സനാതന ധര്‍മ്മം വീണ്ടുവിചാരപ്പെടണം
ഭാഷയാണ് നീതി എന്ന് എഴുതിയത് എമ്മാനുവേല്‍ ലെവിനാസ് എന്ന യഹൂദ ചിന്തകനാണ്. ഭാഷയിലാണ് ധര്‍മ്മം വിലസിതമാകുന്നത്. യഹൂദ ചിന്ത ഭാരതീയ ചിന്തയല്ലായിരിക്കാം. ''ഉദാത്തമായ ചിന്തകള്‍ എല്ലാ ദിക്കില്‍ നിന്നും നമ്മിലേക്കു വരട്ടെ'' എന്ന് ഋഗ്വേദം (1891) പറയുന്നു. അതുകൊണ്ട് ആധുനിക കാലത്തു മതഗ്രന്ഥങ്ങളടക്കം, ചിന്തയ്ക്കും, സാഹിത്യത്തിനും ദേശത്തിന്റെ വേലി കെട്ടേണ്ടതില്ല. കേരളത്തിലെ സാധാരണ ഭാഷ ശ്രദ്ധിക്കുക. ഇവിടെ ഒരു യാചകന്‍ പരമ്പരാഗതമായി നമ്മുടെ മുമ്പില്‍ കൈനീട്ടി ചോദിക്കുന്നതു ''ധര്‍മ്മം തരണേ'' എന്നാണ്. ചോദിച്ചതു പത്തു പൈസയോ പത്തു രൂപയോ അല്ല, ധര്‍മ്മം. ഇവിടെ ആരും അത് ഒരു മതത്തിന്റെ ഭാഷയായി പരിഗണിക്കാറില്ല. ധര്‍മ്മമാണ് നമ്മെ താങ്ങിനിറുത്തുന്നത്. ധര്‍മ്മം ചോദിക്കുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. പക്ഷേ, ഇന്നു സനാതന ധര്‍മ്മം വിവാദവിഷയമായിരിക്കുന്നു.
ഇവിടെ രണ്ടു പക്ഷമുണ്ട്; സനാതന ധര്‍മ്മം ഒരു വ്യത്യാസവുമില്ലാതെ പാലിക്കപ്പെടണം എന്നും സനാതന ധര്‍മ്മം കാലാനുസൃതമായി വീണ്ടുവിചാരത്തിനു വിധേയമാക്കപ്പെടണം എന്നും. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സനാതന ധര്‍മ്മവും മറുവശത്ത് ആധുനികമായി എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ധര്‍മ്മമായിരിക്കണമെന്ന വിമര്‍ശനവും പ്രധാനമന്ത്രി മോദി ശക്തമായി വിമര്‍ശകരെ വിമര്‍ശിച്ച് കാന്‍പൂരില്‍ പ്രസംഗിച്ചതു വാര്‍ത്തകളില്‍ വായിച്ചു. പ്രധാനമന്ത്രി തനിക്ക് അനുകൂലമായി പതിനാറാം നൂറ്റാണ്ടിലെ രവിദാസ് എന്ന ചെരിപ്പുകുത്തിയായിരുന്ന ഭക്തനെ ഉദ്ധരിക്കുന്നു. വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതു വിമര്‍ശനമായി ആ കാലഘട്ടത്തില്‍ പറഞ്ഞ ഒരു താഴ്ന്ന വര്‍ഗക്കാരന്റെ ശബ്ദമായിരുന്നില്ലേ രവിദാസിന്റെയും എന്നതു ചിന്തനീയമാണ്. രവിദാസിനെപ്പോലുള്ളവരുടെ പ്രശ്നമല്ലേ വിമര്‍ശകര്‍ ഇന്നും ആവര്‍ത്തിക്കുന്നത്. അദ്ദേഹം ചാതുര്‍വര്‍ണ്ണ്യത്തിന്റെ മഹത്വം പറഞ്ഞ വ്യക്തിയായിരുന്നോ? സനാതന ധര്‍മ്മം