മതങ്ങള്‍ മനുഷ്യന് ആവശ്യമുണ്ടോ?
മതത്തെ സമൂഹത്തിന്റെ സമാഹൃതമായ മനസ്സ് എന്നാണ് സാമൂഹിക ശാസ്ത്രജ്ഞനായ എമില്‍ ദുഖൈം (Emile Durkheim) വിശേഷിപ്പിക്കുന്നത്. മതം വെറും ഭാവനയുടെ നിഴലാട്ടം മാത്രമല്ലെന്നും അങ്ങനെയാണെങ്കില്‍ അത് കാലത്തെ അതിജീവിക്കുമായിരുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാവനയിലോ മിഥ്യാബോധത്തിലോ അല്ല, ചില യാഥാര്‍ത്ഥ്യത്തിലാണ് മതത്തിന്റെ അടിത്തറ ഉറപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ ആ യാഥാര്‍ത്ഥ്യത്തെ വായിച്ചെടുക്കാന്‍ അതിനുള്ളില്‍ നില്‍ക്കുന്ന വിശ്വാസികള്‍ക്കാകണമെന്നില്ല. അതിനു കഴിയുക സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ക്കാണ്. മതത്തിന്റെ ആദിമ ചോദനകളെയും അത് മനുഷ്യസമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെയും പറ്റി 'എലിമെന്ററി ഫോംസ് ഓഫ് റിലീജിയസ് ലൈഫ്' എന്ന കൃതിയില്‍ അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
'യഥാര്‍ത്ഥത്തില്‍ ഒരു മതവും വ്യാജമല്ല' എന്ന ദുഖൈമിന്റെ പ്രസിദ്ധമായ പ്രഖ്യാപനം മതത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാടാണ്. പ്രപഞ്ചത്തെയും ലോകത്തെയും തന്നെപ്പറ്റിതന്നെയുമുള്ള മനുഷ്യന്റെ ആദിമബോധം മതപരമായിരുന്നു. ജ്ഞാനത്തിന്റെ സൃഷ്ടിയും അതിന്റെ വിശദമാക്കലും എല്ലാ പൗരാണിക സമൂഹങ്ങളിലും മതത്തില്‍ നിന്നാണ് വളര്‍ന്നു വികസിക്കുന്നത്. തത്ത്വചിന്തയും ശാസ്ത്രവും ഗണിതവും സാഹിത്യവുമെല്ലാം എല്ലായിടത്തും മതത്തിന്റെ ശാഖകളായാണ് നിലനിന്നത്. പിന്നീടാണത് വേര്‍പിരിയുന്നത്. മനുഷ്യചിന്തയുടെ ആദ്യ വേരുകള്‍ അങ്ങനെ മതത്തിലാണ് ആഴത്തില്‍ ആഴ്ന്നിറങ്ങി നിന്നിരുന്നത്.
സമൂഹത്തെ നെയ്തെടുത്ത സക്രിയ ഘടകങ്ങളിലൊന്നായാണ് മതം എന്ന സാമൂഹിക അനുഭവത്തെ ദുഖൈം കാണുന്നത്. മതം വ്യക്തിയുടെ സ്വകാര്യ അനുഭവമായി വെളിപാടുപോലെ ഉണ്ടായി. ക്രമേണ സാമൂഹ്യമായ ഒന്നായി മാറിയതാണോ അതോ മതം ഉണ്ടായതു തന്നെ പൊതുവായ സാമൂഹ്യമായ ഒരു പ്രതിഭാസമായാണോ എന്ന പ്രാഥമികമായൊരു ചോദ്യം തന്നെ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ആദിമ നിവാസികളുടെ ടോട്ടം വിശ്വാസത്തെ വിശദീകരിച്ച് ആദിമ മനുഷ്യന്റെ മതചോദനകളുടെ ആദ്യരൂപങ്ങളെ വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കുലത്തിന്റെ വിശ്വാസചിഹ്നമാണ് ടോട്ടം. അതൊരു മൃഗമോ പക്ഷിയോ പ്രകൃതി വസ്തുവോ ഒക്കെയാകാം. ടോട്ടം വിശ്വാസം മതപരമായിരുന്നു. കാരണം, വിശുദ്ധം, ലൗകികം അല്ലെങ്കില്‍ മ്ലേച്ഛം എന്നിങ്ങനെ വേര്‍തിരിക്കുന്ന സമീപനം അതിനുണ്ടായിരുന്നു. കുലം