
ഐപിഎൽ: ബേസ് പ്രൈസിന്റെ പ്രീമിയം താരങ്ങൾ
ചെന്നൈയുടെ നായകൻ ഋതു രാജിന്റെ വമ്പനടിക്കുള്ള ശ്രമം ബൗണ്ടറി ലൈനിലെ ഫീൽഡറുടെ കൈകളിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ബോളിങ് എൻഡിൽ നിന്നിരുന്നത് മലപ്പുറം പെരിന്തൽമണ്ണയിലെ 23 വയസ്സുകാരൻ വിഘ്‌നേഷ് പുത്തൂരായിരുന്നു. സീനിയർ ടീമിന് വേണ്ടിയൊരു മത്സരം പോലും കളിക്കാതെയാണയാൾ മുംബൈ ഇന്ത്യൻസിനു വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. വിഘ്‌നേഷ് മീഡിയം പേസറായിട്ടാണ് നാട്ടിൽ കളിച്ചു നടന്നത്. അയൽക്കാരനായ ഷെരീഫാണ് പയ്യന്റെ ചലനങ്ങളിൽ ഒരു ക്രിക്കറ്ററുണ്ടെന്നു തിരിച്ചറിയുന്നത്. പക്ഷെ പയ്യന്റെ ശാരീരിക ശേഷി കൂടെ കണക്കിലെടുത്ത ശേഷം മീഡിയം പേസറായി തുടർന്നാൽ അവനു അനേകായിരം പേർക്കിടയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം തിരിച്ചറിഞ്ഞ ഷെരീഫാണ് ഇടതു കയ്യൻ ചൈനാമാൻ എന്ന ക്രിക്കറ്റിൽ പൊതുവെ അപൂർവമായ ബോളിങ് ശൈലിയിലേക്ക് വിഘ്‌നേഷിനെ തിരിച്ചു വിടുന്നത്.
ഇടത് കൈ കൊണ്ടുള്ള റിസ്റ്റ് സ്പിൻ അതിവേഗം പഠിച്ചെടുത്ത വിഘ്‌നേഷ് കോച്ചിങ് ക്യാമ്പിലൂടെ കൂടുതൽ വളർന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ആലപ്പി റിപ്പിൾസിനു വേണ്ടി കളിച്ചത് രണ്ടേ രണ്ടു മത്സരങ്ങളാണ്. അവിടെ വച്ചു തന്നെ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ട് ടീമിന്റെ കണ്ണിൽപ്പെടുന്നു. ഇടതു കയ്യൻ ചൈനാമാൻ ബൗളർ എന്നത് തന്നെയൊരു പ്രത്യേകതയാണ് എന്നിരിക്കെ പയ്യനിൽ പ്രതിഭ ആവശ്യത്തിനുണ്ടെന്ന തിരിച്ചറിവ് കൂടെയായപ്പോൾ വിഘ്‌നേഷ് ട്രയൽസിനു ക്ഷണിക്കപ്പെടുകയാണ്. അവിടെയും മികച്ച പ്രകടനങ്ങൾ വന്നതോടെ ഐപിഎൽ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് അയാളെ വാങ്ങി.വിഘ്‌നേഷ് പുത്തൂർ | PHOTO : WIKI COMMONS
ഐപിഎൽ രാജ്യത്തെ യുവതാരങ്ങൾക്ക് തുറന്നു കൊടുക്കുന്നത് വിശാലമായൊരു ലോകമാണ്. പണക്കൊഴുപ്പിന്റെയും ഗ്ലാമറിന്റെയും ലോകമെന്ന വിമർശനം ആരംഭകാലം മുതലേ നേരിട്ടിട്ടുള്ള ടൂർണമെന്റാണ് ഐപിഎൽ. എന്നാൽ, യുവതാരങ്ങൾക്ക് ലോകത്തിനു മുന്നിൽ തങ്ങളുടെ പ്രതിഭയുടെ ആഴം പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ നൽകുന്ന വേറൊരു ലീഗില്ല എന്നതും വസ്തുതയാണ്. ലോകക്രിക്കറ്റിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം, നിലവാരമുള്ള സ്റ്റേഡിയങ്ങൾ, മത്സരങ്ങൾ, ഉയർന്ന പ്രതിഫലം, ഓരോ ഫ്രാഞ്ചൈസികളും നൽകുന്ന ഉന്നതനിലവാരമുള്ള പരിശീലന സൗകര്യങ്ങൾ, വളരാനുള്ള സാഹചര്യങ്ങൾ എന്നിങ്ങനെ ഐപിഎല്ലിന് മുമ്പുള്ള കാലങ്ങളിൽ ഒരു യുവതാരത്തിനു സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന രീതിയിലുള്ള അവസരങ്ങളാണ് ഉണ്ടായി വന്നത്.