എന്ന പദം അതില്‍ത്തന്നെ ഒരു പ്രശ്നവുമുണ്ടാക്കേണ്ടതല്ല. പക്ഷേ, വാക്കുകള്‍ക്കും ചരിത്രമുണ്ട്, ചരിത്രഭാരമുണ്ട്. വാക്കുകള്‍ക്ക് അര്‍ത്ഥം അതിന്റെ ഉപയോഗ ചരിത്രത്തില്‍ നിന്നു മാറ്റി ചിന്തിക്കാനാവില്ല. സനാതന ധര്‍മ്മം മനുസ്മൃതിയിലെ പദമാണ്. അതു ഹിന്ദുമതത്തിന്റെ പര്യായമായും ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മ്മം വര്‍ണ്ണാശ്രമ ധര്‍മ്മമാണോ? അതു സ്വധര്‍മ്മമാണോ? അത് ആര്‍ഷ ധര്‍മ്മമാണോ? ഈ പദങ്ങള്‍ക്കെല്ലാം ചരിത്രമുണ്ട്. ആധുനിക ഇന്ത്യയിലെ സനാതന ധര്‍മ്മത്തിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ ഡോ. അംബേദ്കര്‍ ആയിരുന്നു. അതിനു കാരണം ചാതുര്‍വര്‍ണ്ണ്യത്തില്‍ വലിയ ജനവിഭാഗങ്ങളെ ജാതിവ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പുറത്താക്കിയ ബ്രാഹ്‌മണ്യമായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ചതു ജാതി വ്യവസ്ഥയാണ്. ഇത് എന്തിന് ഉണ്ടാക്കി എന്നതിനപ്പുറം അത് ഈ നാട്ടില്‍ ഉണ്ടാക്കിയതു ജനങ്ങളെ ശുദ്ധരും അശുദ്ധരുമായി വേര്‍തിരിച്ച പ്രതിസന്ധിയാണ്. ഉയര്‍ന്ന ജാതിക്കാര്‍ ശുദ്ധരും താഴ്ന്ന ജാതിക്കാര്‍ അശുദ്ധരുമായി. ജാതി സമ്പ്രദായം വെറുപ്പിന്റെ അഥവാ അശുദ്ധിയുടെ മതമുണ്ടാക്കി. ആത്മാഭിമാനത്തിന്റെ ശുദ്ധരും, ആത്മാഭിമാനം നിഷിദ്ധമായ അശുദ്ധരം ഉണ്ടായതിനു കാരണം പറയുന്നതു പുനര്‍ജന്മ സിദ്ധാന്തമാണ്. ജീവിതത്തെ മുന്‍ ജന്മത്തിന്റെ കര്‍മ്മഫലം എന്ന വിധിയില്‍ നിര്‍വചിക്കുന്നത് എന്തടിസ്ഥാനത്തില്‍ എന്ന ചിന്ത ഹിന്ദുമതത്തില്‍ ഉണ്ടാകേണ്ടതാണ്. മറ്റുള്ളവരെ കീഴിലാക്കാന്‍ പ്രചരിപ്പിച്ച ഒരു കഥയല്ലേ ഇത് എന്നും ചിന്തനീയമാണ്. മനുഷ്യജീവിതത്തെ പുരാണത്തിന്റെ വിധിയില്‍ തളയ്ക്കുന്നതിനെയാണ് ഡോ. അംബേദ്കര്‍ എതിര്‍ത്തത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനാണ് അദ്ദേഹം അങ്ങനെയുള്ള മതം നിരാകരിക്കണം എന്നു പറഞ്ഞത്. മനുഷ്യനെ വിമോചിപ്പിക്കാനാവാത്തവിധം സാമൂഹ്യ ജീവിതത്തില്‍ നിന്നു പുറത്താക്കുന്നത് ഒരു മത പ്രശ്നമല്ല, സാംസ്‌കാരിക പ്രശ്നവുമല്ല, മനുഷ്യ പ്രശ്നമാണ്.
