വിശ്വാസത്തില്‍നിന്ന് സാങ്കേതികവിദ്യയിലേക്ക്
സാങ്കേതികവിദ്യ സ്ത്രീകളുടെ അടിമത്തത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് ഷുലാമിത് ഫയര്‍സ്റ്റോണിനെ പോലെയുള്ള സ്ത്രീവാദികള്‍ 1970 കളില്‍തന്നെ വ്യക്തമാക്കിയിരുന്നു. പ്രത്യുല്‍പാദനവുമായി ബന്ധപ്പെടുത്തി പുരുഷാധിപത്യം നിര്‍മ്മിച്ചുവെച്ചിട്ടുള്ള ചട്ടക്കൂടുകളെ സാങ്കേതികവിദ്യ തകര്‍ക്കുമെന്നുള്ള സാധ്യതകളെ കണ്ടാണ് അവരിങ്ങനെ അഭിപ്രായപ്പെട്ടത്. സാങ്കേതികവിദ്യയും പരമ്പരാഗത മത- സാമൂഹികഘടനകളും സ്ത്രീകളുടെ അടിമത്തത്തെ സാധൂകരിക്കുന്ന ചില പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് എന്നാണിത് പറയുന്നത്. മതവിശ്വാസവും ജാതിബോധവും കലര്‍ന്നിട്ടുള്ള പരമ്പരാഗത സാമൂഹ്യഘടന സ്ത്രീകളുടെ അടിമത്തത്തെ പുരുഷാധിപത്യത്തിന്റെ കീഴില്‍ സുഘടിതമാക്കുന്ന ഒരു സാമൂഹ്യസംവിധാനമാണ്. എല്ലാത്തരത്തിലുമുള്ള സ്ത്രീകളുടെ അടിമത്തം അവര്‍ വിശ്വാസത്തിന്റയും ആചാരങ്ങളുടെയും പേരില്‍ നിരന്തരം ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യയെപ്പോലെ ജാതി ആചാരങ്ങള്‍ ശക്തമായ സമൂഹത്തില്‍ അവയിലെ വിശ്വാസക്രമങ്ങളാണ് ലിംഗപദവിയെ സ്ഥാപനവല്‍കരിക്കുന്നതെന്ന് പല പഠിതാക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാട്ടുവിശ്വാസങ്ങളും ആചാരങ്ങളും വഴക്കങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും സാമൂഹ്യപദവിയെ അടിമയുടമ എന്നനിലയില്‍ നിര്‍വചിക്കുന്നതിന് കാരണമാകുന്നു. പരമ്പരാഗത മതവിശ്വാസ സാമൂഹ്യഘടനകള്‍ പുരുഷാധിപത്യത്തിന്റെ ഉപകരണങ്ങളായിരിക്കുന്നു എന്നുള്ള വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ആര്‍ത്തവത്തിന്റെയും മറ്റും പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. വിശ്വാസങ്ങളോടൊപ്പം തന്നെയാണ് പാതിവ്രത്യത്തെക്കുറിക്കുന്ന മത-സാമൂഹ്യസങ്കല്പങ്ങളും നിലകൊള്ളുന്നത്. അടിസ്ഥാനമായി സ്ത്രീയുടെ ജീവിതത്തെ ഏകപത്നീവ്രതത്തില്‍ കെട്ടിയിടുകയും സാമൂഹ്യബന്ധങ്ങളിലും തൊഴിലിടങ്ങളിലും കൂടുതല്‍ അടിമത്തം ഉറപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ സ്ത്രീയുടെ ലൈംഗികത അപകടകരമാണെന്നും ശരീരം പ്രശ്നവല്‍കൃതമായ ഒന്നാണെന്നും പഠിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ അധികാരവും മറ്റും നേടാന്‍ കഴിയാത്തതായ വ്യക്തിത്വമാണെന്ന് ഉറപ്പിക്കുന്നതില്‍ ഇത്തരം വിശ്വാസങ്ങള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. കേരളനവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന