ബാറ്റിംഗ് കരുത്തില്‍ മാത്രം ഇന്ത്യക്ക് ലോകകപ്പ് നേടാനാവുമോ ?
പതിനഞ്ചംഗ സ്‌ക്വാഡ്, 15 ല്‍ 11 പേരും ബാറ്റ് ചെയ്യുന്നവര്‍. 2023 ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം സ്‌ക്വാഡിന്റെ പ്രത്യേകത ഈ കണക്ക് തന്നെയാണ്. ആരാധകര്‍ പ്രതീക്ഷിച്ച സ്‌ക്വാഡിനെ തന്നെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചതെങ്കിലും ചില താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താത്തതിലുള്ള വിമര്‍ശനങ്ങള്‍ കൂടി ഉയരുന്നുണ്ട്. ലഭ്യമായിരിക്കുന്നതില്‍ മികച്ച സ്‌ക്വാഡിനെ തന്നെയാണ് ഇപ്പോള്‍ ബി.സി.സി.ഐ ടൂര്‍ണ്ണമെന്റിനിറക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,പാകിസ്ഥാ
ഇന്ത്യ ചാമ്പ്യന്‍മാരായ 2011 ലെ ലോകകപ്പിലെ ടീമില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തത് ടീമിലെ ഓള്‍ റൗണ്ടറായിരുന്ന യുവരാജ് സിങ്ങാണ്. ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍മാരുടെ നിര യുവരാജ് അന്ന് നടത്തിയ പ്രകടനത്തിന്റെ അടുത്തെത്തിയാല്‍ ഇന്ത്യക്ക് ലോകകപ്പില്‍ പ്രതീക്ഷകളര്‍പ്പിക്കാം. ബോളര്‍മാരുടെയും ബാറ്റര്‍മാരുടെയും ലിസ്റ്റിനോട് തൂക്കി നോക്കിയാല്‍ മികച്ച് നില്‍ക്കുന്നത് ഓള്‍ റൗണ്ടര്‍മാര്‍ തന്നെ. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് സ്‌ക്വാഡിലെ ഓള്‍ റൗണ്ടര്‍മാര്‍. ഈ നാല് പേരില്‍ പാണ്ഡ്യ,ജഡേജ എന്നിവരാണ് പ്രധാനികള്‍. അക്‌സര്‍ പട്ടേലും ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങുന്ന താരമാണ്. രണ്ട് സ്പിന്നര്‍മാരെയാണ് പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ ജഡേജയും അക്‌സര്‍ പട്ടേലും ടീമിലെത്തിയേക്കാം. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ജഡേജ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയുടെ പെര്‍ഫോമന്‍സ് എടുത്ത് നോക്കിയാല്‍ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് ഹാര്‍ദിക്. ഹാര്‍ദിക് എന്ന താരം അവസാന ഓവറുകളില്‍ നേടുന്ന റണ്‍സ് പലപ്പോഴായി ഇന്ത്യയെ പല മത്സരങ്ങളും വിജയിപ്പിച്ചിട്ടുണ്ട്. ടീമില്‍ മറ്റ് ഫാസ്റ്റ് ബോളര്‍മാര്‍ ഉണ്ടായിട്ടും ഷാര്‍ദൂല്‍ താക്കൂര്‍ എന്ന കളിക്കാരനെ ടീമിലുള്‍പ്പെടുത്തിയതിന് കാരണം അയാള്‍ പുറത്തെടുക്കുന്ന ബാറ്റിംഗ് മികവ് തന്നെയാണ്. ആര്‍ അശ്വിനെ ടീമിലുള്‍പ്പെടുത്താത്തതിലുള്ള നിരാശയും ആരാധകര്‍ പങ്ക് വയ്ക്കുന്നുണ്ട്.ജഡേജ,അക്‌സര്‍,
PHOTO: TWITTER
ഓള്‍ റൗണ്ടര്‍മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ നാല് ബോളര്‍മാരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പേസര്‍മാരായ ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ചൈനാമാന്‍ സ്പിന്നര്‍ ആയിട്ടുള്ള കുല്‍ദീപ് യാദവും ടീമിലുണ്ട്. ഇടയ്‌ക്കൊന്ന് മങ്ങിപ്പോയിരുന്നെങ്കിലും ചഹാല്‍,അശ്വിന്‍ എന്നീ താരങ്ങളെ മറികടന്നാണ് കുല്‍ദീപ് ഇപ്പോള്‍ ടീമിലെത്തിയിരിക്കുന്നത്. ടീമിലുള്ള മൂന്ന് സ്പിന്നര്‍മാരും ഇടങ്കയ്യന്മാരായ ബോളര്‍മാരായത് കൊണ്ട് തന്നെ ലെഫ്റ്റ് ഹാന്‍ഡ് ആയിട്ടുള്ള