ഡോ. അംബേദ്കര്‍ | PHOTO: WIKI COMMONS
ഇതേ പ്രശ്നമാണ് ആഫ്രിക്കന്‍ ജനത അനുഭവിച്ചത്. അതു വര്‍ണ്ണ വിവേചനമായിരുന്നു. അതിനും മതപരമായ സാധൂകരണം നല്കിയവരുണ്ട്. അവിടെയും വെള്ളക്കാരന്‍ അവന്റെ ആഢ്യത്വം വര്‍ണ്ണത്തില്‍ നിര്‍വചിച്ചു. ഇത് ഒരു വ്യാജ അഹന്തയാണ് എന്നു മനുഷ്യന്‍ തിരിച്ചറിയുന്നു. ഇതുപോലെ ചിലര്‍ ഭരിക്കാന്‍ ജനിക്കുന്നു, മറ്റു ചിലര്‍ ഭരിക്കപ്പെടാനും എന്നു ചിന്തിച്ചവരുമുണ്ടായിരുന്നു. അതുകൊണ്ട് ഈ ജാതിപ്രശ്നം ഇന്ത്യയുടെ സ്വകാര്യ പ്രശ്നമല്ല. മനുഷ്യന്റെ പൊതു പ്രശ്നമാണ്. നൂറ്റാണ്ടുകള്‍ പീഡിതരായ നമ്മുടെ തന്നെ നാട്ടുകാരെ ആ പീഡനാവസ്ഥയില്‍ തുടരുന്നതിന്റെ അധര്‍മ്മമാണ്, നമ്മെ ചിന്തിപ്പിക്കേണ്ടത്. അതു ദൈവഹിതമാണ് എന്നു പറയുന്നവരുടെ ദൈവത്തോട് എനിക്കു യോജിപ്പില്ല എന്നു പറയട്ടെ.
ഓരോ കാലഘട്ടത്തിലേയും മനുഷ്യര്‍ തങ്ങളെത്തന്നെ സ്വയം മനസ്സിലാക്കുന്നതിലും തങ്ങളുടെ പാരമ്പര്യത്തെയും അതിനെ വ്യാഖ്യാനിക്കുന്നതിലും തങ്ങളുടെ വ്യത്യസ്തത കാണിക്കാറുണ്ട്. വേദകാലഘട്ടങ്ങളില്‍ ബ്രാഹ്‌മണര്‍ മാംസം കഴിക്കുന്നവരും ചൂതുകളിക്കുന്നവരും മദ്യപിക്കുന്നവരും ലൈംഗിക വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ സ്വയം മനസ്സിലാക്കിയതിനാല്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ബുദ്ധമത കാലഘട്ടത്തില്‍ ഹിന്ദു സംസ്‌കാരത്തെ അതിന്റെ അനുഷ്ഠാനക്രമത്തിലും ജാതി വ്യവസ്ഥയിലും വിമര്‍ശിക്കപ്പെട്ടു. അവര്‍ ധര്‍മ്മത്തില്‍ സ്വയം മനസ്സിലാക്കി. ജൈനമതത്തില്‍ ജാതി വ്യവസ്ഥയ്ക്കു മത സാധൂകരണമില്ല എന്നാണറിയുന്നത്.