പ്രക്രിയ ഫ്യൂഡലിസത്തിലെ ആചാരപരമായ ലിംഗബോധ്യങ്ങളെ ആധുനികശാസ്ത്രബോധത്തിലൂടെ മാറ്റംവരുത്താന്‍ ശ്രമിച്ചെങ്കിലും പഴയകാലബോധങ്ങള്‍ ഒരു ചങ്ങലക്കണ്ണി പോലെ തുടരുന്നതായിട്ടാണ് കാണേണ്ടത്. വളര്‍ന്നുവികസിക്കുന്ന ടെക്നോളജിയുടെയും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെയും പുരോഗതി ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യുന്ന കര്‍തൃത്വങ്ങളാക്കി സ്ത്രീകളെ മാറ്റിത്തീര്‍ക്കുന്നുണ്ട്. മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള സ്ത്രീകര്‍തൃത്വങ്ങള്‍ ഇത്തരം കാര്യങ്ങളെ കൂടുതല്‍ തെളിമയോടെ അവതരിപ്പിക്കുന്നുമുണ്ട്. മത ജാതി വിശ്വാസങ്ങളില്‍ നിന്ന് പുറത്തുകടക്കുന്ന സ്ത്രീക്ക് പുതിയൊരു സാമൂഹികജീവിതം കരുപ്പിടിപ്പിക്കാനാകുമെന്നുള്ള ബോധ്യമാണ് ഇത്തരം കാഴ്ചകളില്‍ നിഴലിക്കുന്നത്.
1. മലയാളസിനിമയുടെ ചരിത്രം നോക്കിയാല്‍ സ്ത്രീയും മതവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതിന്റെ നിരവധിയാഖ്യാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. 1950 കള്‍ മുതല്‍ സജീവമാകുന്ന മലയാളസിനിമയിലെ ഇതിവൃത്തങ്ങളെല്ലാം തന്നെ മതവും വിശ്വാസവുമായി ചേര്‍ന്നുള്ളവയാണെന്ന് കാണാം. കേരളനവോത്ഥാനത്തില്‍ മതവിരുദ്ധധാരകളും നിരീശ്വരധാരങ്ങളും ശക്തമായിരുന്നെങ്കിലും കേരളീയസമൂഹത്തില്‍ അവയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു എന്നുള്ള വസ്തുതയിലേക്കാണ് മലയാളസാഹിത്യവും സിനിമകളും വിരല്‍ചൂണ്ടുന്നത്. നാരായണഗുരുവിന്റെ ദൈവദശകം ഏറെ പുകഴ്ത്തപ്പെടുകയും സഹോദരന്‍ അയ്യപ്പന്റെ സയന്‍സ് ദശകം തമസ്‌കരിക്കപ്പെടുകയും ചെയ്ത ചരിത്രബോധ്യം ഇത് സൂചിപ്പിക്കുന്നു. അക്കാലത്തുണ്ടായ നിരീശ്വരവാദചിന്തകളോട് ശക്തമായ വിയോജിപ്പ് കേരളീയസമൂഹത്തില്‍ ഉണ്ടായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉണ്ടായ വിമോചനസമരത്തിലെ സമരാഭാസങ്ങളും മുദ്രാവാക്യങ്ങളും പറയുന്നുണ്ട്. എല്ലാത്തരത്തിലുമുള്ള വിശ്വാസവിരുദ്ധമായ കാര്യങ്ങളോടുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാര്‍ മതവിരുദ്ധബോധം വളര്‍ത്തുന്ന ശക്തികളാണെന്നുള്ള പ്രചരണം. നിരീശ്വരവാദം വളര്‍ന്നുകഴിഞ്ഞാല്‍ സമൂഹത്തില്‍ കുടുംബം തകരുമെന്നും വ്യക്തികള്‍ മറ്റുള്ളവരെ അനുസരിക്കാതെ വളരുന്ന അരാജകവാദസമൂഹം ഉണ്ടാകുമെന്നും പലരും പ്രചരിപ്പിച്ചിരുന്നു. ഏതായാലും മതവിശ്വാസത്തെ തള്ളിക്കളയുന്ന പ്രവണതകള്‍ മലയാളസിനിമയില്‍ കുറവായിരുന്നു എന്നുള്ളതാണ് വസ്തുത.
