ മനുഷ്യന്?

28 Oct 2023   |   8 min Read
റശീദ് ഹുദവി ഏലംകുളം

തം വേണോ മനുഷ്യന് എന്ന മൗലികമായ ചോദ്യമാണ് ഇവിടെ പരിഗണിക്കുന്നത്. പൊതുവെ മതാത്മകതയെക്കുറിച്ചുള്ള ചര്‍ച്ചയാണെങ്കിലും, വിവാദവിഷയങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ളത് മുസ്ലിം സാസ്‌കാരിക ബിംബങ്ങളായതിനാല്‍ മുസ്ലിം ലോകവീക്ഷണത്തില്‍ നിന്നുള്ള ഒരു വിശകലനമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

മനുഷ്യാസ്തിത്വത്തിന്റെ സഹജമായ ഗുണമാണ് മതാത്മകത, അഥവാ മനുഷ്യന്‍ ഒരു Homo Religiosus ആണ് എന്ന് നിര്‍ദേശിച്ച തത്ത്വചിന്തകര്‍ നിരവധിയാണ്. ഫ്രഡറിക് ഹെഗല്‍, കീര്‍കെഗാര്‍ഡ് റുഡോള്‍ഫ് ഒട്ടോ, ഫ്രഡറിക് ശ്ലെയ്മാഹര്‍ എന്നിവര്‍ മുതല്‍ പോള്‍ ടില്ലിച്ച്, മിര്‍സിയാ എല്യാഡേ വരെയുള്ളവര്‍ ഈ ആശയം മുന്നോട്ടുവച്ചവരാണ്. മതം, അല്ലെങ്കില്‍ മതവിശ്വാസം നിരാകരിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മനുഷ്യരുടെ സാമൂഹിക ഘടനയെ നിര്‍ണയിക്കുക, ലോകവീക്ഷണം രൂപപ്പെടുത്തുക, മനുഷ്യമനസ്സുകളില്‍ നൈതികത നിറയ്ക്കുക തുടങ്ങിയ ധര്‍മങ്ങള്‍ മതങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. വിവിധ സമൂഹങ്ങളില്‍ ജീവിക്കുന്ന കോടാനുകോടി മനുഷ്യര്‍ അവരുടെ സാമൂഹിക ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കുന്നതും, ചൂഷണങ്ങളോട് പടവെട്ടുന്നതും, അധിനിവേശവിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെടുന്നതും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും അവരവരുടെ മതങ്ങളുടെ മൂല്യവ്യവസ്ഥയ്ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതിന്റെ (Ethical Embodiment) ഭാഗമായാണ്. അതിനാല്‍ മതം വേണോ മനുഷ്യന് എന്ന ചോദ്യത്തേക്കാള്‍ മതം ഒഴിവാക്കണോ മനുഷ്യന് എന്ന ചോദ്യമാണ് കൂടുതല്‍ യുക്തിസഹം. അചഞ്ചലമായ ദൈവവിശ്വാസം ഒന്നുകൊണ്ടുമാത്രം ആളുകളെ വഞ്ചിക്കാതിരിക്കുകയും, നീതിയും നൈതികതയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവര്‍ ലോകത്ത് നിരവധിയാണ്. അത്തരക്കാരുടെ ജീവിതത്തില്‍ നിന്നും മതം പറിച്ചുമാറ്റിയാല്‍ പിന്നെ അതിനുപകരം വയ്ക്കുന്നത് മറ്റെന്താണ് എന്ന ചോദ്യം ഇവിടെ ശ്രദ്ധേയമാകുന്നു.