ബാറ്റര്‍മാരെ ഇന്ത്യ എങ്ങനെ നേരിടുമെന്ന് കണ്ട് തന്നെ അറിയണം. ഫാസ്റ്റ് ബോളര്‍മാരില്‍ നാല് പേരും റൈറ്റ് ഹാന്‍ഡഡ് ആയിട്ടുളളവരുമാണ്. ആദ്യത്തെ പവര്‍ പ്ലേകളില്‍ റണ്‍സ് ഒഴുകാതെ പിടിച്ച് നിര്‍ത്തലായിരിക്കും ടീമിലെ പേസര്‍മാരുടെ ജോലി. ഇന്ത്യയിലെ പിച്ചുകള്‍ റണ്‍സ് ഒഴുകുന്നതായത് കൊണ്ട് തന്നെ ആദ്യത്തെയും അവസാനത്തെയും ഓവറുകളിലെ പേസര്‍മാരുടെയും മധ്യ ഓവറുകളിലെ സ്പിന്നര്‍മാരുടെയും പ്രകടനം ടീമിന് നിര്‍ണ്ണായകമാണ്. ചിലപ്പോള്‍ ഷമി,ബുംറ,സിറാജ് എന്നീ മൂന്ന് ബോളര്‍മാരേയും പ്ലേയിംഗ് ഇലവനില്‍ കാണാന്‍ സാധിച്ചേക്കാം. ബുംറ അടുത്തിടെയാണ് പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയത് എന്നുള്ളത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു ഘടകമാണ്. മത്സരം നടക്കുന്ന പിച്ചിന്റെ സ്വഭാവമനുസരിച്ചായിരിക്കും ടീമിലെ ബോളര്‍മാരുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നത്.
രോഹിത് ശര്‍മ്മ,ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെയായിരിക്കും ഇന്ത്യ ഇന്നിംഗ്‌സ് ആരംഭിക്കുക. അതായത് രണ്ട് റൈറ്റ് ഹാന്‍ഡ് ബാറ്റര്‍മാരിലൂടെ. ഓപ്പണിംഗ് സഖ്യം എത്രയും മികച്ച് നില്‍ക്കുന്നോ അവര്‍ എത്ര റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നോ എന്നുള്ളത് ടീമിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഗില്‍,രോഹിത് എന്നീ താരങ്ങള്‍ അതിന് പ്രാപ്തരായ താരങ്ങള്‍ കൂടിയാണ്. 2019 ലെ ലോകകപ്പിലുടനീളം രോഹിത് ശര്‍മ്മ പുറത്തെടുത്ത ഇന്നിംഗ്‌സ് മികച്ചതായിരുന്നു. മൂന്നാമത് ഇറങ്ങുന്ന വിരാട് കോഹ്ലി തന്നെയായിരിക്കും ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ശക്തി. പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ കോഹ്ലി മാത്രമാണ് ഇതിന് മുന്നേ ലോകകപ്പ് വിജയിച്ച ഒരേ ഒരു താരം. കോഹ്ലിക്ക് ശേഷമെത്തുന്നത് കെ.എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവരായിരിക്കും. ഇരുവരുടെയും പരിക്ക് മാറി ഇപ്പോഴാണ് ഭേദപ്പെട്ടത് തന്നെ. ബുംറയുടേത് എന്ന പോല ഇരുവരുടെയും പ്രകടനത്തെ ചിലപ്പോള്‍ പരിക്ക് ബാധിച്ചേക്കാം. ടീമിലെ വിക്കറ്റ് കീപ്പറുടെ സ്ഥാനവും രാഹുലിന്റെ കയ്യിലായിരിക്കും. ഇനിയുള്ളത് മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷാന്‍ ആണ്. സഞ്ജു വി സാംസണ്‍ എന്ന പേര് തള്ളിയാണ് ഇഷാന്‍ ടീമിലെത്തിയിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടിയുള്ള കഴിഞ്ഞ മത്സരങ്ങളില്‍ ഇഷാന്‍ മികച്ച പ്രകടനം പുറത്തെടുത്തതും സഞ്ജു നിരാശപ്പെടുത്തിയത് തന്നെയായിരിക്കും ഇഷാനെ ടീമിലുള്‍പ്പെടുത്താനുള്ള പ്രധാന കാരണം. ഇടം കൈയന്‍ ബാറ്റര്‍ ആയ ഇഷാന്റെ സാന്നിധ്യം ടീമിന് ഗുണപരമായേക്കും. മിഡില്‍ ഓര്‍ഡറിലും ടോപ് ഓര്‍ഡറിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമാണ് ഇഷാന്‍. ടീമിലെ ഏഴാമത്തെ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. ഏകദിനത്തില്‍ മികച്ച ഇന്നിംഗ്‌സുകള്‍ ഇല്ലാത്ത സൂര്യയെ ടീമിലുള്‍പ്പെടുത്തിയത് എന്തിനാണ് എന്നുള്ളത് വ്യക്തമല്ല.