എന്ന പ്രാഥമിക സാമൂഹ്യസംവിധാനത്തെ ഒന്നിപ്പിച്ചുനിര്‍ത്തിയത് ടോട്ടമാണ്. വ്യക്തികളുടെ സ്വകാര്യ ടോട്ടം വിശ്വാസം ക്രമേണ കുലത്തിന്റെ ടോട്ടമായി മാറിയതാണോ എന്നാണ് ദുഖൈം പരിശോധിച്ചത്. അതങ്ങനെയല്ല എന്നാണ് പല വാദങ്ങളും പരിശോധിച്ചുകൊണ്ട് അദ്ദേഹം എത്തിച്ചേരുന്ന നിഗമനം. ഓസ്ട്രേലിയ പോലെയുള്ള ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആദിമ സമൂഹത്തില്‍ കുലത്തിന്റെ സാമൂഹികമായ ടോട്ടം മാത്രമേയുള്ളു, വ്യക്തിയുടെ സ്വകാര്യ ടോട്ടമില്ല. താരതമ്യേന വികസിതമായ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയിലാണ് സ്വകാര്യ ടോട്ടം വിശ്വാസം പ്രബലമായുണ്ടായിരുന്നത്. അപ്പോള്‍ കുലത്തിന്റെ ടോട്ടം ആദ്യമുണ്ടായി, പിന്നീട് സ്വകാര്യ ടോട്ടവും എന്ന നിഗമനത്തിലേക്കാണ് അദ്ദേഹം എത്തിയത്. അതിനാല്‍ മതം സാമൂഹിക അനുഭവമായാണ് ആദ്യം ഉണ്ടായത് എന്നാണ് ദുഖൈം പറഞ്ഞുവയ്ക്കുന്നത്.
എമില്‍ ദുഖൈം | PHOTO: WIKI COMMONS
ഒരു വലിയ വിഭാഗം ജനങ്ങളുടെ പൊതുവായ ഐക്യബോധം കൂടിയാണ് മതം എന്നത്. രാജ്യാതിര്‍ത്തികളെയും ഭൂഖണ്ഡങ്ങളെയും അതിവര്‍ത്തിക്കുന്ന ഒരു ഐക്യബോധമാണത്. അതിവിപുലമായൊരു സമുദായ ഐക്യബോധമാണത്. വലിയ ഒന്നിന്റെ ഭാഗമാണെന്ന ചിന്ത നല്‍കുന്ന ആത്മധൈര്യമാണ് മതം മനുഷ്യരില്‍ സൃഷ്ടിക്കുന്ന ക്രിയാത്മക ബോധം. പതിരതരായ മനുഷ്യരുടെ നിശ്വാസവും ഹൃദയരഹിതമായ ലോകത്തിന്റെ ഹൃദയവുമായി കാറല്‍ മാര്‍ക്സ് മതത്തെ കണ്ടത് മതം മനുഷ്യര്‍ക്ക് നല്‍കുന്ന താല്‍ക്കാലികമായ ആശ്വാസം കാരണമാണ്. എന്നാല്‍ അത് അയഥാര്‍ത്ഥമായ ഒരു ബോധം മാത്രമാണെന്ന് അദ്ദേഹം കരുതി. സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കുമുള്ള മനുഷ്യസമൂഹത്തിന്റെ പരിവര്‍ത്തനത്തോടെ ഈ വ്യാജബോധവും തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം സങ്കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സോഷ്യലിസത്തിലേക്ക് ലോകത്തെ മാറ്റാനുള്ള മാര്‍ക്സിസത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളൊക്കെ ക്ഷീണിച്ചുപോകുകയും തുടച്ചുനീക്കപ്പെടുകയും പകരം അവര്‍ നീക്കിക്കളയാന്‍ ശ്രമിച്ച മതം കൂടുതല്‍ ശക്തിയോടെ മടങ്ങിയെത്തുകയും ചെയ്തു. സോഷ്യലിസത്തേക്കാള്‍ മതമാണ് മനുഷ്യന്റെ ജൈവചോദനയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത് എന്ന അര്‍ത്ഥം ഇതിനുണ്ടോ? അങ്ങനെ അതിനെ കാണേണ്ടതില്ല. മനുഷ്യന്റെ സ്വാതന്ത്ര്യബോധവും പ്രത്യയശാസ്ത്രങ്ങളുടെ സമഗ്രാധിപത്യ ഭാവവും തമ്മിലുള്ള കലഹമാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളെ തകര്‍ത്തുകളഞ്ഞത്.