ലോകം ഒരു ഗ്രാമമായ സ്ഥിതിയിലാണ് നാം. ദേശരാജ്യങ്ങളുടെ അതിര്‍ത്തികള്‍ ആപേക്ഷികമായി. കടലു കടക്കാനാവില്ല എന്ന മതനിശ്ചയങ്ങള്‍ക്ക് പ്രസക്തിയില്ലാതായി കഴിഞ്ഞു. ലോകത്തിലെ ഏതു ഭാഗവുമായി നിമിഷങ്ങള്‍കൊണ്ടു ബന്ധപ്പെടാം. ലോകത്ത് എവിടെയും ഇറങ്ങുന്ന ഏതു പുസ്തകവും ഭാഷാന്തരം ചെയ്യപ്പെടുകയും സംലബ്ധമാകുകയും ചെയ്യുന്നു. നമ്മുടെ കാലം നമ്മുടെ കാലത്തെ അഴിച്ചു പണിയുകയാണ്. യഹൂദജനത്തെപ്പോലെ എല്ലാവരും നാടോടികളായി മാറുന്നു. യൂറോപ്യന്‍ പട്ടണങ്ങള്‍ വെള്ളക്കാരുടെ നഗരങ്ങളല്ലാതാകുന്നു. ഒരു സംസ്‌കാരവും അതിന്റെ തനിമയില്‍ അടച്ചുപൂട്ടപ്പെടുന്നില്ല; ഒരു മതവും അതിന്റെ മാത്രം വേദങ്ങളില്‍ ഒതുക്കപ്പെടുന്നില്ല. ബൈബിളും വേദങ്ങളും ഖുര്‍-ആനും, അവസ്ഥയും പരസ്പരം സ്വാധീനിക്കുന്നു. മനുഷ്യന്‍ വീടണയുന്നതു ധര്‍മ്മത്തിലായി മാറുന്നു. പാരമ്പര്യങ്ങള്‍ തുടരുമ്പോഴും അതു നിരന്തരമായി വിഘടിക്കുകയും ചെയ്യുന്നു. അനീതികളും നീതിയും നിരന്തരം വീണ്ടുവിചാരപ്പെടുന്നു. ഭൂതകാല ഓര്‍മ്മകളെ ഭാവികാല പ്രതീക്ഷകളില്‍ അഴിച്ചുപണിയുന്നു. മറ്റുള്ളവരുടെ കഥകളും കഥനവും നമ്മുടെ കഥകളെ സ്വാധീനിക്കുന്നു. സ്വന്തം തനിമയുടെ വ്യത്യാസങ്ങള്‍, പ്രതിഭകള്‍, ലോകത്തില്‍ ഇടിച്ചുകയറുന്നു. ജീവിതം ഒറ്റപ്പെട്ടവരുടെ ആത്മകഥയല്ല; പൊതുജീവിതത്തിന്റെ പൊതു വ്യാകരണങ്ങളും ഘടനകളും സംവിധാനങ്ങളുമുണ്ട്. രാഷ്ട്രീയം ജീവിത വ്യാകരണത്തിന്റെ വ്യാപനമാണ്. ധര്‍മ്മം എന്നതു മതമോ സംസ്‌കാരമോ മനുഷ്യന്റെമേല്‍ ഏച്ചുകെട്ടുന്നതല്ല. മനുഷ്യനില്‍ എഴുതപ്പെട്ടതാണ് അവന്റെ ജീവിതവ്യാകരണം. മനുഷ്യബന്ധങ്ങള്‍ സ്വാഭാവികമാണ്; തന്നില്‍നിന്നു പുറപ്പെട്ടുപോകാത്തവരില്ല. ഈ പുറപ്പാട് തുടങ്ങുന്നതു ഭാഷയിലാണ്. ഒന്നും പറയാതെ ഹലോ പറയുമ്പോള്‍ ഒന്നും പറഞ്ഞില്ല, ഒന്നും പറയാത്ത പറച്ചില്‍. അതാണ് പാലം പണിയുന്നത്. ഭാഷയില്‍ ആതിഥ്യമുണ്ട്, ആദരവുണ്ട്, അക്രമവുമുണ്ട്.
