TMJ
searchnav-menu
post-thumbnail

Religion & Politics

പട്ടിപരിപാലകന്മാരുടെ പന്നിവേട്ടകളും ചവറുകളും

01 Oct 2023   |   11 min Read
ഡോ. അജയ് എസ് ശേഖർ

മാരി സെല്‍വരാജിന്റെ മാമന്നന്‍ സിനിമയും ഉദയനിധിയുടെ സനാതനധര്‍മ വിമര്‍ശവും

നീരില്ലായ്കില്‍ പാരിലേതും കാര്യമാര്‍ക്കും നടന്നിടാ
മാരിയില്ലായ്കിലപ്പോഴാ നീരുമില്ലാതെയായിടും
നാരായണഗുരു, ''വാന്‍ചിറപ്പ്'' (തിരുക്കുറല്‍ വിവര്‍ത്തനം)
ഹൈന്ദവമാം മതം, സനാതനധര്‍മം, പിന്നെ
വര്‍ണാശ്രമധര്‍മമെന്നീവകപ്പേരുകളാല്‍
അറിയപ്പെടുന്നതുദുര്‍ജ്ഞേയം നരനിന്ദാ-
നിയമം, പരസ്യമാം ജനവഞ്ചനാക്രമം
സഹോദരനയ്യപ്പന്‍, ''പരിവര്‍ത്തനം.''

ഭരണഘടനയും നീതിനിയമവ്യവസ്ഥയുമിരിക്കുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യമെന്ന അടിസ്ഥാന മൗലികാവകാശംപോലും ഇല്ലാതാക്കി മനുഷ്യരുടെ തലയ്ക്കുവിലയിടുകയും കൊലവിളി നടത്തി ക്യാമറയ്ക്കുമുന്നില്‍ ഫോട്ടോകുത്തിക്കീറിക്കത്തിക്കുകയും ചെയ്യുന്നു. അയ്യങ്കാളിയുടെ തല പട്ടിക്കുവെട്ടിയൊട്ടിക്കുന്നു. ഗുരുവിനെ റിപ്പബ്ലിക് പരേഡില്‍ പുറന്തള്ളി ജാതിസ്ഥാപിക്കാന്‍ ബുദ്ധികൊണ്ടുപറന്ന പുഴുക്കുത്തുകളുടെ വ്യാഖ്യാതാക്കളെ വാഴിക്കുന്നു. പരശുരാമസ്തുതിയെ കേരളത്തിന്‍ ഔദ്യോഗികഗാനമാക്കുന്നു. മുഖ്യമന്ത്രിമാര്‍ പോലും തെരുവില്‍ റിക്കോഡില്‍ മണിപ്പിള്ളമാരുടെ ജാതിത്തെറിവിളി കേള്‍ക്കേണ്ടിവരുന്നു. സുപ്രീംകോടതിയുടെ ലിംഗനീതിക്കായുള്ള വിധി നടപ്പാക്കുന്നതിനെതിരേ തീണ്ടാരിലഹളയിലൂടെ നിയമലംഘനം ചെയ്തു വിശ്വാസിലഹള ഒന്നും രണ്ടും നടത്തിയവരുടെ ആയിരക്കണക്കായ കേസുകള്‍ എഴുതിത്തള്ളപ്പെടുന്നു. ജാതിരഹിതമായ ഇന്ത്യ കാണണമെന്നഭിപ്രായം പറഞ്ഞ ദിവ്യ ദ്വിവേദിയെ പോലുള്ള ചിന്തകര്‍ക്കെതിരേ ദില്ലി ഐ. ഐ. റ്റിയില്‍ അച്ചടക്കനടപടി നടക്കുന്നു. ഇന്ത്യയെന്ന പേരുപോലും അപകടത്തിലായിരിക്കുന്നു. റിപ്പബ്ലിക്കിനും ഭരഘടനയ്ക്കും ആധാരമായ ജനായത്ത പ്രാതിനിധ്യവും ഫെഡറലിസവും മതേതരചിന്തയും തകര്‍ത്താല്‍ പിന്നെ ഇന്ത്യ നിലനില്‍ക്കില്ല, വര്‍ണാശ്രമത്തെ സനാതനമാക്കുന്ന ഹൈന്ദവപദ്ധതിയാവും പകരമുണ്ടാവുക. ഗുരുവും സഹോദരനും അംബേദ്കറും മുന്നറിയിപ്പുതന്ന ഹിന്ദുസ്വരാജ്യവും രാമരാജ്യവും സമാഗതമാകുന്നു.

മാനവ തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണ് സനാതനധര്‍മമെന്നും അതിനാല്‍ അതിനെ നിര്‍മാര്‍ജനം ചെയ്യണമെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. അദ്ദേഹം സൂചിപ്പിച്ചത് ബ്രാഹ്‌മണിസം സനാതനമെന്നു വാഴ്ത്തുന്ന ചാതുര്‍വര്‍ണ്യം അഥവാ വര്‍ണാശ്രമധര്‍മത്തെയാണ്. അതിന്‍ അനുയായികളെയല്ല നിര്‍മാര്‍ജനം ചെയ്യേണ്ടത്, ജാതിവര്‍ണബദ്ധമായ മനുഷ്യത്തത്തിനു നിരക്കാത്ത ആ അസമത്ത പ്രത്യയശാസ്ത്ര വ്യവഹാരത്തെയാണെന്നത് വ്യക്തമാണ്. അതിനാല്‍ അതില്‍ ഉറച്ചുനില്‍ക്കുന്നതായും ഉദയനിധി ആവര്‍ത്തിച്ചു.


ഉദയനിധി സ്റ്റാലിന്‍ | PHOTO: PTI
2023 സെപ്തംബര്‍ മാസത്തിനുതുടക്കത്തില്‍ തമിഴ്നാട്ടിലെ നിയമസഭാംഗവും ഡി. എം. കെ. യുവജനവിഭാഗം നേതാവും ചിന്നവര്‍ എന്നുമറിയപ്പെടുന്ന യുവജനക്ഷേമ, കായികവികസന മന്ത്രിയും ചലച്ചിത്രനിര്‍മാതാവും ചലച്ചിത്രതാരവുമായ ഉദയനിധി സ്റ്റാലിന്‍ ഇടതുപക്ഷ പുരോഗമന എഴുത്തുകാരുടെ സമ്മേളത്തില്‍ നടത്തിയ വര്‍ണാശ്രമധര്‍മത്തെക്കുറിച്ചുള്ള വിമര്‍ശം യൂണിയന്‍ ഭരണകൂടത്തെ ഞെട്ടിച്ചു. പ്രധാനമന്ത്രി മോദിതന്നെ അതിനെതിരേ പ്രതികരിക്കാന്‍ മന്ത്രിസഭയോടാവശ്യപ്പെട്ടു. 

സനാതനധര്‍മവിവാദവും തലയ്ക്കുവിലയിടലും കൊലവിളികളും

അമിത് ഷാ അടക്കമുള്ള മന്ത്രിപുംഗവന്‍മാര്‍ ഉദയനിധിയെ ഹിറ്റ്ലറോടടക്കം ഉപമിച്ച് ഹിന്ദുക്കളെ തുടച്ചുനീക്കാനുള്ള ആഹ്വാനമായി വര്‍ണാശ്രമസനാതനധര്‍മത്തിന്‍ വിമര്‍ശത്തെ ഇന്ത്യാ സഖ്യത്തിനെതിരേയുള്ള തിരഞ്ഞെടുപ്പു തുറുപ്പായും ഉപയോഗിച്ചുവരികയാണ്. അതിന്‍ തിരഞ്ഞെടുപ്പുരാഷ്ട്രീയ വിവക്ഷകളെന്തായാലും സാംസ്‌കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ തലങ്ങളെ വിമര്‍ശവിശകലനം ചെയ്യുന്നതും അടയാളപ്പെടുത്തുന്നതും സമഗ്രാധിപത്യത്തിലേക്കും ഒളിഗാര്‍ക്കിയിലേക്കും കൂപ്പുകുത്തിയ ഇന്ത്യയില്‍ ഏറെ പ്രധാനമാണ്. ഇന്ത്യയെന്ന ഇന്‍ഡസ് നദിയുടെ സംസ്‌കാരവും ചരിത്രവും പേരും പോലും സനാതനികളാല്‍ തുടച്ചുനീക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ഹിന്ദുസന്യാസിയാണ് മനുഷ്യരുടെ തലയ്ക്കുവിലയിടുന്നത്. തങ്ങളുടെ സിരകളിലോടുന്നത് ദളവാക്കുളം പ്രശസ്തനായ വേലുത്തമ്പിയുടെ രക്തമാണെന്നു ചില നവനവോത്ഥാനനായകന്മാര്‍ കൊലവിളിച്ചപോലെയാണ് ഇന്നത്തെ അവസ്ഥ.