ഇതിനെല്ലാം അപ്പുറത്താണ് ദേശീയ ടീമിലേക്കുള്ള സെലക്ഷൻ എന്ന പ്രക്രിയ. പണ്ടൊക്കെ ആവശ്യത്തിന് ആഭ്യന്തര മത്സരങ്ങൾ കളിച്ചുള്ള അനുഭവസമ്പത്തില്ലാത്തവർക്ക് ദേശീയ ടീമിലേക്ക് കയറിപ്പറ്റുക എന്നത് അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അമോൽ മജുംദാറിനെ പോലെയുള്ള ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്ക് പോലും ഇന്ത്യൻ ടീമിൽ അവസരം കിട്ടിയിട്ടുമില്ല. ടീമിൽ സ്ഥാനമുറപ്പിച്ചവർ ഫോമിലല്ലെങ്കിൽ പോലും അവരെ റീപ്ലേസ് ചെയ്യുക എന്നത് അത്രയും ബുദ്ധിമുട്ടുമായിരുന്നു. ടെസ്റ്റും ഏകദിനവും മാത്രമുണ്ടായിരുന്ന അവസ്ഥ മാറി ടിട്വന്റി കൂടെ വരുന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഒരു പുതിയ ഫോർമാറ്റിൽ കൂടി അവസരങ്ങൾ തുറക്കുന്നു, ഐപിഎൽ വന്നതോടെ അവസരങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. അൺക്യാപ്പ്ഡ് ആയുള്ള കളിക്കാർക്കും ഇഷ്ടം പോലെ അവസരങ്ങൾ. ലോകോത്തര താരങ്ങൾ മത്സരിക്കുന്ന ഇവിടെ നടത്തുന്ന മികച്ച പ്രകടനങ്ങൾ അധികം വൈകാതെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വഴി തുറക്കുക കൂടെ ചെയ്യുന്നതോടെ യുവതാരങ്ങൾക്ക് എല്ലാം കൊണ്ടും പ്രാധാന്യമേറിയ ടൂർണമെന്റാവുകയാണ് ഐപിഎൽ.REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഒരു വിഘ്‌നേഷിൽ ഒതുങ്ങുന്നതല്ല പുതിയ താരങ്ങളുടെ വളർച്ചയുടെ കഥകൾ. വിരലിലെണ്ണാവുന്ന ആഭ്യന്തര മത്സരങ്ങൾ മാത്രം കളിച്ചവരും, ഒരെണ്ണം പോലും കളിക്കാത്തവരും മുന്നിലേക്ക് വരികയാണ്. അനുഭവസമ്പത്ത് എന്ന ഘടകത്തിനേക്കാൾ പ്രതിഭയും പ്രകടനമികവും സെലക്ഷൻ പ്രോസസിന്റെ ഭാഗമാവുന്നു. ഓരോ ഐപിഎൽ ഫ്രാഞ്ചൈസിക്കും സ്കൗട്ടിങ് ടീമുകളുണ്ട്. മുഷ്താഖ് അലി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങൾ മാത്രമല്ല സംസ്ഥാനങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളും നിരീക്ഷിക്കപ്പെടുന്നു. വിഘ്‌നേഷ് റഡാറിലേക്ക് വരുന്നത് കേരള പ്രീമിയർ ലീഗിലെ പ്രകടനം കണ്ടിട്ടാണ്. അതുപോലെ തന്നെ പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിളെല്ലാമുള്ള ലീഗുകൾ സ്കൗട്ടിങ് ടീമുകളുടെ ശ്രദ്ധയിലുണ്ട്.