ശാസ്ത്രീയമായി കണ്ടുപിടുത്തങ്ങള്‍ നടക്കാത്ത ഒഴിഞ്ഞ മേഖലകള്‍ ചൂണ്ടിക്കാട്ടി എല്ലാം ശാസ്ത്രത്തിനു കണ്ടെത്താന്‍ സാധ്യമല്ലെന്ന് സ്ഥാപിക്കുന്ന ദുശ്ശീലം ചില വിശ്വാസികള്‍ പ്രകടിപ്പിക്കാറുണ്ട്. നിരീശ്വരവിശ്വാസികളും ശാസ്ത്രമാത്രവാദികളും God of Gaps അഥവാ വിടവുകളില്‍ തിരുകിയ ദൈവം എന്ന് അതിനെ പരിഹസിക്കാറുമുണ്ട്. എന്നാല്‍, ദൈവം അലങ്കരിക്കുന്ന ചില ഇടങ്ങളുണ്ട്. അവയില്‍ നിന്ന് ദൈവത്തെ മാറ്റിയാല്‍ പിന്നെ എന്തുവെച്ച് പരിഹരിക്കുമെന്ന് ആരും ഇന്നേവരെ വിമര്‍ശിച്ചു കണ്ടിട്ടില്ല. അത്തരം ഇടങ്ങളിലെ ദൈവത്തെ (God of Spaces എന്ന് തത്ക്കാലം വിളിക്കാം) നിരാകരിക്കുമ്പോള്‍ ദൈവനിഷേധികളും മതനിഷേധികളും മുന്നോട്ടുവയ്ക്കുന്നത് ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയിലെ ഭരണഘടനാ നൈതികതയാണ്. എന്നാല്‍ ഭരണഘടനാ നൈതികത ഒരു ബാഹ്യമായ ഇടപാടാണ്. രാഷ്ട്രത്തിന്റെ പോലീസിങ്ങും എന്‍ഫോഴ്സ്മെന്റും പിടികൂടുമെന്ന ഭയമുണ്ടാകുമ്പോള്‍ മാത്രമാണ് അത് പ്രവര്‍ത്തനക്ഷമമാകുന്നത്. രാഷ്ട്രത്തിന്റെ നിയമപ്രയോഗങ്ങളെ പണം കൊണ്ടും, സ്വാധീനം കൊണ്ടും, അധികാരം കൊണ്ടും മറികടക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ഭരണഘടന മനുഷ്യരുടെ നൈതികതയെ പ്രോത്സാഹിപ്പിക്കില്ല. ജീവകാരുണ്യമോ, വാഗ്ദാനപാലനമോ, സത്യസന്ധതയോ, അയല്‍വാസിയോടുള്ള സ്നേഹമോ, ഒരു വ്യക്തി പാലിച്ചുകൊള്ളണമെന്ന് ദേശരാഷ്ട്രത്തിന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം ആധുനിക ദേശരാഷ്ട്രം മനുഷ്യനെ പൗരനായി പുനര്‍നിര്‍വചിക്കുകയാണ് ചെയ്തത്. ദേശരാഷ്ട്രത്തിന്റെ അധികാരത്തിന് ഭീഷണിയാവുമ്പോള്‍ മാത്രമേ ഒരു പൗരന്റെ സ്വകാര്യതയില്‍ ഇടപെടുന്നുള്ളൂ. മറ്റൊരു വാക്യത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ വയോധികരാവുമ്പോള്‍ നിങ്ങളുടെ മക്കള്‍ നിങ്ങള്‍ മരിച്ചുകിട്ടാന്‍ വേണ്ടി കാത്തിരിക്കുകയും നിങ്ങളുടെ സ്വത്തില്‍ കണ്ണുവെച്ച് സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ മാനസിക നിലയെ മാനിക്കാന്‍ ദേശരാഷ്ട്രം ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ ഭര്‍ത്താവോ ഭാര്യയോ ഒരു സുപ്രഭാതത്തില്‍ നിങ്ങളോടൊപ്പം ജീവിക്കുകയും, അതേസമയം രഹസ്യമായി മറ്റൊരു വ്യക്തിയുമായി അവിഹിതബന്ധം പുലര്‍ത്തുകയും ചെയ്യുമ്പോഴും രാഷ്ട്രം നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്നില്ല. കാരണം, ഒരു ഭാര്യയെന്ന നിലയില്‍ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട്  പ്രതിബദ്ധതയും വിശ്വസ്തതയും പാലിക്കണമെന്നോ, വയോധികനായ നിങ്ങളെ നിങ്ങളുടെ മക്കള്‍ സംതൃപ്തിയോടെ മരിക്കാന്‍ വിടണമെന്നോ രാഷ്ട്രത്തിന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം, രാഷ്ട്രത്തിന്റെ ആവശ്യം അതിന്റെ പൗരനെ ശരീരത്തെ പൂര്‍ണമായ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനും കീഴില്‍ കൊണ്ടുവരണമെന്ന് മാത്രമേ നിര്‍ബന്ധമുള്ളൂ. നിങ്ങളുടെ ലൈംഗിക പ്രതിബദ്ധതയോ വാര്‍ദ്ധക്യ സ്വാസ്ഥ്യമോ അതിന്റെ ലക്ഷ്യമല്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനുള്ളത് പോലെത്തന്നെ, നിങ്ങളുടെ ഇണയ്ക്ക് നിങ്ങളെ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിച്ചു പോകാം എന്ന നിലയ്ക്കാണ് ആധുനിക ലിബറല്‍ ലോകക്രമത്തില്‍ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം (CHOICE) പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിദ്ധ ഇസ്രയേലി ചരിത്രകാരന്‍ യുവാല്‍ ഹരാരി തന്റെ സാപ്പിയന്‍സില്‍ എഴുതിയിട്ടുണ്ട്. (Sapiens, പേജ്, 438).  ആധുനിക ദേശരാഷ്ട്രങ്ങള്‍ നിയമം പ്രയോഗിക്കുന്നത് മനുഷ്യരെ നന്നാക്കിയെടുക്കാനല്ല, മറിച്ച്  അധികാരിവര്‍ഗത്തിന്റെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണെന്ന് ഫ്രഞ്ച് ദാര്‍ശനികന്‍ മിഷേല്‍ ഫൂക്കോ നിരീക്ഷിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

