മതം അംബേദ്കറിന് ശേഷം
"മതം ഒരു സാമൂഹ്യ ശക്തിയാണ്" (അംബേദ്കര്‍ 1987: 23)
മതപഠനങ്ങള്‍ക്കു വളരെയേറെ പ്രാധാന്യം കൈവന്ന കാലമാണിത്. മാതാനന്തര കാലമെന്നോ മതനിരപേക്ഷാനന്തര കാലമെന്നോ ഒക്കെ വിളിച്ചാലും ഉത്തരവാദിത്ത സമൂഹ സൃഷ്ടിയില്‍, നീതിയിലധിഷ്ഠിതമായ രാഷ്ട്രനിര്‍മിതിയില്‍, ജനാധിപത്യ ബോധമുള്ള പൗരനിര്‍മ്മിതിയില്‍ മതങ്ങള്‍ക്കുള്ള പങ്ക് ഇന്ന് വളരെയധികം പ്രാധാന്യത്തോടെ വീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ മതങ്ങള്‍ അതില്‍ തന്നെ മൗലിക പരമായിത്തീരുകയും രാഷ്ട്രീയ സ്വേച്ഛാധിപത്യത്തെ പിന്നില്‍ നിന്നും പിന്താങ്ങുകയും ചെയ്യുന്ന സമകാലിക പരിതോവസ്ഥയില്‍ മതവും രാഷ്ട്രീയവും തമ്മിലുള്ള കൂട്ടുകെട്ടിനെ പുരോഗമന സമൂഹം വളരെ ആശങ്കയോടെയാണ് കാണുന്നത്. ഇന്ന് മതമായിരുന്നാലും പ്രത്യയശാസ്ത്രമായിരുന്നാലും ഏകാധിപത്യത്തിന്റെയും അതിരുവത്കരണത്തിന്റെയും പ്രയോഗങ്ങളെ ചെറുത്തുകൊണ്ട് ബദല്‍ പ്രയോഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന സങ്കേതങ്ങളാവേണ്ടതുണ്ട് എന്ന റൊമില ഥാപ്പറിന്റെ വാക്കുകള്‍ ഏറെ പ്രധാനമാണ്. കലാപങ്ങളും, വംശഹത്യകളും, വെറുപ്പിന്റെ പ്രയോഗങ്ങളും ഉത്പാദിപ്പിക്കുന്നതില്‍ മതങ്ങള്‍ മുന്‍പന്തിയില്‍ തന്നെ നിലയുറപ്പിക്കുന്ന സമകാലിക പശ്ചാത്തലത്തില്‍ മതത്തെ മനുഷ്യരുടെ ധാര്‍മിക സംഹിതയായി വ്യാഖ്യാനിക്കുന്ന അംബേദ്കറിന്റെ ദര്‍ശനങ്ങള്‍ ഇവിടെ പുതിയ വഴിവെളിച്ചങ്ങള്‍ സമ്മാനിക്കുന്നു. അംബേദ്കറിന്റെ മതം ധാര്‍മിക പ്രമാണം മാത്രമല്ല പ്രവര്‍ജ്ജനത്തിന്റെ (Exclusion) പ്രയോഗങ്ങളെ പ്രതിരോധിക്കുകയും അതൊരു ബദല്‍ സാമൂഹ്യ-രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മതരാഷ്ട്രീയ സാംസ്‌കാരിക ഘടനകളുടെ പിന്നാമ്പുറങ്ങളില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന ബഹുശതം വരുന്ന കീഴാള ജനസമൂഹം വളരെ പ്രതീക്ഷയോടെയാണ് അംബേദ്കറിന്റെ മത ദര്‍ശനങ്ങളെ കാണുന്നത്.
