TMJ
searchnav-menu
post-thumbnail

Religion & Politics

മതം രാഷ്ട്രീയത്തെ വിഴുങ്ങുമ്പോള്‍ ഇല്ലാതാവുന്ന മാനവികത

01 Sep 2023   |   5 min Read
K P Sethunath

നുഷ്യരുടെ ഭാഗധേയത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിപുരാതനകാലം മുതല്‍ സ്വാധീനിച്ച വിഷയങ്ങളാണ് മതവും അതിന്റെ അവിഭാജ്യഘടകമായ വിശ്വാസങ്ങളും. മനുഷ്യരുടെ ചരിത്രത്തോളം പഴക്കമുള്ള വിഷയങ്ങളാണ് അവ. അതു സംബന്ധിച്ചുള്ള ഒരു കണക്കെടുപ്പിനേക്കാള്‍ പ്രധാനം വര്‍ത്തമാനകാല രാഷ്ട്രീയമണ്ഡലത്തില്‍ മതം മുഖ്യഘടകമായി മാറുന്ന സാഹചര്യങ്ങളാണ്. മതവും രാഷ്ട്രീയവും ഒരു നിര്‍ണ്ണായക വിഷയമായി കണക്കാക്കുന്നതിനുള്ള അടിയന്തിര പ്രേരണ അതാണ്. പ്രതീക്ഷകള്‍ക്ക് വിപരീതമായ ഒന്നായി പ്രസ്തുത സാഹചര്യം നിലനില്‍ക്കുന്നു. ചരിത്രഗതിയുടെ സ്വാഭാവിക പ്രയാണമെന്നു കരുതിയിരുന്ന ഒരു പ്രക്രിയയെക്കുറിച്ചുള്ള ധാരണകളെയും തോന്നലുകളെയും അപ്രസക്തമാക്കുന്ന നിലയില്‍ മതവും രാഷ്ട്രീയവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ലോകമാകെ പടര്‍ന്നു പന്തലിക്കുന്നതിനെ ഏതു നിലയിലാണ് മനസ്സിലാക്കാനാവുകയെന്ന ചോദ്യം വളരെയധികം പ്രസക്തമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല.

യൂറോപ്പിലെ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങളുടെ കാലഗണനയുടെ കണ്ണടയിലൂടെ ലോകചരിത്രത്തെ വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം മതം ഏതോ പുരാതനയുഗത്തിലെ ഒരു കൗതുകം (റെലിക്) മാത്രമായി നിലനില്‍ക്കുമെന്ന തോന്നല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശക്തമായിരുന്നു. യൂറോപ്പിലെ ജ്ഞാനോദയം മുതല്‍ രണ്ടാം ലോകയുദ്ധം വരെയുള്ള കാലഘട്ടത്തെ മതനിരപേക്ഷ കാലമെന്ന് (സെക്കുലര്‍ ഏജ്) സാമൂഹ്യശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന തരത്തില്‍ ശക്തമായിരുന്നു മതവിമര്‍ശനം. 19-20 നൂറ്റാണ്ടുകളില്‍ പ്രധാനമായും യൂറോപ്പിലെ പ്രമുഖരാജ്യങ്ങളിലും അമേരിക്കയിലും ശാസ്ത്ര-സാങ്കേതിക മേഖലയിലുണ്ടായ വളര്‍ച്ചയും രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളുമായിരുന്നു അതിനുള്ള സുപ്രധാന പ്രേരണ. മതത്തിന്റെയും മതപരതയുടെയും പ്രത്യക്ഷദൈവങ്ങളായിരുന്ന പൗരോഹിത്യം പോയകാലത്തിന്റെ ശേഷിപ്പുകളെപോലെ കുറച്ചുകാലംകൂടി നിലനില്‍ക്കുമെന്നതൊഴിച്ചാല്‍ ഗൗരവമായ പരിഗണന ആവശ്യപ്പെടുന്ന ഒരു വിഷയമെന്ന നിലയില്‍ മതത്തിന്റെ സ്ഥാനം പരുങ്ങലിലാവുമെന്നു കരുതിയിരുന്ന ആ കാലഘട്ടം ഇപ്പോള്‍ ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മ മാത്രമായി മാറിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വിശ്വാസികളുടെ എണ്ണം ആഗോളതലത്തില്‍ കുറഞ്ഞുവെങ്കിലും സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലെ നിര്‍ണ്ണായകശക്തിയായി മതവും മതപരതയും വിരാജിക്കുന്ന സ്ഥിതിവിശേഷം ലോകമാകെ നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും രാഷ്ട്രീയത്തില്‍ മാത്രമല്ല ലോകമാകെ രാഷ്ട്രീയത്തില്‍ മതമൗലിക ശക്തികള്‍ ചെലുത്തുന്ന സ്വാധീനം അമ്പരിപ്പിക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