PHOTO: TWITTER
ടീം പ്രഖ്യാപിക്കുന്ന വേളയിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും സെലക്ടര്‍ അജിത് അഗാക്കറുടേയും പ്രതികരണങ്ങള്‍ എടുത്ത് നോക്കിയാല്‍ ഇന്ത്യയുടെ സ്‌ക്വാഡ് ആവറേജ് സ്‌ക്വാഡ് ആണ് എന്ന് അവര്‍ പറയാതെ പറയുന്നുണ്ട്. സഞ്ജു വി സാംസണ്‍,ശിഖര്‍ ധവാന്‍,ആര്‍ അശ്വിന്‍,ചഹാല്‍ എന്നിവരാണ് ടീമിലെത്താത്തവരില്‍ പ്രമുഖരായിട്ടുള്ളവര്‍. യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍ നടത്തുന്ന പ്രകടനങ്ങള്‍ ധവാന് വിലങ്ങ് തടിയായപ്പോള്‍ ഇഷാന്‍ സഞ്ജുവിനും കുല്‍ദീപ്,അക്‌സര്‍ എന്നിവര്‍ അശ്വിന്‍,ചഹാല്‍ എന്നിവര്‍ക്കും പകരമായി ടീമിലെത്തി. ധവാന്‍,അശ്വിന്‍ എന്നിവര്‍ അവരുടെ കരിയറിന്റെ അവസാനത്തേക്കെത്തി എന്നുള്ളതും ഇതിലൂടെ വ്യക്തമാകുന്നു. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന ധവാന്‍ പരിക്ക് പറ്റി പുറത്ത് പോയത് ഇന്ത്യയെ നല്ല രീതിയില്‍ തന്നെ ബാധിച്ചിരുന്നു. ധവാന്‍ കളിച്ച ഐ.സി.സി ടൂര്‍ണ്ണമെന്റുകളെ എടുത്ത് നോക്കിയാല്‍ ഒരിക്കല്‍ പോലും അയാള്‍ നിരാശപ്പെടുത്തിയിട്ടില്ല. തുടരെ തുടരെയായി കിട്ടിയ അവസരങ്ങളില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്തത് തന്നെയാണ് സഞ്ജുവിന് തിരിച്ചടിയായത്. എന്നിരുന്നാല്‍പ്പോലും സൂര്യകുമാര്‍ യാദവ് എന്ന ബാറ്റര്‍ക്ക് പകരം സഞ്ജുവിനെ പരിഗണിക്കാമായിരുന്നു.
ബാറ്റിംഗിന് അനുകൂലമായ ഒരു പ്ലേയിംഗ് ഇലവനെ ആയിരിക്കും ഇന്ത്യ ഇറക്കുക എന്ന് പ്രഖ്യാപിച്ച സ്‌ക്വാഡ് നോക്കിയാല്‍ വ്യക്തമാകുന്ന കാര്യമാണ്. 2011 ലെ ലോകകപ്പില്‍ സെലക്ഷന്‍ കിട്ടാതെ പോയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ടൂര്‍ണ്ണമെന്റാണിത്. 2013 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമിന് ഐ.സി.സിയുടെ ട്രോഫികളൊന്നും നേടാന്‍ പറ്റിയിട്ടില്ല. ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റായത് കൊണ്ട് വിജയത്തില്‍ കുറഞ്ഞ ഒന്നും ആരാധകരെയും ടീമിനെയും സംതൃപ്തിപ്പെടുത്തുകയുമില്ല.