വൈദികവും വേദാന്തപരവുമായ വര്‍ണാശ്രമധര്‍മമെന്ന ചാതുര്‍വര്‍ണ്യപദ്ധതിയെ ഉന്മൂലനം ചെയ്യണമെന്നുവാദിക്കുന്നത് ഉദയനിധി മാത്രമല്ല. ബുദ്ധന്‍ മുതല്‍ നാരായണ ഗുരു വരെയുള്ള ലോകചിന്തകരും നൈതികദാര്‍ശനികരും ജാതിയേയും വര്‍ണത്തേയും ബ്രാഹ്‌മണികമായ ചാതുര്‍വര്‍ണ്യപദ്ധതിയേയും അതിന്‍ സനാതനധര്‍മമെന്നു ഓമനപ്പേരിലറിയപ്പെടുന്ന ജാതിധര്‍മമായ സ്വധര്‍മസിദ്ധാന്തത്തേയും നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തു. വര്‍ണങ്ങളുടെ ഉല്‍ഭവം ബ്രഹ്‌മപുരുഷന്റെ ശരീരാവയവങ്ങളിലൂടെയെന്നു വാദിക്കുന്ന അപൗരുഷേയമെന്നു പറഞ്ഞു സ്ഥാപിക്കുന്ന വൈദികപുരുഷസൂക്തത്തേയും ചാതുര്‍വര്‍ണ്യംമയാസൃഷ്ടമെന്നു പ്രഖ്യാപിക്കുന്ന ഗീതയേയും ദണ്ഡനീതിയെന്ന ജാതിനിയമങ്ങളിലൂടെ വര്‍ണാശ്രമത്തെ ചവിട്ടിയുറപ്പിക്കുന്ന മനുസ്മൃതിയേയും ഗുരു വിമര്‍ശിച്ചു തിരസ്‌കരിക്കുകയും ഹിന്ദുമതമെന്ന മതത്തേത്തന്നെ നിരാകരിക്കുകയും ചെയ്തു. ഹിന്ദുമതമെന്നൊന്നില്ലല്ലോ എന്നായിരുന്നു ഗുരുവരുളിയത്. രാമരാജ്യത്തില്‍ ശൂദ്രര്‍ക്കും അവര്‍ണര്‍ക്കും നീതികിട്ടില്ലെന്നും ഗുരു പ്രഖ്യാപിച്ചു. നമുക്കു സന്യാസംതന്ന നമ്മുടെ ഗുരുക്കന്മാരായി ബ്രിട്ടീഷുകാരെ അഥവാ പാശ്ചാത്യ ആധുനിതകയെ അദ്ദേഹം അറിഞ്ഞ് അംഗീകരിച്ചു. 

സ്വാതന്ത്ര്യസമത്വസാഹോദര്യങ്ങള്‍ക്കു ഭീഷണിയായ ജാതിയുടെ മതത്തെ നശിപ്പിക്കണമെന്ന് അംബേദ്കര്‍ എഴുതി. ജാതിയെ നശിപ്പിക്കാനായി ഹിന്ദുവിസത്തെ ദ്രവീകരിക്കണം അഥവാ അഴിക്കണമെന്ന് സഹോദരനയ്യപ്പന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാമുദായിക പ്രാതിനിധ്യമാണ് ഇന്ത്യയില്‍ ജനായത്തവഴിയെന്നും സഹോദരന്‍ പ്രഖ്യാപിച്ചു. ഗാന്ധി വര്‍ണാശ്രമധര്‍മവും ഐഡിയല്‍ ഭംഗിയുമെഴുതിയപ്പോള്‍ അംബേദ്കര്‍ ജാതിയുന്മൂലനമാണെഴുതിയത്.


സഹോദൻ അയ്യപ്പന്‍ | PHOTO: PTI 
പത്തൊമ്പതാംനൂറ്റാണ്ടില്‍ ഇന്ദിരര്‍ദേസസരിത്രവും തമിളനും ദ്രാവിഡപാണ്ട്യനും പ്രസിദ്ധീകരിച്ച അയ്യോതിതാസപണ്ഡിതരും പെരിയോരും കരുണാനിധിയും സ്റ്റാലിനും പ്രതിനിധാനം ചെയ്യുന്ന ദ്രാവിഡരാഷ്ട്രീയത്തിന്‍ ചിന്നവറായ ഉദയനിധി പറഞ്ഞത് ഒട്ടും അവിചാരിതമല്ല. കലൈഞ്ജര്‍ കരുണാനിധിയുടെ കൊച്ചുമകനും തലൈവര്‍ സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ ജാതിവിമര്‍ശം തികച്ചും സാധുവും കാലികപ്രസക്തവുമാണ് എന്നു സംസ്‌കാരചരിത്രവും ജാതിയുടെ യാഥാര്‍ഥ്യവുമറിയുന്നവര്‍ക്ക് വ്യക്തമാണ്. മഹാമാരിപോലെ ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു ഭീകര സാമൂഹ്യരോഗവും വൈറസുമാണ് ജാതിവിഷമെന്ന ഉദാത്തീകരിക്കപ്പെട്ട സനാതന വര്‍ണാശ്രമധര്‍മം.

സനാതന വര്‍ണ ജാതി വ്യവസ്ഥയ്ക്കെതിരായ തമിളകതിരപ്പടപ്പോരാട്ടം

ഈ സാഹചര്യത്തിലാണ് ഉദയനിധി നിര്‍മിച്ചഭിനയിച്ച ദലിത് ചലച്ചിത്രകാരനായ മാരി സെല്‍വരാജ് എഴുതി സംവിധാനം ചെയ്ത തിരപ്പടം മാമന്നന്‍ നിര്‍ണായകമാകുന്നത്. 2023 ജൂണ്‍ അവസാനത്തില്‍ ലോകമെങ്ങും തെന്നിന്ത്യന്‍ പ്രവാസലോകങ്ങളില്‍ ജാതിവ്യവസ്ഥയെ ശക്തമായി വിമര്‍ശപ്രതിനിധാനം ചെയ്യുന്ന ഈ തിരപ്പടം പുതുചലനങ്ങളുണര്‍ത്തുന്നതായി സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും വ്യക്തമാക്കുന്നു. കേരളത്തിലും യുവജനതയെ സിനിമയിലൂടെ സാമൂഹ്യ അനീതികളുടേയും അസമത്വങ്ങളുടേയും അനുദിനം പെരുകുന്ന ജാതിഹിംസയുടേയും സനാതനവര്‍ണാശ്രമധര്‍മത്തിന്റേയും ചരിത്രവര്‍ത്തമാന യാഥാര്‍ഥ്യങ്ങളിലേക്കുണര്‍ത്തുവാന്‍ പരിയേറും പെരുമാളും കര്‍ണനുമെടുത്തു ജനപ്രിയനായ മാരിക്കു കഴിയുന്നു. കാതല്‍ക്കൊലയെ സിനിമാറ്റിക്കായി ആവിഷ്‌കരിച്ച നച്ചത്തിരത്തെ തുടര്‍ന്ന്, പാ രഞ്ചിത്ത് പള്ളിക്കൂടത്തിലെ പുത്തന്‍ പിറപ്പായി മാരി മാറുകയാണ്. ജാതിയേയും വര്‍ണാശ്രമസനാതനധര്‍മത്തേയും വിമര്‍ശപ്രതിനിധാനം ചെയ്യാനും പുത്തന്‍ദലിത് സിനിമയുടെ വ്യവഹാരം ഉണ്ടാക്കാനും പാ രഞ്ചിത്തിന്റെ നച്ചത്തിരം പോലുള്ള തിരപ്പടങ്ങള്‍ വലിയപങ്കുവഹിച്ചു (''കാതലും കൊലയും നീതിയുടെ തിരപ്പടവും,'' അജയ് എസ്. ശേഖര്‍, മാധ്യമം വാരിക 2022 സെപ്തംബര്‍ 26).  