യുവാൽ നോഹ ഹരാരി | PHITO: WIKI COMMONS
ഇതിന്റെ അടിസ്ഥാനത്തില്‍ മതം പ്രാഥമികമായി മനുഷ്യന്റെ ആത്മാവിനെയാണ് നിയന്ത്രിക്കുന്നത് എന്നും കാണാം. അഥവാ, നിങ്ങള്‍ ഒരു കച്ചവടക്കാരനാണെന്നും നിങ്ങളുടെ ഉത്പന്നം ജനകീയമാണെന്നും കരുതുക.  നിങ്ങളതില്‍ മായംചേര്‍ത്താല്‍ നിങ്ങള്‍ പിടിക്കപ്പെടില്ലെന്നും, പിടിക്കപ്പെട്ടാല്‍ തന്നെ നിയമത്തെ മറികടക്കാനുള്ള സ്വാധീനവും പണവും നിങ്ങള്‍ക്കുണ്ടെന്നും കരുതുക. അപ്പോള്‍ ദേശരാഷ്ട്രത്തിന്റെ നിരീക്ഷണത്തെയും പോലീസിങ്ങിനെയും നിങ്ങള്‍ക്ക് നിഷ്പ്രയാസം മറികടക്കാനാകുന്നു. അതേസമയം, നിങ്ങളൊരു വിശ്വാസിയാണെങ്കില്‍ മരണംവരെ സ്റ്റേറ്റ് തന്നെ പിടികൂടിയില്ലെങ്കിലും ശരി, മരണാനന്തരം മറ്റൊരു ലോകമുണ്ടെന്നും ദൈവീകവിചാരണയ്ക്ക് താന്‍ വിധേയനാകുമെന്ന് വിശ്വസിക്കുകയും മായംചേര്‍ക്കുന്നതില്‍ നിന്ന് ബാഹ്യമായ ഒരു കാരണവുമില്ലെങ്കിലും നിങ്ങള്‍ പിന്മാറുകയും ചെയ്യുന്നു. ചില സ്പേസുകളില്‍ ദൈവവും മതവും നിലനിന്നേ തീരൂ എന്ന് വിശ്വാസികള്‍ കരുതുന്നത് ഇതുകൊണ്ടൊക്കെയാണ്.

ധാര്‍മികത

മതവിശ്വാസത്തെ സ്ഥാപിക്കുന്ന ദാര്‍ശനികന്യായങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. അവയിലൊന്നാണ് ധാര്‍മികത. ലോകത്ത് ഇന്ന് ധാര്‍മികതയെ നിശ്ചയിക്കുന്നത് വ്യക്തിവാദത്തില്‍ അധിഷ്ഠിതമായ ലിബറല്‍ ഡെമോക്രസിയാണ്. ആനന്ദമുണ്ടാക്കുന്നതെല്ലാം ശരിയും പ്രയാസമുളവാക്കുന്നതെല്ലാം തെറ്റുമാണെന്നാണ് (consequentialism) ധാര്‍മികതയുടെ മാനദണ്ഡമായി അത് മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. യൂറോപ്പ് പുരാതന ഗ്രീസില്‍ നിന്നും നവോത്ഥാനത്തിലൂടെ വീണ്ടെടുത്തതായി കൊട്ടിഘോഷിക്കപ്പെടുന്ന മൂല്യമാണിത്. ഇതിന്റെ ആധുനിക രൂപമാണ് ഇംഗ്ലീഷ് തത്ത്വചിന്തകനായ ജെറെമി ബെന്‍താം മുന്നോട്ടുവച്ച യൂട്ടിലിട്ടേറിയനിസം. ശിഷ്യനായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ ഇതിനെ വികസിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്തു. ഒരു പ്രവര്‍ത്തനം സംഭവിക്കുമ്പോള്‍ അതിന്റെ ഫലം വിലയിരുത്തുന്ന സമയത്ത് ആനന്ദമാണോ പ്രയാസമാണോ കൂടുതലെന്ന് കണക്കുകൂട്ടുകയും ആനന്ദമാണ് കൂടുതലെങ്കില്‍ അത് ശരിയും പ്രയാസമാണ് കൂടുതലെങ്കില്‍ അത് തെറ്റുമാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.  ഈ മാനദണ്ഡപ്രകാരം ഒരു പെണ്‍കുട്ടിയെ മുപ്പതുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്താല്‍ അതില്‍ ശരി ആരുടെ പക്ഷത്തായിരിക്കും? ഒരാളുടെ പ്രയാസത്തിനാണോ അതോ മുപ്പതു പേരുടെ ആനന്ദത്തിനാണോ പരിഗണന? ഒരു മുറിയില്‍ മരണത്തോട് മല്ലിട്ടുകിടക്കുന്ന ഒരാളുണ്ടെന്ന് കരുതുക. അയാളുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ അയാളുടെ അരികെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ വൈദ്യുതി ലഭ്യതയേ അവിടെയുള്ളൂ എന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ ഇതേസമയം, അയാളുടെ മുറിയോട് ചേര്‍ന്നുള്ള ഹാളില്‍ നൂറിലധികം പേര്‍ ലോകകപ്പ് ഫുട്ബോള്‍ കാണാനിരിക്കുന്നു. അവര്‍ക്കും വേണം വൈദ്യുതി. ഒരാളുടെ ജീവന്‍ അപകടത്തിലാക്കി നൂറിലധികം പേരുടെ ആനന്ദത്തെ തൃപ്തിപ്പെടുത്തണോ?