ഇന്ത്യയുടെ വേദിക് പാരമ്പര്യം മുന്നോട്ടുവച്ച സനാതന ധര്‍മ്മം അതിഭൗതിക ജ്ഞാന സിദ്ധാന്തങ്ങളില്‍ അഭിരമിക്കുന്നതും പ്രാപഞ്ചിക ലോകത്തില്‍ വിഭാഗീയതയും ഉച്ചനീചത്വങ്ങളും ഉറപ്പിക്കുന്നതും ആയിരുന്നു. വര്‍ണാശ്രമ ധര്‍മ്മവ്യവസ്ഥ ജാതി വ്യവസ്ഥയെ നീതിമത്കരിക്കുകയും കീഴാള സമൂഹങ്ങളുടെ സാമൂഹ്യ പ്രവര്‍ജ്ജനം യാഥാര്‍ഥ്യമാവുകയും ചെയ്യുമ്പോള്‍ അതിനെതിരെ ആദ്യമായി ശബ്ദിക്കുന്നത് ചാര്‍വാകന്മാരാണ്. ലോകത്തിന്റെയും ദൈവത്തിന്റെയും അസ്തിത്വങ്ങളെ ശ്രേണീബദ്ധമായി അടുക്കിക്കൊണ്ടു ബ്രാഹ്‌മണരുടെ ആധിപത്യത്തെയും ഇതര സമൂഹങ്ങളുടെ കീഴാളതയേയും പാഠവത്കരിക്കുവാന്‍ വേദിക് മത പാരമ്പര്യങ്ങള്‍ക്കു കഴിഞ്ഞു. പിന്നീട് അതിന് ബദലായി വന്ന ബൗദ്ധ -ജൈന പാരമ്പര്യങ്ങളെ തച്ചുതകര്‍ക്കാനും അതിനു കഴിഞ്ഞു. എന്നാല്‍ ഇസ്ലാം മതവും ക്രൈസ്തവ മതവും രംഗപ്രവേശനം ചെയ്യുന്ന ആധുനിക കാലഘട്ടത്തില്‍ വേദിക് - ഹിന്ദുത്വ മതം സ്വയം പ്രതിരോധം തീര്‍ക്കുന്നത് കാണാം. ഒരു ഭാഗത്തു നവീകരണ പ്രത്യയശാസ്ത്രമായും മറുവശത്തു ആക്രമണോത്സുകമായ ഹിന്ദുത്വ പ്രത്യയ ശാസ്ത്രമായുമാണ് അത് പ്രാദുര്‍ഭവിക്കുന്നത്. ഹെഡ്‌ഗേവാറും, സവര്‍ക്കറും ഗോള്‍വാക്കറും ഒക്കെ നേതൃത്വം കൊടുക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനമായാണ് അത് പിന്നീട് രൂപമെടുക്കുന്നതു. ഒരു മതബോധം ഹിംസാത്മകമായ പ്രത്യയശാസ്ത്രമായി പരിവര്‍ത്തിക്കപ്പെടുന്നതു എങ്ങനെയെന്നതിന്റെ ഉത്തമോദാഹരണമാണിത്.