REPRESENTATIONAL IMAGE: WIKI COMMONS
മനുഷ്യന്‍ ചോദിക്കുന്നതു ധര്‍മ്മമാണ്. അതിനു നിറമില്ല, ജാതിയില്ല, മതമില്ല, ദേശമില്ല. അതുണ്ടാക്കുന്നത് ഒരു മാനവീകതയാണ്. കേരളം ശങ്കരന്റേയും നാരായണഗുരുവിന്റേയും നാടാണ്. ജാതിവ്യവസ്ഥിതിയും ജാതി വിമര്‍ശനവും ഇവിടെ ഉണ്ട്. ഇവിടെ ക്രിസ്തുവും മാര്‍ക്സും മുഹമ്മദും ജീവിക്കുന്നു. ധര്‍മ്മം ചോദിക്കുന്ന മനുഷ്യന് മനുഷ്യന്‍ കൊടുക്കുന്നതു വാക്കാണ്. വാഗ്ദാനമില്ലാത്ത ഭാഷയില്ല. ഭാവിയില്ലാത്ത ഭാഷാവ്യാകരണമില്ല. ഭാവി കൊടുക്കാനും ഉണ്ടാക്കാനും പഠിക്കുന്നതാണ് ധര്‍മ്മം. അതു വസ്തുനിഷ്ഠതയുടെ യാന്ത്രികഭാഷയല്ല, വ്യക്തിനിഷ്ഠമായ കാവ്യഭാഷയാണ്. കാവ്യാത്മകമായി വസിക്കണം. ആതിഥ്യത്തിലാണ് ഈശ്വരന്‍ വരുന്നത്. അതു ചണ്ഡാളനില്‍ കാശിനാഥനെ കാണുന്നതും അനാഥയില്‍ ക്രിസ്തുവിനെ കാണുന്നതുമാകും. അതു മാനവീകതയുടെ സംഭ്രാത്രത്വമാണ്.
ഈ മാനവീകതയ്ക്കു ഒരു ശത്രുവേയുള്ളൂ. അതാണ് ചരിത്രത്തില്‍ സംഭവിച്ച നാസ്സിസം; അതിനു മറ്റൊരു പേരുമുണ്ട് - ഫാസിസം. ഇതിനു ഭാരതവുമായി ബന്ധമുണ്ട്. ചില മനുഷ്യസമൂഹങ്ങള്‍ക്ക് അന്ത്യവിധി പ്രഖ്യാപിച്ച് ആര്യവര്‍ഗമെന്ന് അവകാശപ്പെട്ട നാസ്സികളുടെ കൂട്ടക്കുരുതിയുടെ ചരിത്രം. മനുഷ്യന്‍ ഭൂമിയില്‍ തുടരുമോ? ആരു തുടരും എന്ന ഗൗരവമായ ചോദ്യമുണര്‍ത്തിയ രണ്ടാംലോക മഹായുദ്ധം. ഭാരതം മൂന്നു ഗോത്ര വിഭാഗങ്ങളുടെ നാടാണ്. പേര്‍ഷ്യയില്‍ നിന്നു വന്നു എന്നു പറയപ്പെടുന്ന ആര്യന്മാര്‍, ദ്രാവിഡര്‍, മംഗോളിയര്‍. ഈ മൂന്നു വര്‍ഗങ്ങളില്‍ ഒരെണ്ണം മറ്റു രണ്ടിനെയും അടിമപ്പെടുത്തി ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമുണ്ടോ എന്ന സംശയം ജനിച്ചിരിക്കുന്നു. ഈ മൂന്നു വര്‍ഗങ്ങളും സഹവസിക്കുമോ? ഇവിടെ പല മതങ്ങളുണ്ട്, സംസ്‌കാരങ്ങളുണ്ട്, വേദങ്ങളുണ്ട്, പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ചാതുര്‍വര്‍ണ്ണ്യത്തിന്റെ മനുസ്മൃതി എല്ലാറ്റിനേയും ഭരിക്കുന്ന പ്രത്യയ ശാസ്ത്രമാകുമോ? മനുഷ്യന്റെ സനാതന ധര്‍മ്മത്തില്‍ ഈ വൈവിധ്യങ്ങള്‍ എങ്ങനെ നിര്‍വചിക്കപ്പെടും? സനാതന ധര്‍മ്മം എല്ലാ മനുഷ്യരെയും ഒന്നുപോലെ ഭരിക്കുന്ന ധര്‍മ്മമാകുമോ? അതോ ആര്യന്‍ എന്ന വംശത്തിന്റെ കുലധര്‍മ്മാധിപത്യമായി അതു മാറുമോ?