എന്നാല്‍ മതം ഇന്ന് ലോകത്തില്‍ വഹിക്കുന്ന പങ്കിനെ അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളോടും കൂടി പരിശോധിക്കേണ്ടതുണ്ട്. മതവിരുദ്ധ മതമായി മാറിയ യുക്തിവാദത്തിന്റെ കാഴ്ചകളുടെയും വിശ്വാസം മറ്റെല്ലാ കാഴ്ചകളേയും മറയ്ക്കുന്ന വിശ്വാസിയുടെ സങ്കുചിത കാഴ്ചയുടെയും മധ്യത്തിലൂടെയുള്ള നോട്ടമേ ഇക്കാര്യത്തില്‍ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധമുള്ള ഒരു വിശകലനത്തിലേക്ക് എത്തിച്ചേരുകയുള്ളു.
മാര്‍ക്സ് ചൂണ്ടിക്കാണിച്ച മതത്തിന്റെ മനഃശാസ്ത്രപരമായ സാന്ത്വനം ഇന്നും വളരെ പ്രസക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈക്കാട്രിക് ക്ലിനിക്കായാണ് മതം ഇന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലാ അത്താണിയും നഷ്ടപ്പെടുന്ന മനുഷ്യന്റെ ഏറ്റവും വലിയ പിടിവള്ളിയാണ് ദൈവം. അങ്ങനെയൊരു സ്ഥാപനം ലോകത്തില്‍ പൊടുന്നനെ ഒരു ദിവസം ഇല്ലാതായാല്‍ അത് സൃഷ്ടിക്കുന്ന അരക്ഷിതത്വവും അന്ധാളിപ്പും താങ്ങാന്‍ മനുഷ്യസമൂഹത്തിന് ചിലപ്പോള്‍ കഴിഞ്ഞേക്കില്ല. അതേസമയംത്തന്നെ, മതം അപരവിദ്വേഷവും ശത്രുതയും സൃഷ്ടിക്കുന്ന ഒന്നായി, മനുഷ്യസാഹോദര്യത്തെ വെല്ലുവിളിച്ചുകൊണ്ടുമിരിക്കുന്
കാൾ മാർക്സ് | PHOTO: WIKI COMMONS
വിശ്വാസികളുടെ മതം
മ്ലേച്ഛമായ ലോകത്തില്‍ വിശുദ്ധതയുടെ തുരുത്തുകള്‍ സൃഷ്ടിക്കുന്നതാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതം. എന്നാല്‍ അത് ഏതോ ഒരു പഴയ കാലത്തിന്റെ പുനഃസൃഷ്ടികൂടിയാണ്. പൗരാണികമായ ഒരു കാലത്തിന്റെ ബോധവും സാമൂഹിക ബന്ധങ്ങളുമാണ് മതഗ്രന്ഥങ്ങളിലുള്ളത്. എന്നാല്‍ അതില്‍ നിശ്ചയമായും കാലാതിവര്‍ത്തിയായ ചില മൂല്യങ്ങളുമുണ്ടാകാം. കാലബദ്ധമായ അതിന്റെ മൂല്യവ്യവസ്ഥയാകട്ടെ മാറുന്ന ലോകത്തോട് ചേരാത്തതായിരിക്കും. അങ്ങനെയാണ് വിവിധ മതങ്ങളില്‍ നവീകരണമുണ്ടാകുകയും കാലത്തിനു ചേരുന്നവിധം മതബോധത്തില്‍ മാറ്റങ്ങളുണ്ടാകുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ആധുനിക ബോധത്തിന് നിരക്കാത്ത മതപ്രബോധനങ്ങളെ ഒരു വിശ്വാസി സ്വീകരിക്കേണ്ടതുണ്ടോ? സാമൂഹികമായി അവികസിതമായ ഒരു കാലത്ത് സമൂഹം സ്ത്രീയെ എങ്ങനെ കണ്ടു എന്ന വീക്ഷണമാകും മതഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജാതിയുടെ പ്രത്യയശാസ്ത്ര ആവരണമായി നിലകൊണ്ട മതം വര്‍ണവ്യവസ്ഥയെ ശാശ്വതീകരിക്കുന്ന മതഗ്രന്ഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകും. അധികാരത്തിന്റെ അനീതികളോട് കീഴടങ്ങി യാഥാസ്ഥിതികരായി കഴിയാനുള്ള ബോധത്തെ അത് പുനഃരുല്പ്പാദിപ്പിക്കുന്നുണ്
നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യയില്‍ അന്നത്തെ മൂല്യബോധവും സാമൂഹ്യസാഹചര്യങ്ങളും നിര്‍ണയിച്ച ഒരു വസ്ത്രധാരണരീതി ഇന്നും കേരളത്തില്‍ തുടരണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബോധം ഒരു വിധത്തിലും മനുഷ്യസമൂഹം ആര്‍ജിച്ച നീതിയുടെയും സമത്വത്തിന്റെയും ബോധനവീകരണത്തോട് ചേര്‍ന്നുപോകുന്നതാകില്ല. വേദകാലത്തിലേക്ക് തിരിച്ചുപോകണമെന്ന ചിന്ത അതിനുശേഷം ഇന്നോളം മനുഷ്യസമൂഹം ആകമാനം നേടിയ നവീനമായ ബോധത്തെയും മനുഷ്യബന്ധങ്ങളിലെ പുതിയ നീതിചിന്തയേയും എല്ലാം റദ്ദുചെയ്യുന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പലസ്തീന്‍കാരുടേയോ അതിനും മുമ്പുള്ള ഇസ്രയേലി ജനതയുടേയോ സാമൂഹിക വീക്ഷണങ്ങള്‍ ഇന്നത്തെ കാലത്തിന്റെ ചിന്തകളുമായി ചേരുന്നതാകില്ല. ഇതാണ് മതം വിശ്വാസികളെ എത്തിക്കുന്ന ഒരു പ്രതിസന്ധിഘട്ടം.
എന്നാല്‍ മതത്തെ അതിലെ പുരോഹിതവര്‍ഗ്ഗം ആഗ്രഹിക്കുന്ന വിധത്തില്‍ വിശ്വാസികള്‍ വിമര്‍ശനരഹിതമായും പുനഃരുജ്ജീവനവാദപരമായും സ്വീകരിക്കണമെന്നില്ല. അവര്‍ മതത്തില്‍ ജീവിക്കുന്നതിനൊപ്പം സമൂഹത്തിലും കൂടിയാണ് ജീവിക്കുന്നത്. ഓരോ കാലവും ആ കാലത്തു ജീവിക്കുന്ന മനുഷ്യരുടെ ബോധത്തെ നവീകരിച്ചുകൊണ്ടിരിക്കും. ഈ ചിന്താ നവീകരണത്തില്‍ നിന്നും വിശ്വാസികളെ മാറ്റിനിര്‍ത്താനാകും ഓരോ മതത്തിലെയും പുരോഹിത അധികാര ഘടന ശ്രമിച്ചുകൊണ്ടിരിക്കുക. തന്റെ തന്നെ വിശ്വാസ ബോധ്യങ്ങളെ നവീകരിക്കുന്ന വിശ്വാസിയും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന മതാധികാര ഘടനയും തമ്മിലുള്ള ഉരസല്‍ രൂക്ഷമാകുമ്പോഴാണ് കാലാകാലങ്ങളില്‍ മതത്തില്‍ നവീകരണപ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. ഈ മതനവീകരണ ധാരയാണ് ഓരോ മതത്തിലെയും അഴുക്കുചാലുകളെ തുടച്ചുനീക്കേണ്ടത്. അതൊരു തുടര്‍പ്രക്രിയയായി മാറട്ടെ എന്നാണ് നമുക്ക് ആഗ്രഹിക്കാനാകുക.
മതം സൃഷ്ടിക്കുന്ന അപരത്വം
ആധുനിക കാലത്തെ മതം വിശ്വാസികള്‍ക്കിടയിലെ ഐക്യബോധത്തോടൊപ്പം അപരന്റെ ശത്രുപ്രതിശ്ചായകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആധുനിക മതസ്വത്വങ്ങള്‍ കടന്നാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും സംഘര്‍ഷനിര്‍ഭരമായ ചരിത്ര സാഹചര്യങ്ങളില്‍ കൂടിയാണ് രൂപംകൊണ്ടത്. ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള കുരിശുയുദ്ധങ്ങളും ബുദ്ധമതവും ബ്രാഹ്‌മണമതവും തമ്മിലുള്ള ഏറ്റുമുട്ടലുകളുമുള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും മതപരമായ ഏറ്റുമുട്ടലുകള്‍ ആവര്‍ത്തിച്ചു. ആദര്‍ശമതവും യഥാര്‍ത്ഥ മതവും തമ്മിലുള്ള വൈരുദ്ധ്യമായി അത് നിലകൊണ്ടു.