അംബേദ്കര്‍ | PHOTO: WIKI COMMONS
എന്നാല്‍ ക്രിസ്തു മതവും ഇസ്ലാമതവും ഉള്‍പ്പെടുന്ന സെമിറ്റിക് മതങ്ങള്‍ ആധുനികതയെ ആശ്ലേഷിക്കുകയും അതേസമയം തന്നെ അതിന്റെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടാണ് വരുന്നത്. ആധുനിക ദാര്‍ശനിക ലോകത്തു ക്രിസ്തുമതത്തെ ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളത് കാറല്‍ മാര്‍ക്‌സ് ആണെന്നുപറയാം. അതിഭൗതിക വ്യാവഹാരിക ലോകത്തു തന്നെയാണ് അതിപ്പോഴും നിലനില്‍ക്കുന്നതെന്നും ലോകവും അതിന്റെ ജീവല്‍ പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ മതത്തിനു ഇനിയും കെല്‍പ് വന്നിട്ടില്ലായെന്നും മാര്‍ക്‌സ് നിരീക്ഷിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞു ലോകത്തിന്റെ പരിവര്‍ത്തന പ്രക്രിയയില്‍ മതത്തിന്റെ പങ്കു മാര്‍ക്‌സ് നിഷേധിക്കുകയാണ് ചെയ്തത്. നവ ഭൗതികവാദ ദൈവശാസ്ത്രജ്ഞന്മാര്‍ മാര്‍ക്‌സിന്റെ ഈ വിമര്‍ശനം മറികടന്നു രാഷ്ട്രീയ ദൈവ ശാസ്ത്രങ്ങള്‍ നിര്‍മിച്ചു പുതിയ പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജ്ഞാന സിദ്ധാന്തപരമായി ഇപ്പോഴും ക്രൈസ്തവ ദൈവശാസ്ത്രം ഒരു മേലാള പ്രത്യയശാസ്ത്രം തന്നെയാണ്. മാനവ മോചനത്തിന്റെ പുതു സങ്കല്പങ്ങളുമായി വന്ന ഇസ്ലാം മതവും കൃത്യമായ ആചാരാനുഷ്ഠാനങ്ങളുള്ള വ്യവസ്ഥാപിത മതമായി മാറുന്നതാണ് നാം കാണുന്നത്. വന്നതും നിന്നതുമായ എല്ലാ മതസ്വരൂപങ്ങളും ഇന്ത്യയിലെ കീഴാള സമൂഹങ്ങളോട് നീതി കാണിച്ചിരുന്നില്ല എന്നതാണ് ചരിത്രപരമായ വസ്തുത. ഇവിടെയാണ് ബുദ്ധ മതത്തിലേക്കുള്ള അംബേദ്കറിന്റെ മത പരിവര്‍ത്തനത്തിന്റെ വ്യവഹാരം കീഴാള സമൂഹങ്ങള്‍ ഗൗരവമായി കാണാനാരംഭിക്കുന്നത്.
അംബേദ്കറിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്‌നമാണ് മുന്നിലുണ്ടായിരുന്നത്. ആധുനിക രാഷ്ട്ര വ്യവഹാരത്തില്‍ ദളിതുകളും മറ്റു കീഴാള സമൂഹങ്ങളും എവിടെയാണ്? ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച അന്യത്വവും അനാഥത്വവും എങ്ങനെയാണ് മറികടക്കുക? പുരോഗമന പരമായൊരു അസ്തിത്വവും ആധുനികമായൊരു സാമൂഹ്യ സ്ഥാനവും വിഭവങ്ങളില്‍ മേലുള്ള അധികാരവും സ്ഥാപിച്ചെടുക്കുന്ന രാഷ്ട്രീയ പ്രക്രിയയില്‍ അനുഗുണമായ മത ബോധമേതാണ്? ഇതാണ് അംബേദ്കറിന്റെ ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ മതവും രാഷ്ട്രീയവും ഒരു പ്രത്യേകതരമായ രീതിയില്‍ അംബേദ്കറില്‍ സംയോജിക്കപ്പെടുന്നുണ്ട്. മാര്‍ക്‌സിന്റെ മതരാഹിത്യമോ ബ്രാഹ്‌മണ്യത്തിന്റെ മത ബോധമോ അല്ലാതെ മറ്റൊരുതരം ചിന്താ പദ്ധതിയാണ് അത്. ആധുനിക ജ്ഞാനോദയത്തിന്റെ പാഠങ്ങള്‍ ജോണ്‍ ടൂവിയിലൂടെ അംബേദ്കറില്‍ നിക്ഷിപ്തമാണെങ്കിലും കോളനിയന്തരമായൊരു പരിപ്രേക്ഷ്യത്തില്‍ മതത്തെ പുരോഗമനാത്മകമായൊരു വ്യവഹാരമായി കാണാനാണ് അംബേദ്കര്‍ ശ്രമിക്കുന്നത്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. അത് ജാതി വ്യവസ്ഥ നിര്‍മിച്ചുവച്ചിരിക്കുന്നതു മറ്റൊരു മത ബോധ്യത്തിലാണ് എന്നതുകൊണ്ടുകൂടിയാണ്. മതത്തെ മതം കൊണ്ടുതന്നെ പ്രതിരോധിക്കുക എന്ന തന്ത്രം മത തത്ത്വചിന്തയില്‍ തന്നെ പുതിയൊരു വഴിത്തിരിവാകുകയായിരുന്നു.