കേരളീയകുടുംബം എന്നുള്ള നവോത്ഥാനസങ്കല്‍പ്പത്തെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളില്‍ അഭിരമിക്കുകയായിരുന്നു മലയാള സിനിമ. അതുകൊണ്ടുതന്നെ മതവിശ്വാസത്തെ പോറലേല്പ്പിക്കുന്ന ദൃശ്യങ്ങള്‍ അതില്‍ വളരെക്കുറവാണ്. വ്യക്തിയുടെ ജീവിതത്തില്‍ ദൈവവിശ്വാസം അനിവാര്യമാണെന്നും പള്ളിയിലും അമ്പലത്തിലും പോവുക നിത്യജീവിത വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും പറയുന്ന ദൃശ്യങ്ങളിലാണ് സിനിമയുടെ ഷോട്ടുകള്‍ മുഴുവന്‍ കേന്ദ്രീകരിക്കുക. സ്ത്രീകളെ മതവിശ്വാസരൂപങ്ങളുമായി- ക്ഷേത്രം, പള്ളി- ബന്ധിപ്പിച്ചു വളരുന്ന സ്വത്വങ്ങള്‍ എന്ന നിലയില്‍ ദൃശ്യവല്‍കരിക്കുന്നതാണ്. പുരുഷാധിപത്യത്തിനുകീഴില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുന്നത് വിശ്വാസവുമായി ബന്ധപ്പെടുന്നതിലൂടെയാണ്. അങ്ങനെ പള്ളിയും അമ്പലവുമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ തങ്ങളുടെ വിശ്വാസത്തെയും ജീവിതത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുപോകുന്ന കര്‍തൃത്വങ്ങളായിരിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് ഇതില്‍ ഇളവുനല്‍കുന്നതും കാണാം. പുരുഷനെ സ്വതന്ത്രവ്യക്തിയാക്കി വിശ്വാസവുമായി കാര്യമായ ബന്ധമില്ലെന്ന് സൂചിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വിശ്വാസത്തിന്റെ എല്ലാ ബാധ്യതകളും ഉത്തരവാദിത്തങ്ങളും വച്ചുനല്കുന്നു. ചരിത്രപരമായും ജൈവികമായും സ്ത്രീകള്‍ക്ക് മതാചാരങ്ങളുമായി കൂടുതലടുപ്പമുണ്ടെന്നുള്ള ദൃശ്യവല്‍കരണങ്ങള്‍ മലയാളസിനിമയില്‍ ധാരാളമായി കാണാം. ഗ്രാമത്തിലെ തറവാട്- ക്ഷേത്രം/പള്ളി - പൂജകള്‍- ആരാധനകള്‍ എന്നൊരു ചിട്ടയിലായിരിക്കും മിക്ക സിനിമകളും സ്ത്രീകളുടെ സ്ഥാനത്തെ ചിട്ടപ്പെടുത്തുക. മാത്രവുമല്ല ചെമ്മീന്‍ സിനിമയിലേതുപോലെ ജാതി- നാട്ടുവഴക്കങ്ങള്‍ സ്ത്രീകളുടെ പാതിവ്രത്യത്തെയും കീഴടക്കത്തെയും ഊട്ടിയുറപ്പിക്കുന്നതു കാണാം. അങ്ങനെ കുടുംബമെന്നു പറയുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടി സ്ത്രീകളെ അടിമകളും വിധേയകളുമാക്കി മാറ്റുന്ന പ്രധാനപ്പെട്ട ഘടകമായിട്ടാണ് മലയാള സിനിമയില്‍ മതവും വിശ്വാസവും ജാതിവഴക്കങ്ങളും പ്രത്യക്ഷപ്പെടുന്നത്. അതിലൂടെ വിശ്വാസത്തെ സംശയിക്കുകയോ അവിശ്വാസികളാവുകയോ ചെയ്യുന്ന സ്ത്രീകള്‍ അഹങ്കാരികളും തന്നിഷ്ടക്കാരുമാണെന്ന് സ്ഥാപിക്കും.