സിനിമ സമൂഹത്തെ ഉഴുതുമറിക്കുന്നതാണു നാം തമിഴകത്തു കാണുന്നത്. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണമെന്നു തിരുവള്ളുവര്‍ പാടി. ഊണായതും മഴയായിടുമെന്നു നാണുഗുരു. മാരിപെയ്യുന്ന സിനിമയുടെ മഴക്കാലം വരവായി. വര്‍ണാശ്രമം എട്ടാം നൂറ്റാണ്ടുമുതല്‍ ചതിയിലൂടെ മാബലിയെന്ന ദാനധര്‍മിയും നീതിമാനുമായ ബൗദ്ധചക്രവര്‍ത്തിയെ, പുത്തരെ അഥവാ ബുദ്ധിസത്തെ ചവിട്ടിത്താഴ്ത്തി വരട്ടിയുണക്കിയ തമിളകമണ്ണിനെ മാരി വീണ്ടും തണ്ണീരിനാല്‍ കുളിര്‍പ്പിക്കുന്നു. വെള്ളംപോലുള്ള അടിസ്ഥാന ജീവരൂപങ്ങളെ വിലക്കിയാണ് വര്‍ണാശ്രമം സ്ഥാപിക്കപ്പെട്ടത്. വെള്ളം തൊടാനായിരുന്നു അംബേദ്കറുടെ മഹദിലേയും ചൗദറിലേയും ആദ്യസമരങ്ങള്‍. മാരിയമ്മന്‍ പുത്തരുടെ മാതാവായ മഹാമായയുടെ ഗ്രാമ്യരൂപവുമാണ്. തിരുക്കുറലിലെ ഗുരു വിവര്‍ത്തനം ചെയ്ത വര്‍ഷവര്‍ണനം അഥവാ വാന്‍ചിറപ്പു പോലെ അതു പാരിന്നൊരമൃതെന്നുണരുന്നു. തമിഴകത്തുമാത്രം പത്തുകോടിയുടെ സാമ്പത്തികവിജയത്തിലേക്കു മാരിപ്പടം ഒരാഴ്ച്ചയില്‍ കടന്നു. ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമിലും വന്നുകഴിഞ്ഞു. ജാതിഹിംസയും സാമൂഹ്യനീതിയും ചര്‍ച്ചയാക്കുന്ന തിരപ്പടത്തെ സംബന്ധിച്ച് ഇത് ഏറെ ചരിത്രപരമാണ് (''പന്നികളും പട്ടികളും മന്നരും,'' അജയ് എസ്. ശേഖര്‍, മാധ്യമം വാരിക  2023 ജൂലൈ 17).

സംഘസാഹിത്യവും സനാതനത്തെ ചെറുക്കുന്ന ജാതിവിരുദ്ധ സാംസ്‌കാരരാഷ്ട്രീയവും

''അകാരമാമെഴുത്താദിയാമെല്ലായെഴുത്തിനും ലോകത്തിനേകനാമാദി''യെന്നു ഗുരു പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ തിരുക്കുറലിനെ മൊഴിമാറ്റി ജാതിനിര്‍ണയത്തിലേക്കും ജാതിമീമാംസയിലേക്കും കടന്നപോലെ, വള്ളുവരെ ഉപജീവിച്ചു തന്നെ ''പിറപ്പൊക്കും എല്ലാ ഉയിര്‍ക്കും'' എന്നാണ് പുത്തരേയും പുതുപുത്തരായ അംബേദ്കറേയും തിരപ്പടത്തില്‍ തെളിയിക്കുന്ന മാമന്നന്‍ മൊഴിയുന്നത്. പൊതുവര്‍ഷം ആദ്യശതകങ്ങളില്‍ തമിളകസംഘകാലത്ത് ചമണമായ പ്രബുദ്ധതയെ എഴുത്തിലുണര്‍ത്തിയ വള്ളുവകവിയിലേക്കു മാത്രമല്ല, തമിഴകത്തെ തന്‍ മക്കളായ സംഘമിത്തയിലും മഹിന്ദനിലും കൂടി പ്രബുദ്ധമാക്കിയ മാമന്നനായ ചക്രവര്‍ത്തി, മഹാമന്നരായ മൗര്യസാമ്രാട്ട് അശോകരുടേയും മാനസഗുരുവായിരുന്ന മാമല്ലനും ലോകനാഥരും നരലോകത്തില്‍ അയനം ചെയ്യുന്ന നാരായണനുമായ പുത്തരിലേക്കാണ് മാരി തന്‍ സിനിമയെ വീണ്ടുംവീണ്ടും തെളിക്കുന്നത്. ചരിത്രപരവും നാഗരീകവുമായ സാംസ്‌കാരിക ചലച്ചിത്രണത്തിലേക്കു കടക്കയോ മാരി. പാ പള്ളിക്കൂടത്തിന്‍ താണനിലങ്ങളിലേക്കുള്ള നീരോട്ടവും വേരോട്ടവും തികച്ചും ജൈവികവും നൈതികവുമാണ്.


മാമന്നൻ സിനിമയിലെ രംഗം 
തിരുവള്ളുവരുടെ, എല്ലാവരും ജന്മനാ തുല്യരാണെന്ന വരികളുമായി വടിവേലുവിനേയും ഉദയനിധിയേയും നാടകീയമായി അവതരിപ്പിക്കുന്ന പുതുനോട്ട പോസ്റ്ററുകള്‍ ആദ്യംതന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹാസ്യനടനായ വടിവേലു മുഴുനീള പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ യുവനായകനാകുന്നത് നിര്‍മാതാവു കൂടിയായ ഉദയനിധി സ്റ്റാലിനാണ്, അതിവീരനെന്ന യുവകഥാപാത്രം. അപ്പനായ വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍ എന്ന ദലിതനായ രാഷ്ട്രീയ നേതാവുമായി സംസാരിക്കാറില്ലായിരുന്നു. കാരണം ചെറുപ്പത്തില്‍ നടന്ന ഒരു ജാതിക്കൊലയും വംശഹത്യാപരമായ ഹിംസയും നേരിട്ട മാനസികാഘാതത്തില്‍ അതിവീരന്‍ കുടുംബവുമായി അകന്നുപോയിരുന്നു. ജാതിമര്‍ദനവും സാമൂഹ്യ അനീതികളും അപമാനവീകരണവും യുവതയെ രോഗാതുരരും ദയനീയരുമാക്കുന്നതിന്‍ നേര്‍ച്ചിത്രവും സാമൂഹ്യ മനഃശാസ്ത്രവും മാരി ആഴത്തില്‍ ചിത്രണം ചെയ്യുന്നു. 

കരിവെള്ള വര്‍ണത്തില്‍ ചെയ്തിരിക്കുന്ന ഈ ഭൂതപശ്ചാത്തല ഫ്ളാഷ്ബാക്ക് ആഖ്യാനം ജാതിയുടേയും വര്‍ണാശ്രമത്തിന്റേയും കിരാതവംശാവലീ ചരിത്രങ്ങളുടെ ഗാഢമായ ചലച്ചിത്രണത്തിനുദാഹരണവും വെല്ലുവിളിയുണര്‍ത്തുന്ന വര്‍ത്തമാന പരിശ്രമവുമാണ്. കുട്ടികളേപ്പോലും ജാതിയുടേയും തീണ്ടലിന്റേയും പേരില്‍ കല്ലെറിഞ്ഞുകൊല്ലുന്ന കിരാതമായ ചരിത്രങ്ങളുടെ ചിത്രണവും കിടിലംകൊള്ളിക്കുന്നു. തേനിശങ്കറുടെ ഛായാഗ്രഹണവും റഹ്‌മാന്‍ സംഗീതവും ജീവനാകുന്നു. അയ്യന്‍കാളിയെക്കുറിച്ച് പാ രഞ്ചിത്ത് പ്രഖ്യാപിച്ച പടം വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ കുകുച്ചകളെന്ന കുലീനകുത്തകച്ചൂത്തിരന്മാര്‍ നീതിനിയമവ്യവസ്ഥയേയും ബഹുജനങ്ങളേയും നോക്കുകുത്തികളാക്കി നിര്‍ബാധം മേയുകയാണ്.

ആത്മരക്ഷയുടെ അതിജീവനമാര്‍ഗങ്ങളും അടിമുറയും അടിതടയും

അടിമുറൈ എന്ന തെക്കന്‍ തമിഴകത്ത് നാഞ്ചിനാട്ടില്‍ ചിത്തവഴക്കത്തിലുള്ള ബൗദ്ധസിദ്ധ വംശാവലികളില്‍ ഉടലെടുത്ത വെറുംകൈ അഥവാ കരവേലയുപയോഗിക്കുന്ന കരത്തേ, കങ്ഫൂ പോലുള്ള ധ്യാനാത്മകമായ ആത്മരക്ഷാപദ്ധതിയിലൂടെ ഒരാശാനാണ് ആദിവീരനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത്. മധ്യതമിളകത്ത് അടിമുറൈ കുറച്ചുകൂടി ആക്രാമകമായ രീതിയല്‍ അടിതടൈ ആയാണ് കള്ള, മറവ, തേവര്‍ കുടികളായ മുക്കുടിയാരില്‍ മധ്യകാലത്തോടെ സൈനികവല്‍കരിക്കപ്പെട്ടത്. ഹൈന്ദവീകരണഫലമാണിത്. ഹിംസയും കൊലയും ചതിയും ഒളിവെട്ടും ഒളിവെടിയും പടവെടിയുമെല്ലാം ഈ ബ്രാഹ്‌മണികപക്ഷം ചേര്‍ന്ന അഥവാ ബ്രാഹ്‌മണിക ആണ്‍കോയ്മയ്ക്കു നല്ലവരും നമ്പാവുന്നവരുമായ സനാതന ചാതുര്‍വര്‍ണ്യ ഹിന്ദുശൂദ്രരായിമാറിയ പടയാളിജാതികളില്‍ പ്രമാദമായി. തമിളകത്ത് ബ്രാഹ്‌മണ്യത്തിന്‍ സൈനിക, ലൈംഗിക കോളനികളായി വൈദികവര്‍ണാശ്രമത്തിലെ ശൂദ്രപദവി പ്രാപിച്ചത് ഈ ജാതികളാണെന്നു ചരിത്രം പറയുന്നു. അതിസമര്‍ഥനായ ഒരു മറവനാണുരാമന്‍ എന്ന ഗുരുവിന്‍ വിമര്‍ശ നര്‍മോക്തി ഇവിടെ ചരിത്രഗഹനമാകുന്നു. കാട്ടില്‍ക്കിടക്കുന്ന ചിലകൂട്ടരുടെ നേതാവാകാം ശിവനെന്നും തലയില്‍ ചന്ദ്രക്കലയെന്നു പറഞ്ഞുവച്ചിരിക്കുന്നത് സിംഹളീസിനെ പോലെ വല്ല ചീപ്പുമാകാമെന്നും ഗുരുവിന്‍ നര്‍മോക്തി. കൊങ്ങുകുലീനരുടെ മാരിചിത്രണം ഗുരുവിന്‍ നര്‍മബോധത്തേയും പാഠാന്തരമായി സൂചിപ്പിക്കുന്നു. പടയാളിയാണത്ത ചങ്ങാത്തങ്ങളാണ് സംഘകാലംമുതലിങ്ങോട്ട് ബ്രാഹ്‌മണീയതയുടെ കായികബലവും കൊട്ടേഷന്‍ചങ്ങാത്തങ്ങളുമായത്.