REPRESENTATIONAL IMAGE | PHOTO: WIKI COMMONS
ഭരണകൂടാധികാരത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകളിലെ മുഖ്യശക്തികളിലൊന്നായി മതമൗലിക ശക്തികള്‍ സമൂഹത്തില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നു. മതവും അതുമായി ബന്ധപ്പെട്ട വിശ്വാസവും വ്യക്തികളുടെ സ്വകാര്യതയെന്ന നിലയില്‍ നിന്നും ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും സ്വഭാവത്തെ നിര്‍ണ്ണയിക്കാനുള്ള ഉരകല്ലായി മാറിയിരിക്കുന്നു. വൈദ്യസഹായത്തോടെ ഗര്‍ഭം അവസാനിപ്പിക്കുവാനുള്ള സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കുന്ന അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധിയും അതിനോടുള്ള അമേരിക്കയിലെ മുഖ്യരാഷ്ട്രീയ കക്ഷികളായ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ സമീപനവും അതിന്റെ നല്ല ഉദാഹരണമാണ്. റിപ്പബ്ലിക്കന്‍ കക്ഷിയുടെ നേതാക്കളും അനുയായികളും വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ അമേരിക്കന്‍ നിലവാരത്തിലുള്ള പുരോഗമനം അവകാശപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി എങ്ങുംതൊടാത്ത സമീപനം സ്വീകരിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ അരങ്ങേറിയിരുന്ന ഇപ്പോഴും അരങ്ങേറുന്ന വംശീയ ഹിംസയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുതല്‍ പരിണാമ സിദ്ധാന്തം വരെയുള്ളവ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുക മാത്രമല്ല അത്തരം പുസ്തകങ്ങള്‍ വായനശാലകളില്‍ നിന്നുപോലും നിഷ്‌ക്കാസിതമാക്കുന്നതിനായി നടക്കുന്ന സംഘടിതമായ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍ അമേരിക്കയില്‍ നിന്നും ദിവസേന പുറത്തുവരുന്നു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍, പോളണ്ട്, ഹംഗറി തുടങ്ങിയ യൂറോപ്പിലെ പല പ്രമുഖ രാജ്യങ്ങളിലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയായി മതമൗലിക ശക്തികളെ കാണാനാവും.

