
കൊക്കോ ഗൗഫും നീതിയുടെ രാഷ്ട്രീയവും
സമ്പത്തും ഗ്ലാമറും നിറഞ്ഞ ലോകത്തിലെ സുപ്രധാന കായികവിനോദങ്ങളിലൊന്നായ ടെന്നീസിലെ പുതിയ താരമാണ് കൊക്കോ ഗൗഫ്. വീനസ് വില്യംസിനും സെറീന വില്യംസിനും ശേഷം ടെന്നീസിന്റെ നെറുകയില്‍ എത്തുന്ന കറുത്ത വംശജയാണ് ഈ 19 കാരി. യു എസ് ഓപ്പണിന്റെ ഫൈനലില്‍ അരീന സബലേങ്കയെ തോല്‍പ്പിച്ച് ഗൗഫ് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയത് ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനം സെമിഫൈനല്‍ മത്സരത്തില്‍ വിജയിച്ചതിനു ശേഷം ഗൗഫ് നടത്തിയ പരാമര്‍ശങ്ങളാണ്. സെമിഫൈനല്‍ കഴിഞ്ഞതിന് ശേഷമുള്ള മാധ്യമ കൂടിക്കാഴ്ചയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍. മത്സരവേളയില്‍ സമ്മര്‍ദ്ദത്തിലായിരുന്നോ എന്ന ചോദ്യത്തിനുള്ള അവരുടെ മറുപടിയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ വൈറലായിരിക്കുന്നത്.
'ഒരു തരത്തില്‍ സമ്മര്‍ദ്ദമാണ്, പക്ഷേ അതല്ല സമ്മര്‍ദ്ദം. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയും ബില്ലുകള്‍ അടയ്ക്കുന്നതിന് വേണ്ടിയും ബുദ്ധിമുട്ടുന്ന നിരവധിയാളുകളുണ്ട്. അതാണ് യഥാര്‍ത്ഥ സമ്മര്‍ദ്ദം, അതാണ് യഥാര്‍ത്ഥ ബുദ്ധിമുട്ട്, അതാണ് യഥാര്‍ത്ഥജീവിതം' ഗൗഫിന്റെ ഈ വാക്കുകള്‍ ലോകമാകെ പടര്‍ന്നിരിക്കുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള വാക്കുകള്‍ എന്ന് എല്ലാവരും അവയെ വിശേഷിപ്പിക്കുന്നു.
യു.എസ് ഓപ്പണിന്റെ നെറുകയില്‍ എത്തിയപ്പോഴും ഗൗഫ് ലോകത്തിലെ അടിസ്ഥാന വിഷയങ്ങളെ മറക്കുന്നില്ല എന്ന് മാത്രമല്ല അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. കായിക പ്രപഞ്ചമാകെ സമ്പത്തിന്റെയും ഗ്ലാമറിന്റെയും അതിപ്രസരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത് സാധാരണഗതിയില്‍ കാണാനാവാത്ത പ്രതികരണമാണ് ഗൗഫ് നടത്തിയിട്ടുള്ളത്. വിനോദ വ്യവസായത്തെയും സ്പോണ്‍സര്‍മാരെയും ഒരു തരത്തിലും അലോസരപ്പെടുത്താത്ത അനുസരണയുള്ളവരാണ് കായിക മേഖലയിലെ സൂപ്പര്‍ താരങ്ങള്‍. സ്‌പോര്‍ട്‌സ് നല്‍കുന്ന സെലബ്രറ്റി സ്റ്റാറ്റസില്‍ നിന്നും പരമാവധി വരുമാനം നേടുക എന്നതാണ് അവരുടെ ഏകലക്ഷ്യം. ഗൗഫ് എന്ന യുവതാരം തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ അത്തരമൊരു നാട്ടുനടപ്പിനെ മറി കടക്കുന്നു.കൊക്കോ ഗൗഫ് | PHOTO: THE US OPEN
സ്‌പോര്‍ട്‌സില്‍ ലോകത്തിന്റെ ഐക്കണുകളായി മാറിയ ഒരു താരവും സമീപകാലത്തൊന്നും ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയം പുറത്ത് പറഞ്ഞിട്ടില്ല. സ്പോര്‍ട്സ് വേദികള്‍ നീതിയുടെ രാഷ്ട്രീയ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഉപയോഗപ്പെടുത്തിയ ഒരു വലിയ നിരയുടെ കണ്ണിയില്‍ അതോടെ ഗൗഫ് സ്ഥാനം പിടിച്ചു. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ വംശീയ ഭീകരതയ്ക്ക് ട്രാക്കിലൂടെ മറുപടി കൊടുത്ത ജെസ്സി ഓവന്‍സ്, നാസി ജര്‍മ്മനിയിലേക്കുള്ള ക്ഷണത്തെ നിരസിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദ്, സ്പെയിനില്‍ ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യത്തിനെതിരെ നിരന്തരം സംസാരിച്ച യൊഹാന്‍ ക്രൈഫ്, ഫുട്‌ബോളിലെ ചെഗുവേരയെന്ന് അറിയപ്പെടുന്ന ബ്രസീലിയന്‍ താരം സോക്രട്ടീസ്, 1968 ലെ മെക്സിക്കോ ഒളിമ്പിക്‌സില്‍ ബ്ലാക്ക് പവര്‍ സല്യൂട്ട് ചെയ്ത ടോമി സ്മിത്തും ജോണ്‍ കാര്‍ലോസുമടക്കമുള്ള മഹത്തായ ഒരു ചരിത്രത്തിലെ കണ്ണി.
ട്രാക്കിലും ഫീല്‍ഡിലും കാഴ്ചവച്ച പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല ഈ താരങ്ങളെ ലോകം ഇന്നും ഓര്‍മ്മിക്കുന്നത്. സ്‌പോര്‍ട്‌സിനകത്തും പുറത്തും അവര്‍ ഉയര്‍ത്തിയ നീതിയുടെ രാഷ്ട്രീയത്തിന്റെ പേരിലും കൂടിയാണ് അവരുടെ പ്രശസ്തി. ഈ പറഞ്ഞ പേരുകാരുമായി ഇത്ര വേഗം കൊക്കോ ഗൗഫിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നു കരുതുന്നവര്‍ ഉണ്ടാവും. എങ്കിലും കൊക്കോ ഒരു പ്രതീക്ഷയാണ്. നീതിയുടെ രാഷ്ട്രീയത്തിന്റെപ്രതീക്ഷ.