ഫുട്ബോളിലെ പ്രീമിയർ ക്ലബ്ബുകളുടെ സ്കൗട്ടിങ് ടീമുകൾ പ്രവർത്തിക്കുന്ന ശൈലിയാണ് ഒരളവ് വരെ ഇവിടെ മാതൃകയാക്കപ്പെടുന്നത്. ഐപിഎൽ ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ രണ്ടു മാസം മാത്രം നടക്കുന്നൊരു ടൂർണമെന്റ് ആയതിനാൽ ഫ്രഞ്ചൈസികൾക്ക് ഫുട്ബോളിൽ നടക്കുന്നത് പോലെ യൂത്ത് അക്കാദമികളോ പ്രതിഭകളെ വളരെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്ന പ്രക്രിയയോ നടപ്പിലാക്കാൻ കഴിയില്ല എന്നതൊരു പരിമിതിയാണ്. രാജസ്ഥാൻ റോയൽസ് വാങ്ങിയ 13 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഉദാഹരണമായെടുക്കാം. രാജസ്ഥാന് അയാളെ ടീമിന്റെ കൂടെ നിർത്തി കഴിവുകൾ തേച്ചു മിനുക്കി വളർത്തിയെടുക്കാനുള്ള സമയമില്ല. മെഗാ ലേലത്തിൽ ലഭിക്കുന്നതൊരു മൂന്ന് കൊല്ലത്തേക്കുള്ള കോൺട്രാക്റ്റ് ആയിരിക്കുമെന്നതിനാൽ എത്രയും പെട്ടെന്ന് വൈഭവിനെ കളിക്കളത്തിൽ എത്തിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ സ്കൗട്ടിങ് ടീമുകൾ ഫ്രാഞ്ചൈസികൾക്ക് ഗ്രൗണ്ടിലിറങ്ങാൻ ഏതാണ്ട് തയ്യാറായ പ്രതിഭകളെ തിരിച്ചറിഞ്ഞു ഓക്ഷനിൽ എത്തിച്ചു സ്വന്തമാക്കാനുള്ള സാധ്യതകളാണ് നൽകുന്നത്.വൈഭവ് സൂര്യവംശി | PHOTO : WIKI COMMONS
ഐപിഎൽ ഫ്രാഞ്ചൈസികളിൽ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് ടീം സ്തുത്യർഹമായ പ്രകടനമാണ് കാലങ്ങളായി നടത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ചില വമ്പൻ പേരുകൾ അവരിലൂടെയാണ് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. ബറോഡയിൽ ലോക്കൽ ടൂർണമെന്റുകൾ കളിച്ചു നടന്ന ഹാർദിക് പാണ്ഡ്യയെ കണ്ടെത്തി മുംബൈ ക്യാമ്പിലെത്തിക്കുന്നു. ലോക ക്രിക്കറ്റിലെ തന്നെ പ്രീമിയം ഓൾ റൗണ്ടർമാരിൽ ഒരാളായുള്ള ഹാർദിക്കിന്റെ വളർച്ച നമ്മുടെ മുന്നിലുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു നിസ്സംശയം വിളിക്കാവുന്ന ജസ്‌പ്രീത് ബൂംമ്രയും മുംബൈ ഇന്ത്യൻസിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. ക്രുനാൽ പാണ്ട്യ, നേഹൽ വധേര, തിലക് വർമ എന്നിങ്ങനെ ഒട്ടേറെ പ്രതിഭകൾ മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് ടീമിന്റെ സംഭാവനകളാണ്.
മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് പ്രക്രിയ പ്രധാനമായും രണ്ടു രീതിയിലാണ്. ആദ്യത്തേത് ടീമിൽ പെട്ടെന്ന് തന്നെ കളിക്കാരെ കൊണ്ട് വന്നു വിടവുകൾ അടക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴാണ്. അത്തരം സാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് കളിക്കാരെ കണ്ടുപിടിക്കുന്നു, ട്രയൽസിനു ക്ഷണിക്കുന്നു, അനുയോജ്യരായവരെ ഓക്ഷനിൽ ഉൾപ്പെടുത്തുന്നു. രണ്ടാമത്തെ രീതിയിൽ പ്രതിഭകളെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ നടക്കുന്ന ടിട്വന്റി ലീഗുകൾക്കൊപ്പം അണ്ടർ 23, അണ്ടർ 19, അണ്ടർ 16 ടൂർണമെന്റുകളും നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ടീമിന് ആവശ്യമായ കളിക്കാർ കണ്ണിൽപ്പെടുന്ന പക്ഷം അവർ പോലുമറിയാതെ അവരുടെ പ്രകടനത്തിലെ പുരോഗതി വീക്ഷിച്ചു കൊണ്ടിരിക്കും. മറ്റുള്ള ഫ്രാഞ്ചൈസികളുടെ ശ്രദ്ധ ഇവരിലേക്ക് വരാതിരിക്കാനും കൂടി നിശബ്ദമായ ഒരു പ്രക്രിയയായിരിക്കും നടക്കുന്നത്. തങ്ങൾക്ക് ചേർന്ന പ്ലെയർ ആണെന്നു കണ്ടാൽ അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓക്ഷനിലേക്ക് കൊണ്ട് വരുന്നു. ഓക്ഷനിൽ പക്ഷെ ഈ കളിക്കാരെ മുംബൈക്ക് തന്നെ ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഒരു പൊസിഷനിലേക്ക് ഒന്നിലധികം കളിക്കാർ അവരുടെ മനസ്സിലുണ്ടാവും. ഓക്ഷനിൽ കിട്ടിയാലും ചില കളിക്കാരെ പെട്ടെന്ന് ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. അവരെ ടീമിനോപ്പം നിർത്തി പരിശീലിപ്പിച്ചു മറ്റു ടൂർണമെന്റുകളിൽ കളിപ്പിച്ചു പ്രകടനം വിലയിരുത്തി കൊണ്ടിരിക്കും. ഈ രീതിയിലുള്ള സ്കൗട്ടിങ് അൽപം നീണ്ട പ്രോസസ് ആയിരിക്കും.