ബലാല്‍സംഗം ചെയ്യുന്നത് നിയമവിരുദ്ധമാകുന്നത് മറ്റൊരാളുടെ സമ്മതമില്ലാതെ അവരെ ദ്രോഹിക്കുന്നതിനാല്‍ നിലവിലെ ദേശരാഷ്ട്രങ്ങളില്‍ ബലാല്‍സംഗം നിയമവിരുദ്ധമാണെന്നത് ശരിതന്നെ. എന്നാല്‍, അത് പൗരനും ദേശരാഷ്ട്രവും തമ്മിലുള്ള ഭരണഘടനാപരമായ ധാരണ മൂലമാണ്. പക്ഷേ, ദേശരാഷ്ട്രം, പൗരത്വം എന്നീ സോഷ്യല്‍ കോണ്‍ട്രാക്ട് അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങള്‍ നിലനില്ക്കാത്ത സമയത്തോ സ്ഥലത്തോ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എങ്കില്‍ അവിടെ ഏത് മാനദണ്ഡം സ്വീകരിക്കും? ദേശരാഷ്ട്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ലോകക്രമം ഒരു ആധുനിക പ്രതിഭാസമാണല്ലോ. ഈ ലോകക്രമമല്ല ഇതിനുമുമ്പ് എല്ലായ്പ്പോഴും നിലനിന്നത്, തുടര്‍ന്നും ഇത് നിലനില്‍ക്കുമെന്ന് ഉറപ്പുമില്ല.

ജെറമി ബെന്താം | PHOTO: WIKI COMMONS
ഇനി ഒരു പ്രദേശത്തെ ജനാധിപത്യം പാര്‍ലമെന്ററി ഭൂരിപക്ഷമുപയോഗിച്ച് ഇനി മുതല്‍ ആനന്ദത്തിന്റെ തോത് വലുതാണെങ്കില്‍ ഏത് പ്രവര്‍ത്തനവും ന്യായീകരിക്കാമെന്നും, പ്രയാസമനുഭവിക്കുന്ന വ്യക്തിയുടെ പ്രയാസം അപ്രസക്തമാണെന്നും തീരുമാനിച്ചാല്‍ എന്തായിരിക്കും ഫലം? ഫാസിസവും കറുത്തവര്‍ പരിണാമം പൂര്‍ത്തിയാവാത്ത അര്‍ദ്ധമനുഷ്യരാണെന്ന പേരില്‍ ശാസ്ത്രീയവംശീയതയും നിയമപരമായിത്തന്നെ നടമാടിയ ഈ ലോകത്ത് ആനന്ദം വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കി കൂട്ടബലാല്‍സംഗത്തെ നിയമപരമാക്കിയാല്‍ ഈ ലോകം എങ്ങനെയായിരിക്കും?  അവിടെ ധാര്‍മികതയുടെ ഏത് മാനദണ്ഡമാക്കിയാണ് മനുഷ്യന്‍ നേരിടുക? ഇവിടെയാണ് മനുഷ്യന്‍ ചില ആത്യന്തിക സത്യങ്ങള്‍ തിരിച്ചറിയേണ്ടത്. മനുഷ്യന്റെ തലച്ചോറുകൊണ്ട് ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ തീരുമാനിച്ചാല്‍ പൂര്‍ണമാവില്ല എന്ന ഈ തിരിച്ചറിവാണ് മതവിശ്വാസികളുടെ സാന്നിധ്യത്തെ സാധൂകരിക്കുന്നത്.

ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം മനുഷ്യന്റെ ജീവിതത്തെ ഉഴുതുമറിച്ച പ്രതിഭാസമാണ് ആധുനിക ശാസ്ത്രം. ധാര്‍മികത ശാസ്ത്രീയമായ രീതികളുപയോഗിച്ച് തന്നെ കണ്ടെത്താമെന്ന അന്ധവിശ്വാസം വച്ചുപുലര്‍ത്തുന്ന ശാസ്ത്രജ്ഞര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, ശാസ്ത്രത്തിന് ധാര്‍മികത തീരുമാനിക്കാന്‍ ശേഷിയില്ലെന്നും ഏതെങ്കിലും പ്രത്യയശാസ്ത്രമില്ലാതെ അതിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും യുവാല്‍ നോവ ഹരാരി തന്റെ സാപ്പിയന്‍സില്‍ നിരീക്ഷിക്കുന്നത് കാണാം. ഹരാരി എഴുതുന്നു: ''ശാസ്ത്രത്തിന് മുന്‍ഗണനകള്‍ നിശ്ചയിക്കാനാവില്ല. കണ്ടുപിടുത്തങ്ങളെ എന്തിനുപയോഗിക്കണമെന്നും അതിനറിയില്ല. ഉദാഹരണത്തിന് ജനിതക ശാസ്ത്രം എന്തിനെല്ലാമുപയോഗിക്കാം? കാന്‍സര്‍ ചികിത്സയ്ക്കോ അതോ ജനിതകമായി മാറ്റംവരുത്തിയുണ്ടാക്കിയ സൂപ്പര്‍മാനെ സൃഷ്ടിക്കാനോ അതോ ഭീമമായ അകിടുകളുള്ള ഒരുപാട് പാല്‍ ചുരത്തുന്ന പശുക്കളെ ഉത്പാദിപ്പിക്കാനോ? ജനിതകശാസ്ത്രത്തെ ഒരു ലിബറല്‍ ഗവണ്‍മെന്റും ഒരു നാസി ഗവണ്‍മെന്റും ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക എന്നുറപ്പാണ്. ഈ മൂന്നില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ ശാസ്ത്രീയമായ യാതൊരു കാരണവും നിലനില്‍ക്കുന്നില്ല. പ്രത്യയശാസ്ത്രമോ മതമോ ഉപയോഗിച്ച് മാത്രമേ ശാസ്ത്രത്തിന് നിലനില്‍ക്കാന്‍ കഴിയൂ'. (Yuval Noah Harari, Sapiens, 304-305).