മതമൗലികതയും വലതുപക്ഷ രാഷ്ട്രീയവും പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷം രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലും, അമേരിക്കയിലും ശക്തിപ്രാപിക്കുന്നതായി റിലീജിയന്‍ ആന്റ് ഹ്യൂമന്‍ പ്രോസ്പെക്റ്റസ് എന്ന കൃതിയില്‍ അലക്സാണ്ടര്‍ സാക്സ്ടണ്‍ രേഖപ്പെടുത്തുന്നു. മതപരതയുടെ രാഷ്ട്രീയമായ ഈ ശക്തിപ്രാപിക്കല്‍ 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആപത്കരമായ നിലയില്‍ വളര്‍ന്നിരിക്കുന്നതായി അമേരിക്കയിലും യൂറോപ്പിലും നിന്നുമുള്ള വര്‍ത്തമാനകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നു. മതപരതയും വംശീയതയും സ്വകാര്യ മൂലധനത്തിന്റെ പവിത്രതയും ഒന്നുചേരുന്ന ഭയാനകമായ വലതുപക്ഷ രാഷ്ട്രീയ മിശ്രിതത്തിന്റെ വേദിയായി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയം ഈ നാടുകളില്‍ മാറിയിരിക്കുന്നു. ഭയാനകമായ ഈ മിശ്രിതം പ്രാദേശികമായ സവിശേഷതകളോടെ ലോകമാകെ വ്യാപിക്കുന്ന പ്രക്രിയയായി അരങ്ങേറുന്നു. മതവും രാഷ്ട്രീയവുമെന്ന വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഈ സമാനതകളും, വൈജാത്യങ്ങളും സവിശേഷതകളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ലോകത്തിന്റെ ഭൂപടത്തില്‍ ഒരു ചെറിയ പ്രദേശം മാത്രമായ യൂറോപ്പിലേതുപോലെ ഒരു നേര്‍രേഖയില്‍ വിവരിക്കാവുന്നതല്ല ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മതവും രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവങ്ങളുടെ ചരിത്രവും വര്‍ത്തമാനവും. കൊളോണിയലിസം, വംശീയത, മുതലാളിത്തം, അധീശത്വം, വ്യാവസായികാടിസ്ഥാനത്തിലുള്ള കൂട്ടക്കൊലകള്‍, ഇനിയും അവസാനിക്കാത്ത വിധേയത്ത ബന്ധങ്ങള്‍ തുടങ്ങിയ നിരവധി അടരുകളിലൂടെയാണ് നമുക്ക് ഇപ്പോള്‍ പരിചിതമായ നിലയില്‍ മതവും രാഷ്ട്രീയവും തമ്മില്‍ ഈ നാടുകളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളെ മനസ്സിലാക്കാനാവുക. ഒരു സാര്‍വലൗകിക സംജ്ഞയായി മതവും രാഷ്ട്രീയവുമെന്ന വിഷയം നിലനില്‍ക്കുമ്പോഴും പ്രാദേശികമായ ഒട്ടനവധി സവിശേഷതകളും വൈജാത്യങ്ങളും അതില്‍ അന്തസ്ഥിതമാണ്. നമുക്ക് ഏറെ പരിചിതമായ ദക്ഷിണേഷ്യയുടെ ചരിത്രം തന്നെയെടുക്കാം. മതവും രാഷ്ട്രീയവും തമ്മില്‍ യൂറോപ്പില്‍ വേര്‍പിരിഞ്ഞതിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവില്ല.

REPRESENTATIONAL IMAGE | PHOTO: WIKI COMMONS
രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ നിന്നും മതത്തെ വേര്‍പെടുത്തുന്നതായിരുന്നു യൂറോപ്പിലെ രാഷ്ട്രീയമായ ആധുനികതയുടെ തുടക്കമെന്ന് പൊതുവെ കരുതപ്പെടുന്നു. മതനിരപേക്ഷതയുടെ അടിസ്ഥാനം ഈ വേര്‍പെടലായും കണക്കാക്കപ്പെടുന്നു. 'കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസറിനുള്ളത് സീസറിനുമെന്ന' ചൊല്ലോളം പഴക്കംചെന്നതാണ് ഈ ആശയമെങ്കിലും അത് വ്യക്തമായ രാഷ്ട്രീയമാനങ്ങള്‍ കൈവരിക്കുന്നത് രാജഭരണത്തിനും പൗരോഹിത്യത്തിനുമെതിരെ ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമെല്ലാം 17-18 നൂറ്റാണ്ടുകളില്‍ നടന്ന വിപ്ലവങ്ങളിലൂടെയാണ്. 19-20 നൂറ്റാണ്ടുകളില്‍ നടന്ന വിപ്ലവങ്ങളും, കലാപങ്ങളും മതവും രാഷ്ട്രീയവും തമ്മിലുള്ള വിച്ഛേദന പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കി. മതത്തിന്റെ ശാസനങ്ങള്‍ക്കു പകരം ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാവനകള്‍ രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരങ്ങളാവുന്ന സ്ഥിതി അതോടെ സംജാതമായി. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍പിരിയല്‍ മതനിരപേക്ഷതയുടെയും, ജനാധിപത്യത്തിന്റെയും മാത്രമല്ല ആധുനികതയുടെയും ചിഹ്നമായി തിരിച്ചറിയപ്പെട്ടു. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യയിലെ മതവും രാഷ്ട്രീയവും തമ്മിലുള്ള കൂടിയാട്ടത്തെ മനസ്സിലാക്കുവാന്‍ അതേ വിശകലന മാതൃക അപ്പാടെ പിന്തുടരുന്നത് സ്വീകാര്യമല്ല. മാത്രമല്ല, യൂറോപ്പിലെ വിശകലന മാതൃകയില്‍ അന്തര്‍ലീനമായ ബോധപൂര്‍വ്വമുളള വാഴ്ത്തലുകളും, ഒഴിവാക്കലുകളും, മറച്ചുപിടിക്കലുകളും അതുപോലെ പിന്തുടരുക മാത്രമാവും ഫലം.

