TMJ
searchnav-menu
post-thumbnail

Religion & Politics

മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭീതിയും ഭാവിയും

12 Oct 2023   |   11 min Read
ഡോ. ഹുസൈന്‍ രണ്ടത്താണി

ത, സമുദായങ്ങളുടെ അതിര്‍ത്തികളില്‍ പരസ്പരം വലിയ ഭിത്തികള്‍ സൃഷ്ടിച്ചതിനാല്‍ മതനിരപേക്ഷമായ ഇടപഴകല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. പരസ്പരം അടുക്കാന്‍ പഴുതുകള്‍ തേടുന്നതിന് പകരം അകലാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് മതനേതൃത്വങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കൊണ്ടും കൊടുത്തും സൗഹൃദം കാത്തുസൂക്ഷിച്ച കേരളത്തിലെ മത സമുദായങ്ങളും പരസ്പരം അകന്നുകൊണ്ടിരിക്കുന്നു.  അകത്തുനിന്നും പുറത്തുനിന്നുമുള്ള ഘടകങ്ങള്‍ ഈ അകല്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് അരങ്ങ് തകര്‍ക്കുന്ന രാഷ്ട്രീയ ഇസ്ലാമിനെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിഷ്ഠിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ സമുദായത്തിലെ ഒരു ന്യൂനപക്ഷം നടത്തിക്കൊണ്ടിരിക്കുന്നു. അതിനുപോല്‍ബലകമായ സാഹചര്യങ്ങള്‍ അവര്‍ പരമാവധി മുതലെടുക്കുന്നു. സൗഹൃദത്തിന് പകരം ശത്രുത സൃഷ്ടിക്കുക എന്നത് രാഷ്ട്രീയ ഇസ്ലാമിന് ആവശ്യമാണ്. അതിനാല്‍ മതത്തിന്റെ സാംസ്‌കാരിക വശത്തിന് ഊന്നല്‍ കൊടുക്കുന്നതിന് പകരം അതിന്റെ രാഷ്ട്രീയ വശങ്ങളുടെ അരിക് കൂടുതല്‍ മൂര്‍ച്ച കൂട്ടാനാണ് ശ്രമം.  പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ രാഷ്ട്രീയ ഇസ്ലാമിക സംഘടനകള്‍ മതത്തിന്റെ സ്‌നേഹപരമായ അലകും പിടിയും മാറ്റുകയാണ്.

എല്ലാ പ്രവാചകന്മാരെയും അംഗീകരിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് ഇസ്ലാം വിശ്വാസിയാകാന്‍ കഴിയൂ എന്ന ഖുര്‍ആന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ഇതര വിശ്വാസി സമൂഹങ്ങളെ ശത്രുപക്ഷത്ത് നിറുത്തുന്ന ചിന്തയാണ് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ വളര്‍ത്തിയെടുത്തത്. ഇതിന് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കും നവ സലഫി പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കുണ്ട്. നവ സലഫിസത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപിച്ചത്.  രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെ നിര്‍മാര്‍ജനം ചെയ്യാനും ദേശീയ ധാരയില്‍ നിന്ന് അകറ്റാനും ഹിന്ദുത്വവാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ക്ക് അനുകൂലമായി വലിയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുന്നു. ബാബരി മസ്ജിദ് 1992ല്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തതാണ് അതിന് ഏറ്റവും പ്രധാന ഘടകമായത്. പുതിയതായി രംഗത്ത് വന്ന പിഡിപി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ മതത്തെ രാഷ്ട്രീയ ഇസ്ലാമിനോടൊപ്പം നടത്താന്‍ ശ്രമിച്ചു. എല്ലാവരും ഭരണഘടന അനുസരിച്ചുള്ള സെക്കുലര്‍ മൂടുപടം ഇടുന്നുണ്ടെങ്കിലും സമുദായത്തിന്റെ സ്വത്വബോധത്തെ തങ്ങളുടെ ഹിതപ്രകാരം ചൂഷണം ചെയ്യുന്നു. പ്രായോഗികതലത്തില്‍ ഈ മുസ്ലിം സംഘടനകളും ഹിന്ദുത്വ സംഘടനകളും ഭരണഘടനയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ഭരണം ബിജെപി കൈവരിച്ചതോടെ സ്വരാജ്യത്ത് മുസ്ലീങ്ങളുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടല്ലോ? ഈ പ്രതിസന്ധിഘട്ടത്തില്‍ ശരിയായ ദിശാബോധം നല്‍കാന്‍ മുസ്ലിം സമുദായ നേതൃത്വങ്ങള്‍ക്ക് കഴിയാതെ പോയി. മതനിരപേക്ഷ ശക്തികളോടൊപ്പം ചേര്‍ന്ന്  സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പകരം അവകാശവാദങ്ങളും മുറവിളികളും നടത്തി സമാധാനപ്പെടുകയാണ് ഇവര്‍ ചെയ്തത്. മതനിരപേക്ഷ പാര്‍ട്ടികള്‍ മുസ്ലിം വിഷയത്തില്‍ ശക്തമായി ഇടപെട്ടപ്പോള്‍ മാത്രമാണ് മതനേതൃത്വങ്ങള്‍ അല്പമെങ്കിലും കണ്ണുതുറന്നത്. സമുദായത്തിന്റെ സുരക്ഷിതത്വത്തിന് തങ്ങള്‍ മാത്രം സംഘടിച്ചാല്‍ പോരാ എന്നും മതനിരപേക്ഷ പാര്‍ട്ടികളോടൊപ്പം നിന്ന് പൊരുതുകയാണ് അഭികാമ്യമെന്നും അവര്‍ തിരിച്ചറിഞ്ഞു. മുസ്ലീങ്ങള്‍ക്ക് മുസ്ലീം ലീഗ് മാത്രം മതിയെന്ന് ധരിച്ചിരുന്ന പാരമ്പര്യ മത സംഘടനകള്‍ സെക്കുലര്‍ പാര്‍ട്ടികളുടെയും തങ്ങളുടെ വൃത്തങ്ങളിലേക്ക് കൊണ്ടുവന്നു. കേരളത്തിലെ പ്രബല മുസ്ലിം സമുദായ സംഘടനാ വിഭാഗങ്ങളായ എ പി, ഇ കെ സുന്നി നേതൃത്വങ്ങള്‍ ഈ നിലപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ത്തന്നെ രാഷ്ട്രീയ ഇസ്ലാമിക പാര്‍ട്ടികള്‍ക്ക് കേരളീയ ഇസ്ലാമിക സമൂഹത്തില്‍ വേരൂന്നാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  ഇന്ത്യയിലെ മുസ്ലിം വിരുദ്ധ സാഹചര്യങ്ങള്‍ പഠിക്കുന്നതിനും അവ ശാസ്ത്രീയമായിത്തന്നെ മുതലെടുക്കുന്നതിനും നവ ഇസ്ലാമിക സംഘടനകളാണ് മുന്നില്‍. മതനിരപേക്ഷ പാര്‍ട്ടികള്‍ തികച്ചും മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ഇവര്‍ നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇപ്പോള്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധിയാണ് നവ ഇസ്ലാമിക സംഘടനകള്‍ മൂലധനമാക്കുന്നത്. ഈ സാഹചര്യം ഏതാനും യുവാക്കളെ ആഗോള തീവ്രവാദ സംഘടനകളില്‍ എത്തിച്ചു.

