
സൂപ്പർ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് ബാധ്യതയാകുന്നോ?
ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും വൈകി മാത്രം സാധ്യമാകുന്ന ഒന്നാണ് ട്രാൻസ്‌ഫോർമേഷൻ എന്ന പ്രക്രിയ. പ്രധാന ടൂർണമെന്റുകൾ പരാജയപ്പെടുന്നതിന് പിന്നാലെ വരുന്ന അപ്രധാന മത്സരങ്ങളിൽ സീനിയർ കളിക്കാർക്ക് വിശ്രമം നൽകി യുവകളിക്കാർക്ക് അവസരം നൽകുകയും അതു കഴിഞ്ഞ് യുവതാരങ്ങൾ എത്ര മികച്ച പ്രകടനം നൽകിയാലും തുടർന്ന് വരുന്ന പ്രധാന മത്സരങ്ങളിൽ അവർക്ക് പകരം ഇതേ സീനിയർ കളിക്കാർ ടീമിലേക്ക് തിരികെയെത്തുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലവിലുള്ളത്. ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും സമൂല മാറ്റത്തിന് സമയമായി കഴിഞ്ഞു. അശ്വിൻ കൃത്യ സമയത്ത് വിരമിക്കുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് കൃത്യമായ ഒരു മെസ്സേജ് സെലക്ടർമാരിൽ നിന്നും മറ്റുള്ള സീനിയർ താരങ്ങൾക്ക് ലഭിച്ചു കഴിഞ്ഞെന്ന് കരുതുന്നു. ന്യുസിലാന്റിനെതിരെയുള്ള നാട്ടിൽ നടന്ന പരമ്പരയിലെ ദയനീയ പരാജയവും ഇപ്പോൾ ഓസ്‌ട്രേലിയക്കെതിരെയുള്ള പരാജയവും പ്രധാനമായും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ വീഴ്ചയായിട്ടാണ് കണക്കിലെടുക്കേണ്ടത് എന്നിരിക്കെ ആദ്യത്തെ ചികിത്സ വേണ്ടതും അവിടെത്തന്നെയാണ്.
അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിങ്ങനെ ഒരു കൂട്ടം യുവ കളിക്കാർ അവസരം കാത്തു നിൽക്കെ ഫോമിലല്ലാത്ത സീനിയർ കളിക്കാർക്ക് വീണ്ടും വീണ്ടും അവസരം നൽകിക്കൊണ്ടിരിക്കുന്നത് ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പുകളെ പാടേ നിരാകരിക്കുന്ന പ്രവൃത്തിയാണെന്നതിൽ സംശയമില്ല. പ്രതിഭയുള്ള പല യുവ കളിക്കാരും അവസരങ്ങൾക്കായി കാത്തിരുന്ന് അവരുടെ പീക് ടൈം കഴിഞ്ഞു പോയിരിക്കുന്നു എന്നതൊരു ദുഃഖ സത്യമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച കളിക്കാരെ ടെസ്റ്റിലേക്ക് പരിഗണിക്കാതെ ഐ. പി. എല്ലിൽ മികച്ച പ്രകടനം നടത്തുന്നവരെ നേരിട്ട് ടെസ്റ്റ് ടീമിൽ എടുക്കുന്നത് നമ്മുടെ ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യം തന്നെയാണ് ഇല്ലാതാക്കുന്നത്. ജയ് സ്വാൾ, നിതീഷ് റെഡ്ഢി തുടങ്ങിയവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതിനെ എതിർക്കാമെങ്കിലും സൂര്യകുമാറിനെ പോലൊരു ടി ട്വന്റി ലെജൻഡ് മറ്റു രണ്ടു ഫോർമാറ്റുകളിലും പരാജയമായത് പോലുള്ള ഉദാഹരണങ്ങൾ മറുവശത്തുണ്ട്. അടിസ്ഥാനപരമായി നീണ്ട ഫോർമാറ്റുകളിലെ പ്രകടനങ്ങളാണ് ടെസ്റ്റ് സെലക്ഷനുള്ള മാനദണ്ഡമാകേണ്ടത്. നമുക്കവിടെ നിലവാരമുള്ള കളിക്കാരുമുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