ഇപ്പോള്‍ നാം തിരിച്ചറിയുന്ന തരത്തിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ തുടക്കം മതപരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതിയും, മതവുമായി ബന്ധപ്പെട്ട നവീകരണ-പരിഷ്‌കരണ പ്രസ്ഥാനങ്ങളായിരുന്നു ഇന്ത്യയിലെ ആധുനിക രാഷ്ട്രീയത്തിന്റെ ഒരു ചവിട്ടുപടി. ജാതി-മത ബന്ധിതമായ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും ജീവിതചര്യകളുടെയും നിഷേധവും, നിലനിര്‍ത്തലുമൊക്കെയായി ഉയര്‍ന്നുവന്ന സംവാദങ്ങള്‍ പുതിയ തരത്തിലുള്ള രാഷ്ട്രീയ ബോധധാരയുടെ രൂപപ്പെടലില്‍ സുപ്രധാനമായിരുന്നു. ദേശീയതയുടെ അവബോധവുമായി ബന്ധപ്പെട്ട മതപരതയുടെ ആവിഷ്‌കാരം വ്യക്തമായ രൂപഭാവങ്ങള്‍ കൈവരിക്കുന്നതെന്നുമുള്ള തിരിച്ചറിവുകള്‍ ഇപ്പോള്‍ വ്യാപകമായി മനസ്സിലാക്കപ്പെടുന്നു. മതപരതയും, രാഷ്ട്രീയവുമായുള്ള ഈ പൊക്കിള്‍കൊടി ബന്ധത്തെ അഭിമുഖീകരിക്കാതെ കൊളോണിയല്‍ അധിനിവേശ കാലഘട്ടത്തിലെയും പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍ ആധിപത്യം അവസാനിച്ചതിനും ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാനാവില്ല. കൊളോണിയല്‍ അധീശത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ ആധുനികതയുടെ വിമോചനപരമായ സാധ്യതകളും, പരിമിതികളും കൂടുതല്‍ സുതാര്യതയോടെ വ്യക്തമാകുന്ന ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പോയകാലത്തിന്റെ കണക്കെടുപ്പുകള്‍ അനിവാര്യമാകുന്നു. മതവും രാഷ്ട്രീയവും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ പ്രധാന തീമായി നിശ്ചയിക്കുന്നതിന്റെ പശ്ചാത്തലമിതാണ്.