കാറല്‍ മാര്‍ക്‌സ് | PHOTO: WIKI COMMONS
ബുദ്ധമതത്തിലേക്ക് അംബേദ്കര്‍ ആകര്‍ഷിക്കപ്പെടുന്നതില്‍ പിന്നെയും കാരണങ്ങള്‍ ഉണ്ടായിരുന്നു. സെമിറ്റിക് മതങ്ങള്‍ ലോകത്തെ വിരുദ്ധ അപരത്വമായി കണ്ട് മെറ്റാഫിസിക്കല്‍ ആയുള്ള ഏകത്വം മുന്നോട്ടുവയ്ക്കുമ്പോള്‍ ബുദ്ധമതം ലോകത്തിലെ മനുഷ്യന്റെ ദുഃഖങ്ങളും വേദനകളുമാണ് അഡ്രസ് ചെയ്യുന്നത്. എന്നാല്‍ ഏതൊരു വ്യവസ്ഥാപിത മതത്തെപ്പോലെയും ആചാരാനുഷ്ഠാന കേന്ദ്രീകൃതമായ പൗരോഹിത്യ മതമായി ബുദ്ധമതവും മാറാനുള്ള സാഹചര്യം മനസ്സിലാക്കി നവീകരിച്ച ബൗദ്ധ വ്യവഹാരത്തിലാണ് അംബേദ്കര്‍ താല്‍പര്യം കാണിക്കുന്നത്. ആത്മാവും ആചാരങ്ങളും അടങ്ങിയ കേവല മതങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടാന്‍ സാധിക്കാത്ത മതങ്ങളാണ്. എന്നാല്‍ ജാതി വ്യവസ്ഥ പോലുള്ള ചൂഷണാത്മകമായ സാമൂഹ്യക്രമങ്ങള്‍ ചോദ്യം ചെയ്യാന്‍ കെല്പുള്ള മതമായി തെളിയിക്കപ്പെട്ടിട്ടുള്ള മതമാണ് ബുദ്ധമതം. എന്നാല്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ക്കു പരിഹാരം സുഖസൗകര്യങ്ങള്‍ പരിവര്‍ജ്ജിക്കുന്നതും മോക്ഷത്തിനായുള്ള തീര്‍ത്ഥാടനമാണെന്നും ഉള്ള ബൗദ്ധ ചിന്തകള്‍ അംബേദ്കര്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ബുദ്ധമതത്തില്‍ അംബേദ്കര്‍ കണ്ടെത്തിയത് മതമെന്ന രാഷ്ട്രീയ പ്രക്രിയയെയും കരുണയെന്ന ഭൗതിക ദൈവ ബോധത്തെയുമാണ്. ദൈവത്തെ കരുണയെന്ന തത്ത്വചിന്തയായി വ്യാഖ്യാനിക്കുന്നിടത്തു നവഭൗതിക വാദ ദൈവശാസ്ത്രജ്ഞന്മാരുടെ നിരയിലേക്ക് അംബേദ്കറും പ്രവേശിക്കുകയായിരുന്നു. സമകാലിക തത്ത്വചിന്ത അതുകൊണ്ടുതന്നെ ഗില്‍ ഡെലിയൂസിനോടും സ്ലാവോജ് സീസിക്കിനോടും ജോര്‍ജിയോ അഗംബനോടും ഒപ്പം അംബേദ്കറിനെയും കണ്ണിചേര്‍ക്കുന്നു.