ബാബരി മസ്ജിദ് | PHOTO: WIKI COMMONS
വിഭജനാനന്തരം ഇന്ത്യയിലെ മുസ്ലീങ്ങള്‍ നേരിട്ട അരക്ഷിതാവസ്ഥയും കോണ്‍ഗ്രസ് അവരെ കൈയ്യൊഴിഞ്ഞതുമാണ് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം ലീഗ് ചിലയിടത്തെങ്കിലും നിലനില്‍ക്കാന്‍ കാരണമായത്. വൈകാരികമായ ഒത്തുചേരലിനു പകരം കേരളത്തില്‍ മുസ്ലിം ലീഗ് മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ചു തന്നെ മുസ്ലീങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ ഗുണഗണങ്ങള്‍ സമുദായം അനുഭവിക്കുകയും ചെയ്തു. 1967 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും ഒരുമിച്ച് ഭരണം പങ്കിട്ട കാലത്താണ് മുസ്ലീങ്ങള്‍ കൂടുതല്‍ വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത്. ഈ കാലയളവിലാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മുസ്ലിം ലീഗ് കോണ്‍ഗ്രസിനോട് ഒപ്പം നിന്നപ്പോള്‍ അധികാരം പങ്കിടുക എന്നതല്ലാതെ മുസ്ലിം സമുദായത്തിന് ഈ ബാന്ധവത്തിലൂടെ ഒരു പുരോഗതിയും നേടാന്‍ കഴിഞ്ഞില്ല. മുസ്ലീങ്ങളുടെ ദുരിതാവസ്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍ തന്നെ മനസ്സിലാക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജന്മി വിരുദ്ധ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലിം സമുദായം കോണ്‍ഗ്രസില്‍ നിന്നും ഹിന്ദു സംഘടനകളില്‍ നിന്നും ബ്രിട്ടീഷുകാരില്‍ നിന്നും വര്‍ഗീയതയുടെ നുകം പേറേണ്ടി വന്നപ്പോള്‍, മുസ്ലീങ്ങള്‍ നടത്തിയ ജന്മിത്വവിരുദ്ധ സമരങ്ങള്‍ കാര്‍ഷിക കലാപങ്ങള്‍ ആയിരുന്നു എന്ന വസ്തുത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മനസ്സിലാക്കി. ആ കലാപങ്ങള്‍ മൂലം നരകയാതനയനുഭവിക്കേണ്ടി വന്ന മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയും അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ശ്രമിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മതം പറഞ്ഞ് കമ്മ്യൂണിസ്റ്റുകളെ മാറ്റിനിര്‍ത്തിയ മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസിന്റെ വലയില്‍ കുടുങ്ങി വിമോചന സമരത്തില്‍ പങ്കെടുത്തു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണത്തില്‍ നിന്നു താഴെയിറക്കി എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ യാതൊരു നന്ദിയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല ശവത്തില്‍ കുത്തിയത് പോലെ കോണ്‍ഗ്രസ് ലീഗിനെ ചത്ത കുതിരയായി അവതരിപ്പിക്കുകയും ചെയ്തു. തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ലീഗ് വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പം ചേരുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്തുകയും ചെയ്തു. അങ്ങനെയാണ് 1967ലെ സഖ്യമുണ്ടായത്. രണ്ടുവര്‍ഷത്തെ ഭരണം കൊണ്ടുമാത്രം മുസ്ലിം ഉന്നതിക്ക് വലിയ സംഭാവനകള്‍ ചെയ്യാന്‍ ഈ കൂട്ടു മുന്നണിക്ക് സാധിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് സിഎച്ച് മുഹമ്മദ് കോയയ്ക്ക് വലിയ സംഭാവനകള്‍ അര്‍പ്പിക്കാനും സാധിച്ചു.