എന്നാല്‍ തിരുവള്ളുവരുടെ നാടായ ഇന്നത്തെ കന്യാകുമാരിയെന്ന പ്രാചീന കൊമരിക്കടുത്ത് രൂപംകൊണ്ട അടിമുറൈയിലാണ് നൈതികവും അഹിംസാപരവുമായ ആത്മപ്രതിരോധപാരമ്പര്യമായി നാടാര്‍ ജനതയുടേയും വിവിധ ദലിതബഹുജനങ്ങളുടേയും പ്രതിരോധവഴക്കങ്ങളിലും ചേരനാടായ കേരളത്തിലെ കളരികളിലും കുടിപ്പള്ളികളിലും ഇതിന്നും നിലനിന്നുവരുന്നത്. തികച്ചും പ്രബുദ്ധമായ വംശാവലിചരിത്രങ്ങളാണിതിനുള്ളത്. അശോകകാലത്താണീ കുടികളും കുടിപ്പള്ളികളും എഴുത്തുപള്ളികളും രൂപംകൊള്ളുന്നത്. അശോകന്മാരെ തന്നെയാണ് ജനത ആശാന്മാരെന്നും ആദ്യം വിളിച്ചുപോന്നത്. അതിവീരന്റെ ആശാന്‍ അവരുടെ പുരയുടെ ഇരുപ്പുമുറിയില്‍ അംബേദ്കറോടും പുത്തരോടും ഒപ്പം സന്നിഹിതനാണ് മാരിയുടെ ചലച്ചിത്രത്തില്‍.  മുറൈ പരിശീലനദൃശ്യങ്ങളും അതിയുടെ പുതുകളരിയുടെ ദൃശ്യവല്‍ക്കരണവും അടിസ്ഥാനജനതകളുടെ ആത്മാഭിമാനത്തെ ഉണര്‍ത്തുന്നതാണ്. പാ രഞ്ചിത്ത് നച്ചത്തിരത്തില്‍ നാടകവേദിയെ ഉപയോഗിച്ച് ജാതിക്കൊലയെ വിമര്‍ശപ്രതിനിധാനം ചെയ്തപോലെ കളരിയും അടിമുറൈയും ഉപയോഗിച്ച് മാരി ഇവിടെ തന്‍ ജാതിവിരുദ്ധ പോരാട്ടത്തെ മുറുക്കുന്നു. സനാതനത്തിന്‍ മര്‍മങ്ങളിലാണീ ചിത്തന്‍ തന്‍ വെറുംകൈപ്രയോഗങ്ങളാഴ്ത്തുന്നത്. പാമ്പുകളെപ്പോലെ വര്‍ണാശ്രമത്തിനമര്‍ത്തില്‍ നിലംപറ്റിയ അടിസ്ഥാനജനതയോടു നിവര്‍ന്നുനിന്നാടാന്‍ പാടുന്ന ഗുരുവിന്‍ പാമ്പാട്ടിച്ചിന്തിനെ പില്‍ക്കാല മലയാളികുലീന സനാതനികളാണ് കുണ്ഡലീനിപ്പാട്ടാക്കി പേരുമാറ്റി വേദാന്തത്തിനോടും യോഗദര്‍ശനത്തോടും ബന്ധിപ്പിച്ചത്.

മൃഗവല്‍കരണത്തെ ചെറുക്കുന്ന അനുകമ്പയും ജീവകാരുണ്യവും

സഹജീവികളോടുള്ള കരുണയിലും മൈത്രിയിലും മുഴുകി മനമുറപ്പോടെ അടിമുറൈ അധ്യാപനവുമായി അതിവീരന്‍ ജീവിതം വികസിപ്പിക്കുന്നു. അനാധരായി അരികുവല്‍കരിക്കപ്പെടുകയും കശാപ്പിനും കൊലക്കത്തിക്കും വിധേയമാവുകയും ചെയ്യുന്ന നാട്ടുപന്നികളുടെ ഒരു അഭയകേന്ദ്രം ശരണാലയമായി ആദി നടത്തുന്നുണ്ട്. പുറംതള്ളപ്പെട്ട പന്നികള്‍ അടിത്തട്ടിലുള്ള അപമാനവീകരിക്കപ്പെട്ട കീഴാളജനതയുടെ ജൈവരൂപകമാണ്. മനുഷ്യാവകാശ പൗരാവകാശ നിഷേധങ്ങളിലൂടെ അനീതിയുടെ നിത്യതയില്‍ അപമാനവീകരിക്കപ്പെട്ട് പന്നികളാക്കപ്പെട്ട അടിസ്ഥാന ജനതയുമായുള്ള സാഹോദര്യവും കൂടിയാണതിലൂടെ ചലച്ചിത്രകാരന്‍ മൂര്‍ത്തമാക്കുന്നത്. ജനപ്രിയസിനിമയെ ജനായത്തപരമായ ഉള്‍ക്കൊള്ളലിന്‍കലയാക്കിമാറ്റുന്ന സാമൂഹ്യപ്രയോഗം.

തമിളകത്തെ സിദ്ധ, വജ്രയാന പരമ്പരയിലെ പമ്പാട്ടിചിത്തരെ ഉപജീവിച്ച് ആടുപാമ്പേ... എന്ന പമ്പാട്ടിച്ചിന്ത് ഗുരു എഴുതിയത് വര്‍ണാശ്രമധര്‍മത്തിന്‍ കീഴില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കും ജാതിക്കും അടിമകളാക്കപ്പെട്ട അവര്‍ണരും തൊട്ടുകൂടാത്തവരുമാക്കി മാറ്റപ്പെട്ട പാമ്പിനെ പോലെ തല്ലിക്കൊല്ലപ്പെടുന്ന, അടിസ്ഥാന നാഗജനതയായ ആദിദ്രാവിഡരായ പൂര്‍വബൗദ്ധജനതയോട് നിവര്‍ന്നുനിന്ന് ആടാനും ഉരിയാടാനുമുള്ള ധമ്മശാസനയായിട്ടായിരുന്നു. കോടാലിരാമനും വാമനനും എതിരായ അടിസ്ഥാനജനതയുടെ ഉയിര്‍പ്പിന്‍ പാമ്പാട്ടമായിരുന്നു ഗുരുസൂചന. അതിനെ കുണ്ടലീനിപ്പാട്ടെന്നു തലക്കെട്ടുമാറ്റിയ ചില കുലീനവ്യാഖ്യാതാക്കള്‍ യോഗദര്‍ശനവും വേദാന്തവുമായി ബന്ധിപ്പിക്കുന്ന ക്ഷുദ്രവായനകളും നടത്തി. ഗുരുവിനെ മാത്രമല്ല വൈദിക ബ്രാഹ്‌മണ്യത്തേയും ജാതിയേയും വെല്ലുവിളിച്ച ബുദ്ധനേയും വിഷ്ണുവിന്‍ അവതാരമായും സ്വാംശീകരിക്കാന്‍ ബ്രാഹ്‌മണിസവും പാദജപരാദപ്രത്യയശാസ്ത്രവും നിരന്തരം പണിപ്പെടുന്നു.