മുംബൈയുടെ രീതികൾ പിന്നീട് മറ്റു പല ഫ്രാഞ്ചൈസികളും പിന്തുടരുന്നുണ്ട്. ഇക്കൊല്ലം വൈഭവിനും വിഘ്‌നേഷിനും പുറമെ പ്രിയാൻഷ് ആര്യ, വിപ് രാജ്, അനികേത് വർമ,സ്വസ്തിക ചികാര, മുഷീർ ഖാൻ എന്നിങ്ങനെയുള്ള ഒരുപിടി യുവതാരങ്ങളാണ് അവസരങ്ങൾ കാത്തു നിൽക്കുന്നത്. കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നവർക്ക് ഐപിഎൽ സുവർണാവസരം നൽകുന്നുമുണ്ട്.അശ്വനി കുമാർ | PHOTO : WIKI COMMONS
മുംബൈയുടെ മറ്റൊരു യുവതാരമായ അശ്വനി കുമാറിന്റെ കാര്യമെടുക്കാം. ആഭ്യന്തര മത്സരങ്ങൾ അധികം കളിച്ചിട്ടില്ലെങ്കിലും മുംബൈയുടെ സ്കൗട്ടിങ് ടീം അയാളെ സ്‌പോട്ട് ചെയ്യുന്നത് പഞ്ചാബിലെ ആഭ്യന്തര ടൂർണമെന്റിലാണ്. സ്ഥിരതയോടെ വൈഡ് യോർക്കറുകൾ എറിയാനുള്ള കഴിവ് ശ്രദ്ധിച്ച മുംബൈ ലേലത്തിൽ ബേസ് പ്രൈസായ 30 ലക്ഷത്തിനാണ് അശ്വനിയെ വാങ്ങുന്നത്. അവസരം കിട്ടിയ ആദ്യ മത്സരത്തിൽ തന്നെ നാല് വിക്കറ്റുകളുമായി തിളങ്ങിയ അശ്വനി കൊൽക്കത്തക്കെതിരെയുള്ള മത്സരത്തിൽ മുംബൈയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
ഡൽഹി പ്രീമിയർ ലീഗിലൂടെ വന്ന പ്രിയൻഷ് ആര്യയെ പഞ്ചാബാണ് വാങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നൽകുകയും ചെയ്തു. 30 ലക്ഷം ബേസ് പ്രൈസിൽ ഹൈദരാബാദ് വാങ്ങിയ അനികേത് വർമ തകർപ്പൻ പ്രകടനമാണ് കാഴ്ച വക്കുന്നത്. സ്വസ്തിക് ചികാര, മുഷീർ ഖാൻ,ആന്ദ്രേ സിദ്ധാർഥ് എന്നിങ്ങനെ യുവതാരങ്ങൾ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇനി കടന്നു വരാനിരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇവരെല്ലാവർക്കും ഒരേപോലെ അവസരങ്ങൾ കിട്ടിയെന്നു വരില്ല. മത്സരിക്കാനുള്ളവരുടെ എണ്ണം കൂടുമ്പോൾ വിഘ്‌നേഷിനെ പോലെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്ന കഴിവുകളോ പ്രതിഭയുടെ ധാരാളിത്തമോ ഒക്കെയാവും അവരുടെ വിധി നിർണയിക്കുക.