സിഎച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഫയൽ ചിത്രം | PHOTO: WIKI COMMONS
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മതവിരുദ്ധ പക്ഷത്ത് നിര്‍ത്തിയിരുന്ന മുസ്ലിം നേതൃത്വങ്ങള്‍ മുസ്ലിം ലീഗ് കമ്മ്യൂണിസ്റ്റുകാരുമായി ഭരണം പങ്കിടാന്‍ തുടങ്ങിയതോടെ 'കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദൈവം ഇല്ല' എന്ന പറച്ചില്‍ നിര്‍ത്തിയിരുന്നു. മുസ്ലിം സമുദായത്തില്‍ സ്വാധീനം നേടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത് നല്ല അവസരവും ഒരുക്കി. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസപരമായ ഉണര്‍വ് നല്‍കുന്നതിന് ലീഗുമായുള്ള ചങ്ങാത്തം സഹായകമായി. തങ്ങള്‍ ഇസ്ലാം വിരുദ്ധരാണെന്ന് മതനേതൃത്വങ്ങള്‍ പ്രചരിപ്പിച്ച കാലത്ത് തന്നെ അവരുടെ ഉന്നമനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താല്പര്യമെടുത്തിരുന്നു. 1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതും കോണ്‍ഗ്രസ് അവഗണിച്ച മലബാര്‍ സമരം കര്‍ഷക സമരമാണെന്ന് പ്രഖ്യാപിച്ചതും ആ സമുദായം തങ്ങളെ പിന്തുണയ്ക്കുമെന്നവിശ്വാസം കൊണ്ടൊന്നുമായിരുന്നില്ല. അതേസമയം, മതവിശ്വാസങ്ങളില്‍ ഇടപെടാനോ മതങ്ങളെ പരസ്യമായി എതിര്‍ക്കാനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുനിഞ്ഞില്ല. മുസ്ലിം ലീഗ് പിന്തുണയുമായി വന്നപ്പോള്‍ ആ സമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് തങ്ങളാല്‍ ആവുന്നത് ചെയ്യാന്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായി.

എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ട് അധികാരക്കൊതി മൂലം മുസ്ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയിലേക്ക് തിരിച്ചുപോയി. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മതമില്ലെന്ന പഴയ വാദം വീണ്ടും കഴുകിത്തുടച്ച് രംഗത്തിറക്കി. മതനേതൃത്വങ്ങളും അവര്‍ക്കൊപ്പം നിന്നു. ലീഗില്‍ ഉള്ളവര്‍ മാത്രം യഥാര്‍ത്ഥ വിശ്വാസികളും അല്ലാത്തവര്‍ കപടന്മാരുമായി ചിത്രീകരിക്കപ്പെട്ടു. ലീഗ് ശക്തി പ്രാപിക്കുകയും മറ്റു പാര്‍ട്ടികളിലെ മുസ്ലീങ്ങള്‍ കുറേയൊക്കെ ലീഗിലേക്ക് ചേക്കേറുകയും ചെയ്തു. മറ്റു വലതുപക്ഷ പാര്‍ട്ടികള്‍ മുസ്ലിം അവകാശങ്ങളെ അവഗണിച്ചതും ലീഗിന്റെ വളര്‍ച്ച കൂടുതല്‍ എളുപ്പമാക്കി.

ലീഗിലൂടെ കേരളത്തിലെ മുസ്ലിം സമുദായം തങ്ങളുടെ സ്വത്വബോധം സംരക്ഷിക്കാന്‍ ശ്രമിച്ചു. മുസ്ലിം സാമുദായിക വിഭാഗങ്ങളെ ഏതെങ്കിലും തരത്തില്‍ ഏറെക്കുറെ ഒന്നിച്ചുനിര്‍ത്താനും ലീഗിന് സാധിച്ചു. തെരുവില്‍ പോരടിച്ചിരുന്ന സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ പോലും ലീഗിന്റെ മുന്നില്‍ എല്ലാം മറന്നു. മുജാഹിദ് വിഭാഗം തങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന്റെ സഹായത്തോടെ കൂടുതല്‍ ത്വരിതമാക്കി. ലീഗുമായല്ലാതെ മറ്റു രാഷ്ട്രീയ സംഘടനകളോട് സമുദായം അടുക്കുന്നത് പോലും പാപമായി ലീഗ് മുദ്ര കുത്തി. എന്തൊക്കെയായാലും അവഗണിക്കപ്പെട്ട മുസ്ലിം സമുദായത്തിന് ലീഗ് അത്താണിയായി ഭവിച്ചു എന്നത് വസ്തുതയാണ്. തങ്ങള്‍ മുസ്ലീങ്ങളെ അവഗണിച്ചതാണ് ലീഗിലേക്ക് ചേക്കേറാന്‍ അവരെ പ്രേരിപ്പിച്ചത് എന്ന് മറ്റു പാര്‍ട്ടികള്‍ മനസ്സിലാക്കാനും വൈകി.