പ്രപഞ്ചസങ്കല്‍പ്പങ്ങളുടെയും വ്യക്തിപരമായ താല്‍പ്പര്യങ്ങളുടെയും ഭാഗമായി രൂപപ്പെടുന്ന ആത്മീയതൃഷ്ണകളും, അന്വേഷണങ്ങളുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത നിലയിലാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട മതപരതയുടെ ഇന്ത്യയിലെ തുടക്കം. കൊളോണിയല്‍ ഭരണത്തിന്റെ ഫലമായി പ്രത്യക്ഷമായും പരോക്ഷമായും ഭൗതികമായ നേട്ടങ്ങള്‍ കൈവരിച്ച വിഭാഗങ്ങളിലാണ് നാം ഇപ്പോള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള മതവും രാഷ്ട്രീയവുമായുള്ള ബന്ധം ഉടലെടുക്കുന്നത്. കൊളോണിയല്‍ ഭരണത്തിന്റെ ഗുണഭോക്താക്കളായി സ്വയം തിരിച്ചറിയുമ്പോഴും രാഷ്ട്രീയമായ ഒരു അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗമായിരുന്നു ഈ പുതിയ വര്‍ഗ്ഗം. കൊളോണിയല്‍ ഭരണത്തോടുള്ള വിധേയത്വവും ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ചിന്തകളും ഒരേസമയം ഉള്ളിലൊതുക്കിയ ഇരട്ട വ്യക്തിത്വം പേറുന്ന ഈ വര്‍ഗ്ഗത്തിന് ലഭിച്ച ആശ്വാസമായിരുന്നു പൂര്‍വ്വകാല മഹിമയെക്കുറിച്ചുള്ള മതപരത നിറഞ്ഞ ആഖ്യാനങ്ങള്‍. അധികം വൈകാതെ തങ്ങളുടെ അയല്‍ക്കാരനായ മറ്റൊരു മതസ്ഥനെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന തരത്തില്‍ രാഷ്ട്രീയവും മതപരതയും കൂടിക്കുഴയുന്ന സാഹചര്യം ഉടലെടുത്തു. പരസ്പരവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ഈയൊരു സ്ഥിതിവിശേഷം ഇന്ത്യയില്‍ മാത്രമല്ല കൊളോണിയല്‍ അധിനിവേശത്തിന്റെ ദുര്‍വിധി അനുഭവിക്കാന്‍ വിധിക്കപ്പെട്ട ദേശങ്ങളുടെയെല്ലാം പൊതുവായ ദുരന്തമായിരുന്നു. ഇപ്പോള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷമാവുന്ന ആക്രമണോത്സുകമായ രാഷ്ട്രീയ മതപരതയുടെ -- ഹിന്ദുത്വമെന്നു പരക്കെ തിരിച്ചറിയപ്പെടുന്ന ഹിംസാത്മകമായ രാഷ്ട്രീയം -- വേരുകള്‍ കൊളോണിയല്‍ വിധേയത്വത്തിന്റെ കാലഘട്ടത്തില്‍ മുളപൊട്ടിയ വിത്തുകളിലാണ് കാണാനാവുക. ഈയൊരു തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് കൊളോണിയല്‍ വിരുദ്ധത മുതല്‍ വിഭജനം വരെയുള്ള ചരിത്രം വര്‍ത്തമാനകാലത്തെ മതവും രാഷ്ട്രീയവുമായുള്ള കൂടിക്കുഴയലിന് പ്രേരണയായി മാറുന്ന സാഹചര്യത്തെ മനസ്സിലാക്കുന്നതിന്റെ പ്രസക്തി.

REPRESENTATIONAL IMAGE | PHOTO: WIKI COMMONS
സ്വന്തം മതത്തിന്റെ മാത്രം ശ്രേഷ്ഠതയെ പറ്റിയുള്ള ബോധ്യങ്ങളും അവകാശവാദങ്ങള്‍ക്കുമൊപ്പം അന്യമതങ്ങളോടുള്ള പകയും വെറുപ്പും വിദ്വേഷവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖ്യപ്രേരണയായി മാറുന്നതാണ് മതവും രാഷ്ട്രീയവും തമ്മില്‍ കൂടിക്കുഴയുന്നതിന്റെ ഇന്ത്യന്‍ അനുഭവം. അന്യമത വിരോധത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന കലാപങ്ങളും, സംഘര്‍ഷങ്ങളും ഭരണകൂടാധികാരം കൈവരിക്കുന്നതിനുള്ള വഴിയൊരുക്കുന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന ജനങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറുന്ന സാഹചര്യങ്ങളും രൂപപ്പെടുത്തുന്നതായി പല പഠനങ്ങളും വെളിപ്പെടുത്തുന്നു. മതവും രാഷ്ട്രീയവും ഭരണകൂടാധികാരവും ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന പ്രക്രിയ ഹിന്ദുത്വയുടെ രൂപത്തില്‍ ആധിപത്യം നേടിയതിന് പിന്നിലുള്ള പ്രേരണകളും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും ജനാധിപത്യപരമായ ആവിഷ്‌കാരങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഏതുവിധത്തിലാണ് അടയാളപ്പെടുത്തുകയെന്നതും ഇപ്പോള്‍ സുപ്രധാനമായിരിക്കുന്നു. മതവും, രാഷ്ട്രീയവും ഇന്ത്യയില്‍ കൈകോര്‍ക്കുന്നതും മറ്റു രാജ്യങ്ങളിലെ സമാനമായ സാഹചര്യങ്ങള്‍ തമ്മിലുള്ള സമാനതകളും, ഭിന്നതകളും എങ്ങനെയാണ് വിലയിരുത്താനാവുകയെന്നുള്ള വിഷയത്തിലും ആഴത്തിലുള്ള ലേഖനങ്ങളും ദൃശ്യാവിഷ്‌കാരങ്ങളും ഞങ്ങള്‍ ലക്ഷ്യമിടുന്നു.