എന്നാല്‍ മാറുന്ന കാലവും ശാസ്ത്രബോധവും ഓരോ കാലഘട്ടത്തിലെയും വിശ്വാസസംഹിതകളെയും മാറ്റുന്നത് കാണാം. ദാരിദ്ര്യമെന്ന പ്രശ്നത്തിനുമുന്നില്‍ തന്റെ വിശ്വാസത്തെയും ദേവിയും തള്ളിപ്പറയുന്ന വിശ്വാസിയായ വെളിച്ചപ്പാടിന്റെ പങ്കാളിയായ നാരായണിയെ നിര്‍മാല്യം എന്ന സിനിമയില്‍ (1973) കാണാം. ദേവിക്കു തന്റെ ജീവിതം സമര്‍പ്പിച്ചുകഴിയുന്ന പരമഭക്തനായിട്ടുള്ള വെളിച്ചപ്പാടിന്റെ ജീവിതപങ്കാളി സാമ്പത്തികക്കുഴപ്പങ്ങളില്‍ പെടുമ്പോള്‍ തന്റെ ലൈംഗികത വില്‍ക്കാന്‍ നിര്‍ബന്ധിതയാകുന്നു. ഇതറിഞ്ഞ വെളിച്ചപ്പാട് ഹൃദയംതകര്‍ന്നു വിലപിക്കുമ്പോള്‍ 'താനും കുട്ടികളും പട്ടിണി കിടന്നപ്പോള്‍ ഒരു ദേവിയും ഭക്ഷണവുമായി വന്നില്ലെന്ന് ' പറഞ്ഞ് തന്റെ ചെയ്തിയെ നാരായണി ന്യായീകരിക്കുന്നു. രോഷാകുലനായ വെളിച്ചപ്പാട് തന്റെ ദേവിയെ തള്ളിപ്പറയുന്നതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ പുരുഷനായ വെളിച്ചപ്പാടിന് മുന്നേ ദൈവത്തെ തള്ളിപ്പറഞ്ഞത് അദ്ദേഹത്തിന്റെ പങ്കാളിയായ നാരായണിയാണെന്നുള്ള വസ്തുത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിശ്വാസിയായിരുന്നാല്‍ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല എന്നുള്ള തിരിച്ചറിവ് ആദ്യമവതരിപ്പിക്കുന്നതില്‍ നിര്‍മാല്യം എന്ന സിനിമയ്ക്ക് പങ്കുണ്ടെന്നു പറയാം. അതിനാല്‍ വിശ്വാസിയായിരിക്കുക എന്നുപറയുമ്പോള്‍ സമൂഹത്തിന്റെ വ്യവസ്ഥാപിതമായ സാമൂഹികഘടനകളെ അംഗീകരിക്കുകയാണെന്നും വിശ്വാസവിരുദ്ധരാവുമ്പോള്‍ ആധിപത്യം പുലര്‍ത്തുന്ന ഘടനകളെ വിമര്‍ശിക്കുകയാണെന്നുമുള്ള സൂചന രൂപപ്പെടുന്നു. എന്നാല്‍ നാരായണിയുടെ നിലപാടിന്റെ പ്രസക്തി കൂടുതല്‍ വെളിവാക്കുന്ന നിലയിലല്ല സിനിമ മുന്നോട്ടുപോകുന്നത്, മറിച്ചവര്‍ ചെയ്തത് തെറ്റാണെന്നുള്ള ദൃശ്യവല്‍കരണമാണ് കാണുന്നത്.