സിഎച്ച് മുഹമ്മദ് കോയ | PHOTO: FACEBOOK
കാന്തപുരം

മുസ്ലിം ലീഗിന്റെ അവഗണനയില്‍ വീര്‍പ്പുമുട്ടിയ കേരള മുസ്ലീങ്ങളിലെ പാരമ്പര്യ വിഭാഗമായ സുന്നി വിശ്വാസികള്‍ പ്രതികരിക്കാനാവാതെ പഞ്ചപുച്ഛമടക്കി നില്‍ക്കുകയായിരുന്നു. ഏതാനും സുന്നി ചെറുപ്പക്കാര്‍ തിരൂരില്‍ നിന്നും അല്‍ മുബാറക്ക് എന്ന വാരിക തുടങ്ങിയതോടെ ലീഗിനെതിരായ ശബ്ദം മുഴങ്ങി. ഇത് ലീഗുകാരെ ശരിക്കും അങ്കലാപ്പിലാക്കി. സുന്നി വിശ്വാസികളുടെ വോട്ട് വാങ്ങി വിജയിക്കുന്ന ലീഗ് തങ്ങളെ തഴയുന്നു എന്ന വസ്തുത പലരും ഉറക്കെ പറയാന്‍ തുടങ്ങി. പല പണ്ഡിതന്മാരും ലീഗിന്റെ ഓരംപറ്റി നില്‍ക്കുന്നതിനെ ഈ വാരിക ശക്തമായി ചോദ്യം ചെയ്തു. ലീഗിന് നേതൃത്വം നല്‍കിയ പാണക്കാട് തങ്ങന്മാരുടെ ആത്മീയ പ്രഭാവം മൂലം ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കുറെയൊക്കെ തടയിടാന്‍ ലീഗിന് സാധിച്ചു. പാരമ്പര്യ പണ്ഡിത സഭയായ സമസ്തയില്‍ നിന്ന് തന്നെ ഈ ചെറുപ്പക്കാര്‍ക്കെതിരെ ആക്രോശങ്ങള്‍ മുഴങ്ങി. അല്‍ മുബാറക്ക് വാരികയ്ക്ക് എല്ലായിടത്തും ഭ്രഷ്ട് കല്‍പ്പിച്ചെങ്കിലും അതിന് ഏറെ വായനക്കാരുണ്ടായി. ജീവന് തന്നെ ഭീഷണിയായിട്ടും ഈ ചെറുപ്പക്കാര്‍ അല്‍ മുബാറക്ക് നിലനിര്‍ത്തി. ലീഗിനെ മറികടന്ന് സുന്നികള്‍ക്കിടയില്‍ ജാഗരണം ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. താമസിയാതെ ലീഗിന്റെ ഒത്താശയില്ലാതെ കോഴിക്കോട് മര്‍ക്കസ് എന്ന സ്ഥാപനത്തിനു 1979 ല്‍ തറക്കല്ലിട്ടു. ഇതിന് നേതൃത്വം നല്‍കിയത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ്. തങ്ങളുടെ മേധാവിത്വത്തിന് കാന്തപുരം തുരങ്കംവയ്ക്കുന്നത് കണ്ടപ്പോള്‍ സമസ്തയെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ മുസ്ലിം ലീഗ് ആരംഭിച്ചു. കാന്തപുരത്തെയും അദ്ദേഹത്തിന്റെ അനുകൂലികളെയും സമസ്തയില്‍ നിന്ന് പുറത്താക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് ലീഗ് നേതൃത്വം നല്‍കി. അതിന് സാത്വികരായ പല പണ്ഡിതരേയും ലീഗ് പക്ഷത്തു നിര്‍ത്തുകയും ചെയ്തു. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ലീഗ് പക്ഷത്തേക്ക് മാറിയപ്പോള്‍ കാന്തപുരം നാമാവശേഷമാകുമെന്ന് മുസ്ലിം ലീഗ് കരുതി.  അവരുടെ പ്രസംഗകന്മാരും കാന്തപുരത്തിനും മര്‍ക്കസിനും എതിരെ നിരന്തരമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. തന്റെ ഇച്ഛാശക്തിയും സുന്നികളെ കര്‍മ്മനിരതരാക്കാനുള്ള അഭിനിവേശവും കൊണ്ട് മാര്‍ക്കസിനെ കാന്തപുരം ഒരു മഹാവിദ്യാലയമാക്കി മാറ്റി. ലീഗും, ഇ കെ സമസ്ത എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട വിഭാഗവും ഒന്നിച്ചുകൊണ്ട് മര്‍ക്കസിനും കാന്തപുരത്തിനും സമുദായത്തില്‍ വിലക്ക് കല്‍പ്പിച്ചു. അതോടെ മുസ്ലിം കേരളം പ്രക്ഷുബ്ധമായി. യുവജന സംഘടനയായ സുന്നി യുവജന സംഘവും വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സുന്നി സ്റ്റുഡന്‍സ് ഫെഡറേഷനും കാന്തപുരത്തോടൊപ്പം നിന്നു. കാന്തപുരത്തിന് ഒപ്പം നിന്ന പലരെയും വധിച്ചും കാന്തപുരത്തോട് അനുഭാവം പുലര്‍ത്തിയ പള്ളികളിലും മദ്രസകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയും ഭരണത്തിലുള്ള തങ്ങളുടെ സ്വാധീനത്തില്‍ പൊലീസിനെ ഉപയോഗിച്ചും കാന്തപുരം വിഭാഗത്തെ ലീഗ് അടിച്ചമര്‍ത്തി. ഇത് നാലു ദശാബ്ദത്തോളം തുടര്‍ന്നു. മര്‍ക്കസിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിദേശരാജ്യങ്ങളില്‍ എത്തിയ കാന്തപുരത്തെ അവിടെയും വിലക്കി. കാന്തപുരത്തിനെതിരെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളും ലീഗിനൊപ്പം ചേര്‍ന്നു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര വിഭാഗങ്ങളെ കാന്തപുരം രൂക്ഷമായിത്തന്നെ വിമര്‍ശിച്ചതിനാല്‍ ഇവരുടെ സഹായവും കൂടി ലീഗിന് കിട്ടി. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നോളെജ് സിറ്റി എന്ന പുതിയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമായതോടെ വിമര്‍ശനങ്ങളൊക്കെ ഏതാണ്ട് കെട്ടടങ്ങി.

കാന്തപുരം വിഭാഗത്തെ പിന്തുണയ്ക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനും ഇടതു പാര്‍ട്ടികള്‍ പ്രത്യേകിച്ച് സിപിഐ എം തയ്യാറായി. ഭരണത്തില്‍ മുസ്ലിം ലീഗിനെ ഒപ്പം നിര്‍ത്തിയ കോണ്‍ഗ്രസ് സുന്നികളുടെ കാര്യത്തില്‍ കാന്തപുരത്തെയാണ് തുണച്ചത്. എന്നാല്‍ ഭരണത്തിലുള്ള ലീഗിന്റെ അപ്രമാദിത്വം മൂലം കാന്തപുരത്തെ വളരെയൊന്നും സഹായിക്കാന്‍ കോണ്‍ഗ്രസിനായില്ല. എങ്കിലും കാന്തപുരം വിഭാഗത്തിന്റെ വേദികളില്‍ കോണ്‍ഗ്രസ് സജീവമാവുകയും തങ്ങളാല്‍ ആവുന്ന പിന്തുണ നല്‍കുകയും ചെയ്തു.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ | PHOTO: FACEBOOK
ആത്മീയത