കേവലമായ ഭൗതികവാദം ശാസ്ത്രലോകത്തെ അന്ധവിശ്വാസങ്ങളിലൊന്നാണെന്നും ഭൗതികവാദം വെടിഞ്ഞ് ആത്യന്തിക സത്യങ്ങളെ തിരിച്ചറിയുമ്പോഴേ ശാസ്ത്രം കൂടുതല്‍ പുരോഗമനപരവും, രസകരവും അന്ധവിശ്വാസമുക്തവും ആവുകയുള്ളൂ എന്നും പ്രശസ്ത ശാസ്ത്രജ്ഞന്‍ റൂപര്‍ട്ട് ഷെല്‍ഡ്രേക്ക് തന്റെ ദ സയന്‍സ് ഡെല്യൂഷന്‍ (2020) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ധാര്‍മിക മൂല്യങ്ങള്‍ മാറിമറിയുമെന്നും ഓരോ കാലത്തും ഓരോ സ്ഥലത്തും അതത് വ്യക്തികള്‍ തീരുമാനിക്കുന്നതാണ് അവരുടെ ശരിയും തെറ്റുമെന്നുമാണ് മതനിഷേധികള്‍ വിശ്വസിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശാസ്ത്രം കൂടുതല്‍ പുരോഗമിക്കാത്ത കാലത്ത് ശരിയെന്ന് കരുതുന്ന കാര്യങ്ങള്‍ പിന്നീട് തെറ്റെന്ന് തെളിയുമ്പോള്‍ ഭൂതകാലത്ത് ചെയ്ത തെറ്റുകളെ എങ്ങനെ പരിഹരിക്കും? പരിണാമം പൂര്‍ത്തിയാകാത്ത മനുഷ്യരാണ് കറുത്തവര്‍ എന്നും അവരെ മനുഷ്യരായി കണക്കാക്കേണ്ടതില്ലെന്നും ശാസ്ത്രലോകത്തെ ഒരു ന്യൂനപക്ഷമെങ്കിലും മുന്നോട്ടുവച്ച ഭൂതകാലത്തെ ശാസ്ത്രീയതത്ത്വത്തെ (Scientific Racism)  നിലവിലെ ധാരണ ഉപയോഗിച്ച് തെറ്റാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് എങ്ങനെ പരിഹരിക്കും? അതിന്റെ പേരില്‍ നടന്ന കറുത്ത മനുഷ്യരുടെ അടിമവ്യാപാരത്തില്‍ ഏര്‍പ്പെട്ടവര്‍ ചെയ്ത നീതികേടിനെ എങ്ങനെ പരിഹരിക്കും, എങ്ങനെ എവിടെ വച്ച് എപ്പോള്‍ ആര് നീതി നല്‍കും? ഇത്തരം ദാര്‍ശനികപ്രശ്നങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് മതം മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം മാത്രമാണ്.

