മതരാഷ്ട്രവാദത്തെ നേരിടുന്നതിന്റെ രീതിശാസ്ത്രം
അങ്ങനെയൊരു ചോദ്യമുണ്ട്: ഹിന്ദു രാഷ്ട്രവാദത്തെ എതിര്‍ക്കുന്ന പോലെ ഇസ്ലാമികരാഷ്ട്രവാദത്തെ എതിര്‍ക്കേണ്ടതുണ്ടോ? ഇന്ത്യയിലെ രാഷ്ട്രീയ ഹിന്ദുത്വവും രാഷ്ട്രീയ ഇസ്ലാമും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് എന്നു പറയുന്നത് ശരിയാണോ? അത് അതിലളിതവത്കരണമല്ലേ?
'മതരാഷ്ട്രം' എന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെയാണ് നിങ്ങള്‍ എതിര്‍ക്കുന്നതെങ്കില്‍ രണ്ടിനെയും ഒരുപോലെ എതിര്‍ക്കണം. കാരണം ഒന്നിനെ വാക്കുകൊണ്ട് അനുകൂലിച്ചോ മൗനംകൊണ്ട് അനുവദിച്ചോ നിങ്ങള്‍ക്ക് മറ്റേതിനെ നേരിടാന്‍ കഴിയില്ല. മാത്രമല്ല, ആ നിലപാട് എതിര്‍വശത്തെ വളര്‍ത്തും.
ഞാന്‍ ഉദാഹരണം പറയാം: ഇന്ത്യയില്‍ പശു പൂജയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ എതിര്‍ക്കുന്ന ജനാധിപത്യവാദി അതേപോലെ ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ എതിര്‍ക്കണം. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അന്യായം മാത്രമാണ് അന്യായം എന്ന നിലപാട് എടുത്താല്‍ അത് ഹിന്ദുരാഷ്ട്രവാദിക്ക് 'കണ്ടോ, കണ്ടോ നിങ്ങള്‍ ഹിന്ദുവിരോധം പറയുകയാണ്, നിങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കാന്‍ അവകാശമില്ല' എന്നു തിരിച്ചടിക്കും. അതു നിങ്ങളുടെ വാദത്തെ ദുര്‍ബലമാക്കും. ആ വഴിക്ക് ഹിന്ദുമതമൗലികവാദത്തിന് അംഗീകാരം വര്‍ധിപ്പിക്കും. അവിടെ ജനാധിപത്യമാണ് പിന്തള്ളപ്പെടുക.
ഹിന്ദുരാഷ്ട്രവാദത്തിന് പ്രതിക്രിയ ഇസ്ലാമികരാഷ്ട്രവാദമാണോ? എങ്ങനെയാണ് ഹിന്ദുത്വവാദികളുടേത് തെറ്റും ഇസ്ലാമികവാദികളുടേത് ശരിയും എന്ന് നിങ്ങള്‍ പറയുക?
ഇപ്പോള്‍ ഒരു എതിര്‍വാദം ഉയരുന്നു: ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദികള്‍ ഭൂരിപക്ഷമാണ്; ഇസ്ലാമികരാഷ്ട്രവാദികള്‍ ന്യൂനപക്ഷവും. അതുകൊണ്ട് കൂടുതല്‍ ആപത്ത് ഹിന്ദുരാഷ്ട്രവാദമാണ്. അതിനെയാണ് എതിര്‍ക്കേണ്ടത്. ശരിയല്ലേ?
ഇപ്പറഞ്ഞത് കൃത്യമായിപ്പറഞ്ഞാല്‍ നാം നാട്ടില്‍ കണ്ടുപരിചയിച്ച തെരഞ്ഞടുപ്പ് തന്ത്രമാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും തുല്യമല്ല എന്ന പല്ലവി തന്നെ. ന്യൂനപക്ഷ സമുദായക്കാരുടെ വോട്ടു നേടാനുള്ള തക്കിടി. ന്യൂനപക്ഷ വര്‍ഗീയത ആപത്തല്ല എന്ന നിലപാടുകാര്‍ എങ്ങനെ ഭൂരിപക്ഷ വര്‍ഗീയത ആപത്താണ് എന്നു പറയും? വര്‍ഗീയത ചീത്തയാണെങ്കില്‍ എവിടെയും ചീത്തയായിരിക്കണം.
