തുല്യനീതിയാണ് വേണ്ടത്
മനുഷ്യനു മാത്രമുള്ള വിഷയമാണ് വിവേചനം, മാറ്റിനിര്‍ത്തല്‍. ആദിയില്‍ തന്നെ മനുഷ്യവംശത്തിന്റെ പകുതിയിലധികം വരുന്ന സ്ത്രീകളെ അതെ വിഭാഗത്തിലെ പുരുഷനാല്‍ മാറ്റിനിര്‍ത്തപ്പെട്ട് താഴ്ന്ന വിഭാഗത്തില്‍പ്പെടുത്തി. അങ്ങനെ മനുഷ്യചരിത്രം എന്നത് പുരുഷചരിത്രമായി. His story - History ആയി. അതിനാല്‍ മനുഷ്യനുണ്ടാക്കിയ ദൈവത്തിലും മതത്തിലും, രാഷ്ട്രീയത്തിലും, പൊതു ഇടങ്ങളിലും, ഭവനങ്ങളിലുമെല്ലാം സ്ത്രീ പുരുഷനു താഴെയായി. സ്ത്രീയെ, പുരുഷനെ അനുസരിക്കേണ്ടവളാക്കി ചിത്രീകരിച്ചു. കാലം ഇത്രയും കടന്നുപോന്നിട്ടും ആ ചിന്തയില്‍ മാറ്റംവന്നില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സ്ത്രീകള്‍ തങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുകയും അതു നേടിയെടുക്കാന്‍ കുറെപേര്‍ നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് സ്ത്രീവാദം എന്നൊരു പദം ലോകത്തുണ്ടായി. സ്ത്രീക്കുവേണ്ടി നിലനില്‍ക്കുന്ന ആശയമായി സ്ത്രീവാദം എന്ന പ്രത്യയശാസ്ത്രം രൂപപ്പെട്ടു. സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് എന്നു പറഞ്ഞിട്ടും സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍, വൃദ്ധര്‍ ഇവരെയൊക്കെ ഒരു പട്ടികയില്‍പ്പെടുത്തി സംവരണം ഏര്‍പ്പെടുത്തി. അങ്ങനെ വനിതാ സംവരണവും നിലവില്‍ വന്നു.
1986 ല്‍ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ആരംഭിച്ച വനിതാ സംവരണ ബില്‍ 2023 ലാണ് പാസ്സാക്കാനായത്. അതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് 2029-ല്‍ മാത്രമാണ്. അപ്പോഴും ഇപ്പോഴത്തെ പ്രവണതയനുസരിച്ച് അത് സമൂഹത്തിലെ ഒരു വിഭാഗം വരേണ്യ വനിതകള്‍, മത സംഘടനകള്‍ നിര്‍ദേശിക്കുന്നവര്‍ മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുക. വിജയ സാധ്യതയായിരിക്കും അതിനുള്ള ന്യായീകരണം. സ്ത്രീകള്‍ക്കുള്ള സംവരണത്തില്‍ കൃത്യമായി എല്ലാ വിഭാഗം സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്താല്‍ നിയമത്തിന് ബാധ്യതയുണ്ടാകണം.
സ്ഥിരമായി സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കുന്ന നേതൃത്വഗുണമുള്ള സ്ത്രീകളെ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ എല്ലാ വിഭാഗം സ്ത്രീകളും ഭരണത്തില്‍ ഉണ്ടായാല്‍ മാത്രമേ സ്ത്രീകള്‍ക്കും സമൂഹത്തിനും മൊത്തത്തിലും അതിലെ നേട്ടം ഉണ്ടാകുകയുള്ളൂ.
REPRESENTATIONAL IMAGE: PTI
ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യകാലങ്ങളില്‍ അവര്‍ക്ക് പുരുഷനിര്‍മ്മിതവ്യവസ്ഥകളോടുള്ള പരിചയക്കുറവും, നിരക്ഷരതയും, പുരുഷാധികാരത്തിന്റെ ഹിംസയുമെല്ലാം അവര്‍ കാലക്രമേണ പരിഹരിച്ചു തുടങ്ങി. ഇന്ന് സ്ത്രീകള്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ അവിടത്തെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും, പൊതുആരോഗ്യം, സ്ത്രീ വിദ്യാഭ്യാസം, ഗതാഗതം, ശുദ്ധജല വിതരണം ഇവയിലെല്ലാം വലിയ മാറ്റം സാധ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതുവര്‍ഷംകൊണ്ട് പൊതുസമൂഹത്തില്‍ സ്ത്രീകളുടെ സാന്നിധ്യം നല്ല രീതിയില്‍ ദൃശ്യമായി തുടങ്ങി. അത് സമൂഹത്തിന് മൊത്തം ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ നിയമം കൊണ്ടെങ്കിലും കാലക്രമത്തില്‍ മാറ്റങ്ങളുണ്ടാകാം. എന്നാല്‍ മതങ്ങള്‍ അക്കാര്യത്തില്‍ കൂടുതല്‍ കൂടുതല്‍ അടഞ്ഞുവരികയാണ്. പാരമ്പര്യവും, കുലമഹിമയും ഒക്കെ സ്ത്രീകളെ സ്വയം കീഴടങ്ങാന്‍ പരിശീലിപ്പിക്കുകയാണ് മതപുരോഹിതര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമാണ്. മതങ്ങളില്‍ ജാതിയും ജാതിക്കുള്ളില്‍ ജാതിയും നിലനില്‍ക്കുന്നു. ഈ എല്ലാ വിഭാഗത്തിലും സ്ത്രീകളാണ് അകറ്റിനിര്‍ത്തപ്പെടുന്നത്.