പരമ്പരാഗത വിശ്വാസം സ്ത്രീയുടെ ജീവിതത്തെ പുരുഷന് കീഴെ രൂപപ്പെടുത്തുന്നതിന്റെ ഉദാഹരണമായി മൈ ബോസ് എന്ന സിനിമയെ (2012) കാണാം. മുംബൈയിലെ ഐടി കമ്പനിയുടെ സി ഇ ഒയായ പ്രിയ ചിലപ്രശ്നങ്ങളാല്‍ കേരളത്തിലെത്തുകയും കാമുകന്റെ തറവാട്ടില്‍ താമസിച്ച് ഒരു നായര്‍ സ്ത്രീയായി മാറുകയും ചെയ്യുന്നതാണ് കഥ. അതിരാവിലെ എഴുന്നേറ്റ് ക്ഷേത്രക്കുളത്തില്‍ പോയി മുങ്ങിക്കുളിച്ചു വീട്ടിലെ പണികള്‍ ചെയ്ത് ഒരു കുലസ്ത്രീ എങ്ങനെയാണ് രൂപംകൊള്ളുന്നതെന്നു ഈ സിനിമപറയുന്നു. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടി ഐടി കമ്പനിയുടെ ബോസ് ആകുന്ന സ്ത്രീക്ക് പരമ്പരാഗത വിശ്വാസമോ കുടുംബമോ ബാധകമല്ല. അങ്ങനെ കരിയറും ജോലിയും സ്വന്തം നിലയ്ക്കുള്ള ജീവിതവുമല്ല സ്ത്രീയുടെ ജീവിതമെന്നും കുടുംബവും അമ്മയാകലും ആണെന്നുമുള്ള പരമ്പരാഗത പുരുഷാധിപത്യ ജനപ്രിയസിനിമാബോധം മലയാളസിനിമ പുതിയകാലത്തും ആവര്‍ത്തിക്കുന്നത് ദൃശ്യമാകുന്നു. മതവിശ്വാസം സ്ത്രീയുടെ കീഴടക്കം നിരന്തരം ആവശ്യപ്പെടുന്നുവെന്നാണിത് വ്യക്തമാക്കുന്നത്.
2. 1990 കളില്‍ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ കാതലായമാറ്റങ്ങള്‍ സംഭവിക്കുന്നതായി കാണാം. ഗള്‍ഫ് പ്രവാസം ജാതി- ഫ്യൂഡല്‍കേരളത്തെ ആഴത്തില്‍ മുറിവേല്പിക്കുകയും ആഗോളസമൂഹത്തിലെ മാറ്റങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുകയും ചെയ്തു. ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ വികസിതരാജ്യങ്ങളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ വളരെവേഗം തിരിച്ചറിയുന്നതിനും കേരളീയസമൂഹത്തില്‍ അവയെ എത്തിക്കുന്നതിനും ഈ മാറ്റങ്ങള്‍ മലയാളികളെ സഹായിച്ചു. ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങളുടെയും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെയും വരവ് കേരളീയജീവിതത്തെ കൂടുതല്‍ ആഴത്തില്‍ മാറ്റിമറിക്കുന്നതിന് ഇടയാക്കി. ജാതി ഫ്യൂഡലിസത്തിന്റെ ശക്തികളെ പരിക്കേല്‍പ്പിക്കുന്നതിലും കൂടുതല്‍ മെച്ചപ്പെട്ട ആധുനികതയിലേക്ക് കേരളീയസമൂഹത്തെ നയിക്കുന്നതിനും ഇവ കാരണമായി. ഇതിലൂടെ നവോത്ഥാനം സൃഷ്ടിച്ച വീട്ടമ്മ എന്ന സങ്കല്പം പരിക്കേല്‍പ്പിക്കപ്പെടുകയും കരിയര്‍ ലക്ഷ്യമിടുന്ന സ്ത്രീകള്‍ സജീവമാവുകയും ചെയ്തു. വിശ്വാസത്തെ പൂര്‍ണമായും തള്ളിക്കളയുന്ന സ്ത്രീകള്‍ എന്ന നിലയിലല്ല ഇവിടെ സ്ത്രീകളെ അവതരിപ്പിക്കുന്നത് എന്നാണ് ശ്രദ്ധിക്കേണ്ടത്. ചെറുപ്പത്തില്‍ കിട്ടുന്ന മതവിശ്വാസം ജീവിതത്തിന്റെ ലക്ഷ്യത്തെ രൂപപ്പെടുത്തുന്നതില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല എന്ന തിരിച്ചറിവു കാണിക്കുന്നവരെയാണ് ഇവിടെക്കാണുന്നത്. കേരളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ഈയൊരു ഭാവുകതയാണ് പ്രധാനമായും സൃഷ്ടിച്ചത്.