REPRESENTATIONAL IMAGE: PHOTO: WIKI COMMONS
ഓര്‍ത്തുനോക്കൂ: ഒരുകാലത്ത് ഇസ്ലാമിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൊലയാളിയായിരുന്ന ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ പില്ക്കാലത്ത് അമേരിക്കന്‍ വിരുദ്ധനായപ്പോള്‍ കേരളത്തിലെ സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും 'സാമ്രാജ്യത്വവിരുദ്ധത'യുടെ ബാനറില്‍ ഒത്തുകൂടി സദ്ദാം അനുകൂലികളായി സഹകരിച്ച് പ്രവര്‍ത്തിച്ചു! 'ഇസ്ലാമിസം താരതമ്യേന പുരോഗമനപരമാണ്' എന്ന് ഒളിഞ്ഞും തെളിഞ്ഞും സിപിഎം നിലപാട് വ്യക്തമാക്കി! യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ക്കൂടി മതമൗലികവാദത്തിന് സ്വീകാര്യത നേടിക്കൊടുക്കുന്ന പണിയാണ് അതുവഴി സിപിഎം എടുത്തത്. നോക്കൂ, അതിലൂടെ അമേരിക്കയ്ക്ക് എന്ത് നഷ്ടംവന്നു? കേരളത്തില്‍ ഇസ്ലാമികവാദികള്‍ക്ക് മുഖ്യധാരയില്‍ ദൃശ്യതയും അംഗീകാരവും ലഭിച്ചു എന്നതായിരുന്നു ഫലം. സിപിഎമ്മിന് തെരഞ്ഞെടുപ്പ് നേട്ടങ്ങളുമുണ്ടായി!
മറുവശത്ത്, ഈ കാര്യം ചൂണ്ടിക്കാട്ടി സംഘപരിവാര്‍ ശക്തികള്‍ ഒന്നുകൂടി തെഴുത്തു. ഇതു തിരിയാത്ത പാര്‍ട്ടിയാണോ സിപിഎം? അല്ല. അല്ല. അത് പാര്‍ട്ടിക്ക് വിഷയമല്ല. പാര്‍ട്ടിയുടെ പ്രശ്‌നം തത്ക്കാലത്തെ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ്.
വേറെ ഒരുദാഹരണം പറയാം: കര്‍ണാടകയില്‍ ഹിന്ദുമൗലികവാദികള്‍ കല്‍ബുര്‍ഗിയെ കൊന്നതിനെതിരെ കേരളത്തിലെ എല്ലാ പാര്‍ട്ടികളും എല്ലാ മാധ്യമങ്ങളും വലിയ കോലാഹലമുണ്ടാക്കി. വേണ്ടതുതന്നെ. പക്ഷേ, തമിഴ്‌നാട്ടില്‍ മുസ്ലീം മൗലികവാദികള്‍ ഫാറൂഖിനെ കൊന്നതിനെതിരെ ഇവിടത്തെ പാര്‍ട്ടികളും മാധ്യമങ്ങളും മൗനംപാലിച്ചു!
മുസ്ലീങ്ങള്‍ക്കിടയിലെ മതമൗലികവാദികളെ പ്രീണിപ്പിച്ചും പേടിച്ചും മുന്നോട്ടുപോകുന്ന ഈ കുറ്റകരമായ മൗനം മുസ്ലീം സമുദായത്തിന് ഗുണകരമാണോ എന്ന് കൂട്ടത്തില്‍ ആലോചിച്ചുനോക്കുക. അത് ഇവിടത്തെ ആര്‍എസ്എസ്സിനെ ശക്തിപ്പെടുത്തുകയില്ലേ എന്നും ആലോചിക്കുക.
വേറൊരു വാദം കേള്‍ക്കാറുണ്ട്: ഇസ്ലാമിക രാഷ്ട്രവാദം ഒരിക്കലും ഇന്ത്യയില്‍ അധികാരത്തിലെത്തുകയില്ല. ഹിന്ദുത്വരാഷ്ട്രീയക്കാര്‍ ഇപ്പോഴേ കേന്ദ്രഭരണം കയ്യടക്കിക്കഴിഞ്ഞു. അതു രണ്ടും ഒരുപോലെയാണോ?