'മാമന്നൻ' സിനിമ പോസ്റ്റർ  
വിശ്വാസി, തീണ്ടാരി, ശൂദ്രലഹളകളിലൂടെ നടന്ന ഭരണഘടനാ നിയമവാഴ്ച്ചയുടെ അട്ടിമറികള്‍ 2018 മുതല്‍ കേരളം കാണുന്നു. ഹൈന്ദവ രാമായണ, മാവാരത, ഗീതാഗിരികളും പട്ടത്താനങ്ങളുമാണ് മാധ്യമങ്ങളിലും അക്കാദമികളിലും അനവരതം അരങ്ങേറ്റി ശൂദ്രലഹളയുടെ അധീശ സമവായവും ജാതിഹിന്ദു സാമാന്യബോധവും നിര്‍മിച്ചെടുത്തത്. നവബുദ്ധനായ അംബേദ്കറുടെ ചിത്രം ആദ്യ രംഗത്തു തന്നെ മാമന്നന്റെ പുരയില്‍ കാണിക്കുന്നു. അന്ത്യരംഗത്തും ഷോട്ടിലും ബുദ്ധരൂപമാണ് തെളിയുന്നത്. സാമൂഹ്യനീതിയും ജനായത്തപരമായ പ്രാതിനിധ്യരാഷ്ട്രീയവുമാണ് തിരപ്പടത്തിന്‍ കാതലാകുന്നത്.

പ്രാതിനിധ്യത്തിന്‍ ജീവിതകലയും രാഷ്ട്രീയവും തിരപ്പടമൊഴിയും

ദലിതനായ മാമന്നനെ ചത്തും കൊന്നും ഒടുക്കാനാണ് ജാതിഹിന്ദു കുമാരനായ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പ്രതിനായകന്‍ പണിപ്പെടുന്നത്. രണ്ടുപേരും സാമൂഹ്യനീതിക്കുവേണ്ടി പോരാടുന്ന ദ്രാവിഡ രാഷ്ട്രീയ കക്ഷിയില്‍ തന്നെ. പക്ഷേ, മുക്കുടിവീരനായ ജാതിവാലന്‍ സാമൂഹ്യനീതിയിലല്ല രാഷ്ട്രീയാധികാര കുത്തകയിലും അമിത പ്രാതിനിധ്യത്തിലുമാണ് വിശ്വസിക്കുന്നത്. ദ്രാവിഡ കക്ഷികളെ പോലും അധിനിവേശം ചെയ്തു ക്ഷുദ്രവും ബ്രാഹ്‌മണികവുമാക്കുന്ന ബ്രാഹ്‌മണിസത്തിന്‍ പാദജരേയാണ് മാരി പൊളിച്ചു കാട്ടുന്നത്. ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെയും ദ്രവീഡിയന്‍ മാതൃകയുടേയും ഒരുതികഞ്ഞ ആത്മവിമര്‍ശവും ദലിത് വിമര്‍ശവും ഇങ്ങനെ തിരപ്പടത്തെ കനപ്പെട്ട സാമൂഹ്യരാഷ്ട്രീയ വിമര്‍ശനിര്‍മിതിയാക്കുന്നു.

അയ്യോതിതാസപണ്ഡിതരില്‍ നിന്നും രാമസാമിനായ്ക്കരിലേക്കും കരുണാനിധിയിലേക്കും സ്റ്റാലിനിലേക്കുമെല്ലാം എത്തവേ നടന്ന അട്ടിമറികളും ഒത്തുതീര്‍പ്പുകളും സൂചിതമാകുന്ന ദ്രാവിഡ മാതൃകയുടെ വിമര്‍ശം ബിംബതലത്തിലും ആഖ്യാനതലത്തിലും മൂര്‍ത്തമാക്കാന്‍ മാരിക്കു കഴിയുന്നു. കേരളപുത്രനായ ലാല്‍ അവതരിപ്പിക്കുന്ന കക്ഷിനേതാവുമായുള്ള സംഭാഷണവും അവരുടെ മുന്നില്‍ കേവലം പ്രതിമയും വിഗ്രഹവുമായി മാറ്റപ്പെട്ട നായ്ക്കരുടെ ചെറിയ കറുത്ത ബിംബവും തമിളകനവോത്ഥാനത്തെ വിഗ്രഹവല്‍കരിച്ച് അരാഷ്ട്രീയവല്‍കരിച്ച് അപചയിപ്പിക്കുന്ന പ്രതിലോമ വരേണ്യവാദങ്ങളേയും മുന്നാക്കരുടെ അഥവാ അമിതമായി അധികാരപങ്കാളിത്തമുള്ളവരുടെ വീണ്ടുമുള്ള അമിതപ്രാതിനിധ്യ കുത്തകവാദങ്ങളേയും സൂക്ഷ്മമായ ബിംബാവലോകന വിശകലന ദൃശ്യപരിചരണങ്ങളിലൂടെ മാരി ചാലകമാക്കുന്നു. പല കോണുകളിലും നിലകളിലും വെളിച്ചങ്ങളിലും നിന്ന് നായ്ക്കരുടെ ചെറുശില്പത്തെ പടിപടിയായി ദൃശ്യബിംബതലത്തില്‍ അനുധാവനം ചെയ്തു സാവകാശത്തില്‍ വിശകലനാത്മകമായ അപനിര്‍മാണം നടത്തുന്നു.

മൊണ്ടാഷ് വിമര്‍ശത്തിലൂടെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍ അപനിര്‍മിതി

ഐസന്‍സ്റ്റീനടക്കമുള്ള സോവിയറ്റ് സിനിമാസംവിധായകര്‍ മാര്‍ക്സിസത്തിന്‍ താത്വികയുക്തിയായ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു തുല്യമായി നിര്‍മിച്ച ചലച്ചിത്രതത്വചിന്തയും ചിത്രണഭാഷയുമാണ് മൊണ്ടാഷ്. തിസീസും ആന്റീ തിസീസും സിന്തസിസിലേക്കു നയിക്കുന്നതായി മാര്‍ക്സിസ്റ്റ് വാദം. വര്‍ഗസമീക്ഷയെ ഇന്ത്യയില്‍ ചെറുതാക്കി മറികടക്കുന്ന ജാതിവിഷയത്തെ ദൃശ്യമാക്കുന്നതിലൂടെ മാരി മൊണ്ടാഷ് എന്ന തത്വത്തേയും സങ്കേതത്തേയും അപനിര്‍മിക്കുന്നു. വ്യതിരിക്ത ദൃശ്യപരിചരണത്തിലൂടെയാണിത് നടത്തുന്നത്.  വ്യവസ്ഥാപിതവും അധീശത്തപരവുമായി മാറിപ്പോയ ചലച്ചിത്ര ആഖ്യാനഭാഷയും ഭാഷണവുമായ മൊണ്ടാഷിനേയും മിസന്‍സീനിനേയും വിമര്‍ശാത്മകമായി മാറ്റിത്തീര്‍ക്കുന്ന പുതുപലമയുടെ പുതിയ നോട്ടപ്പാടുകളും തിരപ്പടനോക്കുകളുമാണ് മാരി മാറ്റിപ്പണിതെടുക്കുന്നത്.

ജനപ്രിയ ആഖ്യാനശൈലിയില്‍ തന്നെ നിന്നുകൊണ്ട് ചില വ്യതിരിക്തതകളും വ്യതിചലനങ്ങളും അടരടരുകളായി തുന്നിച്ചേര്‍ക്കാനുള്ള ശ്രമം കാണാം. ലാലെന്ന പരുക്കനായ നടനും ഫഹദെന്ന മൊരടന്‍ കോമാളിത്തംകലര്‍ന്ന വില്ലനുമെല്ലാം കാണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന പലമയുള്ള പകര്‍ന്നാട്ടങ്ങളിലൂടെ വിളങ്ങുന്നു. കൊങ്ങുനാട്ടു ജാതിവാലരുടെ ശരീരഭാഷയും ഭാഷണവും ഫഹദിന് വഴങ്ങി വിളങ്ങുന്നു. ഉദയനിധിയേയും വടിവേലുവിനേയും മറികടന്ന് ഫഹദിന്‍ വില്ലനാണ് കൂടുതല്‍ യുവാക്കളേയാകര്‍ഷിച്ചതത്രേ. ഇത് സംവിധായകന്റെ ഇടര്‍ച്ചയും പതര്‍ച്ചയുമായി വിമര്‍ശിക്കാവുന്നതാണ്. ഏതു ഭീകരതയേയാണു പരിഹസിക്കാനായി തിരപ്പടം നോക്കുന്നത് അത് വീണ്ടും നടുനായകപദവിയിലേക്കാനയിക്കപ്പെടുന്ന വിരോധാഭാസം സനാതനമായി ഇന്ത്യയിലാവര്‍ത്തിക്കുകയാണ്.