സനാതന ധര്‍മ്മത്തിനെതിരെ തമിഴ്നാട്ടില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തെ പ്രധാനമന്ത്രി മോദി ശക്തമായി നേരിട്ടു വിമര്‍ശിക്കുന്നതു കണ്ടു, റായ്പൂരിലെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍. അദ്ദേഹം പ്രസംഗത്തില്‍ സെയ്ന്റ് രവിദാസിനെക്കുറിച്ചു പരാമര്‍ശിച്ചതായി റിപ്പോര്‍ട്ടില്‍ വായിച്ചു. അദ്ദേഹം ഉദ്ധരിക്കുന്ന രവിദാസ് (1517) ചെരിപ്പുകുത്തി കഠിനാധ്വാനം ചെയ്തും രാമനാമം ജപിച്ചും അഗാധമായ ധ്യാനവും തപസ്സും കൊണ്ട് മോക്ഷം പ്രാപിക്കാമെന്നു വിശ്വസിച്ച ഹിന്ദുവായിരുന്നു. അദ്ദേഹത്തിനു ശൂദ്രനാണ് ഭക്തന്‍. അദ്ദേഹം ബ്രാഹ്‌മണ്യത്തെ തള്ളിപ്പറഞ്ഞവനായിരുന്നു; ചാതുര്‍വര്‍ണ്ണ്യത്തെ അനുകൂലിച്ചവനല്ലായിരുന്നു. രാമനാമഭക്തിയില്‍ അഹന്തയെ പരിഹരിക്കാമെന്നു വിശ്വസിച്ച ഭക്തന്‍. അമ്പലത്തിലും മോസ്‌ക്കിലും പോയതുകൊണ്ട് പ്രയോജനമില്ല എന്നു കരുതിയ മനുഷ്യന്‍. ഒരുവന്റെ ജാതി നിശ്ചയിക്കേണ്ടത് ഒരുവന്റെ ജന്മത്തിലല്ല; കര്‍മ്മത്തിലാണ് എന്നു കരുതിയവന്‍. എല്ലാ മനഷ്യരും ഒരു ജാതിയാണ് എന്നു പറഞ്ഞിരുന്നവന്‍. (Darshan Singh, Sant Ravidas and His Times Ludhiana, 1977, p. 35). ബുദ്ധന്റെയും, ഗുരുനാനാക്കിന്റെയും രാമാനുജയുടെയും പാരമ്പര്യത്തിലാണ് രവിദാസും പെടുന്നത്. ആ പാരമ്പര്യത്തിന്റെ വിമര്‍ശന ശബ്ദമല്ലേ തമിഴ്നാട്ടില്‍ നിന്നുണ്ടായത്? വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാതെ പരസ്പരം മനസ്സിലാക്കാതെ മാനവീകതയിലേക്ക് ഒന്നിച്ചു നീങ്ങാനാണ് ശ്രമിക്കേണ്ടത്.
REPRESENTATIONAL IMAGE: WIKI COMMONS
60 ലക്ഷം യഹൂദരെ കൊന്ന നാസ്സിസമാണ് രണ്ടാംലോക മഹായുദ്ധത്തില്‍ തകര്‍ന്നത്. ജോര്‍ജ് സ്റ്റെയിനര്‍ എന്ന യഹൂദ സാഹിത്യചിന്തകന്‍ 1981 ല്‍ എഴുതിയ നോവലില്‍ ഇസ്രായേലി നാസ്സി വിരുദ്ധ സ്‌ക്വാഡ് ആമസോണ്‍ കാടുകളില്‍ നിന്നു 90 വയസ്സായ ഹിറ്റ്ലറിനെ പിടികൂടുന്ന കഥയാണ്. കാട്ടില്‍നിന്നു പുറത്തു കൊണ്ടുവന്നു വിസ്തരിക്കാനുള്ള ശ്രമം പ്രതികൂല സാഹചര്യത്തില്‍ ഉപേക്ഷിച്ച് കാട്ടില്‍ത്തന്നെ വച്ച് വിസ്തരിക്കുന്നു. ഹിറ്റ്ലറിനുവേണ്ടി ഹിറ്റ്ലര്‍ തന്നെ വാദിക്കുന്നു. ഹിറ്റ്ലര്‍ പറഞ്ഞു, ''ക്രൂശില്‍ ഭീകരമായി കൊല്ലപ്പെട്ട യേശുവിനെ ഞങ്ങള്‍ ഉപേക്ഷിച്ചു. പിന്നെ ജനം ഞങ്ങളിലേക്കു തിരിഞ്ഞു. ഗൊല്‍ഗോത്തയുടെ വൃത്തികെട്ട മറുരൂപമായ ഔഷ്വിറ്റ്സ് സൃഷ്ടിക്കേണ്ടി വന്നു.'' 