മതനിരപേക്ഷ സാഹചര്യത്തില്‍ വളര്‍ന്ന മുസ്ലിം ലീഗിന് ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ വരവോടെ ഒരു ആത്മീയ പരിവേഷം നല്‍കി. ഇത് ലീഗിലെ ജനാധിപത്യ അവസ്ഥ ഇല്ലാതാക്കി. എങ്കിലും ആത്മീയതയെ അംഗീകരിക്കാത്ത മുസ്ലിം സംഘടനകളാണ് ലീഗില്‍ ആധിപത്യം നേടിയത്. വിദ്യാഭ്യാസമുള്ള വ്യക്തിത്വങ്ങള്‍ പാരമ്പര്യ സമുദായത്തില്‍ ഉണ്ടായില്ല എന്നത് ഇതിനു പ്രധാന കാരണമാണ്. അതോടൊപ്പം പാശ്ചാത്യ പരിഷ്‌കരണങ്ങളോട് പുറംതിരിഞ്ഞു നിന്നതും ഭൗതിക വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ പാരമ്പര്യ വിരോധികളുടെ കൈയില്‍ അകപ്പെട്ടതും പാരമ്പര്യ സുന്നി മുസ്ലീങ്ങളുടെ മുന്നേറ്റത്തെ ബാധിച്ചു.  മതപരമായ തങ്ങളുടെ ബാധ്യത നിലനിര്‍ത്തുന്നതിന് മഹല്ലുകളും മദ്രസകളും പള്ളികളും നിര്‍മ്മിച്ചുകൊണ്ടുള്ള ജാഗരണത്തിനാണ് പാരമ്പര്യ മുസ്ലിം നേതൃത്വം ശ്രമിച്ചത്. ഇതില്‍ ലീഗ് വലിയ താല്പര്യം കാണിച്ചില്ലെങ്കിലും അവര്‍ സഹകരിച്ചു.

കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമങ്ങള്‍ കര്‍ഷകരായ ഭൂരിപക്ഷ മുസ്ലീങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കി. ജന്മിമാരില്‍ ഏതാനും മുസ്ലീങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ എണ്ണം ഏറെ കുറവായിരുന്നു. എന്നാല്‍ ഇവരുടെ സ്വാധീനത്തില്‍ ലീഗും സാമുദായിക സംഘടനകളും ഭൂപരിഷ്‌കരണത്തെ എതിര്‍ത്തു. ജന്മിമാര്‍ മനസ്സറിഞ്ഞു തരാത്ത ഭൂമി കൈവശപ്പെടുത്തുന്നത് തെറ്റാണ് എന്ന മതാനുശാസനങ്ങളും ചിലര്‍ കൊണ്ടുവന്നു.

ഭൂപരിഷ്‌കരണ നിയമമാണ് മുസ്ലീങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളേത്തുടര്‍ന്ന് സമുദായത്തിനു സംവരണം കിട്ടിയതും മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതും, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയതും, പ്രത്യേകിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനവും മുസ്ലീങ്ങളുടെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി. എന്നാല്‍ 1970 കളിലെ ഗള്‍ഫ് കുടിയേറ്റമാണ് ഈ മുന്നേറ്റം വിസ്മയാവഹമാക്കിയത്. ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ച തങ്ങളുടെ കിടപ്പാടം വിറ്റു വരെ ഗള്‍ഫിലേക്ക് കുടിയേറാനുള്ള വ്യഗ്രത മലബാര്‍ മുസ്ലീങ്ങളില്‍ കാണപ്പെട്ടു. അതുവരെ കൃഷി തന്നെയായിരുന്നു മുഖ്യമായും മലബാറിലെ മുസ്ലീങ്ങളുടെ ആശ്രയം. കച്ചവടങ്ങളിലും മറ്റും മുഴുകിയത് കുറച്ചു പേര്‍ മാത്രമാണ്. പണമുള്ള കുറെപ്പേര്‍ കച്ചവടാവശ്യാര്‍ത്ഥം മലേഷ്യ സിംഗപ്പൂര്‍, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ത്തന്നെ മദ്രാസ്, ബോംബെ, ബംഗാള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും കുടിയേറിയിരുന്നു. ഗള്‍ഫ് വന്നതോടെ ഇവരെല്ലാം ജോലി തേടി അറബ് നാട്ടിലെത്തി. അവര്‍ക്കു സ്വത്വബോധം സംരക്ഷിക്കുന്നതിനും ഭദ്രമായ മേഖല ലഭിക്കുന്നതിനും ഇത് കാരണമായി. അങ്ങനെ പരമ്പരാഗതമായി ശീലിച്ച കാര്‍ഷികവൃത്തി വിട്ട് ഗള്‍ഫിലേക്ക് കുടിയേറിയപ്പോള്‍ നാഗരിക ജീവിതം നുണയാന്‍ അവര്‍ക്ക് അവസരമുണ്ടായി. വിദേശ രാജ്യങ്ങളുമായും അവരുടെ സംസ്‌കാരങ്ങളുമായും  ബന്ധമുണ്ടാക്കാനും സാധിച്ചു. ഈ കുടിയേറ്റവും തുടര്‍ന്നുണ്ടായ സാമ്പത്തിക മുന്നേറ്റവും പുതിയൊരു നവോത്ഥാനത്തിന് വഴിയൊരുക്കി.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ | PHOTO: WIKI COMMONS
അറബിവല്‍ക്കരണം