മാമന്നൻ സിനിമയിലെ രംഗം
തമിളക സാംസ്‌കാരിക രാഷ്ട്രീയ പരിണാമങ്ങളിലേക്ക് ചരിത്രപരമായ കുറുക്കുവെട്ടിന്റെ അഥവാ വിഭജനാന്തരമായ ഇന്റര്‍സെക്ഷണല്‍ യാഥാര്‍ഥ്യങ്ങളുടെ നോട്ടങ്ങളും തുറവികളും തഴുതുകളും കീറുകളും നെയ്യുന്ന ചലച്ചിത്രണമാണ് മാരിയുടെ ആഖ്യാനത്തില്‍ മിഴിവേറുന്നത്. വര്‍ഗവിഷയത്തേയും സാമ്പത്തികമാത്രവാദത്തേയും കവിയുന്ന ജാതിയുടേയും ലിംഗത്തിന്റേയും വംശീയതയുടേയും ലൈംഗികതയുടേയും ഭാഷയുടേയും മതത്തിന്റേതുമെല്ലാമായ മിശ്രയാഥാര്‍ഥ്യങ്ങളെ കാഴ്ച്ചപ്പെടുത്താനുള്ള പരിശ്രമം ഏറെ പ്രസക്തം. അയ്യോതിതാസപണ്ഡിതരവര്‍കളുടെ ബിംബാവലികളാണ് ഇനി മാരിയിലും പായിലും തെന്നിന്ത്യ കാക്കുന്നത്. സത്യത്തേയും നീതിയേയും യാഥാര്‍ഥ്യത്തേയും ചരിത്രത്തേയും ചലച്ചിത്രം പ്രതിനിധാനം ചെയ്യുമ്പോഴാണത് ബഹുജനസാധ്യതയുടെ കലയായി മാറുന്നത്. തിരപ്പടത്തിന്‍ ജനായത്തപ്പെരുമയും താന്‍പോരിമയും അവിടെയാണുദിക്കുന്നത്. ഉദയനിധിയും മാരിയും തുടരേണ്ട പോരാട്ടമാണിത്. വൈക്കംപോരാട്ടം പോലെ അവസാനിക്കാത്ത ജനായത്തപ്പോരാട്ടമായി പുതുതമിളകതിരപ്പടം മാറേണ്ടതുണ്ട്.

ചരിത്രസാന്ദ്രമായ ചലച്ചിത്രണവും ദൃശ്യഭാഷയും ബിംബവിമര്‍ശവും

രാമസാമിനായ്ക്കരുടെ ചെറുശില്പത്തിലൂടെ സാധ്യമാക്കുന്ന സൂക്ഷ്മമായ ബിംബാപനിര്‍മാണം കേരളത്തിലും പ്രസക്തമാണ്. ഗുരുവിലും ശിഷ്യനായ ടി. കെ. മാധവന്‍ നേതൃത്വം കൊടുത്ത സഞ്ചാര സ്വാതന്ത്ര്യ സമരപരമ്പരകളിലും ജാതിവിരുദ്ധ പോരാട്ടങ്ങളിലും പ്രചോദിതനായാണ് വൈക്കംവീരരായി അറിയപ്പെട്ട പെരിയോര്‍ രാമസാമിനായ്ക്കര്‍ കേരളത്തില്‍ വന്നത്. മനുഷ്യരെത്തൊട്ടാലശുദ്ധിയാകുന്നവരെ കുറിച്ചാദ്യം പറഞ്ഞത് 1924ല്‍ ഗുരുവാണ്. പെരിയോറത് ബിംബത്തിലേക്കും പകര്‍ന്നു, അതിനെ അലക്കുകല്ലാക്കണമെന്നു പറഞ്ഞു.
കേരളത്തിലെ ആദ്യ പ്രാതിനിധ്യവാദമായ മലയാളി മെമ്മോറിയലെന്ന മലയാളിശൂദ്ര മെമ്മോറിയലില്‍ ആദ്യപേരുകാരനായി ഒപ്പിട്ട മി. ശങ്കരമേനോനാണ് കോട്ടയം പേഷ്‌കാരായി നിന്ന് 1905ല്‍ വൈക്കത്ത് അവര്‍ണരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന തീണ്ടല്‍പ്പലക കൊണ്ടുവന്നു സ്ഥാപിച്ച് ഗുരുവിന്റെ പോലും വഴി തടയാന്‍ ഇണ്ടംതുരുത്തിയുടെ ശൂദ്രകിങ്കരന്മാര്‍ക്ക് അവസരമുണ്ടാക്കിക്കൊടുത്തത്. സവര്‍ണജാഥനയിച്ച് ചുളുവില്‍ മേനിയടിച്ചെടുത്തവര്‍ നവോത്ഥാനനായകന്മാരായപ്പോള്‍ തല്ലുകാരാരായിരുന്നു എന്ന കാര്യം ആരും മിണ്ടുന്നില്ല. സത്യഗ്രഹികളെ തല്ലിച്ചതച്ചവരാരായിരുന്നു എന്ന ചോദ്യം ബാക്കി. ബ്രാഹ്‌മണരേക്കാള്‍ വലിയ ഹിന്ദുക്കളായി ചമഞ്ഞ ശൂദ്രരാണ് 2018ലെ ശബരിമല ശൂദ്രലഹള നടത്തി സവര്‍ണരുടെ സാമ്പത്തിക സംവരണത്തിനായുള്ള ദേവസ്വം ഓഡിനന്‍സ് പാസാക്കി അമിതപ്രാതിനിധ്യകുത്തക നൂറുശതമാനമാക്കിയതും ഭരണഘടനയുടെ ജനായത്ത പ്രാതിനിധ്യത്തെ അട്ടിമറിച്ചതും യൂണിയന്‍ഭരണകൂടത്തെ പോലും അതിനായി വെല്ലുവിളിച്ചതും എന്ന ചരിത്രസത്യവും ഓര്‍ക്കാം. 

മനുഷ്യര്‍ എന്ന നിലയില്‍ പ്രവേശനം നിഷേധിക്കുന്നിടത്തെല്ലാം കടന്നുകയറണമെന്നും ഏതുപന്തിയിലും കടന്നിരിക്കണമെന്നും വിലക്കപ്പെട്ട പായസമെടുത്തു കുടിക്കണം എന്നും വേലികെട്ടിയാല്‍ അതിനുമീതേകൂടിക്കയറണമെന്നും പറഞ്ഞത് ഗുരുവാണ്. പൊതുമണ്ഡല പ്രവേശന, പ്രാതിനിധ്യ ജനായത്ത രാഷ്ട്രീയത്തെ കേരളത്തിലുറപ്പിച്ച് ''വെടിവയ്ക്കും പറന്നുപോകരുത്, നമുക്കൊരുവടിവേണം, അടിച്ചാലടുക്കും'' എന്നിങ്ങനെ ധീരമായ മനുഷ്യാവകാശ ജനായത്താവകാശ പ്രാതിനിധ്യ സന്ദേശങ്ങള്‍ ജനതയ്ക്കുകൊടുത്തത് വൈക്കം പോരാട്ടകാലത്ത് ഗുരുവാണ്. തപശക്തിയുള്ള ഒരാളിരുന്നാല്‍ പോരെ ഇത്രയും പാവങ്ങളെ വെയിലത്തു പട്ടിണിക്കിട്ടു പീഡിപ്പിക്കണോ എന്നു ഗാന്ധിയുടെ സത്യഗ്രഹത്തെ സമഗ്രമായും യുക്തിയുക്തമായും വിമര്‍ശിച്ചുനിലംപരിശാക്കിയതും ഗുരുതന്നെ. ഗുരുവിന്റെ ഈ ചരിത്രഗഹനവും രാഷ്ട്രീയദീപ്തവും സാമൂഹ്യപരിവര്‍ത്തനോന്മുഖവുമായ മുഖങ്ങളെ മറച്ച് കേവലം വിഗ്രഹമാക്കി സ്തോത്രകൃതികളിലും പ്രാര്‍ഥനകളിലും ഒതുക്കി ദൈവവല്‍ക്കരിച്ചു നിര്‍വീര്യമാക്കുന്ന തന്ത്രമാണ് മലയാളികുലീനതയുടെ സവര്‍ണപ്രത്യയശാസ്ത്രം ഇന്ന് ബഹുജനങ്ങളുടെമേല്‍ ചെലുത്തുന്നത്. ഗുരുവിനെ വിഗ്രഹവല്‍ക്കരിച്ച് ദൈവമാക്കുന്നത് സവര്‍ണതാല്‍പ്പര്യങ്ങളെ മാത്രമേ സംരക്ഷിക്കൂ. സ്തോത്രകൃതികളെഴുതിയയാള്‍ ഇന്നില്ലല്ലോ എന്നു ഗുരുതന്നെ പറഞ്ഞു.