22 ഫീമെയില്‍ കോട്ടയം സിനിമയിലെ രംഗം
ന്യൂ ജനറേഷന്‍ സിനിമയിലെ നായികസങ്കല്പങ്ങളുടെ പരിവര്‍ത്തനം ഈ ദിശയിലേക്കുള്ള ചില സൂചനകളാണ്. വിശ്വാസവുമായി ബന്ധപ്പെട്ടുവരുന്ന പരമ്പരാഗത ദൃശ്യവത്കര്‍മ്മങ്ങളെല്ലാം പൂര്‍ണമായി കൈയൊഴിഞ്ഞു എന്നുള്ളതാണ് ന്യൂ ജനറേഷന്‍ നല്‍കുന്ന സാധ്യതകളിലൊന്ന്. തറവാട് ക്ഷേത്രം അനുബന്ധ ഘടകങ്ങള്‍ പള്ളി തുടങ്ങിയ രൂപങ്ങളില്‍ നിന്ന് മലയാളസിനിമ പതുക്കെ പുറത്തേക്കിറങ്ങി നഗരത്തിലേക്കും ഫ്ലാറ്റുകളിലേക്കും നടക്കുന്നു. മതത്തിന്റെ രൂപങ്ങളെ അപ്രസക്തമാക്കി അതിനുപരിയായ ജീവിതബോധ്യങ്ങളാണ് പ്രധാനമെന്നും വ്യക്തമാക്കുന്നതാണ് പുതിയകാല സിനിമകളുടെ രാഷ്ട്രീയം. ഇതാണ് കേരളത്തിലെ പരമ്പരാഗത പുരുഷാധിപത്യത്തെ ചോദ്യംചെയ്യുന്ന സിനിമകളുടെ ഉള്ളടക്കം. തന്നെ പീഡിപ്പിച്ച കാമുകന്റെ ലിംഗം ഛേദിച്ചുകൊണ്ട് പ്രതികരിക്കുന്ന നഴ്സിന്റെ കഥ പറയുന്ന 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ ഇതിന്റെ ആവിഷ്‌കാരമായിരുന്നു. പരമ്പരാഗത സ്ത്രീ വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്നെ പീഡിപ്പിച്ചത് മറന്നുകളയുകയോ വിശ്വാസത്തില്‍ മുക്കി ക്ഷമിക്കുകയോ അല്ലെങ്കില്‍ ആത്മഹത്യചെയ്യുകയോയാണ് പരിഹാരമായിട്ടുള്ളത്. ഇവിടെ തിരിച്ച് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാനുള്ള പ്രവണത സ്ത്രീകള്‍ സാധ്യമാക്കിയത് വിശ്വാസത്തിന്റെ നിരാകരണത്തിലാണെന്ന് പറയാം. പുതിയ സാങ്കേതികവിദ്യകളുടെ വ്യാപനം ഇവിടെ സ്ത്രീകളെ മാറ്റുന്നതാണ് കാണുന്നത്. സാങ്കേതികവിദ്യ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു നില്ക്കാനും പോരാടാനും പലതരം സാധ്യതകള്‍ തുറക്കുന്നു. അങ്ങനെ പരമ്പരാഗതവിശ്വാസം സാങ്കേതികവിദ്യയോടുള്ള വിശ്വാസമായി മാറുന്നു.
വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലൂടെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ എന്ന ബോധ്യം വ്യക്തമായി പറഞ്ഞ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (2021). പൂര്‍ണ്ണമായും ജാതി- മതബോധ്യങ്ങള്‍ക്ക് കീഴടങ്ങിയ ഒരു ഗ്രാമീണഭവനത്തിനുള്ളില്‍ വിവാഹത്തോടെ എത്തപ്പെടുന്ന നായിക മതപരമായ എല്ലാ അടിച്ചമര്‍ത്തലുകളും അനുഭവിക്കുന്നു. പഠനവും ജോലിയും ആഗ്രഹിക്കുന്ന അവളുടെ സ്വപ്നങ്ങളെ തന്നെ തകര്‍ത്തുകളയുന്നത് വിശ്വാസങ്ങളിലും ആചാരങ്ങളിലും അടിയുറച്ച കുടുംബഘടനയാണ്. മതവിശ്വാസത്തിന്റെ ഘടനകള്‍ ആര്‍ത്തവവിലക്കുപോലെ അവളെ ശക്തമായി വരിഞ്ഞുകെട്ടുകയും ചെയ്യുന്നത് പലതവണ സിനിമ കാണിക്കുന്നുണ്ട്. ഇവയോട് ശക്തമായി അവള്‍ പ്രതികരിക്കുന്നത് ആ വീട് വിട്ടിറങ്ങിക്കൊണ്ടാണ്. വിശ്വാസത്തോളോടുള്ള എതിര്‍പ്പാണ് സിനിമയുടെ അടിസ്ഥാനമെന്നു വ്യക്തമായി പറയുന്നതുകൊണ്ടാണ് സിനിമയുടെ തുടക്കത്തില്‍ 'ശാസ്ത്രത്തിനും നന്ദി' എന്ന് കൃത്യമായി എഴുതി കാണിക്കുന്നത്. മലയാളസിനിമാ പാരമ്പര്യത്തിലെ ഏറ്റവും വേറിട്ട ഒരു തുടക്കമാണ് ശാസ്ത്രത്തിനും നന്ദി എന്നുള്ള ആ പ്രസ്താവന. ദൈവത്തിനു നന്ദി എന്നു പറഞ്ഞുതുടങ്ങുന്ന മലയാളസിനിമയെ ശാസ്ത്രമെന്ന അറിവിന്റെ സാധ്യതകളിലേക്കു നയിക്കുകയാണ് സിനിമ. വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുമ്പോഴാണ് പുതിയ ജീവിതം തുറന്നുതരുന്ന സാധ്യതകളെ ഉപയോഗിക്കാനാവുക എന്നുള്ള വസ്തുത ഈ സിനിമ അടിവരയിടുന്നു.