മതവും രാഷ്ട്രീയവും തമ്മിലുള്ള കൃത്യമായ വിച്ഛേദനം നടപ്പിലാക്കുന്ന തരത്തിലുള്ള മതനിരപേക്ഷത ഇന്ത്യയില്‍ നടപ്പിലാക്കുന്നതില്‍ 1947-നു ശേഷം രൂപമെടുത്ത ഭരണസംവിധാനം പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് മറ്റൊരു സുപ്രധാന വിഷയം. ജാതിയിലൂടെയാണ് ഇന്ത്യയില്‍ മതസ്വത്വം നിലനില്‍ക്കുന്നതെന്നും ജാതി ഉന്മൂലനത്തിലൂടെ മാത്രമേ മതനിരപേക്ഷത ഇന്ത്യയില്‍ സാധ്യമാകൂ എന്നുമുള്ള വീക്ഷണവും ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ബഹുസ്വരതയുടെ ഉദാഹരണമായി വര്‍ഗീയവാദികളടക്കം ഉയര്‍ത്തിക്കാണിക്കുന്ന 'നാനാത്വത്തില്‍ ഏകത്വമെന്ന' ആശയം ബ്രാഹ്‌മണ്യത്തിന്റെ ആശയശാസ്ത്രത്തിനുള്ള മറ മാത്രമാണെന്ന വിമര്‍ശനങ്ങളെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതുവിധത്തിലാണ് ഉള്‍ക്കൊള്ളാനാവുകയെന്ന ചോദ്യവും അവഗണിക്കാവുന്നതല്ല. ഇന്ത്യയിലെ മതനിരപേക്ഷത പാശ്ചാത്യമാതൃകയില്‍ നിന്നും ഭിന്നമാണെന്നും അതിനാല്‍ അവ തമ്മിലുള്ള താരതമ്യം ശരിയല്ലെന്നുമുള്ള വീക്ഷണങ്ങളും അവഗണിക്കാവുന്നതല്ല. ഹിന്ദുത്വ രാഷ്ട്രീയവും നിയോലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ഒരേ കാലഘട്ടത്തില്‍ അധീശത്വം സ്ഥാപിക്കുന്നതിന്റെ പ്രേരണയാണ് മറ്റൊരു സുപ്രധാന വിഷയം. ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള തെരഞ്ഞെടുപ്പു സമ്പ്രദായം മതവും രാഷ്ട്രീയവും തമ്മിലുള്ള കൂടിച്ചേരലിന് കൂടുതല്‍ അവസരമൊരുക്കുന്നതാണെന്ന വിമര്‍ശനങ്ങളോടൊപ്പം ഇന്ത്യയുടെ സാംസ്‌കാരികമായ വൈവിധ്യങ്ങളെയും സവിശേഷതകളെയും ഇല്ലായ്മ ചെയ്യുന്നതാണെന്ന വിലയിരുത്തലുകളും ഞങ്ങളുടെ മുഖ്യപരിഗണനയില്‍ വരുന്ന വിഷയങ്ങളാണ്. വായനക്കാരും പ്രേക്ഷകരും പതിവുപോലെ പിന്തുണയും സഹകരണവും നല്‍കുമെന്ന ഉത്തമവിശ്വാസത്തോടെ എല്ലാവരെയും പുതിയ തീമിലേക്കും മലബാര്‍ ജേര്‍ണലിന്റെ മറ്റുള്ള ഉള്ളടക്കങ്ങളിലേക്കും സ്വാഗതം ചെയ്യുന്നു.


#Religion & Politics
Leave a comment