ശ്രീ ശങ്കരാചാര്യർ | PHOTO: WIKI COMMONS
ശ്രീശങ്കരന്റെ അദ്വൈതത്തില്‍ രണ്ടില്ല, ഒന്നേയുള്ളു. അപരത്വമില്ല, ഞാനും നീയും പ്രപഞ്ചവും എല്ലാം ഒന്നാകുകയും പരംപൊരുളില്‍ എല്ലാം ലയിച്ചു ചേരുകയുമാണതില്‍. ഒരു ചെകിട്ടത്തടിക്കുന്നവന് മറ്റേ ചെകിടും കാണിച്ചുകൊടുക്കുന്നതും ശത്രുവിനെ സ്നേഹിക്കുന്നതുമാണ് ക്രിസ്തുമതം. സഹമനുഷ്യരോടുള്ള കരുതലിന്റെ സന്ദേശമാണ് ഇസ്ലാമിനുള്ളത്. എന്നാല്‍ യഥാര്‍ത്ഥ മതങ്ങളില്‍ ഇതൊന്നും നടപ്പാകുന്ന കാര്യങ്ങളല്ല. 'ഞങ്ങള്‍' 'അവര്‍' എന്ന വേര്‍തിരിവിനെയാണ് മതങ്ങളെല്ലാം ആധുനിക കാലത്ത് കൂടുതല്‍ പ്രകടമാക്കിയത്. ഈ മതവേര്‍തിരിവിന്റെ വികാരത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ അനന്തമാണ്. ഇതാണ് ഇന്ത്യാവിഭജനകാലത്ത് ലോകത്തെ നടുക്കിയ കൂട്ടക്കുരുതികളില്‍ സംഭവിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ അത് ഏറ്റവും സംഘടിതവും രക്തരൂക്ഷിതവുമായി ആവര്‍ത്തിച്ചത് ഗുജറാത്തിലാണ്. എന്നാല്‍ അതിലെ നായകരോ പ്രതിനായകരോ ആയി മാറിയവര്‍ക്ക് ഈ രക്തച്ചൊരിച്ചിലിനെ അപരത്വരാഷ്ട്രീയത്തിന്റെ ഏറ്റവും ഫലപ്രദമായ ഇലക്ഷന്‍ എഞ്ചിനീയറിങ്ങായി പരിവര്‍ത്തനപ്പെടുത്താനും രാജ്യത്തിന്റെ രാഷ്ട്രീയ അധികാരാരോഹണത്തിലേക്കുള്ള ചവിട്ടുപടികളായി ഈ രക്തക്കറകളെ മാറ്റിയെടുക്കാനും കഴിഞ്ഞു എന്നത് മതം എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്
ഇതെല്ലാം വ്യക്തമാക്കുന്നത്, മതം ഇരുതലമൂര്‍ച്ചയുള്ള ഒരു വാളാണ് എന്നതാണ്. ലളിതമായ പരിശോധനകള്‍കൊണ്ട് അതിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ചെടുക്കാനാകില്ല. മതം വരുംതലമുറകളിലും മനുഷ്യരോടൊപ്പം ഉണ്ടാകുമെന്നതില്‍ സംശയമില്ല. മതവിശ്വാസികളെ ആധുനികമായ സമത്വദര്‍ശനത്തോടും മൂല്യബോധങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്ന നവീകരണപ്രസ്ഥാനമാകണം. അന്യമത ശത്രുതയെ രാഷ്ട്രീയ മൂലധനമാക്കുന്ന ക്രൂരമനസ്‌കരാകരുത് അതിനെ ഭാവിയിലേക്ക് മുമ്പോട്ട് നയിക്കേണ്ടത്. അതു മാത്രമേ ഇപ്പോള്‍ നമുക്ക് ആഗ്രഹിക്കാനാകൂ.