അതു രണ്ടും അധികാരത്തിന്റെ കണക്കില്‍ ഒരുപോലെയാണെന്ന് വകതിരിവുള്ള ആരും പറയില്ല. മതമൗലികവാദികള്‍ക്ക് നേതൃത്വം കൊടുക്കുന്ന പൗരോഹിത്യം ഒരു സമാന്തരഭരണകൂടമാണ് എന്ന് ഓര്‍മവേണം. അതിന് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയാധികാരം അത്യാവശ്യമില്ല. ചേകനൂര്‍ മൗലവിയെ ശ്വാസംമുട്ടിച്ചുകൊന്നത് രാഷ്ട്രീയാധികാരം ഉണ്ടായിട്ടാണോ? ജോസഫിന്റെ കൈവെട്ടിക്കളഞ്ഞത് രാഷ്ട്രീയാധികാരം ഉണ്ടായിട്ടാണോ? ഈ അന്യായങ്ങളുടെ നേരെ മലയാളികള്‍ കാണിച്ച ലജ്ജാകരമായ ഉദാസീനത ഇസ്ലാമിസ്റ്റുകളെ ശക്തിപ്പെടുത്തും: അതിന്റെ പ്രതികരണമായി ഹിന്ദുത്വവാദികള്‍ ശക്തിപ്പെടും.
REPRESENTATIONAL IMAGE: PHOTO: WIKI COMMONS
ഞാന്‍ ആവര്‍ത്തിക്കുന്നു: മതപൗരോഹിത്യം ഒരു സമാന്തര ഭരണകൂടമാണ്. ഇപ്പറഞ്ഞത് ഹിന്ദു-മുസ്ലിം-ക്രിസ്റ്റ്യന്‍-സിക്ക് പൗരോഹിത്യത്തിനെല്ലാം ഒരുപോലെ ബാധകമാണ്. അതിന്റെ ആപത്ത് അത് നമ്മുടെ മതേതരസമൂഹത്തെ ദുര്‍ബലമാക്കും എന്നതാണ്.
ജനാധിപത്യവാദികള്‍ക്ക് ഒരു മതേതരരാഷ്ട്രം വേണം. സംശയമില്ല. ഇല്ലല്ലോ. ഞാന്‍ അവരോട് ചോദിക്കട്ടെ: ഒപ്പം നിങ്ങള്‍ക്ക് ഒരു മതേതരസമൂഹം വേണോ? വേണമെങ്കില്‍ നിങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണം. നിങ്ങളുടെ മൗനത്തിലൂടെയോ ആനുകൂല്യത്തിലൂടെയോ വളരുന്ന ന്യൂനപക്ഷവര്‍ഗീയത നമ്മുടെ മതേതരസമൂഹത്തെ കൂടെക്കൂടെ ദുര്‍ബലമാക്കും.
ഇന്ത്യയില്‍ മുസ്ലീങ്ങളെക്കാളെത്രയോ ചെറിയ ന്യൂനപക്ഷമാണ് സിക്ക് സമൂഹം. ആദ്യം മൗനംകൊണ്ട് അനുദിച്ചും പിന്നെ വാക്കുകൊണ്ട് അനുകൂലിച്ചും ഇന്ദിരാഗാന്ധി അവര്‍ക്കിടയിലെ തീവ്രവാദത്തിന് കൊടുത്ത പിന്തുണയുടെ ദുഷ്ഫലം എത്ര മാരകമായിരുന്നു! അവസാനം ഇന്ദിരാഗാന്ധിയുടെ ജീവന്‍ തന്നെ അതിന് ബലികൊടുക്കേണ്ടി വന്നു. അതില്‍ നിന്ന് നമ്മുടെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വല്ലതും പഠിച്ചുവോ? പഠിച്ചിരുന്നെങ്കില്‍ ഈ ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദ താരതമ്യങ്ങള്‍ക്ക് പുറപ്പെടില്ലായിരുന്നു.
ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദമുണ്ട്. അതിന് പ്രതിവിധി മുസ്ലീങ്ങള്‍ക്കിടയിലെ തീവ്രവാദമല്ല, മറിച്ച് മതേതര ജനാധിപത്യമാണ്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദമുണ്ട്. അതിന് പ്രതിവിധി ഹിന്ദുക്കള്‍ക്കിടയിലെ തീവ്രവാദമല്ല, മറിച്ച് മതേതര ജനാധിപത്യമാണ്.
മേല്‍ഖണ്ഡികയില്‍ പറഞ്ഞകാര്യം അത്യന്തം ലളിതമാണ്. ഇതിനെ 'അതിലളിതവത്കരണം' എന്നു വിളിച്ച് പുകമറ സൃഷ്ടിക്കുന്നത് തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കുന്ന അരാഷ്ട്രീയതയാണ്.