60 ലക്ഷം യഹൂദരെ കൊന്നത് അവര്‍ ചെയ്ത ഏതെങ്കിലും കുറ്റത്തിന്റെ പേരിലല്ല. അവര്‍ യഹൂദരായി ജനിച്ചു എന്നതാണ് കുറ്റം. ഇതുപോലൊന്നല്ലേ ബ്രാഹ്‌മണ്യവും പറഞ്ഞത്? മ്ലേച്ഛര്‍ക്കു ഭൂമിയില്‍ ഇടമില്ല എന്ന്. ഈ കുറ്റത്തിനാണ് ഹിറ്റ്ലര്‍ വിസ്തരിക്കപ്പെടുന്നത്. ഹിറ്റ്ലര്‍ ചോദിക്കുന്നു: ''നിങ്ങള്‍ എന്നെ ഏകാധിപതി, അടിമപ്പെടുത്തുന്നവന്‍ എന്നു വിളിക്കുന്നു. യഹൂദന്റെ രോഗാതുരമായ ജല്പനങ്ങള്‍ മനുഷ്യന്റെ തൊലിയിലും ആത്മാവിലും ഉണ്ടാക്കിയ മുറിവുകളേക്കാള്‍ ഭീകരമായ എന്ത് അടിമത്തം, എന്ത് ഏകാധിപത്യം? നിങ്ങള്‍ ദൈവ-ഘാതകരല്ല, ദൈവത്തെ ഉണ്ടാക്കുന്നവരാണ്. അതാണ് തിന്മയായി അതിമ്ലേച്ഛമായത്. യഹൂദര്‍ മനസ്സാക്ഷി കണ്ടുപിടിച്ചു; മനുഷ്യനെ കുറ്റബോധത്തിന്റെ അടിമയാക്കി.''
യഹൂദരോടുള്ള വെറുപ്പിന്റെ അടിയില്‍ യഹൂദരുടെ തനിമ നിലനില്‍ക്കുന്നു. അവരുടെ മതം ധര്‍മ്മമായിരുന്നു - മോസ്സസ് സീനായ് മലയില്‍ കിട്ടിയ വെളിപാടിന്റെ 10 കല്പനകള്‍ - പത്തു ധാര്‍മ്മിക നിയമങ്ങള്‍. ഇതു മോസ്സസ് എഴുതി കൊടുത്തു എന്നു പറയുന്നു. എന്നാല്‍ ബൈബിളില്‍ ജറമിയ പ്രവാചകന്‍ ഈ കല്പനകള്‍ ദൈവം മനുഷ്യഹൃദയങ്ങളില്‍ എഴുതിയിട്ടുണ്ട് എന്ന് എഴുതി. ഈ ധര്‍മ്മമാണ് ബൈബിള്‍ പല കഥകളിലൂടെയും പുരാണങ്ങളിലൂടെയും പല വിധത്തില്‍ പഠിപ്പിക്കുന്നത്. അധര്‍മ്മപ്രളയത്തില്‍ മനുഷ്യവംശം മുഴുവന്‍ നശിച്ചപ്പോള്‍ അതിലെ ഏക നീതിമാനായ നോഹയെ രക്ഷിക്കാന്‍ ദൈവം അവനോട് ഒരു പേടകം പണിയാന്‍ ആവശ്യപ്പെടുന്നു. വരാന്‍പോകുന്ന ദുരന്തത്തില്‍ നിന്നു അഭയമാണ് പണിയേണ്ടത്. ഭാവിയുടെ അളവുകള്‍ ആരറിഞ്ഞു? എന്തളവില്‍ രക്ഷാപേടകം പണിയും? അളവുകള്‍ ദൈവം അവനു പറഞ്ഞുകൊടുത്തു. ഈ കഥ അളന്നു വസിക്കാന്‍ പഠിപ്പിക്കുന്നു. മനുഷ്യന്‍ തീയില്‍ നിന്നും വെള്ളത്തില്‍ നിന്നും പാമ്പില്‍ നിന്നും പറവയില്‍ നിന്നും അളന്നുവസിക്കണം. ഈ അളവുകള്‍ പഠിച്ചാണ് അയാള്‍ പേടകം പണിയുന്നത്; രക്ഷപ്രാപിക്കുന്നത്.