ശ്രീനാരായണ ഗുരു | PHOTO: WIKI COMMONS

പട്ടിപരിപാലകനും പടവെടിയടിയന്തിരങ്ങളും പന്നിപ്പേറും

നായ്ക്കളെ പോറ്റുന്ന രത്തിനവേലുവെന്ന ജാതിഹിന്ദു വരേണ്യനും മാമന്നനും തമ്മില്‍ സംഘര്‍ഷമുദിക്കുന്നു. മാമന്നനെന്ന ദലിത് വയോധികനെ ഇരുത്തി സംസാരിക്കാന്‍ പോലും പ്രതിനായകനായ വേലുവിനാകുന്നില്ല. അതിന്റെ പേരില്‍ തന്നെ ആദിവീരനുമായി അടിപിടി നടക്കുന്നു. നായ്ക്കളെപോലെ തൊട്ടുകൂടാത്തവരെ തല്ലിക്കൊല്ലുന്ന നിരവധി രംഗങ്ങള്‍ മാരി ചിത്രീകരിക്കുന്നത് ഇന്ത്യയിലെമ്പാടും പ്രത്യേകിച്ചു ഉത്തരേന്ത്യന്‍ പശുപ്പട്ടയില്‍ ഗോരക്ഷക ഗുണ്ടകള്‍ നടത്തുന്ന നിരവധി കൊലപാതകങ്ങളേക്കൂടി സൂചിപ്പിക്കാനാണ്. കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ 2022 ലെ കേരളലോകമേളയില്‍ തന്‍ വങ്കത്തങ്ങളെ കൂവിയ പ്രതിനിധികളെ തന്‍ വയനാടന്‍ ഫാം ഹൗസിലെ പട്ടികളോടു താരതമ്യം ചെയ്തു മൊഴിഞ്ഞത് അവ തന്നെ കണ്ടാലും കുരയ്ക്കുമെന്നാണ്. ഗുരുവിനു പോലും പ്രചോദനമാതൃകയായി കേരളനവോത്ഥാന പോരാട്ടങ്ങളെ ചേര്‍ത്തല നങ്ങേലിയുടെ 1803ലെ രക്തസാക്ഷിത്തത്തിനും 1806ലെ വൈക്കം ദളവാക്കുളത്തെ ഇരുനൂറോളം രക്തസാക്ഷികളുടെ പോരാട്ടത്തിനും ജീവത്യാഗത്തിനും ശേഷം നയിച്ച ആറാട്ടുപുഴയുടെ ജനപ്രിയ ബയോപിക് വെറും ചവറാണെന്നാണ് പുരസ്‌കാര സമിതിയോടിദ്ദേഹം പറഞ്ഞത്. മലയാളികുലീനതയുടെ ചരിത്രമാലിന്യമെന്ന ചവറുബോധം ബഹുജനങ്ങളുടെ നികുതിപ്പണംപറ്റുന്ന അക്കാദമികളേയും മാധ്യമങ്ങളേയും കുത്തകവല്‍കരിക്കുന്നു. ഒളിഗാര്‍ക്കിയുടെ അമിതപ്രാതിനിധ്യകുത്തകഭരണം എല്ലാ ഭരണഘടനാസ്ഥാപനങ്ങളേയും സേവന, വിദ്യാഭ്യാസ മേഖലകളേയും കേരളദേവസ്വം ബോര്‍ഡാക്കുന്നു. സിനിമയേയും സാഹിത്യത്തേയും ഒളിഗാര്‍ക്കി വിഷലിപ്തമാക്കുന്നു. സാംസ്‌കാരിക സ്ഥാപനങ്ങളിലെ ക്ഷുദ്രത ശൂദ്രലഹളകളിലേക്കും ജനായത്തഭരണഘടനാ അട്ടിമറികളിലേക്കും കൂപ്പുകുത്തുന്നു.

തമിഴകത്തെ തേവര്‍, നായ്ക്കര്‍, പടയാളി ആണത്തത്തേയും കൊങ്ങുകുലീനതയേയും സൂക്ഷ്മമായി ഒപ്പിയെടുത്തടയാളപ്പെടുത്താന്‍ മാരിയുടെ കണ്ണായി വര്‍ത്തിച്ച ഛായാഗ്രഹകനു കഴിഞ്ഞു. നായ്ക്കളെ പോറ്റുന്നതും കൊല്ലുന്നതും ഭീകരമായി ഞെട്ടിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. പിന്നീടയാള്‍ മനുഷ്യരേയും പ്രതിയോഗികളേയും പട്ടിയെ തല്ലിക്കൊല്ലുന്നപോലെ തല്ലിക്കൊല്ലുന്നതും കാണിക്കുമ്പോള്‍ ലിഞ്ചിങ്ങ് എന്ന തല്ലിക്കൊലയുടെ സമഗ്രമായ രാഷ്ട്രീയ വിവക്ഷകളും വിമര്‍ശസൂചനകളും തികച്ചും വ്യക്തമാകുന്നു. അന്ത്യരംഗത്തിലും തന്റെ വേട്ടപ്പട്ടികളെ വെടിവച്ചുതീര്‍ക്കാനായുന്ന പ്രതിനായകനെ കടന്നുപോകുന്ന നായപ്പടയുടെ ദൃശ്യവും സമഗ്രാധിപത്യ സന്ദര്‍ഭത്തില്‍ ഏറെ പ്രതീകാത്മകമായിരിക്കുന്നു. ''കേള്‍ക്കേണ്ട നിങ്ങടെ മതത്തിന്റെ യോഗ്യതയതുവെറും ദാസ്യമേ ദാസ്യം ദാസ്യം'' എന്ന സഹോദരവരികള്‍ മുഴങ്ങുന്നതായി തോന്നാം കേരളീയരായ മക്കള്‍ക്ക്.

മൃഗവല്‍കരണവും അപരവല്‍കരണവും വംശഹത്യാകാമനകളും

പട്ടി, പന്നി പ്രതീകങ്ങളുടെ അന്യാപദേശവും അടയാള വ്യവസ്ഥയും ഏറെ ബഹുജനബോധോദയവും വിമര്‍ശാവബോധവും പകരുന്നതാണ്. പന്നിക്കുഞ്ഞിനെ താലോലിക്കുന്ന ദലിതരായ സ്ത്രീപുരുഷന്മാരെ അവതരിപ്പിക്കുന്നതിലൂടെ കുലീനതയുടെ വളര്‍ത്തുമൃഗസംസ്‌കാരത്തേയും തകിടംമറിക്കുന്ന പ്രഹരചികിത്സ തിരപ്പടം കാഴ്ച്ചവയ്ക്കുന്നു. നായ്ക്കളാല്‍ കടിച്ചുകീറപ്പെടുന്ന പന്നികളുടെ ദാരുണരംഗം കേരള രാഷ്ട്രീയചരിത്രത്തിലെ വംശഹത്യാകാമനകളുടെ സന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുന്നു. ഈഴവര്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമായതിനാല്‍ അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കണമെന്നാണ് ജന്മനാ വലിയവനായ നവോത്ഥാനനായകനായ സവര്‍ണജാഥാകമാണ്ടറായ സമുദായാചാര്യന്‍ പറഞ്ഞത്. നായന്മാരുടെ സിരകളില്‍ വേലുത്തമ്പിയുടെ രക്തമാണെന്നും അദ്ദേഹം പ്രസംഗിച്ചു. സവര്‍ണജാഥയുടെ കമാണ്ടറായി ക്രെഡിറ്റടിച്ചതും പിന്നീട് ഗുരുജി ഗോള്‍വള്‍ക്കറെ കേരളത്തില്‍ കൊണ്ടുവന്ന് സ്വയംസേവകസമാജമാണ് ഹിന്ദുക്കളുടെ ആശാകേന്ദ്രമെന്നു പ്രഖ്യാപിച്ചതും മറ്റാരുമായിരുന്നില്ല. പൊതുവവധിയും ആചാര്യനു തരപ്പെട്ടിരിക്കയാണ്. ആചാര്യപ്പിള്ളയുടെ മാത്രമല്ല ടെഡ് ഹ്യൂസിന്റെ പന്നികളും നാമോര്‍ത്തുപോകും. മനുഷ്യരെപ്പട്ടികളും പന്നികളുമാക്കി എളുപ്പത്തിലടിച്ചുകൊല്ലുക എന്നതാണീ ഫാം ഹൗസ്-യുക്തി. ഓഷ്വിറ്റ്സുകളുടേയും വിഷവാതകയറയുടേയും കുലീനമായ വംശഹത്യായുക്തിയാണിത്.

മറാഠി ദലിത് ചലച്ചിത്രകാരനായ നാഗരാജ് മഞ്ചുളേയുടെ ഫന്‍ട്രി എന്ന നാടന്‍പന്നിവേട്ടയുടെ ചലച്ചിത്രവും ഒരു ദലിത് സിനിമാവിഷ്‌കാരം എന്ന നിലയില്‍ തികഞ്ഞതാരതമ്യം ഉണര്‍ത്തുന്നു. പള്ളിക്കൂടത്തില്‍ പോകാതെ പന്നിപിടിക്കാനായി സ്വധര്‍മമായി രാഷ്ട്രപിതാവ് വാഴ്ത്തിയ വര്‍ണാശ്രമധര്‍മം പാലിക്കാനായി പോകേണ്ടിവന്ന ദലിത് ബാലകന്റെ കഥയാണ് നാഗരാജ് മഞ്ചുളേ ഫന്‍ട്രിയില്‍ കാഴ്ച്ചപ്പെടുത്തിയത്. തെക്കന്‍ പ്രാകൃതമായ തിമിഴിലെ പന്റിയാണ് മറാഠിയിലെ ഫന്‍ട്രി. ദേശീയഗാനം പള്ളിക്കൂടത്തില്‍ നിന്നുയരവേ പന്നിവേട്ടയില്‍ പോലും കുട്ടികള്‍ വടിയായി നില്‍ക്കേണ്ടി വരുന്നു. ബഹുജനങ്ങളെ അപരവല്‍കരിക്കയും വര്‍ണാശ്രമത്തിലേക്കു ചവിട്ടിയൊതുക്കുകയും ചെയ്യുന്ന സ്മൃതിശ്രുതിപുരാണപട്ടത്താനങ്ങളും ബ്രാഹ്‌മണികദേശീയവാദവും ഇവിടെയെല്ലാം വിമര്‍ശപ്രതിനിധാനത്തിനു വിധേയമാകുന്നു. ചൈതന്യ തംഹാനേയുടെ കോര്‍ട്ട് എന്ന ചലച്ചിത്രവും ജാതിയുടെ ചരിത്രമാലിന്യത്തേയും ഗാന്ധിജി വാഴ്ത്തി പുസ്തകമെഴുതിയ വര്‍ണാശ്രമത്തേയും അതിന്‍ തോട്ടിപ്പണിയേയും തുറന്നുകാട്ടുന്നു. വൈക്കം പോരാട്ടത്തില്‍ നിന്നു ന്യൂനപക്ഷങ്ങളെ ആട്ടിയകറ്റിയതും സവര്‍ണജാഥയുടെ പിതാവും ഗാന്ധിതന്നെ. 1924 ല്‍ വൈക്കംപോരാട്ടഭൂമിയില്‍ പ്രവേശനം വിലക്കുന്നിടത്തെല്ലാം കടന്നുകയറണമെന്നു പറഞ്ഞ ഗുരുവിനെ തീയന്മാരുടെ ആത്മീയനേതാവെന്നു ചുരുക്കിയെഴുതിയതും യങ്ങിന്ത്യയില്‍ ഗാന്ധിയാണ്. അയ്യന്‍കാളിയെ 1937 ല്‍ വെങ്ങാനൂരുചെന്നുകണ്ട് പുലയരാജാവേയെന്നു വിളിച്ചതും മറ്റാരുമല്ല. ഹിന്ദുസ്വരാജ്യവും വര്‍ണാശ്രമധര്‍മമെന്ന സ്വധര്‍മവും രാമരാജ്യവും ഗ്രാമസ്വരാജുമെല്ലാം തികഞ്ഞ ഗാന്ധിയന്‍ സനാതനപദ്ധതികളാണ്. ഹിന്ദുസാമ്രാജ്യമെന്ന പ്രയോഗം 1924 ലെ മൂലൂരിന്‍ സാഹോദര്യമെന്ന കവിതയില്‍ കടന്നുവരുന്നു. ധര്‍മതീര്‍ഥര്‍ 1942 ല്‍ ഹിന്ദു ഇംപീരിയലിസം പുസ്തകരൂപത്തില്‍ എഴുതി പ്രസിദ്ധീകരിച്ചു. 


'ഫന്‍ട്രി' സിനിമയിലെ രംഗം 
വൈദികവര്‍ണാശ്രമദേശീയതയുടെ സൈനിക, ലൈംഗിക കോളനികളായി സ്വയംമാറിക്കൊണ്ട് ചേരനാടായ കേരളമുള്‍പ്പെടുന്ന തമിഴകത്തെ മധ്യകാലം മുതല്‍ ഹിംസാത്മകമായി ഹൈന്ദവീകരിച്ച ശൂദ്രയശപ്രാര്‍ഥികളും നവക്ഷത്രിയവാദികളുമായ മറവരുടെ നായ്ക്കളിയും തീവെട്ടിക്കൊള്ളയും കൊള്ളിവയ്പ്പും എറിഞ്ഞുകൊല്ലലുമെല്ലാം മാരിയുടെ പുത്തന്‍ പടത്തില്‍ വിമര്‍ശ ചരിത്ര പ്രതിനിധാനം നേടുന്നു. പ്രതിനിധാനത്തിന്റേയും പ്രാതിനിധ്യത്തിന്റേയും ജനായത്തരാഷ്ട്രീയമായും നൈതികമായ കലാവിഷ്‌കാരമായും മാരിസിനിമ മാറുന്നു. ചലച്ചിത്രഭാഷയേയും മാധ്യമത്തേയും അതുപൊളിച്ചെഴുതിപ്പുതുക്കുന്നു. അടിത്തട്ടിലൂടെ ജനായത്ത ഇന്ത്യയ്ക്കും നീതിയുടെ കരാറും അടിസ്ഥാന മൗലികാവകാശരേഖയുമായ ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടവും സാംസ്‌കാരികരാഷ്ട്രീയവുമായി മാരിയുടെ തിരപ്പടം മാറ്റത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു. അതിസമര്‍ഥനായ, പിന്നില്‍ നിന്നും ഒളിയമ്പെയ്തുകൊല്ലുന്ന ഒരു മറവനായിരുന്നിരിക്കാം രാമനെന്ന ഗുരുവിന്‍ ചരിത്രനര്‍മവും വിമര്‍ശവും ഇവിടെ ഓര്‍ക്കാം. കൊല്ലുന്നവന്‍ ദൈവവും മനുഷ്യനും പോയിട്ട് മൃഗത്തേക്കാള്‍ ഭീകരനെന്നുമദ്ദേഹം ജീവകാരുണ്യപഞ്ചകത്തില്‍ എഴുതി. 

മറ്റെല്ലാവിധനന്മയുമാര്‍ന്നിടിലും അവന്‍ മൃഗത്തേക്കാള്‍ മോശപ്പെട്ട അവസ്ഥയിലാണ്. രാമകൃഷ്ണന്മാരുടെ പ്രഹേളികയെക്കുറിച്ച് അംബേദ്കറുമെഴുതി. വര്‍ണാശ്രമത്തെ സംരക്ഷിക്കാനായ ജാതിക്കൊലനടത്തുന്ന ദൈവങ്ങളുടെ മാനവികത തന്നെ പ്രതിക്കൂട്ടിലാണ്. 1929 ല്‍ തിരുനക്കരവച്ച് പൂനാപ്പട്ടിണിക്കു പിന്നീടു ദല്ലാളായ മദനമോഹനമാളവ്യയുടെ രാമമന്ത്രണത്തെ മടക്കിയത് സഹോദരനും പ്രബുദ്ധരായ കേരളമക്കളും കൂടിയാണ്. പൂനപ്പട്ടിണിയെന്ന പ്രയോഗവും സഹോദരന്റേതാണ്. കൊല്ലുന്ന ക്രൂരമതം എന്ന സോഹോദരന്റെ കാവ്യപ്രയോഗമാണ് മാറ്റൊലിക്കൊള്ളുന്നത്. പരമ്പരക്കൊലയാളികളായ ദൈവമക്കളേയും തേവര്‍മകന്മാരേയും തുറന്നുകാട്ടുന്ന ചരിത്രപരമായ നൈതികധീരതയുംകൂടിയാണ് മാരിയുടെ പുത്തന്‍പടം. എ.ആര്‍. റഹ്‌മാനെപോലെ നമുക്കും പാടാം... മാരിമഴൈ... സനാതനവര്‍ണാശ്രമത്തിനെതിരായ സാംസ്‌കാരികപ്പോരാട്ടത്തിലെ ചരിത്രരേഖയും ചലച്ചിത്രവുമാണിത്. യുവചേതനയെ വൈദികസനാതനത്തിന്റെ ഭീകരതയെക്കുറിച്ചു ബോധിപ്പിക്കാനും നീതിക്കുവേണ്ടിയുള്ള ധാര്‍മികസമരത്തെയും സംഘബോധത്തേയും ത്വരിപ്പിക്കാനും 1919ല്‍ സഹോദരനും ബോധാനന്ദരും കൂടി ആശാനെക്കൊണ്ട് എഴുതിവാങ്ങിയ സിംഹനാദമാണ് കേരളമനസ്സില്‍ മുഴങ്ങുന്നത്. 1922 ലെ തലയോലപ്പറമ്പ് അടിയം ജാതിവിരുദ്ധപ്പോരാട്ടത്തില്‍ സിംഹനാദം പാടി കലാപത്തിനാഹ്വാനം ചെയ്തു എന്നാരോപിച്ചാണ് കെ. ആര്‍. നാരായണനേയും അമ്പത്താറുപേരേയും അറസ്റ്റുചെയ്തത്. വൈക്കത്തെ 1924 ലെ പോരാട്ടത്തിനു മുന്നോടിയായ സിംഹനാദം മുഴങ്ങുകയാണ്,
ഉണരിനുണരിനുള്ളിലാത്മശക്തി-
പ്രണയമെഴും സഹജാതരേ ത്വരിപ്പിന്‍
രണപടഹമടിച്ചുജാതിരക്ഷ-സ്സണവൊരിടങ്ങളിലൊക്കെയെത്തിനേര്‍പ്പിന്‍...


 

#Religion & Politics
Leave a comment