കേരളത്തില്‍ ഇസ്ലാം വളര്‍ന്നത് ഇവിടെയുള്ള സാഹചര്യങ്ങളുമായി ഇണങ്ങിക്കൊണ്ടാണ്. ഉടുപ്പിലും നടപ്പിലും ഭക്ഷണത്തിലും ഒക്കെ കേരളീയ തനിമ മുസ്ലീങ്ങളും കൊണ്ടുനടന്നതാണ്. വയലും നെല്ലും കതിരും തെങ്ങും കവുങ്ങും കേരളത്തിലെ ഏത് മതവിശ്വാസിയുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. അതോടൊപ്പം ഗ്രാമീണ ജീവിതത്തിലെ മതപരമായ അന്തരങ്ങള്‍ക്കപ്പുറം സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും ഉള്ള കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ബാധം തുടര്‍ന്നു. ഗള്‍ഫ് ജീവിതം കേരളീയരെ ആവാഹിച്ചപ്പോള്‍ അവരുടെ ഈ രീതികളില്‍ മാറ്റങ്ങള്‍ ദൃശ്യമായി.  കേരളത്തനിമ വിട്ട് അവര്‍ ഗള്‍ഫ് ജീവിതരീതിയിലേക്ക് ചേക്കേറാന്‍ തുടങ്ങി. ഇതിനെ നമുക്ക് അറബിവല്‍ക്കരണം എന്ന് വിളിക്കാം. അറബിവല്‍ക്കരണം കേരളീയ ഇസ്ലാമിനെ അറബി ഇസ്ലാമായി പരിവര്‍ത്തിപ്പിച്ചു. കേരളീയ പേരുകളും ഭാഷയും ഭക്ഷണവും എല്ലാം അറബിമയമായി. അറബികളുടെ നീളന്‍ കുപ്പായവും പര്‍ദ്ദയും തൊപ്പിയും തലപ്പാവും എല്ലാം കേരളീയരില്‍ സ്ഥാനംപിടിച്ചു. വയലില്‍ കലപ്പയേന്തി കാളകളുടെ പിന്നില്‍ നിന്ന് ഗോഗ്വാ വിളിച്ച് നിലം ഉഴുത് മറിച്ച മാപ്പിള കര്‍ഷകനെ കാണാതായി. ഇന്നവന്‍ നീളന്‍ കുപ്പായവും പുള്ളിത്തലപ്പാവുമണിഞ്ഞു അത്തറും പുരട്ടി നടക്കുന്ന ശുജായിയായി. ഇസ്ലാമിന്റെ ഗ്രാമീണതയ്ക്ക് പകരം മലയാളി മുസ്ലീങ്ങളില്‍ കുറേപ്പേര്‍ അറോബ്യന്‍ ഇസ്ലാമിന്റെ നവ നാഗരികത ഏറ്റുവാങ്ങി. അതേ കേരളത്തിന് അന്യവും ഇറക്കുമതി ചെയ്യപ്പെട്ടതും ഏച്ചുകെട്ടിയതുമായിരുന്നു; ആണ്.

തട്ടവും ഹിജാബും

തട്ടം മുസ്ലിം സ്ത്രീയുടെ മഹത്വത്തിന്റെ ലക്ഷണമായിരുന്നു. തല തുറന്നിടുന്നത് മാന്യതയല്ലെന്ന് ഇസ്ലാമും ക്രിസ്തുമതവുമൊക്കെ വിശ്വസിക്കുന്നു. സെമിറ്റിക് മതങ്ങളിലെല്ലാം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഹിന്ദു സ്ത്രീകളെ അനുകരിച്ച് തെക്കന്‍ കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ പൊതുവേ തല മറച്ചിരുന്നില്ല. അക്കാലത്തെ വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകളും പൊതുവെ അങ്ങനെ തന്നെയായിരുന്നു. പില്‍ക്കാലത്ത് മത ചിട്ടയിലൂടെയും അറബിവല്‍ക്കരണത്തിലൂടെയും വന്ന പര്‍ദ്ദയും മറ്റ് വേഷ ശീലങ്ങളും കേരള മുസ്ലീങ്ങളിലും പടര്‍ന്നു. അതോടെ തട്ടം മക്കന, ഹിജാബ്, മഫ്ത തുടങ്ങിയ തല മറയ്ക്കല്‍ സ്‌റ്റൈലുകള്‍ മുസ്ലിം സ്ത്രീകളില്‍ വ്യാപകമായി.  വിവിധ അറബി പര്‍ദ്ദകള്‍  ഇവര്‍ക്കിടയില്‍ സ്ഥാനംപിടിച്ചു. മുഖം മറയ്ക്കുന്ന നിഖാബ് രീതിയും വ്യാപകമായി. കുറേയാളുകള്‍ക്കെങ്കിലും ഭക്ഷണത്തില്‍ ഷവര്‍മയും ഷവായിയും കബാബും ചുക്കയും, ഒഴിച്ചുകൂടാനാവാതെ വന്നു. മലയാളഭാഷയിലേക്ക് കൂടുതല്‍ അറബി പദങ്ങള്‍ ചേക്കേറി. മലയാളത്തിന് അറബിയുമായി ബന്ധം നേരത്തെ ഉണ്ടല്ലോ? പര്‍ദ്ദ തീരപ്രദേശത്തെ കുറേ മുസ്ലിങ്ങളില്‍ നേരത്തെ ഉണ്ട്. ഈ പ്രദേശങ്ങളുമായി അറബികള്‍ക്കുള്ള ബന്ധമായിരുന്നു ഇതിന് പ്രധാന കാരണം. ഇസ്ലാം മതം സ്ത്രീകളുടെ ശരീരം മറയ്ക്കുന്നതിനെ കുറിച്ച് വാചാലമാണ്. താഴ്ന്ന ജാതിക്കാര്‍ മുമ്പ് മതം മാറുന്നതിനെ കുപ്പായമിടുക എന്ന് പറഞ്ഞിരുന്നു. ഈ കൊടുക്കല്‍ വാങ്ങല്‍ തിരിച്ചും ഉണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ മാറുമറച്ചു തുടങ്ങിയതും മുസ്ലിം സ്ത്രീകളെ അനുകരിച്ചാണ്. മാറുമറച്ചു വസ്ത്രമിടുന്നതിന് ഉമ്മച്ചി വസ്ത്രം എന്നും പറഞ്ഞിരുന്നു. പരസ്പരമുള്ള ഇത്തരം അനുകരണങ്ങള്‍ ഏത് സമൂഹങ്ങളിലും കാണാം.