REPRESENTATIONAL IMAGE: WIKI COMMONS
ഫാസിസ്റ്റുകള്‍ ഉണ്ടാക്കുന്ന ഭീകരമായ ധര്‍മ്മപ്രളയമാണ് - ആധിപത്യത്തിന്റെ പ്രളയം. നൂറ്റാണ്ടുകളിലൂടെ ഇന്ത്യയില്‍ മ്ലേച്ഛരാക്കപ്പെട്ടവര്‍ അനുഭവിക്കുന്നത് ആധിപത്യത്തിന്റെ അടിമത്തമാണ്. അതിനൊരു മോചനം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്, അതില്‍ നിന്നു പിന്നോട്ടുപോകാനുള്ള ഹിന്ദുത്വ പ്രലോഭനമാണ് നേരിടുന്നത്. ഈ ബ്രാഹ്‌മണ്യം ഇന്ത്യന്‍ സംസ്‌കാരത്തോട് നീതി പുലര്‍ത്തുന്നില്ല. ബ്രഹദാരണിക ഉപനിഷത്ത് ഇടിവെട്ടിന്റെ വേദമാണ് - ദത്ത, ദയത്വം, ദമ്യത എന്നീ മൂന്നു വാക്കുകളിലൂടെ വെളിവാക്കിയത്. ഇതുതന്നെയാണ് പുറപ്പാട് 19-ാം അധ്യായത്തില്‍ മോസ്സസ് സീനായ് മലമുകളില്‍ ദൈവവുമായി സംഭാഷണത്തിന്റെ വെളിപാടായി ജനങ്ങള്‍ക്കു കൊടുത്തു. പക്ഷേ, താഴെ നിന്ന ജനം അറിഞ്ഞത് ഇടിനാദവും മിന്നലുമാണ്. അതു മോസ്സസ് തര്‍ജ്ജമ ചെയ്തപ്പോള്‍ പത്തു വാക്കുകളായി - പത്തു കല്പനകള്‍. ഈ ധര്‍മ്മമാണ് മനുഷ്യന്റെ ജീവിത വ്യാകരണമാകേണ്ടത്. ധര്‍മ്മചിന്തകനായ എമ്മാനുവേല്‍ കാന്റ് എഴുതി, ''രണ്ടു കാര്യങ്ങള്‍ എന്നെ അത്ഭുതപരതന്ത്രനാക്കുന്നു - മുകളില്‍ ആകാശത്തിലെ നക്ഷത്രങ്ങളും താഴെ അകത്തെ ധാര്‍മ്മിക നിയമങ്ങളും.'' ഈ ധാര്‍മ്മിക നിയമങ്ങള്‍ മനുഷ്യന് പൊതുവാണ്. അംബേദ്കര്‍ എഴുതി, ''ജനാധിപത്യം ഒരു സര്‍ക്കാര്‍ രൂപമല്ല. സംയുക്തമായ സംവേദനത്തിന്റെ അനുഭവത്തിന്റെ പ്രാഥമികമായ പാരസ്പര്യ ജീവിതരൂപമാണ്. ഇതു സത്താപരമായി പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും മനോഭാവമാണ്.''