ആധുനിക ഇന്ത്യയിലെ ഒരു രാഷ്ട്രീയ തത്ത്വചിന്തകന്‍ എന്ന നിലയില്‍ ആധുനിക രാഷ്ട്രനിര്‍മിതിയും കീഴാളരുടെ സാമൂഹ്യാധികാര പ്രവേശനവും ഉള്‍കൊള്ളുന്ന ഒരു രാഷ്ട്രീയ - മത പ്രത്യയ ശാസ്ത്രമാണ് അംബേദ്കര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. എല്ലാ രാഷ്ട്രീയ പ്രക്രിയകള്‍ക്കും പുറത്തുനിര്‍ത്തിയിരുന്ന കീഴാളരുടെ സാമൂഹ്യ രാഷ്ട്രീയ നിര്‍മ്മിതിയായിരുന്നു അംബേദ്കറിന്റെ ലക്ഷ്യം. ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ജാതി ബോധത്തിലാണെന്നും ആ ജാതി ബോധം മതപരമായി നിര്‍മ്മിക്കപ്പെട്ടതാണെന്നുമുള്ള ചിന്ത രാഷ്ട്രീയത്തെ മുന്‍ഗമിക്കുന്ന സാമൂഹ്യ ബോധത്തിന്റെ അപനിര്‍മിതിയിലേക്കാണ് അംബേദ്കറെ നയിക്കുന്നത്. യൂറോപ്യന്‍ ലിബറല്‍ മൂല്യബോധം നിര്‍മിച്ചിരിക്കുന്ന രാഷ്ട്രബോധം ഒരു മൂല്യ നിഷ്പക്ഷതയിലാണ് ആരംഭിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് സാധ്യമല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആധുനിക മൂല്യ നിഷ്പക്ഷതയെ അപനിര്‍മിക്കുന്നതും അതേസമയം ജാതി ബോധത്തിന്റെ രാഷ്ട്രീയ ബോധങ്ങളെ തകര്‍ക്കുന്നതുമായ ബദല്‍ മൂല്യബോധം അംബേദ്കര്‍ കണ്ടെത്തുന്നത് ബുദ്ധമതത്തിലാണ്. എന്നാല്‍ ബുദ്ധനെയും അപനിര്‍മാണ വായനയ്ക്ക് വിധേയമാക്കാന്‍ മാര്‍ക്‌സിനെയും ആധുനിക ജനാധിപത്യ മൂല്യങ്ങളെയും അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇപ്രകാരമുള്ള കീഴാള നവ രാഷ്ട്രീയ പ്രക്രിയയ്ക്ക് ഹിന്ദുമതത്തിനും മറ്റു സെമിറ്റിക് മതങ്ങള്‍ക്കും കെല്പില്ലായെന്ന തിരിച്ചറിവാണ് അംബേദ്കറിനെ ബൗദ്ധ പാളയത്തില്‍ എത്തിക്കുന്നത്.
അംബേദ്കര്‍ | PHOTO: WIKI COMMONS
മതം എന്ന സംവര്‍ഗം തന്നെ ഉപയോഗിക്കാന്‍ അംബേദ്കര്‍ മടികാണിക്കുന്നുണ്ട്. മതം എന്ന ആധുനിക വ്യവസ്ഥ ശ്രേണീബദ്ധമായ അനുശീലനങ്ങളും സത്യ പ്രസ്താവനകളടങ്ങിയ ഗ്രന്ഥവും എല്ലാറ്റിനും ഉപരിയായി സര്‍വാധികാരിയായ ദൈവവും ഒക്കെ അടങ്ങുന്ന ആധിപത്യത്തിന്റെ ഘടനയാണെന്ന് അംബേദ്കറിന് അറിയാമായിരുന്നു. ബ്രാഹ്‌മണിക് -ഹിന്ദു മതപാരമ്പര്യങ്ങള്‍ കണ്ടുപരിചയിച്ച അംബേദ്കര്‍ അപ്രകാരമൊരു കേന്ദ്രീകൃത മതബോധത്തെ പിന്താങ്ങുകയില്ല. ഒരുപക്ഷേ, ക്രിസ്തു മതത്തിലേക്കോ ഇസ്ലാം മതത്തിലേക്കോ അദ്ദേഹം മതപരിവര്‍ത്തനം നടത്താത്തതിന്റെ കാരണവും അത് തന്നെയാവാം. ധമ്മ എന്ന പദമാണ് അംബേദ്കര്‍ പകരം ഉപയോഗിക്കുന്നത്. അംബേദ്കറിനെ സംബന്ധിച്ചിടത്തോളം മതം ധാര്‍മികതയാണ്, അനുഷ്ഠാനമല്ല. നൈതികതയാണ്, നിയമാവലിയല്ല. ധമ്മ സാമൂഹ്യപരമാണ്. ധമ്മ നല്‍കുന്നത് സാമൂഹ്യപരതയുടെ സംഘ ബോധമാണ്. എല്ലാവരുമായുള്ള നീതിപൂര്‍വമായ ബന്ധമാണതിന്റെ അടിസ്ഥാനം. ധാര്‍മികതയാണ് സാമൂഹ്യജീവിതത്തെ നിര്‍ണയിക്കുന്നത്, വേദങ്ങളല്ല. സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും തുല്യതയിലേക്കുമാണത് സമൂഹത്തെ ആനയിക്കുന്നത്. ധമ്മ, യുക്തിയുടെയും കരുണയുടെയും ഉറവിടമാണ്. സാമൂഹ്യ ജീവിതത്തെ ജനാധിപത്യവത്കരിക്കുന്നതു അവയാണ്.
മതങ്ങള്‍ അതീത യാഥാര്‍ത്ഥ്യത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ധമ്മ ഭൗതിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചു പറയുന്നു. മതത്തിനു ലോകം ദൈവീകതയോടു ഏച്ചുകെട്ടേണ്ട ഒന്നാണ്. അതേസമയം ധമ്മ, ദൈവീകതയെ ധാര്‍മികതകൊണ്ട് അടയാളപ്പെടുത്തുന്നു. അംബേദ്കറിന്റെ ധമ്മയില്‍ അതീത യാഥാര്‍ത്ഥ്യമായ ദൈവമില്ല. അവിടെ കരുണയും ധാര്‍മികതയും നീതിയുമാണുള്ളത്. ധാര്‍മിക ബന്ധങ്ങള്‍ക്ക് അടിസ്ഥാനമായി ഒരു അതീത യാഥാര്‍ത്ഥ്യ കേന്ദ്രവുമില്ല. പുറത്തുള്ള ഒരു കേന്ദ്രവും അത്തരം ധാര്‍മിക പ്രമാണങ്ങളെ നിയന്ത്രിക്കുന്നില്ല. മറിച്ചു, പച്ചയായ സാമൂഹ്യ ബന്ധങ്ങളിലെ തിരിച്ചറിവുകളും തിരുത്തലുകളും ഒക്കെത്തന്നെയാണ് യാഥാര്‍ഥ്യമായുള്ളതു. ബാഹ്യമായ ആത്മാവിനെ കുറിച്ച് പഠിപ്പിച്ച ബ്രാഹ്‌മണിസ ഹിന്ദു മതത്തെ എല്ലാ അര്‍ത്ഥത്തിലും അംബേദ്കര്‍ തിരസ്‌കരിക്കുകയാണ്. അത്തരം ബാഹ്യ ആത്മാക്കളുടെ/ കേന്ദ്രങ്ങളുടെ മരണം തന്നെയാണ് ധമ്മയിലൂടെ അംബേദ്കര്‍ ആഘോഷിക്കുന്നത്.