REPRESENTATIONAL IMAGE: WIKI COMMONS
മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം പ്രകടമാണെങ്കിലും അവരുടെ വേഷവിധാനങ്ങളില്‍ ഒരു സ്വാധീനവും പാര്‍ട്ടി ചെലുത്തിയിട്ടില്ല. ഈ വസ്തുതകള്‍ അറിയാതെ തട്ടമഴിപ്പിച്ചത് പാര്‍ട്ടിയാണെന്നുള്ള ചിലരുടെ ജല്പനങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതും അത് പാര്‍ട്ടിയെത്തന്നെ ചോദ്യം ചെയ്യലുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരുടെയും ഭക്ഷണത്തിലോ വസ്ത്രത്തിലോ ഇടപെട്ടതായി അറിവില്ല. മറിച്ച് വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടി പാര്‍ട്ടി നിലകൊള്ളുകയാണ് ചെയ്തത്. മുസ്ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ പാര്‍ട്ടി കൂടെ നിന്നിട്ടുണ്ട്. അത് ന്യൂനപക്ഷങ്ങള്‍ മുസ്ലീങ്ങളായി എന്നതുകൊണ്ടല്ല. മറിച്ച് മുസ്ലീങ്ങള്‍ ന്യൂനപക്ഷമായതും സാമൂഹികമായി പിന്നാക്കമായതും കൊണ്ടാണ്.  ന്യൂനപക്ഷങ്ങളെ ഭരണതലത്തില്‍ കൊണ്ടുവരാനും സംവരണം ഏര്‍പ്പെടുത്താനും മുസ്ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ പ്രദേശങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തുടങ്ങാനും ഏറ്റവും ഒടുവില്‍ പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ അവരുടെ സംരക്ഷണം ഉറപ്പിക്കാനും മുന്നിലെത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്. മുസ്ലീങ്ങള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നിയന്ത്രണം ഇല്ലാതാക്കിയതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചുകൊണ്ട് മലബാറില്‍ ഉന്നത വിദ്യാഭ്യാസം വളര്‍ത്തിയതും ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ. പിന്നാക്കക്കാരായ മുസ്ലിം ന്യൂനപക്ഷങ്ങളടക്കമുള്ളവരെ ഉദ്ധരിക്കാന്‍ കൂടി ലക്ഷ്യമിട്ടു മലപ്പുറം ജില്ല കൊണ്ടുവരാനും കമ്യൂണിസ്റ്റു പാര്‍ട്ടി തന്നെ കൂടെ നിന്നു. ദളിതരേക്കാള്‍ പരിതാപകരമാണ് മുസ്ലീങ്ങളുടെ അവസ്ഥ എന്ന സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാലൊളി കമ്മിറ്റി പുതിയ നടപടികള്‍ ശുപാര്‍ശ ചെയ്തത്. തട്ടം ധരിക്കാന്‍ പാടില്ല എന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ നിയമം പാസാക്കിയപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാനും പാര്‍ട്ടിയെത്തി. ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ അവരുടെ സ്വാധീനത്തിലൂടെയാണ് സച്ചാര്‍ കമ്മീഷന്‍ കൊണ്ടുവന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതികളും മറ്റും നടപ്പാക്കാന്‍ പ്രേരിപ്പിച്ചതിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടി മുന്‍പന്തിയിലുണ്ടായി. വിഭജന സമയത്ത് പാകിസ്ഥാനില്‍ ജോലി ചെയ്തിരുന്ന മലബാറിലെ മുസ്ലീങ്ങളെ പാകിസ്ഥാന്‍ പൗരരായി മുദ്രയടിച്ച് ഇന്ത്യയിലേക്ക് വരുന്നത് തടഞ്ഞ കിരാത നിയമം മാറ്റാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഇന്ത്യയില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ മുസ്ലീങ്ങളെ പല കേസുകളിലും വിചാരണ കൂടാതെ ഏറെക്കാലം ജയിലില്‍ ഇടുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് തീരുമാനം ഉണ്ടാക്കാനും പാര്‍ട്ടി നേതൃത്വം വഹിച്ചു.

ഇന്ന് വടക്കന്‍ മലബാറില്‍ മുസ്ലിം സ്ത്രീകള്‍ കൂടുതലായി ഇടതുപക്ഷ പാര്‍ട്ടികളിലേക്കും പ്രത്യേകിച്ച് സിപിഐ എമ്മിലേക്കും വന്നുകൊണ്ടിരിക്കുന്നു. അവരില്‍ ബഹുഭൂരിപക്ഷവും പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍ തന്നെയാണ്. പാശ്ചാത്യ വസ്ത്ര രീതികള്‍ അനുകരിക്കുന്നതും അവരുടെ ജീവിതരീതി അനുകരിക്കുന്നതുമല്ല പുരോഗമനം. കേരളീയ സംസ്‌കാരം വിട്ട് അറേബ്യയിലേക്കോ യൂറോപ്പിലേക്കോ പോകേണ്ട കാര്യവുമില്ല. ഓരോ സമുദായത്തിനും സമൂഹത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. കാലാകാലങ്ങളില്‍ അവരുടെ ജീവിതരീതിക്കും മാറ്റം ഉണ്ടാകും. കേരളീയരില്‍ ഒരു വിഭാഗത്തിന് കൃഷിയോട് വിരക്തി ഉണ്ടായത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാമല്ലോ. പണത്തിന്റെ പിന്നാലെ പായുമ്പോള്‍ പലപ്പോഴും സ്വത്വബോധം ഇല്ലാതെയായി എന്നും വരും.

REPRESENTATIONAL IMAGE: WIKI COMMONS
എന്തുകൊണ്ട്?