ബോർഡർ - ഗവസ്കർ ട്രോഫി ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വർത്തമാനകാല ഇതിഹാസങ്ങളുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങളാണ്. രോഹിത് ശർമ്മയെന്ന നായകൻ ന്യൂസിലാന്റിനെതിരെയുള്ള ഹോം സീരീസിൽ 3-0 ത്തിന്റെ ദയനീയ പരാജയം ഏറ്റു വാങ്ങിയാണ് ഓസ്‌ട്രേലിയയിൽ എത്തുന്നത്. അവിടെ, അദ്ദേഹം കളിക്കാതിരുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിക്കുകയും അദ്ദേഹം നായകനായി വന്ന മൂന്നു ടെസ്റ്റുകളിൽ രണ്ടെണ്ണം പരാജയപ്പെട്ട് ഇന്ത്യ പരമ്പരയിൽ പുറകിലാവുകയും ചെയ്തു. ബാറ്റർ എന്ന നിലയിലാണെങ്കിൽ കഴിഞ്ഞ ഒരു കൊല്ലത്തെ കാലയളവിൽ 23.50 എന്ന ദയനീയമായ ശരാശരിയുമായാണ് അദ്ദേഹം നിൽക്കുന്നത്. മോശം ബാറ്റിങ് ഫോമും ക്യാപ്റ്റൻസിയും നിരന്തരം വിമർശനത്തിനു വിധേയമായപ്പോൾ പരമ്പരയിൽ സിഡ്‌നിയിലെ അവസാന ടെസ്റ്റിൽ നിന്ന് സ്വയം മാറി നിൽക്കാനുള്ള തീരുമാനമെടുത്തു രോഹിത്. പക്ഷേ, തൊട്ടുപിന്നാലെ ഇതൊരു റിട്ടയർമെന്റല്ല എന്ന വിശദീകരണം നൽകുകയും ചെയ്തു. രോഹിതിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കരിയർ നീട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് കുറവാണ് എന്ന് കരുതുന്നു. 37 വയസ്സുള്ള രോഹിതിന്റെ ഫിറ്റ്നസ് കൂടെ നോക്കിയാൽ ശുഭ് മാൻ ഗില്ലിനെ പോലൊരു യുവ ബാറ്ററുടെ പൊസിഷൻ അപഹരിക്കാൻ അനുവദിക്കുന്നത് നീതികേടാണ്. വരുന്ന ചാമ്പ്യൻസ് ട്രോഫിക്കപ്പുറത്തേക്ക് ഒരു ഫോർമാറ്റിലും രോഹിത് ശർമ്മയുടെ അന്താരാഷ്ട്ര കരിയർ നീളുമെന്ന് തോന്നുന്നുമില്ല.
വിരാട് കോഹ്ലിയെന്ന ഇതിഹാസം അഭിമുഖീകരിക്കുന്ന പ്രശ്നം കുറച്ചു കൂടെ പ്രാധാന്യമർഹിക്കുന്നതാണ്. കഴിഞ്ഞ ഒരു കൊല്ലക്കാലയളവിൽ 22.47 എന്ന ബാറ്റിങ് ശരാശരിയിൽ കളിക്കുന്ന കോഹ്ലിയുടെ പ്രശ്നങ്ങൾ ബോർഡർ -ഗവസ്കർ ട്രോഫിയിൽ അതിന്റെ ഏറ്റവും ദയനീയ നിലയിൽ എത്തിയിരിക്കുകയാണ്. ഓഫ് സ്റ്റമ്പിനു പുറത്ത് വരുന്ന പന്തുകളിൽ ബാറ്റ് വച്ച് വിക്കറ്റിനു പുറകിൽ ക്യാച്ച് നൽകി പുറത്താവുന്ന രീതി സ്ഥിരതയോടെ കോഹ്ലി ആവർത്തിച്ച പരമ്പര കൂടെയാണിത്. സ്കോട്ട് ബോളണ്ട് നാല് തവണയാണ് ഒരേ രീതിയിൽ കോഹ്ലിയെ പുറത്താക്കിയത്. നാട്ടിൽ സ്പിന്നർമാരെ നേരിടുന്നതിൽ പരാജയപ്പെട്ട ശേഷം ഓസ്‌ട്രേലിയയിൽ ബൗൺസിനും മൂവ് മെന്റിനും മുന്നിൽ കൂടെ വീഴുന്നു. കോഹ്ലിയെ പോലൊരു ലെജൻഡറി ബാറ്റർ ഇത്തരത്തിൽ ടെക്നിക്കലി എക്സ്പോസ്ഡ് ആവുന്നത് അസാധാരണമായ കാര്യമാണ്. ഈയൊരു