വിശ്വാസികളും തിന്മചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യം പ്രസക്തമാണ്. തിന്മചെയ്യണം, എങ്കിലേ അവന്‍ വിശ്വാസിയാകൂ എന്നാണതിന് മറുപടി. തിന്മചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴേ അവന് വിശ്വാസിയാകാന്‍ കഴിയൂ. കാരണം, പരലോകത്ത് നന്മചെയ്യുന്നവന് ശിക്ഷയും തിന്മ ചെയ്യുന്നവന് ശിക്ഷയും ഉണ്ടാവുന്നതില്‍ അപ്പോഴേ ന്യായമുള്ളൂ. മതവിശ്വാസികള്‍ തിന്മചെയ്യുകയും, നിരീശ്വര വിശ്വാസികള്‍ നന്മ ചെയ്യുകയും ചെയ്യുന്ന ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത് മതവിശ്വാസത്തെ അപ്രസക്തമാക്കുന്നില്ല, മറിച്ച്, മനുഷ്യന്റെ സഹജമായ സദ്ബോധത്തിന്റെയും സഹജമായ ദുര്‍ബോധത്തിന്റെയും പ്രതിഫലനം മാത്രമാണ്. മനുഷ്യസഹജമായി ഈ രണ്ടു ബോധങ്ങളും ഉണ്ടെന്നതിനാല്‍ മതവിശ്വാസികളില്‍ ചിലര്‍ ദുര്‍വൃത്തരും നിരീശ്വരവിശ്വാസികളില്‍ ചിലര്‍ സദ്വൃത്തരും ആകുന്നത് സ്വാഭാവികം മാത്രമാണ്. അപ്പോള്‍ പിന്നെ മതത്തിന്റെ പ്രസക്തിയെന്താണ്? പ്രലോഭനങ്ങളെ മറികടക്കാനുള്ള ദാര്‍ശനികമായ ന്യായം നല്‍കുന്നു എന്നതാണാ പ്രസക്തി. സദ്വൃത്തനായ നിരീശ്വരവിശ്വാസിക്കും തിന്മ ചെയ്യാനുള്ള പ്രലോഭനമുണ്ടാകാം, അതിനുള്ള മുഴുവന്‍ സാഹചര്യങ്ങളുമൊരുങ്ങാം. അപ്പോള്‍ അവയെ മറികടക്കാനുള്ള യാതൊരു ന്യായവും അവനുണ്ടാവില്ല. കാരണം, അവന്‍ അവനെ കാണുന്നത് മരിക്കുന്നതോടെ മണ്ണില്‍ ലയിക്കുന്ന ജന്തുവായിട്ടും നന്മതിന്മകള്‍ക്ക് വിചാരണ അഭിമുഖീകരിക്കേണ്ടതില്ലാത്ത പരിണാമവ്യവസ്ഥയിലെ ഒരു ഘട്ടമായിട്ടും മാത്രമാണ്, അവന്റെ മരണത്തോടെ അവന്‍ ചെയ്ത നന്മയും തിന്മയും സര്‍വം മണ്ണിലലിയുന്നു. ഇങ്ങനെയൊരു ദര്‍ശനം പിന്തുടരുന്നയാള്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന്റെ പരമാവധി ആസ്വദിക്കുക എന്നതില്‍ കവിഞ്ഞ് മറ്റു വല്ല ദാര്‍ശനിക പ്രചോദനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.  നന്മ ചെയ്യാന്‍ മതം ആവശ്യമില്ലെന്നതു ശരി തന്നെ, പക്ഷേ, തിന്മചെയ്യാനും നന്മചെയ്യാതിരിക്കാനുമുള്ള പ്രലോഭനങ്ങളെ മറികടക്കാന്‍ മതം ആവശ്യമാണെന്നതാണ് ഇവിടെ തെളിയുന്നത്.  മതമില്ലാതെയും നന്മചെയ്യാമല്ലോ എന്ന സെക്കുലര്‍ ഹ്യൂമനിസ്റ്റുകളുടെ വാദം നിരര്‍ത്ഥകമാണെന്നര്‍ത്ഥം.

റൂബർട്ട് ഷെൽഡ്രേക്ക് | PHOTO: WIKI COMMONS
എന്തിനാണ് മതങ്ങള്‍ മനുഷ്യരെ നിയന്ത്രിക്കുന്നത്, മനുഷ്യര്‍ സഹജമായി നന്മയുള്ളവരല്ലേ എന്ന് ചോദിക്കുന്നവര്‍ എന്തിനാണ് രാജ്യങ്ങളും ഗവണ്‍മെന്റുകളും മനുഷ്യരെ നിയന്ത്രിക്കുന്നത് എന്ന ചോദ്യം കൂടി ചര്‍ച്ച ചെയ്യുന്നത് നന്നാവും. ഗവണ്‍മെന്റുകള്‍ മനുഷ്യരിലെ സഹജനന്മയെ മുന്‍നിര്‍ത്തി പിരിച്ചുവിടാന്‍ കഴിയുമോ? റോഡില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വേണ്ടിയാണ്, അല്ലാതെ തടഞ്ഞുനിര്‍ത്താനല്ല. മതം മതവിശ്വാസികളെ നിയന്ത്രിക്കുന്നതിനെ അപലപിക്കുന്നവര്‍ രാജ്യം രാജ്യത്തെ പൗരന്‍മാരെ നിയന്ത്രിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന പ്രകടമായ വൈരുദ്ധ്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. പൗരന്‍മാര്‍ സ്വന്തം രാജ്യം തെരഞ്ഞെടുത്ത് അതിന്റെ നിയമമനുസരിച്ച് ജീവിക്കുന്നതു പോലെത്തന്നെയാണല്ലോ മതവിശ്വാസികള്‍ അവരുടെ മതം തിരഞ്ഞെടുത്ത് അതിനനുസരിച്ച് ജീവിക്കുന്നതും.