വിദ്യാഭ്യാസ രംഗത്ത് പൊതുവേയും ഉന്നത വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ചും ഇന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കേരളത്തിലെ മുസ്ലീങ്ങള്‍ ഏറെ ഉയരങ്ങളില്‍ എത്തിയിട്ടുണ്ട്. ഒപ്പം മതപരമായ ജാഗരണവും അവരില്‍ ഉണ്ടായി എന്നത് വസ്തുതയാണ്. മദ്രസകളും പള്ളികളും മറ്റ് മത കലാലയങ്ങളും അവര്‍ തന്നെ സ്ഥാപിച്ചു വരുന്നു. ജന്‍മിത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും പിന്നീട് സാമ്പത്തിക പുരോഗതിയിലേക്കും ആ സമുദായം ഉയര്‍ന്നു വന്നതുകൊണ്ടാണിത്. നിലനില്‍പ്പു ഭീതി മൂലം ന്യൂനപക്ഷങ്ങള്‍ അവരുടെ ഐഡന്റിറ്റി സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ബദ്ധശ്രദ്ധരാണ്. ചില മുസ്ലിം അവാന്തര വിഭാഗങ്ങളില്‍ തീവ്രത കൂടിയതും അറബ് ലോകത്ത് പിറന്ന തീവ്രവാദ പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി അടുത്തതും ഈ മുന്നേറ്റത്തിന്റെ തെറ്റായ സ്വാധീനം മൂലമാണ്.

ഔദ്യോഗിക രംഗങ്ങളിലും ഭരണരംഗങ്ങളിലും ജനസംഖ്യാനുപാതികമായി തങ്ങളുണ്ടാവണമെന്ന് മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നു. ഗള്‍ഫ് കുടിയേറ്റം തുടങ്ങിയ കാലത്ത് മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പൊതുവെ താല്പര്യമുണ്ടായിരുന്നില്ല. മലബാറില്‍ പിഎസ്സി കോച്ചിംഗ് സെന്ററുകളുടെ കുറവു തന്നെ അത് വ്യക്തമാക്കുന്നു. ഗള്‍ഫ് മങ്ങിയപ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളെക്കുറിച്ച് അവര്‍ നേരാംവണ്ണം ചിന്തിക്കുന്നത്. തങ്ങള്‍ക്കത് കിട്ടാക്കനിയാണെന്ന് കരുതുന്ന പലരും ഗള്‍ഫും വിട്ട് യൂറോപ്പിലെത്തി. മുസ്ലീങ്ങള്‍ മതരംഗത്ത് വളരെ സജീവമാണ്.
മുസ്ലീങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടുത്തകാലംവരെ ലീഗിലും മുസ്ലിം പാര്‍ട്ടികളിലും അധിഷ്ഠിതമായിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തമായ ശ്രമങ്ങളും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളും മൂലം കൂടുതല്‍ മുസ്ലീങ്ങള്‍ ഇടതുപക്ഷത്തെത്തി. എന്നാല്‍ മുസ്ലീങ്ങളെ നേതൃത്വത്തില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമില്ല. അവരെ എന്നും അവഗണിക്കുന്നതാണ് കാണുന്നത്. മുഖ്യമന്ത്രിയായി ഏതെങ്കിലും മുസ്ലിം വരുന്നത് ഒരു പാര്‍ട്ടിയും ഇഷ്ടപ്പെടുന്നില്ല. എന്നുവച്ചാല്‍ ഭരണത്തിന്റെ ഉന്നതരംഗത്ത് ഇവരുടെ സ്ഥാനം ഇനിയും അകലെയാണ് എന്നര്‍ത്ഥം. ഇസ്ലാമോഫോബിയയുടെ പേരില്‍ പല പാര്‍ട്ടികളും മുസ്ലീങ്ങളെ അവഗണിക്കുന്നുണ്ട്.

ഉത്തരേന്ത്യയിലും മറ്റും മുസ്ലീങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ അവിടുത്തെ ബിജെപി സര്‍ക്കാരുകള്‍ ഇടിച്ചു നിരത്തുന്നു. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ നശിപ്പിക്കുകയാണ് ലക്ഷ്യം. മുസ്ലീങ്ങള്‍ക്ക് വ്യാപകമായി വോട്ടവകാശം നിഷേധിക്കുന്നു. മുസ്ലിം കേന്ദ്രങ്ങളിലേക്ക് ജലവും വൈദ്യുതിയും നിഷേധിക്കുന്നു. പള്ളികളും ശ്മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുവാദങ്ങള്‍ തടയുന്നു. ഫാസിസ്റ്റ് പാര്‍ട്ടികളും ഭരണകൂടങ്ങളും നിരന്തരമായി നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്.

ഇടതു പാര്‍ട്ടികളിലെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും സ്ത്രീകളുടെയും മുസ്ലീങ്ങളുടെയും സാന്നിധ്യം കുറഞ്ഞു കാണുന്നു. ബിജെപിയുടെ ഭരണ തലത്തില്‍ മുസ്ലീങ്ങളെ എവിടെയും കാണുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പൊതുവേ ഉരുണ്ടുകൂടുന്ന മുസ്ലിം വിരുദ്ധ നയം പശ്ചാത്യ രാജ്യങ്ങളുടെ കൂടി ശ്രദ്ധയ്ക്ക് പാത്രമായിട്ടുണ്ട്. അതോടൊപ്പം ആഗോളതലത്തില്‍ അമേരിക്കയും അതുപോലെ ഇസ്രയേലും ഒരുമിച്ച് നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും ഭീകരവാദ ആക്ഷേപങ്ങളും മുസ്ലീങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്നു. അവഗണനമൂലവും സ്വയം ഉണ്ടാക്കുന്ന കാരണങ്ങള്‍ കൊണ്ടും മാറിനില്‍ക്കുന്ന മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണം.  മതനേതൃത്വങ്ങളും ആ വഴിക്ക് പ്രവര്‍ത്തിക്കണം. അതോടൊപ്പം ജനാധിപത്യപരമായ പ്രക്ഷോഭങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനും മുസ്ലിം ന്യൂനപക്ഷം തയ്യാറാകണം.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇപ്പോഴത്തെ ഐക്യത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. തങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പുതിയ പ്രതിപക്ഷ ഐക്യനിര ഭരണപക്ഷമായാല്‍ തയ്യാറാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. കോണ്‍ഗ്രസിനും പ്രത്യേകിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിലും അവരുടെ പ്രതീക്ഷ സഫലമാക്കുന്നതിലും വലിയ ഉത്തരവാദിത്തമുണ്ട്.


#Religion & Politics
Leave a comment