ജയ ജയ ജയ ജയഹേ സിനിമയിലെ രംഗം
ഈ തുടര്‍ച്ചയിലാണ് 2022 ല്‍ ഇറങ്ങിയ ജയ ജയ ജയ ജയഹേ എന്ന സിനിമയെ വായിക്കേണ്ടത്. പരമ്പരാഗതമായ ഒരു ഗ്രാമസമൂഹത്തില്‍ വിശ്വാസിയായി ജീവിക്കുന്ന ഒരു പുരുഷന്റെ ഭാര്യയായി എത്തപ്പെടുന്ന ജയയുടെ കഥ, വിശ്വാസവും ആചാരങ്ങളും എങ്ങനെ സ്ത്രീയെ അടിച്ചമര്‍ത്തുന്ന ഉപകരണങ്ങളാകുന്നു എന്നുള്ള വ്യക്തമായകാഴ്ചയാണ്. നിരന്തരമായി ഉണ്ടാകുന്ന പുരുഷന്റെ ആക്രമണത്തില്‍ ആകെ തകര്‍ന്നുപോകുന്ന ജയ അതിനോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുകയും ഇന്റര്‍നെറ്റിലൂടെ കരാട്ടെ വീഡിയോകള്‍ കണ്ട് കരാട്ടെ അഭ്യസിച്ച് ആ പുരുഷനോട് കായികമായി തന്നെ എതിരിടുകയും ചെയ്യുന്നു. അവളുടെ കുടുംബവും മറ്റും അവളോട് പറയുന്നത് അഡ്ജസ്റ്റ് ചെയ്തു പോകാനാണ്. എന്നാല്‍ ക്രൂരമായ ആക്രമണത്തിനു മുന്നില്‍ അവള്‍ക്ക് അതസാധ്യമാവുകയും അതിനോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ടെക്നോളജി തുറന്നിടുന്ന പുതിയ സാധ്യതകളും ഇന്റര്‍നെറ്റും സ്ത്രീകളുടെ ജീവിതത്തെ വളരെവേഗത്തില്‍ മാറ്റത്തിന് വിധേയമാക്കുന്നതാണ് സിനിമ പറയുന്നത്. കേരളീയസമൂഹം നൂറ്റാണ്ടുകളായിട്ട് സ്ത്രീയെ രൂപപ്പെടുത്തിയത് വീടിനോടു വല്ലാത്ത വൈകാരികബന്ധം ഉള്ള സ്വത്വങ്ങളായിട്ടാണ്. ആ ബന്ധത്തിന്റെ ചരിത്രപരമായ വേരുകളെയാണ് ജയ ഭര്‍ത്താവിനോട് ഏറ്റുമുട്ടി വീട്ടിലെ ഉപകരണങ്ങളെല്ലാം തല്ലിത്തകര്‍ത്തുകൊണ്ട് നിഷേധിക്കുന്നത്. നിലവിലെ വീടെന്നു പറയുന്ന സങ്കല്പം നിര്‍മ്മിച്ചിരിക്കുന്ന എല്ലാത്തരം ജാതിയാചാര വിശ്വാസങ്ങളോടുമുള്ള ഒരു പ്രതിഷേധവും നിരാകരണവുമാണ് ജയയുടെ ഈ തല്ലിത്തകര്‍ക്കലില്‍ കാണുന്നത്. അടുത്തകാലത്തുണ്ടായ ചതുരം, രേഖ, ടീച്ചര്‍ എന്നീ സിനിമകള്‍ കേരളീയ വീടുകള്‍ പാരമ്പര്യമായി നിര്‍മിച്ച സ്ത്രീയെ കൈയൊഴിയുന്ന ചിത്രങ്ങള്‍ അവതരിപ്പിക്കുന്നു. മതവിശ്വാസമനുസരിച്ച് ദൈവമാണ് പ്രതികാരം ചെയ്യേണ്ടത്. എന്നാലിവിടെ തങ്ങളെ ഉപദ്രവിക്കുന്നവരോട് സ്ത്രീകള്‍തന്നെ പ്രതികാരം ചെയ്യാനിറങ്ങിത്തിരിക്കുന്നു. ദൈവത്തില്‍നിന്ന് മനുഷ്യത്വത്തിന്റെ പുതിയ സാധ്യതകളിലേക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ അടയാളപ്പെടലാണ് ഇവയെന്നു കാണാം. മതവിശ്വാസ വ്യവഹാരങ്ങളില്‍നിന്ന് പുറത്തുപോകുന്ന സ്ത്രീകള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വിശ്വാസത്തില്‍നിന്ന് ശാസ്ത്ര-സാങ്കേതികവിദ്യയിലേക്ക് മാറുന്ന സമൂഹത്തിന്റെ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചുനോക്കേണ്ടതുണ്ട്.