നീതി

മതത്തെ പ്രസക്തമാക്കുന്ന മറ്റൊരു ദാര്‍ശനികന്യായം നീതിയുടെ പ്രശ്നമാണ്. ഓരോ മനുഷ്യനും നീതിക്കുവേണ്ടി ദാഹിക്കുന്നു. അത് നിഷേധിക്കുമ്പോള്‍ പ്രതികരണശേഷിയുള്ളവര്‍ പ്രതികരിക്കുകയും സമരങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. സമരങ്ങള്‍ വിജയിക്കുമ്പോള്‍ നീതി ലഭ്യമാവുകയും സമരമാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നീതി കിട്ടാതെ പോവുകയും ചെയ്യുന്നു. പ്രതികരിക്കാനും സമരത്തിലേര്‍പ്പെടാനും ശേഷിയില്ലാത്തവര്‍ ഈ ലോകത്ത് നരകിച്ചു പൊറുക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, നീതി നിഷേധിക്കപ്പെടുമ്പോള്‍ പ്രതികരണശേഷിയുള്ള മനുഷ്യര്‍ കലഹിച്ചുമരിക്കുകയും ഇല്ലാത്തവര്‍ നരകിച്ചു പൊറുക്കുകയും ചെയ്യുന്നത് എന്തിനാണ്? മനുഷ്യന്‍ ആത്യന്തികമായി നീതി കാംക്ഷിക്കുന്നു എന്നതുകൊണ്ടാണത്. മനുഷ്യര്‍ സമരം ചെയ്യുന്നതും അതിനുവേണ്ടിയാണ്.

മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാകുന്നത് ഇവിടെയാണ്. മൃഗങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സമയത്ത് തനിക്ക് നീതി ലഭിച്ചില്ലല്ലോ എന്ന് ഒരു മൃഗവും വ്യാകുലപ്പെടുന്നില്ല. കാരണം നീതിയെക്കുറിച്ച് ചിന്തിക്കുന്ന മനഃസാക്ഷിയോ നീതിബോധമോ അവര്‍ക്കില്ല. മനുഷ്യനതുണ്ടുതാനും. അങ്ങനെയാണെങ്കില്‍ സമരങ്ങള്‍ വിജയിച്ച് ഒടുവില്‍ നീതിപുലരുന്ന സമയത്ത് സമരവീഥിയില്‍ പൊലിഞ്ഞു പോയവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള മാര്‍ഗമെന്താണ്? അത് പിന്നീട് അവര്‍ എങ്ങനെയാണ് അനുഭവിക്കാന്‍ പോകുന്നത്? ഇനി പ്രതികരണശേഷിയില്ലാത്ത മനുഷ്യര്‍ നരകിച്ചുപൊറുക്കുകയും പിന്നീട് നീതിലഭിക്കാതെ മരിക്കുകയും ചെയ്താല്‍ അവരുടെ നീതി എവിടെ നിന്നും ആര് ലഭ്യമാക്കാനാണ്? മനുഷ്യന്‍ മരിക്കുന്നതോടെ അവന്റെ നീതിസങ്കല്‍പവും മരിക്കുന്നു എന്നാണ് ഉത്തരമെങ്കില്‍ നീതിനിഷേധിക്കപ്പെടുമെന്ന് ഉറപ്പുള്ള മനുഷ്യരെ നരകിച്ചുപൊറുക്കാന്‍ വിടാതെ ആദ്യമേ കൊന്നുകളയുകയാവില്ലേ കൂടുതല്‍ യുക്തിസഹം? മാത്രമല്ല,  മനുഷ്യര്‍ മരിക്കുന്നതോടെ നീതിസങ്കല്‍പം ഇല്ലാതാവുമെങ്കില്‍ വിശേഷബുദ്ധിയും നീതിബോധവും മനഃസാക്ഷിയുമുള്ള മനുഷ്യനും ഇതൊന്നുമില്ലാത്ത മൃഗവും തമ്മിലുള്ള വ്യത്യാസം മാനിക്കാതിരിക്കുന്നതിനു തുല്യമല്ലേ? അതാവില്ലേ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി. അങ്ങനെ വരുമ്പോള്‍ മനുഷ്യന്‍ ജീവിതകാലത്ത് നീതി കാംക്ഷിക്കുന്നതിന്റെ വിശദീകരണം എന്താണ്? സമരങ്ങള്‍ ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്? നീതികിട്ടാതെ മരിച്ച ഒരാളെ പിന്നീട് ഏതെങ്കിലും കാലത്ത് പുനര്‍ജീവിപ്പിച്ച് കൊണ്ടുവരികയും അയാളോട് മരിച്ചു കഴിഞ്ഞതിനാല്‍ നിഷേധിക്കപ്പെട്ട നീതിക്ക് പ്രസക്തിയില്ല എന്നു പറഞ്ഞാല്‍ അയാളുടെ സമരത്വര വീണ്ടും ഉണരില്ലേ? മരണാനന്തരം മറ്റൊരു ജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ചോദ്യങ്ങളെ കൃത്യതയോടെ നേരിടും. മുസ്ലിംലോകവീക്ഷണം പുലര്‍ത്തുന്നവരെ അവരുടെ പരലോകവിശ്വാസം ഇത്തരം ദാര്‍ശനികപ്രതിസന്ധികളില്‍ നിന്നും വിമോചിപ്പിക്കുന്നതും അവര്‍ അതിനനുസരിച്ച് അവരുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതും നരവംശശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും തെളിഞ്ഞ കാര്യമാണ്.