പ്രവാചക മതങ്ങളില്‍ ദൈവം പുരുഷനാണ്. ഹിന്ദു മതത്തിലും സ്രഷ്ടാവ് പുരുഷനാണ്. മതങ്ങളുടെ വിശുദ്ധിക്ക് സ്ത്രീ അശുദ്ധയാണ് എന്നാണ്. സകല കാരുണ്യവാനായ ബുദ്ധന്‍ പോലും തന്റെ സംഘത്തില്‍ സ്ത്രീകളെ ചേര്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ല. ആനന്ദന്റ നിര്‍ബ്ബന്ധത്തിന് വഴങ്ങുമ്പോള്‍ പറഞ്ഞു, ആയിരം വര്‍ഷം നിലനില്‍ക്കുന്ന ബുദ്ധമതം സ്ത്രീകള്‍ വന്നാല്‍ 500 വര്‍ഷംകൊണ്ട് അവസാനിക്കുമെന്ന്. മതങ്ങളില്‍ സ്ത്രീയെ പരിത്യജിക്കുന്നവനാണ് ആത്മീയ ഉന്നതി കൈവരിക്കാന്‍ സാധ്യമാകുന്നത്. ആത്മീയതയിലേക്കുള്ള എല്ലാ വഴികളും അവനു വേണ്ടി ചെത്തിയൊരുക്കിയതാണ്. അതു തിരിച്ചറിഞ്ഞപ്പോള്‍ സ്ത്രൈണ ആത്മീയത എന്നൊരു സങ്കല്പമാണ് ഞാന്‍ കണ്ടെത്തിയത്.
REPRESENTATIONAL IMAGE: FACEBOOK
പുരുഷ കേന്ദ്രീകൃതമായ മതങ്ങളെ സ്ത്രീകള്‍ സ്വയം ഒഴിവാക്കി തങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള പുതിയ മതം രൂപപ്പെടുത്തേണ്ട സമയമായി. കാരണം ആത്മാവ് സ്ത്രീക്കും പുരുഷനും ഒരു പോലെയാണ്. ശരീരത്തിന്റെ ആനന്ദം അനുഭവിക്കും പോലെ ആത്മാവിന്റെ ആനന്ദം അനുഭവിക്കാന്‍ സ്ത്രീക്കും അവകാശമുണ്ട് - അത് സാധ്യവുമാണ്. ഓരോ വ്യക്തിയും നേര്‍രേഖയില്‍ ആ മഹാ ചൈതന്യവുമായി നിരന്തരം ബന്ധത്തിലായിരിക്കുന്നതാണ് ആത്മീയത. അത് പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും ട്രാന്‍സിനും കുട്ടികള്‍ക്കും സാധ്യമാണ്. പൗരോഹിത്യമാണ് അത് തടയുന്നത്.
ഒരു സ്ത്രീയെ പുരോഹിതയാക്കാന്‍ പോലും ഭയപ്പെടുന്നു.
ഇങ്ങനെ രാഷ്ട്രീയ രംഗത്തും സാമൂഹിക- മതരംഗത്തും പുരുഷന്‍ സ്ത്രീയെ തന്റെ നിയന്ത്രണത്തില്‍ കാലങ്ങളായി നിര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ സമീപകാലത്ത് നിയമത്തിന്റെ ആനുകൂല്യം തങ്ങള്‍ക്കുണ്ട് എന്നതുകൊണ്ട് പുരുഷനെ ആക്രമിക്കാന്‍ ഏറെ ഉത്സാഹിക്കുന്നതും കാണാം. പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശീലിച്ചതിലൂടെ ലോകത്ത് എവിടെയുമുള്ള മനുഷ്യരിലേക്ക് അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളുമെല്ലാം എത്തിക്കാന്‍ കഴിയുന്നുണ്ട്. സമാനമനസ്സ്‌ക്കരെ കണ്ടെത്താനും കൂട്ടുകൂടാനും അത് ഗുണകരമായി. പുരുഷന്‍ ഇക്കാലമത്രയും തന്റെ അധികാരം എപ്രകാരമാണോ സ്ത്രീക്കെതിരെ ഉപയോഗിച്ചുകൊണ്ടിരുന്നത് ആ രീതിയില്‍ അവളും പുരുഷനോട് പ്രതികരിക്കാന്‍ തുടങ്ങുന്നു. പുരുഷാധിപത്യത്തിനു പകരം സ്ത്രീയാധിപത്യം എന്നതല്ല സ്ത്രീശാക്തീകരണം കൊണ്ട് രൂപപ്പെടേണ്ടത്, സ്ത്രീയും പുരുഷനും പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും കഴിയേണ്ട ഒരു ലോകമാണ് സാധ്യമാകേണ്ടത്. മതത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും കുടുംബത്തിലും അങ്ങനെ ഒരു കാലമാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതിനു വേണ്ടത് തുല്യനീതീയാണ്. സംവരണ ആനുകൂല്യങ്ങളല്ല.