ഫോമില്ലായ്മയിൽ നിന്നും പുറത്തു കടക്കാൻ വിരാട് ശ്രമിക്കുന്നില്ല എന്ന് പറയാൻ കഴിയില്ല. ഓഫ് സ്റ്റമ്പിൽ നിയന്ത്രണം സാധ്യമാക്കുന്നതിനായി കുറേക്കൂടെ സൈഡ് ഓൺ ആയ സ്റ്റാൻസ് എടുത്തു കൊണ്ടാണ് അദ്ദേഹം സിഡ്‌നിയിൽ എത്തിയത്. പക്ഷെ ഇർഫാൻ പത്താൻ പറഞ്ഞത് പോലെ ലിമിറ്റഡ് സ്ട്രോക്കുകൾ മാത്രം കൈവശമുള്ള ഒരു ബാറ്ററെ പോലെ കോഹ്ലി കളിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബാക്ക് ഫുട്ടിൽ ഓഫ് സൈഡിലൂടെ സ്ക്വയർ കട്ടുകളോ അപ്പർ കട്ടുകളോ കളിക്കാൻ സാധിക്കാത്ത കളിക്കാരനല്ല കോഹ്ലി, പക്ഷെ നിലവിൽ ഫ്രണ്ട് ഫുട്ട് സ്ട്രോക്കുകൾ മാത്രമാണ് ആധികാരികതയോടെ അദ്ദേഹം കളിക്കുന്നത്.വിരാട് കോഹ്ലി | PHOTO: FACEBOOK
ടെസ്റ്റ് ക്രിക്കറ്റും മറ്റു ഫോർമാറ്റുകളുമായുള്ള പ്രധാന വ്യത്യാസം ബാറ്ററുടെ ടെക്നിക് പരീക്ഷിക്കപ്പെടുന്ന ഒരേയൊരു ഫോർമാറ്റ് ടെസ്റ്റ് ആണെന്നുള്ളതാണ്. ബോളർക്ക് ക്രീസിലുള്ള കളിക്കാരന്റെ ദൗർബല്യങ്ങൾ മനസ്സിലായാൽ അതു മുതലെടുത്തവരെ വീഴ്ത്താനുള്ള ഒരു പ്ലാൻ ഉണ്ടാക്കി അത് കൃത്യമായി നടപ്പിലാക്കാനുള്ള സമയം ഇഷ്ടം പോലെയുണ്ട്. പ്രത്യേകിച്ച് പേസ് ബോളിങ്ങിനെ അനുകൂലിക്കുന്ന ട്രാക്കുകളിൽ ഫോം നഷ്ട്ടപ്പെട്ട ബാറ്റർമാർക്ക് രക്ഷപ്പെടാൻ പഴുതുകൾ കുറവാണ്. ഇവിടെയാണ് കോഹ്ലിയും ശർമ്മയും വീഴുന്നത്. ഇവർക്ക്, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി പോവുക എന്നതിനപ്പുറം വേറെ വഴികളില്ല. കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിക്കുന്നത് 2012 ലാണ്, ശർമ 2015 ലും. ഇത്രയും നാൾ അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് പറയാമെങ്കിലും ലോങ് ഫോർമാറ്റ് കളിക്കാതെ ഇനി വേറെ വഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോൾ. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടും എന്നല്ല, കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാനുള്ള സമയമാണ് ലഭിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോം ടി ട്വന്റിയും ഏകദിനവും കളിച്ചു വീണ്ടെടുക്കാൻ കഴിയില്ല. ഫെബ്രുവരിയിൽ ചാമ്പ്യൻസ് ട്രോഫിയും മാർച്ചിൽ ഐ. പി. എല്ലും വരുന്നുണ്ട്. കോഹ്ലിയും രോഹിതും രണ്ടു ടൂർണമെന്റുകളും കളിക്കാൻ സാധ്യതയുണ്ട് എന്നിരിക്കെ ഇത്തരം ലിമിറ്റഡ് ഓവർ ടൂർണമെന്റുകളിലെ ഫോം ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡമാകരുത്. റെഡ് ബോളിൽ നിന്നും വൈറ്റ് ബോളിലേക്കുള്ള മാറ്റം കുറച്ചുകൂടെ എളുപ്പമാണെങ്കിലും വൈറ്റ് ബോളിൽ നിന്നും റെഡ് ബോളിലേക്കുള്ള മാറ്റം ഒട്ടും എളുപ്പമല്ല.