അംബേദ്കര്‍ | PHOTO: WIKI COMMONS
ധമ്മയിലെ ദൈവീകത ബലഹീനനെ താങ്ങുന്നതാണ്. ദുര്‍ബലരുടെ അതിജീവനത്തിന്റെ പ്രതിരോധമാണത്. സാമൂഹ്യ ജീവിതത്തിന്റെ പവിത്രതയെന്നു പറയുന്നത് അത് ദുര്‍ബലരുടെ അതിജീവന പ്രക്രിയ ആകുന്നതുകൊണ്ടാണ്. പവിത്രത (sacred) എന്നത് സാമൂഹ്യബന്ധങ്ങള്‍ക്ക് പുറത്തുള്ള അനുഭവമല്ല, പ്രത്യുത അതിനുള്ളില്‍ സംഭവിക്കുന്ന ഒന്നാണ്. ഇവിടെ സെക്കുലറും സേക്രഡും തമ്മില്‍ സംഘര്‍ഷമില്ല. കാരണം, സെക്കുലറാണ് സേക്രഡ്. സെക്കുലര്‍ അല്ലാത്തതൊന്നും സേക്രഡ് ആവില്ല. സാഹോദര്യത്തിന്റെ ശീലങ്ങളാണ് ധമ്മയെ നിലനിര്‍ത്തുന്നത്. ധമ്മയിലെ ദൈവീകത വേര്‍തിരിക്കപ്പെട്ട വിശുദ്ധതയല്ല. പങ്കെടുപ്പിലൂടെ പുനഃരാവിഷ്‌കരിക്കപ്പെടുന്ന അശുദ്ധതയാണ്. വ്യവസ്ഥാപിത മതങ്ങള്‍ അശുദ്ധതയുടെ ഇടങ്ങള്‍/ ശരീരങ്ങള്‍/ അനുഷ്ഠാനങ്ങള്‍ എന്ന് വേര്‍തിരിച്ചിരുന്ന ഇടങ്ങളില്‍ നിന്നാണ് ധമ്മ ആരംഭിക്കുന്നത്. അശുദ്ധതയാണെന്റെ ദൈവം എന്ന് പറഞ്ഞ ജോര്‍ജിയോ അഗംബനെയാണ് അംബേദ്കര്‍ ഇവിടെ ഓര്‍മിപ്പിക്കുന്നത്.
മതവര്‍ഗീയതയും കോര്‍പറേറ്റ് കാപ്പിറ്റലിസവും കൈകോര്‍ത്തുപിടിച്ചു ആഗോള ആധിപത്യ വ്യവസ്ഥിതി രൂപപ്പെടുത്തി ജനാധിപത്യ സംസ്‌കൃതികളെയെല്ലാം അട്ടിമറിച്ചുകൊണ്ടു മുന്നേറുന്ന വര്‍ത്തമാന കാലത്തു അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നവ ഭൗതികവാദ തത്ത്വചിന്തകര്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍ ദര്‍ശനങ്ങള്‍ക്കു ഏറെ പ്രസക്തിയുണ്ട്. മതവും രാഷ്ട്രീയവും ആധിപത്യ ക്രമങ്ങളുടെ നീതിമത്കരണങ്ങള്‍ അല്ലെന്നും കീഴാള ജനാധിപത്യ ക്രമങ്ങള്‍ പുനഃരാവിഷ്‌കരിക്കുന്ന ജീവല്‍ വ്യവഹാരങ്ങളാണെന്നുമുള്ള ചിന്ത വ്യവസ്ഥാപിത മതങ്ങളെ മാത്രമല്ല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ തന്നെയും അഴിച്ചുപണിയുവാന്‍ നമ്മെ സഹായിക്കും. മനുഷ്യനല്ല ആചാര അനുഷ്ഠാനങ്ങളാണ് വിശ്വാസത്തിനാധാരമെന്നും നൈതികതയല്ല വര്‍ഗ്ഗീയതയാണ് മതത്തിന്റെ അന്തസത്തയെന്നും വിഭവ ങ്ങളില്‍ മേലുള്ള ആധിപത്യമാണ് രാഷ്ട്രീയാധികാരത്തിനു ആധാരമെന്നും നിര്‍വ്വചിക്കപ്പെടുന്ന സമകാലിക സാമൂഹ്യ പശ്ചാത്തലത്തില്‍ അംബേദ്കറിന്റെ മത തത്ത്വശാസ്ത്രം ഏറെ സംഗതവും പ്രസക്തവുമാവുകയാണ്.