മതവും ഹിംസയും

മതം ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദം ഒരു ന്യായവൈകല്യമാണ്. മതവും ഹിംസയും തമ്മില്‍ ബന്ധമുണ്ടാകാം, (Co-relation). എന്നാല്‍ കാര്യകാരണബന്ധമില്ല (causation). മതാനുയായികള്‍ ഹിംസയിലേര്‍പ്പെടുന്നതിനാല്‍ മതം ആപത്താണെന്ന് പറയുന്നവര്‍, ഗവണ്‍മെന്റുകള്‍ അഴിമതിയിലേര്‍പ്പെടുന്നതിനാല്‍ ഗവണ്‍മെന്റുകളെയും, ചികിത്സാപിഴവുകളും മരുന്നു ചൂഷണവും നടത്തുന്നതിനാല്‍ ആശുപത്രികളെയും ആപത്തായി പ്രഖ്യാപിക്കേണ്ടി വരും. അല്ലെങ്കിലും, ഒന്നും രണ്ടും മഹായുദ്ധങ്ങള്‍, ഹോളോകോസ്റ്റ്, റഷ്യയില്‍ സ്റ്റാലിനും കംമ്പോഡിയയില്‍ പോള്‍പ്പോട്ടും, ചൈനയില്‍ മാവോയും, ഇറാഖില്‍ അമേരിക്കയും നടത്തിയ കൊലപാതകങ്ങള്‍, പതിനേഴാം നൂറ്റാണ്ടു മുതല്‍, സ്പാനിഷ്- പോര്‍ച്ചുഗീസ്- ഫ്രഞ്ച്-ഡച്ച് ബ്രിട്ടീഷ് ശക്തികള്‍ ലോകരാജ്യങ്ങളില്‍ നടത്തിയ കോളനിവത്ക്കരണം എന്നിവയൊക്കെ ഇസ്ലാമിന്റെയോ മുസ്ലിമുകളുടെയോ പ്രശ്നമായിരുന്നോ?

കാരെൻ ആംസ്ട്രോംഗ് | PHOTO: WIKI COMMONS
ബ്രിട്ടീഷ് എഴുത്തുകാരിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും യുഎന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്റെ അമ്പാസിഡറുമായ കാരന്‍ ആംസ്ട്രോങ് തന്റെ Fields of Blood: Religion and the History of Violence എന്ന ഗ്രന്ഥത്തില്‍ മതങ്ങളും ഹിംസയും നേരിട്ടു ബന്ധമില്ലെന്ന് സ്ഥാപിക്കുന്നുണ്ട്. ജൂത-ക്രൈസ്തവ-ഹൈന്ദവ-ബൗദ്ധ-മുസ്ലിം പാരമ്പര്യങ്ങളെ മുഴുവന്‍ പഠിച്ചിട്ടാണ് അവരീ നിഗമനത്തിലെത്തിയത്. റോബര്‍ട്ട് പൈപ്പും ജെയിംസ് ഫെല്‍ഡ്മാനും ചേര്‍ന്നെഴുതിയ Cutting the Fuse Cutting the Fuse - The Explosion of Global Suicide Terrorism and How to Stop It   എന്ന പഠനത്തില്‍ ശ്രീലങ്ക മുതല്‍ ലബനാന്‍ വരെയുള്ള രാജ്യങ്ങളിലായി 1980 മുതല്‍ 2009 വരെയുള്ള കാലഘട്ടം വരെ നടന്ന ചാവേര്‍ ആക്രമണങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നുണ്ട്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് മതവുമായി കാര്യമായ ബന്ധമൊന്നുമില്ലെന്നും, വിദേശരാജ്യങ്ങള്‍ സ്വദേശത്തേക്കു കടന്നുകയറുന്നതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളാണ് അവയുടെ മൂലകാരണമെന്നുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന നിഗമനം. ഇനി പരസ്പരം പോരടിക്കാനുള്ള പ്രചോദനമായി മതം പ്രവര്‍ത്തിക്കുന്നു എന്നു സമ്മതിച്ചാല്‍ തന്നെ, കരുണ, സഹാനുഭൂതി, സ്നേഹം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന പ്രതിഭാസമായി മതം പ്രവര്‍ത്തിക്കുന്നുണ്ടെന്ന സാമൂഹ്യാനുഭവത്തെ എങ്ങനെ വിശദീകരിക്കും? ചാരിറ്റി, ജീവകാരുണ്യ ചൂഷണങ്ങള്‍ക്കെതിരെയും കൊളോണിയല്‍ വിരുദ്ധ പോരാട്ടം എന്നിവയ്ക്ക് മതം പ്രചോദകമായതിന്റെ ചരിത്രപരവും നരവംശശാസ്ത്രപരവുമായ തെളിവുകളെ എങ്ങനെ തിരസ്‌കരിക്കാനാവും?

#Religion & Politics
Leave a comment