വിരാട് കോഹ്ലിയുടെ കാര്യമെടുത്താൽ ഇന്റർനാഷണൽ ക്രിക്കറ്റർമാർ കൂടുതലായി ടി ട്വന്റികളും ഏകദിനങ്ങളും മാത്രം കളിക്കുന്ന ഈ കാലഘട്ടത്തിൽ രഞ്ജി ട്രോഫിയിലേക്കൊരു മടക്കയാത്ര മാത്രമാണ് ലോങ്ങർ ഫോർമാറ്റിൽ അയാൾക്കൊരു മത്സരപരിചയം നൽകുക. മുൻകാലങ്ങളിൽ പൂജാരയും രഹാനെയും പോലുള്ള കളിക്കാർ ഫോമില്ലായ്മയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ നേരെ മടങ്ങിയത് ആഭ്യന്തര ക്രിക്കറ്റിലേക്കാണ് എന്നതോർക്കണം. ഫിറ്റ്‌നസ് ലെവൽ കൂടെ കണക്കിലെടുക്കുമ്പോൾ രോഹിത് ശർമയിൽ നിന്നും വ്യത്യസ്തമായി കോഹ്ലിക്ക് കുറഞ്ഞത് രണ്ടു വർഷമെങ്കിലും അവശേഷിക്കുന്നുണ്ട് എന്നിരിക്കെ ഫോം വീണ്ടെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞ് കോഹ്ലിയെ എഴുതിത്തള്ളേണ്ട സമയമായെന്ന്തോന്നുന്നില്ല. ഫോമില്ലായ്മയിൽ നിന്നും തിരികെ വരാൻ പ്രചോദനത്തിനായി കോഹ്ലിക്ക് വേറെയെങ്ങും നോക്കേണ്ട കാര്യവുമില്ല. ഇവിടെയൊരു സച്ചിൻ ടെണ്ടുൽക്കറുണ്ട്. 2004 ൽ സിഡ്‌നിയിൽ ആ പരമ്പരയിൽ തന്റെ വീഴ്ചകൾക്ക് കാരണമായ കവർ ഡ്രൈവുകൾ പാടെ ഒഴിവാക്കികൊണ്ട് ഒരു യോഗിയുടെ ശാന്തതയോടെ ബോളർമാരെ താൻ ആഗ്രഹിക്കുന്നയിടത്ത് പന്തെറിയാൻ നിർബന്ധിതരാക്കികൊണ്ടയാൾ കളിച്ച 241 റൺസിന്റെ ഒരു എപ്പിക് ഇന്നിങ്ങ്സുമുണ്ട്.2004 സിഡ്‌നി ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കർ | PHOTO: WIKI COMMONS
ഇനി ഉയരുന്ന ഒരു പ്രധാന സംശയം രോഹിതും കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റിൽ പോയി ഫോം വീണ്ടെടുത്തുവരാൻ കാത്തു നിൽക്കേണ്ടതുണ്ടോ എന്നതാണ്. ഒന്നോ രണ്ടോ കൊല്ലത്തെ കരിയർ ബാക്കിയുള്ളവർക്ക് വേണ്ടി ഇനിയും യുവതാരങ്ങളെ പുറത്ത് നിർത്തേണ്ടതുണ്ടോ എന്നതാണ് മില്യൺ ഡോളർ ചോദ്യം. സീനിയർ താരങ്ങൾ എന്തായാലും തുടർച്ചയായി പരാജയപ്പെടുകയാണെന്നിരിക്കെ ആ സ്ഥാനങ്ങളിൽ യുവ കളിക്കാരെ പരീക്ഷിക്കുമ്പോൾ അവരുടെ വീഴ്ചകൾ പോലും ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പ്പായി മാത്രമേ മാറുകയുള്ളൂ എന്നതൊരു സത്യം മാത്രമാണ്.
ഈ കൊല്ലം ജൂണിൽ ഇംഗ്ലണ്ടിൽ വച്ചു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത സൈക്കിൾ ആരംഭിക്കുകയാണ്. 2027 ൽ നടക്കുന്ന ഫൈനൽ വരെ ഈ സീനിയർ താരങ്ങളിൽ പലരും നിലനിൽക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തീർച്ചയായും സെലക്ടർമാർ യുവത്വത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ മടിച്ചു നിൽക്കേണ്ടതില്ല. മുൻകാല പ്രകടനങ്ങളുടെ കണക്കുകൾ എല്ലാ കാലത്തും ടീമിലൊരു സ്ഥിരമായ സ്ഥാനം ആർക്കും ഉറപ്പ് നൽകുന്നില്ല, അതിനി വിരാട് കോഹ്ലിയായാലും രോഹിത് ശർമയായാലും. പക്ഷെ ഇന്ത്യൻ ക്രിക്കറ്റിൽ താരാരാധന ഒഴിച്ച് കൂടാൻ കഴിയാത്തൊരു ഘടകമായതുകൊണ്ട് തന്നെ കടുത്ത നടപടികൾ ഉണ്ടാവുമെന്ന് കരുതുന്നില്ല. കളി എപ്പോൾ അവസാനിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വരെ കൈവശമുള്ള സൂപ്പർ താരങ്ങൾ ഗെയിമിനും മുകളിലേക്ക് ഉയരുന്ന കാഴ്ചകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.